Wednesday, September 11, 2013

നരകാസുരവധം കഥകളിയിലെ നിണം : പി.രവീന്ദ്രനാഥ്




നരകാസുരവധം  കഥകളിയിലെ  നിണം : പി.രവീന്ദ്രനാഥ്

( കാർത്തികതിരുനാൾ  - കൊ.വ.  899 - 973 )


രാജ്യഭരണത്തിലും  കലോപാസനയിലും  ഒരുപോലെ  ശോഭിച്ച  കവിയായിരുന്നു  കാർത്തികതിരുനാൾ  രാമവർമ്മ.  ധർമ്മരാജാവ്   എന്ന്    പ്രസിദ്ധനായിത്തീർന്ന  അദ്ദേഹത്തിന്    സംസ്കൃതം,  പേർഷ്യൻ,  ഹിന്ദി,  തമിഴ്,   പോർച്ചുഗീസ്,   ഇംഗ്ലീഷ്   എന്നീ  ഭാഷകളിൽ  പാണ്ഡിത്യം   ഉണ്ടായിരുന്നു.  കുഞ്ചൻനമ്പ്യാർ,  ഉണ്ണായിവാര്യർ,  കിളിമാനൂർ  തമ്പുരാൻ,  പുതിയിക്കൽ  തമ്പാൻ,  മാണ്ഡവപ്പള്ളി  ഇട്ടിരാരിച്ചമേനോൻ  തുടങ്ങിയ  പണ്ഡിതവരേണ്യന്മാർ   അദ്ദേഹത്തിന്റെ  വിദ്വൽ  സദസ്സിലെ  അംഗങ്ങൾ  ആയിരുന്നു.

നരകാസുരവധത്തിന്റെ  അന്ത്യഭാഗം  അദ്ദേഹത്തിന്റെ  അനന്തിരവനായ  അശ്വതിതിരുനാളാണ്   രചിച്ചിട്ടുള്ളത്   എന്ന്  പറയപ്പെടുന്നു.  "അർണ്ണോജാക്ഷികളെ  ഹരിച്ചോരുനിൻ"  എന്ന  പദത്തിന്റെ  പകുതിയെഴുതി  ഓല  മേശപ്പുറത്തു  വെച്ചിട്ട്  അദ്ദേഹം  നീരാട്ടിനു  പോയി.  അമ്മാവന്റെ  അപൂർണ്ണ  ശ്ലോകം  കണ്ട  അശ്വതി,  "നിർണ്ണയമതിനുണ്ടു  കരാളെ"  എന്ന്  പൂരിപ്പിച്ച്  ആ  പദം   അവസാനിപ്പിച്ചു.  മാതുലന്  അത്  നന്നേ  ബോധിച്ചു  എന്നുമാണ്  കഥ.
കത്തി 


പാടിപ്പദത്തോടുകൂടിയ  കത്തിവേഷത്തിന്റെ  പ്രവേശം  അദ്ദേഹത്തിന്റെ  കഥകളോട്   കൂടിയാണ്  ആരംഭിച്ചത്.  സാഹിത്യപരമായി  നോക്കിയാൽ   ഉന്നതനിലവാരം  പുലർത്തുന്നതാണ്   തമ്പുരാന്റെ  ശ്ലോകങ്ങളും  പദങ്ങളും.  നക്രതുണ്ഡി,  ലളിത  രൂപത്തിൽ  വരുമ്പോഴുള്ള  വർണ്ണന  തന്നെ  ഉദാഹരണം.  "ഇത്ഥം  നിശ്ചിത്യഹൃത്വാ  ത്രിദശപുര  വധൂരുദ്ധതം  പ്രസ്ഥിതാസാ"  എന്നു   തുടങ്ങുന്ന  ശ്ലോകവും  "പുരികുഴലിൽ  നറുമലർ  ചൂടിയും  ബാലാ,  സരസത  ഗാനം  ചെയ്തു  സരസനൃത്തമാടിയും"  എന്നു  തുടങ്ങുന്ന  പദവും  എത്രത്തോളം  ആസ്വാദ്യകരമായിട്ടാണ്  അനുഭവപ്പെടുന്നത്.


കഥാസാരം

വരാഹാവതാരം  എടുത്ത  മഹാവിഷ്ണുവിന്   ഭൂമിദേവിയിലുണ്ടായ  പുത്രനാണ്,  പ്രാഗ് ജോതിഷത്തിലെ രാജാവായ  നരകാസുരൻ.  പർവതം,  വായു,  അഗ്നി  തുടങ്ങിയവയാൽ  സരക്ഷിക്കപ്പെട്ടയിടമാണ്   പ്രാഗ് ജോതിഷം.  അഞ്ചു  തലയുള്ള  ഒരസുരനാണ്  നരകാസുരന്റെ  കോട്ടക്ക്   കാവൽ  നില്ക്കുന്നത്.

ഭ്രുത്യയായ  നക്രതുണ്ഡിയെ  ദേവസ്ത്രീകളെ  അപഹരിച്ചു  കൊണ്ടുവരാൻ  നിയോഗിച്ചു.  അവരുമായി  വരുന്ന  വഴി  ദേവേന്ദ്രന്റെ  പുത്രനായ  ജയന്തനെ  കണ്ട്,  പ്രേമവിവശയായി,  സുന്ദരീരൂപം  പൂണ്ട്,  പ്രണയാഭ്യർത്ഥന  നടത്തി.  കുപിതനായ  ജയന്തൻ  നക്രതുണ്ഡിയുടെ  മൂക്കും  മുലയും  അരിഞ്ഞു  കളഞ്ഞു.  അലറിക്കരഞ്ഞു  കൊണ്ട്  അവൾ  നരകാസുരസന്നിധിയിലേക്ക്  ഓടിപ്പോയി.
ചുവന്നതാടി 


സംഭവം  അറിഞ്ഞ്   നരകാസുരൻ  സ്വർഗത്തിൽ  എത്തി  ഇന്ദ്രനെ  പോരിന്  വിളിച്ചു.  ഇന്ദ്രൻ  പേടിച്ചോടിപ്പോയി.  ഇന്ദ്രന്റെ  മാതാവ്  അദിതിയുടെ  കുണ്ഡലം  ഉൾപ്പടെ  കവർന്നെടുത്തുകൊണ്ട്   അയാൾ  മടങ്ങി. ഇന്ദ്രൻ  ശ്രീകൃഷ്ണനോട്‌   സഹായം  അഭ്യർഥിച്ചു.  കൃഷ്ണൻ  സത്യഭാമയോടുകൂടി  ഗരുഡന്റെ  പുറത്തേറി  ജോതിഷത്തിലെത്തി  നരകാസുരവധം  നടത്തുകയും,  അയാളുടെ  പുത്രനായ  ഭഗദത്തനെ   രാജാവായി  അഭിഷേകം  നടത്തുകയും  ചെയ്തു.

ഈ  കഥയിൽ  നരകാസുരന് ,  ചെറിയ  നരകാസുരൻ,  വലിയ  നരകാസുരൻ  എന്നീ  രണ്ടു   വേഷങ്ങളുണ്ട്.  ചെറിയ  നരകാസുരൻ  കത്തിയും,  വലിയ  നരകാസുരൻ   ചുവന്നതാടിയും  ആണ്.

കഥാപാത്രങ്ങൾ


ദേവസ്ത്രീകൾ
ലളിത
പത്നി
സത്യഭാമ  - സ്ത്രീ  മിനുക്ക്‌
ചെറിയ നരകാസുരൻ  -  കത്തി
വലിയ നരകാസുരൻ  -  ചുവന്നതാടി
ശ്രീകൃഷ്ണൻ
ഇന്ദ്രൻ
ജയന്തൻ  -  പച്ച
നക്രതുണ്ഡി  - പെണ്‍ കരി
നിണം  -  പ്രാകൃത ബീഭത്സം
ഭീരു  -  ഒരു പ്രത്യേക തരം  ഹാസ്യ  വേഷം.


നിണം

നരകാസുരന്റെ  സമീപത്തേക്ക്  അലറിക്കരഞ്ഞുകൊണ്ട്  വരുന്ന  രംഗം  മുതലാണ്‌  നിണം  പ്രത്യക്ഷപ്പെടുന്നത്.  ഉണക്കലരിയും  മഞ്ഞളും  അരച്ച്  ചുണ്ണാമ്പ്  ചേർത്ത്   വെള്ളത്തിൽ  കലക്കിയാണ്   നിണച്ചാന്ത്‌   ഉണ്ടാക്കുന്നത്.  കച്ചയും  മറ്റും  ഈ  നിണത്തിൽ  മുക്കിയാണ്  ധരിക്കുന്നത്.  കുരുത്തോലയുടെ  ഈർക്കിൽ  തുടലുപോലെ  ഇണക്കികെട്ടി  നിണത്തിൽ  മുക്കി ധരിച്ചാൽ,  മുറിഞ്ഞു  തൂങ്ങിക്കിടക്കുന്ന  മാംസക്കഷ് ണങ്ങളാണ്  എന്നു   തോന്നും.  ഇളംകരിക്കിന്റെ  കാമ്പ്  നിണത്തിൽ  മുക്കി  ശരീരത്തിന്റെ  പലഭാഗങ്ങളിൽ  ഒട്ടിച്ചുവെക്കും.  ഇതുകണ്ടാൽ,  മൂക്കും  മുലയും  മുറിഞ്ഞ്‌,  ഞരമ്പും  കുടലുമൊക്കെ   വെളിയിൽ   ചാടിയിരിക്കുന്നത്‌   പോലിരിക്കും.  ഭയവും  വെറുപ്പുമുണ്ടാക്കുന്ന  ആഹാര്യാഭിനയമാണിത്.  അരങ്ങിൽ  ഇരിക്കുന്നവരുടെ  ഇടയിൽക്കൂടിയാണ്   നിണത്തിന്റെ  അതിഭീകരമായ  അലർച്ചയോടുകൂടിയുള്ള  രംഗ  പ്രവേശം.  നിണം  താങ്ങാൻ  രണ്ടു  സഹായികൾ  ഉണ്ടാവും.  അവരും  അയ്യോ, അയ്യോ  എന്ന്   അലറിക്കരഞ്ഞുകൊണ്ടിരിക്കും.
നിണം 


കൂടിയാട്ടത്തിൽ  നിന്ന്  കടം  കൊണ്ടിട്ടുള്ളതാണ്   നിണം.

ചിക്കൻ  ചില്ലിയുണ്ടാക്കുന്ന  ചുവന്ന  കോഴിക്കളർ  ഉപയോഗിച്ചാണ്  ഇപ്പോൾ  നിണച്ചാന്ത്   ഉണ്ടാക്കുന്നത്.  ഇത്  പലവിധത്തിലുള്ള  ആരോഗ്യ  പ്രശ്നങ്ങളും  ഉണ്ടാക്കുന്നുണ്ട്.  കലാമണ്ഡലം  രാമചന്ദ്രൻ ഉണ്ണിത്താൻ,  ഒട്ടും  അപകടകാരിയല്ലാത്ത  നിണം  രൂപപ്പെടുത്തിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ  ഒരു  ലേഖനത്തിൽ  വായിച്ചതാണ്.



പെണ്‍കരി 






Tuesday, September 3, 2013

പോറ്റിസാറിന്റെ കെ.പി.എ.സി. യും ശൂദ്രകന്റെ മൃച്ഛകടികവും : പി. രവീന്ദ്രനാഥ്

                                                                                                                                                      


                       
കെ.പി.എ.സി.   എന്ന   നാടക  പ്രസ്ഥാനത്തിന്    ഈടുറ്റ   സംഭാവനകൾ   നൽകുകയും   നാൽപ്പതിലധികം   വർഷക്കാലത്തെ   പ്രവർത്തനം   കൊണ്ട്    സാഹിത്യ  -  സാംസ്കാരിക  രംഗത്തെ   സമ്പുഷ്ടമാക്കുകയും   ചെയ്ത   ഒരു   മനുഷ്യ  സ് നേഹിയുടെ  ജീവചരിത്രം,  അർഹമായ  വിധത്തിൽ  ഇതേവരെ   വിലയിരുത്തപ്പെട്ടിട്ടില്ല.   ധാരാളം  എഴുതുകയും   പ്രസംഗിക്കുകയും  ചെയ്യാറുള്ള   "സാംസ്കാരിക  നായകന്മാരുടെ"   ആസ്വാദനക്ഷമതയുടെ  പോരായ്മയാണോ,   അവരുടെ  പളപളപ്പുള്ള   സങ്കൽപ്പങ്ങളിൽ  അദ്ദേഹത്തിന്    ഇടം  കിട്ടാതിരുന്നത്    കൊണ്ടാണോ  എന്തോ,  അദ്ദേഹം  തീർത്തും അവഗണിക്കപ്പെട്ടു.



ഏതൊരു   കാര്യത്തിനും   ശുപാർശ   ചെയ്യിക്കാൻ,   ഉമ്മൻ ചാണ്ടിയെ   സമീപിക്കാനുള്ള   സ്വാതന്ത്ര്യം   പുതുപ്പള്ളിക്കാർക്കുണ്ട്.   ഒരു   പുതുപ്പള്ളിക്കാരൻ   അമേരിക്കൻ   മലയാളിക്ക്,   പ്രസിഡന്റായിരുന്ന  ബിൽ  ക്ലിന്റണ്   നൽകാൻ,   My dear Bill,  എന്ന്   സംബോധന  ചെയ്തുകൊണ്ട്   കത്തെഴുതിയിട്ടുള്ളതായി വരെ   കഥകളുണ്ട്.






ഉമ്മൻ  ചാണ്ടിയുടെ   ഈ  സഹകരണ   മനോഭാവം   പുതുപ്പള്ളിയിൽ   മാത്രം  ഒതുങ്ങി  നിൽക്കുന്നതാണ്.   മറ്റു  പ്രദേശങ്ങളിൽ   ഉള്ളവർക്ക്    ശുപാർശിക്കേണ്ടി   വരുമ്പോൾ,   സന്ദർഭത്തിന്റെ   ഗൌരവം   അനുസരിച്ച്    എഴുത്തു   മഷിയുടെ   നിറങ്ങൾ   വ്യത്യസ്തപ്പെട്ടിരിക്കുമത്രേ.



ഈ   പരോപകാരപ്രദമായ   സ്വഭാവവിശേഷം   അഖില  കേരളാടിസ്ഥാനത്തിൽത്തന്നെ   വ്യാപകമാക്കിയിരുന്ന   ഒരു  മഹത്തായ സഹകരണ  പ്രസ്ഥാനം  മദ്ധ്യ  തിരുവിതാംകൂറിൽ   ജീവിച്ചിരുന്നു.  കെ.  കേശവൻപോറ്റിയെന്നാണ്‌    പേര്.   പോറ്റിസാർ   എന്ന്   പറഞ്ഞാലേ  ഫോർ  പീപ്പിൾസ്    അറിയൂ.



