Sunday, March 1, 2015

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ അരങ്ങേറിയ സുന്ദരീസ്വയംവരം


പത്മഭൂഷണ്‍ മടവൂരിന്റെ ഘടോൽകചൻ 
ടിപ്പുവിന്റെ പടയോട്ട കാലത്ത് (പതിനെട്ടാം നൂറ്റാണ്ടിൽ) മലബാറിൽ നിന്ന് പലായനം ചെയ്ത് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ വാസം അനുഷ്ഠിച്ച ഒട്ടനവധി ബ്രാഹ്മണ ക്ഷത്രിയ കുടുംബങ്ങൾ ഉണ്ട്. അങ്ങനെയുള്ള ഒരു കുടുംബത്തിലെ ഒരംഗം ആയിരുന്നു മാവേലിക്കരയ്ക്കടുത്തുള്ള ചെന്നിത്തലയിൽ വന്നു താമസിച്ചിരുന്ന കുന്നത്ത് പോറ്റി എന്നറിയപ്പെട്ടിരുന്ന സുബ്രഹ്മണ്യൻ പോറ്റി. അദ്ദേഹം ചെന്നിത്തലയിൽ കുന്നത്ത് എന്നൊരില്ലം പണി കഴിപ്പിച്ച് താമസ്സമാക്കി. അന്ന് മുതൽക്ക്  അദ്ദേഹം കുന്നത്ത് പോറ്റി എന്നാണറിയപ്പെട്ടിരുന്നത്.  നാട്യകലയിലും വാദ്യവാദനത്തിലും വിദഗ്ദ്ധനായിരുന്ന അദ്ദേഹം സ്വാതി തിരുനാളിന്റെ സദസ്യനും ആയിരുന്നു. കുന്നത്ത്  ഇല്ലം കാലാന്തരത്തിൽ അഗ്നിബാധയിൽ നശിച്ച്  സന്തതി പരമ്പര അവസാനിച്ചു എന്നുമാണ്  ചരിത്രം.
ഇരാവാൻ - നെല്ലിയോട്

അഭിനയത്തേക്കാൾ വേഷത്തിന് പ്രാധാന്യമുള്ള ഒരാട്ടക്കഥയാണ് സുന്ദരീസ്വയംവരം. ശ്രീകൃഷ്ണന് സത്യഭാമയിൽ ജനിച്ച മകളാണ് സുന്ദരി. ശ്രീകൃഷ്ണന് മകളെ അർജ്ജുനപുത്രനായ അഭിമന്യുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. സത്യഭാമയുടെ ആഗ്രഹവും മറിച്ചായിരുന്നില്ല. ജ്യേഷ്ഠൻ ബലഭദ്രന്റെ ഇംഗിതമാകട്ടെ ദുര്യോധനന്റെ മകൻ ലക്ഷണനെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നും. ജ്യേഷ്ഠനെ നേരിട്ട് എതിർക്കാൻ മാർഗ്ഗമില്ലാത്തതു കൊണ്ട് സ്വയംവരം ആകട്ടെ എന്ന് നിശ്ചയിച്ചു. സ്വയംവരത്തിന് അഭിമന്യു യാത്ര പുറപ്പെട്ടു. മറ്റൊരു വഴിക്ക് ദുര്യോധനാദികളും.
ദുര്യോധനനും ഭാനുമതിയും (ഫാക്റ്റ് മോഹനൻ, കലാ. അനന്തകൃഷ്ണൻ)

