![]() |
അഴകിയ രാവണൻ - രഞ്ജിനി സുരേഷ് |
![]() |
സീത - കൊട്ടാരക്കര ഭദ്ര |
പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം. ഇത്രയുമാണ് തമ്പുരാന്റെ കൃതികൾ. യുദ്ധം എന്ന അവസാനത്തെ കഥ, കുംഭകർണ്ണവധം, രാവണവധം, പട്ടാഭിഷേകം എന്നിങ്ങനെ മൂന്നു കഥകളായാണ് തിരുവല്ലയിൽ, ശ്രീവൈഷ്ണവം കഥകളി കലാശാലയുടെ ആഭിമുഖ്യത്തിൽ, ശ്രീവല്ലഭസ്വാമി ക്ഷേത്ര സന്നിധിയിൽ സമ്പൂർണ്ണരാമായണം കഥകളി മഹോത്സവത്തിന് കളിച്ചു കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 7 -നു പുത്രകാമേഷ്ടിയോടെ, കഥകളി മഹോത്സവത്തിന് കൊടിയേറി. ആഗസ്റ്റ് 16 -നു പട്ടാഭിഷേകത്തോടെ മഹോത്സവത്തിന്റെ കൊടിയിറങ്ങും.
ആഗസ്റ്റ് 12 -നു അരങ്ങേറിയത് തോരണയുദ്ധം ആയിരുന്നു. ഇതര രാമായണം കഥകളിൽ വെച്ച് കൂടുതൽ രംഗ പ്രചാരം കിട്ടിയിട്ടുള്ളത് തോരണയുദ്ധത്തിനാണ്. ഹനുമാന്റെ വീര്യവും, ഭക്തിയും, രസികത്തവും, പ്രകടമാക്കുന്ന ആ കഥയിലെ ഏറ്റവും ആകർഷകമായ വേഷവും അതു തന്നെയാണ്. (വെള്ളത്താടി, വട്ടമുടി) അതുപോലെ തന്നെ വളരെ ശ്രദ്ധേയമായ മറ്റൊരു വേഷമാണ് രാവണൻ. (കത്തി)
![]() |
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ |
"ഇഷ്ടരായുള്ള ജനത്തെ മറക്കുന്ന
ദുഷ്ടരിൽ മുമ്പുണ്ടു സുഗ്രീവനോർക്ക നീ
കിഷ്ക്കിന്ധയോടും ബന്ധുക്കളോടും കൂടെ
മർക്കടശ്രേഷ്ഠനെ നിഗ്രഹിച്ചീടുവൻ."
കൊല്ലേണ്ട, ഒന്നു വിരട്ടിയാൽ മതിയെന്നും ശ്രീരാമൻ, ലക്ഷ്മണനോട് പറയുന്നുണ്ട്. കോപമേവം ചെയ്യാതെ അവനെ നീ ഭൂപനന്ദന, കൊണ്ടുവരേണമേ, എന്നാണ് ആട്ടക്കഥയിൽ പറയുന്നത്.
കിഷ്ക്കിന്ധയിലെത്തിയ ലക്ഷ്മണനെ ആദ്യം സാന്ത്വനപ്പെടുത്തുന്നത് താരയാണ്. പിന്നീട് സുഗ്രീവാദികൾ ശ്രീരാമ സന്നിധിയിൽ എത്തിച്ചേർന്നു. സീതാന്വേഷണത്തിന് വാനരസേനയെ നാനാ ദിക്കിലേക്കും അയച്ചു. ജാംബവാൻ, ഹനുമാൻ, അംഗദൻ എന്നിവരെ ലങ്ക ലക്ഷ്യമാക്കിയാണ് അയച്ചത്. ഹനുമാൻ സീതയെ കണ്ടെത്തുമെന്ന് ശ്രീരാമദേവന് ഉറപ്പുണ്ടായിരുന്നിരിക്കണം. അതല്ലെങ്കിൽ അംഗുലീയം അടയാളമായി
![]() |
സീതയെ പ്രലോഭിപ്പിക്കുവാൻ ശ്രമിക്കുന്ന രാവണൻ |
അവർ പോകുന്ന മാർഗ്ഗമദ്ധ്യേ ജടായുവിന്റെ സഹോദരൻ സമ്പാതിയെ കണ്ടു മുട്ടി. സമ്പാതിയിൽ നിന്ന് സീത ഇരിക്കുന്ന സ്ഥലം മനസ്സിലാക്കി. ഹനുമാൻ കടൽ ചാടി കടന്ന് ലങ്കയിലെത്തി. ഗോപുരവാതിൽക്കൽ ലങ്കാലക്ഷ്മി ഹനുമാനെ തടഞ്ഞു. മാരുതി പുത്രന്റെ പ്രഹരമേറ്റതോടെ അവൾക്ക് ശാപമോക്ഷം ലഭിച്ചു.
