Friday, June 20, 2014

നവരസങ്ങൾ എട്ടോ ഒൻപതോ : പി. രവീന്ദ്രനാഥ്





കഥകളി ആചാര്യനും, മഹാ നടനും, ഗ്രന്ഥകർത്താവുമായിരുന്ന മാത്തൂർ കുഞ്ഞുപിള്ള പണിയ്ക്കർ നാട്യ രസങ്ങൾ എട്ടേയുള്ളൂ എന്നാണ്  അഭിപ്രായപ്പെട്ടിട്ടുള്ളത്.  അതിനദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ബ്രഹ്മാവ്‌  ഭരതമുനിയോട്  പറഞ്ഞിട്ടുള്ള "ഏതേഹ്യഷ് ട്ടൗ രസാ പ്രോക്താ ദൃഹിണേന മഹാത്മനാ" എന്ന പ്രസ്താവനയാണ്. ഭരതൻ പക്ഷെ നാട്യശാസ്ത്രത്തിൽ ഒൻപത്‌  രസങ്ങളെക്കുറിച്ച്  പരാമർശിക്കുന്നുണ്ട്.

കഥകളിയെ സംബന്ധിച്ച്  ആധികാരിക ഗ്രന്ഥം എന്ന്  മഹാകവി വള്ളത്തോൾ വിശേഷിപ്പിച്ച "കഥകളി പ്രകാശിക" എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ് മാത്തൂർ. ഗ്രന്ഥരചന നിർവ്വഹിച്ചിട്ടുള്ളത്  ശ്ലോകങ്ങളിലാണ്.

ഒരു നമ്പൂതിരി തന്റെ സംബന്ധക്കാരിയായ വാരസ്യാരുടെ ഭവനത്തിൽ രണ്ടു മൂന്നു ദിവസങ്ങൾ സന്ദർശിക്കാൻ കഴിയാതിരുന്നതിന്റെ കാരണം, കഥകളി കാണാൻ പോയതുകൊണ്ടാണെന്നുള്ള  ക്ഷമാപണമാണത്തോടെ ആരംഭിക്കുന്ന  ആധികാരികമായ ഒരു കഥകളി പഠന ഗ്രന്ഥമാണ് , ഓട്ടൻതുള്ളലിന്റെ ശൈലിയിൽ രചിച്ചിട്ടുള്ള ഈ കാവ്യം.

"നല്ലില്ലത്തമരുന്നൊരു ഭൂസുര-
നുല്ലാസത്തൊടു പണ്ടൊരു നാളിൽ
പല്ലവതുല്യാധരിയാം തന്നുടെ
വല്ലഭയാകിയ വാരസ്യാരൊടു
സല്ലാപങ്ങൾ തുടങ്ങീടുമ്പോൾ
മല്ലാക്ഷീമണി ചോദ്യം ചെയ്താൾ."

കഥകളി കാണാൻ പോയ കാര്യവും അതിന്റെ വിശേഷങ്ങളും നമ്പൂതിരി വിശദീകരിക്കുകയാണ് :

"തുംഗകുചേ ഞാനുള്ളതു പറയാം
ഞങ്ങളൊരഞ്ചട്ടാളിടകൂടി,
കഥകളിയുണ്ടേ കോലോത്തെന്നൊരു
കഥനംകേൾക്കായ്  വന്നിതുടൻതാൻ
കുയിൽമൊഴി ഞങ്ങളുമവിടേക്കെത്തി 
കഥയുമറിഞ്ഞു വിളക്കിനിടത്തായ് 
കളിയിതു കാണ്മാൻ കൌതുകമോടും 
കഥമപി തിക്കിഞെക്കിയിരുപ്പായ് 
കളി ബഹുഭേഷായെന്നേ വേണ്ടൂ 
കളിയിതുപോൽ ഞാൻ കണ്ടിട്ടില്ല."

ജിജ്ഞാസ വർദ്ധിച്ച വാരസ്യാരുടെ ചോദ്യങ്ങൾക്ക്  ഉത്തരം പറയുന്ന രൂപത്തിലാണ് , കഥകളിയെപ്പറ്റി അറിഞ്ഞിരിക്കേണ്ട വസ്തുതകൾ മാത്തൂർ വിശദീകരിച്ചിട്ടുള്ളത്.

ഈ ഗ്രന്ഥത്തിൽ നാട്യരസങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ശൃംഗാരം, വീരം, കരുണം, അത്ഭുതം, ഹാസ്യം, ഭയാനകം,രൌദ്രം, ബീഭത്സം തുടങ്ങിയ എട്ടു രസങ്ങളുടെ പ്രയോഗ രീതിയാണ് , സാധാരണക്കാർക്കു പോലും പെട്ടെന്ന്  മനസ്സിലാക്കുന്നതിന്  വളരെ ലളിതമായി അദ്ദേഹം വിശദീകരിക്കുന്നത്.



1. ശൃംഗാരം 
ശൃംഗാരം വരേണമെങ്കിൽ 
കണ്‍മിഴികൾ മദ്ധ്യേ നിർത്തി 
കണ്‍തടങ്ങളേറ്റിച്ചെറുചുണ്ടുകൾ 
ചേർത്തു ചിരിയൊടരിയ പുരികമിളക്കുക.

2. വീരം 
കണ്ണുകൾ നന്നായി തുറന്നു 
കരിമിഴികൾ തെല്ലുതാഴ്ത്തി 
പുരികമേറ്റിയുരുതരം നടൻ നിജ-
കവിളിളക്കുമറിക വീരരസമതു.

3. കരുണം 
നേത്രങ്ങൾ നന്നായി ചെറുതാക്കി 
മിഴികൾ രണ്ടും ചെറ്റേറ്റുമ്പോൾ 
ദു:ഖമുള്ളിലൊട്ടടച്ചു പുഞ്ചിരി ചേർത്തു 
പുരികമിളകീടുന്നു കരുണേ.

4.അത്ഭുതം 
അത്ഭുത രസമെന്നാകിൽ 
വിഭ്രമം വെടിഞ്ഞു നേത്രം 
ചെറ്റടച്ചു വിട്ടു നോക്കി 
ചിരിയഥ വിട്ടുവിട്ട്  പുരികമധികമിളകീടും.

5. ഹാസ്യം 
നേത്രങ്ങളൊരു പുറത്തായ് 
ചേർത്തു കീഴ്‌മേൽ നോക്കി മദ്ധ്യേ 
ദൃഷ്ടി വെച്ചു കണ്‍തടങ്ങൾ പുരികവു-
മേറ്റി വക്ത്രമുടനേ തിരിക ഹാസ്യമാം.

6. ഭയാനകം 
നേത്രങ്ങളേറ്റം തള്ളിച്ചു 
ഗാത്രവും മുഖവും തമ്മിൽ 
തെല്ലിടഞ്ഞു തിരിക വേണം ഇരുവശ-
മിത്ഥമാണ്  ദൃഷ്ടിയബ് ഭയാനകമേ.

7. രൌദ്രം 
കരിമിഴി താഴ്ത്തി തള്ളിച്ചാ 
ചില്ലി രണ്ടും നന്നായി പൊക്കി 
കണ്‍തടങ്ങളിളകിടുമ്പോളിത്തിരി 
ചുണ്ടുചലനമുണ്ടു രൌദ്രമേതു സതി.

8. ബീഭത്സം 
ബീഭത്സം പ്രകൃതം വിട്ടു 
പ്രാകൃതത്തെക്കാട്ടുന്നതാം 
അധരമൊട്ടു പിറുപിറുത്തു കാട്ടുമ-
പ്പുരിക മദ്ധ്യമൊട്ടടിക്കുമഴകൊട്.

ഇതാണ്  വർണ്ണന.

ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാക്കന്മാരുടെ സേനാനായകന്മാരായിരുന്നു നെടുമുടിയിലുള്ള മാത്തൂർ കുടുംബക്കാർ. രാജസേവ പരമ്പരാഗതമായി അനുഭവിച്ചു വന്നിരുന്ന മാത്തൂർ കുടുംബാംഗങ്ങൾ വാസനാസമ്പന്നരായ കലാകാരന്മാരും, മഹാപണ്ഡിതന്മാരുമായിരുന്നു. സമ്പന്നമായ ഈ കുടുംബത്തിലെ കൃഷ്ണൻ കുഞ്ഞുപണിക്കരുടെ പുത്രനായി 1873 ലാണ്  കുഞ്ഞുപിള്ള പണിക്കർ ജനിച്ചത്‌.

മാത്തൂർ കളരിയിലെ ശങ്കുപ്പിള്ളയാശാനാണ്  അദ്ദേഹത്തെ കഥകളി അഭ്യസിപ്പിച്ചത്. അഞ്ചു വർഷത്തെ അഭ്യസനത്തിനു ശേഷം പതിനെട്ടാമത്തെ വയസ്സിൽ ആദ്യവസാന വേഷം കെട്ടിയാണ്  അരങ്ങേറ്റം നിർവ്വഹിച്ചത്.  കാർത്തവീര്യാർജ്ജുനവിജയത്തിലെ രാവണൻ. കമലദളം.

കറതീർന്ന ചൊല്ലിയാട്ടത്തിന്റെ ചിട്ട, ഔചിത്യമുള്ള മനോധർമ്മങ്ങൾ, രസാവിഷ്ക്കരണത്തിനും, ഭാവാവിഷ്ക്കരണത്തിനുമുള്ള നിപുണത അങ്ങനെയെല്ലാമുള്ള അനുഗ്രഹീത നടനായിരുന്നു അദ്ദേഹം.

