Saturday, June 29, 2013

വാഗീശ്വരിയുടെ സ്തനദ്വയം!


കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ പരമുപിള്ള ( കാമ്പിശേരി )
1950 ൽ കമ്മ്യൂണിസ്റ്റ് സഹായാത്രികാരോ അംഗങ്ങളോ ആയിരുന്ന അഞ്ചാറു ഉല്പതിഷ്നുക്കളായ ചെറുപ്പക്കാർ ചേർന്ന് ഒരു കലാ സാംസ്കാരിക സംഘടനക്ക് രൂപം കൊടുത്തു. ആ സംഘടനക്ക് കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് എന്നവർ പേരുമിട്ടു. കേരള നാടക പ്രസ്ഥാനത്തിന്റെ രക്ത നക്ഷത്രമായി ശോഭിച്ചു നില്ക്കുന്ന കെ.പി.എ.സി. ആണത്.

ആ യുവാക്കൾ, ജി. ജനാർദ്ദനക്കുറുപ്പ്, ഒ. മാധവൻ, കാമ്പിശേരി കരുണാകരൻ, എൻ. രാജഗോപാലൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരായിരുന്നു. 1951 ൽ അവരുടെ ആദ്യത്തെ നാടകം അരങ്ങേറി. ജി. ജനാർദ്ദനക്കുറുപ്പ് രചിച്ച "എന്റെ മകനാണ് ശരി". ഈ നാടകം അമ്പേ പരാജയമായിരുന്നു. ( എന്റെ മകൻ നാണുവാശാരി എന്ന് ഈ നാടകത്തെ അന്നു ചെറുപ്പക്കാർ കളിയാക്കി പറയുമായിരുന്നു.)

തോപ്പിൽ ഭാസി ഒളിവിൽ കഴിയുമ്പോൾ സോമൻ എന്നു പേരുവെച്ച് എഴുതിയ നാടകമാണ് രണ്ടാമത് അരങ്ങത്ത് എത്തിച്ചത്. 195 2ൽ. നാടകം വാൻ വിജയമായിരുന്നു. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ മാറ്റത്തിന്റെ കാറ്റ് വിതച്ച പ്രസിദ്ധമായ ആ നാടകമാണ്             "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി".

നിരോധനം എടുത്തുകളഞ്ഞതിനുശേഷം പാർടി സമ്മേളനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പരിപാടിയായി മാറി കമ്മ്യൂണിസ്റ്റാക്കി നാടകം. 1957ൽ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അധികാരത്തിലെത്താൻ സമിതിയും ഈ നാടകവും നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു നിസംശയം പറയാൻ കഴിയും.
തോപ്പിൽ ഭാസി 


 വളരെയധികം പ്രതിസന്ധികളും ഭീഷണികളും അതിജീവിച്ചാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഈ നാടകം അവതരിപ്പിച്ചത്. തിരുവിതാംകൂർ പോലീസിന്റെയും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെയും ഭീഷണി പോരാഞ്ഞിട്ട് പ്രമാണിമാർ കള്ളുവാങ്ങിച്ചു കൊടുത്ത് നാടകം ചട്ടമ്പികളെക്കൊണ്ട് "കലക്കിക്കുന്ന" ഏർപ്പാട്. അങ്ങനെയുള്ള പരിപാടികൾ ഏറെ. കോടാകുളങ്ങര വാസുപിള്ളയും കെ. കേശവൻപോറ്റിയും ധൈര്യസമേതംതന്നെ ഇതിനെ നേരിടുകയും അക്കാലത്ത് പേരെടുത്ത പല ചട്ടമ്പികൾക്കും പൊതിരെ തല്ലുകിട്ടുകയും ചെയ്തു. നാടകം നേരിട്ട ആപത്തുകൾ സാധാരണ ജനങ്ങളിൽ സമിതിയെക്കുറിച്ചും കമ്മ്യൂണിസ്റ്റാക്കി നാടകത്തെക്കുറിച്ചും വർദ്ധിച്ച ആവേശം ഉണർത്താനാണ് സഹായിച്ചത്.

കമ്മ്യൂണിസ്റ്റാക്കിക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞ് "ഭഗവാൻ കാലുമാറുന്നു" എന്ന നാടകവും വലിയ എതിർപ്പ് നേരിടേണ്ടിവന്നു. ഹിന്ദു മത മൌലികവാദികളായിരുന്നു ഈ നാടകത്തിനെതിരെ നായക്കോലം കെട്ടി കുരച്ചത്.

"കാലുമാറുന്നു" നാടകം മൂവാറ്റുപുഴയിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, അഭിനയിച്ചുകൊണ്ടിരുന്ന രാജമ്മചേച്ചിയുടെ നെറ്റിയിൽ ഏറുകൊണ്ട് ആറ് തുന്നൽ ഇടേണ്ടിവന്നു. നെറ്റിപൊട്ടി ചോരയൊലിച്ചിട്ടും, നാടകം പൂർത്തിയാക്കിയാണ് അവർ രംഗം വിട്ടത്. ആർ.എസ്.എസ്സിന്റെ ഈ ആഭാസങ്ങൾക്ക് മുഖ്യമന്ത്രി ആയിരുന്ന കരുണാകരന്റെ അനുഗ്രഹാശിസുകളും ഉണ്ടായിരുന്നു. പക്ഷെ കെ.പി.എ.സിയിലെ കലാകാരന്മാരുടെ നിശ്ചയദാർഡ്യ്യവും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിർലോഭമായ സഹകരണവും ഈ വെല്ലുവിളികളെ ശക്തമായി നേരിടുവാൻ സമിതിക്ക് കരുത്തുനല്കി.

കലകളിലൂടെ ജനങ്ങളുടെ മനസ്സിനെ കീഴടക്കാനാവുമെന്ന ചിന്ത, വിമോചന സമരകാലത്ത് കോണ്‍ഗ്രസ് ഒന്നു പരീക്ഷിക്കുകയുണ്ടായി. ഒരു കോമാളിയെ കാഥികൻ എന്നൊരു വേഷവും കെട്ടിച്ച്  "ഭഗവാൻ മക്രോണി" എന്നൊരു ആഭാസ കഥാപ്രസംഗം നാടുനീളെ അവതരിപ്പിച്ച് അവസാനം പരിഹാസ്യരായി പിൻവാങ്ങേണ്ടി വന്ന ചരിത്രം പഴമക്കാർ ഓർക്കുന്നുണ്ടാവും.


