Monday, February 16, 2015

രണ്ടായ നിന്നെയിഹ ഒന്നായി കണ്ടതിലുണ്ടായ ഒരു ഇണ്ടൽ...!!



ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലനെ പൊതുവേദിയിൽ, വി.എം. സുധീരൻ ആക്ഷേപിച്ചതായി ഒരു വാർത്ത  പത്ര താളുകളിൽ കണ്ടു.  താൻ പങ്കെടുക്കുന്ന യോഗത്തിൽ, ഒരു മദ്യ വ്യവസായിയെ പങ്കെടുപ്പിച്ചതാണത്രെ സുധീരൻ രൗദ്രഭീമൻ ആകാനുണ്ടായ കാരണം.
."...വാണീം പുനരേണീവിലോചന നടുങ്ങീ..." എന്ന്   ഇരയിമ്മൻ തമ്പി വിശേഷിപ്പിച്ച ഉത്തരാസ്വയംവരത്തിലെ സൈരന്ധ്രിയുടെ അവസ്ഥയിലായിരുന്നു  സുധീരൻ എന്നാണ്  ചടങ്ങിൽ സംബന്ധിച്ച പത്രക്കാർ പറയുന്നത്.


ഒരു കള്ളുകച്ചവടക്കാരൻ കൊടുത്ത കാറിൽ ഒരുളുപ്പും ഇല്ലാതെ തേരാപ്പാരാ കറങ്ങിനടന്ന സുധീരൻ വലിയ ആദർശമൊന്നും തന്റടുത്ത്  വിളമ്പേണ്ടതില്ലെന്ന്  ഗോകുലം തിരിച്ചടിച്ചു. ഇപ്പോൾ മുഖ്യമന്ത്രി തൊട്ട്  കോണ്‍ഗ്രസ്സ്  നേതാക്കന്മാർ കുത്തിയിരുന്ന്  ഗോകുലത്തിലേക്ക്  ഫോണ്‍ ചെയ്യുന്ന തിരക്കിലാണ്.  പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ട്.  അത്  അഗർബത്തിയുടെ പരസ്യം! പക്ഷെ ഇതങ്ങനെയല്ല. എല്ലാവർക്കും ഒരു കാരണമേയുള്ളൂ.
ഛെടാ, ഇവനേക്കൊണ്ട്  മഹാ തൊല്ലയായല്ലോ, ഭഗവതീ.....
സുധീരന്  കാറു കൊടുത്ത കാര്യം മദ്യ വ്യവസായി ദിലീപ് കുമാർ നിഷേധിച്ചുകണ്ടില്ല. പത്തിരുപത്  വർഷം എന്റെ കാറാണ്  സുധീരൻ അവർകൾ ഉപയോഗിച്ചത്. ഗോകുലാഷ്ടമി പറഞ്ഞത്  നേരാണ്.

ഗോകുലം ഗോപാലൻ
ആ ടി.എൻ. പ്രതാപൻ ചില സത്യങ്ങൾ വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ നമ്മൾ ഇരുട്ടിൽ തപ്പുകയും, ആദർശ ധീരനായ സുധീരൻ സംശയത്തിന്റെ നിഴലിൽ ആകുകയും ചെയ്യുമായിരുന്നു.
ദിലീപ്  മദ്യ വ്യവസായി എന്ന നിലയിൽ കൊടുത്ത കാറല്ല സുധീരൻ സ്വീകരിച്ചത്.
ഹോ, ദൈവം ഉണ്ടെന്നു പറയുന്നത്  നേരാ!
സംഗതിയുടെ കിടപ്പ്  ഇങ്ങനെയാണ്.
പത്തിരുപത്  വർഷം മുമ്പു മുതലുള്ള  കുറെ കഥകൾ, മനസ്സിന്റെ ഭാവന അനുസരിച്ച്  നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കാൻ അഭ്യർത്ഥിക്കുന്നു.
ഒരിക്കൽ പ്രതാപനും, ദിലീപ് കുമാറും കൂടി സുധീരനെ കാണാൻ ചെല്ലുന്നു. ഒരു സംഗതി സാധിച്ചു കിട്ടണം. "കളക് ടറോട്‌  ഒരു ശുപാർശ...
ശുപാർശയോ..ഓടിക്കോണം എന്റെ മുമ്പീന്ന്.. സുധീരൻ അവരെ ഓടിച്ചു.
മറ്റൊരിക്കൽ. അന്ന്  സുധീരൻ ആരോഗ്യ മന്ത്രിയാണ്. ദിലീപ്  കുമാർ പറഞ്ഞു, അച്ഛൻ മുളങ്കുന്നത്തു കാവ്  മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ആണ്, ഒരു പേ വാർഡ്‌  കിട്ടാൻ ഒന്ന്  സഹായിക്കണം.
ഒഴിവ്  ഉണ്ടെങ്കിൽ കിട്ടും. ഞാൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും ഇടപെടുകയില്ല, എന്നറിയരുതോ..? പറഞ്ഞു കൊടുക്ക്  പ്രതാപാ...
ഇനി മറ്റൊരു സന്ദർഭം
ഞങ്ങളുടെ നാട്ടിലുള്ള ഒരു ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവ കാരുണ്യ ക്യാമ്പ് നടത്തുകയാണ്.  സുധീരൻ സാർ വന്ന്  അത്  ഉൽഘാടനം ചെയ്തു തരണം.
താനൊരു മദ്യ വ്യവസായി അല്ലേ..താൻ പങ്കെടുക്കുന്ന യോഗത്തിൽ വരാൻ എന്റെ ആദർശം സമ്മതിക്കുന്നില്ല.
എം.എൽ.എ. പണിയും മന്ത്രി പണിയും എല്ലാം കഴിഞ്ഞപ്പോഴാണ്  സ്വന്തമായി ഒരു കാറു വേണം ചിന്ത സുധീരനിൽ ഉദയം ചെയ്യുന്നത്.
ചിന്ത പ്രതാപനുമായി പങ്കുവെച്ചു. സംഗതി പ്രതാപൻ ഏറ്റു. നേരെ പോയി ദിലീപ്  കുമാറിനെ കാണുന്നു. എടാ, ദിലീപേ, നമ്മുടെ സുധീരൻ സാറിന്  ഒരു കാറു വേണമല്ലോ...
അതിനെന്താ എന്റെ കാറ്  കൊടുക്കാമല്ലോ...സുധീരൻ സാറിന്  എന്തു ചെയ്തു കൊടുക്കുന്നതും എനിക്ക്  സന്തോഷമുള്ള കാര്യമല്ലേ..

ടി.എൻ. പ്രതാപൻ




അല്ല, ഒരു സംശയം. ഗോകുലം ഗോപാലൻ , ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ സംഘടിപ്പിച്ച ആ യോഗത്തിൽ, അബ്‌കാരി കണ്‍ട്രാക്ക്  എന്ന നിലയിലാണോ, മാളോരെ പങ്കെടുത്തത്.
പിന്നെ, ഈ കേട്ടതൊക്കെ തൊലി പോലും കളയാതെ വിഴുങ്ങാൻ ഇവിടുള്ളവരെല്ലാം കോത്താഴത്തുള്ള പുളുന്താന്മാരല്ലിയോ.....?


No comments:

Post a Comment