"ജയ ജയ രാവണ" എന്ന പദം നാരദൻ ആടുമ്പോൾ സ്ഥായിയായ വീരരസം വിടാതെ മറ്റു രസങ്ങൾ അദ്ദേഹം നടിക്കുമായിരുന്നു എന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്.

സീതാസ്വയംവരത്തിലെയും ഭാർഗ്ഗവരാമചരിതത്തിലെയും പരശുരാമന്റെ വേഷത്തിന്റെ രൂപകൽപന നിർവ്വഹിച്ചിട്ടുണ്ട്. മുഖത്തു ചുട്ടിയും, ചവപ്പു മനയോലയും, നീണ്ട ചുവന്ന താടി, കിരീടം, ചുവന്ന ഉടുത്തുകെട്ട്, കൈയ്യിൽ മഴുവും വില്ലും. പണ്ട് കാലത്ത്  വളരെ പ്രസിദ്ധമായിരുന്നു ഈ വേഷം.



കത്തിയും പച്ചയും കെട്ടാൻ അദ്ദേഹം ഒരുപോലെ പ്രാവീണ്യം നേടിയിരുന്നു. ഉത്ഭവം, ബാലിവിജയം, കാർത്തവീര്യാജ്ജുനവിജയം എന്നെ കഥകളിലെ രാവണൻ, നരകാസുരൻ തുടങ്ങിയ കത്തി വേഷങ്ങളുടേയും, നളൻ, ബാഹുകൻ, രുഗ്മാംഗദൻ, കിർമ്മീരവധത്തിലെ ധർമ്മപുത്രർ തുടങ്ങിയ പച്ചവേഷങ്ങലുടെയും അവതരണത്തിൽ അദ്ദേഹത്തിന്  അസാമാന്യ വിശേഷ സിദ്ധിതന്നെ ഉണ്ടായിരുന്നു. എന്തിനേറെ, കിരാതത്തിലും നളചരിതത്തിലും കാട്ടാളൻ, നക്രതുണ്ഡി, രുഗ്മിണീസ്വംവരത്തിലും സന്താനഗോപാലത്തിലും ബ്രാഹ്മണൻ, മണ്ണാൻ തുടങ്ങിയ വേഷങ്ങൾക്കു പോലുമുണ്ടായിരുന്നു പ്രത്യേക സവിശേഷത.

"കഥകളിപ്രകാശികയുടെ" അവതാരികയിൽ വള്ളത്തോൾ പ്രശംസിച്ചത്  ഇങ്ങനെയാണ് :  "നമ്മുടെ നടശ്രേഷ്ഠന്റെ കവിതാ വാസന കണ്ടപ്പോൾ പത്മരാഗക്കല്ലിൽ പരിമളം കൂടി ഉണ്ടായതായിട്ടാണ്  എനിക്കു തോന്നിയത്."

ആ മഹാ പ്രതിഭ 1929ൽ ഇഹലോകവാസം വെടിഞ്ഞു.  


**********************************************************************





Saturday, April 19, 2014

അടവു നയം! : പി. രവീന്ദ്രനാഥ്




മാന്നാർ നായർ സമാജം ഹൈസ്ക്കൂളിൽ പത്തിൽ പഠിക്കുമ്പോൾ ഞാനായിരുന്നു എസ്.എഫ്.ഐ. യൂണിറ്റ്  പ്രസിഡന്റ്.  സെക്രട്ടറി കുട്ടംപേരൂരിലുള്ള ഒരു രാജനും. പത്തുരണ്ടായിരം പേര്  പഠിക്കുന്ന ആ സ്ക്കൂളിൽ ഞങ്ങൾ എസ്.എഫ്. കാർ നൂറിൽ താഴെ മാത്രം. ഞങ്ങളുടെ പഠിപ്പ്  മുടക്ക്  സമരം ഒന്നും ഹെഡ് മാസ്റ്റർ കെ.പി. ഗോപാലകൃഷ്ണപിള്ള സാർ ഗൌരവത്തിൽ എടുക്കാറേയില്ല. സമര ദിവസം ഞങ്ങൾ അവിടെയും ഇവിടെയും നടന്ന്  കുറേ ഈങ്ക്വിലാബ്  വിളിക്കും. ബോറടിക്കുമ്പോൾ ക്ലാസ്സിൽ കയറാതെ ഞങ്ങൾ വീട്ടിൽ പോകും.തൊട്ടു താഴെ ക്ലാസ്സിൽ പഠിക്കുന്ന അനുജൻ രാജൻ പോലും ഒരനുഭാവവും പ്രകടിപ്പിക്കുമായിരുന്നില്ല. 

സെക്രട്ടറി രാജൻ ഒരു തീവ്ര വിപ്ലവകാരിയായിരുന്നു. അന്നു തന്നെ പത്തിരുപത്തിരണ്ടു വയസ്സ്  പ്രായം കാണും. എനിക്കാകട്ടെ കഷ്ടിച്ച്  15 വയസ്സും. 



ഇതിങ്ങനെ വിട്ടാൽ പറ്റുകയില്ലല്ലോ. ഒരു സംസ്ഥാന വ്യാപകമായ പഠിപ്പ്  മുടക്ക്.  എങ്ങനെയും ക്ലാസ്സ്  നടക്കുന്നത്  തടയണമെന്ന്  ഞങ്ങൾ  തീരുമാനിച്ചു. ആദ്യം ഗേൾസ്‌  സ്കൂളിൽ ചെന്ന്  പെണ്‍ കുട്ടികളെ ഇറക്കുക. അക്കാര്യത്തിൽ എനിക്ക്  പരിപൂർണ്ണ യോജിപ്പായിരുന്നു. ഞങ്ങൾ പത്തറുപത് പേർ തൊട്ടടുത്തുള്ള പെണ്‍ വിഭാഗത്തിലേക്ക്  മാർച്ച്  ചെയ്തു. 13 പെണ്‍ കുട്ടികൾ ക്ലാസ്സ്  ഉപേക്ഷിച്ച്  പുറത്തിറങ്ങി.

സി.പി.എം. ന്റെ  രണ്ട്  ആലപ്പുഴ ജില്ലാ നേതാക്കന്മാരുടെ 7 മക്കൾ ബോയ്സിലും ഗേൾസിലുമായി പഠിക്കുന്നുണ്ട്. സ്ഥലം എം.എൽ.എ. കൂടിയായ പി.ജി. പുരുഷോത്തമൻപിള്ളയുടെ 3 മക്കൾ - ഞാൻ, അനിയൻ രാജൻ, അനിയത്തി മിനി - ആദ്യകാല കമ്മ്യൂണിസ്റ്റ്  നേതാവും, പാർട്ടിയുടെ മാന്നാറിലെ ജീവനാഡിയുമായ സ. കെ.കെ. ചന്ദ്രശേഖരൻപിള്ള വൈദ്യന്റെ 4 പെണ്‍മക്കൾ - ഗീത, ഗംഗ, അംബിക, ഹൃദയ -. പക്ഷെ സമരത്തോട്  ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ വൈദ്യന്റെ രണ്ടാമത്തെ മകൾ ഗീതയും, പുരുഷോത്തമൻ പിള്ളയുടെ മൂത്ത മകൻ രവീന്ദ്രനാഥും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എങ്ങനെയും പഠിത്തം മുടക്കിക്കണമെന്നാണല്ലോ തീരുമാനം. റോഡിൽ നിന്ന്  സ്ക്കൂളിലേക്ക്  കല്ലേറു തുടങ്ങി. ഈ കലാപരിപാടി അധികനേരം ആഘോഷിക്കാൻ മാന്നാർ പോലീസ് ഞങ്ങളെ അനുവദിച്ചില്ല. പെണ്‍ കുട്ടികളെ ജീപ്പിലും, ഞങ്ങളെ പൊരിവെയിലത്ത്  നടത്തിയും സ് റ്റെഷനിൽ കൊണ്ട്  പോയി. ഈനാംപേച്ചിയും മരപ്പട്ടിയും എന്ന പോലെ ചേരുംപടി ചേർച്ചയുള്ളവരായിരുന്നു എസ്. ഐ.യും ഇഞ്ചാർജ്  ഹെഡ് കോണ്‍സ്റ്റബിളും. ചുവപ്പു കണ്ടാൽ മദമിളകും.


സടേഷ്ന്റെ വരാന്തയിലും പുറത്തുമായി ഞങ്ങളെ ഇരുത്തി. എസ്.ഐ. വന്നിട്ടു വേണം  നടപടി എടുക്കാൻ.  ഏഡ്  ഇടയ്ക്കിടെ വന്ന്  വെരുട്ടുന്നുണ്ട്. ക്ഷീണിച്ച്  മുദ്രാവാക്യം വിളിയൊക്കെ എപ്പോഴേ നിർത്തി. എസ്.ഐ. വന്നുകഴിഞ്ഞാൽ സംഭവിക്കാൻ സാദ്ധ്യതയുള്ളത്  ഓർത്തപ്പോൾ എന്റെ വിപ്ലവ വീര്യം കുറേശെ അലിയാൻ തുടങ്ങി. അപ്പോഴാണ്‌  എണ്ണയ്ക്കാട്ടുകാരൻ ഒരു പോലീസുകാരൻ  എന്റെ ശ്രദ്ധയിൽ പെട്ടത്.  എന്റെ അമ്മാവന്റെ ഒരാശ്രിതനാണ്.  എന്നെ ഒരു പക്ഷെ പരിചയം കാണാം.

 മനസ്സിലായില്ലെങ്കിൽ ഗോപാലപിള്ള വൈദ്യന്റെ അനന്തിരവൻ ആണെന്ന്  പറയാം.