അഡ്വ. ജി. ജനാർദ്ദനക്കുറുപ്പ് 

അഡ്വ. എൻ. രാജഗോപാലൻനായർ 

 
 ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർടികളുടെ വിപ്ലവത്തിന് ചൂടുപോരാ എന്ന് വിശ്വസിച്ച ചിലർ ചേർന്ന് ഒരു തീവ്ര ഇടതുപക്ഷ റിവഷനിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്കുകയുണ്ടായല്ലോ? അതിലെ പ്രവർത്തകരെ നക്സലൈറ്റുകൾ എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കുറെ സാധുക്കളുടെ കഴുത്തുവെട്ടി, ഇന്ത്യയിൽ വിപ്ലവം സൃഷ്ടിക്കാൻ ശ്രമിച്ച അവരുടെ കൂട്ടത്തിലുള്ള ഒരു എക്സൻട്രിക്ക് ആയിരുന്നു സിവിക് ചന്ദ്രൻ. പ്രവർത്തിച്ച മേഖലകളിലൊന്നുംതന്നെ വ്യക്തമായ ഒരു നിലപാടും സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരൈഡന്റിറ്റിയുമില്ലാത്ത ഒരു വ്യക്തിയാണയാൾ. കമ്മ്യൂണിസ്റ്റാക്കി നാടകത്തെ വിമർശിച്ച് - കാലമേറെക്കഴിഞ്ഞ് - കേരള ശബ്ദത്തിൽ അയാൾ "നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി" എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചു. ഇരു കമ്മ്യൂണിസ്റ്റ് പാർടിയിലേയും നേതാക്കളേയും, വിശേഷിച്ച് തോപ്പിൽ ഭാസിയെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു അത്. അതിനൊരു മറുപടി എഴുതി ചന്ദ്രന്റെ യശസ്സ് വർദ്ധിപ്പിക്കേണ്ട എന്ന് കരുതിയാവണം ആരും തന്നെ പ്രതികരിക്കാൻ തയ്യാറായില്ല. തോപ്പിൽ ഭാസി അതിനൊരു അത്യുഗ്രൻ മറുപടി കൊടുത്തു. തലക്കെട്ട്, "നിന്റെ തന്തേ കമ്മ്യൂണിസ്റ്റാക്കി".
അമ്മിണിയമ്മ ( തോപ്പിൽ ഭാസിയുടെ ഭാര്യ ) പന്ന്യ്യൻ രവീന്ദ്രൻ കെ.പി.എ.സി.ലളിത എന്നിവരൊപ്പം.

മലയാറ്റൂർ രാമകൃഷ്ണൻ 

 തോപ്പിയുമായി ആശയ സംഘട്ടനത്തിനുള്ള ആയുധമില്ലാഞ്ഞിട്ടാണോ, ഇയാളുടെ നാലാംകിട സാഹിത്യം പ്രസിദ്ധീകരിച്ച് പത്രത്താളുകൾ മലീമസമാക്കണ്ട എന്നുകരുതി പ്രസിദ്ധീകരികരിക്കാതിരുന്നതാണോ എന്നറിയില്ല ചന്ദ്രരശ്മികൾ പിന്നീട് ഒളിമിന്നിയില്ല.

കമ്മ്യൂണിസ്റ്റാക്കിയിലെ കേന്ദ്ര കഥാപാത്രമായ പരമുപിള്ളയെ ആദ്യ കാലങ്ങളിൽ അവതരിപ്പിച്ചിരുന്നത് കാമ്പിശേരി കരുണാകരൻ ആയിരുന്നു. അത്യുജ്ജ്വല പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ഈ നാടകം സമിതി പിന്നീട് സിനിമയാക്കി. പരമുപിള്ളയുടെ റോൾ സത്യനാണ് അഭിനയിച്ചത്. കാമ്പിശേരിയുടെ അഭിനയത്തിന്റെ ഏഴയലത്തുപോലും സത്യൻ എന്ന അഭിനയപ്രതിഭ എത്തിയില്ലെന്ന് എന്നോട് പറഞ്ഞിട്ടുള്ളത് സാക്ഷാൽ തോപ്പിൽ ഭാസിതന്നെയാണ്.

കേരളത്തിലെ പ്രശ്തരായ പല സിനിമാ-നാടക നടീനടന്മാരും കെ.പി.എ.സിയിൽ പരിശീലനം സിദ്ധിച്ചവരായിരുന്നു. ശങ്കരാടി, ഉമ്മർ, സണ്ണി, കവിയൂർ പൊന്നമ്മ, ലളിത, സുധർമ്മ, സുലോചന, ശാന്തകുമാരി, സായ് കുമാർ എന്നിവർ അവരിൽ ചിലർ മാത്രം.

ഈയിടെ കണ്ട ഒരു ടി.വി. അഭിമുഖത്തിൽ കെ.പി.എ.സി.ലളിത പറയുകയുണ്ടായി കെ.പി.എ.സി. എന്ന ആ ടൈറ്റിൽ ഇപ്പോഴും ഒരഭിമാനവും അന്തസുമായിട്ടാണ് അവർ കരുതുന്നതെന്ന്.

അഭിനയ മോഹം പിതാവ് കൊട്ടാരക്കര ശ്രീധരൻനായരുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ, അദ്ദേഹം സായ് കുമാറിനോട് പറഞ്ഞത് ഒരു വർഷം കെ.പി.എ.സിയിൽ പോയി തോപ്പിൽ ഭാസിയോടൊപ്പം നിന്ന് അഭിനയം പരിശീലിക്കാനാണ്. സമിതിയുടെ പാഞ്ചാലി എന്ന നാടകത്തിൽ അർജുനനായി വേഷമിട്ടത് സായ് ആയിരുന്നു.