പോറ്റിസാറിനെക്കുറിച്ച്    ഓർക്കുമ്പോഴൊക്കെ,  അദ്ദേഹത്തെ   പരിചയപ്പെടുകയും   അടുത്തറിയുകയും   ചെയ്തിട്ടുള്ള   സാധാരണക്കാർ,   എന്റെ   പോറ്റിസാർ,   എന്നാണ്    പറഞ്ഞുവന്നിരുന്നത്.   തങ്ങളുടെ   സുഖ  ദു:ഖങ്ങളിൽ   തെല്ലും  വേർതിരിവില്ലാതെ  പങ്കുകൊണ്ടിരുന്ന  ആ സ് നേഹസമ്പന്നനെ   അങ്ങനെയല്ലാതെ,  എങ്ങനെയാണ്  അവർക്ക്    വിശേഷിപ്പിക്കുവാൻ   കഴിയുക.   അവർക്ക്    അവരിൽ  നിന്ന്    അകന്നുനിൽക്കുന്ന   ഒരു   രൂപമായി  പോറ്റിസാറിനെ   സങ്കൽപ്പിക്കാൻകൂടി   കഴിയുകയില്ല.



സ്വദേശം   കാർത്തികപ്പള്ളി   താലൂക്കിലെ  കീരിക്കാട്.   കഥകളി    ആചാര്യനായിരുന്ന  മാങ്കുളം  വിഷ്ണുനമ്പൂതിരിയുടെ  അയൽപ്പക്കത്തായിരുന്നു   പോറ്റിസാറിന്റേയും  മഠം.   സാമാന്യം  സമ്പന്നമായ  കുടുംബം.   ചെറുപ്പകാലത്തെങ്ങാനും   മഠത്തിൽ  കഴിഞ്ഞിട്ടുണ്ടെന്നല്ലാതെ   ശിഷ്ടകാലമാത്രയും  വസിച്ചിരുന്നത്    കായംകുളത്തെ  കുട്ടൻപിള്ളച്ചേട്ടന്റെ   ഭഗവതി  വിലാസം  ഹോട്ടലിലെ   ഒന്നാം   നമ്പർ   മുറിയിലോ,   കെ.പി.എ.സി.   തരപ്പെടുത്തിക്കൊടുത്തിരുന്ന  അവരുടെ   ആസ്ഥാനത്തെ   മുറിയിലോ   ആയിരുന്നു.



ശുപാർശ   പ്രാർത്ഥികളായി   വരുന്ന   ബഹുജനങ്ങളുടെ   സൗകര്യം   പ്രമാണിച്ചാണ്    ഭഗവതിവിലാസവാസം.   ഒരു  പ്രത്യേക  വകുപ്പിലോ,   വ്യക്തികളിലോ   ഒതുങ്ങി  നിൽക്കുന്നതായിരുന്നില്ല   അദ്ദേഹത്തിന്റെ   ശുപാർശാ   മണ്ഡലത്തിന്റെ   വ്യാപ്തി.   വില്ലേജ്   ഓഫീസ്   മുതൽ   സെക്രട്ടറിയറ്റിൽ   ചീഫ്    സെക്രട്ടറിയുടെ   ഓഫീസ്   വരെ.   ലോക്കൽ   പോലീസ്   സ് റ്റേഷൻ   മുതൽ  ഐ.ജി. യുടെ  ഓഫീസ്   വരെ.   പഞ്ചായത്ത്   പ്രസിഡന്റു   മുതൽ   മുഖ്യമന്ത്രി   വരെ.  ശുപാർശ   നടത്തുന്നതിന്    എന്തെങ്കിലും   പ്രതിഫലം   അറിഞ്ഞോ  അറിയാതെയോ   അദ്ദേഹം  വാങ്ങിയ  ചരിത്രം  ഇല്ല.   പലപ്പോഴും  സ്വന്തം  പോക്കറ്റിൽ   നിന്നുതന്നെയായിരിക്കും   ചെലവു  വഹിക്കുക.



1970 കളിലാണ്.   ഞങ്ങളുടെ   ക്ലബ്ബിന്റെ   -  പമ്പാ   ആർട് സ്    ക്ലബ്ബ്  -   വാർഷികത്തിന്    ഒരു   സുവനീർ   പ്രസിദ്ധീകരിക്കാൻ   തീരുമാനിച്ചു.   പരസ്യം   പിടിക്കുന്നതിന്റെ   ചുമതല   രണ്ടു  വിജയന്മാർക്കും   എനിക്കും  ആയിരുന്നു.   (  എസ്. വിജയകുമാർ - റിട്ട. എസ്.പി.  സി.ബി.ഐ.   കെ.പി. വിജയകുമാർ - അബൂദാബിയിൽ  ബാങ്ക്  ഉദ്യോഗസ്ഥൻ )   പരസ്യ   സമ്പാദനത്തിനായി   കറ്റാനത്തുള്ള   ' അസാധുവിന്റെ '   ആഫീസ്സിൽ  എത്തി.    തേടിയ   വള്ളി   കാലിൽ.....പോറ്റിസാർ   യേശുദാസനുമായി   കുശലം  പറഞ്ഞിരിക്കുന്നു.



വിവരം   പറഞ്ഞപ്പോൾ    ശങ്കയേതുമില്ലാതെ   ഞങ്ങളോടൊപ്പം   കായംകുളത്തിന്    വന്നു.   ഭാഗവതിവിലാസം,   മോഹൻസ്   ഐ.ടി.ഐ.,  ബസ്സ്‌  സർവ്വീസുകാരായ   കെ.സി.ടി.,  നെൽസണ്‍ ,  എസ്.പി.എം.എസ്.,   അതും  പോരാഞ്ഞിട്ട്   ഒരു   സിനിമാ  തീയേറ്ററിന്റെ   പരസ്യവും ശരിപ്പെടുത്തി  തന്നു.   കായംകുളത്തുള്ള   ഒരു   ബി  ക്ലാസ്   തീയേറ്ററിന്റെ  പരസ്യം   തിരുവല്ലയിലുള്ള   ഒരു   ക്ലബ്ബിന്റെ  സ്മരണികയിൽ   പ്രസിദ്ധീകരിച്ചതിന്റെ   രസതന്ത്രം  എനിക്കിന്നും   അജ്ഞാതമാണ്.   ഒരു  പരസ്യ  കമ്പനി  നടത്തുന്ന   എന്റെ  അനുജൻ   രാജനും  തത്ര  തന്നെ.



പോറ്റിസാറിനോടുള്ള   ബഹുമാനവും,   പുരുഷോത്തമൻപിള്ളയുടെ  മകൻ  എന്ന  എന്നോടുള്ള   പരിഗണനയും   കൊണ്ടു   മാത്രമായിരിക്കണം,  പൊട്ടക്കനേത്തെ  പത്മനാഭപിള്ളച്ചേട്ടൻ  പരസ്യം  തന്ന്    സഹായിച്ചത്.



അച്ഛനും  പത്മനാഭപിള്ളച്ചേട്ടനും  വലിയ  ഇഷ്ടക്കാരായിരുന്നു.   70 ലെ  തെരഞ്ഞെടുപ്പിൽ   അദ്ദേഹത്തിന്    വളരെ  അടുപ്പമുള്ള   മൂന്നുപേർ   സ്ഥാനാർഥികളായിരുന്നു.   കായംകുളത്ത്   തുണ്ടത്തിൽ  കുഞ്ഞുകൃഷ്ണപിള്ള,   കൃഷ്ണപുരത്ത്   ( ഇന്നത്തെ  കരുനാഗപ്പള്ളി )  പി. ഉണ്ണികൃഷ്ണപിള്ള,  ചെങ്ങന്നൂരിൽ   അച്ഛൻ.  ( പി.ജി. പുരുഷോത്തമൻ പിള്ള )  പൊട്ടക്കനേത്ത് കാർക്ക്    ഒരു  പ്രസ്സുണ്ട്.  പത്മനാഭപിള്ളച്ചേട്ടൻ   ഇഷ്ടതോഴർക്ക്    തെരഞ്ഞെടുപ്പ്   പോസ്റ്റർ   അടിച്ച്   സംഭാവന  ചെയ്തു.   മൂന്നു  സ്ഥാനാർഥികകളുടേയും    സ്ഥിതി  വിവരങ്ങളും  ചിഹ്നങ്ങളും  രേഖപ്പെടുത്തിക്കൊണ്ടുള്ള   ഒരപൂർവ്വയിനം  പോസ്റ്റർ.


  

കായംകുളം   നിയോജകമണ്ഡലത്തിൽ   നിന്ന്  മത്സരിക്കുന്ന  ശ്രീ  തുണ്ടത്തിൽ  കുഞ്ഞുകൃഷ്ണ  പിള്ളക്ക്   തെങ്ങ്   അടയാളത്തിലും,  കൃഷ്ണപുരത്തെ  സി.പി.ഐ.  സ്ഥാനാർഥി  ശ്രീ പി. ഉണ്ണികൃഷ്ണ പിള്ളക്ക്   നെൽക്കതിർ  അരിവാൾ  ചിഹ്നത്തിലും,   ചെങ്ങന്നൂരിലെ  സി.പി.ഐ. (എം)  സ്ഥാനാർഥി   ശ്രീ പി.ജി. പുരുഷോത്തമൻപിള്ളക്ക്   ചുറ്റിക  അരിവാൾ  നക്ഷത്രം  ചിഹ്നത്തിലും  വോട്ടു  രേഖപ്പെടുത്തി   വിജയിപ്പിക്കുക.  അതാണ്‌  പൊട്ടക്കനേത്ത്   പത്മനാഭപിള്ളച്ചേട്ടൻ.


ഒരിക്കൽ   വിദ്യുച്ഛക്തി   വകുപ്പിലെ   ഒരു   താല്ക്കാലിക  ജീവനക്കാരന്റെ,   എന്തോ   ഒരു  പ്രശ്നവുമായി  മന്ത്രി   എമ്മെനെ   കാണാൻ   പട്ടത്തുള്ള   വസതിയിൽ   ചെന്നത്,   സ്വന്തം  കാശു ചെലവാക്കി   ഒരുകൂട   നല്ലയിനം  നീലം   മാമ്പഴവും  കൊണ്ടാണ്.   എമ്മെനെ   പ്രസാദിപ്പിച്ച്   കാര്യം  കാണാനായിരുന്നില്ല  മാമ്പഴ  സമ്മാനം.   തമ്പാനൂരിൽ   വന്നിറങ്ങിയപ്പോൾ   നല്ല  പഴുത്ത  മാങ്ങാ കണ്ടു.   എമ്മെനെ   കാണാൻ   പോവുകയല്ലേ,   കക്ഷിക്ക്  ( പോറ്റി  സാറിന്   എല്ലാവരും   കക്ഷികളാണ്  )  പഴുത്തമാങ്ങാ  വലിയ  ഇഷ്ടവും.  പോക്കറ്റിൽ  തപ്പി  നോക്കി.   കാശ്   തികയും.  ഇരിക്കട്ടെ  ഒരു  കുട്ട  മാങ്ങാ.  അത്രേയുള്ളൂ  ചിന്താഗതി.  മഹാപണ്ഡിതനായിരുന്നു  പോറ്റി  സാർ. സംസ്കൃതം  മുൻഷി  പരീക്ഷ  പാസായിട്ടുണ്ട് .   കുറച്ചുകാലം  കീരിയ്കാട്ടോ  പുല്ലുകുളങ്ങരയിലോ  ഉള്ള  സ്‌കൂളിൽ   അദ്ധ്യാപകനായിരുന്നിട്ടുണ്ട് .   ഒരിടത്ത്   അടങ്ങിയിരുന്ന്   പണിയെടുക്കുന്ന  സ്വഭാവം  അദ്ദേഹത്തിന്   അന്യമാണ്.   പോറ്റിസാർ   എന്ന  വിളിപ്പേര്   സമ്പാദിക്കാൻ   കഴിഞ്ഞു    എന്നൊരു  എന്നൊരു   നേട്ടമേ   അദ്ധ്യാപനവൃത്തി  കൊണ്ട്    നേടാൻ   കഴിഞ്ഞിട്ടുള്ളൂ  എന്നാണ്    ചരിത്രരേഖ.




എം.എൻ.ഗോവിന്ദൻ നായർ 

കമ്മ്യൂണിസ്റ്റ്    പാർട്ടിയുടെ  നേതൃനിരയിലൊന്നും  പോറ്റി  സാറിന്    സ്ഥാനം  കിട്ടിയിട്ടില്ല . പക്ഷേ   മദ്ധ്യ  തിരുവിതാംകൂറിലെ   പാർട്ടിയുടെ   ജീവാത്മാവും പരമാത്മാവുമായിരുന്നു  അദ്ദേഹം . ഒളിവിലുള്ള  നേതാക്കന്മാർക്ക്   സുരക്ഷിതമായ   ഷെൽറ്റർ   ഒരുക്കുന്നതിൽ  സമർത്ഥനായിരുന്നു  അദ്ദേഹം.   പലപ്പോഴും   ഈ  താവളങ്ങൾ  കമ്മ്യൂണിസ്റ്റ്    വിരുദ്ധരുടെയോ,   ശത്രുക്കളുടെ  തന്നെയോ  ഭവനങ്ങളായിരിക്കും.   അതായിരുന്നു  അദ്ദേഹത്തിന്റെ   സാമൂഹ്യബന്ധം.



എമ്മെൻ   നാഗർകോവ്   ടി.ബി.  സാനിട്ടോറിയത്തിൽ   നിന്ന്    തടവുചാടി.   സഖാവിന്   സുരക്ഷിതമായ   ഒരു  താവളം  വേണം.  തിരുവിതാംകൂർ   സർക്കാർ   5000 രൂപ  തലക്ക്   വിലയിട്ടിരിക്കുകയാണ്.   എമ്മെനോടുള്ള  സ് നേഹ  ബഹുമാനങ്ങൾ  കാരണം,  തല  കൊടുത്താലും  മതി  എന്നൊരുത്തരവ്   സർ  സി.പി.  ഇറക്കിയിരുന്നു.  അദ്ദേഹത്തെ   ഒരുമാസക്കാലം  പോറ്റിസാർ   ഒളിവിൽ  പാർപ്പിച്ചത്‌   പല്ലാരിമംഗലത്തെ  ഒരു  ജന്മിയായിരുന്ന  കവി  വരിക്കോലിൽ   കേശവനുണ്ണിത്താന്റെ   ഭവനത്തിൽ  ആയിരുന്നു.


അവിടെ  ഒളിവിൽ  ഇരുന്നുകൊണ്ടാണ്   ദ്വയാംഗ  മണ്ഡലം  ആയിരുന്ന ഭരണിക്കാവിൽ   നിന്ന്  മത്സരിച്ചതും,  സർവ്വകാല  റിക്കാർഡ്   ഭൂരിപക്ഷത്തിൽ  വിജയിച്ചതും.  സംവരണ  സീറ്റിൽ  നിന്ന്  ജയിച്ചതും  കമ്മ്യൂണിസ്റ്റ്  സ്ഥാനാർഥി   തന്നെയായിരുന്നു  സ. കുട്ടപ്പൻ  കോയിക്കൽ.   തെരഞ്ഞെടുപ്പിൽ  ജയിച്ചു  കഴിഞ്ഞാണ്   എമ്മെൻ  വെളിയിൽ   പ്രത്യക്ഷപ്പെട്ടതുപോലും.



