Monday, October 28, 2013

ബലികുടീരങ്ങളും രണസ്മാരകങ്ങളും ( ഭാഗം രണ്ട് ) : പി. രവീന്ദ്രനാഥ്


History of the formation of the Communist Party in Ennakkad village.

 

ഗ്രാമം :   അവകാശങ്ങൾക്കു  വേണ്ടി  നടത്തിയ  ആദ്യത്തെ  പ്രക്ഷോഭം 

 

തൊഴിലാളികളുടെ  അവകാശങ്ങൾ  ന്യായമാണെങ്കിൽ പോലും, സുഗമവും സമാധാനപരവുമായ   മാർഗത്തിലൂടെ അവ നടപ്പിൽ വരുത്താൻ കഴിയുകയില്ല. തൊഴിലാളിവർഗത്തോടൊപ്പം  ബഹുജനങ്ങളേയും അണിനിരത്തിയുള്ള പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും മാത്രമേ  ഇത്  സാധിക്കുകയുള്ളൂ.

ധനിക കർഷകരുടെ ബോധപൂർവ്വമായ എതിർപ്പ്  അവർക്കു നേരിടേണ്ടിവരും. ഭരണാധികാര  വർഗ്ഗങ്ങളുടെ പരിപൂർണ്ണ പിന്തുണ സ്വാഭാവികമായും ജന്മിമാർക്ക്  ലഭിക്കുകയും ചെയ്യും.  തൊഴിലാളിവർഗ്ഗത്തിന്റെ നിലനിൽപ്പുതന്നെ ഭരണകൂടത്തിന്റെ സഹായത്തോടെ  അപകടപ്പെടുത്താനായിരിക്കും സ്വാഭാവികമായും ജന്മി ശ്രമിക്കുക. ഇതിന്റെ ഏറ്റവും വലിയ   ഉദാഹരണമായിരുന്നു 1940ന്റെ ആദ്യ പാദത്തിൽ ഗ്രാമം പ്രദേശത്ത്  അരങ്ങേറിയത്.

ഗ്രാമത്തിൽ കൊട്ടാരത്തിൽ രാജരാജ വർമ്മ എന്ന കുഞ്ഞുണ്ണി തമ്പുരാന്റെ കൃഷി  ആവശ്യത്തിനുള്ള ആയുധങ്ങൾ പണിയുന്നതിനും, പഴയവ നന്നാക്കുന്നതിനും മറ്റുമായി  ഇലഞ്ഞിമേൽ എന്ന തൊട്ടടുത്ത പ്രദേശത്തു നിന്ന്  ഒരു കൊല്ലപ്പണിക്കനേയും കുടുംബത്തേയും  തമ്പുരാൻ സ്വന്തം പുരയിടത്തിൽ താമസിപ്പിച്ചിരുന്നു. പരമേശ്വരപ്പണിക്കനും  നാണിപ്പണിക്കത്തിയും.

ഗ്രാമം ക്ഷേത്രത്തിന്റെ തെക്കുവശത്തു നിന്നിരുന്ന ഒരു പുളിമരത്തിന്റെ ചുവട്ടിലായി ഒരാല തമ്പുരാൻ തരപ്പെടുത്തിക്കൊടുത്തു.  അതിനു സമീപം തന്നെ ഒരു ഒടിച്ചുകുത്തിയ  ചാർത്തിലായിരുന്നു പണിക്കനും കുടുംബവും താമസ്സിച്ചിരുന്നത്. തമ്പുരാന്റെ തൂമ്പാക്കൈ  ഉറപ്പിക്കുകയും, തമ്പുരാട്ടിയുടെ പിച്ചാത്തി ചാണയ്ക്കുവെക്കുകയും അല്ലാതെ മറ്റുജോലികൾ  ചെയ്യാൻ പണിക്കന്  സമയം കിട്ടിയിരുന്നില്ല.  അല്ലെങ്കിൽ അതിന്  അനുവദിച്ചില്ല. ആകെ  അയാൾക്ക്  കിട്ടിയിരുന്ന വരുമാനം തമ്പുരാൻ വല്ലപ്പോഴും കൊടുക്കുന്ന ഒരുപിടി നെല്ലും ഒന്നോ  രണ്ടോ തേങ്ങയും ആയിരുന്നു.
.
എണ്ണയ്ക്കാട്  ചന്തയ്ക്ക്  സമീപമുള്ള സി.പി.എം. എൽ.സി. ഓഫീസ്  മന്ദിരം 
ബി.എൽ. പഠനം കഴിഞ്ഞ്   ആർ. ശങ്കരനാരായണൻ തമ്പി  മാവേലിക്കര, ചെങ്ങന്നൂർ  താലൂക്കുകളിൽ കമ്മ്യൂണിസ്റ്റ്   പാർട്ടി  കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന  കാലമാണ്.  അതിന്റെ ഭാഗമായി, സ്വന്തം ജന്മസ്ഥലം  കൂടിയായ എണ്ണയ്ക്കാട്ട്  അദ്ദേഹം  എത്തിച്ചേർന്നു.