"നമുക്ക്  ചായയോ, നാരങ്ങാ വെള്ളമോ വല്ലോം തരുമോന്ന്  ഞാൻ കേറി അന്വേഷിച്ചിട്ടു വരാം." എം.എൽ.എ.യുടെ മകനല്ലേ, സംഭവം ചിലപ്പോൾ നടന്നേക്കാം. മറ്റു വിപ്ലവകാരികൾ  അങ്ങനെയാണ്  കരുതിയത്.

പേടിച്ചാണെങ്കിലും ഞാൻ അകത്തു കയറി ആ പോലീസുകാരനെ കണ്ടു. "ചേട്ടാ, എന്നെ മനസ്സിലായോ, ഞാൻ കോയിക്കലെ വൈദ്യന്റെ അനന്തിരവനാ. ഞങ്ങളെ എപ്പം വിടും."

"വിടാനോ, ഹ ഹ ഹ, എസ്.ഐ. അദ്ദേഹം വന്നിട്ട്  നാലു പൂശു പൂശീട്ടെ വിടാവൂന്ന ഐ.ജി.യുടെ ഉത്തരവ്. എന്തിനാ എന്റെ കൊച്ചനേ, ഈ വയ്യാവേലിക്കൊക്കെ, പോയെ..?"

"പറ്റിപ്പോയി, ചേട്ടാ. പോലീസ് എം.എൽ.എ. യുടെ മക്കളെ തല്ലുമോ...?" എന്റെ ശുദ്ധഗതികൊണ്ട്  ചോദിച്ചു പോയതാണ്.

"മറ്റുള്ളവർക്ക്, നാലും എമ്മെല്ലേടെ മക്കൾക്ക്  എട്ടും അടി കൊടുക്കാനാ ഉത്തരവ്."

എന്റെ തൃക്കുരട്ടി മഹാദേവരേ....ഞാൻ അറിയാതെ വിളിച്ചു പോയി. "കുറുപ്പുചേട്ടാ, എന്നെ ഇവിടുന്നൊന്ന്  വലിയാൻ സഹായിക്കാമോ?" അഭ്യർത്ഥിക്കുകയല്ല, സത്യത്തിൽ യാചിക്കുകയായിരുന്നു.


"മേലാൽ ഈ കുണ്ടാമണ്ടിക്കൊന്നും പോയേക്കരുത്  - എന്നൊരു താക്കീതോടെ പിറകിലെ ഗേറ്റ്  തുറന്നു തന്നു. പോലീസ്  ക്വാർട്ടേഴ്സകളുടെ മുറ്റത്തു കൂടി, പടനിലം ചന്ത വഴി ഞാനെന്റെ വിപ്ലവ വീര്യം ബലികഴിച്ചു.

കാലങ്ങൾക്ക്  ശേഷം. ഞാൻ ഡി.വൈ.എഫ്.ഐ. മേഖലാ കമ്മറ്റി സെക്രട്ടറി. കൂത്ത് പറമ്പ്  വെടിവെപ്പിൽ പ്രതിഷേധിച്ച്  പുളിക്കീഴ്  പോലീസ് സ്റ്റെഷനിലേക്ക്  പന്തം കൊളുത്തി പ്രകടനം നയിക്കുകയാണ്.  കുറുപ്പ്  ചേട്ടനായിരുന്നു   പുളിക്കീഴ്  അഡീഷണൽ എസ്.ഐ.
ആ ദ്രോഹി അനുയായികളെ സാക്ഷിയാക്കി എന്നെ വധിക്കുമെന്ന്  ഞാൻ വിചാരിച്ചില്ല

. "എട്ട്  ചൂരൽ കഷായം എന്നു കേട്ടപ്പോൾ, കൊടിയും വടിയുമിട്ടിട്ട്  ഓടിപ്പോയവനാ നിങ്ങടെ ഈ നേതാവ്. എടാ പിള്ളാരെ, നിങ്ങൾക്ക്  വേറെ ആരെയും കിട്ടിയില്ലിയോടാ...." 

ഇതിനേക്കാൾ ഭേദമായിരുന്നു, കൂത്തുപറമ്പ്  വെടിവെപ്പ്! 





 

Tuesday, April 8, 2014

ഒടക്കപ്പച്ചൻ - പി.രവീന്ദ്രനാഥ്



തെരഞ്ഞെടുപ്പ്  വന്നപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞ ചിത്രം, ഞങ്ങളുടെ പ്രിയങ്കരനായിരുന്ന ഒടക്കപ്പച്ചന്റെയാണ്. അപ്പച്ചൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന്  ആഗ്രഹിച്ചു പോവുന്ന നിമിഷങ്ങൾ!

ഒടക്കപ്പച്ചൻ കടപ്രയിലുള്ള ഒരു മാർക്സിസ്റ്റ്‌ കാരനായിരുന്നു. അപ്പച്ചന്  ഒടക്ക്  എന്ന വിശേഷണം എങ്ങനെ കിട്ടി എന്ന്  ഇനിയും ഗവേഷണം ചെയ്ത്  കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്.  നേരിൽ ചോദിച്ച്  സംശയ നിവൃത്തി വരുത്താനും മാർഗമില്ല. പത്തുപന്ത്രണ്ടു കൊല്ലങ്ങൾക്ക്  മുമ്പ്  അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു കഴിഞ്ഞു.
അപ്പച്ചൻ ആരോടെങ്കിലും ഒടക്കിയിട്ടുള്ളതായി ചരിത്ര രേഖകളില്ല. ശാന്ത സ്വഭാവമാണ്.  അല്പമെങ്കിലും ചൂടാവുന്നത്  മാർക്സിസ്റ്റ്‌  പാർട്ടിയെ ആരെങ്കിലും ആക്ഷേപിക്കുമ്പോൾ മാത്രമാണ്.  വിമർശിക്കുന്നതിൽ അദ്ദേഹത്തിന്  തെല്ലും പരിഭവമുണ്ടായിരുന്നില്ല. "പ്രതിക്രിയാ വാതക"വും മറ്റും പ്രയോഗിച്ച്  എതിരാളികളെ നേരിടാൻ അമ്പുകൾ അദ്ദേഹത്തിന്റെ ആവനാഴിയിൽ സുലഭമായിരുന്നു.
കടപ്ര ജംഗ്ഷനിൽ നിന്ന്,  നിരണത്തേക്ക്  പോകുന്ന വഴിക്കുള്ള രണ്ടാമത്തെ വളവിലുള്ള പുറമ്പോക്ക്  പുരയിടത്തിൽ ആയിരുന്നു താമസിച്ചിരുന്നത്.  ചെറിയ ഒരു ഓലപ്പുര. വിദേശത്തുനിന്ന്  തിരികെ വന്ന്  സി.പി.എം. പ്രാദേശിക രാഷ്ട്രീയത്തിൽ ഞാൻ സജീവമാകുന്നത് 1990 ൽ ആണ്.  അക്കാലത്ത്  അപ്പച്ചൻ പാർട്ടി മെമ്പർ ആയിരുന്നില്ല. അവിഭക്ത കമ്മ്യൂണിസ്റ്റ്  പാർട്ടിയിലും, പിളർപ്പിനുശേഷം സി.പി.എമ്മിലും അപ്പച്ചൻ മെമ്പറായിരുന്നുവെന്ന്  അച്ഛൻ പറഞ്ഞറിയാമായിരുന്നു. പിന്നെന്തോ അപ്പച്ചൻ മെമ്പർഷിപ്പ്  പുതുക്കിയില്ല. പക്ഷെ പാർട്ടിയുമായി അകലുകയുണ്ടായില്ല. ഒരു പാർട്ടി മെമ്പറേക്കാൾ ഉത്തരവാദിത്തബോധത്തോടെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുമായിരുന്നു.
1991 ലെ തെരഞ്ഞെടുപ്പു കാലത്താണ്  അപ്പച്ചനോടൊന്നിച്ച്  പ്രവർത്തിക്കാൻ എനിക്ക്  കഴിഞ്ഞത്.  അന്ന്  ഞാനായിരുന്നു കടപ്ര പഞ്ചായത്ത്  തെരഞ്ഞെടുപ്പ്  കമ്മറ്റി കണ്‍വീനർ. നിയമസഭാ സ്ഥാനാർഥി ജനതാദളിലെ മാത്യു ടി. തോമസ്സും, ലോകസഭാ സ്ഥാനാർഥി സുരേഷ് കുറുപ്പും ആയിരുന്നു. ഞങ്ങളൊക്കെ രണ്ടു ചിഹ്നങ്ങളും അടയാളപ്പെടുത്തിയ ബാഡ്ജ്  പോക്കറ്റിൽ കുത്തി പ്രവർത്തിക്കുമ്പോൾ, അപ്പച്ചൻ ചുറ്റിക അരിവാൾ നക്ഷത്രം മാത്രമുള്ള ബാഡ് ജേ ധരിക്കുമായിരുന്നുള്ളൂ.
മെയ് ദിനത്തിനും, ഈ.എം.എസ്. എ.കെ.ജി., സി.എച്ച്., അഴീക്കോടൻ  ദിനങ്ങളിലും കടപ്ര രക്ത സാക്ഷിമണ്ഡപത്തിൽ രാവിലെ ഏഴു മണിക്ക്  മുമ്പുതന്നെ, ആര് വന്നാലും വന്നില്ലെങ്കിലും അപ്പച്ചൻ പുഷ്പാർച്ചന നടത്തി ചെങ്കൊടി ഉയർത്തും. എൽ.സി. സെക്രട്ടറി കുറുപ്പുചേട്ടനും, ഡി.സി. മെമ്പർ ലോപ്പസ് സാറും  ആ ദിനങ്ങൾ മറന്നു പോയാലും അപ്പച്ചൻ മറക്കുകയില്ല.
കടപ്ര പഞ്ചായത്തിലെ എല്ലാ വോട്ടർമാരുടെയും സ്ഥിതിവിവര കണക്കുകൾ ഉള്ളം കയ്യിലെ നെല്ലിക്കയായിരുന്നു. മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, കൂട്ടിക്കൊണ്ടു വന്നാൽ സ്വന്തം സ്ഥാനാർഥിക്ക്  വോട്ടു ചെയ്യുന്നവർ - ഇതൊക്കെ അപ്പച്ചന്  നല്ല നിശ്ചയമാണ്.
വോട്ടേഴ്സ്  ലിസ്റ്റ്  കിട്ടിക്കഴിഞ്ഞ്  അത്  അപ്പച്ചനെ ഏൽപ്പിച്ചാൽ മതി. സ്ഥിതി വിവരങ്ങൾ രേഖപ്പെടുത്തി രണ്ടു ദിവസത്തിനകം തിരികെ തന്നിരിക്കും. അപ്പച്ചന്റെ ആ ഉപകാരം 91 ലെ ഇലക്ഷന്  എനിക്ക്  ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.  തെരെഞ്ഞെടുപ്പിന്റന്നു ബൂത്ത്  എജെന്റിനെ നിശ്ചയിക്കുമ്പോൾ അപ്പച്ചന്റെ പേരായിരുന്നു ഒന്നാമത്  നിർദ്ദേശിക്കപ്പെട്ടിരുന്നത്.  പോളിംഗ് സ് റ്റേഷനിൽ എതിരാളികളുടെ ഒരടവും അപ്പച്ചന്റടുത്ത് ഫലിക്കുകയില്ല.
പാർട്ടിയിൽ നിന്ന്  എന്തെങ്കിലും സൌജന്യം അപ്പച്ചൻ ആവശ്യപ്പെട്ടതായി എനിക്കറിവില്ല. വല്ലപ്പോഴും വീട്ടിൽ വരുമായിരുന്നു. അച്ഛൻ വീട്ടിലുണ്ടെങ്കിൽ ദീർഘനേരം പഴയ കാര്യങ്ങൾ പറഞ്ഞിരിക്കും. അച്ഛന്  തിരക്കില്ലെങ്കിൽ അത്  ഉച്ചയൂണ്  വരെ നീളും. ഊണു കഴിഞ്ഞ്  വെയിലാറിയിട്ടെ തിരിച്ചു പോവുകയുള്ളു. ആണി രോഗിയായിരുന്നു. അതുകൊണ്ട് ഒരു പ്രത്യേക താള ക്രമത്തിലായിരുന്നു അപ്പച്ചന്റെ നടപ്പ്.
അപ്പച്ചൻ ചിലപ്പോഴൊക്കെ സാമ്പത്തിക സഹായത്തിന്  എന്നെ സമീപിച്ചിട്ടുണ്ട്.  അരി വാങ്ങിക്കാനോ, പഞ്ചാര വാങ്ങിക്കാനോ ആയിരുന്നില്ല ആ സഹായ അഭ്യർത്ഥന. പുതിയ കൊടി തയ്പ്പിക്കാൻ, അല്ലെങ്കിൽ ഇ.എം.എസ്സിന്റെയൊ എ.കെ.ജിയുടേയോ ഫോട്ടോ ഫ്രെയിം ചെയ്യിക്കാൻ.
ഇങ്ങനെ അപ്പച്ചനെ പോലെയുള്ള ആയിരക്കണക്കിന്  നിസ്വാർത്ഥരായ സഖാക്കൾ വളർത്തിയെടുത്തതാണ്  കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനം. അവരുടെ ചോരയുടെയും വിയർപ്പിന്റെയും മണമുണ്ട്  ഈ പ്രസ്ഥാനത്തിന്.  ആ സ്മരണകൾ നല്കുന്ന കരുത്തുമുണ്ട്.
ഒടക്കപ്പച്ചന്റെ സ്മരണക്ക് മുമ്പിൽ വിപ്ലവാഭിവാദ്യങ്ങൾ!

