Thursday, August 8, 2013

പരുമല വലിയ പനയന്നാർകാവ് ദേവീ ക്ഷേത്രം




"പരിശുദ്ധ  പമ്പാതീർത്ഥമദ്ധ്യസ്ഥിത  ദ്വീപിന്റെ  മേ -
കരികൊത്ത  സുരഭില  മധുവനത്തിൽ
പൌരാണികക്കൈവിരുതിൻ  വിബുധത്വ  പ്രതീകമാം
പനയന്നാർ  കാവായിടുമംബികാ  സ്ഥാനം." (- കെ.അപ്പുക്കുട്ടൻ ആദിശർ)

തിരുവല്ല  താലൂക്കിലെ  കടപ്ര  പഞ്ചായത്തിലുൾപ്പെട്ട,  പമ്പാ  നദിയാൽ  ചുറ്റപ്പെട്ട  ഒരു  ദ്വീപാണ്   പരുമല.  പമ്പാനദിയും  അച്ചൻകോവിലാറും  കൂടിച്ചേരുന്ന  ത്രിവേണിയുടെ  പടിഞ്ഞാറേ  കരയാണിത്‌.  ഇവിടെ  രണ്ട്   പ്രാചീന  ആരാധനാലയങ്ങൾ  സ്ഥിതി  ചെയ്യുന്നുണ്ട്.  വലിയ  പനയന്നാർകാവ്‌   ഭാഗവതിക്ഷേത്രവും  പരുമല  കൊച്ചുതിരുമേനി  എന്ന്   പുകൾപ്പെറ്റ  ഗ്രിഗോറിയോസ്   തിരുമേനി  അന്ത്യ  വിശ്രമം  കൊള്ളുന്ന  പരുമലപ്പള്ളിയും.

ശ്രീ ഭദ്രകാളി,  ഭഗവതിയുടെ ഉപദേവതകൾ,  പരമശിവൻ,  ക്ഷേത്രപാലകൻ,  വീരഭദ്രൻ,  ഗണപതി,  കടമറ്റത്തുനിന്ന്   വന്ന  യക്ഷി  തുടങ്ങിയ  പ്രതിഷ്ഠകളാണ്   ഇവിടെയുള്ളത്.  പ്രാചീന  കാലത്ത്   ഏതാണ്ട്   20  ഏക്കർ  വിസ്തീർണ്ണം  ഉണ്ടായിരുന്ന  കാവിന്റെ  മദ്ധ്യത്തിലായിരുന്നു  ഈ ക്ഷേത്രം  സ്ഥിതി  ചെയ്തിരുന്നത്.  കാലക്രമത്തിൽ  അത്  കുറഞ്ഞു കുറഞ്ഞ് , ഇപ്പോൾ  കഷ്ടിച്ച്  5 ഏക്കർ   ആണ്  കാവുള്ളത്.  ക്ഷേത്രത്തിന്റെ  പടിഞ്ഞാറെ  നടയിൽ  നിന്ന്,  പമ്പാ  നദിയിലേക്ക്  നിരത്ത്.  നിരത്തിന്റെ  ഇരുവശത്തും  ആകാശം  മുട്ടെ  വളർന്നു നില്ക്കുന്ന  കരിമ്പനകൾ.


ഈ  ക്ഷേത്രത്തിൽ  ശ്രീ പരമേശ്വരന്റെ  പ്രതിഷ്ഠ  പടിഞ്ഞാട്ട്   പമ്പയാറിന്റെ  നേർക്കാണ്.  കിഴക്കോട്ട്   ദർശനമായിട്ടാണ്   ശ്രീ ഭദ്രകാളി.  ഈ  നട  ഒരിക്കലും  തുറക്കുകയില്ല.  വടക്കോട്ട്   ദർശനമരുളുന്ന  ശാന്ത  സ്വരൂപിണിയായ  ഭഗവതിയുടെ   നടയാണ്  തുറക്കുന്നത്.