എണ്ണക്കാട്ടെത്തിയ തമ്പിസാർ  പാർട്ടിയുടെ ഒരു ഘടകം  രൂപീകരിക്കുന്നതിന്  ആദ്യം  ബന്ധപ്പെട്ടത്, മല്ലശേരിൽ  കോയിക്കൽ പി.ആർ. ഗോപാലപിള്ള  വൈദ്യനെ  ആയിരുന്നു.  പ്രശസ്തമായ  നിലയിൽ വൈദ്യകലാനിധി  പാസ്സായിട്ട്,  ശ്വശുരനായ പുത്തൻപുരയിൽ മാധവൻപിള്ള  വൈദ്യന്റെ  കൂടെ, എണ്ണക്കാട്ട്   തന്നെയുള്ള വൈദ്യശാലയിൽ പരിശീലനം നടത്തി വരികയായിരുന്നു അദ്ദേഹം.

തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയും, പ്രാമാണികത്തവുമള്ള  ഒരു കർഷക കുടുംബത്തിലെ  അംഗമായിരുന്നു ഗോപാലപിള്ള.   Born with a silver spoon in his mouth - വൈദ്യനെക്കുറിച്ച്    അങ്ങനെ വേണമെങ്കിൽ പറയാം. തിരുവനന്തപുരം ആയുർവ്വേദകോളേജിൽ, തോപ്പിൽ ഭാസി  അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. അന്ന്  തന്നെ സ. ഭാസി നല്ലയൊരു പ്രാസംഗികനും, സ് റ്റേററ്  കോണ്‍ഗ്രസ്സ്,  യൂത്ത്  ലീഗ്  തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനും  ആയിരുന്നു. അദ്ദേഹവുമായുള്ള സ് നേഹബന്ധമാണ്  വൈദ്യനെ കോണ്‍ഗ്രസ്സിലേക്കും, യൂത്ത്  ലീഗിലേക്കും ആകർഷിച്ചത്.  വൈദ്യന്റെ കൂടി ഉത്സാഹത്തിൽ,  എണ്ണക്കാട്,  ഗ്രാമം,  പെരിങ്ങിലിപ്പുറം, ഇലഞ്ഞിമേൽ, ഉളുന്തി എന്നീ പ്രദേശങ്ങളിൽ നിന്ന്  ഏതാനും യുവാക്കളെ  സഖാവ്. തമ്പി കമ്മ്യൂണിസ്റ്റ്  പാർട്ടിയുമായി അടുപ്പിച്ചു. കുറ്റി കൃഷ്ണപിള്ള, കുറ്റിയിൽ  കരുണാകരപ്പണിക്കർ, ജോർജ്ജ്,  അദ്ദേഹത്തിന്റെ സഹോദരി അച്ചാമ്മ, വെളുത്തേരി കുട്ടപ്പൻ,  തമ്പിസാറിന്റെ സഹോദരങ്ങളായ രാജശേഖരൻതമ്പി, ഡോ. രാമകൃഷ്ണൻതമ്പി, വേലായുധൻതമ്പി, രാധമ്മ തങ്കച്ചി, സുഭദ്രാമ്മ തങ്കച്ചി, കാഞ്ഞിരവേലിൽ കുട്ടി,  ബാലൻപിള്ള  എന്നിവരായിരുന്നു തമ്പിസാറിൽ നിന്ന്  പാർട്ടി അംഗത്വം സ്വീകരിച്ച ആ പ്രദേശത്തെ ആദ്യ  സഖാക്കൾ.

സ. പി.ആർ. ഗോപാലപിള്ള വൈദ്യൻ 
പരമേശ്വരപ്പണിക്കന്റ ഈ ദയനീയാവസ്ഥക്ക്  ഒരു പരിഹാരം കാണണമെന്ന വിഷയമാണ്   പുതുതായി രൂപം കൊണ്ട പാർട്ടി ഗ്രൂപ്പ്  ആദ്യമായി ചർച്ച ചെയ്തത്.  തമ്പുരാന്റെ പുരയിടത്തിൽ  തന്നെ പണിക്കന്  ഒരു കുടിൽ കെട്ടികൊടുക്കാൻ അവർ തീരുമാനിച്ചു. അതിനാവശ്യമുള്ള മുള സ. വെളുത്തേരി കുട്ടപ്പൻ സംഭാവന ചെയ്തു.  കുടിൽ മേയാനുള്ള  ഓല വൈദ്യനും നല്കി.

പക്ഷെ ഈ സംഭവം വിജയപഥത്തിലെത്തിക്കാൻ  പാർട്ടിക്ക്   കഴിയാതെ  പോയി.  പാർട്ടിയുടെ   ഈ തീരുമാനം കുഞ്ഞുണ്ണി തമ്പുരാൻ അറിഞ്ഞു.

അതീവ രഹസ്യമായി പാർട്ടിയെടുത്ത തീരുമാനം എങ്ങനെ ശത്രുപക്ഷം മനസ്സിലാക്കി? കള്ളൻ  കപ്പലിൽ തന്നെയായിരുന്നു.  അന്ന്  ആ യോഗത്തിൽ സംബന്ധിച്ച ഒരു സഖാവ്  തന്നെയാണ്  തമ്പുരാന്റെ ശിങ്കിടിയായിരുന്ന ഉമ്മന്റയ്യത്ത്  കൃഷ്ണപിള്ളയുടെ ചെവിയിൽ വിവരം എത്തിച്ചത്.

ലേഖകൻ 


പിറ്റേന്ന്  കുടിൽ കെട്ടാനുള്ള സാമഗ്രികളുമായി വൈദ്യന്റെ  നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ ചെന്നപ്പോൾ കാണുന്നത്,  ആ  പുരയിടം നിറയെ ഉമ്മന്റയ്യത്ത്  കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ,  തമ്പുരാന്റെ  ശിൽബന്തികളേയും ചട്ടമ്പികളേയുമായിരുന്നു. ഈ  ചട്ടമ്പികൾ  വൈദ്യനുൾപ്പടെയുള്ളവരെ അടിച്ചോടിച്ചു. പണിക്കനേയും  പണിക്കത്തിയേയും പോലീസ്സിനെക്കൊണ്ട്   അറസ്റ്റ്   ചെയ്യിച്ചു.  ലോക്കപ്പിലിട്ട്  ഭീകരമായി മർദ്ദിച്ചു.  പതിനൊന്ന്  വർഷക്കാലം  തമ്പുരാന്റെ ആട്ടും തുപ്പുമേറ്റ്,  മെയ്യുരുക്കി പണിചെയ്ത ഒരു പാവപ്പെട്ട  തൊഴിലാളി  കുടുംബത്തിന്  ജന്മി കൊടുത്ത പാരിതോഷികം ഇതായിരുന്നു.!

(തുടരും)



Wednesday, October 23, 2013

ബലികുടീരങ്ങളും രണസ്മാരകങ്ങളും : പി. രവീന്ദ്രനാഥ്

 History of the formation of the Communist Party in Ennakkad village.

എണ്ണയ്ക്കാടും  ഗ്രാമവും  ( ഭാഗം - 1 )

കാറും  കോളും  നിറഞ്ഞ,  കല്ലും  മുള്ളും  നിറഞ്ഞ  പാതയിലൂടെ  സഞ്ചരിച്ചു  വേണം  കമ്മ്യൂണിസത്തിൽ  എത്തിച്ചേരാൻ.   സി.വിയുടെ  മാർത്താണ്ഡവർമ്മയിൽ  പറയുന്നപോലെ,  കല്ലു കരടു  കാഞ്ഞിരക്കുറ്റിയും,   മുള്ളു  മുരടു   മൂർഖൻ  പാമ്പും  നിറഞ്ഞ  പാത.   മർദ്ദിത  ജനതയുടെ  മോചനത്തിനും,   നാടിന്റെ  സ്വാതന്ത്ര്യത്തിനുമായി  ആ  പാത  തെരഞ്ഞെടുത്ത്,   പ്രക്ഷോഭങ്ങളിൽ  പങ്കെടുത്ത  മനുഷ്യ  സ് നേഹികൾക്ക്    നേരിടേണ്ടിവന്ന  ഏറ്റവും  വെല്ലുവിളി  നിറഞ്ഞ  കാലഘട്ടം  ആയിരുന്നു  1940 കൾ.   ഐതിഹാസികമായ  സമരങ്ങളും,   അവയെ  പൈശാചികമായി  നേരിട്ട  ഭരണവർഗ്ഗങ്ങളുടെ  അക്രമങ്ങളും  കൊണ്ടുമെല്ലാം   ആ  കാലഘട്ടം  ഭയാനകമായ  ഇരുൾ  നിറഞ്ഞതായിരുന്നു.

1940 ൽ  നടന്ന  മൊറാഴ - കയ്യൂർ  സംഭവം,   1946  ഡിസംബറിൽ  നടന്ന  കരിവെള്ളൂർ  സമരം,  1948 ൽ  നടന്ന  തില്ലങ്കേരി  സംഭവം  തുടങ്ങിയ  പ്രക്ഷോഭങ്ങൾ  മലബാറിലും,   1946 ൽ  തിരുവിതാംകൂറിലെ  പുന്നപ്രയിലും  വയലാറിലും  നടന്ന  പണിമുടക്കും,   അതിനേ  തുടർന്നുണ്ടായ  വെടിവെയ്പും,   1949 ൽ  ശൂരനാട്   പ്രക്ഷോഭവും,   തുടർന്നുണ്ടായ  പോലീസ്   അക്രമങ്ങളും,   അങ്ങനെ  കേരളമാകെ  സമരങ്ങളുടേയും,  അത്   നേരിട്ട  ഭരണകൂടങ്ങളുടെ  ഭീകര  വാഴ്ചയും  കൊണ്ട്   പ്രക്ഷുബ്ധമായിരുന്നു.

സ. പി.സി.ജോഷി 
1948 ൽ  കൽക്കത്തയിൽ  നടന്ന  രണ്ടാം  പാർട്ടി  കോണ്‍ഗ്രസ്സ്    സ. പി.സി. ജോഷിയുടെ  നിലപാടുകളോട്   വിയോജിപ്പു  രേഖപ്പെടുത്തുകയും,   അത്   റിവിഷനിലിസ്റ്റ്   നിലപാടാണെന്ന്   വിധിയെഴുതുകയും  ചെയ്തു.   "തെലുങ്കാന  സമരമാർഗ്ഗം - കമ്മ്യൂണിസ്റ്റ്   മാർഗ്ഗം"   എന്ന  ആശയത്തിന്  പിന്തുണ  ലഭിക്കുകയും  സ. ബി.ടി. രണദിവേ  ജനറൽ  സെക്രട്ടറിയായി  തെരഞ്ഞെടുക്കപ്പെടുകയും  ചെയ്തു.  സായുധ  സമരത്തിലൂടെ  സോഷ്യലിസ്റ്റ്   സമൂഹം  കെട്ടിപ്പടുക്കാനുള്ള  ആഹ്വാനമായിരുന്നു,  "കൽക്കത്ത  തിസീസ് "   എന്ന  പേരിൽ  പ്രചുര  പ്രചാരം  നേടിയ  ബി.ടി.ആർ.  സിദ്ധാന്തം.  ഈ  സിദ്ധാന്തത്തിന്റെ  അലയൊലികളാണ്   1949 ൽ   ശൂരനാട്ട്   ഉയർന്നു  വന്നത്.

സ. ബി.ടി.രണദിവെ 

സ. സി.രാജേശ്വരറാവു 
രണ്ടു  വർഷത്തിനു  ശേഷം  ബി.ടി.ആറിന്റെ  ഈ  സിദ്ധാന്തം  ഇടത്   സെക് ടേറിയൻ  നയമാണെന്ന്   വിലയിരുത്തുകയും  സ. സി. രാജേശ്വരറാവു  ജനറൽ  സെക്രട്ടറിയാവുകയും  ചെയ്തു.  ഇത്   ചരിത്രം.

സ. രണദിവെ  കൽക്കത്തയിൽ  ഈ  തിസീസ്   അവതരിപ്പിക്കുന്നതിനു  7 - 8  കൊല്ലങ്ങൾക്ക്   മുമ്പു  തന്നെ,  ജന്മിത്തത്തിനോട്   പരസ്യമായി  എതിർപ്പു  പ്രകടിപ്പിക്കുകയും,   തൊഴിലാളി  ജന്മിയുടെ  അടിമയല്ലെന്ന്   പ്രഖ്യാപിക്കുകയും,  കാർഷിക  വിള  അത്   കൃഷി  ചെയ്തുണ്ടാക്കുന്നവന്    അവകാശപ്പെട്ടതാണെന്നും  മുദ്രാവാക്യം  ഉയർത്തിക്കൊണ്ട്,   എതിർപ്പിന്റെ  അഗ്നിജ്വാലകൾ  വിരിയിച്ച  പ്രദേശങ്ങളായിരുന്നു  എണ്ണയ്ക്കാട്,  ഗ്രാമം,  പെരിങ്ങിലിപ്പുറം  എന്നീപ്രദേശങ്ങൾ.   ചെങ്ങന്നൂർ  താലൂക്കിലെ  ഏറ്റവും  പിന്നോക്കം  നില്ക്കുന്ന  പ്രദേശങ്ങൾ.  സ്ഥിതിക്ക്  ഇന്നും  കാര്യമായ  മാറ്റങ്ങൾ  സംഭവിച്ചിട്ടില്ല.

മദ്ധ്യ  തിരുവിതാംകൂറിലെ  ആദ്യത്തെ  ഭൂസമരത്തിന്   സാക്ഷ്യം  വഹിച്ചത്   എണ്ണയ്ക്കാടിന്  (Ennakkad, Chengannoor) സമീപമുള്ള  ഗ്രാമം  എന്ന  പ്രദേശത്തായിരുന്നു.   ജന്മിയെ  ഞെട്ടിക്കുകയല്ല,   പ്രത്യുതാ  അത്ഭുതപ്പെടുത്തിയ  ഈ  സംഭവത്തിന്‌   പിന്നിൽ,   അന്ന്   വിരലിലെണ്ണാൻ  മാത്രം  അംഗസംഖ്യയുള്ള  കമ്മ്യൂണിസ്റ്റ്   പാർട്ടിയായിരുന്നു  സഹായബലമായി  നിന്നത്.

എണ്ണയ്ക്കാട്  ചന്ത 
എണ്ണയ്ക്കാട്   പ്രദേശത്ത്   രണ്ട്   രാജകൊട്ടാരങ്ങൾ  ആണ്   ഉണ്ടായിരുന്നത്.   എണ്ണയ്ക്കാട്   കൊട്ടാരവും,   ഗ്രാമത്തിൽ  കൊട്ടാരവും.   മാവേലിക്കര  കൊട്ടാരവുമായി  അടുത്ത  ബന്ധമായിരുന്നു  ഈ  രണ്ടു  കൊട്ടാരങ്ങൾക്കും.  മാവേലിക്കര  കൊട്ടാരത്തിന്   തിരുവിതാംകൂർ  രാജകുടുംബവുമായുള്ള  ബന്ധം  പ്രസിദ്ധമാണല്ലോ?   സന്തതികൾ  ഇല്ലാതെ  വന്നപ്പോൾ  മാവേലിക്കരയിൽ  നിന്നാണ്   രണ്ടു  തമ്പുരാട്ടിമാരെ  ദത്തെടുത്തത്.

എണ്ണയ്ക്കാട്   കൊട്ടാരത്തിലെ  വലിയതമ്പുരാൻ  ആയിരുന്ന  രാമവർമ്മ തമ്പുരാൻ  കുറച്ചൊക്കെ  പുരോഗമന  ചിന്താഗതിക്കാരനായിരുന്നു.  അതുകൊണ്ടു  തന്നെ  ജന്മിത്തത്തിന്റെ  അലങ്കാരങ്ങളായ അഹന്തയോ,  ക്രൂരതയോ  അദ്ദേഹത്തിനില്ലായിരുന്നു.  അദ്ദേഹത്തിന്റെ  മക്കളെല്ലാം  പില്ക്കാലത്ത്   കമ്മ്യൂണിസ്റ്റുകാരായി  തീർന്നത്   ഇതു  കാരണമായിരിക്കണം.   ഐക്യ  കേരളത്തിലെ  ആദ്യത്തെ  നിയമസഭാ  സ്പീക്കറായിരുന്ന  ആർ. ശങ്കരനാരായണൻ തമ്പി,  രാജശേഖരൻ തമ്പി,  ഡോ. രാമകൃഷ്ണൻ തമ്പി,  വേലായുധൻ തമ്പി,  രാധമ്മ തങ്കച്ചി (സ. സി. ഉണ്ണിരാജായുടെ  ഭാര്യ),  സുഭദ്രാമ്മ തങ്കച്ചി  (സ. ജോർജ്ജ്  ചടയന്മുറിയുടെ ഭാര്യ)  എന്നിവർ  തമ്പുരാന്റെ  മക്കളായിരുന്നു.  രാമവർമ്മ തമ്പുരാന്റെ  അനന്തിരവളെ  ആയിരുന്നു,  ഗ്രാമത്തിൽ  കൊട്ടാരത്തിലെ  തമ്പുരാനായിരുന്ന  ജി.ആർ. രാജരാജവർമ്മ കോവിൽ തമ്പുരാൻ  വിവാഹം  കഴിച്ചിരുന്നത്.
സ. ആർ.ശങ്കരനാരായണൻ തമ്പി 


ക്രൂരതയുടെ  പര്യായമായിരുന്നു  കുഞ്ഞുണ്ണി തമ്പുരാൻ  എന്നറിയപ്പെട്ടിരുന്ന ഈ  തമ്പുരാൻ.   കിരാതനായ  ഒരു  ജന്മിക്കുവേണ്ട  എല്ലാ  ദോഷങ്ങളും  ഒന്നൊന്നര  കഴഞ്ചെങ്കിലും കൂടുതൽ  ചേർന്നുള്ള  അത്യുഗ്ര  വിഷമുള്ള  ഒരു  സൃഷ്ടിയായിരുന്നു  തമ്പുരാൻ.   തൊഴിലാളികളെ  വെറും  അടിമകളെ  പോലെയാണ്   അദ്ദേഹം  പരിഗണിച്ചിരുന്നത്.   അതിക്രൂരമായി  അവരെ  അദ്ദേഹം  മർദ്ദിക്കുമായിരുന്നു.  ഉമ്മന്റയ്യത്ത്  കൃഷ്ണപിള്ളയെ  പോലെയുള്ള  നാട്ടിലെ  ആഭാസന്മാരേയും  ചട്ടമ്പികളേയും  ചെല്ലും  ചെലവും കൊടുത്ത്  പുലർത്തിയിരുന്നത്   തൊഴിലാളി  ദ്രോഹ  കൃത്യത്തിനായിരുന്നു.

ഈ  സംഭവങ്ങളുമായി  ബന്ധം  ഒന്നുമില്ലെങ്കിലും,  ഒരു  കാര്യം  പറഞ്ഞു  കൊള്ളട്ടെ.    കുഞ്ഞുണ്ണി തമ്പുരാന്റെ  മകൻ  നരേന്ദ്ര വർമ്മയുടെ മകനാണ്,   ദേശാഭിമാനി  റെസിഡന്റ്  എഡിറ്റർ,  കവി  പ്രഭാ വർമ്മയുടെ  മകളെ  വിവാഹം  ചെയ്തിരിക്കുന്നത്.


Thursday, October 3, 2013

സർക്കിൾ ഗോപാലന്റെ മോഷണപർവ്വം : പി. രവീന്ദ്രനാഥ്






ഇക്കഴിഞ്ഞൊരു  ദിവസം  ഞാൻ  നിരണത്തുള്ള   എസ്.ബി.റ്റി.  ശാഖയിൽ  നിന്നിറങ്ങി  വരുമ്പോൾ,   തികച്ചും  അപരിചിതനായ  ഒരാൾ  വളരെ  സ്വാതന്ത്ര്യത്തോട്    ഒരു  ക്വാർട്ടർ  വാങ്ങിക്കാൻ  നൂറു  രൂപ  ആവശ്യപ്പെട്ടു.   ചടച്ച്,   മെലിഞ്ഞ്,  നീണ്ട്    ആ  ശരീരത്തിന്  തീരെ  ഇണങ്ങാത്ത  കപ്പടാ  മീശയോടുകൂടിയ  ഒരാൾ.

ജനുവിൻ  ഫാസ്റ്റ്   ബൌളറെ  നേരിടുന്ന  വാലറ്റക്കാരൻ  ബാറ്റ്സ് മാനെ  പോലെ,  തപ്പീം  തടഞ്ഞും  ഞാൻ  നില്ക്കുന്നത്   കണ്ടപ്പോൾ,   മീശ  എന്നോട്  ചോദിച്ചു., 

"അല്ല,   എന്നെ  മനസ്സിലായില്ലിയോ,  രവിക്കുഞ്ഞേ  ഇത്  ഞാനാ,  ഗോപാലൻ."

ഗോപാലനെ  എനിക്ക്   ഓർത്തെടുക്കാൻ  കഴിയാതെ  പോയതിന്റെ  കാരണക്കാർ   ഞാനോ,  ഗോപാലനോ  അല്ല.  അതിന്റെ  പരിപൂർണ്ണ   ഉത്തരവാദിത്തം  കേരളാ  പോലീസിനാണ്.

സർക്കിൾ  ഗോപാലൻ.  ഞങ്ങൾ  കടപ്ര - നിരണം  നിവാസികളുടെ  അഭിമാനമായിരുന്ന,  ഞങ്ങളുടെ  ആസ്ഥാന  തസ്ക്കരൻ.   ഒരുകാലത്ത്   കേരളാ  പോലീസിന്റെ   ഉറക്കം  കെടുത്തിയ  പേരെടുത്ത  മോഷ്ടാവ്.   5 അടി  9  ഇഞ്ച്‌  നീളം,   ദുർമ്മേദസ്   ഒട്ടുമില്ലാത്ത  ശരീരപ്രകൃതം.  ചുരുണ്ട  മുടി.  സദാ  ഗൌരവം  മുറ്റി  നില്ക്കുന്ന  മുഖഭാവം.  രാസവളങ്ങളും  മറ്റും  കൊടുത്തു   നനച്ചു  വളർത്തിയ അതിഗംഭീരമായ  കപ്പടാമീശ.  കക്ഷിയെ  ആര്  കണ്ടാലും  ഒന്ന്  നോക്കി  നിന്നു  പോകുമായിരുന്നു.  ആ  ഗോപാലനാണ്  ചക്കിലിട്ട്  പതം  വന്ന  മാതിരി  എന്റെ  മുന്നിൽ  നില്ക്കുന്നത്.

