കവികൾ, അക്ഷരശ്ലോക വിദഗ്ദ്ധർ എന്ന പോലെതന്നെ പരുമല പണ്ടു മുതൽ മഹാ മന്ത്രവാദികൾക്കും പേരുകേട്ട സ്ഥലം ആയിരുന്നു.
ആദിശർ എന്ന ജാതിയിൽ പെട്ടവരായിരുന്നു ഇവരെല്ലാം. വലിയ പനയന്നാർകാവ് ഭഗവതീക്ഷേത്രത്തിന്റെ അവകാശികൾ ആദിശന്മാരാണ്. എന്റെയൊക്കെ ബാല്യത്തിൽ ശങ്കരൻകുഞ്ഞ് എന്നൊരു മന്ത്രവാദി അമ്പലത്തിന്റെ വടക്കു വശത്ത് താമസം ഉണ്ടായിരുന്നു. പേടികിട്ടിയാൽ ശങ്കരൻകുഞ്ഞായിരുന്നു ആയിരുന്നു ഞങ്ങൾക്ക് ശരണം. അമ്മൂമ്മ ആളിനെ വിട്ട് അദ്ദേഹത്തെ വരുത്തും. മഹാ മാന്ത്രികൻ ഒരു കറുത്ത ചരട് ജപിച്ചു കെട്ടും. ഠിം, അതോടെ പേടി ശങ്കരൻകുഞ്ഞിനോടൊപ്പം പമ്പ കടക്കും. ഗൌരവ സ്വഭാവക്കാരൻ ആയിരുന്നു അദ്ദേഹം. കിട്ടുന്ന ദക്ഷിണയുടെ നല്ലൊരു പങ്ക് ചുറ്റുവട്ടത്തുള്ള കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാനോ, ചെറുപ്പക്കാർക്ക് കള്ള് കുടിയ്ക്കാൻ കൊടുക്കാനോ കുഞ്ഞിന് മടിയില്ലായിരുന്നു.
![]() |
പരുമല വലിയ പനയന്നാർകാവ് ദേവീക്ഷേത്രം |
എന്നാൽ മറ്റൊരു മാന്ത്രികനായ ബാലൻ ആദിശർ അങ്ങനെയായിരുന്നില്ല. സത്യത്തിൽ ഇദ്ദേഹം ആദിശൻ ആയിരുന്നില്ല. മന്ത്രവാദിയുടെ അച്ഛന്റെ ജാതിയാണ് ആദിശൻ. അമ്മ നായരാണ്. അതുകൊണ്ട് ബാലൻ നായർ എന്നായിരുന്നു ഔദ്യോഗിക നാമധേയം. അദ്ദേഹത്തിന്റെ ഒരു മകൻ ഓമനക്കുട്ടൻ എന്റെ സഹപാഠിയാണ്. മകൾ ഗീത അനുജത്തിയുടെ ക്ലാസ്സിൽ പഠിച്ചതാണ്. അങ്ങനെ ഞങ്ങൾക്ക് നല്ല ബന്ധം ഉണ്ടായിരുന്നു ബാലൻ ആദിശരുടെ കുടുംബവുമായി.
ബാലൻ ആദിശർക്ക് മന്ത്രം അത്രവലിയ പിടിയുണ്ടായിരുന്നില്ല. പക്ഷെ മറ്റു പല തന്ത്രങ്ങളും വശമായിരുന്നതു കൊണ്ട് മഹാ മാന്ത്രികനായിട്ടാണ് വിലസിയിരുന്നത്. പരുമലക്കാർക്കെല്ലാം വിളിച്ചാൽ വിളിപ്പുറത്താണ് പനയന്നാർകാവിലമ്മ. ഭക്തർക്ക് ഭയഭക്തി ബഹുമാനത്തേക്കാൾ മറ്റേതോ വികാരമാണ് ഭഗവതിയോടുള്ളത്. സ്വന്തം കുടുംബത്തിലെ മുതിർന്ന സ്ത്രീകളോടുള്ള സ് നേഹനിർഭരമായ ഒരടുപ്പം ഉണ്ടല്ലോ, അതു തന്നെ. ദാരീച നിഗ്രഹത്തിനു ശേഷം കോപം അടങ്ങിയിട്ടില്ലാത്ത ദേവിയാണ് പ്രതിഷ്ഠ. വീരരൗദ്രബീഭൽസ രൂപിയായ ഭഗവതി പക്ഷെ പരുമലക്കാർക്ക് വല്യമ്മയാണ്. പമ്പയാറ്റിൽ കുളിച്ചിട്ട് വല്ല്യമ്മയെ ഒന്ന് തൊഴുതുകൊണ്ടാണ് പരുമല സ്വദേശികളുടെ ദിവസം ആരംഭിക്കുന്നത്.