പനയന്നാർകാവ്‌   ഐതിഹ്യത്തെക്കുറിച്ച്  കൊട്ടാരത്തിൽ  ശങ്കുണ്ണിയുടെ  "ഐതിഹ്യമാല"  എന്ന  ഗ്രന്ഥത്തിൽ  പരാമർശമുണ്ട്.  പതിനാലാം  ശതകത്തിൽ  രചിക്കപ്പെട്ട,  മണിപ്രവാള   സന്ദേശ  കാവ്യമായ  "ഉണ്ണുനീലീസന്ദേശത്തിലും"  ഈ ക്ഷേത്രത്തെ  കുറിച്ച്  പ്രസ്താവിക്കുന്നുണ്ട്.    പക്ഷെ, പില്ക്കാലത്ത്   കണ്ടെടുത്ത  ക്ഷേത്ര  ചരിത്രരേഖകളുമായി  മേൽപ്പറഞ്ഞ  സംഗതികൾക്ക്   ബന്ധം  ഒന്നും തന്നെയില്ല.

കിഴക്കേ നട 



ക്ഷേത്ര  മതിലിനു  ചുറ്റുമായിട്ടാണ്   നാഗരാജാക്കന്മാർ,  നാഗയക്ഷികൾ,  അവരുടെ സന്തതി  പരമ്പരകളായ  നാഗസന്തതികളേയും   കുടിയിരുത്തിയിട്ടുള്ള  കാവ്.  ഇവിടെയാണ്‌   കടമറ്റത്തു  നിന്നു  വന്ന  യക്ഷിയമ്മയേയും  പ്രതിഷ്ഠിച്ചിട്ടുള്ളത്.

ഈ  ക്ഷേത്രം  പണികഴിപ്പിച്ചതുമായി  ബന്ധപ്പെട്ട  ഒരുപാട്  കഥകൾ  പറഞ്ഞു  കേൾക്കുന്നുണ്ട്.  അതിലൊരു  കഥ,  പരശുരാമനും,  ദുർവ്വാസാവും,  നാരദമഹർഷിയും  കൂടിയാണ്  ക്ഷേത്രം  പണികഴിപ്പിച്ച്  പ്രതിഷ്ഠ  നടത്തിയത്   എന്നുള്ളതാണ്.  വീര-രൌദ്ര  ഭാവത്തോടെ  അത്യുഗ്രരൂപത്തോട്   കൂടിയ  ദേവീ  വിഗ്രഹം  പ്രതിഷ്ഠിക്കാൻ  മുനിശ്രേഷ് ഠന്മാർക്ക്   കഴിഞ്ഞില്ലെന്നും  അവസാനം  കോഴി,  ആട്,  ആന  തുടങ്ങിയ  ജന്തുബലികളും,  ഒടുവിൽ  നരബലിയും  സമർപ്പിച്ച   ശേഷം  മാത്രമാണ്  ദേവി  പ്രസാദിച്ചതും,  പ്രതിഷ്ഠ  നടത്താൻ  കഴിഞ്ഞതും.


പ്രചാരത്തിലുള്ള  മറ്റൊരു  കഥ.  പാണ്ടിനാട്ടിൽ  ഏതോ  ഒരു  ക്ഷേത്രത്തിൽ  നടത്തിവന്നിരുന്ന  പൂജകളിലൊന്നും  ആ  ക്ഷേത്രത്തിലെ  ഭഗവതി  സംതൃപ്തയല്ലെന്നും,  മലയാളത്തുനിന്നു  ബ്രാഹ്മണരെ  കൊണ്ടുവന്നു  പൂജ  നടത്തണമെന്നും,  ആ  പൂജാവിധികൾ  അവിടെയുള്ള  ശാന്തിക്കാരെ  പഠിപ്പിക്കണമെന്നും  ദേവപ്രശ്നത്തിൽ  തെളിഞ്ഞു.  അങ്ങനെ  പാണ്ടിരാജാവിന്റെ  അഭ്യർത്ഥന  പ്രകാരം  പരുമലയിൽ  നിന്ന്  കുറെ  ബ്രാഹ്മണരെ  പൂജകൾക്കായി  അവിടേക്ക്   ക്ഷണിച്ചുകൊണ്ട്   പോയി.

പാണ്ടിനാട്ടിൽ  എത്തിയ  ഈ  ബ്രാഹ്മണർ  യഥാവിധി  പൂജകളെല്ലാം  നടതുകയും,  മന്ത്രതന്ത്രങ്ങൾ  അവിടെയുള്ളവരെ  അഭ്യസിപ്പിക്കുകയും  ചെയ്തിട്ട്   തിരികെ  നാട്ടിലേക്ക്   യാത  തിരിച്ചു.

