Tuesday, August 20, 2013

വിന്റേജ് മെമ്മറീസിന്റെ ആറാം തമ്പുരാനും....പിന്നെ ഞാനും ....പി. രവീന്ദ്രനാഥ്

കുടുംബ സംഗമം - വിന്റേജ്  മെമ്മറീസ് .


വരിക്കാശേരി മന, ഒറ്റപ്പാലം.
ഒരു  സാംസ്കാരിക  സംഘടനയുടെ  ശക്തി  വികസിച്ചാൽ,  വിജയം  വരിക്കുന്നത്   വ്യക്തികൾ  മാത്രമല്ല,  സമൂഹവും കൂടിയാണ്.   ആ  ശക്തിയാകട്ടെ,  വ്യത്യസ്ത  സാഹചര്യങ്ങളിൽ  വ്യക്തികൾ   അർപ്പിക്കുന്ന  സഹകരണവും.  മനുഷ്യ  വർഗ്ഗത്തിന്റെ  തന്നെ  പുരോഗതിയുടെയും  സംസ്കാരത്തിന്റെയും  വളർച്ചയുടെ  ചരിത്രവും  കൂട്ടായ  ഈ  പ്രവർത്തനങ്ങളുടെ  സംഭാവനയാണെന്ന്   പൊതുവായിട്ട്   പറയാം.

ഈ കാലഘട്ടത്തിൽ  കലാ-സാംസ്കാരിക  രംഗത്ത്   വിലപ്പെട്ട  സംഭാവനകൾ  നല്കാൻ കഴിയുന്ന  ഒരു മാദ്ധ്യമ  മാർഗമാണ്   സോഷ്യൽ  നെറ്റ്   വർക്കുകൾ.  സ്ഥാപിത  താല്പര്യങ്ങൾ  മാറ്റിവെച്ച് ,  ഗൌരവമായി  ഈ  മാദ്ധ്യമത്തെ  ഉപയോഗപ്പെടുത്താനുള്ള  മനോഭാവം  സ്വീകരിക്കുകയാണെങ്കിൽ,  കലാസാംസ്കാരിക  രംഗത്ത്‌   ഒട്ടുവളരെ  സംഭാവനകൾ  നൽകാൻ  ഇതിന്   കഴിയും  എന്ന്   നിസംശയം  പറയാൻ  കഴിയും.

ലോകത്തിന്റെ   വിവിധ  കോണുകളിൽ  കഴിയുന്ന  മലയാളികളെ  കണ്ണിചേർക്കാനും  അങ്ങനെ  പരസ്പര  ബന്ധങ്ങൾ  ശക്തമായി  സ്ഥാപിക്കാനും  ഈ  നെറ്റ് വർക്കുകൾ  ഉപകരിക്കുന്നു.  എപ്പോഴും  തുറന്നിരിക്കുന്നു  എന്നതാണ്  ഇതിന്റെ  സ്വീകാര്യത  വർദ്ധിപ്പിക്കുന്ന  ഘടകം.

2011 ൽ  പ്രസിദ്ധ  കർണ്ണാടക  സംഗീതജ്ഞനായ  അജിത്‌  നമ്പൂതിരിയുടെ  നേതൃത്വത്തിൽ  രൂപീകരിച്ച  ഒരു  face book  കൂട്ടായ്മയാണ്   വിന്റേജ്   മെമ്മറീസ്.  രണ്ടായിരത്തിലധികംപേർക്ക്   ഈ  ഗ്രൂപ്പിൽ  അംഗത്വമുണ്ട്.  അംഗങ്ങളുടെ  എണ്ണമല്ല,  "വണ്ണമുള്ള "  ഗുണമാണ്   മറ്റ്   ഫെയ് സ്  ബുക്ക്   ഗ്രൂപ്പുകളിൽ  നിന്ന്   വിന്റേജ്  മെമ്മറീസിനെ  വേറിട്ട്   നിർത്തിയിരിക്കുന്നത്.