മന്ത്രകർമ്മങ്ങൾക്ക് പോകുന്നതിനെ പൂജയ്ക്ക് പോവുക എന്നാണ് ബാലൻ ആദിശർ വിശേഷിപ്പിക്കുന്നത്. "മിനിഞ്ഞാന്ന് തൃക്കോതമംലത്ത് ഒരു പൂജയുണ്ടായിരുന്നു. ഇന്നലെ കരുവാറ്റായിൽ പൂജയുണ്ടായിരുന്നു. നാളെ ചെറിയനാട്ട് ഒരു പൂജയുണ്ട്-" ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. മന്ത്രവാദമാണ് പരാമർശന വിഷയമെന്ന് ശ്രോതാക്കൾ ഗ്രഹിച്ചുകൊള്ളും. ഇങ്ങനെ കർമ്മങ്ങൾ നടക്കുന്നുണ്ടോ, അത് ആദിശർക്ക് മാത്രം അറിയാം. ഇതൊക്കെ അദ്ദേഹത്തിന്റെ കെട്ടുകഥകൾ ആണെന്ന് വിശ്വസിക്കുന്നവരായിരുന്നു ഭൂരിപക്ഷവും.
പണ്ടൊരിക്കൽ ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ ആദിശർ പറഞ്ഞ ഒരു കഥ. ഞങ്ങൾ അന്ന് ഹൈസ്ക്കൂൾ വിദ്യാർഥികൾ ആണ്. മന്ത്രവാദ കഥകൾ കേൾക്കാൻ ഞങ്ങൾ ചുറ്റും കൂടി. ശ്രോതാക്കൾ ആകാംക്ഷയോടെ സജ്ജരാണെന്ന് കാണുമ്പോൾ ആദിശർ വിളംബകാലത്തിൽ തുടങ്ങും.
"ഇന്നലെ ബോംബെന്ന് വന്നേയുള്ളൂ. ഒരു പൂജയ്ക്ക് പോയതാ. തിങ്കളാഴ്ച കൊച്ചീന്ന് ട്രെയിനിൽ. ചൊവ്വാഴ്ച കാലത്ത് കണ്ണുതുറന്നു നോക്കുമ്പോൾ. വണ്ടിയെവിടാ.....? മെൽബോണ്‍ . അടുത്ത സ് റ്റേഷനാണ് കല്യാണ്‍."
ഞങ്ങളുടെ ബാലൻ ആദിശർ ആ ട്രെയിനിൽ ഉണ്ടായിരുന്നതു കൊണ്ട് ഒരൊറ്റ ദിവസം കൊണ്ട് "യാത്രിയോം കോ" ബോംബേയിൽ എത്തിച്ചേരാൻ കഴിഞ്ഞു എന്നുമാത്രമല്ല ആസ് ട്രേലിയൻ ഭൂഖണ്ഠത്തിൽ ഒരു ഹൃസ്വ പര്യടനം നടത്താനും ഭാഗ്യം ലഭിച്ചു.
ആദിശരുടെ ഭാര്യാഗൃഹം കരുനാഗപ്പള്ളിയ്ക്കടുത്തുള്ള വവ്വാക്കാവിലാണ്. പിടിച്ചുപറിക്കാരുടെയും കൊള്ളക്കാരുടേയും സാന്നിദ്ധ്യം കൊണ്ട് കുപ്രസിദ്ധമായിരുന്നു വവ്വാക്കാവ്. കായംകുളം കൊച്ചുണ്ണി വവ്വാക്കാവുകാരനാണ് എന്നാണ് ചരിത്രരേഖ.
"ഒരു ദിവസം സന്ധ്യയ്ക്ക് വല്യമ്മേം തൊഴുതേച്ച് ഞാൻ പന്നായിക്കടവിൽ നില്ക്കുകയായിരുന്നു. എന്നാൽ ഒന്ന് വവ്വാക്കാവിന് പോയ് ക്കളയാം എന്ന് തീരുമാനിച്ചു. അടുത്ത വണ്ടിക്ക് കായംകുളത്തിനു കയറി. അവിടുന്ന് വവ്വാക്കാവിൽ വന്നിറങ്ങുമ്പോൾ രാത്രി 9 മണി കഴിഞ്ഞു. നേരെ പടിഞ്ഞാട്ടു നടന്നു. ഛെടാ, മോളീന്ന് കല്ലും മണ്ണും വടീമൊക്കെ വീഴുന്നു. എന്റെ കത്തികൊണ്ടതെല്ലാം തടുത്തുകൊണ്ട് ഞാനങ്ങു മുന്നോട്ടു നടന്നു. മൂന്നാലു മുട്ടാളന്മാർ കത്തീം, വടിവാളും, കഠാരിയും കുറുവടീമായി മുമ്പിൽ. ചെറിയ ഒരു പ്രയോഗം നടത്തിയിട്ട് ഞാനങ്ങ് ഭാര്യ വീട്ടിലേക്കു പോയി. കഞ്ഞികുടീം കഴിഞ്ഞ് കിടക്കാനുള്ള വട്ടമാണ്. ചൂടുകാലമാണ്. അത്യുഗ്രൻ ഉഷ്ണം. ഒരു കട്ടിലു പിടിച്ച് മുറ്റത്തിടാൻ പറഞ്ഞു. അവിടെ കിടന്നുറങ്ങി. ഒരു നാലഞ്ചു നാഴിക കഴിഞ്ഞപ്പോൾ ഞാനൊന്നുണർന്നു. അപ്പോഴാണ് വവ്വാക്കാവിലെ ആ പാവത്തുങ്ങളുടെ കാര്യം ഓർമ്മവന്നത്. നേരെയവിടെ ചെന്ന് മറുവിദ്യ ചെയ്ത് അവന്മാരെ നേരെയാക്കി.