ഇതേസമയം  പരുമലയിലുള്ള  ഒരു  ബ്രാഹ്മണ  ഗൃഹത്തിലെ  വൃദ്ധന്   ഒരു  സ്വപ്ന  ദർശനമുണ്ടായി.  പാണ്ടിയിൽ  നിന്ന്   തിരിച്ചു  വരുന്ന  ബ്രാഹ്മണരോടൊപ്പം  അവിടുത്തെ  ദേവിയും  എഴുന്നെള്ളൂന്നുണ്ടെന്നും,  അവർ  എത്തിച്ചേരുമ്പോഴേക്കും  ഒരു  ക്ഷേത്രം  പണിയാനുള്ള  സ്ഥാനം  നോക്കി വെയ്ക്കണമെന്നും,  മറ്റു  പ്രാരംഭ  പണികൾ  ഉടൻ  ആരംഭിക്കണം  എന്നുമായിരുന്നു  സ്വപ്നം.  ആ   വൃദ്ധ  ബ്രാഹ്മണൻ  അതിനുള്ള  ഏർപ്പാടുകൾ  ചെയ്തു.  അന്ന്  ഈ ക്ഷേത്രം  സ്ഥിതി  ചെയ്യുന്ന  സ്ഥലം  കൊടുംകാടായിരുന്നു.  ആ  കാടിന്  മദ്ധ്യത്തിലാണ്    പ്രതിഷ്ഠ  നടത്തുന്നതിനുള്ള  സ്ഥാനം  കണ്ടത്.

 വളരെ  ആഘോഷപൂർവ്വം   വിഗ്രഹ  പ്രതിഷ്ഠ  നടത്തി.  ക്ഷേത്രനിർമ്മാണവും   വളരെ  പെട്ടെന്നു  തന്നെ  പൂർത്തിയാക്കി.  ആ  കാവിന്റെ  പരിസരപ്രദേശത്ത്   വളരെക്കുറച്ച്   കുടുംബങ്ങളെ  അന്ന്   ഉണ്ടായിരുന്നുള്ളൂ.  ക്ഷേത്ര  നിർമ്മാണമൊക്കെ  കഴിഞ്ഞ്   പൂജകളൊക്കെ  മുടങ്ങാതെ  നടന്നു കൊണ്ടിരുന്നു.  പക്ഷെ   പരിസരത്തുള്ള  വീട്ടുകാർക്കാകട്ടെ   സമാധാനമായി  രാത്രി  കഴിച്ചുകൂട്ടാൻ  നിർവാഹമില്ലാത്ത   സ്ഥിതിയാണ്   വന്നുചേർന്നത്.   രാത്രിയായാൽ  ഭയങ്കര  നിലവിളിയും  കോലാഹലങ്ങളും,  അട്ടഹാസങ്ങളും  എന്നുവേണ്ടാ  ഒരു  ഭീകര  അന്തരീക്ഷം  തന്നെ  അവിടെ സംജാതമായി.  ദേവപ്രശ്നം  വെച്ചുനോക്കിയപ്പോൾ  പാണ്ടിനാട്ടിൽ  നിന്ന്  ഭാഗവതിയോടൊപ്പം  മറ്റ്   ഉപദേവതകളും,  ഭൂതഗണങ്ങളും  വന്നിട്ടുണ്ടെന്നും  അവരെ  വേണ്ട  പോലെ  കുടിയിരുത്തിയിട്ടില്ലെന്നും  വെളിപ്പെട്ടു.  ഈ  ഉഗ്രമൂർത്തികളാകട്ടെ  പട്ടിണിയിലാണെന്നും   പ്രശ്നത്തിൽ  തെളിഞ്ഞു.  അതിൻപ്രകാരം  ചുറ്റുകാവുകളിൽ   ഈ  ദേവതകളെ  കുടിയിരുത്തി  പൂജാകർമ്മങ്ങൾ  നടത്തി  തുടങ്ങി.  അതോടെ  അനുഭവപ്പെട്ടിരുന്ന  കോലാഹലങ്ങളും  നിലച്ചു.  ഇതാണ്  ആ കഥ.

