Friday, June 20, 2014

നവരസങ്ങൾ എട്ടോ ഒൻപതോ : പി. രവീന്ദ്രനാഥ്





കഥകളി ആചാര്യനും, മഹാ നടനും, ഗ്രന്ഥകർത്താവുമായിരുന്ന മാത്തൂർ കുഞ്ഞുപിള്ള പണിയ്ക്കർ നാട്യ രസങ്ങൾ എട്ടേയുള്ളൂ എന്നാണ്  അഭിപ്രായപ്പെട്ടിട്ടുള്ളത്.  അതിനദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ബ്രഹ്മാവ്‌  ഭരതമുനിയോട്  പറഞ്ഞിട്ടുള്ള "ഏതേഹ്യഷ് ട്ടൗ രസാ പ്രോക്താ ദൃഹിണേന മഹാത്മനാ" എന്ന പ്രസ്താവനയാണ്. ഭരതൻ പക്ഷെ നാട്യശാസ്ത്രത്തിൽ ഒൻപത്‌  രസങ്ങളെക്കുറിച്ച്  പരാമർശിക്കുന്നുണ്ട്.

കഥകളിയെ സംബന്ധിച്ച്  ആധികാരിക ഗ്രന്ഥം എന്ന്  മഹാകവി വള്ളത്തോൾ വിശേഷിപ്പിച്ച "കഥകളി പ്രകാശിക" എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ് മാത്തൂർ. ഗ്രന്ഥരചന നിർവ്വഹിച്ചിട്ടുള്ളത്  ശ്ലോകങ്ങളിലാണ്.

ഒരു നമ്പൂതിരി തന്റെ സംബന്ധക്കാരിയായ വാരസ്യാരുടെ ഭവനത്തിൽ രണ്ടു മൂന്നു ദിവസങ്ങൾ സന്ദർശിക്കാൻ കഴിയാതിരുന്നതിന്റെ കാരണം, കഥകളി കാണാൻ പോയതുകൊണ്ടാണെന്നുള്ള  ക്ഷമാപണമാണത്തോടെ ആരംഭിക്കുന്ന  ആധികാരികമായ ഒരു കഥകളി പഠന ഗ്രന്ഥമാണ് , ഓട്ടൻതുള്ളലിന്റെ ശൈലിയിൽ രചിച്ചിട്ടുള്ള ഈ കാവ്യം.

"നല്ലില്ലത്തമരുന്നൊരു ഭൂസുര-
നുല്ലാസത്തൊടു പണ്ടൊരു നാളിൽ
പല്ലവതുല്യാധരിയാം തന്നുടെ
വല്ലഭയാകിയ വാരസ്യാരൊടു
സല്ലാപങ്ങൾ തുടങ്ങീടുമ്പോൾ
മല്ലാക്ഷീമണി ചോദ്യം ചെയ്താൾ."

കഥകളി കാണാൻ പോയ കാര്യവും അതിന്റെ വിശേഷങ്ങളും നമ്പൂതിരി വിശദീകരിക്കുകയാണ് :

"തുംഗകുചേ ഞാനുള്ളതു പറയാം
ഞങ്ങളൊരഞ്ചട്ടാളിടകൂടി,
കഥകളിയുണ്ടേ കോലോത്തെന്നൊരു
കഥനംകേൾക്കായ്  വന്നിതുടൻതാൻ
കുയിൽമൊഴി ഞങ്ങളുമവിടേക്കെത്തി 
കഥയുമറിഞ്ഞു വിളക്കിനിടത്തായ് 
കളിയിതു കാണ്മാൻ കൌതുകമോടും 
കഥമപി തിക്കിഞെക്കിയിരുപ്പായ് 
കളി ബഹുഭേഷായെന്നേ വേണ്ടൂ 
കളിയിതുപോൽ ഞാൻ കണ്ടിട്ടില്ല."

ജിജ്ഞാസ വർദ്ധിച്ച വാരസ്യാരുടെ ചോദ്യങ്ങൾക്ക്  ഉത്തരം പറയുന്ന രൂപത്തിലാണ് , കഥകളിയെപ്പറ്റി അറിഞ്ഞിരിക്കേണ്ട വസ്തുതകൾ മാത്തൂർ വിശദീകരിച്ചിട്ടുള്ളത്.

