തിരുവല്ല സ്വദേശിയായ കുറിശ്ശിമന നാരായണൻനമ്പൂതിരി എഴുതിയ സരളവും സുന്ദരവുമായ ഒരാട്ടക്കഥയാണ് ഗുരുദക്ഷിണ. ഗുരുകുല വിദ്യാഭ്യാസത്തിൻറെ മഹത്ത്വത്തിൻറെയും, ഗുരുവിനോടുള്ള ഭക്തിയുടേയും, ശിഷ്യവാത്സല്യത്തിൻറെയും അഗാധതകളിലേക്ക് ഹൃദയസ്പർശിയായി വെളിച്ചം പകരുന്നു എന്നുള്ളതാണ് ഈ ആട്ടക്കഥയുടെ സവിശേഷത എന്ന് സാമാന്യമായി പറയാം. മഹാഭാഗവതം ദശമസ്കന്ധത്തിൽ വിവരിച്ചിട്ടുള്ള ബലരാമന്റെയും കൃഷ്ണന്റെയും വിദ്യാഭ്യാസ കാലമാണ് ഈ ആട്ടക്കഥയുടെ ഇതിവൃത്തം.
കുട്ടികളുടെ വിദ്യാഭ്യാസാർത്ഥം ഒരു ഗുരുശ്രേഷ്ഠനെ കണ്ടെത്തുന്നതിനേപ്പറ്റി വസുദേവർ, തൻറെ മന്ത്രിയായ ഉദ്ധവരുമായി കൂടി ആലോചന നടത്തി. വാരണസിയിലുള്ള സാന്ദീപനി മഹർഷിയായിരിക്കും ഉത്തമ ഗുരുനാഥനെന്ന് ഉദ്ധവർ അഭിപ്രായപ്പെട്ടു. വസുദേവർ രാമ കൃഷ്ണന്മാരുമായി ഗുരുഭവനത്തിൽ എത്തിച്ചേർന്നു. അവിടെ കുചേലനും വിദ്യ അഭ്യസിച്ചു താമസിച്ചു വരികയായിരുന്നു.
![]() |
തിരുവല്ല ഗോപിക്കുട്ടൻ നായരാശാൻ, കലാ. യശ്വന്ത് |
കൃഷ്ണനും കുചേലനും തമ്മിലാണ് കൂടുതൽ അടുത്തത്. പഠിത്തവും ഊണും ഉറക്കവും കളികളും കുസൃതികളുമെല്ലാം ഒന്നിച്ചായി. പഠന കാര്യങ്ങളിൽ കൃഷ്ണൻ അതി സമർത്ഥനും , കുചേലൻ പിന്നോക്കവിഭാഗവും ആയിരുന്നു. പക്ഷെ അവരുടെ സതീർത്ഥ്യബന്ധത്തിന് അതൊന്നും തടസ്സമായിരുന്നില്ല.
അങ്ങനെ ഗുരുകുല വാസം തുടർന്നു വരവെ ഒരു ദിവസം അത്താഴം ഉണ്ടാക്കാൻ വിറക് കാണാഞ്ഞ് ഗുരുപത്നി വിഷമത്തിലായി. കാട്ടിൽ പോയി വിറകു ശേഖരിച്ചു കൊണ്ടുവരാൻ കൃഷ്ണനേയും കുചേലനെയും ആ സാധ്വി വനത്തിലേക്ക് അയച്ചു.
വനാന്തർ ഭാഗത്തേക്ക് ചെന്നതോടെ കുചേലന് ഭീതിയായി. കൃഷ്ണൻ ഒരു സുരക്ഷിത സ്ഥാനത്ത് കുചേലനെ ഇരുത്തിയിട്ട് വിറകിനായി ഘോരവനത്തിലേക്ക് പോയി.
കൊടുംകാട്ടിൽ ഒരു മനുഷ്യ ബാലനെ കണ്ട ഒരു കാട്ടാളൻ ക്രുദ്ധനായി, കൃഷ്ണനുമായി ഏറ്റുമുട്ടാൻ ചെന്നു. കൃഷ്ണൻ അവൻറെ കൈയ്യും കാലും തല്ലിയൊടിച്ച് ഓടിച്ചു വിട്ടു. വിറകുമായി കുചേലന്റെ സാമീപ്യം എത്തിയപ്പോഴേക്കും ഘോരമഴയും കൂരിരുട്ടുമായി. അവർ ഒരു മരപ്പൊത്തിൽ അഭയം പ്രാപിച്ചു.
