(ശ്രീ എം. ഗോപി ഫൌണ്ടേഷൻ പ്രസിദ്ധീകരിച്ച "എം. ഗോപി സ്മരണികയിൽ എഴുതിയ ലേഖനം.)
![]() |
അഡ്വ. എം. ഗോപി |
ആറു വർഷങ്ങൾക്ക് മുമ്പ് നമ്മെ വേർപിരിഞ്ഞ ഗോപി വക്കീലിനെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് എഴുതി നല്കണമെന്ന്, എം. ഗോപി ഫൌണ്ടേഷൻ ഭാരവാഹികളുടെ ഒരു കത്ത് എന്റെ അച്ഛന് കിട്ടുകയുണ്ടായി. എന്റെ അച്ഛൻ എന്നാൽ, മുൻ എം.എൽ.എ.യും ദേശാഭിമാനി റെസിഡന്റ് എഡിറ്ററുമായിരുന്ന പി.ജി. പുരുഷോത്തമൻ പിള്ള. അച്ഛൻ രണ്ടു മാസങ്ങൾക്ക് മുമ്പ് കിടപ്പുമുറിയിൽ വീണ്, മുതുകെല്ലിന് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. കത്ത് ഞാൻ അച്ഛനെ കാണിച്ചപ്പോൾ, നീ ഒരോർമ്മക്കുറിപ്പ് എഴുതി കൊടുത്താൽ മതി എന്ന് നിർദ്ദേശിക്കുകയുണ്ടായി. ഇതൊരു സാഹസമല്ലേ എന്നൊരു ചിന്ത എന്നെ അസ്വസ്ഥനാക്കുന്നുണ്ട് എന്നത് നേര്. "പുത്രനില്ലേ പിതൃജന മുതലിൻ പിൻതുടർച്ചാവകാശം" എന്ന് വി.ടി.യോ മറ്റോ പണ്ട് ഒരു നാടകത്തിൽ പറഞ്ഞിട്ടുള്ള വാചകമാണ് എനിക്ക് ധൈര്യം നൽകുന്നത് !
ആദ്യത്തെ വാചകത്തിൽ ഞാൻ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്, ഗോപിവക്കീൽ എന്നാണല്ലോ? പക്ഷെ ഞാൻ ഒരിക്കലെങ്കിലും, അദ്ദേഹത്തെ അങ്ങനെ വിളിക്കുകയോ, പരാമർശിക്കേണ്ടിവരുമ്പോൾ അങ്ങനെ വിശേഷിപ്പിക്കുകയോ ഉണ്ടായിട്ടില്ല എന്നതാണ് നേര്. ഓർമ്മയായ കാലം മുതൽ വിളിച്ചിട്ടുള്ളത് ഗോപിയമ്മാവൻ എന്നാണ്.
ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ മുതൽ അച്ഛനും ഗോപിയമ്മാവനും സുഹൃത്തുക്കളായിരുന്നു. സുഹൃത്തുക്കൾ എന്നു പറയുന്നതിനേക്കാൾ ഒരു പക്ഷെ ശരി, സഹോദരന്മാരെപോലെയായിരുന്നു എന്നതായിരിക്കും. അവരുടെ സൌഹൃദബന്ധം കൂടുതൽ ബലപ്പെട്ടത്,
തിരുവനന്തപുരത്ത് ബി.എല്ലിന് പഠിക്കാൻ ചെന്നപ്പോൾ മുതലാണ്. തിരുവനന്തപുരം സ്റ്റാച്യൂവിന് അടുത്തുള്ള മോഹൻ ലാൻഡ്സ്
എന്ന ലോഡ്ജിൽ ആയിരുന്നു താമസം. ലോഡ്ജിലെ മറ്റൊരു സഹവാസിയായിരുന്നു, മുൻ കൃഷ്ണപുരം എം.എൽ.എ.യും, ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ഉണ്ണികൃഷ്ണ പിള്ള. മറ്റൊരു സഹപാഠി, മുൻ നിയമസഭാ സെക്രട്ടറി പരേതനായ ഡോ. ആർ. പ്രസന്നന്റെ വസതി കുന്നുകുഴിയിൽ ആയിരുന്നെങ്കിലും, ഒട്ടു മിക്ക ദിവസങ്ങളിലും ലോഡ്ജിലായിരുന്നു അദ്ദേഹത്തിന്റെയും അന്തിയുറക്കം.