Wednesday, March 12, 2014

എല്ലാം ശ്രീവല്ലഭന്റെ കൃപ : പി. രവീന്ദ്രനാഥ്




ഇക്കഴിഞ്ഞ നാലാം തീയതി തിരുവല്ല തുകലശേരി മഹാദേവ ക്ഷേത്രത്തിൽ, സുപ്രസിദ്ധകഥകളി ഗായകരായ തിരുവല്ല ഗോപിക്കുട്ടൻനായരാശാനും, തിരുവല്ല സുരേഷും ചേർന്നവതരിപ്പിക്കുന്ന കഥകളിപ്പദ കച്ചേരിയുണ്ട്  എന്നറിഞ്ഞിരുന്നു. ചില വ്യക്തിപരമായ തിരക്കുകൾ കാരണം അന്ന്  ആ പരിപാടിക്ക്, അതിയായ മോഹമുണ്ടായിരുന്നെങ്കിലും പോകാൻ കഴിഞ്ഞില്ല. കഥകളിപ്പദ കച്ചേരിയല്ല പ്രത്യുത കഥകളി സംഗീതവും, ഭക്തിഗാനങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഒരു പരിപാടിയായിരുന്നു അത്.

ആ പരിപാടി ആദ്യാവസാനം ശ്രവിച്ച സംഗീത തൽപ്പരരായ രണ്ടു സുഹൃത്തുക്കൾ, മാലക്കര ഉണ്ണിയും, ഹരി കിഷോറും കച്ചേരിയേക്കുറിച്ച്  പറഞ്ഞപ്പോൾ, അതു കേൾക്കാൻ കഴിയാതെ പോയതിൽ കുണ്ഠിതം തോന്നി. വിഷമിക്കേണ്ടാ, മാർച്ച് 10ന്  തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഗോപിക്കുട്ടനാശാനും അദ്ദേഹത്തിന്റെ ശിഷ്യനും, ഇക്കൊല്ലത്തെ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിന്  എ ഗ്രേഡും, ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ജ്യോതിസ്  എസ്. നായരും അതുപോലെ ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്,  ഹരി പറഞ്ഞു.

വൈകിട്ട്  6 മണിക്കാണ്  കഥകളി പ്രിയനായ ശ്രീവല്ലഭന്റെ തിരുനടയിൽ, ആ ക്ഷേത്രത്തിലെ ഒരു നിറസാന്നിദ്ധ്യമായ ഗോപിച്ചേട്ടൻ കച്ചേരി ആരംഭിച്ചത്. കൂടെ ജ്യോതിസ് പാടി. വയലിൻ - ഹരികുമാർ ഇരവിപേരൂർ, മൃദംഗം - മാവേലിക്കര വരദൻ, ഘടം - തൃക്കൊടിത്താനം രാജേഷ്, മുഖർശംഖ് - രാധാകൃഷ്ണൻ തൃക്കൊടിത്താനം എന്നിവരായിരുന്നു പക്കം.

ശ്രീ തിരുവല്ല ഗോപിക്കുട്ടൻനായർ 
കേരളീയ ദൃശ്യകലയായ കഥകളിയും, അതിന്റെ സാഹിത്യമായ ആട്ടക്കഥയും ആട്ടക്കഥാകാരന്മാരായ പണ്ഡിതന്മാരുടേയും, സാഹിത്യതൽപ്പരരായ സംഗീതജ്ഞരുടേയും, നാട്യാചാര്യന്മാരുടേയും കൂട്ടായ്മയായിരിക്കുമല്ലോ ചിട്ടപ്പെടുത്തിയിട്ടുള്ളത്.  പിൽക്കാലങ്ങളിൽ അഭിനയസങ്കേതങ്ങളിലും, ഗാനാലാപനശൈലിയിലും പലപ്പോഴായി പണ്ഡിതന്മാർ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിൽ ചില പരീക്ഷണങ്ങൾ സ്വീകാര്യമാണെങ്കിലും. പൊതുവെ പറഞ്ഞാൽ ഈ കൂട്ടിചേർക്കലുകൾ പലതും പട്ടുനൂലിനോട്  ചേർത്തു കെട്ടിയ വാഴനാരു പോലെയാണ്  അനുഭവപ്പെടുന്നത്  എന്നതാണ്  യാഥാർത്ഥ്യം.

"മന്മഥനാശന മമ കർമ്മ മേവമോ" എന്ന കിരാതത്തിലെ പദം, ചെമ്പട താളത്തിൽ മോഹനം രാഗത്തിലാണ്  ആലപിക്കേണ്ടത്. ക്ലാസ്സിക്കൽ സംഗീതത്തിൽ പറയുന്ന ആദിതാളം. ഇന്ന്  പല ഗായകരും മുറിയടന്തയിൽ, സുരുട്ടി രാഗത്തിൽ ആലപിക്കുന്നത്  കേൾക്കാറുണ്ട്. ആ രംഗത്തിന്റെ ഭാവതീവ്രത നടനിൽ പ്രതിഫലിക്കണമെങ്കിൽ, ചെമ്പടയും മോഹനവും തന്നെയാണ്  യോജിച്ചത്.