ഗോപാലൻ   ദേശസ് നേഹിയായ  ഒരു  കള്ളനായിരുന്നു.   അതുകൊണ്ടുതന്നെ,  കടപ്ര  നിരണം  സ്വദേശികൾക്ക്   ഗോപാലൻ   അനഭിമതനായിരുന്നില്ല.  ഞങ്ങളുടെ  നാട്ടിൽ   നിന്ന്   ഒരു  വാഴക്കുല പോലും മോഷ്ടിച്ചിട്ടില്ല.

വിഗ്രഹ  മോഷണത്തിലായിരുന്നു  സ്പെഷ്യലൈസേഷൻ.   കൂട്ടുകൂടി  മോഷണം  നടത്തുന്ന  സ്വഭാവക്കാരനായിരുന്നില്ല.  അതുപോലെ,  ക്ഷേത്ര  പരിസരവും,  ഇടവഴികളും  ശരിയായി  ഹൃദിസ്ഥമാക്കിയിട്ടേ  ഓപ്പറേഷന്   തയ്യാറാവുകയുള്ളൂ.  ഒരൊറ്റ  ശ്രമം  പോലും  പാളിയിട്ടില്ല.  മോഷ്ടിച്ചു  കിട്ടുന്ന  വിഗ്രഹമോ,  മറ്റു  വിലപിടിച്ച  വസ്തുക്കളോ  വിറ്റുകിട്ടുന്ന  പണം  മുഴുവൻ  ചെലവായത്തിന്   ശേഷമേ  അടുത്ത  യജ്ഞത്തിനുള്ള  തയ്യാറെടുപ്പുകൾ  പോലും  നടത്തൂ.  അങ്ങനെ  വ്യവസ്ഥയും  വെള്ളിയാഴ്ചയുമുള്ള  കള്ളനായിരുന്നു  ഗോപാലൻ.


സർക്കിൾ  ഇൻസ് പെക്റ്റർ  എന്ന്   സ്വയം  പരിചയപ്പെടുത്തിക്കൊണ്ട,  തരക്കേടില്ലാത്ത  ഹോട്ടലുകളിൽ  മുറിയെടുത്ത്   താമസ്സിച്ചുകൊണ്ടാണ്   പലപ്പോഴും  മോഷണത്തിന്റെ  തിരക്കഥയും,  സംവിധാനവുമൊക്കെ   തയ്യാറാക്കുന്നത്.   മോഷണം  നടത്താൻ  ഉദ്ദേശിക്കുന്ന  സ്ഥലത്തു  നിന്നും  അകലെയുള്ള  ലോഡ് ജുകൾ  മാത്രമേ  താമസിക്കാൻ  തെരഞ്ഞെടുക്കാറുള്ളൂ.  വാടക  കൃത്യമായി  കൊടുത്ത്  തീർത്ത്,   മുറി  കാലിയാക്കിയതിനു  ശേഷം  മാത്രമേ  മോഷണം  നടത്തുക  പതിവുള്ളു.   പിന്നെ  പൊങ്ങുന്നത്  അന്യസംസ്ഥാനങ്ങളിൽ  എവിടെയെങ്കിലും  ആയിരിക്കും.

 സർക്കിൾ  ആയതുകൊണ്ട്   ബാറിലെ  ബില്ല്   ഒരു  ഹോട്ടലുകാരും  സാധാരണ  വാങ്ങുകയില്ല.   ഇനി  ആരെങ്കിലും  നിർഭാഗ്യവശാൽ  ചോദിച്ചെന്നിരിക്കട്ടെ,   അയാളെ  സ് നേഹപുരസരം  മുറിയിലേക്ക്   ക്ഷണിക്കും.   അവൻ  മുറിക്ക്   പുറത്തുവരുന്നത്   ഒരു  ദൃഡ്ഢപ്രതിജ്ഞ  എടുത്തുകൊണ്ടായിരിക്കും.  ഉയിരിന്  ജീവനുണ്ടെങ്കിൽ  പോലീസ്  എന്ന്   തോന്നിക്കുന്നവരോടുപോലും,  കുടിച്ച  കള്ളിന്റെ  കാശ്  മേലിൽ  ചോദിക്കുകയില്ല.  കുഞ്ഞുകുട്ടി  പരാധീനങ്ങളോർത്ത്   പണം  ചോദിക്കുന്ന  സംഭവം  വിരളമാണെന്നുള്ളതാണ്   ഗോപാലന്റെ  അനുഭവം.