ഒറ്റപ്പാലത്ത് നടന്ന സംഗമത്തിൽ സംബന്ധിച്ചവർ 

മന:പൂർവ്വം  വിവാദമുണ്ടാക്കാനുപകരിക്കുന്ന  പരാമർശങ്ങൾക്കോ  ചിത്രങ്ങൾക്കോ  വിന്റേജ്  മെമ്മറീസിൽ  സ്ഥാനമില്ല.  വിവാദങ്ങളുടെ  കൊടുങ്കാറ്റിൽ പെട്ട്   ഇങ്ങനെയുള്ള  ഗ്രൂപ്പുകൾ  താറുമാറാവാറുണ്ട്.   പക്ഷെ  വിന്റേജ്   മെമ്മറീസ്   വിവാദങ്ങളിലൊന്നും  പെടാതെ  പർവ്വതസമാനം  അടിയുറച്ചു നിൽക്കുന്നതിന്റെ  കാരണം,  ഇതിലെ അംഗങ്ങൾ വെച്ചു പുലർത്തുന്ന  വ്യക്തിബന്ധവും  പരസ്പര  ബഹുമാനവും  കൊണ്ടാണ്.  അതിന്റെ  മകുടോദാഹരണമായിരുന്നു  ആഗസ്റ്റ്  10 - 11  തീയതികളിൽ  ഒറ്റപ്പാലത്തുള്ള  വരിക്കാശേരി മനയിൽ  ചേർന്ന കുടുംബ  സംഗമം.  സ്വന്തം  തറവാട്ടിൽ  നടക്കുന്ന  ചടങ്ങിൽ  സംബന്ധിക്കുന്ന  ഉത്സാഹത്തോടും  ആഹ്ലാദത്തോടും  ആയിരുന്നു  വരിക്കാശേരിയിൽ  ഓരോ  വ്യക്തിയും  പങ്കെടുത്തത്.

ഇതുപോലെയുള്ള  കൂട്ടായ്മകളുടെ  വിജയത്തിന്   സാമ്പത്തികം  ഒരു  പ്രധാന  ഘടകമാണ്.  പക്ഷെ,  അതുകൊണ്ടു  മാത്രം  ഇത്   വിജയിക്കണം  എന്നുണ്ടോ?  കായക്ലേശങ്ങളും  പ്രയാസങ്ങളും  ക്ഷമയോടെ  സഹിക്കാൻ  സന്നദ്ധതയുള്ള  പ്രവർത്തകന്മാരുടെ  സഹകരണമാണ്  അത്യന്താപേക്ഷിതമായി  വേണ്ടത്.  ഒറ്റപ്പാലത്തെ  കൂട്ടായ്മയുടെ വിജയത്തിന്റെ  ചാലക  ശക്തി നാരായണേട്ടൻ മാദങ്ങർളിയും അദ്ദേഹത്തിന്റെ  സേനാ  നായകന്മാരായ  അരുണ്‍,  ശ്രീകാന്ത്,  പ്രശാന്ത്   എന്നിവരും കാഴ്ച വെച്ച  കഠിന  പ്രയത്നം തന്നെയായിരുന്നു.
നാരായണേട്ടൻ 

ആഗസ്റ്റ്   10 ശനിയാഴ്ച  ഉച്ചതിരിഞ്ഞ്   മൂന്നു മണിക്ക്   സംഗമത്തിന്റെ  ഉൽഘാടനം  ഗ്രൂപ്പിലെ  മുതിർന്ന അംഗങ്ങളായ  കുട്ടൻ ഗോപുരത്തിങ്കൽ,  കെ.എൻ. മധു,  നാരായണേട്ടൻ,  ബാലചന്ദ്രൻ കിഴക്കേടത്ത്,  അജിത്‌  നമ്പൂതിരി,  പി. രവീന്ദ്രനാഥ്   എന്നിവർ  ഭദ്രദീപം കൊളുത്തി  നിർവ്വഹിച്ചു.

