![]() |
നിലമ്പൂർ പുതിയ കോവിലകം. |
![]() |
നിലമ്പൂർ പുതിയ കോവിലകം ആതിഥേയർ . |
മതങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഒരു ഇന്ത്യാ ചരിത്രരചന നിർവ്വഹിച്ചത് ഡേവിഡ് മിൽസ് എന്ന വെള്ളക്കാരനാണ്. ഈ ചരിത്ര രചന അദ്ദേഹം നിർവ്വഹിച്ചത്, ഇന്ത്യയിലേക്ക് വരുന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്ക് പഠിക്കാൻ വേണ്ടിയായിരുന്നു. 1784ൽ വില്യം ജോണ്‍സ് പ്രസിദ്ധം ചെയ്ത ഗവേഷണ പഠനങ്ങൾ തിരസ്ക്കരിച്ചുകൊണ്ടാണ് മിൽസിന്റെ പഠനങ്ങളെ ലണ്ടൻ സ്വീകരിച്ചത്. അന്നു മുതൽ ഏതാണ്ട് നൂറു വർഷങ്ങൾ ഇന്ത്യൻ ചരിത്ര രചന ബ്രിട്ടീഷുകാരുടെ കൈകളിലായിരുന്നു.
1925ൽ പ്രസിദ്ധീകരിച്ച "കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ഇന്ത്യ" എന്ന ചരിത്ര പഠനമാണ് ഇന്ത്യാ ചരിത്രത്തിന്റെ വിലപ്പെട്ട രചനായി പരിഗണിച്ചു വന്നിട്ടുള്ളത്. അലക്സാണ്ടർ, അശോകൻ, ചന്ദ്രഗുപ്തൻ, അക് ബർ എന്നീ വീര പുരുഷന്മാരെ കേന്ദ്രീകരിച്ച് മൂന്നു ഘട്ടങ്ങളായാണ്, ഇന്ത്യയിൽ ബ്രിട്ടീഷ് അഡ്മിനിസ് ട്രേറ്ററായി ജോലി നോക്കിയിരുന്ന വിൻസന്റ് സ്മിത്ത് ഈ രചന നിർവ്വഹിച്ചിട്ടുള്ളത്. നിക്ഷ്പക്ഷമായ ഒരു ചരിത്ര രചനയായിരുന്നില്ല സ്മിത്തിന്റെത്. ഇന്ത്യൻ ഭരണാധികാരികളായ രാജാക്കന്മാരും, ഭാരതീയ ധർമ്മശാസ്ത്രങ്ങളുമെല്ലാം സ്മിത്തിന് പരിഹാസ പാത്രങ്ങളായിരുന്നു. ആര്യൻ സംസ്കൃതിയുടെ വരവോടുകൂടി ഇന്ത്യൻ ചരിത്ര രചന വേദങ്ങളുടെ അടിസ്ഥാനത്തിലായി. ആര്യ പ്രമാണിത്തത്തിന്റെ നിഴലിൽ നടത്തപ്പെട്ട ആ ചരിത്ര രചനകളും നിക്ഷ്പക്ഷമായിരുന്നില്ല. മോഹൻജദാരോയിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ പോലും ഗൌരവമായ ചരിത്ര രചനയ്ക്ക് ഉപോൽബലമായില്ല.
യഥാർത്ഥത്തിൽ ഗൌരവമായ ഒരു ഇന്ത്യാ ചരിത്ര രചനയ്ക്ക് വഴികാട്ടിയായത് കാൾ മാർക്സിന്റെ ഹിസ് റ്റോറിക്കൽ മെറ്റീരിയലിസവും ഇന്ത്യയെപ്പറ്റിയുള്ള ചില കുറിപ്പുകളുമാണ്. രാഹുൽ സാംകൃത്യായൻ, ദേബീപ്രസാദ് ചതോപാദ്ധ്യായ, ഡി.സി. കൊസാംബി, ആർ.എസ്. ശർമ്മ, സതീഷ് ശർമ്മ, ബിപിൻ ചന്ദ്ര, സുമിത് സർക്കാർ, ഇർഫാൻ ഹബീബ്, റോമിലാ ഥാപ്പർ, ഇ.എം.എസ്., കെ. ദാമോദരൻ തുടങ്ങിയവർ ഇന്ത്യാ ചരിത്ര പഠനത്തിലേക്ക് കടന്നു വന്നത് മാർക്സ് കൊളുത്തിയ വിളക്കിന്റെ വെട്ടത്തിലാണ്. പ്രൊഫ. ഇളംകുളം കേരളീയ ചരിത്ര പഠനം നടത്തിയതും ഇതേ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണെന്ന് സാമാന്യമായി പറയാം.