നാലമ്പലത്തിന്റെ  വടക്കേ  നടയിൽ  ഏഴു  സ്ത്രീകളുടെ  പ്രതിമ  കാണാം.  ഇതിന്റെ  ഐതിഹ്യം  എന്റെ  അമ്മൂമ്മ  പറഞ്ഞ്   ഞാൻ  കേട്ടിട്ടുണ്ട്.   ഏഴു  വെറ്റിലക്കാരികൾ  രാത്രിയിൽ   പമ്പാ  നദി  അക്കരെ  കടക്കാൻ  നിവൃത്തിയില്ലാതെ  പരുമലയിൽ  ചെന്ന്   പെട്ടു.  അവിടെയുള്ള  സമ്പന്ന  ബ്രാഹ്മണ  ഗൃഹങ്ങളിൽ  ഉള്ളവരാരും  തന്നെ  അവർക്ക്   അഭയമോ,  ഭക്ഷണമോ  നൽകാൻ  തയ്യാറായില്ല.  അവസാനം   അവർ  ഒരു  പട്ടിണിപ്പാവമായ    വിധവയുടെ  ഇല്ലത്തെത്തി,  ഭക്ഷണം  ആവശ്യപ്പെട്ടു.  ഇവരുടെ  മകൻ  കാവിലെ  കീഴ് ശാന്തിയായിരുന്നു.  പിറ്റേന്ന്   ഉഷ:പൂജക്കുള്ള   അവിലും,  മലരും, വറപൊടിയുമേ  അവിടെ  ഉണ്ടായിരുന്നുള്ളൂ. 

എന്റെ അമ്മൂമ്മ (മണിപ്പുഴ, ജാനകിയമ്മ)
അത്താഴ പൂജ  കഴിഞ്ഞ്   അവരുടെ  മകൻ  കൊണ്ടുവരുന്ന  നിവേദ്യ  ബാക്കിയായ  ഉണക്കച്ചോർ  ആയിരുന്നു  അവരുടെ  അത്താഴം.  മകനാകട്ടെ,  തിരിച്ചെത്തിയിട്ടുമില്ല. നിവേദ്യത്തിന്റെ  എച്ചിൽ  ഞങ്ങൾക്ക്   വേണ്ടാ,  അവിടെയിരിപ്പുള്ളത്    എന്തെങ്കിലും  തന്നാൽ  മതി  എന്നവർ  പറഞ്ഞു.  യാതൊരു  മടിയും  കൂടാതെ  ഉഷ:പൂജക്ക്‌   വെച്ചിരുന്നതിന്റെ  ഒരു  പങ്കെടുത്ത്   അവർക്ക്   നല്കി.  അവരുടെ  വിശപ്പ്‌   അടങ്ങിയില്ലെന്നും  ബാക്കിയുള്ളതു   കൂടി  വിളമ്പികൊടുക്കാനും  അവർ  പറഞ്ഞു.  ആ  സാധുക്കളുടെ  വിശപ്പടങ്ങട്ടെ  എന്ന്   സമാധാനിച്ച്   ബാക്കിയിരുന്നതു   മുഴുവൻ  വിളമ്പിക്കൊടുത്തു.  ഇതോടെ  വെറ്റിലക്കാരികളുടെ  രൂപമാകെ  മാറി.  ശ്രീ  ഭദ്രകാളിയുടേയും   ഉപദേവതമാരുടേയും  രൂപത്തിൽ  കാണുമാറായി.  ആ  സാധു വിധവ  ദേവിയെ  സാഷ്ടാംഗം

വടക്കേനടയിൽ പ്രതിഷ്ഠിച്ചിട്ടുള്ള വെറ്റിലക്കാരികൾ 
നമസ്ജരിച്ചു.  ദേവിയാകട്ടെ  ശാന്തസ്വരൂപിണിയായ   ലളിതയുടെ  രൂപത്തിലേക്ക്   മാറുകയും  ആ  വൃദ്ധയെ  അനുഗ്രഹിക്കുകയും  ചെയ്തു.  അപ്പോഴേക്കും  ശാന്തി  കഴിഞ്ഞ്   അവരുടെ  മകനും  എത്തിച്ചേർന്നു.  ദേവീദർശനവും  അനുഗ്രഹവും,  ദേവിയുടെ  പരമഭക്തനായ  ആ  യുവാവിനും  ലഭിച്ചു.  തനിക്ക്   അഭയവും  ഭക്ഷണവും  നിഷേധിച്ച  മറ്റു ഗൃഹങ്ങളെല്ലാം  ഉടൻതന്നെ  വെന്തു  വെണ്ണീറാകുമെന്നും,  അമ്മയും  മകനും  തന്നോടൊപ്പം  പോരാനും  ദേവി  നിർദ്ദേശിച്ചു.   ദേവിയോടൊപ്പം  അവർ  ആറ്റുകടവിൽ  എത്തിയപ്പോഴേക്കും  ആ  പ്രദേശമാകെ  അഗ്നിക്ക്   ഇരയാവുകയും  ചെയ്തു.