പങ്കെടുത്ത  അംഗങ്ങളെല്ലാം  സ്വയം പരിചയപ്പെടുത്തുന്ന  ചടങ്ങായിരുന്നു  അതിനുശേഷം  നടന്നത്.  9 മണിക്ക്   അത്താഴം  കഴിഞ്ഞ്   - കഞ്ഞി,  ചുട്ടപപ്പടം,  പുഴുക്ക്,  തേങ്ങാച്ചമ്മന്തി,  കടുമാങ്ങ - കലാപരിപാടികൾ  ആരംഭിച്ചു.  അജിത്‌  നമ്പൂതിരി,  പാലക്കാട് ശ്രീറാം ( ഫ്ലൂട്ടും വായ്‌ പാട്ടും ) ബേബി ശ്രീറാം, വേണുഗോപാൽ,  വസുധ വാസുദേവൻ തുടങ്ങിയവർ  അതിമധുരമായി  കർണ്ണാടക  സംഗീതം  ആലപിച്ചു.  നവീൻ രുദ്രന്റെ  ഭക്തിരസം  തുളുമ്പുന്ന കഥകളിപ്പദ  ആലാപനം ( അജിതാ ഹരേ ജയാ..)  ഉന്നത നിലവാരം  പുലർത്തുന്നതായിരുന്നു.  ആട്ടപ്പാട്ട്   പാടാൻ  ഞാൻ  നിർബന്ധിച്ചപ്പോൾ  ഒരങ്കലാപ്പാണ്   നവീൻ  പ്രകടിപ്പിച്ചത്.  അജിത്തിന്റെയും  ശ്രീറാമിന്റെയും  ബേബിയുടെയും  സാന്നിദ്ധ്യമായിരിക്കാം  അദ്ദേഹത്തെ  അങ്കലാപ്പിലാക്കിയത്   എന്ന്   തോന്നുന്നു.
സംഗമം ലേഖകൻ ഭദ്രദീപം കൊളുത്തുന്നു.

മണിലാൽ  പാടിയ  "കുയിലിന്റെ  മണിനാദം  കേട്ടു "  എന്ന  പാട്ട്   കേട്ടപ്പോൾ  എന്റെയോർമ്മ  വിദ്യാഭ്യാസകാലത്തേക്ക്   മടങ്ങിപ്പോയി.  ഹമ്പിൾ ഷൈൻ  പാടിയ  ഗസലുകളെ  വടക്കേന്ത്യൻ  ശൈലിയിൽത്തന്നെ   വിശേഷിപ്പിച്ചു കൊള്ളട്ടെ  .." അരേ  വാഹ്..."

അതിനുശേഷം ഈ  സംഗമത്തിന്റെ  സുപ്രീം  കമാണ്ടറാറായ  നാരായണേട്ടന്റെ  നാടൻ  പാട്ടായിരുന്നു.  ശ്രോതാക്കളെ  മുഴുവൻ  കൂടെപ്പാടാൻ  പ്രേരിപ്പിച്ചു  എന്നതായിരുന്നു  ആ  പരിപാടിയുടെ  പ്രത്യേകത.

ഒറ്റപ്പാലത്ത്   കൂടിയ  അംഗങ്ങളിൽ  ഏറ്റവും  മുതിർന്നയാളായിരുന്നു  കുട്ടൻ ഗോപുരത്തിങ്കൽ.  പക്ഷെ  അദ്ദേഹത്തിന്റെ  ഉത്സാഹവും  ആവേശവും  ഏതൊരു  യുവാവിനേയും  ലജ്ജിപ്പിക്കാൻ  പോന്നതായിരുന്നു.  വയലാറിന്റെ  കവിത,  ഗസൽ,  ലളിതഗാനം  എന്നുവേണ്ടാ  കുട്ടേട്ടൻ  കൈവയ്ക്കാത്ത  - സോറി,  നാവ്  വെയ്ക്കാത്ത -  ഒരു  സംഗീത മേഘലയുമില്ലായിരുന്നു. കുട്ടേട്ടന്റെ  പാട്ടിന്റെ  സ്വരസ്ഥാനം  ശരിയായിരുന്നോ,  താളം  ശരിയായിരുന്നോ  എന്നൊക്കെയുള്ള  ശാസ്ത്ര വശങ്ങൾ  ആരും  അന്വേഷിക്കരുത്.   രാജ്യം  ഒരു പ്രതിസന്ധിയെ  അഭിമുഖീകരിക്കുമ്പോൾ,  ഗോണ്ട്വാനാലാൻഡ്   ഭൌമപിണ്ഡത്തിന്റെ  ചലനത്തിലൂടെയാണ്   ഭൂമി  രൂപപ്പെട്ടതെന്നും  മറ്റുമുള്ള  ചരിത്ര  പശ്ചാത്തലമൊന്നും ആരും  അന്വേഷിക്കുകയില്ലല്ലോ ?  കുട്ടേട്ടൻ  പാടുകയാണ്   എന്ന്   സങ്കല്പിക്കാനുള്ള  സന്മനസ്സ്   ശ്രോതാക്കൾക്ക്   ഉണ്ടായാൽ  മാത്രം  മതി.

