![]() |
ഇരയിമ്മൻ തമ്പി |
കൊല്ലം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് കഥകളി വളരെ പ്രാധാന്യത്തോടുകൂടി ഇപ്പോഴും നടത്തി വരുന്നുണ്ട് എന്നു കാണുന്നത് സന്തോഷകരമാണ്. പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടും മൂന്നും ദിവസം കഥകളി നടത്തുന്ന ക്ഷേത്രങ്ങളുമുണ്ട് ഇവിടങ്ങളിൽ. അങ്ങനെയുള്ള ഒരു ക്ഷേത്രമാണ്, കടമ്പനാട്, ഐവർകാലാ കീച്ചപ്പള്ളി ദേവീ ക്ഷേത്രം. ഈ ക്ഷേത്രത്തിനു സമീപമാണ്, കഥകളിക്ക് വളരെ പ്രാധാന്യമുള്ള പോരുവഴി മലനട ക്ഷേത്രം. അവിടെ പ്രതിഷ്ഠ ദുര്യോധനനാണ്. ദുര്യോധനവധം കഥകളി നടന്നിട്ടില്ലാത്ത ഏതെങ്കിലുമൊരു ക്ഷേത്രം ഈ ഭൂമി മലയാളത്തിലുണ്ടെങ്കിൽ അത് മലനട മാത്രമായിരിക്കും. അതുകൊണ്ട് തുടക്ക് ഭീമന്റെ പ്രഹരമേറ്റ് കൊല്ലപ്പെടുന്നതിന് മൂക സാക്ഷ്യം വഹിക്കേണ്ട ഗതികേട് ദുര്യോധനന് ഇവിടെ ഉണ്ടാവുന്നില്ല. നിഴൽക്കുത്ത് ആണ് മലനട അമ്പലത്തിൽ പൊതുവെ കൂടുതലായി അവതരിപ്പിക്കുന്നത്.
കീച്ചപ്പള്ളിൽ അമ്പലത്തിൽ, ഫെബ്രുവരി 11 തീയതി അവതരിപ്പിച്ച ഉത്തരാസ്വയംവരം കാണാൻ എനിക്ക് ഭാഗ്യമുണ്ടായി. ചുനക്കര, താമരക്കുളം, ആനയടി, പോരുവഴി തുടങ്ങിയ ക്ഷേത്രങ്ങളിൽ പലവട്ടം കഥകളി കാണാൻ പോയിട്ടുണ്ട്. കീച്ചപ്പള്ളിൽ ആദ്യമായി പോവുകയായിരുന്നു. അവിടെ എത്തിച്ചേരാനുള്ള വഴി കെ.വി. ഇറവങ്കര സാറും, സുഹൃത്ത് സുമാ രാജശേഖരനും പറഞ്ഞു തന്നിരുന്നു. സുമയും, മക്കളും, ചേച്ചിമാരും എന്നെ പ്രതീക്ഷിച്ച് ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. സുമയുടെ ചേച്ചിമാർ രണ്ടുപേരും കഥകളി അഭ്യസിച്ചിട്ടുള്ളവരാണ്. സുമയാവട്ടെ നല്ലയൊരു ആസ്വാദകയും.
![]() |
കോട്ടക്കൽ ചന്ദ്രശേഖരവാര്യരും, മാർഗി വിജയകുമാറും |
9 തീയതി ഇരയിമ്മൻ തമ്പിയുടെ തന്നെ ദക്ഷയാഗം ആയിരുന്നു ഈ ക്ഷേത്രത്തിൽ കളിച്ചത്. അദ്ദേഹം മൂന്ന് ആട്ടക്കഥകൾ ആണല്ലോ എഴുതിയിട്ടുള്ളത്. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് ഉണ്ടായ സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ഉത്തരാസ്വയംവരവും, കീചകവധവും. ഭാഗവതം ചതുർത്ഥ സ്കന്ധത്തിൽ ദക്ഷയാഗം വിസ്തരിക്കുന്നുണ്ടെങ്കിലും, ആട്ടക്കഥക്ക് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത് സ്കന്ദ പുരാണമാണ് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും "ഓമനത്തിങ്കൾ കിടാവോ" എന്ന താരാട്ടുപാട്ടാണ് തമ്പിയെ കൂടുതൽ പ്രശസ്തനാക്കുന്നത്. ഈ താരാട്ട് കേട്ടുറങ്ങാത്ത കുഞ്ഞുങ്ങളും, ഇത് പാടിയുറക്കാത്ത അമ്മമാരും ഈ മലയാളക്കരയിൽ ഉണ്ടാവുമോ?