മറ്റൊരു ഉദാഹരണം പറയാം. ദ്വിജാവന്തി രാഗത്തിന്, കർണ്ണാടക സംഗീതത്തിലും,  കഥകളി സംഗീതത്തിലും വേറിട്ട രീതിയാണുള്ളത്. യേശുദാസിന്റെ പ്രസിദ്ധമായ "ഒരുനേരമെങ്കിലും കാണാതെ വയ്യ" എന്ന പ്രസിദ്ധമായ ഭക്തിഗാനം ദ്വിജാവന്തി രാഗത്തിലാണ് സംഗീതം ചെയ്തിരിക്കുന്നത്.  നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകന്റെ "മറിമാൻ കണ്ണിയും" ദ്വിജാവന്തിയാണ്.  രാഗത്തിന്റെ ഭാവത്തിന്  എത്രത്തോളം വ്യത്യാസമുണ്ടെന്ന്  ഈ ഗാനങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. നളചരിതത്തിൽ വളരെ വികാരപ്രക്ഷുബ്ധനായ ബാഹുകനാണ്  രംഗത്തുള്ളത്. ആ രംഗത്തിന്റെ ഗൌരവം ഉൾക്കൊണ്ടുകൊണ്ട്, ഭാവത്തിന്  പ്രാധാന്യം കൊടുത്തു തന്നെ ഭാഗവതർ പാടണം. ഇന്ന്  ചില കഥകളി ഗായകർ പാടുന്ന കർണ്ണാടക സംഗീതം, നടന്റെ നട്ടെല്ല്  ഒടിക്കാനെ ഉപകരിക്കൂ എന്നാണെന്റെ പക്ഷം.

അതുപോലെ കഥകളിയിൽ ഉപയോഗിക്കുന്ന എല്ലാ രാഗങ്ങളും മുകൾപഞ്ചമം വരെ പോകേണ്ട കാര്യമില്ല. എന്നാൽ മുകൾപഞ്ചമം വരെ നിർബ്ബന്ധമായും ചെല്ലേണ്ട രാഗങ്ങളും ഉണ്ട്.  ഉദാഹരണം മദ്ധ്യമാവതി, കല്യാണി, കേദാരഗൌളം, പാടി തുടങ്ങിയ രാഗങ്ങൾ. കഥകളി ഗായകർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണിത്.  ആടുന്ന നടനുവേണ്ടിയാണ്  എന്ന ചിന്തയില്ലാതെ പാടുന്നത്  ഔചിത്യപരമല്ല. ദേവയാനീചരിതത്തിലെ "പാണീപീഡനം" എന്ന പദം തന്നെ, ഇന്ന്  പലഗായകരും പലരാഗങ്ങളിലാണ്  പാടുന്നത്.  സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ മഹാപണ്ഡിതനായിരുന്ന താഴവന ഗോവിന്ദനാശാൻ ആ പദം അഠാണയിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്  മറ്റൊരു രാഗവും അവിടെ തീരെ യോജിച്ചതല്ല എന്നു മനസ്സിലാക്കിയിട്ടു തന്നെയാണ്.

ഗോപിക്കുട്ടനാശാനും ജ്യോതിസ്സും.
പാടുന്ന വരികളുടെ അർത്ഥം ശരിക്കു മനസ്സിലായില്ലെങ്കിൽ ഭാവം സ്ഫുരിക്കുകയില്ല. അർത്ഥം ശരിക്കു മനസ്സിലായാൽ "ഗോവിന്ദം മാദ്യം" എന്നോ, "നാരീ.....മാരും" എന്നൊക്കെ പാടുമോ?

പന്തളത്തിനടുത്ത്  ഈയിടെ കണ്ട ഒരു കിരാതത്തിലെ അർജ്ജുനൻ കെട്ടിയ നടന്റെ വിക്രിയ കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. "മന്മഥനാശനാ മമ കർമ്മ" എന്ന പദം ആ നടൻ നിന്നുകൊണ്ടാണ്  ആടിയത്. എന്താണ്  ഇതിനർത്ഥം?

ശിവനിൽ നിന്ന്  പാശുപതാസ്ത്രം ലഭിക്കുന്നതിനായി അർജ്ജുനൻ തപസ്സിനുപോയി. അർജ്ജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ കാട്ടാളവേഷത്തിൽ പ്രത്യക്ഷപ്പെട്ടു. കാട്ടാളനുമായി അർജ്ജുനൻ യുദ്ധമായി. അവസാനം കാട്ടളനാൽ  "കഷ്ടം മട്ടലർബാണ വൈരി മേൽപോട്ടെറിഞ്ഞീടിനാൻ" - പുഷ്പതൽപ്പത്തിലാണ്  അർജ്ജുനൻ ചെന്നു വീണത്.  അവിടെയിരുന്ന്  മണ്ണുകൊണ്ട്  ശിവലിംഗമുണ്ടാക്കി പുഷ്പാർച്ചന നടത്തി. ശിവലിംഗത്തിലേക്ക്  അർപ്പിച്ച പൂക്കളെല്ലാം കാട്ടാളന്റെ ശിരസ്സിൽ വീഴുന്നതാണ്  അർജ്ജുനൻ കണ്ടത്. കയ്യും മെയ്യും തളർന്നിരിക്കുകയാണ്  അർജ്ജുനൻ. പന്തളത്ത്  അർജ്ജുനൻ എണീറ്റ്  നിൽക്കുന്നതു കണ്ട്  പൊന്നാനി പാടിക്കൊണ്ടു നിന്ന ഗോപിച്ചേട്ടൻ അന്തം വിട്ടു കാണണം. അവിടെ കഥകളി അറിയാവുന്നവർ കുറവായിരുന്നത്  മദ്ധ്യമപാണ്ഡവന്റെ ഭാഗ്യം! അദ്ദേഹം ഈ ലേഖനം കാണുന്നെങ്കിൽ നന്ന്,  ഭാവിയിൽ അത്  തിരുത്താൻ ഉപകരിക്കും. ഇത്  കഥകളിയാണ്.  തോന്ന്യവാസം കാണിക്കാനുള്ളയിടമല്ല എന്ന്  ആ നടൻ മനസ്സിലാക്കുന്നത്  നന്ന്.

തിരുവല്ല അമ്പലത്തിലെ ഗോപിച്ചേട്ടന്റെ കച്ചേരിയും,  ഇരിങ്ങാലക്കുടയിൽ കലാമണ്ഡലം രാജേന്ദ്രന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച്, കഥകളി സംഗീതത്തെ കുറിച്ചുനടന്ന ഒരു സിമ്പോസിയത്തിൽ പാലനാട് ദിവാകരൻ, ഡോ. മനോജ്‌ കുറൂർ, ഡോ. വേണുഗോപാൽ എന്നിവരുടെ പ്രസംഗവുമാണ്   ഇത്രയും രേഖപ്പെടുത്താൻ എന്നെ പ്രേരിപ്പിച്ചത്.

പ്രസിദ്ധ കഥകളി നടൻ തലവടി അരവിന്ദൻ ഗോപിക്കുട്ടനാശാനെ പൊന്നാടയണിയിച്ച്  അനുമോദിക്കുന്നു.
ഗോപിച്ചേട്ടൻ അവതരിപ്പിച്ച പരിപാടിയിലേക്ക്  തിരിച്ചു വരാം.  ശ്രീവല്ലഭനെ സ്തുതിച്ചുകൊണ്ടുള്ള ഒരു വന്ദന ശ്ലോകത്തോടെയാണ്  കച്ചേരി ആരംഭിച്ചത്. ദക്ഷയാഗത്തിലെ "കണ്ണിണയ്ക്കാനന്ദം" എന്ന കല്യാണി പദമാണ്  രണ്ടാമത്  പാടിയത്.  അതിമനോഹരമായിരുന്നു ആലാപനം. ജ്യോതിസും നല്ല നിലവാരം പുലർത്തി. മൈക്കും, മൃദംഗവും അല്പം ശല്യമായിരുന്നു എന്നു പറയാതെ നിർവ്വാഹമില്ല.

വിജനേബത -തോഡി, കത്തുന്ന വനശിഖി -ശങ്കരാഭരണം, എന്നുടെ കഥകളെ -ശഹാന, യാമി യാമി ഭൈമീ -മദ്ധ്യമാവതി തുടങ്ങിയ കഥകളി പദങ്ങളാണ്  ആശാനും ശിഷ്യനും കൂടി പാടിയത്.

ചില സൌഹൃദ സായാഹ്ന സമ്മേളനങ്ങളിലും, കാറിലുള്ള യാത്രകളിലും മറ്റും ഗോപിച്ചേട്ടന്റെ സിനിമാ നാടക ഗാനങ്ങളും, ലളിത ഭക്തി ഗാനങ്ങളും അനവധി തവണ കേട്ടിട്ടുണ്ട്. ഓർക്കെസ്ട്രായോടെയുള്ള ലളിതഗാനാലാപനം ആദ്യമായി കേൾക്കുകയായിരുന്നു. ഗോപിക്കുട്ടനാശാൻ നല്ലപോലെ ലളിതഗാനം പാടുമെന്ന്,  ഒരിക്കൽ തിരുവല്ലയിൽ വെച്ച്  കോട്ടക്കൽ നാരായണൻ പറഞ്ഞത്  ഞാൻ ഓർക്കുന്നു.

ശ്രീശബരീശാ, ശങ്കരാഭരണം സിനിമയിലെ മദ്ധ്യമാവതിയിലുള്ള ശങ്കരാ നാദശരീരാപരാ, പറന്നു പറന്നു പറന്നുചെല്ലാൻ, പുത്തൻ തിരുവാതിര പൂത്തിരുവാതിര, ഒരുനേരമെങ്കിലും എന്നീ ഗാനങ്ങളാണ് പാടിയത്.  ഈ എഴുപതാം വയസ്സിൽ ഇത്ര മനോഹരമായി, അനായാസമായി പാടുന്നത്  കേട്ടപ്പോൾ സത്യത്തിൽ എനിക്ക്  അസൂയ തോന്നി.