കാലുമാറുന്നു നാടകത്തിലെ പ്രമേയം തന്നെ അതിലും ശക്തമായി ഉന്നയിച്ചുകൊണ്ട് ഒരു നാടകം അവർ അവതരിപ്പിച്ചു. "വിഷസർപ്പത്തിന് വിളക്കു വെയ്ക്കരുത്". വളരെ വിജയകരമായി ആ നാടകം കേരളമൊട്ടുക്ക് കളിച്ചു. വർഗീയ പിന്തിരിപ്പൻ ശക്തികൾക്കുള്ള എതിർപ്പ് പേരിനോടെയുള്ളൂ എന്നതിന് ഒരുത്തമ ദൃഷ്ടാന്തമായിരുന്നു ആ നാടകം. അതിനെ ആരും എതിർത്തുകണ്ടില്ല.

കുഷ്ഠരോഗികളെ പേപ്പട്ടിയേപ്പോലെ ഭയപ്പെടുകയും സ്വന്തക്കാരും ബന്ധുക്കൾപോലും തിരിഞ്ഞുനോക്കാത്തതുമായ ഒരു കറുത്ത കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ഇവരുടെ കഥ വളരെ ഹൃദയസ്പ്രുക്കായി അവതരിപ്പിച്ചുകൊണ്ട്, മലയാളികളുടെ മന:സാക്ഷിയെ ഉണർത്തിയ ഒരു നാടകമായിരുന്നു "അശ്വമേധം". ആ നാടകം കണ്ടിട്ടുള്ള ഒരൊറ്റ സഹൃദയൻ പോലും കണ്ണീർവാർക്കാതിരുന്നിട്ടില്ല. ആ നാടകത്തിലെ നായകനായ ഡോ. തോമസ്സായി കെ.പി. ഉമ്മർ, കെ.പി.എ.സി. സണ്ണി, ഡി.ഫിലിപ്പ് എന്നീ പ്രശസ്തർ അഭിനയിച്ചിട്ടുണ്ട്. കുഷ്ഠരോഗിയായ സരളയായി കെ.പി.എ.സി. സുലോചന, സുധർമ്മ എന്നിവരും അഭിനയിച്ചു.
ഒ . മാധവൻ 



1986ൽ ആ നാടകം വീണ്ടും സമിതി അരങ്ങിലെത്തിക്കുകയുണ്ടായി. ഡോക്റ്റർ ആയി സായ് കുമാറും സരളയായി ശാന്തയും ( തൊടുപുഴ ) ആണ് വേഷമിട്ടത്.  ഈ നാടകവും കെ.പി.എ.സി. സിനിമയാക്കുകയുണ്ടായി. സത്യനും ഷീലയുമാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്തത്. ആ ചിത്രത്തിലെ അനശ്വരമായ ഒരു ഗാനം മൂളാത്ത മലയാളികൾ പുതിയ തലമുറയിലും വിരളമായിരിക്കും. " ഒരിടത്തു ജനനം, ഒരിടത്തു മരണം........"

അശ്വമേധം രാഷ്ട്രപതി ഭവനിൽ അവതരിപ്പിക്കാനുള്ള ഭാഗ്യം സമിതിക്ക് ലഭിക്കുകയുണ്ടായി. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി പണ്ഡിറ്റ്‌ നെഹ്രുവും അഭിനന്ദിക്കുകയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. സമിതിക്ക് പണ്ഡിറ്റ്‌ജി പ്രത്യേക സമ്മാനവും നല്കി ആദരിക്കുകയുണ്ടായി.

അശ്വമേധം നാടകം ഭൂട്ടാനിൽ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടിയ അനുഭവം നോവലിസ്റ്റായ ജി. ബാലചന്ദ്രൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്നു.

അദ്ദേഹം അവിടെ അദ്ധ്യാപകനായിരുന്നു. ആ സ്ക്കൂളിലെ ഒരു വിദ്യാർഥിനിക്ക് കുഷ്ഠരോഗം പിടിപെട്ടു. ഇക്കാരണം കൊണ്ട് തന്നെ സ്ക്കൂളിലും, നാട്ടിൻപുറത്തും, സ്വന്തം വീട്ടിൽ പോലും അന്യയായിത്തീർന്നു. ഈ സംഭവം ബാലചന്ദ്രന്റെ മനസ്സിനെ വല്ലാതെ മഥിച്ചു .അശ്വമേധം ഭൂട്ടാൻ  ഭാഷയിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തി, തന്റെ സ്കൂളിലെ കുറെ കുട്ടികളെ അഭ്യസിപ്പിച്ച്  വളരെ ആഘോഷപൂർവം നാടകം സ്‌കൂളിൽ അവതരിപ്പിച്ചു.അത്യൽഭുതകരമായ അഭിനയമാണ്  ആ ഹൈസ്കൂൾ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.അവർ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകതന്നെയായിരുന്നു എന്നാണ് ബാലചന്ദ്രൻ  ലേഖനത്തിൽ പറഞ്ഞിട്ടുള്ളത് .നാടകം കഴിഞ്ഞതോടെ നിലയ്ക്കാത്ത കൈയടിയായിരുന്നു,പലരും പൊട്ടിക്കരഞ്ഞു . കണ്ണീരണിയാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല. 

ആ നാടക സംഘത്തോടൊപ്പം അവിടെ കൂടിയിരുന്ന കാണികൾ ഒന്നടങ്കം, ആ ഗ്രാമത്തിലെ ഒരു പ്രാന്തപ്രദേശത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആ കുട്ടിയെ ചെന്നു കാണുകയും അവളെ അവിടെനിന്ന് കൂട്ടിക്കൊണ്ടു പോരുകയും ചെയ്തു.

ഇന്ന് കേരളത്തിൽ നാടക പ്രേമികളും ട്രൂപ്പുകളും നന്നേ കുറവാണ്. നിലവിലുള്ള ട്രൂപ്പുകളാവട്ടെ ചത്തതിനൊക്കുമേ ജീവിചിരിക്കിലും എന്ന സ്ഥിതിയിലുമാണ്. പാക്ഷേ കെ.പി.എ.സിയാകട്ടെ രണ്ടു ട്രൂപ്പുകളുമായി ഈ രംഗത്ത് സജീവമായി നിലനില്ക്കുന്നു. ഭാവനാസമ്പന്നരായ ശിൽപ്പികളുടെ അചഞ്ചലവും കളങ്കമില്ലാത്ത കഠിനപ്രയത്നത്തിന്റെയും നടീനടന്മാരുടെ നിർലോഭമായ സഹകരണത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും ഫലശ്രുതിയാണ് കെ.പി.എ.സിയുടെ വിജയത്തിന്റെ ചാലക ശക്തി.

