Tuesday, November 25, 2014

"ചുങ്കക്കാരും പാപികളും ബാബുവിന്റെ ഹോളീ സ്പിരിറ്റും"




 
എണ്ണയ്ക്കാട്ട്  അമ്മയുടെ കുടുംബത്തിന്  അടുത്തു താമസക്കാരനാണ്  ബാബു എന്ന മുപ്പരു ബാബു . ഒരു പാവപ്പെട്ട തൊഴിലാളി കുടുംബം. ഇഷ്ടിക കളത്തിലെ തൊഴിലാളികളായിരുന്നു ബാബുവും ഭാര്യ രാജമ്മയും. ജീവിത ചിലവ്  കാലക്രമത്തിൽ വർദ്ധിക്കുകയും, അതനുസരിച്ച്  വരുമാനം വർദ്ധിക്കാതിരുന്നതും കാരണം, എന്തെങ്കിലും സ്വയം തൊഴിൽ കണ്ടെത്താൻ ബാബുവും കുടുംബവും പ്രേരിതരായി. മൂലധനം കുറവും ലാഭം കൂടുതലുമുള്ള വ്യവസായമായിരിക്കുമല്ലോ, ടാറ്റാ ആയാലും മല്ല്യ ആയാലും ബാബുവായാലും സ്വാഭാവികമായും തെരഞ്ഞെടുക്കുക. അങ്ങനെ ബാബു സ്വയം കണ്ടെത്തിയ ജീവിത മാർഗ്ഗമായിരുന്നു, മദ്യ നിർമ്മാണവും വിപണനവും. ബാബുവിനെ പോലെയുള്ള പാവത്താന്മാർ ഇതുചെയ്യുമ്പോൾ, വാറ്റുചാരായ കച്ചവടം എന്ന കാറ്റഗറിയിലേ ഈ വ്യവസായത്തിന്  സ്ഥാനമുള്ളു.
 കുടുംബത്തിൽ താമസിക്കുന്ന നടുവത്തെ അമ്മാവന്റെ കണ്ണു വെട്ടിച്ച്, കോയിക്കലെ വിശാലമായ പറമ്പിലായിരുന്നു ബാബുവിന്റെ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.  വെയർ ഹൌസ്  ആ പറമ്പിൽ തന്നെയുള്ള കച്ചിത്തുറുവിന്റെ കീഴിലും.
 വളരെ കോമ്പറ്റീഷനുള്ള ഫീൽഡാണിത്  എന്നാണ്  ബാബു പറയുന്നത്.  ബാബുവിനുള്ള നിർമ്മാണ വിപണന സൌകര്യവും, സുരക്ഷിതത്ത്വവും മറ്റ്  അബ്ക്കാരികളെ അസൂയാലുക്കളാക്കി. അതൊരു  പാരയായി വളർന്നു വരുന്നത്,  ചെങ്ങന്നൂർ എക്സ് സൈസ്  അസിസ്റ്റന്റ്‌  കമ്മീഷണർ കോയിക്കൽ പുരയിടത്തിൽ നിന്ന്  അഞ്ചാറു കന്നാസ്  വാറ്റുചാരായം കണ്ടെത്തുന്നതു വരെ ബാബു അറിഞ്ഞിരുന്നില്ല. ഏതൊരു പ്രായോഗിക ബുദ്ധിയും ചെയ്യുന്നതു തന്നെ ബാബുവും ചെയ്തു. ശൂം..... അങ്ങു മുങ്ങി.