![]() |
ശ്രീ രവി വർമ്മ |
നൂറ്റാണ്ടുകളുടെ സംഭവബഹുലമായ ചരിത്രത്തിന്റെ കുളിർമ്മ ശേഷിക്കുന്ന ഒരു കോവിലകത്ത്, മനസ്സിനടുപ്പമുള്ള ഒരുപറ്റം സുഹൃത്തുക്കളുമായി രണ്ടുനാൾ പാർത്തതിന്റെ മാനസികോല്ലാസമാണ് ഈ ചരിത്ര ചിന്തകൾ എന്റെ പൊട്ടത്തലയിൽ കടന്നു വരാൻ കാരണമായത്. ഒരു ഫെയ്സ് ബുക്ക് ഗ്രൂപ്പായ "വിന്റേജ് മെമ്മറീസിന്റെ" 2014ലെ കുടുംബ സംഗമം നടത്തിയത്, ചരിത്രം ഉറങ്ങുന്ന നിലമ്പൂർ കോവിലകത്ത് വെച്ചായിരുന്നു. കഴിഞ്ഞ വർഷം സംഗമം നടന്നത് വരിക്കാശ്ശേരി മനയിൽ വെച്ചായിരുന്നു.
ആതിഥേയരായ രവി വർമ്മ, മധു, ശ്രീവിദ്യ വർമ്മ തുടങ്ങിയവരുടെ ഉത്സാഹവും, അതിഥികളേ സ്വീകരിക്കുന്നതിൽ പുലർത്തിയ കാപട്യമില്ലാത്ത സ് നേഹപരിചരണങ്ങളും, സ്വന്തം കുടുംബത്തിൽ എത്തിച്ചേർന്ന പ്രതീതിയാണ് പ്രദാനം ചെയ്തത്.
നിലമ്പൂർ റ്റൗണിനു വളരെയടുത്തു തന്നെയാണ് കോവിലകം കോംപ്ലക്സ്. പുതിയ കോവിലകം എന്ന 8 കെട്ടാണ്, കോവിലകത്തെ ഒരു തമ്പുരാട്ടിയായ ശ്രീവിദ്യയുടെ ഭരണ സാമർത്ഥ്യത്തിൽ അതിഥികളുടെ സൌകര്യങ്ങൾക്കായി ഒരുങ്ങി നിൽക്കുന്നത്. ഇവിടെ പഞ്ചനക്ഷത്ര സൌകര്യങ്ങളോ, ആഡംബരങ്ങളോ, ആർഭാടങ്ങളോ ഒന്നുമില്ല. അതുമാത്രം പ്രതീക്ഷിച്ച് അവിടെ ചെല്ലുന്നവർ നിരാശരാകും.
![]() |
കോവിലകം കാർണവരായ ഗോദവർമ്മൻ തിരുമുൽപ്പാടിനെ ചടങ്ങിൽ ആദരിക്കുന്നു. |
സംഗമത്തിന്റെ ഉൽഘാടനം കഴിഞ്ഞതിനു ശേഷമാണ് എനിക്കവിടെ എത്തിച്ചേരാൻ കഴിഞ്ഞത്. രവി വർമ്മയും രാജേന്ദ്ര വർമ്മയും കോവിലകത്തിന്റെ ചരിത്രം വിശദീകരിക്കുകയായിരുന്നു ഞാൻ കടന്നു ചെല്ലുമ്പോൾ.
സംഗമത്തിൽ 80 വയസ്സുകാരൻ തൊട്ട് 3 വയസ്സുകാരൻ വരെയുണ്ടായിരുന്നു. പ്രായ ഭേദങ്ങളൊന്നും അവിടെ കണ്ടില്ല.ഒന്നുകിൽ എല്ലാവരും 80 വയസ്സുകാർ. അല്ലെങ്കിൽ മൂന്നു വയസ്സുകാർ. ഒട്ടു മിക്ക പേരും നേരിട്ട് പരിചയമുള്ളവർ. അതിൽത്തന്നെ ഭൂരിപക്ഷവും വളരെയടുപ്പമുള്ളവർ. പ്രായത്തിൽ ഞാൻ ഇളവനാണെങ്കിലും, രവി കൊച്ചാട്ടാ എന്നു കളിയാക്കി വിളിക്കുന്ന ഗീത ടീച്ചർ മുതൽ, എന്നെ ടി.ജി. രവിയേട്ടാ എന്നു പേരിട്ടിട്ട് കണ്ണിൽ ചോരയില്ലാത്ത വില്ലനാക്കി ചിത്രീകരിച്ച് , സ്വയം ആനന്ദം കണ്ടെത്തുകയും, അതും പോരാഞ്ഞിട്ട് എന്നോട് ശുണ്ഠിക്കു വരുന്ന നിഷ വരെ. ആദ്യമായി കാണുന്ന ചില സ്ത്രീവേഷങ്ങളും ഉണ്ടായിരുന്നു. എല്ലാവരും ഇന്നലെ ലളിത വേഷത്തിൽ ആയിരുന്നു. "ഘോരദംഷ്ട്രഭീഷണാ വീര വൈരികളാണോ" എന്ന് ഇന്നലത്തെ രൂപത്തിൽ നിന്ന് ഏതായാലും മനസ്സിലായില്ല.