![]() |
പി. ഉണ്ണികൃഷ്ണപിള്ള |
അച്ഛനും ഗോപിയമ്മാവനും ഒരു പ്രായമാണ്, എന്ന് പറഞ്ഞാൽ അത് ഭാഗികമായേ ശരിയാവുകയുള്ളൂ. രണ്ടുപേരും 106 മകരത്തിലെ മകം നക്ഷത്രക്കാർ ആണ്. പാർട്ടി പിളർന്ന ശേഷം രണ്ടു പേരും രണ്ടിടത്തായെങ്കിലും, അതൊരിക്കലും അവരുടെ സ്നേഹബന്ധത്തിന് തടസ്സമായി കണ്ടിട്ടില്ല.
കേരള യൂണിവേഴ് സിറ്റി സെനറ്റിലേക്ക് ഗോപിയമ്മാവൻ ഒരു സ്ഥിരം സ്ഥാനാർഥിയായിരുന്നു. വോട്ടു തേടിയുള്ള അഭ്യർത്ഥന തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് എത്തിക്കേണ്ട ദൌത്യം പലപ്പോഴും ഞാൻ ഏറ്റെടുത്തിട്ടുണ്ട്. ഉണ്ണിയമ്മാവൻ സുഹൃത്തുക്കൾക്ക് കത്തിടുകയേയുള്ളൂ. സെനറ്റിലും, സിണ്ടിക്കേറ്റിലും വളരെ ആദരണീയനും, പ്രഗൽഭനുമായിരുന്ന ഒരംഗം ആയിരുന്നു ഗോപിയമ്മാവൻ.
അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ സി.പി.ഐ. കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ കക്ഷികളുമായി കൂട്ടുചേർന്നുകൊണ്ടുള്ള ഒരു മുന്നണിയിൽ ആയിരുന്നു. സി.പി.ഐ. യുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ സാമാജികരെ സംഭാവന ചെയ്യാൻ കഴിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അത്. പാർട്ടി നിയമസഭാ കക്ഷിനേതാവും വ്യവസായ മന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടത് സ. പി.കെ.വി. ആയിരുന്നു. കേരള സംസ്ഥാന ഹൌസിംഗ് ബോർഡ് ചെയർമാനായി ഗോപിയമ്മാവൻ ചുമതല എല്ക്കണമെന്ന് സ. പി.കെ.വി. യാണ് നിർബ്ബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്.
![]() |
തോപ്പിൽ ഭാസി |
യു.എ.ഇ.യിൽ ആയിരുന്ന ഞാൻ ആയിടക്ക് അവധിക്ക് നാട്ടിലെത്തി. അവധിക്ക് വരുമ്പോൾ ഒരു സാംസൊണൈറ്റ് പെട്ടി കൊണ്ട് കൊടുക്കണം എന്ന് അന്ന് നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നൻ എന്നെ ചട്ടം കെട്ടിയിരുന്നു. പ്രസന്നൻ അങ്കിളിന് കൊടുക്കാനുള്ള പെട്ടിയും മറ്റ് ചില ഫോറിൻ സാധനങ്ങളുമായി അച്ഛനോട് ഒന്നിച്ചാണ് ഞാൻ തിരുവനന്തപുരത്തിനു പോയത്. നേരെ പോയത് അന്ന് ഹൌസിംഗ് ബോർഡ് ചെയർമാനായിരുന്ന ഗോപിയമ്മാവന്റെ ഔദ്യോഗിക ബംഗ്ലാവിലേക്കായിരുന്നു. എന്റെ പക്കലിരുന്ന മനോഹരമായ വിദേശ പെട്ടി ഗോപിയമ്മാവന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹത്തിന് അത് കൂടിയേ കഴിയൂ. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിർബ്ബന്ധ ബുദ്ധി.
'ഇനി വരുമ്പോൾ രവി ഒരെണ്ണം പ്രസന്നന് കൊണ്ട് കൊടുത്തു കൊള്ളൂ. ഇതെനിക്ക് വേണം." അചഞ്ചലമായ ആ നിലപാടു കണ്ടപ്പോൾ മറുത്തൊന്നും പറയാനും കഴിഞ്ഞില്ല. ഈ സംഭവം കഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷമേ പ്രസന്നൻ അങ്കിളിന് ഒരു സാംസൊണൈറ്റ് പെട്ടി കൊണ്ടു കൊടുക്കാൻ എനിക്ക് തരമായുള്ളൂ. അച്ഛനെ കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു, ഗോപിയെ കാണുമ്പോൾ എന്റെ ഓർമ്മയിൽ വരുന്നത് രവിയും, എന്റെ പെട്ടിയുമാണെന്ന് !