ആ  അമ്മയേയും   മകനേയും  അതിനടുത്തു  തന്നെ  പാർപ്പിച്ചു.   "സാലനിപാതം  ചെയ്യും  പവനനു  തൂലനിരാകരണം  ദുഷ്കരമോ?"   എന്നാണല്ലോ..?  ദേവിയാകട്ടെ,  പടിഞ്ഞാറേനടയിൽ  വലതുവശത്തുള്ള  ആറാമത്തെ  കരിമ്പനയിൽ  അവാസമാക്കുകയും  ചെയ്തു.  ഈ  ദേവിയേയാണ്   മുനിമാർ  പിന്നീട്   ക്ഷേത്രം  പണികഴിപ്പിച്ച്   പ്രതിഷ്ഠിച്ചത്   എന്നാണ്   ചരിത്രം.

ഈ  ക്ഷേത്രത്തിന്റെ  താന്ത്രിക  അവകാശം  തിരുവല്ല  പറമ്പൂരില്ലത്തെ   പട്ടേരിമാർക്കാണ്.  ക്ഷേത്ര  ഉടമസ്ഥത  ആദിശ്ശന്മാർ  എന്നൊരു  ജാതിയിൽപ്പെട്ടവർക്കും.   കാവിൽ  ആൾക്കുരുതി  അവസാനിപ്പിച്ചതുമായി  ബന്ധപ്പെട്ടിരിക്കുന്നതാണ്   ആദിശ്ശന്മാരുടെ  ചരിത്രം.

ദേവിക്ക്   നവ കന്യകയേയാണ്   ബലി  കൊടുക്കേണ്ടത്.   പരിപൂർണ്ണ  മനസോടെ   തയ്യാറായി  വരുന്ന  കന്യകകളെ  മാത്രമേ  ബലി  കൊടുക്കാവൂ  എന്നാണ്    പ്രമാണം. മാത്രമല്ല  ബലിക്കല്ലിൽ  തല  വെയ്ക്കുമ്പോഴോ,  കഴുത്തു  വെട്ടാൻ  വാളുയർത്തുമ്പോഴോ  ബലികന്യക  ഭയന്ന്  നിലവിളിക്കുകയോ,  എതിർപ്പുപ്രകടിപ്പിക്കുകയോ  ചെയ്താൽ  ഗുരുതി  നടത്താൻ  പാടില്ല  എന്നും  പറയുന്നുണ്ട്.

ഒരുകാലം  ഗുരുതിക്കുള്ള  കന്യകകളെ  തേടി  ക്ഷേത്രത്തിൽ  നിന്ന്   ഒരുസംഘം  ആൾക്കാർ  യാത്രയായി.  യാത്രാമദ്ധ്യേ  ദൂരെയേതോ  സ്ഥലത്ത്   ഒരു  നായർ  ഭവനത്തിൽ  അവർ  വിശ്രമിക്കാൻ  കയറി.  ആ  സംഘം  തങ്ങളുടെ യാത്രോദ്ദേശം  ഗൃഹനാഥനോട്   പറയുന്നത്   കേട്ട്,  ആ  ഭവനത്തിലെ  ഒരു  പെണ്‍കുട്ടി,  പനയന്നാർകാവിലമ്മക്ക്   താൻ  ബലിവസ്തു  ആയിക്കൊള്ളാമെന്ന്   വളരെ  സന്തോഷത്തോടു  കൂടി  പറഞ്ഞു.  വീട്ടുകാർ  അവളെ  അതിൽനിന്ന്   പിന്തിരിപ്പിക്കാൻ  ആവുന്നത്ര  ശ്രമിച്ചിട്ടും,  തീരുമാനത്തിൽ  നിന്ന്   പിന്തിരിയാൻ  ആ  കുട്ടി  തയ്യാറായില്ല.  ഈശ്വരവിധി  എന്നോർത്ത്    വീട്ടുകാർ  സമാധാനിച്ചു.

