Thursday, January 22, 2015
മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : കൊടുത്താൽ കൊല്ലത്തും കിട്ടും, പൂഞ്ഞാറ്റിലും കിട്ടു...
മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : കൊടുത്താൽ കൊല്ലത്തും കിട്ടും, പൂഞ്ഞാറ്റിലും കിട്ടു...: സ്ഥിതി സമത്വവും, ജാധിപത്യവും, മത സാമുദായിക ഐക്യവും, സ്ത്രീശാക്തീകരണവുമൊക്കെ നിലനിൽക്കത്തന്നെ, ഏതെങ്കിലും ഒരു മന്ത്രിക്കെതിരെയോ, എന്തിന് ...
Wednesday, January 21, 2015
കൊടുത്താൽ കൊല്ലത്തും കിട്ടും, പൂഞ്ഞാറ്റിലും കിട്ടും!
സ്ഥിതി സമത്വവും, ജാധിപത്യവും, മത സാമുദായിക ഐക്യവും, സ്ത്രീശാക്തീകരണവുമൊക്കെ നിലനിൽക്കത്തന്നെ, ഏതെങ്കിലും ഒരു മന്ത്രിക്കെതിരെയോ, എന്തിന് ഭരണ മുന്നണിയിലെ ഒരു ചോട്ടാ നേതാവിനെതിരെയോ ആരെങ്കിലും അടിസ്ഥാനരഹിതമായ വേണ്ടാധീനം പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി. എഫ്.ഐ.ആറും., ഇന്ത്യൻ പീനൽ കോഡുമെല്ലാം തൽക്കാലം മാറ്റി വെച്ചിട്ട് ആ ഹതഭാഗ്യനെ തട്ടി അകത്താക്കും. അല്ലെങ്കിൽ കൊട്ടാരക്കരയിൽ ഒരു നേതാവും മകനും കൂടി ഒരു പാവത്തിന്റെ നവദ്വാരങ്ങളിലും നടത്തിയ പോലുള്ള ലളിത കലകൾ അരങ്ങേറും. പിച്ചാത്തി പിടിക്ക് എല്ല് ബാക്കി കിട്ടിയാൽ മുജ്ജന്മ സുകൃതം!
ഇവിടെ ഒരു ബാർ ഉടമ മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് വിപ്പ്, മുന്നോക്ക കൊർപ്പറേഷൻ ചെയർമാനായ മുൻമന്ത്രി എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ധനമന്ത്രിക്കെതിരെ കൈക്കൂലി ആരോപണവും ഉണ്ട്.
യു.ഡി.എഫ്. ഭരണം ആകുമ്പോൾ, മന്ത്രിക്കെതിരെ ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ, അവന്റെ ജാതകഫലം തൊട്ട് അക്രമവാസന വരെ പ്രതിപാദിച്ചുകൊണ്ട് അന്വേഷണാത്മക പത്രധർമ്മം നിർവ്വഹിക്കുന്ന പത്ര മുത്തശ്ശിക്ക് മൗനം. ആരാടാ എന്നു ചോദിച്ചാൽ ഞാനാടാ എന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന ചീഫ് വിപ്പിന്റെ നാവ് പൂഞ്ഞാറ്റിലും ഉടല് തിരുവനന്തപുരത്തും. മുന്നോക്ക ചെയർമാൻ ഒന്നും ഉര്യാടത്തത്, ഈ കുട്ടി കണ്‍ട്രാക്കിനെ ഓർത്തല്ല അവന്റപ്പൻ വല്യകണ്‍ട്രാക്കിനെ ഓർത്ത്.
മന്ത്രിയാണ്, ക്യാബിനറ്റ് റാങ്കാണ്, ഗണ്‍മാനും പോലീസും ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല ഈ കണ്‍ട്രാക്ക് കുടുംബത്തിന്റടുത്തെന്ന്, ജീവനിൽ ഭയമുള്ള ഈ ധൈര്യശാലികൾക്കെല്ലാം അറിയാം.
മന്ത്രിയായിരുന്ന കോടീശ്വരനായ ഒരു നേതാവിനെ കുത്തുപാള എടുപ്പിച്ച ചരിത്രമുണ്ട് അച്ഛൻ കണ്‍ട്രാക്കിന്. മന്ത്രിയുടെ മരണ ശേഷം ആ വിധവ ചായക്കട നടത്തിയാണ് മക്കളെ പഠിപ്പിച്ചത്. ഇതും ചരിത്രം.
ഒരു ഡി.ജി.പി.യെ ജെട്ടി മാത്രം ധരിപ്പിച്ച് കാറിന്റെ ഡോറിൽ കെട്ടിയിട്ട് പട്ടാപകൽ തിരുവനന്തപുരത്തെ രാജവീഥികളിൽ കൂടി തേരാപാരാ പാഞ്ഞ നയന മനോഹരമായ കാഴ്ച കണ്ട് തിരുവനന്തപുരത്തുകാർ സായൂജ്യമടഞ്ഞിട്ട് അധിക കാലമൊന്നുമായിട്ടില്ല. ഇത് സമകാലിക ചരിത്രം.
ആ കുഞ്ഞ് എന്തെങ്കിലുമൊക്കെ പറയട്ടന്നേ..അവന്റകാര്യം പോട്ടെ, അവന്റച്ഛനെ ഞങ്ങൾക്ക് മറക്കാൻ കഴിയുമോ...
നേതാക്കന്മാരും, പത്രക്കാരും സ്വീകരിച്ചിരിക്കുന്ന മൗനവ്രതത്തിന്റെ ഡിങ്കോലാഫി ഇപ്പോൾ മനസ്സിലായോ....?