കുട്ടികൾ തിരികെ എത്താഞ്ഞതിൽ ഗുരുപത്നി അതീവ ദു:ഖിതയായി. ശിഷ്യരെ വിറകിന് വനത്തിലേക്ക് അയച്ചതറിഞ്ഞ് സാന്ദീപനി പത്നിയെ ഒരുപാട് ശകാരിച്ചു. "ഇപ്പോൾ തന്നെ പോയി കുഞ്ഞുങ്ങളെ എവിടുന്നെങ്കിലും കൂട്ടിക്കൊണ്ടു വരണം. അല്ലെങ്കിൽ നിനക്ക് പെരുവഴി തന്നെ ശരണം."മാർത്താണ്ഡൻ ഉദിക്കുമ്പോൾ കുട്ടികൾ വന്നു ചേരുമെന്ന് പത്നി, പതിയെ സമാധാനിപ്പിച്ചു.
സൂര്യോദയത്തോടെ കൃഷ്ണനും കുചേലനും മടങ്ങിയെത്തി. എല്ലാവർക്കും സന്തോഷമായി.
കുട്ടികൾ വിദ്യകളെല്ലാം അഭ്യസിച്ചു കഴിഞ്ഞ് സ്വഭവനങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള കാലമായി. ശ്രീകൃഷ്ണന്റെ മഹത്വം അറിയാമായിരുന്ന സാന്ദീപനി ഗുരുദക്ഷിണയായി, സിന്ധു നദിയിൽ പണ്ട് മുങ്ങി മരിച്ചുപോയ മകനെ വീണ്ടെടുത്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
![]() |
കൃഷ്ണൻ (കലാ. കൃഷ്ണപസാദ്) കുചേലൻ (കലാനിലയം രവീന്ദ്രനാഥപൈ) |
ശ്രീകൃഷ്ണൻ പഞ്ചജൻ എന്ന അസുരനെ വധിച്ച് യമപുരിയിൽ ചെന്ന് ഗുരുവിന്റെ മൃതപുത്രനെ ജീവിപ്പിച്ചു കൊണ്ടുവന്ന് ഗുരുദക്ഷിണ സമർപ്പിച്ചു. ഇതാണ് ഗുരുദക്ഷിണ ആട്ടക്കഥയുടെ ഒരേകദേശ രൂപം.
പ്രമേയഭദ്രതയും, സംഗീതസാഹിത്യ ഗുണവുമാണ് ലക്ഷണമൊത്ത ഈ ആട്ടക്കഥയുടെ സവിശേഷത.ഉത്തമനായ ഒരു ഗുരുനാഥൻറെ സ്വഭാവസവിശേഷതയുടെ ഔന്നത്യമാണ് സാന്ദീപനി എന്ന കഥാപാത്രത്തിൻറെ ചിത്രീകരണത്തിലൂടെ കവി അടിവരയിട്ടു പറയുന്നത്. കുട്ടികളെ വിറകു ശേഖരിക്കാൻ വനത്തിലേക്കയച്ചു എന്നറിയുമ്പോൾ :
"കഷ്ടം കഠിനം നിന്നുടെ ചേഷ്ടിതം ഒട്ടുമതിന്നു സഹിച്ചിടുമോ ഞാൻ....." സാന്ദീപനിയുടെ ഈ പരുഷവാക്കുകളിൽ പത്നിയോടുള്ള കോപത്തേക്കാൾ, ശിഷ്യരെ കാണാത്തതിലുള്ള മനോവിഷമമാണ് നമുക്ക് കാണാൻ കഴിയുക.
തിരുവല്ല ഗോപിക്കുട്ടൻ നായർ, പരിമണം മധു, കലാമണ്ഡലം യശ്വന്ത് എന്നിവർ ഒരുക്കിയ സംഗീതം ഹൃദയഹാരിയായിരുന്നു. സംഗീതത്തിന് സവിശേഷ പ്രാധാന്യം നൽകി ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു ആട്ടക്കഥയാണിത്. നീലാംബരി, ഭൈരവി, തോഡി, കല്യാണി സാവേരി, ആരഭി, ബിലഹരി, മോഹനം പുറനിര, ഭൂപാളം എന്നീ രാഗങ്ങളിലാണ് ഇതിലെ പദങ്ങൾ.