1986ൽ ഒമാൻ പര്യടനം കഴിഞ്ഞ് കെ.പി.എ.സി. ( K.P.A.C. Kayamkulam)10 ദിവസത്തെ സന്ദർശനത്തിനും നാടക അവതരണത്തിനും ആയി യു.എ.ഇ.യിൽ എത്തി. ഗോപിയമ്മാവൻ ട്രൂപ്പിനോപ്പം വരുന്നുണ്ടെന്ന് അച്ഛൻ എന്നെ എഴുതി അറിയിച്ചിരുന്നു.
എന്റെ രണ്ട് സുഹൃത്തുക്കളായ കുരുവിളയും, രവിച്ചേട്ടനും ( വാര്യംപള്ളി, ഹരിപ്പാട്) ആയിരുന്നു നാടകം നടത്താൻ കോണ്‍ട്രാക്റ്റ് എടുത്തിരുന്നത്. അജ്മാനിൽ കുരുവിളയുടെ ഗസ്റ്റ് ഹൗസിലായിരുന്നു സമിതിക്കാർ താമസിച്ചിരുന്നത്. കൃഷ്ണപിള്ള ചേട്ടൻ, അസീസ്, ജോണ്‍സണ്‍ സായ് കുമാർ, സാബു, രാജമ്മച്ചേച്ചി, ശാന്ത, പ്രസന്ന തുടങ്ങിയ നടീനടന്മാർ ആയിരുന്നു സമിതിയിൽ ഉണ്ടായിരുന്നത്.
ഞാൻ അവിടെ ചെന്ന് ഗോപിയമ്മാവനേയും, ഭാസിയമ്മാവനേയും കണ്ടു. രണ്ടു പേർക്കും വളരെ സന്തോഷമായി. അവർ രണ്ടു പേരേയും, അലൈൻ, അബുദാബി തുടങ്ങിയ ഇടങ്ങളിലെല്ലാം ഞാനാണ് കൊണ്ടുപോയത്. ഞാനും ഗോപൻ ചേട്ടനും ( ആർ. ശങ്കരനാരായണൻ തമ്പിയുടെ മരുമകൻ) ഏതാണ്ട് ആ പത്തു ദിവസങ്ങളിലും ആ ഗസ്റ്റ് ഹൌസിലായിരുന്നു വാസം എന്നു തന്നെ പറയാം.
അവർ അവിടെയുള്ളപ്പോഴാണ് എന്റെ മൂത്ത മകൻ ജിഷ്ണു ജനിച്ച വിവരം നാട്ടിൽ നിന്നറിയിച്ചത്. ആദ്യ സന്താനം പുത്രനായതു കൊണ്ട് ട്രൂപ്പിലുള്ള എല്ലാവർക്കും പാർട്ടി നടത്തണമെന്ന് ഗോപിയമ്മാവൻ നിർബ്ബന്ധിച്ചത് ഓർക്കുന്നു.
പിന്നീടൊരിക്കൽ ദുബായിൽ സഖാക്കൾ പി.കെ.വി., എൻ.ഈ. ബാലറാം, കൊളാടി ഗോവിന്ദൻ കുട്ടി എന്നിവർ വരികയുണ്ടായി. പി.കെ.വി. എന്റെ ഓഫീസിൽ ഫോണിൽ എന്നെ ബന്ധപ്പെട്ടു. ഞാൻ അത്ഭുതപ്പെട്ടുപോയി. വൈകുന്നേരം, ഷാർജയിൽ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് ചെന്ന് കണ്ടു. ബാലറാം സഖാവ് രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. രാജ്യസഭാ സ്ഥാനാർഥിയായി നോമിനേഷൻ കൊടുക്കാൻ കേരളത്തിലേക്ക് തിടുക്കത്തിൽ മടങ്ങേണ്ടി വന്നു.