Tuesday, November 25, 2014
"ചുങ്കക്കാരും പാപികളും ബാബുവിന്റെ ഹോളീ സ്പിരിറ്റും"
എണ്ണയ്ക്കാട്ട് അമ്മയുടെ കുടുംബത്തിന് അടുത്തു താമസക്കാരനാണ് ബാബു എന്ന മുപ്പരു ബാബു . ഒരു പാവപ്പെട്ട തൊഴിലാളി കുടുംബം. ഇഷ്ടിക കളത്തിലെ തൊഴിലാളികളായിരുന്നു ബാബുവും ഭാര്യ രാജമ്മയും. ജീവിത ചിലവ് കാലക്രമത്തിൽ വർദ്ധിക്കുകയും, അതനുസരിച്ച് വരുമാനം വർദ്ധിക്കാതിരുന്നതും കാരണം, എന്തെങ്കിലും സ്വയം തൊഴിൽ കണ്ടെത്താൻ ബാബുവും കുടുംബവും പ്രേരിതരായി. മൂലധനം കുറവും ലാഭം കൂടുതലുമുള്ള വ്യവസായമായിരിക്കുമല്ലോ, ടാറ്റാ ആയാലും മല്ല്യ ആയാലും ബാബുവായാലും സ്വാഭാവികമായും തെരഞ്ഞെടുക്കുക. അങ്ങനെ ബാബു സ്വയം കണ്ടെത്തിയ ജീവിത മാർഗ്ഗമായിരുന്നു, മദ്യ നിർമ്മാണവും വിപണനവും. ബാബുവിനെ പോലെയുള്ള പാവത്താന്മാർ ഇതുചെയ്യുമ്പോൾ, വാറ്റുചാരായ കച്ചവടം എന്ന കാറ്റഗറിയിലേ ഈ വ്യവസായത്തിന് സ്ഥാനമുള്ളു.
കുടുംബത്തിൽ താമസിക്കുന്ന നടുവത്തെ അമ്മാവന്റെ കണ്ണു വെട്ടിച്ച്, കോയിക്കലെ വിശാലമായ പറമ്പിലായിരുന്നു ബാബുവിന്റെ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വെയർ ഹൌസ് ആ പറമ്പിൽ തന്നെയുള്ള കച്ചിത്തുറുവിന്റെ കീഴിലും.
വളരെ കോമ്പറ്റീഷനുള്ള ഫീൽഡാണിത് എന്നാണ് ബാബു പറയുന്നത്. ബാബുവിനുള്ള നിർമ്മാണ വിപണന സൌകര്യവും, സുരക്ഷിതത്ത്വവും മറ്റ് അബ്ക്കാരികളെ അസൂയാലുക്കളാക്കി. അതൊരു പാരയായി വളർന്നു വരുന്നത്, ചെങ്ങന്നൂർ എക്സ് സൈസ് അസിസ്റ്റന്റ് കമ്മീഷണർ കോയിക്കൽ പുരയിടത്തിൽ നിന്ന് അഞ്ചാറു കന്നാസ് വാറ്റുചാരായം കണ്ടെത്തുന്നതു വരെ ബാബു അറിഞ്ഞിരുന്നില്ല. ഏതൊരു പ്രായോഗിക ബുദ്ധിയും ചെയ്യുന്നതു തന്നെ ബാബുവും ചെയ്തു. ശൂം..... അങ്ങു മുങ്ങി.
പുരയിടത്തിന്റെ ഉടമകൂടിയായ വാറ്റുകാരനെ കണ്ട് , എ.ഇ.സി. രാമവർമ്മ തമ്പുരാൻ ഞെട്ടി. പൌര പ്രമുഖനും, അറിയപ്പെട്ട ആയുർവ്വേദ വൈദ്യനുമായ മല്ലശേരിൽ കോയിക്കൽ ജി. ദാമോദരൻ പിള്ള.
ബാബുവിനെ കയ്യോടെ പിടിച്ചു കൊണ്ടുവരാൻ അമ്മാവൻ അനുചരന്മാരെ വിട്ടു. മുപ്പര് ചെങ്ങന്നൂർ താലൂക്കിൽ നിന്നു തന്നെ മുങ്ങിക്കഴിഞ്ഞിരുന്നു. തൊണ്ടി വണ്ടിയിൽ എടുത്തിട്ട് തമ്പുരാനും സംഘവും മടങ്ങി.
ഒരാഴ്ചയോളം ബാബു അമ്മാവനെ ഒളിച്ചു നടന്നു. കേസും വഴക്കും വക്കാണവും മുന്നിൽ തെളിഞ്ഞു വന്നപ്പോൾ നേരിട്ട് ഹാജരായി.
"വേറെങ്ങും കണ്ടില്ലിയോടാ, ഈ തന്തെല്ലാഴിക കാണിക്കാൻ.." അമ്മാവന് കോപം അടക്കാനായില്ല.
"ഇദ്ദേഹം കാര്യം അറിയാതെയാണ് കോപിക്കുന്നത് " - ശാന്തത ഒട്ടും കൈവിടാതെ ബാബു പറഞ്ഞു. "കടപ്രേന്നു രവിക്കുഞ്ഞിങ്ങോട്ട് വരും. എടാ ബാബു, സാധനം വല്ലോം ഉണ്ടോ..? പുറകെ വരും രാജൻകുഞ്ഞ്. പിന്നെ ശ്രീകുമാരൻ കുഞ്ഞ്. ഇല്ലെന്നു പറഞ്ഞാൽ കുഞ്ഞുങ്ങൾ നേരേ പോകും, ബുധനൂരിന്. അമോണിയോം നവസാരോം ബാറ്ററിയുമൊക്കെ ഇട്ടു വാറ്റിയ കണ്‍ട്രി വാങ്ങിച്ചു കുടിക്കും. കുഞ്ഞുങ്ങടെ ചങ്കും മത്തങ്ങേം പഞ്ചറുമാകും. ബാബു കൊറ്റാർ ജീരകവും ദശമൂലവും ഇട്ട് വാറ്റുന്നതാ. വിശ്വസിച്ച് ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് കുടിക്കാം."