സമിതിയുടെ വിജയശിൽപികളിൽ പ്രമുഖരായ മൂന്ന്  "സാറന്മാരെ" മറക്കാൻ കഴിയുകയില്ല. അദ്ധ്യാപകർ എന്ന നിലയിൽ പേരെടുത്തവരായിരുന്നില്ല ഈ മൂന്നു പേരും. സമിതിയുടെ പ്രസിഡന്റായി വളരെക്കാലം പ്രവർത്തിച്ച, 26-)o  വയസ്സിൽ തിരു-കൊച്ചി നിയമസഭയിൽ പത്തനാപുരം എം.എൽ.എ. ആയിരുന്ന, പട്ടം, ആർ.ശങ്കർ, പനമ്പള്ളി തുടങ്ങിയ ഗജകേസരികളുടെ ആദരവു നേടിയ രാജൻ സാർ എന്ന എൻ. രാജഗോപാലൻനായർ, ദീർഘകാലം സെക്രട്ടറിയായി പ്രവർത്തിച്ച, മുൻ ഹൌസിംഗ് ബോർഡ് ചെയർമാൻ ഗോപി സാർ എന്ന എം. ഗോപി, കണ്‍വീനറായിരുന്ന മഹാപണ്ഡിതനും, കവിയും നാടകകൃത്തുമായ പോറ്റിസാർ എന്ന കെ. കേശവൻപോറ്റി. ഇവര മൂന്നു പേരും ഇന്ന് ജീവിച്ചിരിപ്പില്ല.

വയലാർ, ദേവരാജൻ, കെ. രാഘവൻ, കെ.ടി.മുഹമ്മദ്‌, ഓ.എൻ.വി., എം.കെ. അർജുനൻ, കണിയാപുരം രാമചന്ദ്രൻ തുടങ്ങിയവർ സമിതിയുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള പ്രമുഖരാണ്.

ഈ നാടക സമിതിയെ മലയാളികളുടെ ഹൃദയത്തോടടുപ്പിച്ച മറ്റുരണ്ടു പേരുകളാണ് ഇരുമെയ്യാണെങ്കിലും ഒരു മനസ്സായി ജീവിച്ചിരുന്ന കാമ്പിശേരി കരുണാകരനും തോപ്പിൽ ഭാസിയും. കൂനന്തറ പരമുവും പൂനാ കേശവനും എന്നപേരിൽ ഒരു ഹാസ്യ നോവൽ കാമ്പിശേരി എഴുതിയിട്ടുണ്ട്. അവരിരുവരുടേയും അനുഭവങ്ങളും പ്രവർത്തനങ്ങളും മണ്ടത്തരങ്ങളുമാണ് ആ രസകരമായ കഥയിലെ പ്രതിപാദ്യവിഷയം.

അത്യാസന്ന നിലയിൽ മരണശയ്യയിൽ കിടക്കുമ്പോൾപോലും കാമ്പിശേരിയുടെ നർമ്മബോധത്തിന് അല്പം പോലും ക്ലാവ് പിടിച്ചിരുന്നില്ല. അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിടക്കുകയാണ്. പിറ്റേന്ന് രാവിലെ പരിശോധനക്ക് ഒരല്പം മലം എടുത്തുവെക്കണമെന്നു നേഴ്സ് ഭാര്യയോട് പറഞ്ഞിരുന്നു. പണ്ട് ഒരു കൊങ്ങിണി പറഞ്ഞപോലെയായി സ്ഥിതി. "പണ്ടാരം വീണുകിട്ടേണ്ടേ .."? ആവുന്ന പണി പതിനെട്ടും പയറ്റിയിട്ടും ഫലം നാസ്തി. കാമ്പിശേരി ഭാര്യയെ സമാധാനിപ്പിച്ചു:

വിഷമിക്കേണ്ടാ പ്രേമേ, അടുത്ത മുറിയിൽനിന്ന് ഒരല്പം വാങ്ങിച്ചു കൊടുക്ക്‌, നമുക്കുണ്ടാവുമ്പോൾ അവർക്കങ്ങു തിരിച്ചു കൊടുക്കാം-.

പ്രവർത്തിച്ച മേഖലകളിലെല്ലാം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയായിരുന്നല്ലോ തോപ്പിൽ ഭാസി. അദ്ദേഹത്തെക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ, കൊച്ചീക്കൽ ബാലകൃഷ്ണൻ തമ്പി പറഞ്ഞപോലെ ചെറുകഥയല്ല നോവൽ എഴുതേണ്ടി വന്നുപോകും. അദ്ദേഹത്തിന്റെ ഒളിവിലെ ഓർമ്മകൾ എന്ന ഒരൊറ്റ കൃതി മതിയല്ലോ സഹൃദയരുടെ മനസ്സില് സ്ഥിരപ്രതിഷ്ഠ നേടാൻ.

എമ്മെൻ, റ്റി.വി., ശങ്കരനാരായണൻ തമ്പി, പി.കെ.വി., പി.എസ്. ശ്രീനിവാസൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുള്ളവരാണ്. പി.കെ.വി. കുറച്ചുകാലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

പാർടി പിളർന്നതിന് ശേഷമാണ് മൂലധനം എന്ന നാടകം സമിതി ഡൽഹിയിൽ അവതരിപ്പിക്കുകയുണ്ടായി. കാണികളുടെ കൂട്ടത്തിൽ സാക്ഷാൽ എ.കെ.ജിയുമുണ്ടായിരുന്നു. അതിലെ തലപ്പുലയന്റെ " പെർഫോർമൻസ് " കണ്ടിട്ട് എ.കെ.ജി. അടുത്തിരുന്ന എസ്. കുമാരനോട്‌ ചോദിച്ചു., ആരാടോ ആ പുലയന്റെ പാർട്ടെടുക്കുന്നത്...?

തോപ്പിൽ കൃഷ്ണപിള്ളയെന്ന് എസ്. പറഞ്ഞു.

ങേ....നമ്മുടെ കൃഷ്ണപിള്ളയോ..! എ.കെ.ജിക്ക് അത്ഭുതം.