കാർത്തിക തിരുനാൾ രാമവർമ്മ രാജാവിന്റെ സഹോദരൻ രവിവർമ്മ ഇളയതമ്പുരാന്റെ പുത്രി പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും, ചേർത്തല വാരണാട്, നടുവിലെ കോവിലകത്ത് കേരളവർമ്മയുടെയും മകനായി കൊല്ലവർഷം 1783ൽ ഇരയിമ്മൻതമ്പി ജനിച്ചു. കാർത്തിക തിരുനാൾ വളരെയേറെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു മഹാ പണ്ഡിതനായിരുന്നു കേരളവർമ്മ. ശാസ്ത്രി തമ്പുരാൻ എന്നായിരുന്നു മഹാരാജാവ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
തമ്പിയുടെ പ്രഥമ ഗുരുനാഥൻ പിതാവു തന്നെയായിരുന്നു. വ്യാകരണം, സാഹിത്യം, ശാസ്ത്രം, സംഗീതം എന്നീ വിഷയങ്ങൾ മുത്താട്ട് ശങ്കരനിളയത് എന്ന പണ്ഡിതനാണ് അഭ്യസിപ്പിച്ചത്. അദ്ദേഹം പതിന്നാലാമത്തെ വയസ്സിൽ തന്നെ ശ്ലോകം രചിക്കുമായിരുന്നത്രെ.
വിരാടന്റെ ശൃംഗാരപദത്തോടു കൂടിയാണ് തമ്പി ഉത്തരാസ്വയംവരം രചിച്ചിട്ടുള്ളതെങ്കിലും, ഇപ്പോൾ പൊതുവെ "കല്യാണീ കാണ്‍ക" എന്ന ദുര്യോധനന്റെ പാടി രാഗത്തിലുള്ള ശൃംഗാരപദത്തോടു കൂടിയാണ് രംഗം തുടങ്ങുന്നത്.
അജ്ഞാതവാസക്കാലത്ത് പഞ്ചപാണ്ഡവരും, ധർമ്മ പത്നിയും വേഷ പ്രച്ഛന്നരായി വിരാട രാജധാനിയിൽ, പരിചാരകരായി താമസിച്ചു വരികയാണ്. രാജ പത്നിയായ സുദേഷ്ണയുടെ സൈരന്ധ്രിയായി മാലിനി എന്ന പേരിൽ പാഞ്ചാലിയും, അടുക്കളക്കാരനായി വലലൻ എന്ന പേരിൽ ഭീമസേനനും, അന്ത:പുരസ്ത്രീകളെ നൃത്തം അഭ്യസിപ്പിച്ചു കൊണ്ട് ബ്രുഹന്ദള എന്ന പേര് സ്വീകരിച്ച് അർജ്ജുനനും വിരാട രാജ്യത്ത് അജ്ഞാതവാസത്തിന്റെ അവസാനഘട്ടത്തിലായിരുന്നു.
പാണ്ഡവരുടെ രഹസ്യമറിയുവാൻ ദുര്യോധനൻ നിയോഗിച്ച ഒരു ദൂതൻ, വിരാടന്റെ സ്യാലനായ കീചകനും, അയാളുടെ അനുചരന്മാരായ ഉപകീചകന്മാരും ഒരു ഗന്ധർവ്വനാൽ നിഗ്രഹിക്കപ്പെട്ട വർത്തമാനം കൌരവസഭയിൽ അറിയിച്ചു. മഹാ ബലവാനായ കീചകനെ കൊല്ലാൻ ഭീമനെ കൊണ്ടുമാത്രമേ കഴിയൂ എന്നും, അതിനു കാരണക്കാരിയായ സ്ത്രീ പാഞ്ചാലി ആയിരിക്കുമെന്നും ഭീഷ്മർ അഭിപ്രായപ്പെട്ടു. വിരാട രാജധാനിയിൽ നിന്ന് പാണ്ഡവരെ കണ്ടുപിടിച്ച് അജ്ഞാതവാസം പൊളിക്കാൻ ദുര്യോധനൻ പദ്ധതി ആവിഷ്ക്കരിച്ചു. ദുര്യോധനനും ത്രിഗർത്തത്തിലെ ഒരു സാമന്ത രാജാവും, ദുര്യോധനന്റെ സേനാ നായകനുമായ സുശർമ്മാവും (ത്രിഗർത്തൻ) കൂടി ഗോഹരണം നടത്താൻ തീരുമാനിച്ചു.