പുരയിടത്തിന്റെ ഉടമകൂടിയായ വാറ്റുകാരനെ കണ്ട് , എ.ഇ.സി. രാമവർമ്മ തമ്പുരാൻ ഞെട്ടി. പൌര പ്രമുഖനും, അറിയപ്പെട്ട ആയുർവ്വേദ വൈദ്യനുമായ മല്ലശേരിൽ കോയിക്കൽ ജി. ദാമോദരൻ പിള്ള.
ബാബുവിനെ കയ്യോടെ പിടിച്ചു കൊണ്ടുവരാൻ അമ്മാവൻ അനുചരന്മാരെ വിട്ടു. മുപ്പര്  ചെങ്ങന്നൂർ താലൂക്കിൽ നിന്നു തന്നെ മുങ്ങിക്കഴിഞ്ഞിരുന്നു. തൊണ്ടി വണ്ടിയിൽ എടുത്തിട്ട്  തമ്പുരാനും സംഘവും മടങ്ങി.
ഒരാഴ്ചയോളം ബാബു അമ്മാവനെ ഒളിച്ചു നടന്നു. കേസും വഴക്കും വക്കാണവും മുന്നിൽ തെളിഞ്ഞു വന്നപ്പോൾ നേരിട്ട്  ഹാജരായി.
"വേറെങ്ങും കണ്ടില്ലിയോടാ, ഈ തന്തെല്ലാഴിക കാണിക്കാൻ.." അമ്മാവന്  കോപം അടക്കാനായില്ല.
"ഇദ്ദേഹം കാര്യം അറിയാതെയാണ് കോപിക്കുന്നത് " - ശാന്തത ഒട്ടും കൈവിടാതെ ബാബു പറഞ്ഞു. "കടപ്രേന്നു രവിക്കുഞ്ഞിങ്ങോട്ട്‌  വരും. എടാ ബാബു, സാധനം വല്ലോം ഉണ്ടോ..? പുറകെ വരും രാജൻകുഞ്ഞ്. പിന്നെ ശ്രീകുമാരൻ കുഞ്ഞ്.  ഇല്ലെന്നു പറഞ്ഞാൽ കുഞ്ഞുങ്ങൾ നേരേ പോകും, ബുധനൂരിന്.  അമോണിയോം നവസാരോം ബാറ്ററിയുമൊക്കെ ഇട്ടു വാറ്റിയ കണ്‍ട്രി വാങ്ങിച്ചു കുടിക്കും. കുഞ്ഞുങ്ങടെ ചങ്കും മത്തങ്ങേം പഞ്ചറുമാകും. ബാബു കൊറ്റാർ ജീരകവും ദശമൂലവും ഇട്ട്  വാറ്റുന്നതാ. വിശ്വസിച്ച്  ഇവിടുത്തെ കുഞ്ഞുങ്ങൾക്ക്  കുടിക്കാം."
അനന്തിരവന്മാരുടെ ആയുരാരോഗ്യത്തിനും, ദീർഘായുസ്സിനും വേണ്ടി ബാബു അനുഷ്ഠിക്കുന്ന ത്യാഗം ഒർത്താകാം അമ്മാവൻ ഒന്നും പറഞ്ഞില്ല എന്നാണ്  മുപ്പര്  എനിക്കു തന്ന റിപ്പോർട്ട്.
ഏതായാലും, അമ്മാവൻ വീട്ടിലില്ല എന്ന്  ഉറപ്പു വരുത്തിയിട്ടേ കുടുംബത്തിലോട്ട്  ഞാനും രാജനും ശ്രീകുമാരനും പോകുമായിരുന്നുള്ളൂ.