ആ  കന്യകയുമായി  സംഘം  അടുത്ത  ദിവസം  തന്നെ  പനയന്നാർകാവിലെത്തിച്ചേർന്നു.  തുടർന്ന്   ബലിക്കുള്ള  ഒരുക്കങ്ങൾ  ആരംഭിക്കുകയും ചെയ്തു.  ബലി  നടത്താനുള്ള  നാളും  മുഹൂർത്തവും  സംജാതമായി.  നാലുവെളുപ്പിന്   കുളിച്ച്,  രക്തകുങ്കുമം  അണിഞ്ഞ്‌,  മുടി  മുകളിലേക്കുകെട്ടി,  തെച്ചിപ്പൂ  മാലയുമണിഞ്ഞ്,   അവൾ  ബലിക്കല്ലിനടുത്തെത്തി.  അവളുടെ  മുഖത്ത്   ഒരു  കളിപ്പാട്ടം  കിട്ടിയ  പിഞ്ചുകുഞ്ഞിന്റെ  സംതൃപ്തിയും  ആഹ്ലാദവുമാണ്   തിളങ്ങി  നിന്നിരുന്നത്.

"അമ്മേ ദേവീ,  എന്നെ  സ്വീകരിക്കണേ"  എന്ന്   പുഞ്ചിരിച്ചു   ജപിച്ചുകൊണ്ട്‌    അവൾ  ആ  ബലിക്കല്ലിൽ  തല  ചേർത്ത്   കിടന്നു.  ആ  സമയം   ഒരു  ആശ:രീരി  കേൾക്കുകയുണ്ടായി.  ഈ  പെണ്‍കുട്ടിയെ  തനിക്കുവേണ്ടി ബലി  കഴിക്കേണ്ടതില്ലെന്നും,  മേലിൽ  ഇവിടെ ആൾക്കുരുതി വേണ്ടതില്ലെന്നും,  ക്ഷേത്രത്തിന്റെ  കിഴക്കേനട  മേലിൽ  തുറക്കരുതെന്നും  തുടർന്ന്   അരുളപ്പാടുണ്ടായി.  ആ  പരമ്പരയിലുള്ളവരാണ്   ആദിശ്ശന്മാർ.  ആദിയിൽ  ശേഷിച്ചവരത്രേ  ആദിശ്ശന്മാർ.  ആദി  ശ്രേഷ്ഠന്മാരാണ്   ആദിശ്ശന്മാരെന്നാണ്   പുതിയ  തലമുറയുടെ  അവകാശവാദം.

കിഴക്കേ നട  തുറക്കരുത്   എന്നുമാത്രമല്ല,  വിഗ്രഹത്തിന്   നേരെ  പൂജ  കഴിക്കുന്നവർപോലും  നോക്കരുതെന്നുമാണ്    ആചാരം.  അതുകൊണ്ട്   വിഗ്രഹത്തിന്റെ  വലതു  ഭാഗത്ത്   പിന്നിൽ  നിന്നുകൊണ്ടാണ്   ഇവിടെ  പൂജ  നടത്തുന്നത്.   രാവിലെ  പത്തുമണിക്ക്   ശേഷവും,  വൈകിട്ട്  അഞ്ചുമണിക്ക്   മുമ്പും,  ക്ഷേത്രത്തിനകത്തും  നടക്കുനേർക്കും  ആരും  ചെല്ലരുതെന്നും    ഇവിടെ  കർശനമായ  നിയമമുണ്ട്.  ഭഗവതിയുടെ  അനുജ്ഞയുള്ള  ദിവസങ്ങളിൽ  മാത്രമേ  ഇതിന്   മാറ്റം  വരുത്താൻ  കഴിയുകയുള്ളൂ.   അഹിന്ദുക്കൾക്കും  ഈ  ക്ഷേത്രത്തിൽ  പ്രവേശനമുണ്ട്.  മാത്രമല്ല  അമ്മക്ക്   അത്   വലിയ  ഇഷ്ടവും  ആണെന്നാണ്   പറയപ്പെടുന്നത്.
സർപ്പക്കാവ് 




ഇവിടുത്തെ  പ്രധാനപ്പെട്ട  വഴിപാടുകൾ  വലിയഗുരുതിയും  കുത്തിയോട്ടവും  ആണ്.   അത്താഴ  പൂജ  കഴിഞ്ഞശേഷമാണ്   ഗുരുതി  നടത്തുക.  സ്ത്രീകൾ   ഗുരുതി  പൂജയിൽ  സംബന്ധിക്കാനോ,  ഗുരുതി  തൊഴാനോ  പാടില്ല.  സന്താന  സൌഭാഗ്യത്തിനും,  കുഞ്ഞുങ്ങളുടെ  ഐശ്വര്യത്തിനും  ചുവന്ന  പട്ട്   കിഴക്കേനടയിൽ  സമർപ്പിക്കാറുണ്ട്.  അതുപോലെ  അപമൃത്യു  സംഭവിച്ചവരുടെ  ആത്മാവിനെ  മണികളിൽ  ആവാഹിച്ച്   കിഴക്കേനടയിൽ  കെട്ടിത്തൂക്കുന്ന  ഒരാചാരം  പണ്ടുമുതലേ  ഇവിടെയുണ്ട്.  കുഞ്ഞുങ്ങൾക്ക്   പേടികിട്ടാതിരിക്കാൻ  കറുത്ത  ചരട്   ജപിച്ചു  കെട്ടിക്കൊടുക്കും.  ഈറൻമുടിയോടെയോ, മുടിയഴിച്ചിട്ടോ  ഇവിടെ  ദർശനം  പാടില്ല.