വലലൻ ത്രിഗർത്തനെയും, ബ്രുഹന്ദള ദുര്യോധനാദികളേയും പരാജയപ്പെടുത്തി ഗോക്കളെ വീണ്ടെടുത്തു. ഇതാണ് ഉത്തരാസ്വയംവരം ആട്ടക്കഥ.
ദുര്യോധനനും ബ്രുഹന്ദളയുമാണ് ഇതിലെ ആദ്യാവസാന വേഷങ്ങൾ. ബാലിവധത്തിൽ ബാലി പോലെ ആദ്യസ്ഥാന വേഷമല്ലെങ്കിലും, വളരെ പ്രധാനപ്പെട്ട ചുവന്നതാടിയാണ് ത്രിഗർത്തൻ.
![]() |
കോട്ടക്കൽ ദേവദാസ് |
സ്സാകമഭ്യർണ്ണമേത്യ
സ്പഷ്ടം വ്യാചഷു ദുര്യോധന കലിതധന-
പ്രാപ്ത ശർമ്മാസുശർമ്മാ " എന്ന ശ്ലോകം കൊണ്ടു തന്നെ ഈ വേഷത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാമല്ലോ?
ദുര്യോധനൻ ഭാനുമതിയോടൊപ്പം ഉദ്യാനത്തിൽ ശൃംഗരിച്ചുകൊണ്ട് നിൽക്കെ, ഉദ്യാനത്തിന്റെ ഭംഗിയും, പത്നിയുടെ സൗദര്യവും വർണ്ണിക്കുന്ന അവസരത്തിൽ, അകലെ മരക്കൊമ്പിലിരിക്കുന്ന ചക്രവാക മിഥുനങ്ങൾ ദൃഷ്ടിയിൽപ്പെടുന്നു. ചന്ദ്രോദയത്തോടുകൂടി, കോകിക്ക് (പെണ്‍ പക്ഷി) പ്രിയതമനെ ഇണപിരിയേണ്ടിവരും എന്നാണ് കവിസങ്കല്പം. ഒരു കണ്ണു കൊണ്ട് ഭാനുമതിയുടെ മുഖം ചന്ദ്രനാണെന്നു കരുതി കോപത്തോടെയും, ഇണ പിരിയേണ്ടി വരുന്നതോർത്ത് സങ്കടത്തോടെ മറ്റേ കണ്ണു കൊണ്ട് പ്രിയനേയും നോക്കുന്നു. നടൻ കോകിയായി പകർന്നാടുന്ന ഈ രംഗമാണ് പ്രസിദ്ധമായ "ഏകലോചനം" എന്ന ആട്ടം. "കല്യാണീ കാണ്‍ക മമ വല്ലഭേ" എന്ന പതിഞ്ഞ പദത്തിലെ മൂന്നാമത്തെ ചരണമാണ് ഭാവാഭിനയത്തിന് വളരെ പ്രധാനമായ ഈ രംഗം.
"കോകി നിൻമുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ച്
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ,
ഏകലോചനംകൊണ്ടു കോപമോട് നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും." തമ്പിയുടെ ഈ വർണ്ണന കേട്ടാൽ, ഭാനുമാതിയല്ല, ഏത് ഭാര്യയാണ് സന്തോഷവതിയാകാത്തത്. ഏകലോചനം കൂടാതെ പ്രധാനപ്പെട്ട പ്രധാനപ്പെട്ട മറ്റൊരു ആട്ടവും ഇവിടെ നിർവ്വഹിക്കാനുണ്ട്. കോകിയാട്ടം. ഇവിടെ കോകിയായി, പക്ഷി സഹജമായ ചേഷ്ടകളും മറ്റും നടൻ വിസ്തരിച്ചാടുന്നു. കോകിയോ, ഏകലോചനമോ സാധാരണ നടന്മാർ വിസ്തരിച്ച് ആടാറുണ്ട്. പക്ഷെ കോട്ടക്കൽ ചന്ദ്രശേഖരവാര്യർ അതത്ര വിസ്തരിച്ചാടിയില്ല. (കളി സമയത്തിനു തുടങ്ങിയില്ലെങ്കിൽ ഇങ്ങനെ ചില അപകടങ്ങൾ സംഭവിക്കും. നടനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല.)