കാമപരവശനായ രാവണൻ സീതയോട് പ്രണയാഭ്യർത്ഥന നടത്താൻ എഴുന്നെള്ളുന്നതാണ് അടുത്ത രംഗം. പ്രധാനപ്പെട്ട കത്തിവേഷങ്ങളിൽ ഒന്നാണ് തോരണയുദ്ധത്തിലെ രാവണൻ. പച്ചയേക്കാൾ ഗാംഭീര്യവും, ആകർഷകവുമായ വേഷമാണ് കത്തി. ദുര്യോധനൻ, തെക്കൻ ജരാസന്ധൻ, ചെറിയ നരകാസുരൻ, കീചകൻ, ബാണൻ, കംസൻ എന്നീ ആദ്യസ്ഥാന വേഷങ്ങൾ കത്തിയാണ്. കത്തിവേഷത്തിന്റെ പുറപ്പാട് അതിഗംഭീരമായ ഒരു ചടങ്ങാണ്. മേൽക്കട്ടി, ആലവട്ടം, ശംഖ് തുടങ്ങിയവയോടു കൂടിയാണ് ഈ രംഗപ്രവേശം. എന്നാൽ തോരണയുദ്ധം രാവണനു തിരനോക്കില്ല. ഈ കഥയിലെ രാവണൻ അഴകിയ രാവണൻ എന്നാണറിയപ്പെടുന്നത്. സീതയെ വശപ്പെടുത്തുവാൻ സർവ്വ അടയാഭരണങ്ങളോടും കൂടിയുള്ള ആർഭാടമായ പ്രവേശനമാണ് ഇതിലുള്ളത്. വി.കെ.എന്നിന്റെ ഒരു പ്രയോഗം കടമെടുത്താൽ, ഗോമേദകം മുതൽ ഗോമൂത്രം വരെ പൂശിയാണ് വരവ്. മേൽക്കട്ടി, ആലവട്ടം, മൂന്നു കിരീടം എന്നിവയോടുകൂടി, ശംഖൊലിയുടേയും, വലന്തലയുടേയും പാശ്ചാത്തലത്തിലുള്ള ഈ രംഗം ഒരു സ്ത്രീലമ്പടന്റെ എല്ലാ കാമചേഷ്ടകളും അടങ്ങിയിട്ടുള്ളതാണ്. ഏതൊരു ആദ്യാവസക്കാരനായ കത്തിവേഷക്കാരനും മോഹിക്കുന്ന വേഷമാണ് അഴകുരാവണൻ. അത്രയ്ക്ക് ഗാംഭീര്യവും രാജകീയവുമാണ് ആ വേഷം.
വിലപിടിപ്പുള്ള ഒട്ടനവധി സമ്മാനങ്ങൾ സീതയുടെ കാൽക്കൽ സമർപ്പിച്ചെങ്കിലും രാവണന്റെ ഇംഗിതം സഫലമായില്ല. കോപം കൊണ്ടു വിറച്ച രാവണൻ ചന്ദ്രഹാസമെടുത്ത് സീതയെ വെട്ടാനൊരുങ്ങി. മണ്ഡോദരി അതിൽ നിന്നു പിന്തിരിപ്പിച്ചു. ശിംശിപാ വൃക്ഷത്തിലിരുന്നു ഹനുമാൻ ഈ രംഗങ്ങളെല്ലാം കാണുന്നുണ്ടായിരുന്നു.
![]() |
കുത്ര മമ ചന്ദ്രഹാസം അത്ര സീതേ... |
കലാമണ്ഡലം ബാലസുബ്രഹ്മണ്യനാശാൻ ആയിരുന്നു ഹനുമാന്റെ വേഷം കെട്ടിയത്. കല്യാണസൗഗന്ധികം, ലവണാസുരവധം എന്നീ കഥകളിൽ നിന്ന് വളരെ വ്യത്യസ്തനായ ഹനുമാനാണ് തോരണയുദ്ധം ഹനുമാൻ. വീരമാണ് സ്ഥായിയായ രസം. അത്യകർഷകമായിരുന്നു സുബ്രഹ്മണ്യനാശാന്റെ ഹനുമാൻ.
തോരണയുദ്ധത്തിന്റെ കാര്യം ചർച്ചയ്ക്കു വന്നപ്പോൾ, അരുവേണം ഹനുമാൻ എന്ന കാര്യത്തിൽ എകാഭിപ്രയമായിരുനു. ബാലസുബ്രഹ്മണ്യനാശാൻ. ആരായിരിക്കണം രാവണൻ? മടവൂരാശാൻ, ഇഞ്ചക്കാടാശാൻ, ചന്ദ്രശേഖര വാര്യർ, മോഹനൻ, കൃഷ്ണകുമാർ, ശ്രീകുമാർ, രവികുമാർ.... ഇങ്ങനെ പല പേരുകൾ പൊന്തിവന്നു.
രഞ്ജിനിയുടെ പേര് ഞാനാണ് ശുപാർശ ചെയ്തത്. അതംഗീകരിക്കുകയും ചെയ്തു. 'രവിയേട്ടാ, ഞാൻ ആ വേഷം ഇത്വരെ കെട്ടിയിട്ടില്ല." ഫോണിൽ വിളിച്ചപ്പോൾ രഞ്ജിനി ആശങ്കപ്പെട്ടിരുന്നു.
തിരുവല്ലയിൽ അഴകിയ രാവണൻ കണ്ടുകഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്കു ബോദ്ധ്യമായി.
രഞ്ജിനി ശരിക്ക് ഗൃഹപാഠം ചെയ്തിരിക്കുന്നു.
നിന്നുടെ അടിമലരിൽ അടിമപ്പെടുന്നേൻ ധന്യശീലേ എന്നു പറയുമ്പോഴും, കുത്ര മമ ചന്ദ്രഹാസം അത്ര സീതേ നിന്നെ കൃത്തയാക്കി ചെയ്യുന്നുണ്ടൊരത്തൽ കൂടാതെ എന്ന ഭാഗവും അഭിനയ വൈദഗ്ദ്ധ്യമുല്ല ഒരു നടനു മാത്രമേ വൈചിത്ര്യത്തോടും, വികാരതീവ്രതയോടും അവതരിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ രഞ്ജിനി പരിപൂർണ്ണ വിജയമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല.