Wednesday, November 5, 2014

"ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!"


കഥകളിയിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ വേഷങ്ങളാണ്. ആഹാര്യാഭിനയ പ്രധാനമെന്ന്  വ്യവസ്ഥ. പൊതുവെ ആ മാനദണ്ഡം ആട്ടക്കഥാകാരന്മാർ കാവ്യ രചന നടത്തുമ്പോൾ അവലംബിച്ചു പോന്നു. നടന്മാരുടെ  വേഷവൈവിധ്യവും നാട്യാംശത്തെ വികസിപ്പിക്കുന്നതോടൊപ്പം ശ്രദ്ധിച്ചിരുന്നു. ഈ ചിന്താധാര  ആയിരുന്നിരിക്കണം അംബരീഷചരിതം നിർമ്മിക്കുമ്പോൾ, യവനമാർ എന്നൊരു വിഭാഗം പാത്രങ്ങളെ കൂടി അശ്വതി തിരുനാൾ സൃഷ്ടിച്ചത്. ഈ രംഗത്തിലെ ശ്ലോകങ്ങളും പദങ്ങളും പ്രാകൃതത്തിലാണ്  രചിച്ചിട്ടുള്ളത്. ആട്ടക്കഥാകാരന്റെ പ്രാകൃതത്തിലുള്ള ഒരു വരിയാണ് "തലക്കുറി"യായി കൊടുത്തിട്ടുള്ളത്.
 അംബരീഷചരിതം, രുഗ്മിണീസ്വയംവരം, പൂതനാമോക്ഷം, പൌണ്ഡ്രകവധം എന്നിങ്ങനെ നാല്  ആട്ടക്കഥകളാണ്  അശ്വതി തിരുനാൾ ഇളയതമ്പുരാൻ (രാമവർമ്മ 1756 - 1794) എഴുതിയിട്ടുള്ളത്. പൌണ്ഡ്രകവധം ഒഴികെ മൂന്നു കഥകളും രംഗപ്രചാരം കിട്ടിയ കഥകൾ. കാർത്തിക തിരുനാളിന്റെ അനന്തിരവനായിരുന്നു അശ്വതി. മാതുലന്റെ നരകാസുരവധത്തിലെ അവസാന രംഗങ്ങൾ അശ്വതി രചിച്ചതാണെന്ന്  പറയപ്പെടുന്നു. അമ്മാവന്റെ കഥകളെ അപേക്ഷിച്ച് അനന്തിരവന്റെ കഥകൾ സാഹിത്യമൂല്യമുള്ളവയാണെന്നാണ്  പണ്ഡിതമതം.
യവനന്മാർ 
 മഹാഭാഗവതത്തിലെ ദശമസ്കന്ദമാണ് ഈ കഥയ്ക്ക്  അവലംബമാക്കിയിട്ടുള്ളത്. അയോദ്ധ്യാധിപനായിരുന്ന സൂര്യവംശത്തിലെ അംബരീഷ മഹാരാജാവ്. അദ്ദേഹം വലിയ വിഷ്ണു ഭക്തനായിരുന്നു. വിഷ്ണു പ്രീതിക്കായി ദ്വാദശി വ്രതം അനുഷ്ഠിക്കണമെന്ന്  രാജ ഗുരുവായ വസിഷ്ഠൻ നിർദ്ദേശിച്ചു. അതനുസരിച്ച്  അംബരീഷൻ വളരെ നിഷ്ഠയോടെ ദ്വാദശി ആചരിച്ചു പോന്നു.
അങ്ങനെയിരിക്കെ ഒരുദിവസം ദുർവ്വാസാവ്  അംബരീഷനെ സന്ദർശിക്കാനെത്തി. ദ്വാദശി വ്രതത്തിന്  പാരണയിടാനുള്ള സമയത്താണ്  മഹർഷി എഴുന്നെള്ളിയത്. ദ്വാദശി നാളിൽ അതിഥിയായി ഒരു വി.വി.ഐ.പി.യെത്തന്നെ കിട്ടിയതിൽ രാജാവ്  സന്തോഷിച്ചു. മുനിയുടെ സാന്നിദ്ധ്യത്തിൽ പാരണ വീട്ടാമല്ലൊ എന്നു ചിന്തിച്ച് കുളിക്കാൻ കാളിന്ദിയിലേക്ക്  അയച്ചു. അംബരീഷനു വ്രതഭംഗം വരുത്തുക എന്നതായിരുന്നു ദുർവ്വാസാവിന്റെ ലക്ഷ്യം. ആറ്റുകടവിൽ അദ്ദേഹം മന:പൂർവ്വം താമസിച്ചു.
