Saturday, August 24, 2013

വിജയകരമായ വിപ്ലവവും, അടവുമാറ്റം എന്ന തന്ത്രവും





മാർക്സിസ്റ്റ് - ലെനിനിസ്റ്റുകൾ  പ്രയോഗിക്കുന്ന  പദങ്ങളിൽ  വെച്ചേറ്റവും  പ്രചാരമുള്ള  പദമാണ്   "വർഗങ്ങൾ" എന്നത്.  വർഗം  എന്ന  പദത്തിന്  ജനം എന്ന  സാമാന്യ  അർത്ഥമാണുള്ളത്.  ജാതി - മത  സമുദായങ്ങളെ  മാത്രമല്ല,  ട്രൈബ്   എന്ന ഇംഗ്ലീഷ്   പദം  കൊണ്ട്  അറിയപ്പെടുന്ന  ഗിരിവർഗങ്ങളേയും,  ആയതിലുള്ള  സ്ത്രീ - പുരുഷന്മാരെപ്പോലും വ്യത്യസ്ത  വർഗങ്ങളായി  കാണാറുണ്ട്.  പക്ഷെ,  ഞാനിവിടെ  വിശദമാക്കാൻ  പോകുന്ന  സംഭവത്തിലെ  ഉത്തരവാദികളായ  വർഗങ്ങൾ  മേൽപ്പറഞ്ഞ മേഖലയിലൊന്നും  പെടുന്നവരല്ല.  ഓരോ  തൊഴിലാളിയും  പരമാവധി  ജോലി  ചെയ്യാതിരിക്കുക;  ചെയ്യുന്നജോലിക്ക്   നിരക്കാത്ത  പ്രതിഫലം  വാങ്ങിക്കുക  തുടങ്ങിയ ഉല്പാദന  വിതരണ  നിയമം കർശനമായി  പാലിക്കുന്ന  സോഷ്യലിസ്റ്റ്   വിപ്ലവകാരികളെക്കുറിച്ചാണ്. 

കാലം  1980 - 81 ആണെന്നു  തോന്നുന്നു.  ഞാൻ  ഷാർജയിൽ  ജോലി  ചെയ്യുകയാണ്.  മദർ ക്യാറ്റ്   സ്ട്രീറ്റിൽ  അമ്മാവന്റെ  മകളുടെയും  കുടുംബത്തിന്റെയുമൊപ്പം  താമസം.

യു.എ.ഇ. യിൽ  മലയാളി  സംഘടനകളൊന്നും  അത്ര  സജീവമായിരുന്നില്ല.  ഒരു  ദിവസം  നാട്ടിൽ   നിന്ന്  അച്ഛന്റെയൊരു  ഫോണ്‍ കോൾ.  അച്ഛൻ  ദേശാഭിമാനി  കൊച്ചി  എഡിഷനിൽ  റെസിഡന്റ്  എഡിറ്ററായി  പ്രവർത്തിക്കുകയാണ്.   ( പി.ജി.പുരുഷോത്തമൻപിള്ള )   ഒരു  ആഫ്രിക്കൻ  രാജ്യമായ  ലുസാക്കയിൽ  നടക്കുന്ന  കോമണ്‍വെൽത്ത്   രാജ്യങ്ങളിലെ  സ്പീക്കർമാരുടെ  സമ്മേളനത്തിൽ  പങ്കെടുത്തിട്ട്,  കേരള  നിയമസഭാ  സ്പീക്കർ  എ.പി.കുര്യൻ, രണ്ടു  ദിവസത്തെ  അനൗദ്യോഗിക  സന്ദർശനത്തിന്  ദുബായിൽ  എത്തുന്നുണ്ട്.  കുര്യനെ  എയർപോർട്ടിൽ  നിന്ന്  കൂട്ടിക്കൊണ്ടുപോയി,  രണ്ടു  ദിവസം  താമസിക്കാനുള്ള  ഏർപ്പാടുകളും  വേണ്ട  മറ്റ്   "അസൗകര്യങ്ങളും"  ചെയ്തു  കൊടുക്കണം.  സന്ദേശത്തിന്റെ  വകരണ്ടിൽ  പൊരുളൊന്ന്  ഇതായിരുന്നു.  കാതലായ പൊരുൾ  മറ്റൊന്നായിരുന്നു.  പി.കണ്ണൻ നായർക്ക്  (ദേശാഭിമാനി  പ്രിന്റർ ആൻഡ്‌  പബ്ലീഷർ)  ഒരു റീ ചാർജബിൾ  ടോർച്ച്,  ഗോവിന്ദപിള്ള സാറിന്  ഒരു പെട്ടി  ഹാഫ്  എ കൊറോണാ  ചുരുട്ട്,  അച്ഛന്   തരക്കേടില്ലാത്ത  ഒരു  ക്യാമറ.  ഇത്രയും   സാധനങ്ങൾ  സ്പീക്കറുടെ  മേശപ്പുറത്ത്  വെക്കണം.

