![]() |
ശ്രീവൈഷ്ണവം കഥകളി വിദ്യാലയത്തിൽ വിജയദശമിയ്ക്ക് പൂജ വെച്ചിരിക്കുന്നു. |
![]() |
പത്മഭൂഷണ്‍ മടവൂർ വാസുദേവൻ നായർ |
തിരുവല്ല പ്രദേശം പുരാതന കാലം മുതൽ കഥകളിയുടെ ഈറ്റില്ലമായാണ് അറിയപ്പെടുന്നത്. ഇതിന്റെ കാരണം തിരുവല്ല ശ്രീവല്ലഭസ്വാമി ഒരു കഥകളി പ്രിയനാണെന്നതു തന്നെ. ശ്രീവല്ലഭന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് കഥകളി. ആണ്ടിൽ 365 ദിവസവും കഥകളി അരങ്ങേറുന്ന ഏക ക്ഷേത്രം തിരുവല്ല ആണെന്നു പറയാം.
പഠന കളരിയും, കളി യോഗങ്ങളും കൂടാതെ വേഷക്കാർ, ഭാഗവതർമാർ, മേളക്കാർ, ചുട്ടിക്കാർ തുടങ്ങി ഒട്ടനവധി പ്രശസ്തരെ പണ്ടു മുതൽ തന്നെ തിരുവല്ല സംഭാവന ചെയ്തിട്ടുണ്ട്. ചില ആശാന്മാർ കുട്ടികളെ സ്വന്തം ഭവനങ്ങളിൽ ചൊല്ലിയാടി പരിശീലിപ്പിക്കുന്നതൊഴിച്ചാൽ, ഇടക്കാലത്ത് ഇവിടെ ശാസ്ത്രീയമായി കഥകളി അഭ്യസിപ്പിക്കുന്നതിന് അടിസ്ഥാന സൌകര്യങ്ങളുള്ള കളരികൾ ഇല്ലാതെയായി.
![]() |
തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രം |
35 വർഷങ്ങൾക്ക് മുമ്പ് ശ്രീഭവനിൽ എൻ. നാരായണപിള്ള (മാപ്പിളപ്പറമ്പിൽ കുട്ടൻ പിള്ളച്ചേട്ടൻ) കലാവേദി എന്നൊരു കളരി ആരംഭിച്ചു. ആ കളരിയിൽ മാങ്കുളം വിഷ്ണു നമ്പൂതിരി, മടവൂർ വാസുദേവൻ നായർ തുടങ്ങിയ പ്രശസ്ത ആചാര്യന്മാർ വന്ന് ചൊല്ലിയാടി പരിശീലിപ്പിക്കുമായിരുന്നു. ഇന്നും കഥകളി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാഭാരതി ഹരികുമാർ, തിരുവല്ല ബാബു എന്നീ വേഷക്കാരും, കലാവേദി സുരേഷ് കുമാർ എന്ന ഗായകനും കലാവേദിയിൽ പരിശീലനം ആരംഭിച്ചവരാണ്.
കുട്ടികളിൽ നിന്ന് കിട്ടുന്ന ഫീസിന്റെ വരുമാനത്തിൽ മാത്രം ഒരു കളരി മുന്നോട്ടു കൊണ്ട് പോവുക അസാദ്ധ്യമാണ്. അതുകൊണ്ടു തന്നെ കലാവേദി എന്ന സ്ഥാപനം ഏതാനും വർഷങ്ങൾക്കു ശേഷം കുട്ടൻപിള്ള ചേട്ടന് അടച്ചു പൂട്ടേണ്ടി വന്നു. ഒരു കളരി ആരംഭിക്കുക എന്ന വെല്ലുവിളി സ്വീകരിയ്ക്കാൻ ഒരു വ്യാഴവട്ടക്കാലം തിരുവല്ലയിൽ ആരും മുന്നോട്ടു വന്നില്ല. കഥകളിയുടെ ഈറ്റില്ലമായ തിരുവല്ലയിൽ പുറപ്പാടും കുട്ടിത്തരങ്ങളും കെട്ടുന്നതിന് പുറത്തു നിന്ന് കുട്ടികളെ കൊണ്ടു വരേണ്ട സാഹചര്യം വരെയുണ്ടായി.
![]() |
രൌദ്ര ഭീമൻ : ഫാക്റ്റ് മോഹനൻ (FACT Mohanan) |
തിരുവല്ലയിൽ തന്നെയുണ്ടായിരുന്ന ഒരു കളിയോഗം വിലകൊടുത്തു വാങ്ങി. ഒരു കഥകളി പരിശീലന കേന്ദ്രവും അദ്ദേഹം ആരംഭിച്ചു. 2011 ഫെബ്രുവരി അഞ്ചാം തീയതി പ്രശസ്ത സംഗീതജ്ഞനായ കലാരത്നം കെ.ജി. ജയൻ (ജയവിജയ) "ശ്രീവൈഷ്ണവം കഥകളി വിദ്യാലയം" എന്നു പേരിട്ട കളരിയിൽ ഭദ്രദീപം കൊളുത്തി. തന്റെ ഗുരുവരനായ മടവൂർ വാസുദേവൻ നായരാശാന് കലാഭാരതി ഹരികുമാർ ഗുരുദക്ഷിണ നൽകി. വേഷം, ചെണ്ട, മദ്ദളം എന്നീ വിഭാഗങ്ങളിൽ ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.
മുപ്പതോളം വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ ഇവിടെ ഇതിനോടകം പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഈ വിദ്യാരംഭത്തിന് പുതിയ ബാച്ച് ആരംഭിക്കുകയും ചെയ്തു.
കുട്ടികളിൽ നിന്ന് വാങ്ങുന്ന നാമമാത്രമായ ഫീസു കൊണ്ട് മാത്രം ഒരു കളരി മുന്നോട്ടു കൊണ്ടു പോകാൻ സാദ്ധ്യമല്ല എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ? കളിയോഗത്തിൽ നിന്നുള്ള വരുമാനവും, ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ശാന്തിക്കാരൻ എന്ന നിലയിൽ കിട്ടുന്ന ശമ്പളത്തിന്റെ സിംഹഭാഗവും കളരിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഹരികുമാർ ചെലവഴിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയോ, ഇതര ഏജെൻസികളുടെയോ ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്ന് അഭ്യർത്ഥിക്കുന്നു.
![]() |
കലാഭാരതി ഹരികുമാർ |
ഫാക്റ്റ് മോഹനൻ, കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി ജയശങ്കർ എന്നീ കഥകളി രംഗത്തെ പ്രശസ്തരായ കലാകാരന്മാരാണ് യഥാക്രമം വേഷം, ചെണ്ട, മദ്ദളം തുടങ്ങിയവയിൽ കുട്ടികളെ അഭ്യസിപ്പിക്കുന്നത്.
ഭക്ത ജനങ്ങളുടെ ഹിതാനുസരണം കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കഥകളി വഴിപാടുകൾ ശ്രീവൈഷ്ണവം കഥകളി യോഗം നടത്തി കൊടുക്കുന്നുണ്ട്. വഴിപാട് നടത്താനാഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ, 0469 - 2601574 അല്ലെങ്കിൽ 09495204203 എന്നീ നമ്പരുകളിൽ കലാഭാരതി ഹരികുമാറിനെ ബന്ധപ്പെടാവുന്നതാണ്.
ശുഭം.
No comments:
Post a Comment