അനന്തിരവന്മാരുടെ ആയുരാരോഗ്യത്തിനും, ദീർഘായുസ്സിനും വേണ്ടി ബാബു അനുഷ്ഠിക്കുന്ന ത്യാഗം ഒർത്താകാം അമ്മാവൻ ഒന്നും പറഞ്ഞില്ല എന്നാണ് മുപ്പര് എനിക്കു തന്ന റിപ്പോർട്ട്.
ഏതായാലും, അമ്മാവൻ വീട്ടിലില്ല എന്ന് ഉറപ്പു വരുത്തിയിട്ടേ കുടുംബത്തിലോട്ട് ഞാനും രാജനും ശ്രീകുമാരനും പോകുമായിരുന്നുള്ളൂ.
Wednesday, November 5, 2014
മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : "ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!"
മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : "ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!": കഥകളിയിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ വേഷങ്ങളാണ്. ആഹാര്യാഭിനയ പ്രധാനമെന്ന് വ്യവസ്ഥ. പൊതുവെ ആ മാനദണ്ഡം ആട്ടക്കഥാകാരന്മാർ കാവ്യ രചന നടത്തുമ...
"ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!"
കഥകളിയിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ വേഷങ്ങളാണ്. ആഹാര്യാഭിനയ പ്രധാനമെന്ന് വ്യവസ്ഥ. പൊതുവെ ആ മാനദണ്ഡം ആട്ടക്കഥാകാരന്മാർ കാവ്യ രചന നടത്തുമ്പോൾ അവലംബിച്ചു പോന്നു. നടന്മാരുടെ വേഷവൈവിധ്യവും നാട്യാംശത്തെ വികസിപ്പിക്കുന്നതോടൊപ്പം ശ്രദ്ധിച്ചിരുന്നു. ഈ ചിന്താധാര ആയിരുന്നിരിക്കണം അംബരീഷചരിതം നിർമ്മിക്കുമ്പോൾ, യവനമാർ എന്നൊരു വിഭാഗം പാത്രങ്ങളെ കൂടി അശ്വതി തിരുനാൾ സൃഷ്ടിച്ചത്. ഈ രംഗത്തിലെ ശ്ലോകങ്ങളും പദങ്ങളും പ്രാകൃതത്തിലാണ് രചിച്ചിട്ടുള്ളത്. ആട്ടക്കഥാകാരന്റെ പ്രാകൃതത്തിലുള്ള ഒരു വരിയാണ് "തലക്കുറി"യായി കൊടുത്തിട്ടുള്ളത്.
അംബരീഷചരിതം, രുഗ്മിണീസ്വയംവരം, പൂതനാമോക്ഷം, പൌണ്ഡ്രകവധം എന്നിങ്ങനെ നാല് ആട്ടക്കഥകളാണ് അശ്വതി തിരുനാൾ ഇളയതമ്പുരാൻ (രാമവർമ്മ 1756 - 1794) എഴുതിയിട്ടുള്ളത്. പൌണ്ഡ്രകവധം ഒഴികെ മൂന്നു കഥകളും രംഗപ്രചാരം കിട്ടിയ കഥകൾ. കാർത്തിക തിരുനാളിന്റെ അനന്തിരവനായിരുന്നു അശ്വതി. മാതുലന്റെ നരകാസുരവധത്തിലെ അവസാന രംഗങ്ങൾ അശ്വതി രചിച്ചതാണെന്ന് പറയപ്പെടുന്നു. അമ്മാവന്റെ കഥകളെ അപേക്ഷിച്ച് അനന്തിരവന്റെ കഥകൾ സാഹിത്യമൂല്യമുള്ളവയാണെന്നാണ് പണ്ഡിതമതം.
![]() |
| യവനന്മാർ |
അങ്ങനെയിരിക്കെ ഒരുദിവസം ദുർവ്വാസാവ് അംബരീഷനെ സന്ദർശിക്കാനെത്തി. ദ്വാദശി വ്രതത്തിന് പാരണയിടാനുള്ള സമയത്താണ് മഹർഷി എഴുന്നെള്ളിയത്. ദ്വാദശി നാളിൽ അതിഥിയായി ഒരു വി.വി.ഐ.പി.യെത്തന്നെ കിട്ടിയതിൽ രാജാവ് സന്തോഷിച്ചു. മുനിയുടെ സാന്നിദ്ധ്യത്തിൽ പാരണ വീട്ടാമല്ലൊ എന്നു ചിന്തിച്ച് കുളിക്കാൻ കാളിന്ദിയിലേക്ക് അയച്ചു. അംബരീഷനു വ്രതഭംഗം വരുത്തുക എന്നതായിരുന്നു ദുർവ്വാസാവിന്റെ ലക്ഷ്യം. ആറ്റുകടവിൽ അദ്ദേഹം മന:പൂർവ്വം താമസിച്ചു.
മുഹൂർത്തം തെറ്റിയാൽ വ്രതം മുടങ്ങും. അംബരീഷൻ പരിഭ്രമിച്ചു. ബ്രാഹ്മണരുടെ ഉപദേശപ്രകാരം തുളസീജലം കുടിച്ച് അദ്ദേഹം പാരണയിട്ടു. ഇതറിഞ്ഞ മുനി കോപം കൊണ്ട് തുള്ളി. മാന്യാതിഥിയായ താൻ സ്നാനം കഴിഞ്ഞു മടങ്ങിയെത്തുന്നതിനു മുമ്പ് പാരണ വീട്ടിയത് തന്നെ അപമാനിച്ചതിനു തുല്യമാണെന്ന് പറഞ്ഞുകൊണ്ട്, ആ ധിക്കാരത്തിന് ശിക്ഷ നല്കാൻ കൃത്യയെ നിയോഗിച്ചു. രാജാവ് വിഷ്ണു ഭക്തനാണല്ലോ? അദ്ദേഹത്തെ സംരക്ഷിക്കാൻ സുദർശനചക്രം പ്രത്യക്ഷമായി. തൃച്ചക്രം കൃത്യയെ വധിച്ചു. അതിനു ശേഷം ദുർവ്വാസാവിനു നേരെ പാഞ്ഞു. വെരുണ്ടു പോയ മഹർഷി പ്രാണരക്ഷാർത്ഥം ബ്രഹ്മ-മഹേശ്വരന്മാരെ സമീപിച്ചു. സാധനം സുദർശനമാണെന്നും തങ്ങൾ നിസ്സഹായരാണെന്നും മുനിയെ അറിയിച്ചു. ഉയിരു വേണമെങ്കിൽ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കാൻ ഉപദേശിച്ചു.
ദുർവ്വാസാവ് വിഷ്ണു സന്നിധിയിൽ എത്തി. തന്റെ ഭക്തനായ അംബരീഷനെ സമീപിക്കാനാണ് മഹാവിഷ്ണു, മഹർഷിയോട് പറഞ്ഞത്. ഓടിയോടി പരവശനായിത്തീർന്ന മുനി ഒടുവില അംബരീഷനെക്കണ്ട് ക്ഷമ ചോദിച്ചു.
ശിവ ഭക്തനായ ദുർവ്വാസാവും വിഷ്ണു ഭക്തനായ അംബരീഷനും തമ്മിലുള്ള "ക്ലാഷാണ്" കഥയുടെ പ്രമേയം എന്നു സാരം.
ദുർവ്വാസാവ് (മിനുക്ക് - കറുത്ത താടി) അംബരീഷൻ (പച്ച) സുദർശനം (ചുവന്നതാടി) കൃത്യ (മുഖത്തെഴുത്തോടു കൂടിയ ഭീകര വേഷം) ശിവൻ (പഴുപ്പ്) യവനമാരുടെ വേഷം ഉടുത്തുകെട്ടുള്ള മിനുക്കിൽ കണ്ടിട്ടുള്ളതായി ഓർക്കുന്നു. (വലലൻ, മല്ലൻ, മാതലി വേഷം പോലെ) ഈ അടുത്ത കാലത്ത് യൂ ട്യൂബിൽ കണ്ട ഒരു കളിയിൽ മാട്ടറപ്പുകാരൻ റാവുത്തരുടെ വേഷത്തിലാണ് "യവന ദർശനം" ഉണ്ടായത്. പലതരം മിനുക്ക് എന്ന ആട്ടപ്രകാരത്തിലെ പ്രസ്താവനയാകാം വിവിധ രൂപങ്ങളിൽ യവനമാർ പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യം.
സുദർശനത്തെ ഭയന്ന് ദുർവ്വാസാവ് അവിടയും ഇവിടെയും ഓടിനടക്കുന്ന രംഗം കാണികളെ ആകർഷിക്കും. രസിപ്പിക്കുകയും ചെയ്യും.
Tuesday, October 14, 2014
ലാളിത്യത്തിന്റെ മുദ്രയായ് ഗോപിവക്കീൽ : പി. രവീന്ദ്രനാഥ്
(ശ്രീ എം. ഗോപി ഫൌണ്ടേഷൻ പ്രസിദ്ധീകരിച്ച "എം. ഗോപി സ്മരണികയിൽ എഴുതിയ ലേഖനം.)
![]() |
| അഡ്വ. എം. ഗോപി |
ആറു വർഷങ്ങൾക്ക് മുമ്പ് നമ്മെ വേർപിരിഞ്ഞ ഗോപി വക്കീലിനെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് എഴുതി നല്കണമെന്ന്, എം. ഗോപി ഫൌണ്ടേഷൻ ഭാരവാഹികളുടെ ഒരു കത്ത് എന്റെ അച്ഛന് കിട്ടുകയുണ്ടായി. എന്റെ അച്ഛൻ എന്നാൽ, മുൻ എം.എൽ.എ.യും ദേശാഭിമാനി റെസിഡന്റ് എഡിറ്ററുമായിരുന്ന പി.ജി. പുരുഷോത്തമൻ പിള്ള. അച്ഛൻ രണ്ടു മാസങ്ങൾക്ക് മുമ്പ് കിടപ്പുമുറിയിൽ വീണ്, മുതുകെല്ലിന് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. കത്ത് ഞാൻ അച്ഛനെ കാണിച്ചപ്പോൾ, നീ ഒരോർമ്മക്കുറിപ്പ് എഴുതി കൊടുത്താൽ മതി എന്ന് നിർദ്ദേശിക്കുകയുണ്ടായി. ഇതൊരു സാഹസമല്ലേ എന്നൊരു ചിന്ത എന്നെ അസ്വസ്ഥനാക്കുന്നുണ്ട് എന്നത് നേര്. "പുത്രനില്ലേ പിതൃജന മുതലിൻ പിൻതുടർച്ചാവകാശം" എന്ന് വി.ടി.യോ മറ്റോ പണ്ട് ഒരു നാടകത്തിൽ പറഞ്ഞിട്ടുള്ള വാചകമാണ് എനിക്ക് ധൈര്യം നൽകുന്നത് !
ആദ്യത്തെ വാചകത്തിൽ ഞാൻ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്, ഗോപിവക്കീൽ എന്നാണല്ലോ? പക്ഷെ ഞാൻ ഒരിക്കലെങ്കിലും, അദ്ദേഹത്തെ അങ്ങനെ വിളിക്കുകയോ, പരാമർശിക്കേണ്ടിവരുമ്പോൾ അങ്ങനെ വിശേഷിപ്പിക്കുകയോ ഉണ്ടായിട്ടില്ല എന്നതാണ് നേര്. ഓർമ്മയായ കാലം മുതൽ വിളിച്ചിട്ടുള്ളത് ഗോപിയമ്മാവൻ എന്നാണ്.
ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ മുതൽ അച്ഛനും ഗോപിയമ്മാവനും സുഹൃത്തുക്കളായിരുന്നു. സുഹൃത്തുക്കൾ എന്നു പറയുന്നതിനേക്കാൾ ഒരു പക്ഷെ ശരി, സഹോദരന്മാരെപോലെയായിരുന്നു എന്നതായിരിക്കും. അവരുടെ സൌഹൃദബന്ധം കൂടുതൽ ബലപ്പെട്ടത്,
തിരുവനന്തപുരത്ത് ബി.എല്ലിന് പഠിക്കാൻ ചെന്നപ്പോൾ മുതലാണ്. തിരുവനന്തപുരം സ്റ്റാച്യൂവിന് അടുത്തുള്ള മോഹൻ ലാൻഡ്സ്
എന്ന ലോഡ്ജിൽ ആയിരുന്നു താമസം. ലോഡ്ജിലെ മറ്റൊരു സഹവാസിയായിരുന്നു, മുൻ കൃഷ്ണപുരം എം.എൽ.എ.യും, ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ഉണ്ണികൃഷ്ണ പിള്ള. മറ്റൊരു സഹപാഠി, മുൻ നിയമസഭാ സെക്രട്ടറി പരേതനായ ഡോ. ആർ. പ്രസന്നന്റെ വസതി കുന്നുകുഴിയിൽ ആയിരുന്നെങ്കിലും, ഒട്ടു മിക്ക ദിവസങ്ങളിലും ലോഡ്ജിലായിരുന്നു അദ്ദേഹത്തിന്റെയും അന്തിയുറക്കം.
![]() |
| പി. ഉണ്ണികൃഷ്ണപിള്ള |
അച്ഛനും ഗോപിയമ്മാവനും ഒരു പ്രായമാണ്, എന്ന് പറഞ്ഞാൽ അത് ഭാഗികമായേ ശരിയാവുകയുള്ളൂ. രണ്ടുപേരും 106 മകരത്തിലെ മകം നക്ഷത്രക്കാർ ആണ്. പാർട്ടി പിളർന്ന ശേഷം രണ്ടു പേരും രണ്ടിടത്തായെങ്കിലും, അതൊരിക്കലും അവരുടെ സ്നേഹബന്ധത്തിന് തടസ്സമായി കണ്ടിട്ടില്ല.
കേരള യൂണിവേഴ് സിറ്റി സെനറ്റിലേക്ക് ഗോപിയമ്മാവൻ ഒരു സ്ഥിരം സ്ഥാനാർഥിയായിരുന്നു. വോട്ടു തേടിയുള്ള അഭ്യർത്ഥന തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് എത്തിക്കേണ്ട ദൌത്യം പലപ്പോഴും ഞാൻ ഏറ്റെടുത്തിട്ടുണ്ട്. ഉണ്ണിയമ്മാവൻ സുഹൃത്തുക്കൾക്ക് കത്തിടുകയേയുള്ളൂ. സെനറ്റിലും, സിണ്ടിക്കേറ്റിലും വളരെ ആദരണീയനും, പ്രഗൽഭനുമായിരുന്ന ഒരംഗം ആയിരുന്നു ഗോപിയമ്മാവൻ.
അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ സി.പി.ഐ. കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ കക്ഷികളുമായി കൂട്ടുചേർന്നുകൊണ്ടുള്ള ഒരു മുന്നണിയിൽ ആയിരുന്നു. സി.പി.ഐ. യുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ സാമാജികരെ സംഭാവന ചെയ്യാൻ കഴിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അത്. പാർട്ടി നിയമസഭാ കക്ഷിനേതാവും വ്യവസായ മന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടത് സ. പി.കെ.വി. ആയിരുന്നു. കേരള സംസ്ഥാന ഹൌസിംഗ് ബോർഡ് ചെയർമാനായി ഗോപിയമ്മാവൻ ചുമതല എല്ക്കണമെന്ന് സ. പി.കെ.വി. യാണ് നിർബ്ബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്.
![]() |
| തോപ്പിൽ ഭാസി |
യു.എ.ഇ.യിൽ ആയിരുന്ന ഞാൻ ആയിടക്ക് അവധിക്ക് നാട്ടിലെത്തി. അവധിക്ക് വരുമ്പോൾ ഒരു സാംസൊണൈറ്റ് പെട്ടി കൊണ്ട് കൊടുക്കണം എന്ന് അന്ന് നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നൻ എന്നെ ചട്ടം കെട്ടിയിരുന്നു. പ്രസന്നൻ അങ്കിളിന് കൊടുക്കാനുള്ള പെട്ടിയും മറ്റ് ചില ഫോറിൻ സാധനങ്ങളുമായി അച്ഛനോട് ഒന്നിച്ചാണ് ഞാൻ തിരുവനന്തപുരത്തിനു പോയത്. നേരെ പോയത് അന്ന് ഹൌസിംഗ് ബോർഡ് ചെയർമാനായിരുന്ന ഗോപിയമ്മാവന്റെ ഔദ്യോഗിക ബംഗ്ലാവിലേക്കായിരുന്നു. എന്റെ പക്കലിരുന്ന മനോഹരമായ വിദേശ പെട്ടി ഗോപിയമ്മാവന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹത്തിന് അത് കൂടിയേ കഴിയൂ. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിർബ്ബന്ധ ബുദ്ധി.
'ഇനി വരുമ്പോൾ രവി ഒരെണ്ണം പ്രസന്നന് കൊണ്ട് കൊടുത്തു കൊള്ളൂ. ഇതെനിക്ക് വേണം." അചഞ്ചലമായ ആ നിലപാടു കണ്ടപ്പോൾ മറുത്തൊന്നും പറയാനും കഴിഞ്ഞില്ല. ഈ സംഭവം കഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷമേ പ്രസന്നൻ അങ്കിളിന് ഒരു സാംസൊണൈറ്റ് പെട്ടി കൊണ്ടു കൊടുക്കാൻ എനിക്ക് തരമായുള്ളൂ. അച്ഛനെ കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു, ഗോപിയെ കാണുമ്പോൾ എന്റെ ഓർമ്മയിൽ വരുന്നത് രവിയും, എന്റെ പെട്ടിയുമാണെന്ന് !
1986ൽ ഒമാൻ പര്യടനം കഴിഞ്ഞ് കെ.പി.എ.സി. ( K.P.A.C. Kayamkulam)10 ദിവസത്തെ സന്ദർശനത്തിനും നാടക അവതരണത്തിനും ആയി യു.എ.ഇ.യിൽ എത്തി. ഗോപിയമ്മാവൻ ട്രൂപ്പിനോപ്പം വരുന്നുണ്ടെന്ന് അച്ഛൻ എന്നെ എഴുതി അറിയിച്ചിരുന്നു.
എന്റെ രണ്ട് സുഹൃത്തുക്കളായ കുരുവിളയും, രവിച്ചേട്ടനും ( വാര്യംപള്ളി, ഹരിപ്പാട്) ആയിരുന്നു നാടകം നടത്താൻ കോണ്‍ട്രാക്റ്റ് എടുത്തിരുന്നത്. അജ്മാനിൽ കുരുവിളയുടെ ഗസ്റ്റ് ഹൗസിലായിരുന്നു സമിതിക്കാർ താമസിച്ചിരുന്നത്. കൃഷ്ണപിള്ള ചേട്ടൻ, അസീസ്, ജോണ്‍സണ്‍ സായ് കുമാർ, സാബു, രാജമ്മച്ചേച്ചി, ശാന്ത, പ്രസന്ന തുടങ്ങിയ നടീനടന്മാർ ആയിരുന്നു സമിതിയിൽ ഉണ്ടായിരുന്നത്.
ഞാൻ അവിടെ ചെന്ന് ഗോപിയമ്മാവനേയും, ഭാസിയമ്മാവനേയും കണ്ടു. രണ്ടു പേർക്കും വളരെ സന്തോഷമായി. അവർ രണ്ടു പേരേയും, അലൈൻ, അബുദാബി തുടങ്ങിയ ഇടങ്ങളിലെല്ലാം ഞാനാണ് കൊണ്ടുപോയത്. ഞാനും ഗോപൻ ചേട്ടനും ( ആർ. ശങ്കരനാരായണൻ തമ്പിയുടെ മരുമകൻ) ഏതാണ്ട് ആ പത്തു ദിവസങ്ങളിലും ആ ഗസ്റ്റ് ഹൌസിലായിരുന്നു വാസം എന്നു തന്നെ പറയാം.
അവർ അവിടെയുള്ളപ്പോഴാണ് എന്റെ മൂത്ത മകൻ ജിഷ്ണു ജനിച്ച വിവരം നാട്ടിൽ നിന്നറിയിച്ചത്. ആദ്യ സന്താനം പുത്രനായതു കൊണ്ട് ട്രൂപ്പിലുള്ള എല്ലാവർക്കും പാർട്ടി നടത്തണമെന്ന് ഗോപിയമ്മാവൻ നിർബ്ബന്ധിച്ചത് ഓർക്കുന്നു.
പിന്നീടൊരിക്കൽ ദുബായിൽ സഖാക്കൾ പി.കെ.വി., എൻ.ഈ. ബാലറാം, കൊളാടി ഗോവിന്ദൻ കുട്ടി എന്നിവർ വരികയുണ്ടായി. പി.കെ.വി. എന്റെ ഓഫീസിൽ ഫോണിൽ എന്നെ ബന്ധപ്പെട്ടു. ഞാൻ അത്ഭുതപ്പെട്ടുപോയി. വൈകുന്നേരം, ഷാർജയിൽ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് ചെന്ന് കണ്ടു. ബാലറാം സഖാവ് രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. രാജ്യസഭാ സ്ഥാനാർഥിയായി നോമിനേഷൻ കൊടുക്കാൻ കേരളത്തിലേക്ക് തിടുക്കത്തിൽ മടങ്ങേണ്ടി വന്നു.
ഗോപിയമ്മാവൻ പി.കെ.വി.ക്ക് എന്റെ ഫോണ്‍ നമ്പർ കൊടുത്തിട്ട് പറഞ്ഞത്രേ, പൈസാ പിരിക്കാൻ രവി സഹായിക്കും. തട്ടാരമ്പലത്തിലെ വി.എസ്.എം. ആശുപത്രി ഉടമ ശാന്തൻ ചേട്ടൻ (ഡോ. വിശ്വനാഥൻ) മറ്റൊരു പണക്കാരനായ രാജുച്ചായൻ (കൊല്ലം) എന്നിവരിൽ നിന്ന് ചെറുതല്ലാത്ത ഒരു തുക സമാഹരിച്ച് അവർക്ക് കൊടുക്കാൻ കഴിഞ്ഞു. പി.കെ.വിയും കൊളാടിയും നാട്ടിൽ എത്തിക്കഴിഞ്ഞ്, എനിക്ക് നന്ദി പറഞ്ഞുകൊണ്ട് കത്തയച്ചത് ഗോപിയമ്മാവൻ ആയിരുന്നു.
ഒരപകടം പറ്റി ഗോപിയമ്മാവൻ ആശുപത്രിയിലാണ് എന്ന് ഒരിക്കൽ അച്ഛൻ എനിക്ക് എഴുതിയപ്പോൾ, അത് വായിച്ച് ഞാൻ ചിരിച്ചുപോയി. ആനയിടിച്ച് പരുക്കേറ്റ് ആശുപത്രിയിലാണ് എന്നറിഞ്ഞപ്പോൾ, ചിരിക്കണമെങ്കിൽ ഞാനെത്ര ദുഷ്ടനായിരിക്കണം! ആന ഗോപിയമ്മാവനെയല്ല, മറിച്ച് ഗോപിയമ്മാവൻ ആനയെ ചെന്നിടിക്കുകയായിരുന്നു എന്നായിരുന്നു അച്ഛന്റെ കത്തിലെ കഥാസാരം. പ്രഭാത സവാരിക്കിടെ കെ.പി.എ.സി.യുടെ മുമ്പിൽ, നാഷണൽ ഹൈവേയിൽ വെച്ചായിരുന്നു ആ മാതംഗലീല!
ഗോപിയമ്മാവൻ ഹൌസിംഗ് ബോർഡ് ചെയർമാനായി നിയമിതനായപ്പോൾ, അസാധു എന്ന വിനോദ മാസികയിൽ യേശുദാസൻ പ്രസിധീകരിച്ച ഒരു കാർട്ടൂണ്‍ ഞാൻ ഓർക്കുന്നു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. "അഡ്വ. എം. ഗോപിയെ ഹൗസിംഗ് ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തു" ഓരോലപ്പുരയിൽ നിന്ന്, ബാഗും കക്ഷത്തിൽ ഇറുക്കി പിടിച്ചുകൊണ്ട് ഒരു ബഹുനില മന്ദിരത്തിലേക്ക് ഗോപിയമ്മാവൻ നടന്നു കയറി പോകുന്നതായിരുന്നു ചിത്രം .
![]() |
| കാർട്ടൂണിസ്റ്റ് യേശുദാസൻ |
രണ്ടു മിത്രങ്ങളുടെ മരണം അച്ഛനെ വല്ലാതെ ഉലച്ചിട്ടുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഗോപിയമ്മാവന്റെയും, ഗോവിന്ദപിള്ള സാറിന്റെയും. പി.ജി.യുടെ ഭൌതിക ശരീരം കാണാൻ വി.ജെ.റ്റി. ഹാളിലും, ഗൊപിയമ്മാവന് അന്ത്യാഞ്ജലി നേരാൻ കെ.പി.എ.സി.യിലും അച്ഛനോടൊപ്പം ഞാനാണ് പോയത്.
കെ.പി.എ.സി.യിൽ മൊബൈൽ മോർച്ചറിയിൽ കിടത്തിയിരുന്ന ആ നിശ്ചലമായ ശരീരത്തിലേക്കും, മുഖത്തേക്കും, നെഞ്ചിനു കൈവെച്ചുകൊണ്ട്, സൂക്ഷിച്ചു നോക്കിക്കൊണ്ട് വികാരാധീനനായി അച്ഛൻ നില്ക്കുന്ന ആ ചിത്രം, ഒരു വേദനയായി എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. കായംകുളത്തു നിന്ന് തിരികെ മാന്നാറിനു പോരുമ്പോൾ, ഒന്നും ഉരിയാടാതെ അച്ഛൻ കാറിൽ കണ്ണടച്ചിരിക്കുകയായിരുന്നു.
ആ മനസ്സിൽ കൂടി അപ്പോൾ കടന്നു പൊയ് ക്കൊണ്ടിരുന്ന സ്മരണകൾ എന്തൊക്കെയായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു.
Friday, October 3, 2014
ശ്രീവൈഷ്ണവം : തിരുവല്ലയ്ക്ക് തിലകക്കുറിയായി ഒരു കഥകളി വിദ്യാലയം!
![]() |
| ശ്രീവൈഷ്ണവം കഥകളി വിദ്യാലയത്തിൽ വിജയദശമിയ്ക്ക് പൂജ വെച്ചിരിക്കുന്നു. |
![]() |
| പത്മഭൂഷണ്‍ മടവൂർ വാസുദേവൻ നായർ |
തിരുവല്ല പ്രദേശം പുരാതന കാലം മുതൽ കഥകളിയുടെ ഈറ്റില്ലമായാണ് അറിയപ്പെടുന്നത്. ഇതിന്റെ കാരണം തിരുവല്ല ശ്രീവല്ലഭസ്വാമി ഒരു കഥകളി പ്രിയനാണെന്നതു തന്നെ. ശ്രീവല്ലഭന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് കഥകളി. ആണ്ടിൽ 365 ദിവസവും കഥകളി അരങ്ങേറുന്ന ഏക ക്ഷേത്രം തിരുവല്ല ആണെന്നു പറയാം.
പഠന കളരിയും, കളി യോഗങ്ങളും കൂടാതെ വേഷക്കാർ, ഭാഗവതർമാർ, മേളക്കാർ, ചുട്ടിക്കാർ തുടങ്ങി ഒട്ടനവധി പ്രശസ്തരെ പണ്ടു മുതൽ തന്നെ തിരുവല്ല സംഭാവന ചെയ്തിട്ടുണ്ട്. ചില ആശാന്മാർ കുട്ടികളെ സ്വന്തം ഭവനങ്ങളിൽ ചൊല്ലിയാടി പരിശീലിപ്പിക്കുന്നതൊഴിച്ചാൽ, ഇടക്കാലത്ത് ഇവിടെ ശാസ്ത്രീയമായി കഥകളി അഭ്യസിപ്പിക്കുന്നതിന് അടിസ്ഥാന സൌകര്യങ്ങളുള്ള കളരികൾ ഇല്ലാതെയായി.
![]() |
| തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രം |
35 വർഷങ്ങൾക്ക് മുമ്പ് ശ്രീഭവനിൽ എൻ. നാരായണപിള്ള (മാപ്പിളപ്പറമ്പിൽ കുട്ടൻ പിള്ളച്ചേട്ടൻ) കലാവേദി എന്നൊരു കളരി ആരംഭിച്ചു. ആ കളരിയിൽ മാങ്കുളം വിഷ്ണു നമ്പൂതിരി, മടവൂർ വാസുദേവൻ നായർ തുടങ്ങിയ പ്രശസ്ത ആചാര്യന്മാർ വന്ന് ചൊല്ലിയാടി പരിശീലിപ്പിക്കുമായിരുന്നു. ഇന്നും കഥകളി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാഭാരതി ഹരികുമാർ, തിരുവല്ല ബാബു എന്നീ വേഷക്കാരും, കലാവേദി സുരേഷ് കുമാർ എന്ന ഗായകനും കലാവേദിയിൽ പരിശീലനം ആരംഭിച്ചവരാണ്.
കുട്ടികളിൽ നിന്ന് കിട്ടുന്ന ഫീസിന്റെ വരുമാനത്തിൽ മാത്രം ഒരു കളരി മുന്നോട്ടു കൊണ്ട് പോവുക അസാദ്ധ്യമാണ്. അതുകൊണ്ടു തന്നെ കലാവേദി എന്ന സ്ഥാപനം ഏതാനും വർഷങ്ങൾക്കു ശേഷം കുട്ടൻപിള്ള ചേട്ടന് അടച്ചു പൂട്ടേണ്ടി വന്നു. ഒരു കളരി ആരംഭിക്കുക എന്ന വെല്ലുവിളി സ്വീകരിയ്ക്കാൻ ഒരു വ്യാഴവട്ടക്കാലം തിരുവല്ലയിൽ ആരും മുന്നോട്ടു വന്നില്ല. കഥകളിയുടെ ഈറ്റില്ലമായ തിരുവല്ലയിൽ പുറപ്പാടും കുട്ടിത്തരങ്ങളും കെട്ടുന്നതിന് പുറത്തു നിന്ന് കുട്ടികളെ കൊണ്ടു വരേണ്ട സാഹചര്യം വരെയുണ്ടായി.
![]() |
| രൌദ്ര ഭീമൻ : ഫാക്റ്റ് മോഹനൻ (FACT Mohanan) |
തിരുവല്ലയിൽ തന്നെയുണ്ടായിരുന്ന ഒരു കളിയോഗം വിലകൊടുത്തു വാങ്ങി. ഒരു കഥകളി പരിശീലന കേന്ദ്രവും അദ്ദേഹം ആരംഭിച്ചു. 2011 ഫെബ്രുവരി അഞ്ചാം തീയതി പ്രശസ്ത സംഗീതജ്ഞനായ കലാരത്നം കെ.ജി. ജയൻ (ജയവിജയ) "ശ്രീവൈഷ്ണവം കഥകളി വിദ്യാലയം" എന്നു പേരിട്ട കളരിയിൽ ഭദ്രദീപം കൊളുത്തി. തന്റെ ഗുരുവരനായ മടവൂർ വാസുദേവൻ നായരാശാന് കലാഭാരതി ഹരികുമാർ ഗുരുദക്ഷിണ നൽകി. വേഷം, ചെണ്ട, മദ്ദളം എന്നീ വിഭാഗങ്ങളിൽ ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.
മുപ്പതോളം വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ ഇവിടെ ഇതിനോടകം പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഈ വിദ്യാരംഭത്തിന് പുതിയ ബാച്ച് ആരംഭിക്കുകയും ചെയ്തു.
കുട്ടികളിൽ നിന്ന് വാങ്ങുന്ന നാമമാത്രമായ ഫീസു കൊണ്ട് മാത്രം ഒരു കളരി മുന്നോട്ടു കൊണ്ടു പോകാൻ സാദ്ധ്യമല്ല എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ? കളിയോഗത്തിൽ നിന്നുള്ള വരുമാനവും, ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ശാന്തിക്കാരൻ എന്ന നിലയിൽ കിട്ടുന്ന ശമ്പളത്തിന്റെ സിംഹഭാഗവും കളരിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഹരികുമാർ ചെലവഴിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയോ, ഇതര ഏജെൻസികളുടെയോ ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്ന് അഭ്യർത്ഥിക്കുന്നു.
![]() |
| കലാഭാരതി ഹരികുമാർ |
ഫാക്റ്റ് മോഹനൻ, കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി ജയശങ്കർ എന്നീ കഥകളി രംഗത്തെ പ്രശസ്തരായ കലാകാരന്മാരാണ് യഥാക്രമം വേഷം, ചെണ്ട, മദ്ദളം തുടങ്ങിയവയിൽ കുട്ടികളെ അഭ്യസിപ്പിക്കുന്നത്.
ഭക്ത ജനങ്ങളുടെ ഹിതാനുസരണം കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കഥകളി വഴിപാടുകൾ ശ്രീവൈഷ്ണവം കഥകളി യോഗം നടത്തി കൊടുക്കുന്നുണ്ട്. വഴിപാട് നടത്താനാഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ, 0469 - 2601574 അല്ലെങ്കിൽ 09495204203 എന്നീ നമ്പരുകളിൽ കലാഭാരതി ഹരികുമാറിനെ ബന്ധപ്പെടാവുന്നതാണ്.
ശുഭം.
Subscribe to:
Posts (Atom)