എ.പി.കുര്യൻ 
തൊട്ടുപിറകെ  വരുന്നു  നിയമസഭാ  സെക്രട്ടറിയായിരുന്ന  ഡോ. ആർ.പ്രസന്നന്റെ  ഒരു  സബ് മിഷൻ.  ഒരു സാംസൊണൈറ്റ്   ബ്രീഫ് കെയ് സ്   സ്പീക്കർ  വശം  കൊടുത്തു  വിടണം.  ഒരിക്കൽ  അവധിക്ക്   നാട്ടിൽ   ചെന്നപ്പോൾ,  ഇവൻ  ഒരുത്തനെ എന്റടുത്ത്  കണ്ടപ്പോൾത്തന്നെ  ഡോക്ടർക്ക്  മോഹമുദിച്ചതാണ്‌.   അദ്ദേഹത്തിന്റെ  ദൗർഭാഗ്യം,  അത്  നേരത്തേ  ഒരു  ഭാഗ്യവാൻ  ബുക്ക്  ചെയ്തു  കഴിഞ്ഞിരുന്നു.  ഹൗസിംഗ്  ബോർഡ്   ചെയർമാനായിരുന്ന  അഡ്വ. എം.ഗോപി.  അടുത്ത ഊഴം  ഡോക് ടർക്ക്   എന്ന്   ഞാൻ  ഉറപ്പ്   നൽകിയിട്ടുണ്ടായിരുന്നു.

അഡ്വ. എം.ഗോപി 
സ്പീക്കറുടെ  ദുബായ്   സന്ദർശനത്തിന്റെ  കഥ  അറിയുന്നതിന്  മുമ്പു  തന്നെ  കാർട്ടൂണിസ്റ്റ്   യേശുദാസൻ  ഒരു   "സചിത്ര കത്ത് "  എനിക്ക്   അയച്ചിരുന്നു.  അസാധു  എന്ന  വിനോദ  മാസികയുടെ  പ്രസിദ്ധീകരണം  കറ്റാനത്തുനിന്ന്  നിന്ന്  കൊച്ചിയിലേക്ക്  മാറ്റി,  അദ്ദേഹം  അവിടെ  ചുവട്   ഉറപ്പിച്ചു   വരുന്നതേ    ഉണ്ടായിരുന്നുള്ളൂ.  അദ്ദേഹത്തിന്റെ  കത്തിനെ  സചിത്ര  കത്ത്   എന്ന്   ഞാൻ  വിശേഷിപ്പിച്ചല്ലോ ?  സംഗതി  ഇതാണ്,  ഇപ്പോൾ  നാട്ടിൽ  സർവ്വസാധാരണമായിരിക്കുന്ന  ഡിസ് പോഴ് സബിൾ   ഷേവിംഗ്  റേസർ  ഉണ്ടല്ലോ ?  അതിന്റെ  പ്രാഗ്  രൂപത്തിലുള്ള  മോഡൽ  ഒരെണ്ണവും,  അതിൽ  ഉപയോഗിക്കാൻ  ആവശ്യത്തിന്   ബ്ലേഡുകളും  അത്യാവശ്യമായും  വേണം.  ആ  സാധനം  എനിക്ക്   കണ്ടുബോധ്യപ്പെടാനായിരുന്നു  ചിത്രരചന.

കാർട്ടൂണിസ്റ്റ്  യേശുദാസൻ 
ഇതിനിടെ  ലുസാക്കയിൽ  വിദേശകാര്യ വകുപ്പിൽ  ജോലി  നോക്കുന്ന  എന്റെ സുഹൃത്ത്  രാജൻ,  കുര്യൻ  ദുബായിൽ  എത്തിച്ചേരുന്ന  തീയതി  എന്നെ  അറിയിച്ചു.  സ്പീക്കറുടെ  സന്ദർശനവിവരം  ദുബായ്   ഇന്ത്യൻ  കോണ്‍സുലേറ്റിൽ  അറിയിച്ചിട്ടുണ്ട്,  വൈസ്  കോണ്‍സൽ  കൊണ്ടയ്യ  എന്നൊരു  തെലുങ്കനെ  ബന്ധപ്പെടണം  എന്നും  രാജൻ  പറഞ്ഞു.