ഈ  തെരഞ്ഞെടുപ്പിന്റെ   ചുമതലയും  കടിഞ്ഞാണുമെല്ലാം  പോറ്റിസാറിന്റെ  കൈകളിൽ   ആയിരുന്നു.  ഇലക്ഷൻ  ആവശ്യത്തിലേക്കായി  പാർട്ടി   കായംകുളം  ഡിവിഷൻ  കമ്മറ്റി  ഒരു  കാർ  വാങ്ങിച്ചു.  ടാർപാളിൻ   ടോപ്പായിട്ടുള്ള  മോറീസ്   മൈനർ.   സാരഥ്യം  പോറ്റിസാർ.  ഒരു  ദിവസം  ഈ  ശകടവും  ഓടിച്ചുകൊണ്ട്   കായംകുളത്തു  കൂടി  പോകുമ്പോൾ  സർക്കിൾ  ഇൻസ് പെക് റ്റർ  കൈ  കാണിച്ചു   നിർത്തി   ലൈസൻസ്   ചോദിച്ചു.  ഈ  സാധനം  നിരത്തുകളിൽ  ചലിപ്പിക്കുന്നതിനു   ഇങ്ങനെ  ചില  സാധന  സാമഗ്രികൾ  ആവശ്യമാണെന്ന്   പോറ്റിസാർ   കരുതിയിരുന്നില്ല.



മോറീസ് മൈനർ 
" സാറേ,   ലൈസൻസില്ലാതെ   വണ്ടിയോടിക്കാമോ......?"   സർക്കിൾ   വിനയപൂർവ്വം  ചോദിച്ചു.


" ഓടിക്കാമല്ലോ,   ഞാനിപ്പോൾ   ഓടിച്ചില്ലേ....."    ഇതായിരുന്നു  സാറിന്റെ   മറുപടി.



എമ്മെന്റെ   ആ  തെരഞ്ഞെടുപ്പിലേക്ക്    നമുക്ക്    തിരിച്ചുവരാം.   ഇന്നത്തെ  കരുനാഗപ്പള്ളി,   കുന്നത്തൂർ,   പന്തളം,   പത്തനംതിട്ട   ഉൾപ്പടെയുള്ള   പ്രദേശമായിരുന്നു   അന്നത്തെ  ഭരണിക്കാവ്.   വിജയശ്രീലാളിതനായ   എമ്മെന്    അതിഗംഭീരമായ   സ്വീകരണമാണ്    പാർട്ടി   സംഘടിപ്പിച്ചത്.   ശാസ്താംകോട്ടയിലെ   സ്വീകരണത്തിനുശേഷം   അടുത്ത   സ്വീകരണം   കരുനാഗപ്പള്ളിയിൽ   ആയിരുന്നു.   ശാസ്താംകോട്ടയിൽ   വേണ്ട  ഏർപ്പാടുകൾ   ചെയ്തിട്ട്   പോറ്റിസാർ   നേരേ   കരുനാഗപ്പള്ളിക്ക്    വിട്ടു,   സൈക്കിളിൽ.   ലാലാജി  ജംഗ് ഷനിൽ  വെച്ച്   ഒരു  ബസുമായി   കൂട്ടിയിടിച്ച്    കക്ഷി   ആശുപത്രിയിൽ   ആയി.  കോളർ   ബോണ്‍   നാലു   കഷണം.   അപകടത്തിന്റെ   കാരണം  അറിയേണ്ടേ,   സൈക്കിൾ  ചവിട്ടിക്കൊണ്ടിരിക്കുമ്പോൾ   ഭവാൻ   ഉറങ്ങിപ്പോയി.




കാമ്പിശേരി കരുണാകരൻ 

പത്രാധിപരായിരുന്ന   കാമ്പിശേരി  കരുണാകരൻ,   ജനയുഗം   വാരികയിൽ   പോറ്റിസാറിന്റെ   നിദ്രാവിലാസത്തെ   കുറിച്ച്    രസകരമായ   ഒരു   ലേഖനം   എഴുതിയിട്ടുണ്ട്.   എവിടെയൊക്കെയോ  കറങ്ങിയടിച്ചിട്ട്    ഒരു   ദിവസം   കാലത്ത്    അദ്ദേഹം   പോളയത്തോട്ടിലുള്ള   ജനയുഗം   ആഫീസ്സിൽ   എത്തി.   വന്നപാടെ   നേരേ   പോയത്    കുളിമുറിയിലേക്ക്.   തുണിനന,   കുളി,  പല്ലുതേപ്പ്    ഇങ്ങനെയുള്ള   ബൂർഷ്വാ   ജീവിതചര്യകളോട്‌    അദ്ദേഹത്തിനു   തീരെ   മതിപ്പ്    ഉണ്ടായിരുന്നില്ല.



കുളിമുറിയിൽ   കയറിയ   സാറിനെ   മണിക്കൂറുകൾ   കഴിഞ്ഞിട്ടും   പുറത്തേക്ക്    കാണുന്നില്ല.   കാമ്പി  ചെന്നുനോക്കുമ്പോൾ,   തുണി  നനച്ചുകൊണ്ട്    കക്ഷിയിരുന്നുറങ്ങുന്നു.  ഇതായിരുന്നു   പത്രാധിപരുടെ   സ് റ്റോറി.



അടുത്ത   ലക്കം   വാരികയിൽ   പ്രസിദ്ധീകരിച്ച   പത്രാധിപർക്കുള്ള   കത്തുകളിൽ   ഒന്ന്   വളരെ   തമാശയുളവാക്കുന്നത്    ആയിരുന്നു.   ലിഖിതാക്കൾ,  സി.പി.ഐ. യുടേയും   സി.പി.എം. ന്റേയും   രണ്ട്   എം.എൽ എ. മാർ.   പി. ഉണ്ണികൃഷ്ണപിള്ളയും   പി.ജി. പുരുഷോത്തമൻപിള്ളയും.




പി. ഉണ്ണികൃഷ്ണപിള്ള 



പി.ജി. പുരുഷോത്തമൻപിള്ള 

കത്ത്    ഏതാണ്ടിങ്ങനെ   ആയിരുന്നു.   " സാഹിത്യകാരന്മാർ   അവരുടെ  രചന  കൂടുതൽ  ശ്രദ്ധിക്കപ്പെടാൻ   അല്പസ്വല്പം   അതിഭാവുകത്വം   നല്കുന്നത്    സാധാരണമാണ്.   പക്ഷെ,   ഒരു   വ്യക്തിയെ   സ്വഭാവഹത്യ   ചെയ്യുന്ന   തരത്തിൽ   പച്ചക്കള്ളം   എഴുതിവിടുന്നത്    പത്രധർമ്മത്തിനു   നിരക്കുന്നതല്ല.   പോറ്റിസാർ   കുളിച്ചു,   പല്ലുതേച്ചു,   തുണി   നനച്ചു   എന്നൊക്കെ  എഴുതിയ   പത്രാധിപർ,   അദ്ദേഹം  മദ്യപിച്ചു   എന്നെഴുതാനും   മടിക്കുകയില്ലല്ലോ....? "



കായംകുളം   മുൻസിപ്പാലിറ്റി   ഒരു  ജൂബിലിയോട്   അനുബന്ധിച്ച്    ഒരു   സുവനീർ   പ്രസിദ്ധീകരിച്ചു.   അതിൽ   വയലാർ  രാമവർമ്മ   പോറ്റിസാറിനേക്കുറിച്ച്    ഒരു   ലേഖനം  എഴുതിയിരുന്നു.




 വയലാർ 
   കായംകുളം   മുസിപ്പാലിറ്റി   അടിയന്തിരയോഗം   ചേർന്ന്,   പോറ്റിസാറിനെ   ഒന്നു  കുളിപ്പിക്കാനുള്ള    തീരുമാനമെടുത്തു.   ആഫീസ്    കോമ്പൌണ്ടിൽ   ഫയർ  എഞ്ചിൻ   ഉൾപ്പടെയുള്ള   സർവ്വ  സജ്ജീകരണങ്ങളോടെ  കലാപരിപാടി   ആരംഭിച്ചു.    അഴുക്കു  തേച്ചു  കളയുന്ന  കൂട്ടത്തിൽ   പണ്ടെന്നോ   ധരിച്ചിരുന്ന  ഒരു   ബനിയൻ   കണ്ടുകിട്ടി.  ശ്രമദാതാക്കൾക്ക്    സമാധാനമായി.  ശുചീകരണ  പരിപാടി   അവസാനിപ്പിക്കാൻ   തീരുമാനിച്ചപ്പോൾ   കേൾക്കാം,   പോറ്റിസാറിന്റെ   ഒരു   പ്രഖ്യാപനം.  " എടാ  കക്ഷികളെ,   ജലന്ധർ  പാർട്ടി   കോണ്‍ഗ്രസ്സിനു   പോയപ്പോൾ  ധരിച്ചിരുന്ന   ഒരു   സ്വെറ്റർ   കൂടി  കിട്ടാനുണ്ട്......."   പോറ്റിസാറിന്    ഇങ്ങനെയുള്ള   കഥകൾ  കേൾക്കുന്നതും,   പത്തുപേരെ   പറഞ്ഞു  കേൾപ്പിക്കുന്നതിനും   ഒരാക്ഷേപവുമില്ല.
തോപ്പിൽ ഭാസി 
 തോപ്പിൽ  ഭാസിയുടെ   " ഒളിവിലെ  ഓർമ്മകൾ "   എന്ന   ഗ്രന്ഥത്തിൽ   പോറ്റിസാറിന്റെ   ദന്ത  പ്രക്ഷാളന   കർമ്മത്തിന്റെ   ഒരു   രേഖാചിത്രം  കൊടുത്തിട്ടുണ്ട്.  ഒരുമാസമോ   രണ്ടുമാസമോ   കൂടിയിരിക്കുമ്പോഴാണ്    ഈ  അത്യാഹിതം  സംഭവിക്കുന്നത്.   വെറ്റില  മുറുക്കിനാണ്   പ്രഥമ  സ്ഥാനം.  പിന്നെന്തിന്   ഒരു  വൃഥാ  വ്യായാമം.  അതായിരുന്നു   അദ്ദേഹത്തിന്റെ   വിശ്വാസ  പ്രമാണം.


ഉമിക്കരി  കൊണ്ടുള്ള   ഒരു  പ്രയോഗമാണ്   ആദ്യം.   അതുകഴിഞ്ഞ്    പൊടിയുപ്പ്,   കുരുമുളക്   തുടങ്ങിയ   ചൂർണ്ണങ്ങൾ   കൊണ്ടുള്ള  പ്രക്ഷാളനം.   അടുത്തത്  വേപ്പിൻ  തണ്ട്,   കടലാവണക്കിൻ തണ്ട്,   തെങ്ങിൻ ക്ലാഞ്ഞിൽ  തുടങ്ങിയവ  കൊണ്ടുള്ള  പെരുമാറ്റമാണ്.   മംഗള  കർമ്മം നിർവ്വഹിക്കുന്നത്,   തന്റെ  ചിരന്തന  സുഹൃത്തായ  പേനാക്കത്തി  കൊണ്ടുള്ള   ഒരു  കലാ  പരിപാടിയോട്   കൂടിയാണ്.   ഇങ്ങനെയൊക്കെ   ആറ്റിക്കുറുക്കി,  പോളീഷ്   ചെയ്ത്   ശുദ്ധീകരിക്കപ്പെട്ട  ദന്ത  നിരകളുടെ  ഭംഗിയോ ........?  പുളിങ്കുരു   പോലിരിക്കും.



അദ്ദേഹം   നല്ലൊന്നാന്തരം  ഒരു  കവിയായിരുന്നു.   സമിതിയുടെ   പാഞ്ചാലി  എന്ന   നാടകത്തിലെ  അതിമനോഹരങ്ങളായ   ഗാനങ്ങളെല്ലാം  അദ്ദേഹം  രചിച്ചതാണ്.   ശൂദ്രകന്റെ  മൃച്ഛകടികം  എന്ന   നാടകം   അദ്ദേഹം  പരിഭാഷപ്പെടുത്തുകയും,  അത്   കെ.പി.എ.സി.  അവതരിപ്പിക്കുകയും  ചെയ്തിട്ടുണ്ട്.



വളരെ  പണ്ടാണ്.   ഒരു  ശുപാർശയുമായി,   പോറ്റിസാറിന്റെ  പിതാവ്   എന്റെ  അച്ഛനെ  സമീപിച്ചു.



" പുരുഷോത്തമാ,   കമ്മ്യൂണിസ്റ്റുകാരനായാൽ   വീട്ടിൽ   കയറരുതെന്ന്    നിയമം  വല്ലതുമുണ്ടോ....?" -  തിരുമേനിയുടെ   ന്യായമായ  സംശയം.



" അതെന്താ  തിരുമേനീ...."  -  അച്ഛൻ  ചോദിച്ചു.



" അല്ല,   കേശവനെ   മഠത്തിലോട്ട്    കണ്ടിട്ട്    വർഷം   രണ്ടു  കഴിഞ്ഞു......"



റ്റി.വി. തോമസ്‌ 

എന്റെ  അയൽപ്പക്കത്തുള്ള   ഒരു  നമ്പൂതിരി  യുവാവിന്,   ആലപ്പുഴ   കെ.എസ്.ഡി.പി.യിൽ   ജോലിവാങ്ങിച്ചു   കൊടുക്കാനുള്ള  ശുപാർശയുമായി   ഒരിക്കൽ  ഞാൻ  പോറ്റിസാറിനെ   സമീപിച്ചു.  എന്നെയും  കൂട്ടി  നേരെ  ചെന്നത്   വ്യവസായ  മന്ത്രിയായിരുന്ന  സാക്ഷാൽ   റ്റി.വി. തോമസ്സിന്റെ  മുമ്പിൽ.   മണിക്കൂറുകളോളം   അദ്ദേഹം,  റ്റി.വി.ക്ക്   ഒരു  സ്വൈര്യവും   കൊടുക്കാതെ   അവിടെ  കുത്തിയിരുന്നു.   അവസാനം  അയാൾക്ക്    ജോലികൊടുക്കാമെന്ന്   റ്റി.വി.യുടെ   ഉറപ്പ്   കിട്ടിയതിനു    ശേഷമാണ്   അദ്ദേഹത്തെ   അനങ്ങാൻ  പോലും  അനുവദിച്ചത്.



പോറ്റിസാർ   മരിക്കുന്നതിന്    ഒന്നുരണ്ടു  മാസം  മുമ്പ്,   എന്റെയൊരു  ബന്ധുവിന്റെ   വിവാഹത്തിന്   വന്നപ്പോഴാണ്   അദ്ദേഹത്തെ  ഞാൻ  അവസാനമായിട്ട്   കണ്ടത്.  മാന്നാർ   തൃക്കുരട്ടി  ക്ഷേത്രത്തിൽ  വെച്ച്.   എന്നെ  കണ്ടപ്പോൾ  അദ്ദേഹം  പറഞ്ഞു :  " എടാ,  ഞാൻ  സദ്യക്കൊന്നും  നിൽക്കുന്നില്ല.  പേരൂർ  മാധവൻപിള്ളയുടെ  കൊച്ചുമകളുടെ  കല്യാണത്തിന്,  വള്ളികുന്നത്തിനു  പോകണം."