Wednesday, November 5, 2014

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : "ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!"

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : "ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!": കഥകളിയിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ വേഷങ്ങളാണ്. ആഹാര്യാഭിനയ പ്രധാനമെന്ന്  വ്യവസ്ഥ. പൊതുവെ ആ മാനദണ്ഡം ആട്ടക്കഥാകാരന്മാർ കാവ്യ രചന നടത്തുമ...

"ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!"


കഥകളിയിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ വേഷങ്ങളാണ്. ആഹാര്യാഭിനയ പ്രധാനമെന്ന്  വ്യവസ്ഥ. പൊതുവെ ആ മാനദണ്ഡം ആട്ടക്കഥാകാരന്മാർ കാവ്യ രചന നടത്തുമ്പോൾ അവലംബിച്ചു പോന്നു. നടന്മാരുടെ  വേഷവൈവിധ്യവും നാട്യാംശത്തെ വികസിപ്പിക്കുന്നതോടൊപ്പം ശ്രദ്ധിച്ചിരുന്നു. ഈ ചിന്താധാര  ആയിരുന്നിരിക്കണം അംബരീഷചരിതം നിർമ്മിക്കുമ്പോൾ, യവനമാർ എന്നൊരു വിഭാഗം പാത്രങ്ങളെ കൂടി അശ്വതി തിരുനാൾ സൃഷ്ടിച്ചത്. ഈ രംഗത്തിലെ ശ്ലോകങ്ങളും പദങ്ങളും പ്രാകൃതത്തിലാണ്  രചിച്ചിട്ടുള്ളത്. ആട്ടക്കഥാകാരന്റെ പ്രാകൃതത്തിലുള്ള ഒരു വരിയാണ് "തലക്കുറി"യായി കൊടുത്തിട്ടുള്ളത്.
 അംബരീഷചരിതം, രുഗ്മിണീസ്വയംവരം, പൂതനാമോക്ഷം, പൌണ്ഡ്രകവധം എന്നിങ്ങനെ നാല്  ആട്ടക്കഥകളാണ്  അശ്വതി തിരുനാൾ ഇളയതമ്പുരാൻ (രാമവർമ്മ 1756 - 1794) എഴുതിയിട്ടുള്ളത്. പൌണ്ഡ്രകവധം ഒഴികെ മൂന്നു കഥകളും രംഗപ്രചാരം കിട്ടിയ കഥകൾ. കാർത്തിക തിരുനാളിന്റെ അനന്തിരവനായിരുന്നു അശ്വതി. മാതുലന്റെ നരകാസുരവധത്തിലെ അവസാന രംഗങ്ങൾ അശ്വതി രചിച്ചതാണെന്ന്  പറയപ്പെടുന്നു. അമ്മാവന്റെ കഥകളെ അപേക്ഷിച്ച് അനന്തിരവന്റെ കഥകൾ സാഹിത്യമൂല്യമുള്ളവയാണെന്നാണ്  പണ്ഡിതമതം.
യവനന്മാർ 
 മഹാഭാഗവതത്തിലെ ദശമസ്കന്ദമാണ് ഈ കഥയ്ക്ക്  അവലംബമാക്കിയിട്ടുള്ളത്. അയോദ്ധ്യാധിപനായിരുന്ന സൂര്യവംശത്തിലെ അംബരീഷ മഹാരാജാവ്. അദ്ദേഹം വലിയ വിഷ്ണു ഭക്തനായിരുന്നു. വിഷ്ണു പ്രീതിക്കായി ദ്വാദശി വ്രതം അനുഷ്ഠിക്കണമെന്ന്  രാജ ഗുരുവായ വസിഷ്ഠൻ നിർദ്ദേശിച്ചു. അതനുസരിച്ച്  അംബരീഷൻ വളരെ നിഷ്ഠയോടെ ദ്വാദശി ആചരിച്ചു പോന്നു.