വളരെക്കാലങ്ങൾക്കുശേഷം   കൊണ്ടയ്യ,   കോണ്‍സൽ  ജനറൽ  ആയി  ദുബായിൽ  നിയമിക്കപ്പെട്ടു.  ഞാൻ  ഷാർജയിൽ  ഉണ്ടായിരുന്ന  കാലത്തോളം  തമ്മിൽ  സൗഹൃദം  പുലർത്തിയിരുന്നു.   നയതന്ത്ര  പ്രതിനിധികൾക്ക്   കിട്ടിയിരുന്ന  ദ്രാക്ഷാരസച്ചുവയുള്ള   പാനീയം  വല്ലപ്പോഴും  തന്ന്   എന്നെ  സല്ക്കരിക്കുമായിരുന്നു.

ആഡിസ് അബാബയിൽ  നിന്നുള്ള  ഒരു  വിമാനത്തിൽ  കുര്യൻസ്   ദുബായ്  എയർപോർട്ടിൽ  എത്തിച്ചേർന്നു.  കൊണ്ടയ്യയും  ഞാനും  എന്റെയൊരു  ബാല്യകാല  സുഹൃത്തായ  ടി.ഒ. പൊടിക്കുഞ്ഞും  കൂടി  അദ്ദേഹത്തെ  സ്വീകരിച്ചു.  നേരെ  ഷാർജയിൽ  അക്കയുടെ  ഫ്ലാറ്റിൽ  എത്തി.

എ.പി. ക്ക്   യു.എ.ഇ. യിൽ  കാര്യമായ  പരിപാടി  ഒന്നുമില്ലായിരുന്നു.  റാസൽഖൈമയിൽ  എന്റെ  ഒരു  സുഹൃത്ത്  പ്രസിഡന്റായുള്ള  ഒരു  മലയാളി  സമാജം  ഉണ്ടായിരുന്നു.  അവിടെയൊരു  സ്വീകരണം  ഏർപ്പെടുത്തിയിരുന്നു.  ഖലീജ്  ടൈംസിൽ  ഉണ്ടായിരുന്ന  സണ്ണി കുളത്താക്കലിന്റെ  ഒരഭിമുഖം.  ദുബായിലുള്ള  ചില  അങ്കമാലിക്കാരെ  സന്ദർശിക്കുക  ഇതൊഴിച്ച്   സ്പീക്കർ  മുഴുവൻ  സമയവും  എന്റെ  കസ്റ്റഡിയിൽത്തന്നെ  ആയിരുന്നു.  അലൈൻ,  അബൂദാബി, ഫ്യുജൈറ,  ഡിബ്ബ  തുടങ്ങിയ  സ്ഥലങ്ങൾ  ഞാൻ  അദ്ദേഹത്തെ  കൊണ്ടുക്കാണിച്ചു.

പെട്ടി,  ക്യാമറ, റേസർ,  ചുരുട്ടാദികളുമായി,  ദുബായിൽ  നിന്ന്   സ്പീക്കറെ  എയർ  ഇന്ത്യയിൽ  കയറ്റിവിട്ടു.   യാത്രയയക്കാൻ  കൊണ്ടയ്യയും  ഞാനും  പൊടിക്കുഞ്ഞും   കൂടാതെ  അലൈൻ  മുൻസിപ്പാലിറ്റിയിലെ  ചീഫ്   ആർക്കിടെക് ച്ചറായിരുന്ന   രാജുച്ചായനും  ഉണ്ടായിരുന്നു.  (കെ.വി.ഏബ്രഹാം)   ദെയ് റയിൽ  നിന്ന്   ബർദുബായിലേക്ക്   കടൽ   കടന്നുവരാൻ  ഒരു  ടണൽ   ഉണ്ട്.   കടലിനടിയിൽക്കൂടിയാണതിന്റെ   നിർമ്മിതി.  ആ  ടണലിൽ  നിന്ന്  "കര കയറി"  കഴിയുമ്പോൾ  ഒരു  റൌണ്ട്   എബൗട്ട്.   അതിനു  സമീപം  ദുബായിലെ  പ്രസിദ്ധമായ   ഫ്ലോർമിൽ.  ആ  റൌണ്ട്  എബൗട്ടിലെ  പൂന്തോട്ടത്തിൽ  ഫാൽക്കന്റെ  അതി മനോഹരമായ   ഒരു  പ്രതിമ  ഏവരുടെയും   ആകർഷണ   വസ്തുവായിരുന്നു.  ഫാൾക്കൻ   റൌണ്ട്  എബൗട്ട്   എന്നാണ്   ആ  ഭാഗം  അറിയപ്പെട്ടിരുന്നത്.   ആ  ശില്പം  തീർത്തത്   രാജുച്ചായൻ   ആണ്.  കുറച്ചു  നാളുകൾക്കു  മുമ്പ്   ദുബായ്   സന്ദർശിച്ചപ്പോൾ  ആ  സ്ഥലത്തു  പോയിരുന്നു.  പൂന്തോട്ടവുമില്ല,  യു.എ.ഇ.യുടെ  ദേശീയ  പക്ഷിയുമില്ല.  സർവ്വത്ര   ട്രാഫിക്   സിഗ്നൽ  ലൈറ്റുകൾ  മാത്രം.


