ഇങ്ങനെ ഒരാൾ യഥാർത്ഥത്തിൽ ജീവിച്ചിരുന്നോ എന്ന് സംശയം തോന്നും ഇത് വായിക്കുമ്പോൾ. പക്ഷെ തികച്ചും സത്യസന്ധമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ.
ചവറ ശങ്കരമംഗലത്ത് ശങ്കരൻതമ്പിയുടെ അനുജൻ പത്മനാഭപിള്ള കുന്നത്തൂർ തഹശീൽ മജിസ്ട്രേട്ടായി ഭരണം നടത്തിവരികയാണ്. അതിബുദ്ധിമാൻ മാത്രമല്ല രാജബന്ധം കൊണ്ട് അത്യന്താധികാരിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് തോന്നിയതുപോലെയാണ് ഭരണം. കച്ചേരിയിൽ പോവുകയോ കേസുകൾ കേൾക്കുകയോ ഒന്നുമില്ല. ഇനി കേസുമായി ആരെങ്കിലും മജിസ്ട്രേട്ടിനെ കാണാനെത്തിയെന്നിരിക്കട്ടെ, " എടാ! പോക്കിരി പുലിയാടിമക്കളെ ഇത് കണ്ടാൽ തോന്നുമല്ലോടാ, എനിക്കിതാ ജോലിയെന്ന്."
ചവറ ശങ്കരമംഗലത്ത് ശങ്കരൻതമ്പിയുടെ അനുജൻ പത്മനാഭപിള്ള കുന്നത്തൂർ തഹശീൽ മജിസ്ട്രേട്ടായി ഭരണം നടത്തിവരികയാണ്. അതിബുദ്ധിമാൻ മാത്രമല്ല രാജബന്ധം കൊണ്ട് അത്യന്താധികാരിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് തോന്നിയതുപോലെയാണ് ഭരണം. കച്ചേരിയിൽ പോവുകയോ കേസുകൾ കേൾക്കുകയോ ഒന്നുമില്ല. ഇനി കേസുമായി ആരെങ്കിലും മജിസ്ട്രേട്ടിനെ കാണാനെത്തിയെന്നിരിക്കട്ടെ, " എടാ! പോക്കിരി പുലിയാടിമക്കളെ ഇത് കണ്ടാൽ തോന്നുമല്ലോടാ, എനിക്കിതാ ജോലിയെന്ന്."
പിന്നെ എന്താണ് ജോലിയെന്ന് ആർക്കെങ്കിലും ചോദിക്കാൻ തോന്നുമോ? ശ്രീമൂലം തിരുമനസ്സിലെ പ്രഭാപൂരം അതിനു സമ്മതിക്കുമോ?
ഒരിക്കൽ പത്മനാഭപിള്ളയുടെ കോടതിയിൽ ഒരു പ്രതിക്കുവേണ്ടി, അദ്ദേഹത്തിന് തീരെ കണ്ടുകൂടാത്ത ഒരു വക്കീൽ ഹാജരായി. വക്കീലിനെ അവഗണിച്ച് മജി. പ്രതിയോട് ചോദിച്ചു:
" എടാ പ്രതീ, നിനക്ക് വേണ്ടപ്പെട്ടവരാരുമില്ലേടാ, ഈ മരങ്ങോടൻ വക്കീലിന് നീ ആല്ലാതെ വേറാരെങ്കിലും കേസുകൊടുക്കുമോടാ ..?"
പത്മനാഭപിള്ളയദ്ദേഹത്തിന്റെ കഥകളിൽ സൂപ്പർ കഥയാണ് ഇനി പറയുന്നത്.