![]() |
കലാമണ്ഡലം ശ്രീകുമാർ, മാർഗി വിജയകുമാർ |
കലാമണ്ഡലം ശ്രീകുമാറാണ് ബ്രുഹന്ദള കെട്ടിയത്. ഉത്തരാസ്വയംവരത്തിൽ ദുര്യോധനൻ പോലെതന്നെ ഒരു ആദ്യസ്ഥാന വേഷമാണ് ഇതും. അതിൽ വളരെ ചിട്ടപ്രധാനമായ ആട്ടമാണ് തേര് കൂട്ടികെട്ടൽ. രഥപ്പുര നോക്കുന്നതും, രഥം വലിച്ച് പുറത്തു കൊണ്ടുവരുന്നതുമൊക്കെ വളരെ തന്മയത്വത്തോടെ ശ്രീകുമാർ ആടുകയുണ്ടായി. കുതിരപ്പന്തിയിൽ ചെന്ന് തടിച്ച കുതിരകളെ അവഗണിച്ചിട്ട്, മെലിഞ്ഞ നാല് കുതിരകളെ തെരഞ്ഞെടുക്കുന്നതും, കടിഞ്ഞാണ്‍ എല്ലാം കൂടി ചേർത്ത് കെട്ടുന്നതുമെല്ലാം വളരെ സ്വാഭാവികമായി അദ്ദേഹം ആടി ഫലിപ്പിച്ചു.
അരങ്ങിന്റെ മൂന്നാം നിരയിൽലിരുന്ന് ശ്രീകുമാറിന്റെ തേര് കൂട്ടിക്കെട്ടൽ, ചന്ദ്രശേഖരവാര്യർ ആസ്വദിച്ച് കണ്ടിരിക്കുന്നത് ഞാൻ കണ്ടു. എഷ്യാനെറ്റ് അവതരിപ്പിച്ച കഥകളി സമാരോഹത്തിൽ, ചന്ദ്രശേഖര വാര്യരുടെ ഉത്തരാസ്വയംവരത്തിലെ ബ്രുഹന്ദളയെ ആണ് എനിക്കപ്പോൾ ഓർമ്മ വന്നത്.
ഭാനുമതിയായും സൈരന്ധ്രിയായും മാർഗി വിജയകുമാറും, ഉത്തരനായി കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താനുമാണ് വേഷമിട്ടത്. മധു വാരണാസിയായിരുന്നു ദൂതൻ.
![]() | ||
പത്തിയൂർ ശങ്കരൻകുട്ടി |
താരിൽ തേൻമൊഴിമാർമണേ എന്ന ബ്രുഹന്ദളയുടെ കല്യാണി രാഗത്തിലുള്ള പദവും, ദുര്യോധനന്റെ ഘണ്ടാരത്തിലുള്ള മേദിനിപാലകന്മാരെ എന്ന പദവുമാണ് എന്റെ ഫേവറെയ്റ്റ്. ശങ്കരൻകുട്ടിയും, മധുവും ഈ പദങ്ങൾ അതി ഗംഭീരമാക്കി. കളി കഴിഞ്ഞ് ശങ്കരൻകുട്ടിയോട് ഞാനിത് സൂചിപ്പിക്കുകയും ചെയ്തു.
കടമ്പനാട്ടു നിന്ന് മാന്നാറിന് 52 കിലോമീറ്റർ "ആ തണുത്ത കൊച്ചു വെളുപ്പാൻ കാലത്ത്" ബുള്ളറ്റിലുള്ള മടക്ക യാത്രയുടെ സുഖം, ഉത്തരാസ്വയംവരം പോലെതന്നെ ഞാൻ തീർത്തും ആസ്വദിച്ചു.