പി.ഗോവിന്ദപിള്ള 
സ്പീക്കറെ  നാട്‌   കടത്തിയതിനുശേഷം  രാജുച്ചായനും  പൊടിയും  ഞാനും  കൂടി  ദെയ് റയിലുള്ള   പ്രസിദ്ധമായ  ഇന്ത്യാ  ഹൌസ്   എന്ന  വടക്കേന്ത്യൻ  റസ്റ്ററന്റിൽ  ഉച്ച  ഭക്ഷണത്തിനു  ചെന്നു.  യഥേഷ്ടം  ചപ്പാത്തി,  അതിനുശേഷം,  ആവശ്യം  പോലെ ചോറ്.   വെറും  പത്തു  ദിർഹാം.  വലിയ  തളികയിൽ  വിളമ്പുന്നത്   കൊണ്ടാവും  താലി മീൽസ്    എന്നാണ്   ഇതറിയപ്പെട്ടിരുന്നത്.   പൊടിയും  ഞാനും  അവിടെനിന്ന്    സ്ഥിരം  ഭക്ഷണം  കഴിക്കാൻ  ഉടമസ്ഥർ  അനുവദിച്ചാൽ,  ഒരു മാസത്തിനകം  ഹോട്ടൽ  മംഗളം  പാടിയിരിക്കും.  ചപ്പാത്തിയുമായുള്ള   സംഘട്ടനം  നാലാവർത്തി  കഴിഞ്ഞു...വീണ്ടും  ചപ്പാത്തി  ആവശ്യപ്പെട്ടപ്പോൾ  ശുദ്ധാത്മാക്കളായ  ആ  പരിചാരകന്മാർ  പാഴ് സലാണോ  എന്ന്  ചോദിച്ചുപോയി.  അനവസരത്തിലെ  ആ  ചോദ്യത്തിൽ  പ്രതിഷേധിച്ചായി  പിന്നീടുള്ള  യുദ്ധം.

" താണ്ടിനാൻ  ആഴി  ഹനുമാൻ
ആണ്ടവർക്കെന്തു  ദുഷ്ക്കരം."

അച്ഛൻ (പി.ജി.പുരുഷോത്തമൻപിള്ള എക്സ്.എം.എൽ.എ.)
അതിനുശേഷം  നടന്ന  സംഭവവികാസങ്ങളാണ്   ഈ  തിരക്കഥയുടെ  ക്ലൈമാക്സ്.   സ്പീക്കറുടെ  പക്കൽ  ഏല്പിച്ച  സാധനങ്ങൾ  ഒന്നും  തന്നെ  വേണ്ടപ്പെട്ട  കക്ഷികൾക്ക്   കിട്ടിയില്ല.   ഞാൻ  കൊടുത്തയച്ച  വിദേശ  സാധനങ്ങൾ,  അങ്കമാലിയിലും   സ്പീക്കറുടെ  ഓഫീസിലുമുള്ള  സംഘടിതസേന  കരഗതമാക്കി.  ഈ  പ്രക്രിയക്കാണല്ലോ    സോഷ്യലിസ്റ്റ്   സാമൂഹ്യ  വ്യവസ്ഥയുടെ   കേന്ദ്ര  ബിന്ദുവായ  തൊഴിലാളി  വർഗ  സർവാധിപത്യം  എന്ന്   പറയുന്നത്.