പി.കെ. ചന്ദ്രാനന്ദൻ 


ശൂരനാട്   സംഭവത്തിൽ,   നാല്   പോലീസുകാരെ   കൊലപ്പെടുത്തിയ  കേസ്സിൽ  ഒന്നാം  പ്രതിയായിരുന്നു,   സ. പേരൂർ.   പഴയകാല  സഖാക്കളേയും,   അവരുടെ   പിൻതലമുറയേയും  പോറ്റിസാർ  ഇടയ്ക്കിടെ  സന്ദർശിക്കും.  മരണം,  വിവാഹം -  അറിഞ്ഞാൽ,  ഇതൊന്നും  ഒഴിവാക്കുകയില്ല.   ഇക്കാര്യത്തിൽ  പോറ്റിസാറിനെപ്പോലെ   ശുഷ്കാന്തി   കാണിക്കുന്ന   ഒരു  നേതാവിനെ  മാത്രമേ  ഞാൻ   കണ്ടിട്ടുള്ളു.   സി.പി.ഐ.(എം)  സംസ്ഥാന  കമ്മറ്റിയംഗവും  മുൻ  എം.എൽ.എ. യുമായ  സ. പി.കെ. ചന്ദ്രാനന്ദൻ.















Saturday, August 24, 2013

വിജയകരമായ വിപ്ലവവും, അടവുമാറ്റം എന്ന തന്ത്രവും





മാർക്സിസ്റ്റ് - ലെനിനിസ്റ്റുകൾ  പ്രയോഗിക്കുന്ന  പദങ്ങളിൽ  വെച്ചേറ്റവും  പ്രചാരമുള്ള  പദമാണ്   "വർഗങ്ങൾ" എന്നത്.  വർഗം  എന്ന  പദത്തിന്  ജനം എന്ന  സാമാന്യ  അർത്ഥമാണുള്ളത്.  ജാതി - മത  സമുദായങ്ങളെ  മാത്രമല്ല,  ട്രൈബ്   എന്ന ഇംഗ്ലീഷ്   പദം  കൊണ്ട്  അറിയപ്പെടുന്ന  ഗിരിവർഗങ്ങളേയും,  ആയതിലുള്ള  സ്ത്രീ - പുരുഷന്മാരെപ്പോലും വ്യത്യസ്ത  വർഗങ്ങളായി  കാണാറുണ്ട്.  പക്ഷെ,  ഞാനിവിടെ  വിശദമാക്കാൻ  പോകുന്ന  സംഭവത്തിലെ  ഉത്തരവാദികളായ  വർഗങ്ങൾ  മേൽപ്പറഞ്ഞ മേഖലയിലൊന്നും  പെടുന്നവരല്ല.  ഓരോ  തൊഴിലാളിയും  പരമാവധി  ജോലി  ചെയ്യാതിരിക്കുക;  ചെയ്യുന്നജോലിക്ക്   നിരക്കാത്ത  പ്രതിഫലം  വാങ്ങിക്കുക  തുടങ്ങിയ ഉല്പാദന  വിതരണ  നിയമം കർശനമായി  പാലിക്കുന്ന  സോഷ്യലിസ്റ്റ്   വിപ്ലവകാരികളെക്കുറിച്ചാണ്. 

കാലം  1980 - 81 ആണെന്നു  തോന്നുന്നു.  ഞാൻ  ഷാർജയിൽ  ജോലി  ചെയ്യുകയാണ്.  മദർ ക്യാറ്റ്   സ്ട്രീറ്റിൽ  അമ്മാവന്റെ  മകളുടെയും  കുടുംബത്തിന്റെയുമൊപ്പം  താമസം.

യു.എ.ഇ. യിൽ  മലയാളി  സംഘടനകളൊന്നും  അത്ര  സജീവമായിരുന്നില്ല.  ഒരു  ദിവസം  നാട്ടിൽ   നിന്ന്  അച്ഛന്റെയൊരു  ഫോണ്‍ കോൾ.  അച്ഛൻ  ദേശാഭിമാനി  കൊച്ചി  എഡിഷനിൽ  റെസിഡന്റ്  എഡിറ്ററായി  പ്രവർത്തിക്കുകയാണ്.   ( പി.ജി.പുരുഷോത്തമൻപിള്ള )   ഒരു  ആഫ്രിക്കൻ  രാജ്യമായ  ലുസാക്കയിൽ  നടക്കുന്ന  കോമണ്‍വെൽത്ത്   രാജ്യങ്ങളിലെ  സ്പീക്കർമാരുടെ  സമ്മേളനത്തിൽ  പങ്കെടുത്തിട്ട്,  കേരള  നിയമസഭാ  സ്പീക്കർ  എ.പി.കുര്യൻ, രണ്ടു  ദിവസത്തെ  അനൗദ്യോഗിക  സന്ദർശനത്തിന്  ദുബായിൽ  എത്തുന്നുണ്ട്.  കുര്യനെ  എയർപോർട്ടിൽ  നിന്ന്  കൂട്ടിക്കൊണ്ടുപോയി,  രണ്ടു  ദിവസം  താമസിക്കാനുള്ള  ഏർപ്പാടുകളും  വേണ്ട  മറ്റ്   "അസൗകര്യങ്ങളും"  ചെയ്തു  കൊടുക്കണം.  സന്ദേശത്തിന്റെ  വകരണ്ടിൽ  പൊരുളൊന്ന്  ഇതായിരുന്നു.  കാതലായ പൊരുൾ  മറ്റൊന്നായിരുന്നു.  പി.കണ്ണൻ നായർക്ക്  (ദേശാഭിമാനി  പ്രിന്റർ ആൻഡ്‌  പബ്ലീഷർ)  ഒരു റീ ചാർജബിൾ  ടോർച്ച്,  ഗോവിന്ദപിള്ള സാറിന്  ഒരു പെട്ടി  ഹാഫ്  എ കൊറോണാ  ചുരുട്ട്,  അച്ഛന്   തരക്കേടില്ലാത്ത  ഒരു  ക്യാമറ.  ഇത്രയും   സാധനങ്ങൾ  സ്പീക്കറുടെ  മേശപ്പുറത്ത്  വെക്കണം.

എ.പി.കുര്യൻ 
തൊട്ടുപിറകെ  വരുന്നു  നിയമസഭാ  സെക്രട്ടറിയായിരുന്ന  ഡോ. ആർ.പ്രസന്നന്റെ  ഒരു  സബ് മിഷൻ.  ഒരു സാംസൊണൈറ്റ്   ബ്രീഫ് കെയ് സ്   സ്പീക്കർ  വശം  കൊടുത്തു  വിടണം.  ഒരിക്കൽ  അവധിക്ക്   നാട്ടിൽ   ചെന്നപ്പോൾ,  ഇവൻ  ഒരുത്തനെ എന്റടുത്ത്  കണ്ടപ്പോൾത്തന്നെ  ഡോക്ടർക്ക്  മോഹമുദിച്ചതാണ്‌.   അദ്ദേഹത്തിന്റെ  ദൗർഭാഗ്യം,  അത്  നേരത്തേ  ഒരു  ഭാഗ്യവാൻ  ബുക്ക്  ചെയ്തു  കഴിഞ്ഞിരുന്നു.  ഹൗസിംഗ്  ബോർഡ്   ചെയർമാനായിരുന്ന  അഡ്വ. എം.ഗോപി.  അടുത്ത ഊഴം  ഡോക് ടർക്ക്   എന്ന്   ഞാൻ  ഉറപ്പ്   നൽകിയിട്ടുണ്ടായിരുന്നു.

അഡ്വ. എം.ഗോപി 
സ്പീക്കറുടെ  ദുബായ്   സന്ദർശനത്തിന്റെ  കഥ  അറിയുന്നതിന്  മുമ്പു  തന്നെ  കാർട്ടൂണിസ്റ്റ്   യേശുദാസൻ  ഒരു   "സചിത്ര കത്ത് "  എനിക്ക്   അയച്ചിരുന്നു.  അസാധു  എന്ന  വിനോദ  മാസികയുടെ  പ്രസിദ്ധീകരണം  കറ്റാനത്തുനിന്ന്  നിന്ന്  കൊച്ചിയിലേക്ക്  മാറ്റി,  അദ്ദേഹം  അവിടെ  ചുവട്   ഉറപ്പിച്ചു   വരുന്നതേ    ഉണ്ടായിരുന്നുള്ളൂ.  അദ്ദേഹത്തിന്റെ  കത്തിനെ  സചിത്ര  കത്ത്   എന്ന്   ഞാൻ  വിശേഷിപ്പിച്ചല്ലോ ?  സംഗതി  ഇതാണ്,  ഇപ്പോൾ  നാട്ടിൽ  സർവ്വസാധാരണമായിരിക്കുന്ന  ഡിസ് പോഴ് സബിൾ   ഷേവിംഗ്  റേസർ  ഉണ്ടല്ലോ ?  അതിന്റെ  പ്രാഗ്  രൂപത്തിലുള്ള  മോഡൽ  ഒരെണ്ണവും,  അതിൽ  ഉപയോഗിക്കാൻ  ആവശ്യത്തിന്   ബ്ലേഡുകളും  അത്യാവശ്യമായും  വേണം.  ആ  സാധനം  എനിക്ക്   കണ്ടുബോധ്യപ്പെടാനായിരുന്നു  ചിത്രരചന.

കാർട്ടൂണിസ്റ്റ്  യേശുദാസൻ 
ഇതിനിടെ  ലുസാക്കയിൽ  വിദേശകാര്യ വകുപ്പിൽ  ജോലി  നോക്കുന്ന  എന്റെ സുഹൃത്ത്  രാജൻ,  കുര്യൻ  ദുബായിൽ  എത്തിച്ചേരുന്ന  തീയതി  എന്നെ  അറിയിച്ചു.  സ്പീക്കറുടെ  സന്ദർശനവിവരം  ദുബായ്   ഇന്ത്യൻ  കോണ്‍സുലേറ്റിൽ  അറിയിച്ചിട്ടുണ്ട്,  വൈസ്  കോണ്‍സൽ  കൊണ്ടയ്യ  എന്നൊരു  തെലുങ്കനെ  ബന്ധപ്പെടണം  എന്നും  രാജൻ  പറഞ്ഞു.

വളരെക്കാലങ്ങൾക്കുശേഷം   കൊണ്ടയ്യ,   കോണ്‍സൽ  ജനറൽ  ആയി  ദുബായിൽ  നിയമിക്കപ്പെട്ടു.  ഞാൻ  ഷാർജയിൽ  ഉണ്ടായിരുന്ന  കാലത്തോളം  തമ്മിൽ  സൗഹൃദം  പുലർത്തിയിരുന്നു.   നയതന്ത്ര  പ്രതിനിധികൾക്ക്   കിട്ടിയിരുന്ന  ദ്രാക്ഷാരസച്ചുവയുള്ള   പാനീയം  വല്ലപ്പോഴും  തന്ന്   എന്നെ  സല്ക്കരിക്കുമായിരുന്നു.

ആഡിസ് അബാബയിൽ  നിന്നുള്ള  ഒരു  വിമാനത്തിൽ  കുര്യൻസ്   ദുബായ്  എയർപോർട്ടിൽ  എത്തിച്ചേർന്നു.  കൊണ്ടയ്യയും  ഞാനും  എന്റെയൊരു  ബാല്യകാല  സുഹൃത്തായ  ടി.ഒ. പൊടിക്കുഞ്ഞും  കൂടി  അദ്ദേഹത്തെ  സ്വീകരിച്ചു.  നേരെ  ഷാർജയിൽ  അക്കയുടെ  ഫ്ലാറ്റിൽ  എത്തി.

എ.പി. ക്ക്   യു.എ.ഇ. യിൽ  കാര്യമായ  പരിപാടി  ഒന്നുമില്ലായിരുന്നു.  റാസൽഖൈമയിൽ  എന്റെ  ഒരു  സുഹൃത്ത്  പ്രസിഡന്റായുള്ള  ഒരു  മലയാളി  സമാജം  ഉണ്ടായിരുന്നു.  അവിടെയൊരു  സ്വീകരണം  ഏർപ്പെടുത്തിയിരുന്നു.  ഖലീജ്  ടൈംസിൽ  ഉണ്ടായിരുന്ന  സണ്ണി കുളത്താക്കലിന്റെ  ഒരഭിമുഖം.  ദുബായിലുള്ള  ചില  അങ്കമാലിക്കാരെ  സന്ദർശിക്കുക  ഇതൊഴിച്ച്   സ്പീക്കർ  മുഴുവൻ  സമയവും  എന്റെ  കസ്റ്റഡിയിൽത്തന്നെ  ആയിരുന്നു.  അലൈൻ,  അബൂദാബി, ഫ്യുജൈറ,  ഡിബ്ബ  തുടങ്ങിയ  സ്ഥലങ്ങൾ  ഞാൻ  അദ്ദേഹത്തെ  കൊണ്ടുക്കാണിച്ചു.

പെട്ടി,  ക്യാമറ, റേസർ,  ചുരുട്ടാദികളുമായി,  ദുബായിൽ  നിന്ന്   സ്പീക്കറെ  എയർ  ഇന്ത്യയിൽ  കയറ്റിവിട്ടു.   യാത്രയയക്കാൻ  കൊണ്ടയ്യയും  ഞാനും  പൊടിക്കുഞ്ഞും   കൂടാതെ  അലൈൻ  മുൻസിപ്പാലിറ്റിയിലെ  ചീഫ്   ആർക്കിടെക് ച്ചറായിരുന്ന   രാജുച്ചായനും  ഉണ്ടായിരുന്നു.  (കെ.വി.ഏബ്രഹാം)   ദെയ് റയിൽ  നിന്ന്   ബർദുബായിലേക്ക്   കടൽ   കടന്നുവരാൻ  ഒരു  ടണൽ   ഉണ്ട്.   കടലിനടിയിൽക്കൂടിയാണതിന്റെ   നിർമ്മിതി.  ആ  ടണലിൽ  നിന്ന്  "കര കയറി"  കഴിയുമ്പോൾ  ഒരു  റൌണ്ട്   എബൗട്ട്.   അതിനു  സമീപം  ദുബായിലെ  പ്രസിദ്ധമായ   ഫ്ലോർമിൽ.  ആ  റൌണ്ട്  എബൗട്ടിലെ  പൂന്തോട്ടത്തിൽ  ഫാൽക്കന്റെ  അതി മനോഹരമായ   ഒരു  പ്രതിമ  ഏവരുടെയും   ആകർഷണ   വസ്തുവായിരുന്നു.  ഫാൾക്കൻ   റൌണ്ട്  എബൗട്ട്   എന്നാണ്   ആ  ഭാഗം  അറിയപ്പെട്ടിരുന്നത്.   ആ  ശില്പം  തീർത്തത്   രാജുച്ചായൻ   ആണ്.  കുറച്ചു  നാളുകൾക്കു  മുമ്പ്   ദുബായ്   സന്ദർശിച്ചപ്പോൾ  ആ  സ്ഥലത്തു  പോയിരുന്നു.  പൂന്തോട്ടവുമില്ല,  യു.എ.ഇ.യുടെ  ദേശീയ  പക്ഷിയുമില്ല.  സർവ്വത്ര   ട്രാഫിക്   സിഗ്നൽ  ലൈറ്റുകൾ  മാത്രം.