ഈ ഗ്രന്ഥത്തിൽ നാട്യരസങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ശൃംഗാരം, വീരം, കരുണം, അത്ഭുതം, ഹാസ്യം, ഭയാനകം,രൌദ്രം, ബീഭത്സം തുടങ്ങിയ എട്ടു രസങ്ങളുടെ പ്രയോഗ രീതിയാണ് , സാധാരണക്കാർക്കു പോലും പെട്ടെന്ന്  മനസ്സിലാക്കുന്നതിന്  വളരെ ലളിതമായി അദ്ദേഹം വിശദീകരിക്കുന്നത്.



1. ശൃംഗാരം 
ശൃംഗാരം വരേണമെങ്കിൽ 
കണ്‍മിഴികൾ മദ്ധ്യേ നിർത്തി 
കണ്‍തടങ്ങളേറ്റിച്ചെറുചുണ്ടുകൾ 
ചേർത്തു ചിരിയൊടരിയ പുരികമിളക്കുക.

2. വീരം 
കണ്ണുകൾ നന്നായി തുറന്നു 
കരിമിഴികൾ തെല്ലുതാഴ്ത്തി 
പുരികമേറ്റിയുരുതരം നടൻ നിജ-
കവിളിളക്കുമറിക വീരരസമതു.

3. കരുണം 
നേത്രങ്ങൾ നന്നായി ചെറുതാക്കി 
മിഴികൾ രണ്ടും ചെറ്റേറ്റുമ്പോൾ 
ദു:ഖമുള്ളിലൊട്ടടച്ചു പുഞ്ചിരി ചേർത്തു 
പുരികമിളകീടുന്നു കരുണേ.

4.അത്ഭുതം 
അത്ഭുത രസമെന്നാകിൽ 
വിഭ്രമം വെടിഞ്ഞു നേത്രം 
ചെറ്റടച്ചു വിട്ടു നോക്കി 
ചിരിയഥ വിട്ടുവിട്ട്  പുരികമധികമിളകീടും.

5. ഹാസ്യം 
നേത്രങ്ങളൊരു പുറത്തായ് 
ചേർത്തു കീഴ്‌മേൽ നോക്കി മദ്ധ്യേ 
ദൃഷ്ടി വെച്ചു കണ്‍തടങ്ങൾ പുരികവു-
മേറ്റി വക്ത്രമുടനേ തിരിക ഹാസ്യമാം.

6. ഭയാനകം 
നേത്രങ്ങളേറ്റം തള്ളിച്ചു 
ഗാത്രവും മുഖവും തമ്മിൽ 
തെല്ലിടഞ്ഞു തിരിക വേണം ഇരുവശ-
മിത്ഥമാണ്  ദൃഷ്ടിയബ് ഭയാനകമേ.

7. രൌദ്രം 
കരിമിഴി താഴ്ത്തി തള്ളിച്ചാ 
ചില്ലി രണ്ടും നന്നായി പൊക്കി 
കണ്‍തടങ്ങളിളകിടുമ്പോളിത്തിരി 
ചുണ്ടുചലനമുണ്ടു രൌദ്രമേതു സതി.

8. ബീഭത്സം 
ബീഭത്സം പ്രകൃതം വിട്ടു 
പ്രാകൃതത്തെക്കാട്ടുന്നതാം 
അധരമൊട്ടു പിറുപിറുത്തു കാട്ടുമ-
പ്പുരിക മദ്ധ്യമൊട്ടടിക്കുമഴകൊട്.

ഇതാണ്  വർണ്ണന.

ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാക്കന്മാരുടെ സേനാനായകന്മാരായിരുന്നു നെടുമുടിയിലുള്ള മാത്തൂർ കുടുംബക്കാർ. രാജസേവ പരമ്പരാഗതമായി അനുഭവിച്ചു വന്നിരുന്ന മാത്തൂർ കുടുംബാംഗങ്ങൾ വാസനാസമ്പന്നരായ കലാകാരന്മാരും, മഹാപണ്ഡിതന്മാരുമായിരുന്നു. സമ്പന്നമായ ഈ കുടുംബത്തിലെ കൃഷ്ണൻ കുഞ്ഞുപണിക്കരുടെ പുത്രനായി 1873 ലാണ്  കുഞ്ഞുപിള്ള പണിക്കർ ജനിച്ചത്‌.

