സ്ഥിതി സമത്വവും, ജാധിപത്യവും, മത സാമുദായിക ഐക്യവും, സ്ത്രീശാക്തീകരണവുമൊക്കെ നിലനിൽക്കത്തന്നെ, ഏതെങ്കിലും ഒരു മന്ത്രിക്കെതിരെയോ, എന്തിന് ഭരണ മുന്നണിയിലെ ഒരു ചോട്ടാ നേതാവിനെതിരെയോ ആരെങ്കിലും അടിസ്ഥാനരഹിതമായ വേണ്ടാധീനം പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി. എഫ്.ഐ.ആറും., ഇന്ത്യൻ പീനൽ കോഡുമെല്ലാം തൽക്കാലം മാറ്റി വെച്ചിട്ട് ആ ഹതഭാഗ്യനെ തട്ടി അകത്താക്കും. അല്ലെങ്കിൽ കൊട്ടാരക്കരയിൽ ഒരു നേതാവും മകനും കൂടി ഒരു പാവത്തിന്റെ നവദ്വാരങ്ങളിലും നടത്തിയ പോലുള്ള ലളിത കലകൾ അരങ്ങേറും. പിച്ചാത്തി പിടിക്ക് എല്ല് ബാക്കി കിട്ടിയാൽ മുജ്ജന്മ സുകൃതം!
ഇവിടെ ഒരു ബാർ ഉടമ മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് വിപ്പ്, മുന്നോക്ക കൊർപ്പറേഷൻ ചെയർമാനായ മുൻമന്ത്രി എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ധനമന്ത്രിക്കെതിരെ കൈക്കൂലി ആരോപണവും ഉണ്ട്.
യു.ഡി.എഫ്. ഭരണം ആകുമ്പോൾ, മന്ത്രിക്കെതിരെ ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ, അവന്റെ ജാതകഫലം തൊട്ട് അക്രമവാസന വരെ പ്രതിപാദിച്ചുകൊണ്ട് അന്വേഷണാത്മക പത്രധർമ്മം നിർവ്വഹിക്കുന്ന പത്ര മുത്തശ്ശിക്ക് മൗനം. ആരാടാ എന്നു ചോദിച്ചാൽ ഞാനാടാ എന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന ചീഫ് വിപ്പിന്റെ നാവ് പൂഞ്ഞാറ്റിലും ഉടല് തിരുവനന്തപുരത്തും. മുന്നോക്ക ചെയർമാൻ ഒന്നും ഉര്യാടത്തത്, ഈ കുട്ടി കണ്‍ട്രാക്കിനെ ഓർത്തല്ല അവന്റപ്പൻ വല്യകണ്‍ട്രാക്കിനെ ഓർത്ത്.
മന്ത്രിയാണ്, ക്യാബിനറ്റ് റാങ്കാണ്, ഗണ്‍മാനും പോലീസും ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല ഈ കണ്‍ട്രാക്ക് കുടുംബത്തിന്റടുത്തെന്ന്, ജീവനിൽ ഭയമുള്ള ഈ ധൈര്യശാലികൾക്കെല്ലാം അറിയാം.
മന്ത്രിയായിരുന്ന കോടീശ്വരനായ ഒരു നേതാവിനെ കുത്തുപാള എടുപ്പിച്ച ചരിത്രമുണ്ട് അച്ഛൻ കണ്‍ട്രാക്കിന്. മന്ത്രിയുടെ മരണ ശേഷം ആ വിധവ ചായക്കട നടത്തിയാണ് മക്കളെ പഠിപ്പിച്ചത്. ഇതും ചരിത്രം.
ഒരു ഡി.ജി.പി.യെ ജെട്ടി മാത്രം ധരിപ്പിച്ച് കാറിന്റെ ഡോറിൽ കെട്ടിയിട്ട് പട്ടാപകൽ തിരുവനന്തപുരത്തെ രാജവീഥികളിൽ കൂടി തേരാപാരാ പാഞ്ഞ നയന മനോഹരമായ കാഴ്ച കണ്ട് തിരുവനന്തപുരത്തുകാർ സായൂജ്യമടഞ്ഞിട്ട് അധിക കാലമൊന്നുമായിട്ടില്ല. ഇത് സമകാലിക ചരിത്രം.
ആ കുഞ്ഞ് എന്തെങ്കിലുമൊക്കെ പറയട്ടന്നേ..അവന്റകാര്യം പോട്ടെ, അവന്റച്ഛനെ ഞങ്ങൾക്ക് മറക്കാൻ കഴിയുമോ...
നേതാക്കന്മാരും, പത്രക്കാരും സ്വീകരിച്ചിരിക്കുന്ന മൗനവ്രതത്തിന്റെ ഡിങ്കോലാഫി ഇപ്പോൾ മനസ്സിലായോ....?
No comments:
Post a Comment