"ഹൃദയത്തിലിരുന്നുകൊണ്ട്  തിരുവല്ല അപ്പാ" എന്ന ഗാനത്തിൽ, കഥകളി പ്രിയനായ ശ്രീവല്ലഭനെ സ്തുതിക്കുന്ന ഒരു ചരണത്തിൽ ഇരയിമ്മൻതമ്പിയെ പരാമർശിക്കുന്നുണ്ട്.  ആ ചരണം കഴിഞ്ഞ്  കീചകവധത്തിലെ കാംബോജിയിലുള്ള ഹരിണാക്ഷീ ജന എന്ന പദം, കലർത്തി പാടിയത്  ഒരു നൂതനാനുഭവമായിരുന്നു. അവിടെയിരുന്നവരെല്ലാം എണീറ്റ്  നിന്ന്  കയ്യടിച്ച്  അനുമോദിച്ചത്  ആ ഗായകനു ലഭിച്ച ഏറ്റവും വലിയ ബഹുമതിയല്ലാതെ എന്താണ്?

പാട്ട്  കഴിഞ്ഞ്  കണ്ടപ്പോൾ ശ്രീ തലവടി അരവിന്ദൻ എന്നോട്  പറഞ്ഞു:  "അതിമനോഹരമായ ഒരു ഹരിണാക്ഷി കേട്ടു."

                                                                                          **********************



Thursday, February 13, 2014

ചാരുസ്തനിയായ സൈരന്ധ്രിയും തമ്പിയുടെ ശൃംഗാര പദലഹരിയും : പി. രവീന്ദ്രനാഥ്

ഇരയിമ്മൻ തമ്പി 

 കൊല്ലം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച്  കഥകളി വളരെ പ്രാധാന്യത്തോടുകൂടി ഇപ്പോഴും നടത്തി വരുന്നുണ്ട്  എന്നു കാണുന്നത്  സന്തോഷകരമാണ്. പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്  രണ്ടും മൂന്നും ദിവസം  കഥകളി നടത്തുന്ന ക്ഷേത്രങ്ങളുമുണ്ട് ഇവിടങ്ങളിൽ.  അങ്ങനെയുള്ള ഒരു ക്ഷേത്രമാണ്, കടമ്പനാട്, ഐവർകാലാ കീച്ചപ്പള്ളി ദേവീ  ക്ഷേത്രം. ഈ ക്ഷേത്രത്തിനു സമീപമാണ്, കഥകളിക്ക്  വളരെ പ്രാധാന്യമുള്ള പോരുവഴി മലനട ക്ഷേത്രം. അവിടെ പ്രതിഷ്ഠ ദുര്യോധനനാണ്. ദുര്യോധനവധം കഥകളി നടന്നിട്ടില്ലാത്ത ഏതെങ്കിലുമൊരു ക്ഷേത്രം ഈ ഭൂമി മലയാളത്തിലുണ്ടെങ്കിൽ അത്  മലനട മാത്രമായിരിക്കും. അതുകൊണ്ട്  തുടക്ക്  ഭീമന്റെ പ്രഹരമേറ്റ്‌   കൊല്ലപ്പെടുന്നതിന്  മൂക സാക്ഷ്യം വഹിക്കേണ്ട ഗതികേട്  ദുര്യോധനന്  ഇവിടെ ഉണ്ടാവുന്നില്ല. നിഴൽക്കുത്ത്  ആണ്  മലനട അമ്പലത്തിൽ പൊതുവെ കൂടുതലായി അവതരിപ്പിക്കുന്നത്.

കീച്ചപ്പള്ളിൽ അമ്പലത്തിൽ, ഫെബ്രുവരി 11 തീയതി അവതരിപ്പിച്ച ഉത്തരാസ്വയംവരം കാണാൻ എനിക്ക്  ഭാഗ്യമുണ്ടായി. ചുനക്കര, താമരക്കുളം, ആനയടി, പോരുവഴി തുടങ്ങിയ ക്ഷേത്രങ്ങളിൽ പലവട്ടം കഥകളി കാണാൻ പോയിട്ടുണ്ട്.  കീച്ചപ്പള്ളിൽ ആദ്യമായി പോവുകയായിരുന്നു. അവിടെ എത്തിച്ചേരാനുള്ള വഴി കെ.വി. ഇറവങ്കര സാറും, സുഹൃത്ത്  സുമാ രാജശേഖരനും പറഞ്ഞു തന്നിരുന്നു. സുമയും, മക്കളും, ചേച്ചിമാരും എന്നെ പ്രതീക്ഷിച്ച്   ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. സുമയുടെ ചേച്ചിമാർ രണ്ടുപേരും കഥകളി അഭ്യസിച്ചിട്ടുള്ളവരാണ്. സുമയാവട്ടെ നല്ലയൊരു ആസ്വാദകയും.
കോട്ടക്കൽ ചന്ദ്രശേഖരവാര്യരും, മാർഗി വിജയകുമാറും 
 7 മണിക്ക്  കളി തുടങ്ങും എന്നാണ്  നോട്ടീസിൽ പറഞ്ഞിരുന്നത്. ഉത്സവത്തോടനുബന്ധിച്ച്  കരക്കാരുടെ കെട്ടുകാഴ്ചയും, കളമെഴുത്തുപാട്ടുമൊക്കെ സമാപിച്ചപ്പോൾ 9 മണി കഴിഞ്ഞു. 9.15 നു കളിവിളക്ക് തെളിഞ്ഞു. പുറപ്പാടും മേളപ്പദവും. കോട്ടക്കൽ മധുവും, കലാമണ്ഡലം സജീവനുമാണ്  പുറപ്പാടും മേളപ്പദവും പാടിയത്. ചെണ്ട കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കൽ പ്രസാദ്. മദ്ദളം കലാമണ്ഡലം വേണുക്കുട്ടൻ, കലാമണ്ഡലം വൈശാഖ്. അതീവ ഹൃദ്യമായിരുന്നു മേളപ്പദം.

9 തീയതി ഇരയിമ്മൻ തമ്പിയുടെ തന്നെ ദക്ഷയാഗം ആയിരുന്നു ഈ ക്ഷേത്രത്തിൽ കളിച്ചത്. അദ്ദേഹം മൂന്ന്  ആട്ടക്കഥകൾ ആണല്ലോ എഴുതിയിട്ടുള്ളത്.  ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത്  ഉണ്ടായ സംഭവങ്ങളാണ്  അദ്ദേഹത്തിന്റെ  ഉത്തരാസ്വയംവരവും, കീചകവധവും. ഭാഗവതം ചതുർത്ഥ സ്കന്ധത്തിൽ ദക്ഷയാഗം വിസ്തരിക്കുന്നുണ്ടെങ്കിലും, ആട്ടക്കഥക്ക്  അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്  സ്കന്ദ പുരാണമാണ്  എന്ന്  പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്.  ഇതൊക്കെയാണെങ്കിലും "ഓമനത്തിങ്കൾ കിടാവോ" എന്ന താരാട്ടുപാട്ടാണ്  തമ്പിയെ കൂടുതൽ പ്രശസ്തനാക്കുന്നത്. ഈ താരാട്ട്  കേട്ടുറങ്ങാത്ത കുഞ്ഞുങ്ങളും, ഇത്  പാടിയുറക്കാത്ത അമ്മമാരും ഈ മലയാളക്കരയിൽ ഉണ്ടാവുമോ?

കാർത്തിക തിരുനാൾ രാമവർമ്മ രാജാവിന്റെ സഹോദരൻ രവിവർമ്മ ഇളയതമ്പുരാന്റെ പുത്രി പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും, ചേർത്തല വാരണാട്, നടുവിലെ കോവിലകത്ത്  കേരളവർമ്മയുടെയും മകനായി കൊല്ലവർഷം 1783ൽ ഇരയിമ്മൻതമ്പി  ജനിച്ചു. കാർത്തിക തിരുനാൾ വളരെയേറെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു മഹാ പണ്ഡിതനായിരുന്നു കേരളവർമ്മ.  ശാസ്ത്രി തമ്പുരാൻ എന്നായിരുന്നു മഹാരാജാവ്  അദ്ദേഹത്തെ വിളിച്ചിരുന്നത്.

തമ്പിയുടെ പ്രഥമ ഗുരുനാഥൻ പിതാവു തന്നെയായിരുന്നു. വ്യാകരണം, സാഹിത്യം, ശാസ്ത്രം, സംഗീതം എന്നീ വിഷയങ്ങൾ മുത്താട്ട്  ശങ്കരനിളയത് എന്ന പണ്ഡിതനാണ്  അഭ്യസിപ്പിച്ചത്. അദ്ദേഹം പതിന്നാലാമത്തെ വയസ്സിൽ തന്നെ ശ്ലോകം രചിക്കുമായിരുന്നത്രെ.

വിരാടന്റെ ശൃംഗാരപദത്തോടു കൂടിയാണ്  തമ്പി ഉത്തരാസ്വയംവരം രചിച്ചിട്ടുള്ളതെങ്കിലും, ഇപ്പോൾ പൊതുവെ  "കല്യാണീ കാണ്‍ക" എന്ന ദുര്യോധനന്റെ പാടി രാഗത്തിലുള്ള ശൃംഗാരപദത്തോടു കൂടിയാണ്  രംഗം തുടങ്ങുന്നത്.