അങ്ങനെയിരിക്കെ ഒരുദിവസം ദുർവ്വാസാവ്  അംബരീഷനെ സന്ദർശിക്കാനെത്തി. ദ്വാദശി വ്രതത്തിന്  പാരണയിടാനുള്ള സമയത്താണ്  മഹർഷി എഴുന്നെള്ളിയത്. ദ്വാദശി നാളിൽ അതിഥിയായി ഒരു വി.വി.ഐ.പി.യെത്തന്നെ കിട്ടിയതിൽ രാജാവ്  സന്തോഷിച്ചു. മുനിയുടെ സാന്നിദ്ധ്യത്തിൽ പാരണ വീട്ടാമല്ലൊ എന്നു ചിന്തിച്ച് കുളിക്കാൻ കാളിന്ദിയിലേക്ക്  അയച്ചു. അംബരീഷനു വ്രതഭംഗം വരുത്തുക എന്നതായിരുന്നു ദുർവ്വാസാവിന്റെ ലക്ഷ്യം. ആറ്റുകടവിൽ അദ്ദേഹം മന:പൂർവ്വം താമസിച്ചു.
മുഹൂർത്തം തെറ്റിയാൽ വ്രതം മുടങ്ങും. അംബരീഷൻ പരിഭ്രമിച്ചു. ബ്രാഹ്മണരുടെ ഉപദേശപ്രകാരം തുളസീജലം കുടിച്ച്  അദ്ദേഹം പാരണയിട്ടു. ഇതറിഞ്ഞ മുനി കോപം കൊണ്ട്  തുള്ളി. മാന്യാതിഥിയായ താൻ സ്നാനം കഴിഞ്ഞു മടങ്ങിയെത്തുന്നതിനു മുമ്പ്  പാരണ വീട്ടിയത്  തന്നെ അപമാനിച്ചതിനു തുല്യമാണെന്ന്  പറഞ്ഞുകൊണ്ട്, ആ ധിക്കാരത്തിന്  ശിക്ഷ നല്കാൻ കൃത്യയെ നിയോഗിച്ചു. രാജാവ്  വിഷ്ണു ഭക്തനാണല്ലോ? അദ്ദേഹത്തെ സംരക്ഷിക്കാൻ സുദർശനചക്രം പ്രത്യക്ഷമായി. തൃച്ചക്രം കൃത്യയെ വധിച്ചു. അതിനു ശേഷം ദുർവ്വാസാവിനു നേരെ പാഞ്ഞു. വെരുണ്ടു പോയ മഹർഷി പ്രാണരക്ഷാർത്ഥം ബ്രഹ്മ-മഹേശ്വരന്മാരെ സമീപിച്ചു. സാധനം സുദർശനമാണെന്നും തങ്ങൾ നിസ്സഹായരാണെന്നും മുനിയെ അറിയിച്ചു. ഉയിരു വേണമെങ്കിൽ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കാൻ ഉപദേശിച്ചു.
ദുർവ്വാസാവ്  വിഷ്ണു സന്നിധിയിൽ എത്തി. തന്റെ ഭക്തനായ അംബരീഷനെ സമീപിക്കാനാണ് മഹാവിഷ്ണു, മഹർഷിയോട്  പറഞ്ഞത്. ഓടിയോടി പരവശനായിത്തീർന്ന മുനി ഒടുവില അംബരീഷനെക്കണ്ട്  ക്ഷമ ചോദിച്ചു.
ശിവ ഭക്തനായ ദുർവ്വാസാവും വിഷ്ണു ഭക്തനായ അംബരീഷനും തമ്മിലുള്ള "ക്ലാഷാണ്" കഥയുടെ പ്രമേയം എന്നു സാരം.
ദുർവ്വാസാവ് (മിനുക്ക്‌ - കറുത്ത താടി) അംബരീഷൻ (പച്ച) സുദർശനം (ചുവന്നതാടി) കൃത്യ (മുഖത്തെഴുത്തോടു കൂടിയ ഭീകര വേഷം) ശിവൻ (പഴുപ്പ്) യവനമാരുടെ വേഷം ഉടുത്തുകെട്ടുള്ള മിനുക്കിൽ കണ്ടിട്ടുള്ളതായി ഓർക്കുന്നു. (വലലൻ, മല്ലൻ, മാതലി വേഷം പോലെ)  ഈ അടുത്ത കാലത്ത്  യൂ ട്യൂബിൽ കണ്ട ഒരു കളിയിൽ മാട്ടറപ്പുകാരൻ റാവുത്തരുടെ വേഷത്തിലാണ്  "യവന ദർശനം" ഉണ്ടായത്.  പലതരം മിനുക്ക്‌  എന്ന ആട്ടപ്രകാരത്തിലെ പ്രസ്താവനയാകാം വിവിധ രൂപങ്ങളിൽ യവനമാർ പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യം.
സുദർശനത്തെ ഭയന്ന്  ദുർവ്വാസാവ് അവിടയും ഇവിടെയും ഓടിനടക്കുന്ന രംഗം കാണികളെ ആകർഷിക്കും. രസിപ്പിക്കുകയും ചെയ്യും.