ഓർമ്മയായ  കാലം  മുതൽ  എന്റെ  അമ്മൂമ്മയോടൊപ്പം  പനയന്നാർകാവിൽ  പോകുമായിരുന്നു.  അവിടുത്തെ  ആചാരങ്ങളും  ചിട്ടകളും  എനിക്ക്   നല്ലവണ്ണം  അറിയാം.  ഈ  അടുത്ത  കാലത്തായി   പുതിയ  ആചാരങ്ങളും  ചില  രസകരങ്ങളായ  വഴിപാടുകളും  സ്ഥാനം  പിടിച്ചിരിക്കുന്നതായി കാണുന്നു.

ക്ഷേത്രത്തിന്   പടിഞ്ഞാറുള്ള   കാവിനടുത്ത്   ക്ഷേത്രപാലകന്റെ  ഒരമ്പലമുണ്ട്.  ക്ഷേത്രപാലകന്  നേദ്യം  കള്ളാണ്.  പരിശുദ്ധമായ  തെങ്ങിൻ കള്ള്.   അത്   സംഭരിക്കേണ്ട  ചുമതല  ഒരു  കുടുംബക്കാർക്കാണ്.  അവർക്ക്    അതിനുള്ള  പ്രതിഫലവും  നിശ്ചയിച്ചിട്ടുണ്ട്.   ഈ  കള്ള്    ചെത്തിയെടുക്കാനുള്ള  തെങ്ങ്   ക്ഷേത്ര  ദേവസ്വത്തിന്റെ  പുരയിടത്തിൽനിന്നാണ്   നല്കിയിട്ടുള്ളത്.  പണ്ടുമുതൽ  നിലനിന്നുവരുന്ന  ഒരാചാരമാണിത്.   ആ  വീട്ടുകാർ  ഒരുകുപ്പി  കള്ള്   വെളുപ്പിനു  തന്നെ  നടക്കു  കൊണ്ടുവന്നുവെച്ച്   അവരുടെ  കർത്തവ്യം  നിറവേറ്റുന്നുമുണ്ട്.


ഈ  അടുത്തകാലത്തായി  ചില  വിദ്വാന്മാർ  ഒരു  വിദ്യ  വളരെ  വിജയകരമായി  ചെയ്തു  വരുന്നു.  ദൂരെ  ദേശങ്ങളിൽ  നിന്നു  വരുന്ന  ഭക്തരുടെയടുത്താണ്   ഇതുപ്രയോഗിക്കുന്നത്.   "ക്ഷേത്രപാലകന്  കുടിക്കാനുള്ളത്   നടക്കു  വെച്ചോ...?"  എന്നാണ്   ചോദ്യം.  സംഗതി  വിശദീകരിച്ചു  കൊടുക്കും.  ക്ഷേത്രപാലകനെ  സംതൃപ്തനാക്കിയിട്ടു  വേണം  ഭഗവതിയെ  കാണാൻ.  ഒരു  കുപ്പി  മദ്യം  നടക്കുവെച്ചു  തൊഴുതിട്ടു  വേണമത്രേ  ദേവീ  ദർശനത്തിനു  പോകാൻ.  രാവിലെ  ഒരു കുപ്പി  ബ്രാണ്ടിയും  കൊണ്ട്   ആരും  അമ്പലത്തിൽ  വരികയില്ലല്ലോ?  ഈ  പറഞ്ഞ  'ക്ഷേത്രപാലന്മാരുടെ'  പക്കൽ  അതിനുള്ള   റെമഡിയും  ഉണ്ട്.   500 രൂപാ  കൊടുത്താൽ  പോതും.  പട്ടാളം  റെഡി.  ഭക്തന്   സമാധാനവും  മറ്റേകക്ഷികൾക്ക്   സംതൃപ്തിയുമായി.  മൂന്നു നാലു   മാസങ്ങൾക്ക്   മുമ്പ്   ഒരു ഭക്തൻ  അതിന്   ഇരയാവുന്നത്   ഞാൻ  കണ്ടു.  സിനിമാ  നടൻ   സുരേഷ്  ഗോപി.  ഇപ്പോൾ  സംഭവം  അല്പം  കൂടി  പുരോഗമിച്ചിട്ടുണ്ടത്രേ!   വടക്കേ നടയിൽ  കോഴിയെ  നടക്ക്   വെക്കുന്ന  ഒരേർപ്പാട്.  ടച്ചിംഗ് സിനും എന്തെങ്കിലും വേണമല്ലോ....?