അജ്ഞാതവാസക്കാലത്ത്  പഞ്ചപാണ്ഡവരും, ധർമ്മ പത്നിയും വേഷ പ്രച്ഛന്നരായി വിരാട രാജധാനിയിൽ, പരിചാരകരായി താമസിച്ചു വരികയാണ്.  രാജ പത്നിയായ സുദേഷ്ണയുടെ സൈരന്ധ്രിയായി മാലിനി എന്ന പേരിൽ പാഞ്ചാലിയും, അടുക്കളക്കാരനായി വലലൻ എന്ന പേരിൽ ഭീമസേനനും, അന്ത:പുരസ്ത്രീകളെ നൃത്തം അഭ്യസിപ്പിച്ചു കൊണ്ട്  ബ്രുഹന്ദള എന്ന പേര് സ്വീകരിച്ച്  അർജ്ജുനനും വിരാട രാജ്യത്ത്  അജ്ഞാതവാസത്തിന്റെ അവസാനഘട്ടത്തിലായിരുന്നു.

പാണ്ഡവരുടെ രഹസ്യമറിയുവാൻ ദുര്യോധനൻ നിയോഗിച്ച ഒരു ദൂതൻ, വിരാടന്റെ സ്യാലനായ കീചകനും, അയാളുടെ അനുചരന്മാരായ ഉപകീചകന്മാരും ഒരു ഗന്ധർവ്വനാൽ നിഗ്രഹിക്കപ്പെട്ട വർത്തമാനം കൌരവസഭയിൽ അറിയിച്ചു. മഹാ ബലവാനായ കീചകനെ കൊല്ലാൻ ഭീമനെ കൊണ്ടുമാത്രമേ കഴിയൂ എന്നും, അതിനു കാരണക്കാരിയായ സ്ത്രീ പാഞ്ചാലി ആയിരിക്കുമെന്നും ഭീഷ്മർ അഭിപ്രായപ്പെട്ടു. വിരാട രാജധാനിയിൽ നിന്ന്  പാണ്ഡവരെ കണ്ടുപിടിച്ച്  അജ്ഞാതവാസം പൊളിക്കാൻ ദുര്യോധനൻ പദ്ധതി ആവിഷ്ക്കരിച്ചു. ദുര്യോധനനും ത്രിഗർത്തത്തിലെ ഒരു സാമന്ത രാജാവും,  ദുര്യോധനന്റെ സേനാ നായകനുമായ സുശർമ്മാവും (ത്രിഗർത്തൻ) കൂടി ഗോഹരണം നടത്താൻ തീരുമാനിച്ചു.

വലലൻ ത്രിഗർത്തനെയും, ബ്രുഹന്ദള ദുര്യോധനാദികളേയും പരാജയപ്പെടുത്തി ഗോക്കളെ വീണ്ടെടുത്തു. ഇതാണ്  ഉത്തരാസ്വയംവരം ആട്ടക്കഥ.

ദുര്യോധനനും ബ്രുഹന്ദളയുമാണ്   ഇതിലെ ആദ്യാവസാന വേഷങ്ങൾ. ബാലിവധത്തിൽ ബാലി പോലെ ആദ്യസ്ഥാന വേഷമല്ലെങ്കിലും, വളരെ പ്രധാനപ്പെട്ട ചുവന്നതാടിയാണ്  ത്രിഗർത്തൻ.
കോട്ടക്കൽ ദേവദാസ് 
 "തത്രോ ദ്വത്ത ത്രിഗർത്തപ്രഭുരമിത ബലൈ-
സ്സാകമഭ്യർണ്ണമേത്യ
സ്പഷ്ടം വ്യാചഷു ദുര്യോധന കലിതധന-
പ്രാപ്ത ശർമ്മാസുശർമ്മാ "  എന്ന ശ്ലോകം കൊണ്ടു തന്നെ ഈ വേഷത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാമല്ലോ?
ദുര്യോധനൻ ഭാനുമതിയോടൊപ്പം ഉദ്യാനത്തിൽ ശൃംഗരിച്ചുകൊണ്ട്  നിൽക്കെ, ഉദ്യാനത്തിന്റെ ഭംഗിയും, പത്നിയുടെ സൗദര്യവും വർണ്ണിക്കുന്ന അവസരത്തിൽ, അകലെ മരക്കൊമ്പിലിരിക്കുന്ന ചക്രവാക മിഥുനങ്ങൾ ദൃഷ്ടിയിൽപ്പെടുന്നു. ചന്ദ്രോദയത്തോടുകൂടി, കോകിക്ക് (പെണ്‍ പക്ഷി) പ്രിയതമനെ ഇണപിരിയേണ്ടിവരും എന്നാണ്  കവിസങ്കല്പം.  ഒരു കണ്ണു കൊണ്ട്  ഭാനുമതിയുടെ മുഖം ചന്ദ്രനാണെന്നു കരുതി കോപത്തോടെയും, ഇണ പിരിയേണ്ടി വരുന്നതോർത്ത്‌ സങ്കടത്തോടെ മറ്റേ കണ്ണു കൊണ്ട്  പ്രിയനേയും നോക്കുന്നു. നടൻ കോകിയായി പകർന്നാടുന്ന ഈ രംഗമാണ്  പ്രസിദ്ധമായ  "ഏകലോചനം"  എന്ന ആട്ടം. "കല്യാണീ കാണ്‍ക മമ വല്ലഭേ"  എന്ന പതിഞ്ഞ പദത്തിലെ മൂന്നാമത്തെ ചരണമാണ്  ഭാവാഭിനയത്തിന്  വളരെ പ്രധാനമായ ഈ രംഗം.

"കോകി നിൻമുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ച്
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ,
ഏകലോചനംകൊണ്ടു കോപമോട്  നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും."  തമ്പിയുടെ ഈ വർണ്ണന കേട്ടാൽ, ഭാനുമാതിയല്ല, ഏത്  ഭാര്യയാണ്  സന്തോഷവതിയാകാത്തത്.  ഏകലോചനം കൂടാതെ  പ്രധാനപ്പെട്ട പ്രധാനപ്പെട്ട മറ്റൊരു  ആട്ടവും   ഇവിടെ നിർവ്വഹിക്കാനുണ്ട്.  കോകിയാട്ടം. ഇവിടെ കോകിയായി, പക്ഷി സഹജമായ ചേഷ്ടകളും മറ്റും നടൻ വിസ്തരിച്ചാടുന്നു. കോകിയോ, ഏകലോചനമോ സാധാരണ നടന്മാർ വിസ്തരിച്ച്  ആടാറുണ്ട്‌. പക്ഷെ കോട്ടക്കൽ ചന്ദ്രശേഖരവാര്യർ അതത്ര വിസ്തരിച്ചാടിയില്ല. (കളി സമയത്തിനു തുടങ്ങിയില്ലെങ്കിൽ ഇങ്ങനെ ചില അപകടങ്ങൾ സംഭവിക്കും. നടനെ കുറ്റപ്പെടുത്തിയിട്ട്  ഒരു കാര്യവുമില്ല.)
കലാമണ്ഡലം ശ്രീകുമാർ, മാർഗി വിജയകുമാർ 
 അതുപോലെ തന്നെ ത്രിഗർത്തന്റെ ഒരു പ്രധാനപ്പെട്ട ഇളകിയാട്ടമാണ്  ത്രിഗർത്ത വട്ടം. ത്രിഗർത്തന്റെ മനോധർമ്മയാട്ടങ്ങൾ വ്യവസ്ഥയോട്  ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.  ആട്ടം മനോധർമ്മമാണെങ്കിലും, ധർമ്മം മറന്നുള്ള ആട്ടമാണ് പല നടന്മാരും ആടിക്കാണാറുള്ളത്. ഇക്കാര്യത്തിൽ, കീച്ചപ്പള്ളിൽ ത്രിഗർത്തൻ കെട്ടിയ കോട്ടക്കൽ ദേവദാസും വ്യത്യസ്തനാവുന്നില്ല. ഗോശാലക്ക്  കാവൽ നില്ക്കുന്ന കാവൽക്കാരെ പകർന്നാട്ടത്തിൽ അവതരിപ്പിച്ചത്  കണ്ടപ്പോൾ  റിപ്പബ്ലിക്  ദിനത്തിന്  പട്ടാളക്കാർ, രാഷ്ട്രപതിക്ക്  നൽകുന്ന, ഗാർഡ്  ഓഫ്  ഓണർ പരേഡാണ്  എനിക്ക്  ഓർമ്മ വന്നത്.  ദേവദാസിന്റെ ആ പ്രകടനം അരോചകമായിട്ടാണ്  എനിക്ക് തോന്നിയത്.  വാതിലുകൾ കുത്തി തുറന്ന്  ഗോപുരത്തിൽ കടക്കുന്നതും, വൈക്കോലും കാടിയും കൊടുത്ത്  പശുക്കളെ മെരുക്കുന്നതും, പശുക്കിടാവ്‌  തള്ളപ്പശുവിന്റെ മുല കുടിക്കുന്നതും, തള്ളപ്പശു കുട്ടിയെ നക്കി തുടക്കുന്നതും മറ്റും ദേവദാസ്  ഗംഭീരമാക്കുകയും ചെയ്തു. കാവൽക്കാരെ മദ്യവും, കഞ്ചാവും കൊടുത്ത്  ഫിറ്റാക്കിക്കുന്ന രംഗം വളരെ രസകരമായിരുന്നു.