പാർടികൾ ബദ്ധശത്രുതയിൽ കഴിഞ്ഞിരുന്ന അവസരങ്ങളിൽ പോലും കായംകുളം വഴി കാറിൽ പോവുകയാണെങ്കിൽ അരമണിക്കൂറെങ്കിലും എ.കെ.ജി.,  കെ.പി.എ.സിയിൽ ചെലവഴിക്കുമായിരുന്നു.

എമ്മെൻ മന്ത്രിയായിരിക്കുമ്പോൾ ഒരു ചെറിയ അറ്റാക്ക് വന്നതിനെത്തുടർന്ന് കൊല്ലം ബൻസിഗർ ആശുപത്രിയില ചികിത്സയിൽ കഴിയുകയായിരുന്നു. ഒരു നാടകാവതരണവുമായി ബന്ധപ്പെട്ട് സമിതി കൊല്ലത്തെത്തി. എമ്മനെ പോയിക്കാണണമെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. കെ.പി.എ.സിയുടെ പഴയ ഫാർഗോ ബസ്സ്‌ നേരെ ബൻസിഗറിലേക്ക്‌. എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ എമ്മന് സന്തോഷമായി. അദ്ദേഹം കെ.പി.എ.സി.ലളിതയോട് പറഞ്ഞു:

എടീ, നീയൊരു പാട്ടൊന്നു പാടിക്കേ...., കേൾക്കട്ടെ..!

ആശുപത്രിയല്ലേ എന്നൊക്കെയുള്ള ഒഴിവുകഴിവുകൾ എമ്മെനുണ്ടോ വകവെച്ചു കൊടുക്കുന്നു. അതൊന്നും സാരമില്ല, നീ പാട്, എന്നായി എമ്മൻ.

"തലയ്ക്കു മീതേ ശൂന്യാകാശം, താഴേ മരുഭൂമി ...." എന്ന കെ.പി.എ.സിയുടെ ഒരു ഗാനം തന്നെ ലളിത അതി മനോഹരമായി പാടി.

പാട്ടു തീർന്നതും കയ്യടിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് എമ്മെൻ പറഞ്ഞു, ഭേഷ്, വളരെ നന്നായിട്ടുണ്ട്. സന്ദർഭോചിതമായി പാടാനും നിനക്കറിയാമല്ലോ...?

ആ പാട്ടിന്റെ ചരണത്തിലെ ഒരു വരിയിങ്ങനെയാണ്, - "മരണം വാതിൽക്കൽ ഒരുനാൾ, മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ...."

ഗായകനായിരുന്ന കെ.എസ്.ജോർജ്ജിന്റെ അന്ത്യകാലത്ത് കെ.പി.എ.സി. തിരിഞ്ഞുനോക്കിയില്ല എന്നൊരാരോപണം മന:പൂർവ്വം കൊലാഹലമുണ്ടാക്കാൻ ചില ദുഷ്ട ബുദ്ധികൾ ശ്രമിക്കുകയുണ്ടായി. അറിഞ്ഞോ അറിയാതെയോ ജോർജ്ജിന്റെ കുടുംബാംഗങ്ങളും ആ പൊറാട്ടു നാടകത്തിൽ പങ്കാളികളായി.

കെ.പി.എ.സിയിൽ നിന്ന് വിട്ടുപോയിട്ടും ജോർജ്ജിന് സമിതിയുടെ കഴിവനുസരിച്ച് സാമ്പത്തിക സഹായം ചെയ്യുമായിരുന്നു. പക്ഷെ പണത്തിന് അത്യാർത്തിപൂണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൈകളിൽ വെറുമൊരു പാവയായി പാർടിയെയും കെ.പി.എ.സിയേയും അധിക്ഷേപിക്കാൻ അയാൾക്കൊരുളുപ്പും തോന്നിയില്ല. തെരഞ്ഞെടുപ്പു യോഗങ്ങളിൽ പി.കെ.വിക്കും ശ്രീനിവാസനും എതിരേപോലും പഴയ നാടക ഗാനങ്ങളുടെ പാരഡിപ്പാട്ടും പാടി ഒരു ബഫൂണായി അധ:പതിക്കാനും ആ വിപ്ലവ ഗായകന് യാതൊരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല.

1986 ൽ അമേരിക്ക, യൂറോപ്പ് തുടങ്ങിയയിടങ്ങളിൽ നാടകം അവതരിപ്പിച്ചിട്ട് കെ.പി.എ.സി. യു.എ.ഇ. യിൽ എത്തി. അവിടെ 7 ദിവസത്തെ നാടക പരിപാടി ആസൂത്രണം ചെയ്തത് എന്റെ രണ്ടു മിത്രങ്ങൾ ആയിരുന്നു. കുരുവിളയും രവിച്ചേട്ടനും. ( സന്തോഷ്‌ ശിവന്റെ ഭാര്യാ സഹോദരനാണ് രവിച്ചേട്ടൻ ) ഞാനന്ന് ഷാർജയിലെ കല എന്നൊരു സംഘടനയുടെ പ്രസിഡണ്ടായിരുന്നു സമിതിയോടൊപ്പം തോപ്പിൽ ഭാസിയും എം.ഗോപിയുമുണ്ട്. രണ്ടുപേരും വ്യക്തിപരമായി വളരെയടുപ്പം ഉള്ളവർ.

എന്റെ പിതാവിന്റെ വളരെയടുത്ത സുഹൃത്തായിരുന്നു എം.ഗോപി. സമപ്രായക്കാർ എന്ന് പറഞ്ഞാൽ പോരാ, രണ്ടുപേരും 104 മകരത്തിലെ മകം നക്ഷത്രക്കാർ.

തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ എന്റെ അമ്മവീടിന്റെ അയല്പക്കക്കാരി. ഇവർ രണ്ടുപേരും ഭാസിയമ്മാവൻ, ഗോപിയമ്മാവൻ, കുഞ്ഞുന്നാളുമുതൽ എനിക്കറിയാവുന്നവർ.