പി.ഗോവിന്ദപിള്ള 
സ്പീക്കറെ  നാട്‌   കടത്തിയതിനുശേഷം  രാജുച്ചായനും  പൊടിയും  ഞാനും  കൂടി  ദെയ് റയിലുള്ള   പ്രസിദ്ധമായ  ഇന്ത്യാ  ഹൌസ്   എന്ന  വടക്കേന്ത്യൻ  റസ്റ്ററന്റിൽ  ഉച്ച  ഭക്ഷണത്തിനു  ചെന്നു.  യഥേഷ്ടം  ചപ്പാത്തി,  അതിനുശേഷം,  ആവശ്യം  പോലെ ചോറ്.   വെറും  പത്തു  ദിർഹാം.  വലിയ  തളികയിൽ  വിളമ്പുന്നത്   കൊണ്ടാവും  താലി മീൽസ്    എന്നാണ്   ഇതറിയപ്പെട്ടിരുന്നത്.   പൊടിയും  ഞാനും  അവിടെനിന്ന്    സ്ഥിരം  ഭക്ഷണം  കഴിക്കാൻ  ഉടമസ്ഥർ  അനുവദിച്ചാൽ,  ഒരു മാസത്തിനകം  ഹോട്ടൽ  മംഗളം  പാടിയിരിക്കും.  ചപ്പാത്തിയുമായുള്ള   സംഘട്ടനം  നാലാവർത്തി  കഴിഞ്ഞു...വീണ്ടും  ചപ്പാത്തി  ആവശ്യപ്പെട്ടപ്പോൾ  ശുദ്ധാത്മാക്കളായ  ആ  പരിചാരകന്മാർ  പാഴ് സലാണോ  എന്ന്  ചോദിച്ചുപോയി.  അനവസരത്തിലെ  ആ  ചോദ്യത്തിൽ  പ്രതിഷേധിച്ചായി  പിന്നീടുള്ള  യുദ്ധം.

" താണ്ടിനാൻ  ആഴി  ഹനുമാൻ
ആണ്ടവർക്കെന്തു  ദുഷ്ക്കരം."

അച്ഛൻ (പി.ജി.പുരുഷോത്തമൻപിള്ള എക്സ്.എം.എൽ.എ.)
അതിനുശേഷം  നടന്ന  സംഭവവികാസങ്ങളാണ്   ഈ  തിരക്കഥയുടെ  ക്ലൈമാക്സ്.   സ്പീക്കറുടെ  പക്കൽ  ഏല്പിച്ച  സാധനങ്ങൾ  ഒന്നും  തന്നെ  വേണ്ടപ്പെട്ട  കക്ഷികൾക്ക്   കിട്ടിയില്ല.   ഞാൻ  കൊടുത്തയച്ച  വിദേശ  സാധനങ്ങൾ,  അങ്കമാലിയിലും   സ്പീക്കറുടെ  ഓഫീസിലുമുള്ള  സംഘടിതസേന  കരഗതമാക്കി.  ഈ  പ്രക്രിയക്കാണല്ലോ    സോഷ്യലിസ്റ്റ്   സാമൂഹ്യ  വ്യവസ്ഥയുടെ   കേന്ദ്ര  ബിന്ദുവായ  തൊഴിലാളി  വർഗ  സർവാധിപത്യം  എന്ന്   പറയുന്നത്.

ആ  മാസത്തിൽ  പുറത്തിറങ്ങിയ  ' അസാധുവിൽ '   യേശുദാസന്റെ  ഒരു രസകരമായ  കാർട്ടൂണ്‍   ഉണ്ടായിരുന്നു.  ആ  ലക്കത്തിന്റെ  കവർ  പേജ്  അതുതന്നെ  ആയിരുന്നു.  അങ്കമാലിയിലെ  ഈറ്റ  തൊഴിലാളികൾ  റേബാൻ  കൂളിംഗ്   ഗ്ലാസ്   ധരിച്ച്,   ഗില്ലറ്റ്   ബ്ലേഡ്   കൊണ്ട്   ഈറ്റ  ചീകുന്നു.  ചുണ്ടിൽ  പുകയുന്ന   half a corona  സിഗാർ.  സമീപത്ത്   വെട്ടുകത്തി,  ഉളി,  ചുറ്റിക,  അരിവാൾ  തുടങ്ങിയ  ആയുധങ്ങൾ  അടങ്ങിയ  സാംസൊണൈററ്    ബ്രീഫ്   കെയ് സ്.

ടി.ഒ.പൊടിക്കുഞ്ഞ് 
ഈ  സംഭവങ്ങൾക്ക്   ശേഷം  ഒന്നു  രണ്ടു  മാസം  കഴിഞ്ഞപ്പോൾ  ഞാൻ  അവധിക്ക്   നാട്ടിൽ  എത്തി.  ഭൈമീകാമുകർക്കുള്ള   ഉപഹാരങ്ങൾ  തൃപ്പടിദാനം  നടത്തി  സായൂജ്യവും  അടഞ്ഞു.  ഒരു  പെട്ടി  സിഗാറുമായി  സുഭാഷ്   നഗറിലുള്ള  പി.ജി.യുടെ  വസതിയിലെത്തി.  സാർ  പുകവലിയോട്   സലാം  പറഞ്ഞിരിക്കുന്നു.  വിട്ടുമാറാത്ത  ചുമയുടെ  കാരണം   പുകവലിയാണെന്ന്  റിട്ടയാർഡ്‌   ഫിലോസഫി   പ്രൊഫസറായ   ധർമ്മപത്നി  കണ്ടുപിടിച്ചിരിക്കുന്നു.  " വെറുതെ  എന്തിന്   ചുരുട്ടിനെ  പഴികേൾപ്പിക്കണം. "   എന്നാണ്    ഗോവിന്ദപിള്ള  സാർ  പറഞ്ഞത്.  പക്ഷെ,  രാജമ്മ സാർ  കാണാതെ  സാധനം  എന്റെ കൈയ്യിൽ   നിന്ന്  അപ്പോഴേക്കും  കരസ്ഥമാക്കിയിരുന്നു.

ഞാൻ  നാട്ടിലുണ്ടെന്നറിഞ്ഞ്    കായംകുളത്ത്   ഒരു ഔദ്യോഗിക  പരിപാടിയിൽ  പങ്കെടുത്തിട്ട്   ഒരു  ദിവസം  കുര്യൻ  എന്റെ  വീട്ടിൽ   വന്നു.  സ്പീക്കറുടെ  ആഫീസ്സിൽ  അരങ്ങേറിയ  നന്ദിപൂർവ്വമുള്ള   പകൽക്കൊള്ളയുടെ  കഥ  അങ്ങനെയാണ്   ഞാനറിഞ്ഞത്.

ബൂർഷ്വാ  വിപ്ലവം  പൂർത്തിയാക്കാതെ - വിദേശ  മേധാവിത്വത്തിന്റെയും  ഫ്യൂഡലിസത്തിന്റെയും  കടപുഴകാതെ,  സോഷ്യലിസ്റ്റ്   വിപ്ലവം  സാദ്ധ്യമല്ലെന്നാണല്ലോ  കമ്മ്യൂണിസ്റ്റ്   പാർടികൾ  പറയുന്നത്.  ഈ  വാസ്തവം  തിരിച്ചറിഞ്ഞ  സ്പീക്കറുടെ  ആഫീസിലെ  സഖാക്കൾ  വിപ്ലവത്തിന്  തങ്ങളുടെ  കടമ  നിറവേറ്റുകയാണ്   ചെയ്തത്.  സോഷ്യലിസ്റ്റ്   ബോധം  വളർത്താൻ   മുതലാളിയുമായി  വിലപേശലല്ല,  മറിച്ച്    മുതലാളിത്തത്തിന്റെ  ഉല്പാദനോപകരണങ്ങൾ  സ്വകാര്യ  സ്വത്താക്കിക്കൊണ്ട്   മാതൃക  കാണിച്ച  ആ  സഖാക്കളെ,  സോഷ്യലിസത്തിനു  വേണ്ടി  പട  വെട്ടുന്ന  യോദ്ധാക്കളായി   കാണാനായിരുന്നു   എനിക്ക്  താല്പര്യം.




                                                                                  ശുഭം 



Tuesday, August 20, 2013

വിന്റേജ് മെമ്മറീസിന്റെ ആറാം തമ്പുരാനും....പിന്നെ ഞാനും ....പി. രവീന്ദ്രനാഥ്

കുടുംബ സംഗമം - വിന്റേജ്  മെമ്മറീസ് .


വരിക്കാശേരി മന, ഒറ്റപ്പാലം.
ഒരു  സാംസ്കാരിക  സംഘടനയുടെ  ശക്തി  വികസിച്ചാൽ,  വിജയം  വരിക്കുന്നത്   വ്യക്തികൾ  മാത്രമല്ല,  സമൂഹവും കൂടിയാണ്.   ആ  ശക്തിയാകട്ടെ,  വ്യത്യസ്ത  സാഹചര്യങ്ങളിൽ  വ്യക്തികൾ   അർപ്പിക്കുന്ന  സഹകരണവും.  മനുഷ്യ  വർഗ്ഗത്തിന്റെ  തന്നെ  പുരോഗതിയുടെയും  സംസ്കാരത്തിന്റെയും  വളർച്ചയുടെ  ചരിത്രവും  കൂട്ടായ  ഈ  പ്രവർത്തനങ്ങളുടെ  സംഭാവനയാണെന്ന്   പൊതുവായിട്ട്   പറയാം.

ഈ കാലഘട്ടത്തിൽ  കലാ-സാംസ്കാരിക  രംഗത്ത്   വിലപ്പെട്ട  സംഭാവനകൾ  നല്കാൻ കഴിയുന്ന  ഒരു മാദ്ധ്യമ  മാർഗമാണ്   സോഷ്യൽ  നെറ്റ്   വർക്കുകൾ.  സ്ഥാപിത  താല്പര്യങ്ങൾ  മാറ്റിവെച്ച് ,  ഗൌരവമായി  ഈ  മാദ്ധ്യമത്തെ  ഉപയോഗപ്പെടുത്താനുള്ള  മനോഭാവം  സ്വീകരിക്കുകയാണെങ്കിൽ,  കലാസാംസ്കാരിക  രംഗത്ത്‌   ഒട്ടുവളരെ  സംഭാവനകൾ  നൽകാൻ  ഇതിന്   കഴിയും  എന്ന്   നിസംശയം  പറയാൻ  കഴിയും.

ലോകത്തിന്റെ   വിവിധ  കോണുകളിൽ  കഴിയുന്ന  മലയാളികളെ  കണ്ണിചേർക്കാനും  അങ്ങനെ  പരസ്പര  ബന്ധങ്ങൾ  ശക്തമായി  സ്ഥാപിക്കാനും  ഈ  നെറ്റ് വർക്കുകൾ  ഉപകരിക്കുന്നു.  എപ്പോഴും  തുറന്നിരിക്കുന്നു  എന്നതാണ്  ഇതിന്റെ  സ്വീകാര്യത  വർദ്ധിപ്പിക്കുന്ന  ഘടകം.

2011 ൽ  പ്രസിദ്ധ  കർണ്ണാടക  സംഗീതജ്ഞനായ  അജിത്‌  നമ്പൂതിരിയുടെ  നേതൃത്വത്തിൽ  രൂപീകരിച്ച  ഒരു  face book  കൂട്ടായ്മയാണ്   വിന്റേജ്   മെമ്മറീസ്.  രണ്ടായിരത്തിലധികംപേർക്ക്   ഈ  ഗ്രൂപ്പിൽ  അംഗത്വമുണ്ട്.  അംഗങ്ങളുടെ  എണ്ണമല്ല,  "വണ്ണമുള്ള "  ഗുണമാണ്   മറ്റ്   ഫെയ് സ്  ബുക്ക്   ഗ്രൂപ്പുകളിൽ  നിന്ന്   വിന്റേജ്  മെമ്മറീസിനെ  വേറിട്ട്   നിർത്തിയിരിക്കുന്നത്.



ഒറ്റപ്പാലത്ത് നടന്ന സംഗമത്തിൽ സംബന്ധിച്ചവർ 

മന:പൂർവ്വം  വിവാദമുണ്ടാക്കാനുപകരിക്കുന്ന  പരാമർശങ്ങൾക്കോ  ചിത്രങ്ങൾക്കോ  വിന്റേജ്  മെമ്മറീസിൽ  സ്ഥാനമില്ല.  വിവാദങ്ങളുടെ  കൊടുങ്കാറ്റിൽ പെട്ട്   ഇങ്ങനെയുള്ള  ഗ്രൂപ്പുകൾ  താറുമാറാവാറുണ്ട്.   പക്ഷെ  വിന്റേജ്   മെമ്മറീസ്   വിവാദങ്ങളിലൊന്നും  പെടാതെ  പർവ്വതസമാനം  അടിയുറച്ചു നിൽക്കുന്നതിന്റെ  കാരണം,  ഇതിലെ അംഗങ്ങൾ വെച്ചു പുലർത്തുന്ന  വ്യക്തിബന്ധവും  പരസ്പര  ബഹുമാനവും  കൊണ്ടാണ്.  അതിന്റെ  മകുടോദാഹരണമായിരുന്നു  ആഗസ്റ്റ്  10 - 11  തീയതികളിൽ  ഒറ്റപ്പാലത്തുള്ള  വരിക്കാശേരി മനയിൽ  ചേർന്ന കുടുംബ  സംഗമം.  സ്വന്തം  തറവാട്ടിൽ  നടക്കുന്ന  ചടങ്ങിൽ  സംബന്ധിക്കുന്ന  ഉത്സാഹത്തോടും  ആഹ്ലാദത്തോടും  ആയിരുന്നു  വരിക്കാശേരിയിൽ  ഓരോ  വ്യക്തിയും  പങ്കെടുത്തത്.

