തെരഞ്ഞെടുപ്പ് വന്നപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞ ചിത്രം, ഞങ്ങളുടെ പ്രിയങ്കരനായിരുന്ന ഒടക്കപ്പച്ചന്റെയാണ്. അപ്പച്ചൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്ന നിമിഷങ്ങൾ!
ഒടക്കപ്പച്ചൻ കടപ്രയിലുള്ള ഒരു മാർക്സിസ്റ്റ് കാരനായിരുന്നു. അപ്പച്ചന് ഒടക്ക് എന്ന വിശേഷണം എങ്ങനെ കിട്ടി എന്ന് ഇനിയും ഗവേഷണം ചെയ്ത് കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്. നേരിൽ ചോദിച്ച് സംശയ നിവൃത്തി വരുത്താനും മാർഗമില്ല. പത്തുപന്ത്രണ്ടു കൊല്ലങ്ങൾക്ക് മുമ്പ് അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു കഴിഞ്ഞു.
അപ്പച്ചൻ ആരോടെങ്കിലും ഒടക്കിയിട്ടുള്ളതായി ചരിത്ര രേഖകളില്ല. ശാന്ത സ്വഭാവമാണ്. അല്പമെങ്കിലും ചൂടാവുന്നത് മാർക്സിസ്റ്റ് പാർട്ടിയെ ആരെങ്കിലും ആക്ഷേപിക്കുമ്പോൾ മാത്രമാണ്. വിമർശിക്കുന്നതിൽ അദ്ദേഹത്തിന് തെല്ലും പരിഭവമുണ്ടായിരുന്നില്ല. "പ്രതിക്രിയാ വാതക"വും മറ്റും പ്രയോഗിച്ച് എതിരാളികളെ നേരിടാൻ അമ്പുകൾ അദ്ദേഹത്തിന്റെ ആവനാഴിയിൽ സുലഭമായിരുന്നു.
കടപ്ര ജംഗ്ഷനിൽ നിന്ന്, നിരണത്തേക്ക് പോകുന്ന വഴിക്കുള്ള രണ്ടാമത്തെ വളവിലുള്ള പുറമ്പോക്ക് പുരയിടത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. ചെറിയ ഒരു ഓലപ്പുര. വിദേശത്തുനിന്ന് തിരികെ വന്ന് സി.പി.എം. പ്രാദേശിക രാഷ്ട്രീയത്തിൽ ഞാൻ സജീവമാകുന്നത് 1990 ൽ ആണ്. അക്കാലത്ത് അപ്പച്ചൻ പാർട്ടി മെമ്പർ ആയിരുന്നില്ല. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, പിളർപ്പിനുശേഷം സി.പി.എമ്മിലും അപ്പച്ചൻ മെമ്പറായിരുന്നുവെന്ന് അച്ഛൻ പറഞ്ഞറിയാമായിരുന്നു. പിന്നെന്തോ അപ്പച്ചൻ മെമ്പർഷിപ്പ് പുതുക്കിയില്ല. പക്ഷെ പാർട്ടിയുമായി അകലുകയുണ്ടായില്ല. ഒരു പാർട്ടി മെമ്പറേക്കാൾ ഉത്തരവാദിത്തബോധത്തോടെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുമായിരുന്നു.
1991 ലെ തെരഞ്ഞെടുപ്പു കാലത്താണ് അപ്പച്ചനോടൊന്നിച്ച് പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞത്. അന്ന് ഞാനായിരുന്നു കടപ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനർ. നിയമസഭാ സ്ഥാനാർഥി ജനതാദളിലെ മാത്യു ടി. തോമസ്സും, ലോകസഭാ സ്ഥാനാർഥി സുരേഷ് കുറുപ്പും ആയിരുന്നു. ഞങ്ങളൊക്കെ രണ്ടു ചിഹ്നങ്ങളും അടയാളപ്പെടുത്തിയ ബാഡ്ജ് പോക്കറ്റിൽ കുത്തി പ്രവർത്തിക്കുമ്പോൾ, അപ്പച്ചൻ ചുറ്റിക അരിവാൾ നക്ഷത്രം മാത്രമുള്ള ബാഡ് ജേ ധരിക്കുമായിരുന്നുള്ളൂ.