ഇവരെല്ലാവരും അവിടെയുള്ള അവസരത്തിലാണ് എന്റെ മൂത്തമകൻ ജിഷ്ണു ജനിക്കുന്നത്. കുരുവിളയുടെ ഗസ്റ്റ് ഹൌസിൽ ഭാസിയമ്മാവന്റെ മുറിയിലിരിക്കുമ്പോൾ ആണ് ടെലഗ്രാം വിവരം ഓഫീസ്സിൽ നിന്ന് അറിയിച്ചത്. ഞാൻ പോയി കുറച്ചു ലഡ്ഡു വാങ്ങിക്കൊണ്ടു വന്നു. പഞ്ചാര പോകാൻ പറ എന്നുപറഞ്ഞ് ഭാസിയമ്മാവൻ ഒന്നുരണ്ടെണ്ണം എടുത്തു കഴിച്ചു. മൂന്നാമത്തേതുയർന്നപ്പോൾ, ഭഗവാന്റെ കൈയ്യിൽ രുഗ്മിണീദേവി കടന്നുപിടിച്ചപോലെ ഗിപിയമ്മാവൻ കയറി പിടിച്ചുകളഞ്ഞു.

ലഡ്ഡുവിലും ജിലേബിയിലും ഒതുങ്ങാൻ സമിതിയിലെ മറ്റുള്ളവർ, കൃഷ്ണപിള്ളച്ചേട്ടൻ, അസീസ്, ജോണ്‍സണ്‍, സാബു, രവി, സായ് കുമാർ എന്നിവരൊന്നും സമ്മതിച്ചില്ല. അവസാനം ചെറിയ തോതിലുള്ള വാട്ടർബറീസ് പരിപാടി സംഘടിപ്പിക്കേണ്ടി വന്നു. ആ സോദ്ദേശ പരിപാടിയിലും കുറച്ചു നേരം ഭാസിയംമാവനും പങ്കുകൊണ്ടു.

നാട്ടിൽ വരമ്പോൾ മകനെ കൊണ്ടുചെന്നു കാണിക്കണമെന്ന് ഭാസിയമ്മാവൻ പറഞ്ഞിരുന്നു. അവധിക്ക് നാട്ടിൽ എത്തിയപ്പോൾ ഒരുദിവസം ഞാനും ഭാര്യയും കൂടി മകനെയും കൊണ്ട് വള്ളികുന്നത്തിനു പോയി. അദ്ദേഹം ഒരുപാടുനേരം അവനെ മടിയിലിരുത്തി താലോലിക്കുകയുണ്ടായി. അവൻ കുറച്ച്കൂടി പ്രായമായതിനുശേഷം തിരുവനന്തപുരത്തേക്ക് പോകുന്ന വഴി ഒരിക്കൽ കെ.പി.എ.സിയിൽ കയറി. ഭാസിയമ്മാവൻ അവിടെയുണ്ടായിരുന്നു. പുതിയ നാടകത്തിന്റെ റിഹേർസൽ നടക്കുന്നതുകൊണ്ട് നടീനടന്മാർ എല്ലാവരും അവിടെയുണ്ട്. ജോണ്‍സണ്‍ അസീസ്‌, കൃഷ്ണപിള്ളച്ചേട്ടൻ, രാജമ്മച്ചേച്ചി, ശാന്ത, പ്രസന്ന ( സായ് കുമാറിന്റെ ഭാര്യ) റിഹേഴ്സൽ നിർത്തിവെച്ച് മകനെ കാണിച്ചു കൊടുത്തു, ആ കാർണവർ.

ഒരു കേരള ബന്ദ് ദിവസമാണ് ഭാസിയമ്മാവൻ മരിച്ചത്. അദ്ദേഹത്തിന്റെ ഒരു ബന്ധു ജയൻ ചേട്ടനും ഞാനും കൂടി മാന്നാറിൽ നിന്ന് സൈക്കിളിലാണ് വള്ളികുന്നത്തിന് പോയത്.

കഴിഞ്ഞ ഡിസംബറിൽ ജിഷ്ണുവിന്റെ കല്യാണത്തിന്, സുകുമാരപിള്ള സാറിനെ ക്ഷണിക്കാൻ ഞാൻ കെ.പി.എ.സിയിൽ പോയിരുന്നു. പഴയ മുഖങ്ങൾ ആരും തന്നെയില്ല. പക്ഷെ സജീവമായിത്തന്നെ നാടകരംഗത്ത് കെ.പി.എ.സി. നിലനില്ക്കുന്നു. അവിടെ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരഭിമാനം തോന്നി - പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും.

തികച്ചും വേദനാജനകമായ ഒരു സംഭവം കൂടി പരാമർശിക്കാതെപോകുന്നത്, മണ്മറഞ്ഞുപോയ മഹാന്മാരായ സമിതിയുടെ സൃഷ്ടാക്കളോട് ചെയ്യുന്ന അപരാധമായിരിക്കും എന്നുഞാൻ കരുതുന്നു.

നാലഞ്ചു കൊല്ലങ്ങൾക്ക് മുമ്പ് തോപ്പിൽ ഭാസിയുടെ മകനും ഒരടുത്ത ബന്ധുവും കൂടി, കെ.പി.എ.സിയോട് ഒരു നിഴൽയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ആ നാടകാചാര്യന്റെ നാമധേയത്തിൽ ഒരു നാടക സമിതി രൂപീകരിച്ചു. ആസ്ഥാനം കായംകുളത്ത് കെ.പി.എ.സിയുടെ സമീപത്തു തന്നെ.

തിരുവനന്തപുരത്തുവെച്ച് ആഘോഷപൂർവ്വം ഉൽഘാടനമഹാമഹവും കൊണ്ടാടി. പിണറായി വിജയനായിരുന്നു ഉൽഘാടകൻ. കെ.പി.എ.സിയുമായുള്ള മത്സരത്തിന്  സി.പി.എം. സഹകരിക്കുമെന്ന തെറ്റിദ്ധാരണയാണ് അങ്ങനെയൊരു ഉദ്യമത്തിന് ഈ മന്ദ:കവിയശ:പ്രാർഥികളെ പ്രേരിപ്പിച്ചത്. ചുരുക്കം പറഞ്ഞാൽ ഉൽഘാടനസമ്മേളനവും സമാപനസമ്മേളനവും ഒരേ വേദിയിൽവെച്ചു തന്നെ നടന്നു.

