എണ്ണയ്ക്കാട്ട് അമ്മയുടെ കുടുംബത്തിന് അടുത്തു താമസക്കാരനാണ് ബാബു എന്ന മുപ്പരു ബാബു . ഒരു പാവപ്പെട്ട തൊഴിലാളി കുടുംബം. ഇഷ്ടിക കളത്തിലെ തൊഴിലാളികളായിരുന്നു ബാബുവും ഭാര്യ രാജമ്മയും. ജീവിത ചിലവ് കാലക്രമത്തിൽ വർദ്ധിക്കുകയും, അതനുസരിച്ച് വരുമാനം വർദ്ധിക്കാതിരുന്നതും കാരണം, എന്തെങ്കിലും സ്വയം തൊഴിൽ കണ്ടെത്താൻ ബാബുവും കുടുംബവും പ്രേരിതരായി. മൂലധനം കുറവും ലാഭം കൂടുതലുമുള്ള വ്യവസായമായിരിക്കുമല്ലോ, ടാറ്റാ ആയാലും മല്ല്യ ആയാലും ബാബുവായാലും സ്വാഭാവികമായും തെരഞ്ഞെടുക്കുക. അങ്ങനെ ബാബു സ്വയം കണ്ടെത്തിയ ജീവിത മാർഗ്ഗമായിരുന്നു, മദ്യ നിർമ്മാണവും വിപണനവും. ബാബുവിനെ പോലെയുള്ള പാവത്താന്മാർ ഇതുചെയ്യുമ്പോൾ, വാറ്റുചാരായ കച്ചവടം എന്ന കാറ്റഗറിയിലേ ഈ വ്യവസായത്തിന് സ്ഥാനമുള്ളു.
കുടുംബത്തിൽ താമസിക്കുന്ന നടുവത്തെ അമ്മാവന്റെ കണ്ണു വെട്ടിച്ച്, കോയിക്കലെ വിശാലമായ പറമ്പിലായിരുന്നു ബാബുവിന്റെ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വെയർ ഹൌസ് ആ പറമ്പിൽ തന്നെയുള്ള കച്ചിത്തുറുവിന്റെ കീഴിലും.
വളരെ കോമ്പറ്റീഷനുള്ള ഫീൽഡാണിത് എന്നാണ് ബാബു പറയുന്നത്. ബാബുവിനുള്ള നിർമ്മാണ വിപണന സൌകര്യവും, സുരക്ഷിതത്ത്വവും മറ്റ് അബ്ക്കാരികളെ അസൂയാലുക്കളാക്കി. അതൊരു പാരയായി വളർന്നു വരുന്നത്, ചെങ്ങന്നൂർ എക്സ് സൈസ് അസിസ്റ്റന്റ് കമ്മീഷണർ കോയിക്കൽ പുരയിടത്തിൽ നിന്ന് അഞ്ചാറു കന്നാസ് വാറ്റുചാരായം കണ്ടെത്തുന്നതു വരെ ബാബു അറിഞ്ഞിരുന്നില്ല. ഏതൊരു പ്രായോഗിക ബുദ്ധിയും ചെയ്യുന്നതു തന്നെ ബാബുവും ചെയ്തു. ശൂം..... അങ്ങു മുങ്ങി.
പുരയിടത്തിന്റെ ഉടമകൂടിയായ വാറ്റുകാരനെ കണ്ട് , എ.ഇ.സി. രാമവർമ്മ തമ്പുരാൻ ഞെട്ടി. പൌര പ്രമുഖനും, അറിയപ്പെട്ട ആയുർവ്വേദ വൈദ്യനുമായ മല്ലശേരിൽ കോയിക്കൽ ജി. ദാമോദരൻ പിള്ള.
ബാബുവിനെ കയ്യോടെ പിടിച്ചു കൊണ്ടുവരാൻ അമ്മാവൻ അനുചരന്മാരെ വിട്ടു. മുപ്പര് ചെങ്ങന്നൂർ താലൂക്കിൽ നിന്നു തന്നെ മുങ്ങിക്കഴിഞ്ഞിരുന്നു. തൊണ്ടി വണ്ടിയിൽ എടുത്തിട്ട് തമ്പുരാനും സംഘവും മടങ്ങി.
ഒരാഴ്ചയോളം ബാബു അമ്മാവനെ ഒളിച്ചു നടന്നു. കേസും വഴക്കും വക്കാണവും മുന്നിൽ തെളിഞ്ഞു വന്നപ്പോൾ നേരിട്ട് ഹാജരായി.
"വേറെങ്ങും കണ്ടില്ലിയോടാ, ഈ തന്തെല്ലാഴിക കാണിക്കാൻ.." അമ്മാവന് കോപം അടക്കാനായില്ല.
"ഇദ്ദേഹം കാര്യം അറിയാതെയാണ് കോപിക്കുന്നത് " - ശാന്തത ഒട്ടും കൈവിടാതെ ബാബു പറഞ്ഞു. "കടപ്രേന്നു രവിക്കുഞ്ഞിങ്ങോട്ട് വരും. എടാ ബാബു, സാധനം വല്ലോം ഉണ്ടോ..? പുറകെ വരും രാജൻകുഞ്ഞ്. പിന്നെ ശ്രീകുമാരൻ കുഞ്ഞ്. ഇല്ലെന്നു പറഞ്ഞാൽ കുഞ്ഞുങ്ങൾ നേരേ പോകും, ബുധനൂരിന്. അമോണിയോം നവസാരോം ബാറ്ററിയുമൊക്കെ ഇട്ടു വാറ്റിയ കണ്‍ട്രി വാങ്ങിച്ചു കുടിക്കും. കുഞ്ഞുങ്ങടെ ചങ്കും മത്തങ്ങേം പഞ്ചറുമാകും. ബാബു കൊറ്റാർ ജീരകവും ദശമൂലവും ഇട്ട് വാറ്റുന്നതാ. വിശ്വസിച്ച് ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് കുടിക്കാം."
അനന്തിരവന്മാരുടെ ആയുരാരോഗ്യത്തിനും, ദീർഘായുസ്സിനും വേണ്ടി ബാബു അനുഷ്ഠിക്കുന്ന ത്യാഗം ഒർത്താകാം അമ്മാവൻ ഒന്നും പറഞ്ഞില്ല എന്നാണ് മുപ്പര് എനിക്കു തന്ന റിപ്പോർട്ട്.
ഏതായാലും, അമ്മാവൻ വീട്ടിലില്ല എന്ന് ഉറപ്പു വരുത്തിയിട്ടേ കുടുംബത്തിലോട്ട് ഞാനും രാജനും ശ്രീകുമാരനും പോകുമായിരുന്നുള്ളൂ.
No comments:
Post a Comment