ഒരിക്കൽ കേരള ഗണകസമാജത്തിന്റെ വാർഷികയോഗം അടൂരിൽ വെച്ച് നടത്താൻ അതിന്റെ പ്രവർത്തകർ തീരുമാനിച്ചു. ശാസ്താംകോട്ടയിലുള്ള ഒരു പത്മനാഭൻ ജോൽസ്യനായിരുന്നു ആ സംഘടനയുടെ ജനറൽ സെക്രട്ടറി. ജോൽസ്യനൊരാഗ്രഹം, ശങ്കരമംഗലത്തെ തമ്പുരാനെ അധ്യക്ഷനായി വേണം. ജോത്സ്യൻ പ്രമുഖ സാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ളയെ സമീപിച്ചു. ഇ.വി. മജി.ന്റെ അടുത്ത ബന്ധുവും സന്തതസഹാചാരിയുമാണെന്ന് ജോല്സ്യർക്കറിയാം. വേണ്ടാവേലക്കുള്ള പുറപ്പാടാണ് കണിയാരുടെതെന്നു ഇ.വി.ക്ക് മനസ്സിലായി. സംഭവത്തിന്റെ " പരിണാമഗുസ്തി" എന്താണെന്നറിയണമല്ലോ, ഇ.വി. സംഗതി ഏറ്റു. ഒരു നിശ്ചിത ദിവസം മജി.ന്റെ ബംഗ്ലാവിൽ എത്താൻ ഗണകരെ ചട്ടംകെട്ടി.
ഇ.വി. മജി.യോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ കുശലം പറഞ്ഞിരിക്കുമ്പോഴാണ് കാര്യദർശി താണുവീണു തൊഴുത് അവിടേക്ക് കയറിവരുന്നത്.
" ആരാടാ അത്...?" അദ്ദേഹം ഇ.വി.യോട് ചോദിച്ചു.
" അത് ആൾ കേരളാ ഗണകസമാജം ജനറൽ സെക്രട്ടറി മിസ്റ്റർ. പത്മനാഭൻ ജോത്സ്യർ..."
മജി: " ആരാ, ആരാ, എന്തവാടാ ..?"
ഇ.വി. : " ഒരു പാവം കണിയാരാ...."
മജി : " അവനെന്തൊക്കെയാണെന്നാടാ നീ പറഞ്ഞത്....?"
ഇ.വി. : ഇവർക്കൊരു സമാജമുണ്ട്, ഈ കണിയാനാ അതിന്റെ കാര്യദർശി .."
മജി. ( കാര്യദർശിയോട് ) " എന്തവാടാ ഇത്, കണിയാന്മാർക്കുമായോടാ സംഘോം സമാജോമൊക്കെ, ആര് പറഞ്ഞിട്ടാടാ ഇതൊക്കെ..." പാവം കണിയാർ. നിന്ന് ഉരുകുകയാണ്.
ഇ.വി. ഒരുപാട് നിർബ്ബന്ധിച്ച ശേഷമാണ് അദ്ധ്യക്ഷനാവാൻ പത്മനാഭപിള്ളയദ്യം സമ്മതിച്ചത്. യോഗ ദിവസം, പ്ലാറ്റ്ഫോമിന്റെ മദ്ധ്യത്തെ കസേരയിൽ അദ്ദേഹവും ഇടവും വലവും മുൻസിഫും അടൂർ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററും ഇരുന്നു. ഒരു കസേര ഒഴിച്ചിട്ടിരിക്കുകയാണ്. സമാജത്തിന്റെ സ്ഥിരം അദ്ധ്യക്ഷന് ഇരിക്കാനാണത്.
" സമാജത്തിന്റെ പ്രസിഡന്റ് പാഴൂർ പടിപ്പുരയിൽ കൊച്ചുരാമൻ വൈദ്യനെ ഒഴിഞ്ഞ കസേരയിൽ ഇരുത്തണമെന്നാണ് ഗണകസമാജത്തിന്റെ ആഗ്രഹം....." ഇ.വി. മജി.യോട് പറഞ്ഞു.
അദ്ധ്യക്ഷന്റെ അത്യുച്ചത്തിലുള്ള പ്രതികരണം. " ഈ നാണം കെട്ട പണിക്ക് വന്നതുമല്ല, ഒരു പരട്ട കണിയാനെ എന്റൊപ്പം ഇരുത്താനോ....?" വേദിയിലിരുന്ന സ്ഥിരാധ്യക്ഷനെ നോക്കി - " എടോ, മൂത്തകണിയാരെ, തനിക്ക് എന്റൊപ്പം കയറിയിരിക്കണോടോ ...?"