ഇങ്ങനെയുള്ള ഭോഷന്മാരെ ഉദ്ദേശിച്ച് മഹാഭാരതം കർണ്ണപർവ്വത്തിൽ, കർണ്ണന്റെ അഹന്തയെ പരിഹസിച്ച് ശല്യർ ഒരു കാകന്റെ കഥ പറയുന്നുണ്ട്. എഴുത്തച്ഛൻ ആ ഭാഗം ഇങ്ങനെയാണ് വർണ്ണിച്ചിരിക്കുന്നത്.

ദിനന്തോറുമെച്ചിൽ കൊടുത്തൊരു വൈശ്യ
തനയന്മാരായ കുമാരന്മാർമുന്നം
വളർത്താരെന്നതു നിമിത്തമായ്കാകൻ
പുളച്ചഹങ്കരിച്ചരയന്നങ്ങളെ
മദത്തോടു ചെന്നു വിളിച്ചിതാഴിയെക്കട-
ക്കണം പറന്നിനി നാമെല്ലാരും ....

ആ കാക്കയ്ക്ക് സംഭവിച്ച ദുര്യോഗം തന്നെ ആ സമിതിക്കും സംഭവിച്ചു എന്ന് പറയേണ്ടതില്ലല്ലോ?

കുഴഞ്ഞു വെള്ളത്തിൽ പിടഞ്ഞു വീണുടൻ
കഴിഞ്ഞു കാകൻ തന്നഹങ്കാരമെല

Saturday, June 22, 2013

ബഹുമാനിയാ ഞാൻ ആരെയും തൃണവൽ......