മാലിനി അമർനാഥ്, വസുധ, നിഷ, ബേബി, ജ്യോതി എന്നിവർ.

എനിക്ക്   മറ്റൊരു  കാര്യം  കൂടി  അന്ന്   ബോദ്ധ്യമായി.  പാട്ട്   പാടാൻ  പ്രത്യേക  പഠനമോ  പരിശീലനമോ  ഒന്നും  വേണമെന്നില്ല.  മൂന്നു  കാര്യങ്ങൾ  ശ്രദ്ധിച്ചാൽ  മതി.  ത്രൌര്യ  ഗുണം  എന്ന്  പറയുമല്ലോ ?  സഭാ കമ്പം  പാടില്ല,  ചങ്കൂറ്റം  ഉണ്ടായിരിക്കണം,  ഏറ്റവും  പ്രധാനപ്പെട്ട  സംഗതി  - ശ്രോതാക്കൾ  ക്ഷമാശീലം  ഉള്ളവരായിരിക്കണം.  അജിത്‌  നമ്പൂതിരിയും  ശ്രീറാമും  ബേബിയുമൊക്കെ  എത്ര  വർഷങ്ങൾ  നീണ്ടു  നിന്ന  പഠനത്തിന്റെയും  പരിശീലനത്തിന്റെയും ഫലമായാണ്   നാലുവരി  പാടിയത്.  കുട്ടേട്ടനത്   "പോനാൽ  പോകട്ടും  പോടാ".

11നു  പ്രഭാത  ഭക്ഷണത്തിനു  ശേഷം  അംഗങ്ങൾ  പരസ്പരം  സമ്മാനങ്ങൾ  കൈമാറുന്ന  ചടങ്ങാണ്  നടന്നത്.   1 മണിക്ക്   വിഭവ  സമൃദ്ധമായ  സദ്യ.

സംഗമത്തിൽ  പങ്കെടുത്ത  വളരെക്കുറച്ചു  പേരെ  മാത്രമേ  എനിക്ക്   നേരിട്ട്   പരിചയം  ഉണ്ടായിരുന്നുള്ളൂ.  നാരയണേട്ടൻ,  അരുണ്‍ ,  നവീൻ,  സജീഷ്  വാര്യർ  എന്നിവരെ.  കെ.എൻ.മധു, ബാലചന്ദ്രൻ കിഴക്കേടത്ത്,  നാരായണ പ്രസാദ്,  മണിലാൽ,  രാമൻ മുണ്ടനാട് , കമൽ  എന്നിവരുമായി  സൗഹൃദം  ഉണ്ടായിരുന്നു.  മറ്റു മിക്ക  പേരുകാരും  തികച്ചും  അപരിചിതർ.  സംഗമത്തിൽ  ഒരു ബേബിയുണ്ടായിരുന്നു.  പക്ഷെ  യഥാർത്ഥ  ബേബി,  വസുധാ വാസുദേവൻ  ആയിരുന്നു.

അഞ്ചാറ്   മാസങ്ങൾക്ക്   മുമ്പ്  അയ്യന്തോളിൽ  കഥകളി  ഇൻഫോയുടെ   ഒരു  മീറ്റിങ്ങിൽ  പങ്കെടുത്തിരുന്നു.  അന്ന്   നാരായണേട്ടൻ  പറഞ്ഞ  ഒരു  രസകരമായ  കഥ  ഓർക്കുന്നു.  ഒരിക്കൽ  നാരായണേട്ടന്   ഇ.എം.എസ്സിനെ  പരിചയപ്പെടാൻ  ഒരവസരം കിട്ടി.  സ്വയം  പരിചയപ്പെടുത്തിയപ്പോൾ  ഇ.എം.എസ്. പറഞ്ഞു,   " ഞാൻ  തന്റെ  ഇല്ലത്ത്   വന്നിട്ടുണ്ട്. "

ഓർക്കുന്നില്ല,  എന്നായി  നാരായണേട്ടൻ.

" താൻ  ഓർക്കാൻ  ഇടയില്ല,  ഞാൻ  വന്നത്   തന്റെ  അച്ഛന്റെ  വിവാഹത്തിനാണ്.




No comments:

Post a Comment