ഇതുപോലെയുള്ള  കൂട്ടായ്മകളുടെ  വിജയത്തിന്   സാമ്പത്തികം  ഒരു  പ്രധാന  ഘടകമാണ്.  പക്ഷെ,  അതുകൊണ്ടു  മാത്രം  ഇത്   വിജയിക്കണം  എന്നുണ്ടോ?  കായക്ലേശങ്ങളും  പ്രയാസങ്ങളും  ക്ഷമയോടെ  സഹിക്കാൻ  സന്നദ്ധതയുള്ള  പ്രവർത്തകന്മാരുടെ  സഹകരണമാണ്  അത്യന്താപേക്ഷിതമായി  വേണ്ടത്.  ഒറ്റപ്പാലത്തെ  കൂട്ടായ്മയുടെ വിജയത്തിന്റെ  ചാലക  ശക്തി നാരായണേട്ടൻ മാദങ്ങർളിയും അദ്ദേഹത്തിന്റെ  സേനാ  നായകന്മാരായ  അരുണ്‍,  ശ്രീകാന്ത്,  പ്രശാന്ത്   എന്നിവരും കാഴ്ച വെച്ച  കഠിന  പ്രയത്നം തന്നെയായിരുന്നു.
നാരായണേട്ടൻ 

ആഗസ്റ്റ്   10 ശനിയാഴ്ച  ഉച്ചതിരിഞ്ഞ്   മൂന്നു മണിക്ക്   സംഗമത്തിന്റെ  ഉൽഘാടനം  ഗ്രൂപ്പിലെ  മുതിർന്ന അംഗങ്ങളായ  കുട്ടൻ ഗോപുരത്തിങ്കൽ,  കെ.എൻ. മധു,  നാരായണേട്ടൻ,  ബാലചന്ദ്രൻ കിഴക്കേടത്ത്,  അജിത്‌  നമ്പൂതിരി,  പി. രവീന്ദ്രനാഥ്   എന്നിവർ  ഭദ്രദീപം കൊളുത്തി  നിർവ്വഹിച്ചു.

പങ്കെടുത്ത  അംഗങ്ങളെല്ലാം  സ്വയം പരിചയപ്പെടുത്തുന്ന  ചടങ്ങായിരുന്നു  അതിനുശേഷം  നടന്നത്.  9 മണിക്ക്   അത്താഴം  കഴിഞ്ഞ്   - കഞ്ഞി,  ചുട്ടപപ്പടം,  പുഴുക്ക്,  തേങ്ങാച്ചമ്മന്തി,  കടുമാങ്ങ - കലാപരിപാടികൾ  ആരംഭിച്ചു.  അജിത്‌  നമ്പൂതിരി,  പാലക്കാട് ശ്രീറാം ( ഫ്ലൂട്ടും വായ്‌ പാട്ടും ) ബേബി ശ്രീറാം, വേണുഗോപാൽ,  വസുധ വാസുദേവൻ തുടങ്ങിയവർ  അതിമധുരമായി  കർണ്ണാടക  സംഗീതം  ആലപിച്ചു.  നവീൻ രുദ്രന്റെ  ഭക്തിരസം  തുളുമ്പുന്ന കഥകളിപ്പദ  ആലാപനം ( അജിതാ ഹരേ ജയാ..)  ഉന്നത നിലവാരം  പുലർത്തുന്നതായിരുന്നു.  ആട്ടപ്പാട്ട്   പാടാൻ  ഞാൻ  നിർബന്ധിച്ചപ്പോൾ  ഒരങ്കലാപ്പാണ്   നവീൻ  പ്രകടിപ്പിച്ചത്.  അജിത്തിന്റെയും  ശ്രീറാമിന്റെയും  ബേബിയുടെയും  സാന്നിദ്ധ്യമായിരിക്കാം  അദ്ദേഹത്തെ  അങ്കലാപ്പിലാക്കിയത്   എന്ന്   തോന്നുന്നു.
സംഗമം ലേഖകൻ ഭദ്രദീപം കൊളുത്തുന്നു.

മണിലാൽ  പാടിയ  "കുയിലിന്റെ  മണിനാദം  കേട്ടു "  എന്ന  പാട്ട്   കേട്ടപ്പോൾ  എന്റെയോർമ്മ  വിദ്യാഭ്യാസകാലത്തേക്ക്   മടങ്ങിപ്പോയി.  ഹമ്പിൾ ഷൈൻ  പാടിയ  ഗസലുകളെ  വടക്കേന്ത്യൻ  ശൈലിയിൽത്തന്നെ   വിശേഷിപ്പിച്ചു കൊള്ളട്ടെ  .." അരേ  വാഹ്..."

അതിനുശേഷം ഈ  സംഗമത്തിന്റെ  സുപ്രീം  കമാണ്ടറാറായ  നാരായണേട്ടന്റെ  നാടൻ  പാട്ടായിരുന്നു.  ശ്രോതാക്കളെ  മുഴുവൻ  കൂടെപ്പാടാൻ  പ്രേരിപ്പിച്ചു  എന്നതായിരുന്നു  ആ  പരിപാടിയുടെ  പ്രത്യേകത.

ഒറ്റപ്പാലത്ത്   കൂടിയ  അംഗങ്ങളിൽ  ഏറ്റവും  മുതിർന്നയാളായിരുന്നു  കുട്ടൻ ഗോപുരത്തിങ്കൽ.  പക്ഷെ  അദ്ദേഹത്തിന്റെ  ഉത്സാഹവും  ആവേശവും  ഏതൊരു  യുവാവിനേയും  ലജ്ജിപ്പിക്കാൻ  പോന്നതായിരുന്നു.  വയലാറിന്റെ  കവിത,  ഗസൽ,  ലളിതഗാനം  എന്നുവേണ്ടാ  കുട്ടേട്ടൻ  കൈവയ്ക്കാത്ത  - സോറി,  നാവ്  വെയ്ക്കാത്ത -  ഒരു  സംഗീത മേഘലയുമില്ലായിരുന്നു. കുട്ടേട്ടന്റെ  പാട്ടിന്റെ  സ്വരസ്ഥാനം  ശരിയായിരുന്നോ,  താളം  ശരിയായിരുന്നോ  എന്നൊക്കെയുള്ള  ശാസ്ത്ര വശങ്ങൾ  ആരും  അന്വേഷിക്കരുത്.   രാജ്യം  ഒരു പ്രതിസന്ധിയെ  അഭിമുഖീകരിക്കുമ്പോൾ,  ഗോണ്ട്വാനാലാൻഡ്   ഭൌമപിണ്ഡത്തിന്റെ  ചലനത്തിലൂടെയാണ്   ഭൂമി  രൂപപ്പെട്ടതെന്നും  മറ്റുമുള്ള  ചരിത്ര  പശ്ചാത്തലമൊന്നും ആരും  അന്വേഷിക്കുകയില്ലല്ലോ ?  കുട്ടേട്ടൻ  പാടുകയാണ്   എന്ന്   സങ്കല്പിക്കാനുള്ള  സന്മനസ്സ്   ശ്രോതാക്കൾക്ക്   ഉണ്ടായാൽ  മാത്രം  മതി.

മാലിനി അമർനാഥ്, വസുധ, നിഷ, ബേബി, ജ്യോതി എന്നിവർ.

എനിക്ക്   മറ്റൊരു  കാര്യം  കൂടി  അന്ന്   ബോദ്ധ്യമായി.  പാട്ട്   പാടാൻ  പ്രത്യേക  പഠനമോ  പരിശീലനമോ  ഒന്നും  വേണമെന്നില്ല.  മൂന്നു  കാര്യങ്ങൾ  ശ്രദ്ധിച്ചാൽ  മതി.  ത്രൌര്യ  ഗുണം  എന്ന്  പറയുമല്ലോ ?  സഭാ കമ്പം  പാടില്ല,  ചങ്കൂറ്റം  ഉണ്ടായിരിക്കണം,  ഏറ്റവും  പ്രധാനപ്പെട്ട  സംഗതി  - ശ്രോതാക്കൾ  ക്ഷമാശീലം  ഉള്ളവരായിരിക്കണം.  അജിത്‌  നമ്പൂതിരിയും  ശ്രീറാമും  ബേബിയുമൊക്കെ  എത്ര  വർഷങ്ങൾ  നീണ്ടു  നിന്ന  പഠനത്തിന്റെയും  പരിശീലനത്തിന്റെയും ഫലമായാണ്   നാലുവരി  പാടിയത്.  കുട്ടേട്ടനത്   "പോനാൽ  പോകട്ടും  പോടാ".

11നു  പ്രഭാത  ഭക്ഷണത്തിനു  ശേഷം  അംഗങ്ങൾ  പരസ്പരം  സമ്മാനങ്ങൾ  കൈമാറുന്ന  ചടങ്ങാണ്  നടന്നത്.   1 മണിക്ക്   വിഭവ  സമൃദ്ധമായ  സദ്യ.

സംഗമത്തിൽ  പങ്കെടുത്ത  വളരെക്കുറച്ചു  പേരെ  മാത്രമേ  എനിക്ക്   നേരിട്ട്   പരിചയം  ഉണ്ടായിരുന്നുള്ളൂ.  നാരയണേട്ടൻ,  അരുണ്‍ ,  നവീൻ,  സജീഷ്  വാര്യർ  എന്നിവരെ.  കെ.എൻ.മധു, ബാലചന്ദ്രൻ കിഴക്കേടത്ത്,  നാരായണ പ്രസാദ്,  മണിലാൽ,  രാമൻ മുണ്ടനാട് , കമൽ  എന്നിവരുമായി  സൗഹൃദം  ഉണ്ടായിരുന്നു.  മറ്റു മിക്ക  പേരുകാരും  തികച്ചും  അപരിചിതർ.  സംഗമത്തിൽ  ഒരു ബേബിയുണ്ടായിരുന്നു.  പക്ഷെ  യഥാർത്ഥ  ബേബി,  വസുധാ വാസുദേവൻ  ആയിരുന്നു.

അഞ്ചാറ്   മാസങ്ങൾക്ക്   മുമ്പ്  അയ്യന്തോളിൽ  കഥകളി  ഇൻഫോയുടെ   ഒരു  മീറ്റിങ്ങിൽ  പങ്കെടുത്തിരുന്നു.  അന്ന്   നാരായണേട്ടൻ  പറഞ്ഞ  ഒരു  രസകരമായ  കഥ  ഓർക്കുന്നു.  ഒരിക്കൽ  നാരായണേട്ടന്   ഇ.എം.എസ്സിനെ  പരിചയപ്പെടാൻ  ഒരവസരം കിട്ടി.  സ്വയം  പരിചയപ്പെടുത്തിയപ്പോൾ  ഇ.എം.എസ്. പറഞ്ഞു,   " ഞാൻ  തന്റെ  ഇല്ലത്ത്   വന്നിട്ടുണ്ട്. "

ഓർക്കുന്നില്ല,  എന്നായി  നാരായണേട്ടൻ.

" താൻ  ഓർക്കാൻ  ഇടയില്ല,  ഞാൻ  വന്നത്   തന്റെ  അച്ഛന്റെ  വിവാഹത്തിനാണ്.




Thursday, August 8, 2013

പരുമല വലിയ പനയന്നാർകാവ് ദേവീ ക്ഷേത്രം




"പരിശുദ്ധ  പമ്പാതീർത്ഥമദ്ധ്യസ്ഥിത  ദ്വീപിന്റെ  മേ -
കരികൊത്ത  സുരഭില  മധുവനത്തിൽ
പൌരാണികക്കൈവിരുതിൻ  വിബുധത്വ  പ്രതീകമാം
പനയന്നാർ  കാവായിടുമംബികാ  സ്ഥാനം." (- കെ.അപ്പുക്കുട്ടൻ ആദിശർ)

തിരുവല്ല  താലൂക്കിലെ  കടപ്ര  പഞ്ചായത്തിലുൾപ്പെട്ട,  പമ്പാ  നദിയാൽ  ചുറ്റപ്പെട്ട  ഒരു  ദ്വീപാണ്   പരുമല.  പമ്പാനദിയും  അച്ചൻകോവിലാറും  കൂടിച്ചേരുന്ന  ത്രിവേണിയുടെ  പടിഞ്ഞാറേ  കരയാണിത്‌.  ഇവിടെ  രണ്ട്   പ്രാചീന  ആരാധനാലയങ്ങൾ  സ്ഥിതി  ചെയ്യുന്നുണ്ട്.  വലിയ  പനയന്നാർകാവ്‌   ഭാഗവതിക്ഷേത്രവും  പരുമല  കൊച്ചുതിരുമേനി  എന്ന്   പുകൾപ്പെറ്റ  ഗ്രിഗോറിയോസ്   തിരുമേനി  അന്ത്യ  വിശ്രമം  കൊള്ളുന്ന  പരുമലപ്പള്ളിയും.

ശ്രീ ഭദ്രകാളി,  ഭഗവതിയുടെ ഉപദേവതകൾ,  പരമശിവൻ,  ക്ഷേത്രപാലകൻ,  വീരഭദ്രൻ,  ഗണപതി,  കടമറ്റത്തുനിന്ന്   വന്ന  യക്ഷി  തുടങ്ങിയ  പ്രതിഷ്ഠകളാണ്   ഇവിടെയുള്ളത്.  പ്രാചീന  കാലത്ത്   ഏതാണ്ട്   20  ഏക്കർ  വിസ്തീർണ്ണം  ഉണ്ടായിരുന്ന  കാവിന്റെ  മദ്ധ്യത്തിലായിരുന്നു  ഈ ക്ഷേത്രം  സ്ഥിതി  ചെയ്തിരുന്നത്.  കാലക്രമത്തിൽ  അത്  കുറഞ്ഞു കുറഞ്ഞ് , ഇപ്പോൾ  കഷ്ടിച്ച്  5 ഏക്കർ   ആണ്  കാവുള്ളത്.  ക്ഷേത്രത്തിന്റെ  പടിഞ്ഞാറെ  നടയിൽ  നിന്ന്,  പമ്പാ  നദിയിലേക്ക്  നിരത്ത്.  നിരത്തിന്റെ  ഇരുവശത്തും  ആകാശം  മുട്ടെ  വളർന്നു നില്ക്കുന്ന  കരിമ്പനകൾ.


ഈ  ക്ഷേത്രത്തിൽ  ശ്രീ പരമേശ്വരന്റെ  പ്രതിഷ്ഠ  പടിഞ്ഞാട്ട്   പമ്പയാറിന്റെ  നേർക്കാണ്.  കിഴക്കോട്ട്   ദർശനമായിട്ടാണ്   ശ്രീ ഭദ്രകാളി.  ഈ  നട  ഒരിക്കലും  തുറക്കുകയില്ല.  വടക്കോട്ട്   ദർശനമരുളുന്ന  ശാന്ത  സ്വരൂപിണിയായ  ഭഗവതിയുടെ   നടയാണ്  തുറക്കുന്നത്.

പനയന്നാർകാവ്‌   ഐതിഹ്യത്തെക്കുറിച്ച്  കൊട്ടാരത്തിൽ  ശങ്കുണ്ണിയുടെ  "ഐതിഹ്യമാല"  എന്ന  ഗ്രന്ഥത്തിൽ  പരാമർശമുണ്ട്.  പതിനാലാം  ശതകത്തിൽ  രചിക്കപ്പെട്ട,  മണിപ്രവാള   സന്ദേശ  കാവ്യമായ  "ഉണ്ണുനീലീസന്ദേശത്തിലും"  ഈ ക്ഷേത്രത്തെ  കുറിച്ച്  പ്രസ്താവിക്കുന്നുണ്ട്.    പക്ഷെ, പില്ക്കാലത്ത്   കണ്ടെടുത്ത  ക്ഷേത്ര  ചരിത്രരേഖകളുമായി  മേൽപ്പറഞ്ഞ  സംഗതികൾക്ക്   ബന്ധം  ഒന്നും തന്നെയില്ല.