 ഇങ്ങനെ ഒരാൾ യഥാർത്ഥത്തിൽ ജീവിച്ചിരുന്നോ എന്ന്  സംശയം തോന്നും ഇത്  വായിക്കുമ്പോൾ. പക്ഷെ തികച്ചും സത്യസന്ധമാണ്‌  ഇതിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ.
ചവറ ശങ്കരമംഗലത്ത് ശങ്കരൻതമ്പിയുടെ അനുജൻ പത്മനാഭപിള്ള കുന്നത്തൂർ തഹശീൽ മജിസ്ട്രേട്ടായി ഭരണം നടത്തിവരികയാണ്. അതിബുദ്ധിമാൻ മാത്രമല്ല രാജബന്ധം കൊണ്ട് അത്യന്താധികാരിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് തോന്നിയതുപോലെയാണ് ഭരണം. കച്ചേരിയിൽ പോവുകയോ കേസുകൾ കേൾക്കുകയോ ഒന്നുമില്ല. ഇനി കേസുമായി ആരെങ്കിലും മജിസ്ട്രേട്ടിനെ കാണാനെത്തിയെന്നിരിക്കട്ടെ, " എടാ! പോക്കിരി പുലിയാടിമക്കളെ ഇത് കണ്ടാൽ തോന്നുമല്ലോടാ, എനിക്കിതാ ജോലിയെന്ന്."
പിന്നെ എന്താണ് ജോലിയെന്ന് ആർക്കെങ്കിലും ചോദിക്കാൻ തോന്നുമോ? ശ്രീമൂലം തിരുമനസ്സിലെ പ്രഭാപൂരം അതിനു സമ്മതിക്കുമോ?
ഒരിക്കൽ പത്മനാഭപിള്ളയുടെ കോടതിയിൽ ഒരു പ്രതിക്കുവേണ്ടി, അദ്ദേഹത്തിന് തീരെ കണ്ടുകൂടാത്ത ഒരു വക്കീൽ ഹാജരായി. വക്കീലിനെ അവഗണിച്ച് മജി. പ്രതിയോട് ചോദിച്ചു:
" എടാ പ്രതീ, നിനക്ക് വേണ്ടപ്പെട്ടവരാരുമില്ലേടാ, ഈ മരങ്ങോടൻ വക്കീലിന്  നീ ആല്ലാതെ വേറാരെങ്കിലും കേസുകൊടുക്കുമോടാ ..?"
പത്മനാഭപിള്ളയദ്ദേഹത്തിന്റെ കഥകളിൽ സൂപ്പർ കഥയാണ്  ഇനി പറയുന്നത്.
ഒരിക്കൽ കേരള ഗണകസമാജത്തിന്റെ വാർഷികയോഗം അടൂരിൽ വെച്ച് നടത്താൻ അതിന്റെ പ്രവർത്തകർ തീരുമാനിച്ചു. ശാസ്താംകോട്ടയിലുള്ള ഒരു പത്മനാഭൻ ജോൽസ്യനായിരുന്നു ആ സംഘടനയുടെ ജനറൽ സെക്രട്ടറി. ജോൽസ്യനൊരാഗ്രഹം, ശങ്കരമംഗലത്തെ തമ്പുരാനെ അധ്യക്ഷനായി വേണം. ജോത്സ്യൻ പ്രമുഖ സാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ളയെ സമീപിച്ചു. ഇ.വി. മജി.ന്റെ അടുത്ത ബന്ധുവും സന്തതസഹാചാരിയുമാണെന്ന് ജോല്സ്യർക്കറിയാം. വേണ്ടാവേലക്കുള്ള പുറപ്പാടാണ് കണിയാരുടെതെന്നു ഇ.വി.ക്ക് മനസ്സിലായി. സംഭവത്തിന്റെ " പരിണാമഗുസ്തി" എന്താണെന്നറിയണമല്ലോ, ഇ.വി. സംഗതി ഏറ്റു. ഒരു നിശ്ചിത ദിവസം മജി.ന്റെ ബംഗ്ലാവിൽ എത്താൻ ഗണകരെ ചട്ടംകെട്ടി.
ഇ.വി. മജി.യോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ കുശലം പറഞ്ഞിരിക്കുമ്പോഴാണ് കാര്യദർശി താണുവീണു തൊഴുത് അവിടേക്ക് കയറിവരുന്നത്. 
" ആരാടാ അത്...?" അദ്ദേഹം ഇ.വി.യോട് ചോദിച്ചു. 
" അത് ആൾ കേരളാ ഗണകസമാജം ജനറൽ സെക്രട്ടറി മിസ്റ്റർ. പത്മനാഭൻ ജോത്സ്യർ..."
മജി: " ആരാ, ആരാ, എന്തവാടാ ..?"
ഇ.വി. : " ഒരു പാവം കണിയാരാ...."
മജി : " അവനെന്തൊക്കെയാണെന്നാടാ നീ പറഞ്ഞത്....?"
ഇ.വി. : ഇവർക്കൊരു സമാജമുണ്ട്, ഈ കണിയാനാ അതിന്റെ കാര്യദർശി .."
മജി. ( കാര്യദർശിയോട് ) " എന്തവാടാ ഇത്, കണിയാന്മാർക്കുമായോടാ സംഘോം സമാജോമൊക്കെ, ആര് പറഞ്ഞിട്ടാടാ ഇതൊക്കെ..." പാവം കണിയാർ. നിന്ന് ഉരുകുകയാണ്.
ഇ.വി. ഒരുപാട്  നിർബ്ബന്ധിച്ച ശേഷമാണ്   അദ്ധ്യക്ഷനാവാൻ പത്മനാഭപിള്ളയദ്യം സമ്മതിച്ചത്. യോഗ ദിവസം, പ്ലാറ്റ്ഫോമിന്റെ മദ്ധ്യത്തെ കസേരയിൽ അദ്ദേഹവും ഇടവും വലവും മുൻസിഫും അടൂർ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററും ഇരുന്നു. ഒരു കസേര ഒഴിച്ചിട്ടിരിക്കുകയാണ്. സമാജത്തിന്റെ സ്ഥിരം അദ്ധ്യക്ഷന് ഇരിക്കാനാണത്.
" സമാജത്തിന്റെ പ്രസിഡന്റ് പാഴൂർ പടിപ്പുരയിൽ കൊച്ചുരാമൻ വൈദ്യനെ ഒഴിഞ്ഞ കസേരയിൽ ഇരുത്തണമെന്നാണ് ഗണകസമാജത്തിന്റെ ആഗ്രഹം....." ഇ.വി. മജി.യോട് പറഞ്ഞു. 
അദ്ധ്യക്ഷന്റെ അത്യുച്ചത്തിലുള്ള പ്രതികരണം.  " ഈ നാണം കെട്ട പണിക്ക് വന്നതുമല്ല, ഒരു പരട്ട കണിയാനെ എന്റൊപ്പം ഇരുത്താനോ....?"  വേദിയിലിരുന്ന സ്ഥിരാധ്യക്ഷനെ നോക്കി - " എടോ, മൂത്തകണിയാരെ, തനിക്ക് എന്റൊപ്പം കയറിയിരിക്കണോടോ ...?"
" വേണ്ടായേ, വേണ്ടായേ "
" ങാ, താൻ മര്യാദക്കാരനാ, എവിടാടാ മറ്റേ കഴുവേറി...?"  കാര്യദർശി അടൂർ താലൂക്കിൽ നിന്നു തന്നെ നിഷ്ക്രമിച്ചു എന്ന് പറയേണ്ടതില്ലല്ലോ?
ആ യോഗത്തിലെ മറ്റൊരു പ്രാസംഗികൻ ആയിരുന്നു, എം.എൽ.സിയും പത്രാധിപരുമൊക്കെ ആയിരുന്ന കൈതപ്പുഴ ഗോവിന്ദപ്പിള്ള. ഗണകസമുദായം കോഴി വെട്ടരുത്, കോലം തുള്ളരുത്, മന്ത്രവാദം നടത്തരുത് എന്നൊക്കെ കൈതപ്പുഴ പ്രസംഗത്തിൽ ഗണകന്മാരെ ഗുണദോഷിച്ചു. 
അതിഗംഭീരമായിരുന്നു പത്മനാഭപിള്ളയദ്യത്തിന്റെ ഉപസംഹാര പ്രസംഗം. " എടാ കണിയാന്മാരേ, എന്തവാടാ ഈ ഗോവിന്ദപിള്ള പറഞ്ഞത്. നീയൊന്നും മന്ത്രവാദം ചെയ്യരുത്, കോഴിയെ വെട്ടരുത് ..... കൊള്ളാം, പിന്നെ നിനക്കൊക്കെ അവന്റെ തന്ത ചെലവിന്   തരുമോടാ...?"
" എന്റെ ബഹുമാന്യ സ്നേഹിതൻ ശ്രീ ഗോവിന്ദപിള്ളഅവർകൾ ഇവിടെ പ്രകടിപ്പിച്ച അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ടെന്ന് ഖേദപൂർവ്വം പ്രസ്താവിച്ചു കൊള്ളുന്നു," എന്നാണല്ലോ ഇതിനർത്ഥം.
പിന്നീടദ്ദേഹം കൊല്ലം ഡിവിഷണൽ പേഷ്ക്കാരായി. ഒരു സാധു പ്രവർത്ത്യാരെ ( വില്ലേജ്ഓഫീസർ) എന്തോ നിസാര കുറ്റത്തിന് ചെങ്കോട്ടക്ക് സ്ഥലം മാറ്റി. അന്ന് ചെങ്കോട്ട കൊല്ലം ഡിവിഷനിൽപ്പെട്ട പ്രദേശമാണ്. പേഷ്കാർ പെൻഷനായതിനു ശേഷം ഈ പ്രവർത്ത്യാരെ ഒരു വിവാഹ സ്ഥലത്തു വെച്ച് കാണാനിടയായി. അദ്ദേഹം ചോദിച്ചു....
" എന്താടോ നാണുപിള്ളേ, സുഖമാണോ....?"
" എന്ത് പറയാനാ അങ്ങുന്നേ, ആകപ്പാടെ കഷ്ടപ്പാടാണേ..ഭാഷേം അറിയത്തില്ല, ആഹാരോം പിടിക്കുന്നില്ലേ..."
" അയ്യോ, നാണുപിള്ളേ, ഇനി ഞാൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ലടോ, ഞാൻ പെൻഷനായി...."
നാണുപിള്ള: " അതു തന്നാടാ മുതു കഴുവേറീടെ മോനെ എനിക്ക് പറയാനുള്ളത്..നീ വിചാരിച്ചാൽ ഇനി എന്നെ എന്തോ ചെയ്യാനാ..."
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്  ഒരു സത്യം കൂടി വെളിപ്പെടുത്തിയേക്കാം. സ്മര്യപുരുഷൻ എന്റെ നടുവത്തെ അമ്മാവിയുടെ അമ്മാവൻ ആണ്.