പോകുന്ന വഴിക്ക് അഭിമന്യു, ഘടോൽകചന്റെ ഭ്രുത്യനായ വജ്രദംഷ്ട്രൻ എന്നൊരു രാക്ഷസനെ യുദ്ധത്തിൽ വധിച്ചു. തന്റെ സന്തത സഹചാരിയെ വധിച്ചതറിഞ്ഞ് ഘടോൽകചൻ, കാരണക്കാരനായ അഭിമന്യുവുമായി യുദ്ധം ആരംഭിച്ചു. ഒടുവിൽ ജ്യേഷ്ഠ-അനുജ പുത്രന്മാരാണെന്നു മനസ്സിലാവുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. ഘടോൽകചൻ അഭിമന്യുവിനെ മാതാവായ ഹിഡുംബിയുടെ അടുത്ത്  കൂട്ടിക്കൊണ്ടു പോയി. തനിക്കുള്ള ആഹാരവുമായി വരുന്ന മകനെ കണ്ട്  ഹിഡുംബി സന്തോഷിച്ചു. അർജ്ജുനപുത്രനാണ്  മകനോടൊപ്പമുള്ളതെന്നും ശ്രീകൃഷ്ണ പുത്രിയായ സുന്ദരിയെ പരിണയിക്കാൻ ദ്വാരകയിലേക്ക്  പോവുകയാണെന്നും ഹിഡുംബി മനസ്സിലാക്കി. ഹിഡുംബി ഘടോൽക്കചനേയും അഭിമന്യുവിന്റെ കൂടെ പറഞ്ഞയച്ചു.

നെല്ലിയോട്, കലാഭാരതി ഹരികുമാർ, മടവൂർ.
ദ്വാരകയിലേക്കുള്ള യാത്രയിൽ, വനത്തിൽ രണ്ടു മലകളിലായി പാദങ്ങൾ വെച്ച്  ആയുധം മിനുക്കുന്ന ഇരാവാനെ കണ്ടു. (ഇരാവാൻ ആയുധത്തിന്റെ ഒരു വശം മാത്രമേ മിനുക്കുകയുള്ളൂ. കളിയുടെ അന്ന്  വൈകിട്ട്  ഞങ്ങൾ - മടവൂരാശാൻ, നെല്ലിയോടാശാൻ, ഫാക്റ്റ്  മോഹനൻ, കലാഭാരതി ഹരികുമാർ, ഞാൻ  - ഒരു ചർച്ച നടത്തിയിരുന്നു. ആ വേളയിൽ നെല്ലിയോടാശാൻ പറഞ്ഞതാണ്  ഈ വിശേഷം.) തങ്ങൾക്ക്  പോകാൻ പാദങ്ങൾ മാറ്റിത്തരാൻ അവർ ആവശ്യപ്പെട്ടു. വേണമെങ്കിൽ കാലുകൾക്കിടയിൽ കൂടി പൊയ്ക്കൊള്ളാൻ ഇരാവാൻ പറഞ്ഞു. കൊപിഷ്ടരായ ഇരുവരും ഇരാവാനുമായി ഏറ്റുമുട്ടി. യുദ്ധത്തിൽ ആകെ തളർന്നു പോയ ഇരാവാൻ, തന്നോട്  യുദ്ധം ചെയ്ത വീരന്മാർ സ്വന്തം സഹോദരന്മാരാണെന്ന്  മനസ്സിലാക്കി. അർജ്ജുനന്  ഉലൂപിയിൽ ജനിച്ച മകനാണ്  ഇരാവാൻ. ദ്വാരകയിലേക്കുള്ള യാത്രയിൽ ഇരാവാനും ഒപ്പം കൂടി.
https://youtu.be/GISfsXsz62s
അവിടെ ദുര്യോധനൻ, ലക്ഷണൻ തുടങ്ങിയവരുമായി മൂന്നു പേരും ഏറ്റുമുട്ടി. ദുര്യോധനനെയും ലക്ഷണനേയും ബന്ധനത്തിലാക്കുന്നതും മറ്റും വളരെ രസകരമായ രംഗങ്ങൾ ആണ്. ആദ്യാവസാനം അരങ്ങ് കൊഴുപ്പിക്കുന്ന ഒരാട്ടക്കഥയാണിത്‌.
വജ്രദംഷ്ട്രൻ (കലാ. അഖിൽ)