ഗോപിയമ്മാവൻ പി.കെ.വി.ക്ക് എന്റെ ഫോണ്‍ നമ്പർ കൊടുത്തിട്ട് പറഞ്ഞത്രേ, പൈസാ പിരിക്കാൻ രവി സഹായിക്കും. തട്ടാരമ്പലത്തിലെ വി.എസ്.എം. ആശുപത്രി ഉടമ ശാന്തൻ ചേട്ടൻ (ഡോ. വിശ്വനാഥൻ) മറ്റൊരു പണക്കാരനായ രാജുച്ചായൻ (കൊല്ലം) എന്നിവരിൽ നിന്ന് ചെറുതല്ലാത്ത ഒരു തുക സമാഹരിച്ച് അവർക്ക് കൊടുക്കാൻ കഴിഞ്ഞു. പി.കെ.വിയും കൊളാടിയും നാട്ടിൽ എത്തിക്കഴിഞ്ഞ്, എനിക്ക് നന്ദി പറഞ്ഞുകൊണ്ട് കത്തയച്ചത് ഗോപിയമ്മാവൻ ആയിരുന്നു.
ഒരപകടം പറ്റി ഗോപിയമ്മാവൻ ആശുപത്രിയിലാണ് എന്ന് ഒരിക്കൽ അച്ഛൻ എനിക്ക് എഴുതിയപ്പോൾ, അത് വായിച്ച് ഞാൻ ചിരിച്ചുപോയി. ആനയിടിച്ച് പരുക്കേറ്റ് ആശുപത്രിയിലാണ് എന്നറിഞ്ഞപ്പോൾ, ചിരിക്കണമെങ്കിൽ ഞാനെത്ര ദുഷ്ടനായിരിക്കണം! ആന ഗോപിയമ്മാവനെയല്ല, മറിച്ച് ഗോപിയമ്മാവൻ ആനയെ ചെന്നിടിക്കുകയായിരുന്നു എന്നായിരുന്നു അച്ഛന്റെ കത്തിലെ കഥാസാരം. പ്രഭാത സവാരിക്കിടെ കെ.പി.എ.സി.യുടെ മുമ്പിൽ, നാഷണൽ ഹൈവേയിൽ വെച്ചായിരുന്നു ആ മാതംഗലീല!
ഗോപിയമ്മാവൻ ഹൌസിംഗ് ബോർഡ് ചെയർമാനായി നിയമിതനായപ്പോൾ, അസാധു എന്ന വിനോദ മാസികയിൽ യേശുദാസൻ പ്രസിധീകരിച്ച ഒരു കാർട്ടൂണ്‍ ഞാൻ ഓർക്കുന്നു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. "അഡ്വ. എം. ഗോപിയെ ഹൗസിംഗ് ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തു" ഓരോലപ്പുരയിൽ നിന്ന്, ബാഗും കക്ഷത്തിൽ ഇറുക്കി പിടിച്ചുകൊണ്ട് ഒരു ബഹുനില മന്ദിരത്തിലേക്ക് ഗോപിയമ്മാവൻ നടന്നു കയറി പോകുന്നതായിരുന്നു ചിത്രം .
![]() |
കാർട്ടൂണിസ്റ്റ് യേശുദാസൻ |
രണ്ടു മിത്രങ്ങളുടെ മരണം അച്ഛനെ വല്ലാതെ ഉലച്ചിട്ടുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഗോപിയമ്മാവന്റെയും, ഗോവിന്ദപിള്ള സാറിന്റെയും. പി.ജി.യുടെ ഭൌതിക ശരീരം കാണാൻ വി.ജെ.റ്റി. ഹാളിലും, ഗൊപിയമ്മാവന് അന്ത്യാഞ്ജലി നേരാൻ കെ.പി.എ.സി.യിലും അച്ഛനോടൊപ്പം ഞാനാണ് പോയത്.
കെ.പി.എ.സി.യിൽ മൊബൈൽ മോർച്ചറിയിൽ കിടത്തിയിരുന്ന ആ നിശ്ചലമായ ശരീരത്തിലേക്കും, മുഖത്തേക്കും, നെഞ്ചിനു കൈവെച്ചുകൊണ്ട്, സൂക്ഷിച്ചു നോക്കിക്കൊണ്ട് വികാരാധീനനായി അച്ഛൻ നില്ക്കുന്ന ആ ചിത്രം, ഒരു വേദനയായി എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. കായംകുളത്തു നിന്ന് തിരികെ മാന്നാറിനു പോരുമ്പോൾ, ഒന്നും ഉരിയാടാതെ അച്ഛൻ കാറിൽ കണ്ണടച്ചിരിക്കുകയായിരുന്നു.
ആ മനസ്സിൽ കൂടി അപ്പോൾ കടന്നു പൊയ് ക്കൊണ്ടിരുന്ന സ്മരണകൾ എന്തൊക്കെയായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു.