Wednesday, January 22, 2014

ഹനുമദുൽഭവം ആട്ടക്കഥ - കേരളവർമ്മ വലിയകോയി തമ്പുരാൻ

ഹനുമദുൽഭവം ആട്ടക്കഥ - കേരളവർമ്മ വലിയകോയി തമ്പുരാൻ 

 
കേരളവർമ്മ വലിയകോയി തമ്പുരാൻ 

 മയൂരസന്ദേശ കർത്താവായ കേരളവർമ്മ വലിയകോയി തമ്പുരാൻ ഹനുമദുൽഭവം, ധ്രുവചരിതം, പ്രലംബവധം, മൽസ്യവല്ലഭ വിജയം, പരശുരാമ വിജയം എന്നിങ്ങനെ അഞ്ച്  ആട്ടക്കഥകൾ രചിച്ചിട്ടുണ്ട്.

പണ്ഡിതനും കാവ്യകേസരിയുമൊക്കെ ആയിരുന്നെങ്കിലും തമ്പുരാന്റെ ആട്ടക്കഥകൾ, നളചരിതം, രാവണവിജയം എന്നീ ആട്ടക്കഥകളുടെ അനുകരണം ആയിരുന്നു. എന്നാൽ ദൃശ്യകലക്ക്  തീരെ  യോജിച്ചതായിരുന്നില്ല തമ്പുരാന്റെ രചനാശൈലി. ഭാഷാപ്രയോഗ പാടവം പ്രകടിപ്പിക്കുവാനുള്ള ഉദ്യമമാണെന്നു തോന്നും രചനാശൈലി കണ്ടാൽ. അതുകൊണ്ടു തന്നെ രംഗത്ത്  ഈ കഥകളൊന്നും തന്നെ നിലനിന്നില്ല.

കഥകളിയുടെ ശില്പ ഭംഗിയോട് അല്പമെങ്കിലും നീതി പുലർത്തുന്ന ഒരാട്ടക്കഥയാണ്  ഹനുമദുൽഭവം. വേഷ വൈവിദ്ധ്യവും, രംഗക്കൊഴുപ്പും, സാഹിത്യഗുണവും വേണ്ട പോലെയുണ്ടെങ്കിലും, ഈ കഥയ്ക്ക്  പോലും വേണ്ടത്ര രംഗപ്രചാരം കിട്ടിയില്ല. പക്ഷെ, സാഹിത്യത്തിന്  ഒരമൂല്യ നിധിയായി ഈ ആട്ടക്കഥയെ കാണാം.

പെണ്‍ കരി 
കമ്പരാമായണമാണ്  ഈ ആട്ടക്കഥക്ക്  അവലംബിച്ചിട്ടുള്ളത്.  ശംബസാദനന്റെ ജനദ്രോഹം മുതൽ ഹനുമാന്റെ ജനനം വരെയുള്ള കഥയാണ്  വർണ്ണിച്ചിട്ടുള്ളത്. പതിനാറ്  രംഗങ്ങൾ ആണുള്ളത്.

ശംബസാദനൻ ഉപദ്രവിയായ ഒരു രാക്ഷസനായിരുന്നു. ഈയാൾ ജനങ്ങളെയും മുനിമാരേയും സദാ ഉപദ്രവിച്ചുകൊണ്ടിരുന്നു. അവന്റെ പരാക്രമം അസഹ്യമായപ്പോൾ മുനിമാർ ഇന്ദ്രന്റെയടുത്ത്  പരാതിയുമായി ചെന്നു. മാല്യവാൻ എന്ന്  പേരുള്ള ഒരു പർവ്വതത്തിൽ കേസരിയെന്നൊരു മഹാബലനായ വാനരനുണ്ടെന്നും, അയാളെ പ്രസാദിപ്പിച്ചാൽ ശംബസാദനന്റെ പീഡനങ്ങളിൽ നിന്ന്  മോചനം ലഭിക്കുമെന്നും ഇന്ദ്രൻ ഉപദേശിച്ചു. മുനിമാർ കേസരിയെ ചെന്നു കണ്ട് വ്രുത്താന്തമെല്ലാം അറിയിച്ചു. അസുരനെ നിഗ്രഹിക്കാനായി കേസരി പുറപ്പെട്ടു.

കത്തി 
ശിവ - പാർവതിമാർ വാനര വേഷം ധരിച്ച്  ക്രീഡാകേളികളിൽ ഏർപ്പെട്ടിരിക്കെ, പാർവതി ഗർഭവതിയായി. പിറക്കാനിരിക്കുന്ന ഉണ്ണി കുരങ്ങായിരിക്കുമല്ലൊ എന്നോർത്ത്  ദേവി സങ്കടപ്പെട്ടു.
പരമശിവൻ വായുവിനെ അഭയം പ്രാപിച്ചു. ശിവചൈതന്യം, വായു ഭഗവാൻ കേസരിയുടെ ഭാര്യയായ അഞ്ജന എന്ന സുന്ദരിയിൽ നിക്ഷേപിച്ചു. അഞ്ജന ഗർഭിണിയായി.

പച്ച 
കേസരി ശംബസാദനന്റെ രാജ്യത്തെത്തി, സഹോദരിയായ നക്രദന്തി, അനുചരനായ വീരബാഹു എന്നിവരുമായി യുദ്ധം ചെയ്തു. അവസാനം ശംബസാദനനെ വധിക്കുകയും ചെയ്തു.
ചുവന്നതാടി 

വാസസ്ഥലത്തെത്തിയ കേസരി, വായുവിൽ നിന്ന്  ഭാര്യ ദിവ്യ ഗർഭം ധരിച്ചതറിഞ്ഞ്  സന്തോഷിച്ചു.

അഞ്ജന പ്രസവിച്ചു. ഉദയ സൂര്യനെക്കണ്ട്,  പഴമാണെന്നു ധരിച്ച്  സൂര്യന്റെ നേർക്ക്  ശിശു ചാടി. വജ്രായുധം കൊണ്ട് ഇന്ദ്രൻ കുഞ്ഞിനെ തടഞ്ഞു. താടി മുറിഞ്ഞു. (ഹനു = താടി) വിവരമറിഞ്ഞു കോപിച്ച വായുദേവൻ കുഞ്ഞിനേയും എടുത്തുകൊണ്ട്  എവിടേക്കോ മറഞ്ഞു. ഭൂമിയിൽ വായു ഇല്ലാതെയായി. ശ്രീപരമേശ്വരൻ വായുദേവനെ ശാന്തനാക്കി, കുഞ്ഞിന് അപാരമായ ബലം നല്കി അനുഗ്രഹിക്കുകയും ചെയ്തു. ഹനുമാൻ എന്ന്  നാമകരണവും ചെയ്തു.
വട്ടമുടി (വെള്ളത്താടി)

മൂല കൃതിയിൽ നിന്ന്  ചില്ലറ മാറ്റങ്ങൾ തമ്പുരാൻ വരുത്തിയിട്ടുണ്ട്. ആദ്യ രംഗത്തു തന്നെ പ്രത്യക്ഷപ്പെടുന്ന,  ഇന്ദ്രനാണ്‌  ഇതിലെ ആദ്യാവസാന വേഷം. പച്ച, കത്തി, താടി, വട്ടമുടി, കരി, മിനുക്ക്‌, പഴുപ്പ് അങ്ങനെ കഥകളിയിലെ ഒട്ടുമിക്ക വേഷങ്ങളും ഈ കഥയിലുണ്ട്.

ഇന്ദ്രൻ, വായു - പച്ച, ശംബസാദനൻ - കത്തി, ശിവൻ(വാനര രൂപത്തിൽ - വട്ടമുടി) കേസരി - വട്ടമുടി, നക്രദന്തി - പെണ്‍കരി, ഹനുമാൻ വട്ടമുടി, വീരബാഹു - ചുവന്നതാടി, ബ്രഹ്മാവ്‌, ശിവൻ - പഴുപ്പ്.  മുനിമാരും സ്ത്രീ വേഷങ്ങളായ ഇന്ദ്രാണി, അഞ്ജന, പാർവതി അഞ്ജനയുടെ തോഴിമാർ എന്നിവർ  മിനുക്കുമാണ്.

ഈ ആട്ടക്കഥ രംഗത്ത്  അവതരിപ്പിച്ചു കണ്ടിട്ടുള്ളവർ ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന്  എനിക്ക്  നിശ്ചയം പോരാ. 

ശുഭം.

No comments:

Post a Comment