ആ  മാസത്തിൽ  പുറത്തിറങ്ങിയ  ' അസാധുവിൽ '   യേശുദാസന്റെ  ഒരു രസകരമായ  കാർട്ടൂണ്‍   ഉണ്ടായിരുന്നു.  ആ  ലക്കത്തിന്റെ  കവർ  പേജ്  അതുതന്നെ  ആയിരുന്നു.  അങ്കമാലിയിലെ  ഈറ്റ  തൊഴിലാളികൾ  റേബാൻ  കൂളിംഗ്   ഗ്ലാസ്   ധരിച്ച്,   ഗില്ലറ്റ്   ബ്ലേഡ്   കൊണ്ട്   ഈറ്റ  ചീകുന്നു.  ചുണ്ടിൽ  പുകയുന്ന   half a corona  സിഗാർ.  സമീപത്ത്   വെട്ടുകത്തി,  ഉളി,  ചുറ്റിക,  അരിവാൾ  തുടങ്ങിയ  ആയുധങ്ങൾ  അടങ്ങിയ  സാംസൊണൈററ്    ബ്രീഫ്   കെയ് സ്.

ടി.ഒ.പൊടിക്കുഞ്ഞ് 
ഈ  സംഭവങ്ങൾക്ക്   ശേഷം  ഒന്നു  രണ്ടു  മാസം  കഴിഞ്ഞപ്പോൾ  ഞാൻ  അവധിക്ക്   നാട്ടിൽ  എത്തി.  ഭൈമീകാമുകർക്കുള്ള   ഉപഹാരങ്ങൾ  തൃപ്പടിദാനം  നടത്തി  സായൂജ്യവും  അടഞ്ഞു.  ഒരു  പെട്ടി  സിഗാറുമായി  സുഭാഷ്   നഗറിലുള്ള  പി.ജി.യുടെ  വസതിയിലെത്തി.  സാർ  പുകവലിയോട്   സലാം  പറഞ്ഞിരിക്കുന്നു.  വിട്ടുമാറാത്ത  ചുമയുടെ  കാരണം   പുകവലിയാണെന്ന്  റിട്ടയാർഡ്‌   ഫിലോസഫി   പ്രൊഫസറായ   ധർമ്മപത്നി  കണ്ടുപിടിച്ചിരിക്കുന്നു.  " വെറുതെ  എന്തിന്   ചുരുട്ടിനെ  പഴികേൾപ്പിക്കണം. "   എന്നാണ്    ഗോവിന്ദപിള്ള  സാർ  പറഞ്ഞത്.  പക്ഷെ,  രാജമ്മ സാർ  കാണാതെ  സാധനം  എന്റെ കൈയ്യിൽ   നിന്ന്  അപ്പോഴേക്കും  കരസ്ഥമാക്കിയിരുന്നു.

ഞാൻ  നാട്ടിലുണ്ടെന്നറിഞ്ഞ്    കായംകുളത്ത്   ഒരു ഔദ്യോഗിക  പരിപാടിയിൽ  പങ്കെടുത്തിട്ട്   ഒരു  ദിവസം  കുര്യൻ  എന്റെ  വീട്ടിൽ   വന്നു.  സ്പീക്കറുടെ  ആഫീസ്സിൽ  അരങ്ങേറിയ  നന്ദിപൂർവ്വമുള്ള   പകൽക്കൊള്ളയുടെ  കഥ  അങ്ങനെയാണ്   ഞാനറിഞ്ഞത്.

ബൂർഷ്വാ  വിപ്ലവം  പൂർത്തിയാക്കാതെ - വിദേശ  മേധാവിത്വത്തിന്റെയും  ഫ്യൂഡലിസത്തിന്റെയും  കടപുഴകാതെ,  സോഷ്യലിസ്റ്റ്   വിപ്ലവം  സാദ്ധ്യമല്ലെന്നാണല്ലോ  കമ്മ്യൂണിസ്റ്റ്   പാർടികൾ  പറയുന്നത്.  ഈ  വാസ്തവം  തിരിച്ചറിഞ്ഞ  സ്പീക്കറുടെ  ആഫീസിലെ  സഖാക്കൾ  വിപ്ലവത്തിന്  തങ്ങളുടെ  കടമ  നിറവേറ്റുകയാണ്   ചെയ്തത്.  സോഷ്യലിസ്റ്റ്   ബോധം  വളർത്താൻ   മുതലാളിയുമായി  വിലപേശലല്ല,  മറിച്ച്    മുതലാളിത്തത്തിന്റെ  ഉല്പാദനോപകരണങ്ങൾ  സ്വകാര്യ  സ്വത്താക്കിക്കൊണ്ട്   മാതൃക  കാണിച്ച  ആ  സഖാക്കളെ,  സോഷ്യലിസത്തിനു  വേണ്ടി  പട  വെട്ടുന്ന  യോദ്ധാക്കളായി   കാണാനായിരുന്നു   എനിക്ക്  താല്പര്യം.




                                                                                  ശുഭം 



No comments:

Post a Comment