![]() |
പാലക്കാട് ശ്രീറാം ഇടയ്ക്ക വായിക്കുന്നു |
ശ്രീറാം ബേബി ദമ്പതികളുടെ സംഗീത കച്ചേരി, ഹമ്പിൾ ഷൈനിന്റെ ഹിന്ദുസ്ഥാനി സംഗീതം, നവീനും ദീപാ പാലനാടും ചേർന്നവതരിപ്പിച്ച കഥകളിപ്പാട്ട്, എല്ലാം ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു. ഇതൊരു ഭംഗി വാക്കല്ല. മഹേഷ് അവതരിപ്പിച്ച മിമിക്രി വളരെ രസകരമായിരുന്നു.
ദേവദാസ്, പ്രദീപ് തെന്നാട്ട്, ഗീതാ രാജൻ, ദിവാകരൻ, ആർവിഎൻ എന്നിവരുടെ അക്ഷരശ്ലോക സദസ്സ് കുട്ടികൾ പോലും ആസ്വദിക്കുന്നതു കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. അക്ഷര ശ്ലോകത്തിനു ശേഷം ദേവദാസും പ്രദീപും കൂടി അവതരിപ്പിച്ച ചില സരസ ശ്ലോകങ്ങൾ ഏവരുടേയും അഭിനന്ദനത്തിന് അർഹമായി. ശ്ലോകം ചൊല്ലി അത് വ്യാഖ്യാനിക്കുകകൂടി ചെയ്തതു കൊണ്ട് സംഗതിയുടെ "കിടപ്പ്" മനസ്സിലാക്കാൻ എല്ലാവർക്കും കഴിഞ്ഞു.
രശ്മി സ്വന്തം കവിത ആലപിച്ചു. ആ മെലിഞ്ഞു ചടച്ച ശരീരത്തിൽ ഇത്രയധികം കവിത്വവും ഭാവനയും കുടിയിരിക്കുന്നുണ്ടോ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ആലാപനവും അതിമനോഹരമായിരുന്നു.
![]() |
ലേഖകനും നിഷാമേനോനും. |
27ന് ഉച്ചയോടു കൂടി സംഗമത്തിന് തിരശീല വീണു. സ്വന്തം കുടുംബത്തിൽ ഒരവധിക്കാലം ചെലവിട്ടിട്ട് തിരികെ പോകേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥയിൽ ആയിരുന്നു എല്ലാവരും. രണ്ടു ദിവസങ്ങൾ ജെറ്റ് വിമാനത്തിന്റെ വേഗത്തിലാണ് കടന്നു പോയത്.
2014ലെ സംഗമം നിലമ്പൂർ കോവിലകത്ത് വെച്ച് നടത്താം എന്ന് വരിക്കാശ്ശേരി മനയിൽ വെച്ച് അഭിപ്രായപ്പെട്ടത്, കോവിലകത്തെ രണ്ടു രാജകുമാരന്മാരായ രാജേന്ദ്ര വർമ്മയും അനിരുദ്ധ വർമ്മയുമാണ്. പക്ഷെ ഈ സംഗമത്തിന് വേദിയൊരുക്കാൻ ഏറ്റവുമധികം ഉത്സാഹം കാണിച്ചത് രവി വർമ്മയായിരുന്നു എന്ന് മകൾ ശ്രീവിദ്യ പറയുകയുണ്ടായി. തികച്ചും സൌജന്യമായാണ് അവർ പുതിയ കോവിലകം സംഗമത്തിനു വേണ്ടി ഒരുക്കിയത്. അടുത്ത വർഷവും നിലമ്പൂർ കോവിലകത്തു വെച്ച് സംഗമം നടത്തണമെന്ന് അവർ അഭ്യർത്ഥിക്കുകയും ചെയ്തു.
ശ്രീവിദ്യയുടെ ഭർത്താവ് മധു എന്റെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ മാതാവ്, എന്റെ തൊട്ടയൽപ്പക്കമായ തുളിശാല കോയിക്കലേയാണ്.
******
No comments:
Post a Comment