കിഴക്കേ നട 



ക്ഷേത്ര  മതിലിനു  ചുറ്റുമായിട്ടാണ്   നാഗരാജാക്കന്മാർ,  നാഗയക്ഷികൾ,  അവരുടെ സന്തതി  പരമ്പരകളായ  നാഗസന്തതികളേയും   കുടിയിരുത്തിയിട്ടുള്ള  കാവ്.  ഇവിടെയാണ്‌   കടമറ്റത്തു  നിന്നു  വന്ന  യക്ഷിയമ്മയേയും  പ്രതിഷ്ഠിച്ചിട്ടുള്ളത്.

ഈ  ക്ഷേത്രം  പണികഴിപ്പിച്ചതുമായി  ബന്ധപ്പെട്ട  ഒരുപാട്  കഥകൾ  പറഞ്ഞു  കേൾക്കുന്നുണ്ട്.  അതിലൊരു  കഥ,  പരശുരാമനും,  ദുർവ്വാസാവും,  നാരദമഹർഷിയും  കൂടിയാണ്  ക്ഷേത്രം  പണികഴിപ്പിച്ച്  പ്രതിഷ്ഠ  നടത്തിയത്   എന്നുള്ളതാണ്.  വീര-രൌദ്ര  ഭാവത്തോടെ  അത്യുഗ്രരൂപത്തോട്   കൂടിയ  ദേവീ  വിഗ്രഹം  പ്രതിഷ്ഠിക്കാൻ  മുനിശ്രേഷ് ഠന്മാർക്ക്   കഴിഞ്ഞില്ലെന്നും  അവസാനം  കോഴി,  ആട്,  ആന  തുടങ്ങിയ  ജന്തുബലികളും,  ഒടുവിൽ  നരബലിയും  സമർപ്പിച്ച   ശേഷം  മാത്രമാണ്  ദേവി  പ്രസാദിച്ചതും,  പ്രതിഷ്ഠ  നടത്താൻ  കഴിഞ്ഞതും.


പ്രചാരത്തിലുള്ള  മറ്റൊരു  കഥ.  പാണ്ടിനാട്ടിൽ  ഏതോ  ഒരു  ക്ഷേത്രത്തിൽ  നടത്തിവന്നിരുന്ന  പൂജകളിലൊന്നും  ആ  ക്ഷേത്രത്തിലെ  ഭഗവതി  സംതൃപ്തയല്ലെന്നും,  മലയാളത്തുനിന്നു  ബ്രാഹ്മണരെ  കൊണ്ടുവന്നു  പൂജ  നടത്തണമെന്നും,  ആ  പൂജാവിധികൾ  അവിടെയുള്ള  ശാന്തിക്കാരെ  പഠിപ്പിക്കണമെന്നും  ദേവപ്രശ്നത്തിൽ  തെളിഞ്ഞു.  അങ്ങനെ  പാണ്ടിരാജാവിന്റെ  അഭ്യർത്ഥന  പ്രകാരം  പരുമലയിൽ  നിന്ന്  കുറെ  ബ്രാഹ്മണരെ  പൂജകൾക്കായി  അവിടേക്ക്   ക്ഷണിച്ചുകൊണ്ട്   പോയി.

പാണ്ടിനാട്ടിൽ  എത്തിയ  ഈ  ബ്രാഹ്മണർ  യഥാവിധി  പൂജകളെല്ലാം  നടതുകയും,  മന്ത്രതന്ത്രങ്ങൾ  അവിടെയുള്ളവരെ  അഭ്യസിപ്പിക്കുകയും  ചെയ്തിട്ട്   തിരികെ  നാട്ടിലേക്ക്   യാത  തിരിച്ചു.

ഇതേസമയം  പരുമലയിലുള്ള  ഒരു  ബ്രാഹ്മണ  ഗൃഹത്തിലെ  വൃദ്ധന്   ഒരു  സ്വപ്ന  ദർശനമുണ്ടായി.  പാണ്ടിയിൽ  നിന്ന്   തിരിച്ചു  വരുന്ന  ബ്രാഹ്മണരോടൊപ്പം  അവിടുത്തെ  ദേവിയും  എഴുന്നെള്ളൂന്നുണ്ടെന്നും,  അവർ  എത്തിച്ചേരുമ്പോഴേക്കും  ഒരു  ക്ഷേത്രം  പണിയാനുള്ള  സ്ഥാനം  നോക്കി വെയ്ക്കണമെന്നും,  മറ്റു  പ്രാരംഭ  പണികൾ  ഉടൻ  ആരംഭിക്കണം  എന്നുമായിരുന്നു  സ്വപ്നം.  ആ   വൃദ്ധ  ബ്രാഹ്മണൻ  അതിനുള്ള  ഏർപ്പാടുകൾ  ചെയ്തു.  അന്ന്  ഈ ക്ഷേത്രം  സ്ഥിതി  ചെയ്യുന്ന  സ്ഥലം  കൊടുംകാടായിരുന്നു.  ആ  കാടിന്  മദ്ധ്യത്തിലാണ്    പ്രതിഷ്ഠ  നടത്തുന്നതിനുള്ള  സ്ഥാനം  കണ്ടത്.

 വളരെ  ആഘോഷപൂർവ്വം   വിഗ്രഹ  പ്രതിഷ്ഠ  നടത്തി.  ക്ഷേത്രനിർമ്മാണവും   വളരെ  പെട്ടെന്നു  തന്നെ  പൂർത്തിയാക്കി.  ആ  കാവിന്റെ  പരിസരപ്രദേശത്ത്   വളരെക്കുറച്ച്   കുടുംബങ്ങളെ  അന്ന്   ഉണ്ടായിരുന്നുള്ളൂ.  ക്ഷേത്ര  നിർമ്മാണമൊക്കെ  കഴിഞ്ഞ്   പൂജകളൊക്കെ  മുടങ്ങാതെ  നടന്നു കൊണ്ടിരുന്നു.  പക്ഷെ   പരിസരത്തുള്ള  വീട്ടുകാർക്കാകട്ടെ   സമാധാനമായി  രാത്രി  കഴിച്ചുകൂട്ടാൻ  നിർവാഹമില്ലാത്ത   സ്ഥിതിയാണ്   വന്നുചേർന്നത്.   രാത്രിയായാൽ  ഭയങ്കര  നിലവിളിയും  കോലാഹലങ്ങളും,  അട്ടഹാസങ്ങളും  എന്നുവേണ്ടാ  ഒരു  ഭീകര  അന്തരീക്ഷം  തന്നെ  അവിടെ സംജാതമായി.  ദേവപ്രശ്നം  വെച്ചുനോക്കിയപ്പോൾ  പാണ്ടിനാട്ടിൽ  നിന്ന്  ഭാഗവതിയോടൊപ്പം  മറ്റ്   ഉപദേവതകളും,  ഭൂതഗണങ്ങളും  വന്നിട്ടുണ്ടെന്നും  അവരെ  വേണ്ട  പോലെ  കുടിയിരുത്തിയിട്ടില്ലെന്നും  വെളിപ്പെട്ടു.  ഈ  ഉഗ്രമൂർത്തികളാകട്ടെ  പട്ടിണിയിലാണെന്നും   പ്രശ്നത്തിൽ  തെളിഞ്ഞു.  അതിൻപ്രകാരം  ചുറ്റുകാവുകളിൽ   ഈ  ദേവതകളെ  കുടിയിരുത്തി  പൂജാകർമ്മങ്ങൾ  നടത്തി  തുടങ്ങി.  അതോടെ  അനുഭവപ്പെട്ടിരുന്ന  കോലാഹലങ്ങളും  നിലച്ചു.  ഇതാണ്  ആ കഥ.

നാലമ്പലത്തിന്റെ  വടക്കേ  നടയിൽ  ഏഴു  സ്ത്രീകളുടെ  പ്രതിമ  കാണാം.  ഇതിന്റെ  ഐതിഹ്യം  എന്റെ  അമ്മൂമ്മ  പറഞ്ഞ്   ഞാൻ  കേട്ടിട്ടുണ്ട്.   ഏഴു  വെറ്റിലക്കാരികൾ  രാത്രിയിൽ   പമ്പാ  നദി  അക്കരെ  കടക്കാൻ  നിവൃത്തിയില്ലാതെ  പരുമലയിൽ  ചെന്ന്   പെട്ടു.  അവിടെയുള്ള  സമ്പന്ന  ബ്രാഹ്മണ  ഗൃഹങ്ങളിൽ  ഉള്ളവരാരും  തന്നെ  അവർക്ക്   അഭയമോ,  ഭക്ഷണമോ  നൽകാൻ  തയ്യാറായില്ല.  അവസാനം   അവർ  ഒരു  പട്ടിണിപ്പാവമായ    വിധവയുടെ  ഇല്ലത്തെത്തി,  ഭക്ഷണം  ആവശ്യപ്പെട്ടു.  ഇവരുടെ  മകൻ  കാവിലെ  കീഴ് ശാന്തിയായിരുന്നു.  പിറ്റേന്ന്   ഉഷ:പൂജക്കുള്ള   അവിലും,  മലരും, വറപൊടിയുമേ  അവിടെ  ഉണ്ടായിരുന്നുള്ളൂ. 

എന്റെ അമ്മൂമ്മ (മണിപ്പുഴ, ജാനകിയമ്മ)
അത്താഴ പൂജ  കഴിഞ്ഞ്   അവരുടെ  മകൻ  കൊണ്ടുവരുന്ന  നിവേദ്യ  ബാക്കിയായ  ഉണക്കച്ചോർ  ആയിരുന്നു  അവരുടെ  അത്താഴം.  മകനാകട്ടെ,  തിരിച്ചെത്തിയിട്ടുമില്ല. നിവേദ്യത്തിന്റെ  എച്ചിൽ  ഞങ്ങൾക്ക്   വേണ്ടാ,  അവിടെയിരിപ്പുള്ളത്    എന്തെങ്കിലും  തന്നാൽ  മതി  എന്നവർ  പറഞ്ഞു.  യാതൊരു  മടിയും  കൂടാതെ  ഉഷ:പൂജക്ക്‌   വെച്ചിരുന്നതിന്റെ  ഒരു  പങ്കെടുത്ത്   അവർക്ക്   നല്കി.  അവരുടെ  വിശപ്പ്‌   അടങ്ങിയില്ലെന്നും  ബാക്കിയുള്ളതു   കൂടി  വിളമ്പികൊടുക്കാനും  അവർ  പറഞ്ഞു.  ആ  സാധുക്കളുടെ  വിശപ്പടങ്ങട്ടെ  എന്ന്   സമാധാനിച്ച്   ബാക്കിയിരുന്നതു   മുഴുവൻ  വിളമ്പിക്കൊടുത്തു.  ഇതോടെ  വെറ്റിലക്കാരികളുടെ  രൂപമാകെ  മാറി.  ശ്രീ  ഭദ്രകാളിയുടേയും   ഉപദേവതമാരുടേയും  രൂപത്തിൽ  കാണുമാറായി.  ആ  സാധു വിധവ  ദേവിയെ  സാഷ്ടാംഗം

വടക്കേനടയിൽ പ്രതിഷ്ഠിച്ചിട്ടുള്ള വെറ്റിലക്കാരികൾ 
നമസ്ജരിച്ചു.  ദേവിയാകട്ടെ  ശാന്തസ്വരൂപിണിയായ   ലളിതയുടെ  രൂപത്തിലേക്ക്   മാറുകയും  ആ  വൃദ്ധയെ  അനുഗ്രഹിക്കുകയും  ചെയ്തു.  അപ്പോഴേക്കും  ശാന്തി  കഴിഞ്ഞ്   അവരുടെ  മകനും  എത്തിച്ചേർന്നു.  ദേവീദർശനവും  അനുഗ്രഹവും,  ദേവിയുടെ  പരമഭക്തനായ  ആ  യുവാവിനും  ലഭിച്ചു.  തനിക്ക്   അഭയവും  ഭക്ഷണവും  നിഷേധിച്ച  മറ്റു ഗൃഹങ്ങളെല്ലാം  ഉടൻതന്നെ  വെന്തു  വെണ്ണീറാകുമെന്നും,  അമ്മയും  മകനും  തന്നോടൊപ്പം  പോരാനും  ദേവി  നിർദ്ദേശിച്ചു.   ദേവിയോടൊപ്പം  അവർ  ആറ്റുകടവിൽ  എത്തിയപ്പോഴേക്കും  ആ  പ്രദേശമാകെ  അഗ്നിക്ക്   ഇരയാവുകയും  ചെയ്തു.

ആ  അമ്മയേയും   മകനേയും  അതിനടുത്തു  തന്നെ  പാർപ്പിച്ചു.   "സാലനിപാതം  ചെയ്യും  പവനനു  തൂലനിരാകരണം  ദുഷ്കരമോ?"   എന്നാണല്ലോ..?  ദേവിയാകട്ടെ,  പടിഞ്ഞാറേനടയിൽ  വലതുവശത്തുള്ള  ആറാമത്തെ  കരിമ്പനയിൽ  അവാസമാക്കുകയും  ചെയ്തു.  ഈ  ദേവിയേയാണ്   മുനിമാർ  പിന്നീട്   ക്ഷേത്രം  പണികഴിപ്പിച്ച്   പ്രതിഷ്ഠിച്ചത്   എന്നാണ്   ചരിത്രം.

ഈ  ക്ഷേത്രത്തിന്റെ  താന്ത്രിക  അവകാശം  തിരുവല്ല  പറമ്പൂരില്ലത്തെ   പട്ടേരിമാർക്കാണ്.  ക്ഷേത്ര  ഉടമസ്ഥത  ആദിശ്ശന്മാർ  എന്നൊരു  ജാതിയിൽപ്പെട്ടവർക്കും.   കാവിൽ  ആൾക്കുരുതി  അവസാനിപ്പിച്ചതുമായി  ബന്ധപ്പെട്ടിരിക്കുന്നതാണ്   ആദിശ്ശന്മാരുടെ  ചരിത്രം.

ദേവിക്ക്   നവ കന്യകയേയാണ്   ബലി  കൊടുക്കേണ്ടത്.   പരിപൂർണ്ണ  മനസോടെ   തയ്യാറായി  വരുന്ന  കന്യകകളെ  മാത്രമേ  ബലി  കൊടുക്കാവൂ  എന്നാണ്    പ്രമാണം. മാത്രമല്ല  ബലിക്കല്ലിൽ  തല  വെയ്ക്കുമ്പോഴോ,  കഴുത്തു  വെട്ടാൻ  വാളുയർത്തുമ്പോഴോ  ബലികന്യക  ഭയന്ന്  നിലവിളിക്കുകയോ,  എതിർപ്പുപ്രകടിപ്പിക്കുകയോ  ചെയ്താൽ  ഗുരുതി  നടത്താൻ  പാടില്ല  എന്നും  പറയുന്നുണ്ട്.