" വേണ്ടായേ, വേണ്ടായേ "
" ങാ, താൻ മര്യാദക്കാരനാ, എവിടാടാ മറ്റേ കഴുവേറി...?" കാര്യദർശി അടൂർ താലൂക്കിൽ നിന്നു തന്നെ നിഷ്ക്രമിച്ചു എന്ന് പറയേണ്ടതില്ലല്ലോ?
ആ യോഗത്തിലെ മറ്റൊരു പ്രാസംഗികൻ ആയിരുന്നു, എം.എൽ.സിയും പത്രാധിപരുമൊക്കെ ആയിരുന്ന കൈതപ്പുഴ ഗോവിന്ദപ്പിള്ള. ഗണകസമുദായം കോഴി വെട്ടരുത്, കോലം തുള്ളരുത്, മന്ത്രവാദം നടത്തരുത് എന്നൊക്കെ കൈതപ്പുഴ പ്രസംഗത്തിൽ ഗണകന്മാരെ ഗുണദോഷിച്ചു.
അതിഗംഭീരമായിരുന്നു പത്മനാഭപിള്ളയദ്യത്തിന്റെ ഉപസംഹാര പ്രസംഗം. " എടാ കണിയാന്മാരേ, എന്തവാടാ ഈ ഗോവിന്ദപിള്ള പറഞ്ഞത്. നീയൊന്നും മന്ത്രവാദം ചെയ്യരുത്, കോഴിയെ വെട്ടരുത് ..... കൊള്ളാം, പിന്നെ നിനക്കൊക്കെ അവന്റെ തന്ത ചെലവിന് തരുമോടാ...?"
" എന്റെ ബഹുമാന്യ സ്നേഹിതൻ ശ്രീ ഗോവിന്ദപിള്ളഅവർകൾ ഇവിടെ പ്രകടിപ്പിച്ച അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ടെന്ന് ഖേദപൂർവ്വം പ്രസ്താവിച്ചു കൊള്ളുന്നു," എന്നാണല്ലോ ഇതിനർത്ഥം.
പിന്നീടദ്ദേഹം കൊല്ലം ഡിവിഷണൽ പേഷ്ക്കാരായി. ഒരു സാധു പ്രവർത്ത്യാരെ ( വില്ലേജ്ഓഫീസർ) എന്തോ നിസാര കുറ്റത്തിന് ചെങ്കോട്ടക്ക് സ്ഥലം മാറ്റി. അന്ന് ചെങ്കോട്ട കൊല്ലം ഡിവിഷനിൽപ്പെട്ട പ്രദേശമാണ്. പേഷ്കാർ പെൻഷനായതിനു ശേഷം ഈ പ്രവർത്ത്യാരെ ഒരു വിവാഹ സ്ഥലത്തു വെച്ച് കാണാനിടയായി. അദ്ദേഹം ചോദിച്ചു....
" എന്താടോ നാണുപിള്ളേ, സുഖമാണോ....?"
" എന്ത് പറയാനാ അങ്ങുന്നേ, ആകപ്പാടെ കഷ്ടപ്പാടാണേ..ഭാഷേം അറിയത്തില്ല, ആഹാരോം പിടിക്കുന്നില്ലേ..."
" അയ്യോ, നാണുപിള്ളേ, ഇനി ഞാൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ലടോ, ഞാൻ പെൻഷനായി...."
നാണുപിള്ള: " അതു തന്നാടാ മുതു കഴുവേറീടെ മോനെ എനിക്ക് പറയാനുള്ളത്..നീ വിചാരിച്ചാൽ ഇനി എന്നെ എന്തോ ചെയ്യാനാ..."
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒരു സത്യം കൂടി വെളിപ്പെടുത്തിയേക്കാം. സ്മര്യപുരുഷൻ എന്റെ നടുവത്തെ അമ്മാവിയുടെ അമ്മാവൻ ആണ്.
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒരു സത്യം കൂടി വെളിപ്പെടുത്തിയേക്കാം. സ്മര്യപുരുഷൻ എന്റെ നടുവത്തെ അമ്മാവിയുടെ അമ്മാവൻ ആണ്.