'എന്റെ പൊന്നുടയതെ, മാപ്പാക്കണം ആളരറിഞ്ഞില്ല.' മേലാൽ ഇതാവർത്തിക്കരുതെന്ന് താക്കീതു ചെയ്തിട്ട് വന്നുകിടന്നുറങ്ങി."
കാലത്തെണീറ്റ് ബാലനാദിശർ കാപ്പികുടിയും കഴിഞ്ഞ് പൂമുഖത്ത് ഇരിക്കുമ്പോൾ, നേന്ത്രക്കുല, ചേന, വെറ്റിലയടയ്ക്ക തുടങ്ങിയ കാഴ്ചവസ്തുക്കളുമായി ആ കൊള്ളസംഘം കാൽക്കൽ തൊഴുതു നിൽക്കുകയാണ്. ക്ഷമിച്ചെന്നൊരു വാക്കു കേട്ടാൽ മതി അവർക്ക്.
ബാലനാദിശർ മന്ത്രവാദം ചെയ്ത് അത്ഭുതം സൃഷ്ടിച്ച കഥകൾ അദ്ദേഹം തന്നെ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ മറ്റു സാക്ഷിമൊഴികൾ ഒന്നുമില്ല.
കഥാപുരുഷന്റെ ഒരുപാട് മന്ത്രതന്ത്ര കഥകൾ അറിയാവുന്നയാളാണ് മുൻ കടപ്ര പഞ്ചായത്ത് പ്രസിഡന്റും പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് റിട്ടയർ പ്രൊഫസറും സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവുമായ ലോപ്പസ് സാർ. (പ്രൊഫ. എ. ലോപ്പസ്) സാർ ഈയിടെ വീട്ടിൽ വന്നപ്പോഴാണ് ആദിശരെക്കുറിച്ച് ബ്ലോഗിൽ എഴുതാൻ എനിക്ക് പ്രേരണ തന്നത്. സാർ പറഞ്ഞ ഒരു കഥയാണ്. പന്നായിക്കടവിലോ പരുമലക്കടവിലോ അന്ന് പാലം ആയിട്ടില്ല. കടത്താണ്.
കടത്തുകടവിൽ വള്ളം കാത്തുനില്ക്കുകയാണ് ആദിശർ. "ഒരൊറ്റ മണിക്കൂർ കൊണ്ടിവിടെത്തി."
"എവിടുന്ന്?" ശ്രോതാക്കളുടെ ജിജ്ഞാസാഭരിതമായ ചോദ്യം.
"തിരുവനന്തപുരത്തു നിന്ന് രാജപ്രമുഖന്റെ കാറിൽ ഡ്രൈവർ ഒരു മണിക്കൂർ കൊണ്ടിവിടെ കൊണ്ടു വിട്ടു.
നാടുവാഴുന്ന പൊന്നുതമ്പുരാൻ ചിത്തിരതിരുനാളിന്റെ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കാൻ മഹാഭാഗ്യം കിട്ടിയ കഥ ഇങ്ങനെയാണ്.
ചരിത്രപുരുഷൻ ഒരു പൂജയ്ക്ക് പോയതാണ് തിരുവനന്തപുരത്ത്. തിരികെ പോരാൻ വണ്ടി കാത്തു നിൽക്കുമ്പോൾ ഒരു കാർ മുന്നിൽ വന്നു നില്ക്കുന്നു.
"എന്താ ബാലാ ഇവിടെ?"
ആരായിരുന്നു കാറിൽ? രാജപ്രമുഖൻ, ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ്. പൊയ് ക്കളയരുത് അവിടെ തന്നെ നിൽക്കണം എന്ന് പറഞ്ഞിട്ട് തമ്പുരാൻ പോയി.
10 മിനിറ്റ് കഴിഞ്ഞപ്പോൾ ഡ്രൈവർ കാറുമായി വന്ന് ആദിശരെ പരുമലയിൽ കൊണ്ട് വിട്ടിട്ടു പോയി.
ഇങ്ങനെ ബാലൻ ആദിശർ കഥകൾ ഒരുപാടുണ്ട്......
****************