ഒരുകാലം  ഗുരുതിക്കുള്ള  കന്യകകളെ  തേടി  ക്ഷേത്രത്തിൽ  നിന്ന്   ഒരുസംഘം  ആൾക്കാർ  യാത്രയായി.  യാത്രാമദ്ധ്യേ  ദൂരെയേതോ  സ്ഥലത്ത്   ഒരു  നായർ  ഭവനത്തിൽ  അവർ  വിശ്രമിക്കാൻ  കയറി.  ആ  സംഘം  തങ്ങളുടെ യാത്രോദ്ദേശം  ഗൃഹനാഥനോട്   പറയുന്നത്   കേട്ട്,  ആ  ഭവനത്തിലെ  ഒരു  പെണ്‍കുട്ടി,  പനയന്നാർകാവിലമ്മക്ക്   താൻ  ബലിവസ്തു  ആയിക്കൊള്ളാമെന്ന്   വളരെ  സന്തോഷത്തോടു  കൂടി  പറഞ്ഞു.  വീട്ടുകാർ  അവളെ  അതിൽനിന്ന്   പിന്തിരിപ്പിക്കാൻ  ആവുന്നത്ര  ശ്രമിച്ചിട്ടും,  തീരുമാനത്തിൽ  നിന്ന്   പിന്തിരിയാൻ  ആ  കുട്ടി  തയ്യാറായില്ല.  ഈശ്വരവിധി  എന്നോർത്ത്    വീട്ടുകാർ  സമാധാനിച്ചു.

ആ  കന്യകയുമായി  സംഘം  അടുത്ത  ദിവസം  തന്നെ  പനയന്നാർകാവിലെത്തിച്ചേർന്നു.  തുടർന്ന്   ബലിക്കുള്ള  ഒരുക്കങ്ങൾ  ആരംഭിക്കുകയും ചെയ്തു.  ബലി  നടത്താനുള്ള  നാളും  മുഹൂർത്തവും  സംജാതമായി.  നാലുവെളുപ്പിന്   കുളിച്ച്,  രക്തകുങ്കുമം  അണിഞ്ഞ്‌,  മുടി  മുകളിലേക്കുകെട്ടി,  തെച്ചിപ്പൂ  മാലയുമണിഞ്ഞ്,   അവൾ  ബലിക്കല്ലിനടുത്തെത്തി.  അവളുടെ  മുഖത്ത്   ഒരു  കളിപ്പാട്ടം  കിട്ടിയ  പിഞ്ചുകുഞ്ഞിന്റെ  സംതൃപ്തിയും  ആഹ്ലാദവുമാണ്   തിളങ്ങി  നിന്നിരുന്നത്.

"അമ്മേ ദേവീ,  എന്നെ  സ്വീകരിക്കണേ"  എന്ന്   പുഞ്ചിരിച്ചു   ജപിച്ചുകൊണ്ട്‌    അവൾ  ആ  ബലിക്കല്ലിൽ  തല  ചേർത്ത്   കിടന്നു.  ആ  സമയം   ഒരു  ആശ:രീരി  കേൾക്കുകയുണ്ടായി.  ഈ  പെണ്‍കുട്ടിയെ  തനിക്കുവേണ്ടി ബലി  കഴിക്കേണ്ടതില്ലെന്നും,  മേലിൽ  ഇവിടെ ആൾക്കുരുതി വേണ്ടതില്ലെന്നും,  ക്ഷേത്രത്തിന്റെ  കിഴക്കേനട  മേലിൽ  തുറക്കരുതെന്നും  തുടർന്ന്   അരുളപ്പാടുണ്ടായി.  ആ  പരമ്പരയിലുള്ളവരാണ്   ആദിശ്ശന്മാർ.  ആദിയിൽ  ശേഷിച്ചവരത്രേ  ആദിശ്ശന്മാർ.  ആദി  ശ്രേഷ്ഠന്മാരാണ്   ആദിശ്ശന്മാരെന്നാണ്   പുതിയ  തലമുറയുടെ  അവകാശവാദം.

കിഴക്കേ നട  തുറക്കരുത്   എന്നുമാത്രമല്ല,  വിഗ്രഹത്തിന്   നേരെ  പൂജ  കഴിക്കുന്നവർപോലും  നോക്കരുതെന്നുമാണ്    ആചാരം.  അതുകൊണ്ട്   വിഗ്രഹത്തിന്റെ  വലതു  ഭാഗത്ത്   പിന്നിൽ  നിന്നുകൊണ്ടാണ്   ഇവിടെ  പൂജ  നടത്തുന്നത്.   രാവിലെ  പത്തുമണിക്ക്   ശേഷവും,  വൈകിട്ട്  അഞ്ചുമണിക്ക്   മുമ്പും,  ക്ഷേത്രത്തിനകത്തും  നടക്കുനേർക്കും  ആരും  ചെല്ലരുതെന്നും    ഇവിടെ  കർശനമായ  നിയമമുണ്ട്.  ഭഗവതിയുടെ  അനുജ്ഞയുള്ള  ദിവസങ്ങളിൽ  മാത്രമേ  ഇതിന്   മാറ്റം  വരുത്താൻ  കഴിയുകയുള്ളൂ.   അഹിന്ദുക്കൾക്കും  ഈ  ക്ഷേത്രത്തിൽ  പ്രവേശനമുണ്ട്.  മാത്രമല്ല  അമ്മക്ക്   അത്   വലിയ  ഇഷ്ടവും  ആണെന്നാണ്   പറയപ്പെടുന്നത്.
സർപ്പക്കാവ് 




ഇവിടുത്തെ  പ്രധാനപ്പെട്ട  വഴിപാടുകൾ  വലിയഗുരുതിയും  കുത്തിയോട്ടവും  ആണ്.   അത്താഴ  പൂജ  കഴിഞ്ഞശേഷമാണ്   ഗുരുതി  നടത്തുക.  സ്ത്രീകൾ   ഗുരുതി  പൂജയിൽ  സംബന്ധിക്കാനോ,  ഗുരുതി  തൊഴാനോ  പാടില്ല.  സന്താന  സൌഭാഗ്യത്തിനും,  കുഞ്ഞുങ്ങളുടെ  ഐശ്വര്യത്തിനും  ചുവന്ന  പട്ട്   കിഴക്കേനടയിൽ  സമർപ്പിക്കാറുണ്ട്.  അതുപോലെ  അപമൃത്യു  സംഭവിച്ചവരുടെ  ആത്മാവിനെ  മണികളിൽ  ആവാഹിച്ച്   കിഴക്കേനടയിൽ  കെട്ടിത്തൂക്കുന്ന  ഒരാചാരം  പണ്ടുമുതലേ  ഇവിടെയുണ്ട്.  കുഞ്ഞുങ്ങൾക്ക്   പേടികിട്ടാതിരിക്കാൻ  കറുത്ത  ചരട്   ജപിച്ചു  കെട്ടിക്കൊടുക്കും.  ഈറൻമുടിയോടെയോ, മുടിയഴിച്ചിട്ടോ  ഇവിടെ  ദർശനം  പാടില്ല.

ഓർമ്മയായ  കാലം  മുതൽ  എന്റെ  അമ്മൂമ്മയോടൊപ്പം  പനയന്നാർകാവിൽ  പോകുമായിരുന്നു.  അവിടുത്തെ  ആചാരങ്ങളും  ചിട്ടകളും  എനിക്ക്   നല്ലവണ്ണം  അറിയാം.  ഈ  അടുത്ത  കാലത്തായി   പുതിയ  ആചാരങ്ങളും  ചില  രസകരങ്ങളായ  വഴിപാടുകളും  സ്ഥാനം  പിടിച്ചിരിക്കുന്നതായി കാണുന്നു.

ക്ഷേത്രത്തിന്   പടിഞ്ഞാറുള്ള   കാവിനടുത്ത്   ക്ഷേത്രപാലകന്റെ  ഒരമ്പലമുണ്ട്.  ക്ഷേത്രപാലകന്  നേദ്യം  കള്ളാണ്.  പരിശുദ്ധമായ  തെങ്ങിൻ കള്ള്.   അത്   സംഭരിക്കേണ്ട  ചുമതല  ഒരു  കുടുംബക്കാർക്കാണ്.  അവർക്ക്    അതിനുള്ള  പ്രതിഫലവും  നിശ്ചയിച്ചിട്ടുണ്ട്.   ഈ  കള്ള്    ചെത്തിയെടുക്കാനുള്ള  തെങ്ങ്   ക്ഷേത്ര  ദേവസ്വത്തിന്റെ  പുരയിടത്തിൽനിന്നാണ്   നല്കിയിട്ടുള്ളത്.  പണ്ടുമുതൽ  നിലനിന്നുവരുന്ന  ഒരാചാരമാണിത്.   ആ  വീട്ടുകാർ  ഒരുകുപ്പി  കള്ള്   വെളുപ്പിനു  തന്നെ  നടക്കു  കൊണ്ടുവന്നുവെച്ച്   അവരുടെ  കർത്തവ്യം  നിറവേറ്റുന്നുമുണ്ട്.


ഈ  അടുത്തകാലത്തായി  ചില  വിദ്വാന്മാർ  ഒരു  വിദ്യ  വളരെ  വിജയകരമായി  ചെയ്തു  വരുന്നു.  ദൂരെ  ദേശങ്ങളിൽ  നിന്നു  വരുന്ന  ഭക്തരുടെയടുത്താണ്   ഇതുപ്രയോഗിക്കുന്നത്.   "ക്ഷേത്രപാലകന്  കുടിക്കാനുള്ളത്   നടക്കു  വെച്ചോ...?"  എന്നാണ്   ചോദ്യം.  സംഗതി  വിശദീകരിച്ചു  കൊടുക്കും.  ക്ഷേത്രപാലകനെ  സംതൃപ്തനാക്കിയിട്ടു  വേണം  ഭഗവതിയെ  കാണാൻ.  ഒരു  കുപ്പി  മദ്യം  നടക്കുവെച്ചു  തൊഴുതിട്ടു  വേണമത്രേ  ദേവീ  ദർശനത്തിനു  പോകാൻ.  രാവിലെ  ഒരു കുപ്പി  ബ്രാണ്ടിയും  കൊണ്ട്   ആരും  അമ്പലത്തിൽ  വരികയില്ലല്ലോ?  ഈ  പറഞ്ഞ  'ക്ഷേത്രപാലന്മാരുടെ'  പക്കൽ  അതിനുള്ള   റെമഡിയും  ഉണ്ട്.   500 രൂപാ  കൊടുത്താൽ  പോതും.  പട്ടാളം  റെഡി.  ഭക്തന്   സമാധാനവും  മറ്റേകക്ഷികൾക്ക്   സംതൃപ്തിയുമായി.  മൂന്നു നാലു   മാസങ്ങൾക്ക്   മുമ്പ്   ഒരു ഭക്തൻ  അതിന്   ഇരയാവുന്നത്   ഞാൻ  കണ്ടു.  സിനിമാ  നടൻ   സുരേഷ്  ഗോപി.  ഇപ്പോൾ  സംഭവം  അല്പം  കൂടി  പുരോഗമിച്ചിട്ടുണ്ടത്രേ!   വടക്കേ നടയിൽ  കോഴിയെ  നടക്ക്   വെക്കുന്ന  ഒരേർപ്പാട്.  ടച്ചിംഗ് സിനും എന്തെങ്കിലും വേണമല്ലോ....?

ഇപ്പോൾ  കിഴക്കേ നട കണ്ടാൽ  ഉത്സവത്തിന്‌   ക്ഷേത്രപരിസരത്ത്   കണ്ടു വരുന്ന  കച്ചവടസ്ഥലം പോലെയിരിക്കും. ചുവപ്പും കറുപ്പും നിറമുള്ള റിബണുകൾ,  കരിവള,  ചെറിയ  തൊട്ടിലിന്റെ  മാതൃകകൾ......എന്നിങ്ങനെ  ആ  പട്ടിക  നീളുന്നു.

ക്ഷേത്ര  ദേവസ്വത്തിന്റെ  മാനേജർ  പാർട്ടിയിലെ  എന്റെയൊരു  സഹപ്രവർത്തകനാണ്.   അദ്ദേഹത്തോട്  ചോദിച്ചപ്പോൾ  ഒരു  സ്വർണ്ണക്കടയുടെ  പരസ്യ  വാചകം  തന്നെയാണ്   പറഞ്ഞത്.  "ചേട്ടാ,...വിശ്വാസം അതല്ലേ എല്ലാം.."

ബൊമ്മക്കൊരു,  അക്ഷയതൃദീയ  അങ്ങനെ  പണ്ടൊന്നും  കേട്ടിട്ടില്ലാത്ത  എന്തെല്ലാം  ആചാരങ്ങളാണിപ്പോൾ  കേരളത്തിൽ !  മഹാമനസ്കന്മാരാണ്   മലയാളികൾ.  അതല്ലെങ്കിൽ,  ഭീമഭട്ടരുടേയും  ജോയ്  ആലൂക്കായുടെയും  ജോസ് കോയുടെയും  ഐശ്വര്യത്തിനുവേണ്ടി  ആ  ദിവസം  തന്നെ  സ്വർണ്ണം  മേടിക്കുമോ...?  അക്ഷയതൃദീയക്ക്   സ്വർണ്ണം  നൽകുന്നവർക്കാണ്   ഐശ്വര്യമുണ്ടാവുന്നതെന്ന്  മലയാളിക്ക്   അറിയില്ല  എന്നുണ്ടോ..?

വഴിപാട്   നേർന്നത്,  നടത്താതെപോയാൽ  പനയന്നാർകാവിലമ്മ  ദു:സ്വപ്നം  കാണിക്കുമെന്നാണ്  എന്റെ  അമ്മൂമ്മ  വിശ്വസിച്ചിരുന്നത്.  വഴിപാട്  നേർന്നത്   വീട്ടിലാരെങ്കിലുമൊക്കെ  മറന്നുകാണുമെന്നു  കരുതി,  അമ്മൂമ്മ  മാസത്തിലൊരിക്കൽ  കാവിൽ  പോയി  ഒരു ഡസൻ  വഴിപാടുകൾ  കഴിക്കുന്നത്   സാധാരണമായിരുന്നു.

പരുമല തിരുമേനി  വടക്കേ നടയിലും  യക്ഷിയമ്പലത്തിലും  ചെന്ന്  പ്രാർത്ഥന  നടത്തുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.  പരുമല  പള്ളിപ്പെരുന്നാളിനു  കൊടിയുയർത്തുന്നതിന്   മുമ്പ്   കാവിൽ നടയിൽ  വെറ്റില  പറപ്പിക്കുന്ന  ആചാരം  ഇപ്പോഴുമുണ്ട്.

ചിത്രങ്ങൾ  കടപ്പാട്   :  വലിയ പനയന്നാർകാവ്   ദേവസ്വം.

                                                                                 ശുഭം