മാത്തൂർ കളരിയിലെ ശങ്കുപ്പിള്ളയാശാനാണ്  അദ്ദേഹത്തെ കഥകളി അഭ്യസിപ്പിച്ചത്. അഞ്ചു വർഷത്തെ അഭ്യസനത്തിനു ശേഷം പതിനെട്ടാമത്തെ വയസ്സിൽ ആദ്യവസാന വേഷം കെട്ടിയാണ്  അരങ്ങേറ്റം നിർവ്വഹിച്ചത്.  കാർത്തവീര്യാർജ്ജുനവിജയത്തിലെ രാവണൻ. കമലദളം.

കറതീർന്ന ചൊല്ലിയാട്ടത്തിന്റെ ചിട്ട, ഔചിത്യമുള്ള മനോധർമ്മങ്ങൾ, രസാവിഷ്ക്കരണത്തിനും, ഭാവാവിഷ്ക്കരണത്തിനുമുള്ള നിപുണത അങ്ങനെയെല്ലാമുള്ള അനുഗ്രഹീത നടനായിരുന്നു അദ്ദേഹം.

"ജയ ജയ രാവണ" എന്ന പദം നാരദൻ ആടുമ്പോൾ സ്ഥായിയായ വീരരസം വിടാതെ മറ്റു രസങ്ങൾ അദ്ദേഹം നടിക്കുമായിരുന്നു എന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്.

സീതാസ്വയംവരത്തിലെയും ഭാർഗ്ഗവരാമചരിതത്തിലെയും പരശുരാമന്റെ വേഷത്തിന്റെ രൂപകൽപന നിർവ്വഹിച്ചിട്ടുണ്ട്. മുഖത്തു ചുട്ടിയും, ചവപ്പു മനയോലയും, നീണ്ട ചുവന്ന താടി, കിരീടം, ചുവന്ന ഉടുത്തുകെട്ട്, കൈയ്യിൽ മഴുവും വില്ലും. പണ്ട് കാലത്ത്  വളരെ പ്രസിദ്ധമായിരുന്നു ഈ വേഷം.



കത്തിയും പച്ചയും കെട്ടാൻ അദ്ദേഹം ഒരുപോലെ പ്രാവീണ്യം നേടിയിരുന്നു. ഉത്ഭവം, ബാലിവിജയം, കാർത്തവീര്യാജ്ജുനവിജയം എന്നെ കഥകളിലെ രാവണൻ, നരകാസുരൻ തുടങ്ങിയ കത്തി വേഷങ്ങളുടേയും, നളൻ, ബാഹുകൻ, രുഗ്മാംഗദൻ, കിർമ്മീരവധത്തിലെ ധർമ്മപുത്രർ തുടങ്ങിയ പച്ചവേഷങ്ങലുടെയും അവതരണത്തിൽ അദ്ദേഹത്തിന്  അസാമാന്യ വിശേഷ സിദ്ധിതന്നെ ഉണ്ടായിരുന്നു. എന്തിനേറെ, കിരാതത്തിലും നളചരിതത്തിലും കാട്ടാളൻ, നക്രതുണ്ഡി, രുഗ്മിണീസ്വംവരത്തിലും സന്താനഗോപാലത്തിലും ബ്രാഹ്മണൻ, മണ്ണാൻ തുടങ്ങിയ വേഷങ്ങൾക്കു പോലുമുണ്ടായിരുന്നു പ്രത്യേക സവിശേഷത.

"കഥകളിപ്രകാശികയുടെ" അവതാരികയിൽ വള്ളത്തോൾ പ്രശംസിച്ചത്  ഇങ്ങനെയാണ് :  "നമ്മുടെ നടശ്രേഷ്ഠന്റെ കവിതാ വാസന കണ്ടപ്പോൾ പത്മരാഗക്കല്ലിൽ പരിമളം കൂടി ഉണ്ടായതായിട്ടാണ്  എനിക്കു തോന്നിയത്."

ആ മഹാ പ്രതിഭ 1929ൽ ഇഹലോകവാസം വെടിഞ്ഞു.  


**********************************************************************