"സാരേശമുഖീ തവ ഗീരുകൾ അഖിലവും" ഈ പദം ബിലഹരിയിലുള്ളതാണ്. പക്ഷെ ഇന്നലെ ഈ പദം ഗോപിക്കുട്ടൻ ആശാൻ സിന്ധുഭൈരവിയിൽ ഒരു കാച്ചു കാച്ചി. കളി കണ്ടു കൊണ്ടിരുന്ന കഥകളി നടനും കായംകുളം കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനുമായ ഡോ. ചന്ദ്രമന നാരായണൻനമ്പൂതിരി എന്നോടിങ്ങനെ പറയുകയുണ്ടായി, "ആട്ടപ്പാട്ട് കേൾക്കണമെങ്കിൽ ഗോപിക്കുട്ടൻ ആശാൻ തന്നെ പാടി കേൾക്കണം." സത്യമാണ്, അപാര ഫോമിലായിരുന്നു ഗോപി ചേട്ടൻ ഇന്നലെ.
![]() |
സാന്ദീപനി - ആർ.എൽ.വി. രാജശേഖരൻ |
മേളം കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ, കലാഭാരതി സുമേഷ്, കണ്ടല്ലൂർ മധു, കലാമണ്ഡലം അജി കൃഷ്ണൻ എന്നിവരായിരുന്നു. ചുട്ടി ഏവൂർ അജിയും തിരുവല്ല പ്രദീപും. ഏവൂർ വനമാല കഥകളി യോഗമാണ് കഥകളി അവതരിപ്പിച്ചത്.
വസുദേവർ - ആർ.എൽ.വി. മോഹൻകുമാർ, ഉദ്ധവർ - തിരുവല്ല ബാബു, ബലഭദ്രൻ - മാസ്റ്റർ ചന്ദ്രമന കൃഷ്ണദാസ്, ശീകൃഷ്ണൻ - കലാമണ്ഡലം കൃഷ്ണപ്രസാദ്, സാന്ദീപനി - ആർ.എൽ.വി. രാജശേഖരൻ ആശാൻ, ഗുരുപത്നി -മധു വാരണാസി, കുചേലൻ - കലാനിലയം രവീന്ദ്രനാഥപൈ, കാട്ടാളൻ -തിരുവല്ല ബാബു.
വിദ്യാഭ്യാസാനന്തരം ഗുരുകുലത്തിൽ നിന്ന് വേർപിരിയുന്ന രംഗം പ്രസാദും പൈയ്യും വളരെ ഹൃദയസ്പർഷിയായി അവതരിപ്പിക്കുകയുണ്ടായി. വികാര നിർഭരമായ ആ രംഗം കണ്ടപ്പോൾ സത്യത്തിൽ എൻറെ കണ്ണു നിറഞ്ഞുപോയി.
ആട്ടക്കഥാകാരൻറെ കുടുംബത്തിന് നേരിടേണ്ടി വന്ന ദു:ഖകരമായ ഒരനുഭവമുണ്ട്. അദ്ദേഹത്തിൻറെ പത്നി മാനസികരോഗം ബാധിച്ച് ഇല്ലം വിട്ടിറങ്ങി പോവുകയായിരുന്നു.
ശിഷ്യന്മാർ വിറകു ശേഖരിക്കാൻ പോയിട്ട് മടങ്ങിവരാഞ്ഞതിൽ വ്യാകുലപ്പെട്ട് സാന്ദീപനി പത്നിയോട് പറയുന്ന ഒരു പദമിങ്ങനെയാണ് ആട്ടക്കഥയിൽ:
"ഇല്ലം വിട്ടിനി വെളിയിലിറങ്ങണം
അല്ലിൽ ബാലകരെ തിരയേണം
വല്ലൊരുവിധവും കൊണ്ടിഹ വരണം
അല്ലെങ്കിൽ തവ പെരുവഴി ശരണം."
ഈ വാക്കുകൾ അറം പറ്റിയതാണെന്ന് പറയപ്പെടുന്നു.
***********************
No comments:
Post a Comment