ഇപ്പോൾ  കിഴക്കേ നട കണ്ടാൽ  ഉത്സവത്തിന്‌   ക്ഷേത്രപരിസരത്ത്   കണ്ടു വരുന്ന  കച്ചവടസ്ഥലം പോലെയിരിക്കും. ചുവപ്പും കറുപ്പും നിറമുള്ള റിബണുകൾ,  കരിവള,  ചെറിയ  തൊട്ടിലിന്റെ  മാതൃകകൾ......എന്നിങ്ങനെ  ആ  പട്ടിക  നീളുന്നു.

ക്ഷേത്ര  ദേവസ്വത്തിന്റെ  മാനേജർ  പാർട്ടിയിലെ  എന്റെയൊരു  സഹപ്രവർത്തകനാണ്.   അദ്ദേഹത്തോട്  ചോദിച്ചപ്പോൾ  ഒരു  സ്വർണ്ണക്കടയുടെ  പരസ്യ  വാചകം  തന്നെയാണ്   പറഞ്ഞത്.  "ചേട്ടാ,...വിശ്വാസം അതല്ലേ എല്ലാം.."

ബൊമ്മക്കൊരു,  അക്ഷയതൃദീയ  അങ്ങനെ  പണ്ടൊന്നും  കേട്ടിട്ടില്ലാത്ത  എന്തെല്ലാം  ആചാരങ്ങളാണിപ്പോൾ  കേരളത്തിൽ !  മഹാമനസ്കന്മാരാണ്   മലയാളികൾ.  അതല്ലെങ്കിൽ,  ഭീമഭട്ടരുടേയും  ജോയ്  ആലൂക്കായുടെയും  ജോസ് കോയുടെയും  ഐശ്വര്യത്തിനുവേണ്ടി  ആ  ദിവസം  തന്നെ  സ്വർണ്ണം  മേടിക്കുമോ...?  അക്ഷയതൃദീയക്ക്   സ്വർണ്ണം  നൽകുന്നവർക്കാണ്   ഐശ്വര്യമുണ്ടാവുന്നതെന്ന്  മലയാളിക്ക്   അറിയില്ല  എന്നുണ്ടോ..?

വഴിപാട്   നേർന്നത്,  നടത്താതെപോയാൽ  പനയന്നാർകാവിലമ്മ  ദു:സ്വപ്നം  കാണിക്കുമെന്നാണ്  എന്റെ  അമ്മൂമ്മ  വിശ്വസിച്ചിരുന്നത്.  വഴിപാട്  നേർന്നത്   വീട്ടിലാരെങ്കിലുമൊക്കെ  മറന്നുകാണുമെന്നു  കരുതി,  അമ്മൂമ്മ  മാസത്തിലൊരിക്കൽ  കാവിൽ  പോയി  ഒരു ഡസൻ  വഴിപാടുകൾ  കഴിക്കുന്നത്   സാധാരണമായിരുന്നു.

പരുമല തിരുമേനി  വടക്കേ നടയിലും  യക്ഷിയമ്പലത്തിലും  ചെന്ന്  പ്രാർത്ഥന  നടത്തുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.  പരുമല  പള്ളിപ്പെരുന്നാളിനു  കൊടിയുയർത്തുന്നതിന്   മുമ്പ്   കാവിൽ നടയിൽ  വെറ്റില  പറപ്പിക്കുന്ന  ആചാരം  ഇപ്പോഴുമുണ്ട്.

ചിത്രങ്ങൾ  കടപ്പാട്   :  വലിയ പനയന്നാർകാവ്   ദേവസ്വം.

                                                                                 ശുഭം


No comments:

Post a Comment