മുഹൂർത്തം തെറ്റിയാൽ വ്രതം മുടങ്ങും. അംബരീഷൻ പരിഭ്രമിച്ചു. ബ്രാഹ്മണരുടെ ഉപദേശപ്രകാരം തുളസീജലം കുടിച്ച്  അദ്ദേഹം പാരണയിട്ടു. ഇതറിഞ്ഞ മുനി കോപം കൊണ്ട്  തുള്ളി. മാന്യാതിഥിയായ താൻ സ്നാനം കഴിഞ്ഞു മടങ്ങിയെത്തുന്നതിനു മുമ്പ്  പാരണ വീട്ടിയത്  തന്നെ അപമാനിച്ചതിനു തുല്യമാണെന്ന്  പറഞ്ഞുകൊണ്ട്, ആ ധിക്കാരത്തിന്  ശിക്ഷ നല്കാൻ കൃത്യയെ നിയോഗിച്ചു. രാജാവ്  വിഷ്ണു ഭക്തനാണല്ലോ? അദ്ദേഹത്തെ സംരക്ഷിക്കാൻ സുദർശനചക്രം പ്രത്യക്ഷമായി. തൃച്ചക്രം കൃത്യയെ വധിച്ചു. അതിനു ശേഷം ദുർവ്വാസാവിനു നേരെ പാഞ്ഞു. വെരുണ്ടു പോയ മഹർഷി പ്രാണരക്ഷാർത്ഥം ബ്രഹ്മ-മഹേശ്വരന്മാരെ സമീപിച്ചു. സാധനം സുദർശനമാണെന്നും തങ്ങൾ നിസ്സഹായരാണെന്നും മുനിയെ അറിയിച്ചു. ഉയിരു വേണമെങ്കിൽ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കാൻ ഉപദേശിച്ചു.
ദുർവ്വാസാവ്  വിഷ്ണു സന്നിധിയിൽ എത്തി. തന്റെ ഭക്തനായ അംബരീഷനെ സമീപിക്കാനാണ് മഹാവിഷ്ണു, മഹർഷിയോട്  പറഞ്ഞത്. ഓടിയോടി പരവശനായിത്തീർന്ന മുനി ഒടുവില അംബരീഷനെക്കണ്ട്  ക്ഷമ ചോദിച്ചു.
ശിവ ഭക്തനായ ദുർവ്വാസാവും വിഷ്ണു ഭക്തനായ അംബരീഷനും തമ്മിലുള്ള "ക്ലാഷാണ്" കഥയുടെ പ്രമേയം എന്നു സാരം.
ദുർവ്വാസാവ് (മിനുക്ക്‌ - കറുത്ത താടി) അംബരീഷൻ (പച്ച) സുദർശനം (ചുവന്നതാടി) കൃത്യ (മുഖത്തെഴുത്തോടു കൂടിയ ഭീകര വേഷം) ശിവൻ (പഴുപ്പ്) യവനമാരുടെ വേഷം ഉടുത്തുകെട്ടുള്ള മിനുക്കിൽ കണ്ടിട്ടുള്ളതായി ഓർക്കുന്നു. (വലലൻ, മല്ലൻ, മാതലി വേഷം പോലെ)  ഈ അടുത്ത കാലത്ത്  യൂ ട്യൂബിൽ കണ്ട ഒരു കളിയിൽ മാട്ടറപ്പുകാരൻ റാവുത്തരുടെ വേഷത്തിലാണ്  "യവന ദർശനം" ഉണ്ടായത്.  പലതരം മിനുക്ക്‌  എന്ന ആട്ടപ്രകാരത്തിലെ പ്രസ്താവനയാകാം വിവിധ രൂപങ്ങളിൽ യവനമാർ പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യം.
സുദർശനത്തെ ഭയന്ന്  ദുർവ്വാസാവ് അവിടയും ഇവിടെയും ഓടിനടക്കുന്ന രംഗം കാണികളെ ആകർഷിക്കും. രസിപ്പിക്കുകയും ചെയ്യും.


No comments:

Post a Comment