ഘടോൽകചൻ, ദുര്യോധനൻ, ലക്ഷണൻ - കത്തി, അഭിമന്യു, കൃഷ്ണൻ, കർണ്ണൻ - പച്ച, ബലഭദ്രർ - പഴുപ്പ്, ഈരാവാൻ - ചുവന്ന താടി, ഹിഡുംബി - പെണ്‍കരി, വജ്രദംഷ്ട്രൻ - കറുത്ത വട്ടമുടി, കൃപർ, ഭീഷ്മർ, ദൂതൻ - മിനുക്ക്‌ അങ്ങനെ വൈവിദ്ധ്യമുള്ള വേഷങ്ങൾ ഈ കഥയുടെ സവിശേഷതയാണ്.
പണ്ട് മദ്ധ്യ തിരുവിതാംകൂറിൽ വളരെ രംഗ പ്രചാരമുള്ള കഥയായിരുന്നു ഇത്. സുന്ദരീസ്വംവരം തിരുവല്ല അമ്പലത്തിൽ
ഇങ്ങനെ വേണമായിരുന്നു വജ്രദംഷ്ട്രൻ
പതിവായിരുന്നു. ഗുരു ചെങ്ങന്നൂർ
രാമൻപിള്ള, കണ്ണഞ്ചിറ കൃഷ്ണപിള്ളയശാൻ എന്നീ ഗുരുനാഥന്മാർ ഘടോൽകചൻ കെട്ടി പെരെടുത്തിട്ടുള്ളവർ ആണ്.
ഘടോൽകചൻ, അഭിമന്യു, ദുര്യോധനൻ, ഇരാവാൻ, ഹിഡുംബി, വജ്രദംഷ്ട്രൻ, ശ്രീകൃഷ്ണൻ തുടങ്ങിയ വേഷങ്ങൾ ആദ്യസ്ഥാന വേഷക്കാർ തന്നെയാണ്  പണ്ട്  കെട്ടിവന്നിരുന്നത്.  ചമ്പക്കുളം പാച്ചുപിള്ളയുടെ ഇരാവാൻ, പന്തളം കേരളവർമ്മ, തിരുവല്ല മാധവൻപിള്ള എന്നിവരുടെ ഹിഡുംബി, ആറ്റിങ്ങൽ കൃഷ്ണപിള്ളയാശാന്റെ (തോന്നയ്ക്കൽ പീതാംബരന്റെ പിതാവ്) വജ്രദംഷ്ട്രൻ തുടങ്ങിയവരുടെ അരങ്ങ്  അതിഗംഭീരമായിരുന്നു എന്ന്  പഴയ തലമുറ പറഞ്ഞു കേട്ടിട്ടുണ്ട്. തിരുവല്ല ചെല്ലപ്പൻപിള്ളയും, തകഴി കുട്ടൻപിള്ളയുമായിരുന്നു അക്കാലത്ത്  സുന്ദരീസ്വയംവരത്തിന്  തിരുവല്ലയിൽ പാടിയിരുന്നത്. കണ്ണഞ്ചിറ കൃഷ്ണപില്ലയാശാന്റെ അഭിമന്യുവും, സഹോദരൻ കണ്ണഞ്ചിറ രാമൻപിള്ളയുടെ ഘടോൽകചനും കാണാനുള്ള ഭാഗ്യം തിരുവല്ല ഗോപിക്കുട്ടൻനായരാശാന്  കിട്ടിയിട്ടുണ്ട്.

ഘടോൽകചനും അഭിമന്യുവും (മടവൂരാശാൻ, കലാഭാരതി ഹരികുമാർ)