കലാമണ്ഡലം ശ്രീകുമാറാണ്  ബ്രുഹന്ദള കെട്ടിയത്.  ഉത്തരാസ്വയംവരത്തിൽ ദുര്യോധനൻ പോലെതന്നെ ഒരു ആദ്യസ്ഥാന വേഷമാണ്  ഇതും. അതിൽ വളരെ ചിട്ടപ്രധാനമായ ആട്ടമാണ്  തേര്  കൂട്ടികെട്ടൽ. രഥപ്പുര നോക്കുന്നതും, രഥം വലിച്ച്  പുറത്തു കൊണ്ടുവരുന്നതുമൊക്കെ വളരെ തന്മയത്വത്തോടെ ശ്രീകുമാർ ആടുകയുണ്ടായി.  കുതിരപ്പന്തിയിൽ ചെന്ന്  തടിച്ച കുതിരകളെ അവഗണിച്ചിട്ട്, മെലിഞ്ഞ നാല്  കുതിരകളെ തെരഞ്ഞെടുക്കുന്നതും, കടിഞ്ഞാണ്‍ എല്ലാം കൂടി ചേർത്ത്  കെട്ടുന്നതുമെല്ലാം വളരെ സ്വാഭാവികമായി അദ്ദേഹം ആടി ഫലിപ്പിച്ചു.

അരങ്ങിന്റെ മൂന്നാം നിരയിൽലിരുന്ന്  ശ്രീകുമാറിന്റെ തേര്  കൂട്ടിക്കെട്ടൽ, ചന്ദ്രശേഖരവാര്യർ ആസ്വദിച്ച്  കണ്ടിരിക്കുന്നത്  ഞാൻ കണ്ടു. എഷ്യാനെറ്റ്  അവതരിപ്പിച്ച കഥകളി സമാരോഹത്തിൽ, ചന്ദ്രശേഖര വാര്യരുടെ ഉത്തരാസ്വയംവരത്തിലെ ബ്രുഹന്ദളയെ ആണ്  എനിക്കപ്പോൾ ഓർമ്മ വന്നത്.

ഭാനുമതിയായും സൈരന്ധ്രിയായും മാർഗി വിജയകുമാറും, ഉത്തരനായി കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താനുമാണ്  വേഷമിട്ടത്.  മധു വാരണാസിയായിരുന്നു ദൂതൻ.
പത്തിയൂർ ശങ്കരൻകുട്ടി

ഈ ആട്ടക്കഥയിലെ വീരവിരാട, അരവിന്ദ മിഴിമാരെ എന്നീ രണ്ടു പദങ്ങൾ പഴയ കാലത്തെ സ്ത്രീകൾക്ക്  ചിരപരിചിതമായിരിക്കും.  തിരുവാതിരപ്പാട്ടായി ഈ പദങ്ങൾ സ്വീകരിക്കാറുണ്ട്.  പത്തിയൂർ ശങ്കരൻകുട്ടി, കോട്ടക്കൽ മധു, കലാമണ്ഡലം സജീവൻ എന്നിവരായിരുന്നു ഗായകർ.

താരിൽ തേൻമൊഴിമാർമണേ എന്ന ബ്രുഹന്ദളയുടെ കല്യാണി രാഗത്തിലുള്ള പദവും, ദുര്യോധനന്റെ ഘണ്ടാരത്തിലുള്ള മേദിനിപാലകന്മാരെ എന്ന പദവുമാണ്  എന്റെ ഫേവറെയ്റ്റ്.  ശങ്കരൻകുട്ടിയും, മധുവും ഈ പദങ്ങൾ അതി ഗംഭീരമാക്കി. കളി കഴിഞ്ഞ്  ശങ്കരൻകുട്ടിയോട്  ഞാനിത്  സൂചിപ്പിക്കുകയും ചെയ്തു.

കടമ്പനാട്ടു നിന്ന്  മാന്നാറിന്  52 കിലോമീറ്റർ  "ആ തണുത്ത കൊച്ചു വെളുപ്പാൻ കാലത്ത്" ബുള്ളറ്റിലുള്ള മടക്ക യാത്രയുടെ സുഖം, ഉത്തരാസ്വയംവരം പോലെതന്നെ ഞാൻ തീർത്തും ആസ്വദിച്ചു.

                                                                                 

Tuesday, February 4, 2014

ഉടൻ റിലീസ് ആവുന്നു ..: പി. രവീന്ദ്രനാഥ്

ഉടൻ റിലീസ് ആവുന്നു..... : പി. രവീന്ദ്രനാഥ് 


ഒരു മരണം അന്വേഷിച്ച്  പോയതാണ്.  കോഴഞ്ചേരിയിൽ നിന്ന്  വടക്കോട്ട്, അത്ര നിരപ്പല്ലാത്ത, കയറ്റവും ഇറക്കവുമുള്ള പാതയിൽക്കൂടിയായിരുന്നു യാത്ര. സ്ഥലപ്പേര്  ഓർക്കുന്നില്ല. മരിച്ചത് ഷാജിയുടെ ബന്ധുവോ, സുഹൃത്തോ..... ?  അതും തിട്ടം പോരാ.  ഷാജിയാണ്  ഡ്രൈവ്  ചെയ്തിരുന്നത്.  കാറിൽ കയറിയപ്പോൾ മുതൽ ഞാനുറക്കമായിരുന്നു.


ഒരു കുന്നിൻ ചരുവിനരികിൽ കാറിറങ്ങി. വലിയ ഒരു ജനക്കൂട്ടം. പോലീസ്സുകാരുമുണ്ട്.  ക്രോസ് ബെൽറ്റും ഹാഫ്  നിക്കറും ധരിച്ച്  രണ്ടു മൂന്നു സബ്ബ്  ഇൻസ് പെക്റ്റർമാർ, കൂർത്ത തൊപ്പിയും നിക്കറുമിട്ട പോലീസുകാർ.  അവിടെയുണ്ടായിരുന്ന സിനിമാ നടൻ മുകേഷാണ്  കാര്യം പറഞ്ഞത്.  ഐ.വി. ശശിയുടെ ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ്  ആണ്.

"മമ്മൂട്ടിയാ നായകൻ. അയാൾ വരികയില്ലെന്ന്  ഇപ്പോൾ ഫോണ്‍ വന്നു. മോഹൻ ലാലിനെയും സുരേഷ് ഗോപിയെയും വിളിച്ചു നോക്കി. മുട്ടുശാന്തിക്ക്  ചെരക്കാൻ അവരെ കിട്ടില്ലെന്ന്.  ശശിയേട്ടൻ ആകെ റ്റെൻഷനിലാ .."
"എന്നാൽ നിനക്കാ റോൾ എടുത്തുകൂടെ.. ?" ഞാൻ ചോദിച്ചു.
"അയ്യോ, നമക്കതിനുള്ള ഗ്ലാമറില്ലേ... !"  മുകേഷ്  കാര്യമായിത്തന്നെയാണ്  പറഞ്ഞത്.  ഞാനും അതിനോട്  യോജിച്ചു.

"ഇതാരാ മുകേഷേ .. "  ഞങ്ങൾ നിന്നിരുന്ന ഭാഗത്തേക്ക്  വന്ന ഐ.വി. ശശിയാണ്  ചോദിച്ചത്.  ഞാനും അയാളെ ആദ്യമായി കാണുകയാണ്.
"എന്റെയൊരു അടുത്ത സുഹൃത്താണ്,  സഹോദര തുല്യൻ. രവിച്ചേട്ടൻ."
ശശി മുകേഷിനെ വിളിച്ച്  ചെവിയിൽ എന്തോ പറഞ്ഞു.
അത് ഞാനേറ്റു, എന്നു പറഞ്ഞുകൊണ്ടാണ്  മുകേഷ്  വീണ്ടും എന്നെ സമീപിച്ചത്.
"ചേട്ടാ, വയ്യ എന്നു പറയരുത്.  ശശിയേട്ടനെ ഒന്നു സഹായിച്ചേ പറ്റൂ.  മമ്മൂട്ടിയുടെ ആ റോൾ ചേട്ടനഭിനയിക്കണം ."
യാചനാ ഭാവത്തിലുള്ള സീമയുടെ മുഖഭാവം കൂടി കണ്ടപ്പോൾ വയ്യ എന്ന്  പറയാൻ തോന്നിയില്ല.
ശോഭനയാണ്  നായിക. ചിരി, കളി, കാപ്പികുടി, ക്യാപ്റ്റൻ രാജുവുമായി ഒരു സ്റ്റാൻണ്ട്  ഇതൊക്കെ ഭംഗിയായി ഷൂട്ട്  ചെയ്തു.

ലേഖകൻ 
 ഇനി ഒരു കിടപ്പറ രംഗമാണ്.
"തലയിൽ തടവിക്കൊണ്ട്, ശോഭനക്ക്  ഒരു ചുംബനം കൊടുക്കണം" - ഐ.വി. ശശി പറഞ്ഞു.
ഞാൻ ദയനീയമായി ശോഭനയെ ഒന്നു നോക്കി.
"അയ്യോ, ഇതെങ്ങാനും ലക്ഷ്മി അറിഞ്ഞാൽ... "
"ചേച്ചി അറിയത്തൊന്നുമില്ല. ചേട്ടൻ ടെൻഷനടിക്കാതെ ധൈര്യമായിട്ട്  ഒരുമ്മയിങ്ങോട്ട്  താ.... "

വിജയൻ ഇന്നു വരത്തില്ല. നീ രണ്ട്  തേങ്ങാ പൊതിച്ചു താ - ങേ, ഇതെന്തു മറിമായം. ഡയലോഗ്  അമ്മയുടേതാണല്ലോ...... !
"അമ്മയെന്താ ഇവിടെ...... !"  ഞാൻ ചോദിച്ചു.
"ഞാൻ പിന്നെവിടെ പോണമേടാ ...."

സുപ്രഭാതത്തിൽ ശോഭനയെ ഒന്ന്  ചുംബിക്കാനുള്ള ചാൻസാണ്  അനവസരത്തിൽ കടന്നു വന്ന്  അമ്മ നശിപ്പിച്ചു കളഞ്ഞത്.


*********************************************************************************