Saturday, May 16, 2015

മണിച്ചിത്രത്താഴിലെ ഗംഗയും നിഴൽക്കുത്തിലെ മലയത്തിയും!

മണിച്ചിത്രത്താഴ്  എന്ന ചിത്രത്തിൽ ശോഭന, ഗംഗ എന്ന ഒരു സൈക്കിക്ക് (psychic) കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആ ചിത്രത്തിലെ അഭിനയ മികവ്  ആ നടിയ്ക്ക്  ദേശീയ പുരസ്ക്കാരവും നേടിക്കൊടുത്തു.
ചിത്രത്തിൻറെ അവസാന സീനിൽ, നൂറുശതമാനവും മാനസിക രോഗത്തിന്  അടിമപ്പെട്ടുപോയ ഗംഗ, നൂറ്റാണ്ടുകൾക്കു മുമ്പ്  മരിച്ചുപോയ നാഗവല്ലി എന്ന നർത്തകിയായി മാറി, സംഭ്രാന്തയായി ഭർത്താവ്  നകുലനെ വധിക്കാൻ വരുന്ന ഒരു രംഗമുണ്ട്.  ശോഭനയുടെ ഭാവാഭിനയത്തിന്റെ മാസ്മരികത മനോഹരമായി പ്രകടമായ മുഹൂർത്തമാണത്.
പന്നിശ്ശേരി നാണുപിള്ള രചിച്ച നിഴൽക്കുത്ത്  ആട്ടക്കഥയിൽ, മലയത്തി എന്ന ഒരു നാടോടി കഥാപാത്രമുണ്ട്. ഭാരതമലയൻ എന്നൊരു മന്ത്രവാദിയുടെ പത്നിയാണവർ. തന്റെ ഭർത്താവിന്റെ ദുർമന്ത്രവാദ ശക്തിയാൽ കുന്തീദേവിയുടെ അഞ്ചു പുത്രന്മാരും കൊല്ലപ്പെട്ടതറിയുമ്പോൾ, മലയത്തിയിലുണ്ടാവുന്ന രൂപഭാവ വ്യത്യാസങ്ങൾ, മണിച്ചിത്രത്താഴിലെ ഞാൻ സൂചിപ്പിച്ച രംഗവുമായി താരതമ്യം ചെയ്യാവുന്നതാണ്.
പാണ്ഡവർ കൊല്ലപ്പെട്ട വിവരം മലയനിൽ നിന്നറിയുമ്പോൾ സ്വബോധം നഷ്ടപ്പെട്ടവളെപോലെ സ്വന്തം പുത്രനെ വധിക്കാൻ പാഞ്ഞുവരുന്ന ആ രംഗം കാഴ്ചക്കാരിൽ തെല്ലല്ല സംഭ്രമം സൃഷ്ടിക്കുക. അതുപോലെ തന്നെയാണ്  കുന്തീസന്നിധിയിലെത്തി ബോധംകെട്ട്  വീഴുന്ന രംഗവും. ഓയൂർ രാമചന്ദ്രനാണ്  മലയത്തിയെ അവതരിപ്പിക്കുന്നതെങ്കിൽ കാണികളായ നമ്മുടെ ഹൃദയമിടിപ്പ്  നിന്നുപോകും. തീർച്ച!
കഴിഞ്ഞാഴ്ച തിരുവല്ല അമ്പലത്തിൽ കലാ. രാമചന്ദ്രൻഉണ്ണിത്താനും ഓയൂർ രാമചന്ദ്രനും ചേർന്നുള്ള ഒരു മലയനും മലയത്തിയും ഉണ്ടായിരുന്നു. മാസ്റ്റർ ഗോവിന്ദ്‌  എന്നൊരു അഞ്ചാം ക്ലാസ്സുകാരനായിരുന്നു മണികണ്ഠനായി വേഷമിട്ടത്.  "കാലേ പിടിച്ച്  നിലത്തടിക്കാൻ" മലയത്തി ചീറിപാഞ്ഞടുക്കുമ്പോൾ മണികണ്ഠൻ കെട്ടിയ കൊച്ചു ഗോവിന്ദൻ ഭയന്നു പോകും എന്നു കരുതിയ എനിക്ക്  തെറ്റി.

കലാമണ്ഡലം ഓയൂർ രാമചന്ദ്രനും മാസ്റ്റർ ഗോവിന്ദും ( ഫോട്ടോ : ശ്രീകുമാർ)
 അങ്ങനെ വിചാരിക്കാനൊരു മുൻകാല അനുഭവം എനിക്ക്  ഉണ്ടായിരുന്നു. 35 വർഷങ്ങൾക്ക്  മുമ്പാണ്. പത്തനംതിട്ടയ്ക്ക്  സമീപമുള്ള വള്ളിക്കോട്  അമ്പലത്തിൽ നടന്ന ഒരു നിഴൽക്കുത്ത്. ഹരിപ്പാട്  രാമകൃഷ്ണപിള്ളയുടെ  ദുര്യോധനൻ, മങ്കൊമ്പിന്റെ മലയൻ, ചെന്നിത്തലചെല്ലപ്പൻപിള്ളയുടെ മന്ത്രവാദി. ഓയൂർ രാമചന്ദ്രൻ ആയിരുന്നു അന്നും മലയത്തി. സ്വബോധം നഷ്ടപ്പെട്ട്  ഒരു വെളിച്ചപ്പാടിനെ പോലെ മലയത്തി പാഞ്ഞു വരുന്നതു കണ്ട്  മണികണ്ഠൻ കെട്ടിയ ആ ലിറ്റിൽ മാസ്റ്റർ ഭയന്നു നിലവിളിച്ചു പോയി. അണിയറയിൽ ചെന്നിട്ടും ആ കുഞ്ഞിന്റെ തേങ്ങൽ അവസാനിച്ചിരുന്നില്ല.
മങ്കൊമ്പ്  ആശാനും ചെല്ലപ്പൻപിള്ള ചേട്ടനും ആ കുട്ടിയെ സമാധാനിപ്പിക്കുന്നതു കാണാമായിരുന്നു. "രാമചന്ദ്രാ, നീയീ കുഞ്ഞിനെ ഇങ്ങനെ പേടിപ്പിക്കരുതായിരുന്നു." എന്നവർ രാമചന്ദ്രനെ വഴക്കു പറയുന്നതും കേട്ടു.
ആ മണികണ്ഠൻ ഇന്ന്  ഒരു പ്രശസ്ത നടനാണ്‌.  ഒരു കളരിയുടെയും കളിയോഗത്തിന്റെയും ഉടമയുമാണ്.  അത്  മറ്റാരും ആയിരുന്നില്ല. കഴിഞ്ഞാഴ്ച തിരുവല്ലയിൽ മണികണ്ഠനായി രംഗത്തു വന്ന ഗോവിന്ദിന്റെ പിതാവ്  കലാഭാരതി ഹരികുമാർ ആയിരുന്നു അന്ന്  പേടിച്ചു നിലവിളിച്ച മണികണ്ഠൻ!
ഓയൂരിന്റെ മലയത്തി കണ്ടിട്ടാണോ ശോഭന ആ റോൾ ഇത്രയും ഭാവോജ്ജ്വലമാക്കിയത്  എന്നൊരു സംശയവും എനിയ്ക്കില്ലാതില്ല.


No comments:

Post a Comment