 മൊത്തത്തിൽ സംഗീതപരമായി വലിയ മേന്മ സുന്ദരീസ്വയംവരത്തിന്  അവകാശപ്പെടാനില്ല. എങ്കിലും അതീവ ഹൃദ്യമായ രണ്ടു മൂന്നു പദങ്ങൾ ഇതിലുണ്ട്. "വണ്ടാർകുഴലിമരെ കണ്ടാലുമാരാമം"  എന്ന തോഡിയിലുള്ള കൃഷ്ണന്റെ പദം, രുഗ്മിണിയും സത്യഭാമയും ചേർന്നുള്ള "പ്രാണനായകാ കേട്ടാലും" എന്ന പൂർവ്വികല്യാണിയിലുള്ള പദവും രചനയിലും സംഗീതത്തിലും മുന്നിട്ടു നിൽക്കുന്നതു തന്നെ. "കാമിനിമാർ മൗലിമണേ കാമരസപാത്രേ" എന്ന ദുര്യോധനന്റെ പാടിപ്പദവും കേമം തന്നെ. സംഗീതത്തേക്കാൾ രംഗങ്ങളുടെ ഭാവതീവ്രതയ്ക്കാണ്  കവി പ്രാധാന്യം കൊടുത്തിരിക്കുന്നത്  എന്ന്  തോന്നുന്നു.
http://youtu.be/7zJv4Hs6S6E
ഇക്കൊല്ലത്തെ തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവദിനമായ ഫെബ്രുവരി 26 -നു നടന്ന 2 കഥകളിൽ ഒന്ന് സുന്ദരീസ്വയംവരം ആയിരുന്നു. ഏതാണ്ടൊരു നാൽപ്പത് വർഷങ്ങൾക്കു ശേഷം തിരുവല്ലയിൽ അവതരിപ്പിച്ച  ഈ കളിയ്ക്ക് കേരളത്തിലെ ഒട്ടേറെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുകയുണ്ടായി. രാത്രി 10 മണിക്ക് കളിവിളക്ക് തെളിഞ്ഞു.പത്മഭൂഷണ്‍ മടവൂർ വാസുദേവൻ നായർ -ഘടോൽകചൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി -ഇരാവാൻ, കലാഭാരതി ഹരികുമാർ -അഭിമന്യു, കലാമണ്ഡലം ബാലകൃഷ്ണൻ - ഹിഡുംബി, കലാമണ്ഡലം അഖിൽ - വജ്രദംഷ്ട്രൻ, ചിറയിൻകീഴ്  മുരുകൻ - കൃഷ്ണൻ എന്നിവരായിരുന്നു അരങ്ങത്ത്  എത്തിയത്.
തിരുവല്ല ഗോപിക്കുട്ടൻനായർ
 തിരുവല്ല ഗോപിക്കുട്ടൻ നായർ, കലാമണ്ഡലം സുരേന്ദ്രൻ, പരിമണം മധു, മംഗലം നാരായണൻനമ്പൂതിരി എന്നിവരാണ് പാടിയത്. കുറൂർ വാസുദേവൻനമ്പൂതിരി, കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി പീതാംബരൻ, കലാഭാരതി ജയശങ്കർ, കലാമണ്ഡലം അജി കൃഷ്ണൻ, കലാമണ്ഡലം രാജേഷ്‌  എന്നിവരായിരുന്നു മേളം.
ഇന്ന് അരങ്ങിൽ വളരെ അപൂർവ്വമായ ഈ കഥ തിരുവല്ലയിലെ ശ്രീവൈഷ്ണവം കഥകളി പഠന കളരിയാണ്   അവതരിപ്പിച്ചത്. നല്ല ഒരു ആസ്വാദക വൃന്ദം കളി കാണാൻ സന്നിഹിതരായിരുന്നു.
കലാകാരന്മാരെല്ലാം മികവു പുലർത്തി എന്ന്  നിസ്സംശയം പറയാം. സ്വയംവര പന്തലിൽ വെച്ച്  ലക്ഷണനെ തൊണ്ടു മാലയും, ചിരട്ട മാലയുമൊക്കെ അണിയിച്ച്  ഘടോൽകചനും, ഇരാവാനും അപഹസിക്കുന്ന രംഗം വളരെ രസകരമായിരുന്നു.
ലക്ഷണകുമാരനെ തൊണ്ടുമാലയിട്ട്  അപഹസിക്കുന്നു