മെയ് ദിനത്തിനും, ഈ.എം.എസ്. എ.കെ.ജി., സി.എച്ച്., അഴീക്കോടൻ ദിനങ്ങളിലും കടപ്ര രക്ത സാക്ഷിമണ്ഡപത്തിൽ രാവിലെ ഏഴു മണിക്ക് മുമ്പുതന്നെ, ആര് വന്നാലും വന്നില്ലെങ്കിലും അപ്പച്ചൻ പുഷ്പാർച്ചന നടത്തി ചെങ്കൊടി ഉയർത്തും. എൽ.സി. സെക്രട്ടറി കുറുപ്പുചേട്ടനും, ഡി.സി. മെമ്പർ ലോപ്പസ് സാറും ആ ദിനങ്ങൾ മറന്നു പോയാലും അപ്പച്ചൻ മറക്കുകയില്ല.
കടപ്ര പഞ്ചായത്തിലെ എല്ലാ വോട്ടർമാരുടെയും സ്ഥിതിവിവര കണക്കുകൾ ഉള്ളം കയ്യിലെ നെല്ലിക്കയായിരുന്നു. മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, കൂട്ടിക്കൊണ്ടു വന്നാൽ സ്വന്തം സ്ഥാനാർഥിക്ക് വോട്ടു ചെയ്യുന്നവർ - ഇതൊക്കെ അപ്പച്ചന് നല്ല നിശ്ചയമാണ്.
വോട്ടേഴ്സ് ലിസ്റ്റ് കിട്ടിക്കഴിഞ്ഞ് അത് അപ്പച്ചനെ ഏൽപ്പിച്ചാൽ മതി. സ്ഥിതി വിവരങ്ങൾ രേഖപ്പെടുത്തി രണ്ടു ദിവസത്തിനകം തിരികെ തന്നിരിക്കും. അപ്പച്ചന്റെ ആ ഉപകാരം 91 ലെ ഇലക്ഷന് എനിക്ക് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. തെരെഞ്ഞെടുപ്പിന്റന്നു ബൂത്ത് എജെന്റിനെ നിശ്ചയിക്കുമ്പോൾ അപ്പച്ചന്റെ പേരായിരുന്നു ഒന്നാമത് നിർദ്ദേശിക്കപ്പെട്ടിരുന്നത്. പോളിംഗ് സ് റ്റേഷനിൽ എതിരാളികളുടെ ഒരടവും അപ്പച്ചന്റടുത്ത് ഫലിക്കുകയില്ല.
പാർട്ടിയിൽ നിന്ന് എന്തെങ്കിലും സൌജന്യം അപ്പച്ചൻ ആവശ്യപ്പെട്ടതായി എനിക്കറിവില്ല. വല്ലപ്പോഴും വീട്ടിൽ വരുമായിരുന്നു. അച്ഛൻ വീട്ടിലുണ്ടെങ്കിൽ ദീർഘനേരം പഴയ കാര്യങ്ങൾ പറഞ്ഞിരിക്കും. അച്ഛന് തിരക്കില്ലെങ്കിൽ അത് ഉച്ചയൂണ് വരെ നീളും. ഊണു കഴിഞ്ഞ് വെയിലാറിയിട്ടെ തിരിച്ചു പോവുകയുള്ളു. ആണി രോഗിയായിരുന്നു. അതുകൊണ്ട് ഒരു പ്രത്യേക താള ക്രമത്തിലായിരുന്നു അപ്പച്ചന്റെ നടപ്പ്.
അപ്പച്ചൻ ചിലപ്പോഴൊക്കെ സാമ്പത്തിക സഹായത്തിന് എന്നെ സമീപിച്ചിട്ടുണ്ട്. അരി വാങ്ങിക്കാനോ, പഞ്ചാര വാങ്ങിക്കാനോ ആയിരുന്നില്ല ആ സഹായ അഭ്യർത്ഥന. പുതിയ കൊടി തയ്പ്പിക്കാൻ, അല്ലെങ്കിൽ ഇ.എം.എസ്സിന്റെയൊ എ.കെ.ജിയുടേയോ ഫോട്ടോ ഫ്രെയിം ചെയ്യിക്കാൻ.
ഇങ്ങനെ അപ്പച്ചനെ പോലെയുള്ള ആയിരക്കണക്കിന് നിസ്വാർത്ഥരായ സഖാക്കൾ വളർത്തിയെടുത്തതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അവരുടെ ചോരയുടെയും വിയർപ്പിന്റെയും മണമുണ്ട് ഈ പ്രസ്ഥാനത്തിന്. ആ സ്മരണകൾ നല്കുന്ന കരുത്തുമുണ്ട്.
ഒടക്കപ്പച്ചന്റെ സ്മരണക്ക് മുമ്പിൽ വിപ്ലവാഭിവാദ്യങ്ങൾ!
No comments:
Post a Comment