ഈ കഥകളി കാണുന്ന അരങ്ങ്  ഒരിക്കലും മുഷിയുകയില്ല. പണ്ഡിതനും പാമരനും ഒരുപോലെ ഇത്  ആസ്വദിക്കും എന്നാണ്  എന്റെ അഭിപ്രായം.
വജ്രദംഷ്ട്രന്  കറുത്ത വട്ടമുടിയാണ്  എന്ന്  പ്രത്യേകം ഞാൻ അണിയറയിൽ പറഞ്ഞിരുന്നതാണ്. മണ്ടത്തരങ്ങൾ പലതും കണ്ടിട്ടുള്ള അനുഭവം വെച്ചാണ്  ഞാനിത്  ഓർമ്മിപ്പിച്ചിരുന്നത്. പക്ഷെ തിരുവല്ലയിലെ വജ്രദംഷ്ട്രൻ വട്ടമുടിയോ, ചതുരമുടിയോ ആയിരുന്നില്ല. ആ വേഷം കണ്ടപ്പോൾ എനിക്ക്  ഓർമ്മ വന്നത്  ഗുരുദക്ഷിണയിലെ ശംഖനെയാണ്.
ആറാം ഉത്സവത്തിനു നടന്ന സുന്ദരീസ്വയംവരത്തിന്  എന്തെങ്കിലും ഒരു പോരായ്മ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 സുന്ദരീസ്വയംവരം ആട്ടക്കഥയിൽ, ഒന്നാം രംഗത്തിൽ ശ്രീകൃഷ്ണപത്നിമാർ അവതരിപ്പിക്കുന്ന ഒരു കുമ്മിയുണ്ട്.
"വല്ലവിമാരെ! ധരിച്ചീടുവിൻ
മല്ലാരിതൻ തിരുമുമ്പിലിപ്പോൾ
കല്യാണി പാടി വരാടിയും
ചൊല്ലുള്ള തൊടി തുടങ്ങി നാം മെല്ലവേ മോഡി കലർന്നുട-
നെല്ലാവരുമുല്ലാസമോടല്ലാതൊരു കില്ലെന്നിയേ,
മല്ലാക്ഷിമാർകളേ! താളഭംഗം ചെറ്റും
ഇല്ലാതെ പാടിക്കളിച്ചീടണം."
ഈ കുമ്മിയുടെ രണ്ടോ മൂന്നോ വരികളേ തിരുവല്ലയിൽ ഗോപി ചേട്ടൻ പാടിയുള്ളു. പിന്നീട്  കണ്ടപ്പോൾ കാരണം ഞാൻ അന്വേഷിച്ചിരുന്നു.
"സാഹിത്യ സുന്ദരമല്ല ഇതിന്റെ രചന. രംഗവൈചത്ര്യത്തിനാണ്  സ്ഥാനം. മിക്ക പദങ്ങളും ശ്ലോകങ്ങളും ഒഴുക്കൻ മട്ടിൽ എഴുതിയിട്ടുള്ളതാണ്. ഈ കുമ്മി തന്നെ, ഉത്തരാസ്വയംവരത്തിന്റെ അസ്സൽ അനുകരണമാണ്. രംഗ പൊലിമകൊണ്ടാണ്  ഈ കഥ പ്രസിദ്ധി നേടിയത്."
കുമ്മി ഒഴിവാക്കിയാലും സുന്ദരീസ്വയംവരം പൊടിപൊടിക്കും.
തിരുവല്ലയിൽ കളി കണ്ട എല്ലാവർക്കും അത്  ബോദ്ധ്യപ്പെട്ടു കാണും.
ഈ ആട്ടക്കഥയുടെ രചയിതാവായ കുന്നത്ത്  പോറ്റി പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി എന്നു മാത്രമേ പല രേഖകളിലും എനിക്ക്  കാണാൻ കഴിഞ്ഞിട്ടുള്ളൂ. എ.ഡി. 1775 -ൽ ആണ്  അദ്ദേഹം ജനിച്ചത്  എന്നോരറിവ്   എനിക്ക്  ലഭിച്ചിരിക്കുന്നു.