1976 ലോ  മറ്റോ  ആണ്.   കൊല്ലം  ജില്ലയിലെ  ഒരു  ക്ഷേത്രത്തിൽ  നിന്ന്   വളരെ  വിലപിടിപ്പുള്ള  ഒരു  തങ്കവിഗ്രഹം  മോഷണം  പോയി.  അടിയന്തിരാവസ്ഥക്കാലമാണ്.   വലിയ  കോളിളക്കം  സൃഷ്ടിച്ച  സംഭവമായിരുന്നു  അത്.   പരമഭക്തനായ  കെ. കരുണാകരനാണ്   ആഭ്യന്തരമന്ത്രി.   കേരളത്തിലുള്ള  സകല  ക്ഷേത്ര  കവർച്ചക്കരേയും  പോലീസ്   പൊക്കി.  നിരപരാധികൾ  ഒരുപാട്   തല്ലുകൊണ്ടു  - ഇക്കാര്യത്തിൽ  എല്ലാവരും  നിരപരാധികൾ  ആയിരുന്നല്ലോ -  ഏതോ  ഒരുത്തനെ  പ്രതിയാക്കി,  കേസെടുത്ത്   കോടതിയിൽ  ഹാജരാക്കുകയും  ചെയ്തു.




അക്കൊല്ലത്തെ,   കടപ്ര  മഹാലക്ഷ്മി  ക്ഷ്വേത്രത്തിലെ  മീനഭരണി  ഉത്സവത്തിന്,   കാർത്തികനാളിലെ  സകല  കലാപരിപാടികളുടെയും  ചെലവ്    ഗോപാലനാണ്  വഹിച്ചത്.   കലാപരിപാടികൾ  സ് പോണ്‍സർ   ചെയ്യുന്ന  മായാജാലം   അന്ന്  കേരളത്തിൽ  നിലവിൽ  വന്നിട്ടുണ്ടായിരുന്നില്ല.  നാദസ്വരകച്ചേരി,  ആലപ്പുഴ  ബ്ലൂ  ഡയമണ്‍സിന്റെ  ഗാനമേള,  അരവിന്ദാക്ഷമേനോന്റെ  ബാലെ,  ആന,  അമ്പാരി  എന്നുവേണ്ടാ  ഏതാണ്ട്  ഇരുപത്തയ്യായിരം  രൂപയോളം  അക്കാലത്ത്   നമ്മുടെ  കഥാപുരുഷൻ  ചിലവാക്കി.

രണ്ടുലക്ഷം  രൂപയാണ്   അന്ന്   കൊല്ലത്തെ വിഗ്രഹം വിറ്റു കിട്ടിയത്.  വളരെ  കാലങ്ങൾക്ക്   ശേഷം   ഗോപാലൻ  തന്നെ  എന്നോട്   പറഞ്ഞിട്ടുള്ളതാണ്.   "മാക്ഷിയമ്മയുടെ  അനുഗ്രഹമായിരുന്നു  കുഞ്ഞേ,  അന്ന്  അതിനൊക്കെ  എന്നെ  സഹായിച്ചത്....."   എങ്ങനെയുണ്ട്   ഗോപാലന്റെ  ലോജിക്ക്.   കൊല്ലത്തുള്ള  ഒരു  ഗ്രാമത്തിലെ  ക്ഷേത്രത്തിലെ  ഭഗവതിയെ  മോഷ്ടിക്കാൻ,  കടപ്രയമ്പലത്തിലെ  ഭഗവതിയുടെ  സഹായം !

വലിയ  മോഷണങ്ങളൊക്കെ  പത്തിരുപത്  വർഷങ്ങൾക്ക്    മുമ്പ്   തന്നെ  ഗോപാലൻ   നിർത്തിയിരുന്നു.   പിന്നീട്  സൈക്കിൾ  മോഷണത്തിലാണ്   ശ്രദ്ധ  കേന്ദ്രീകരിച്ചിരുന്നത്.   അതിനും  ഉണ്ടായിരുന്നു  ഗോപാലന്,   ഗോപാലന്റെതായ  ശാസ്ത്രീയ  രീതി.   ഉടമസ്ഥൻ   ആരാണെന്ന്   വ്യക്തമായ  ധാരണ  കിട്ടിയെങ്കിൽ  മാത്രമേ  സൈക്കിൾ  ചൂണ്ടൂ.   താലൂക്ക്  സപ്ലേ  ആഫീസ്,   താലൂക്ക്   കച്ചേരി,   കോടതി  വളപ്പ്,   മുൻസിപ്പൽ  ആഫീസ്  തുടങ്ങിയ  ഇടങ്ങളായിരുന്നു  ചരിത്രകാരന്റെ  കർമ്മഭൂമി.  ഏത്  പൂട്ടും  നിഷ്പ്രയാസം  തുറക്കാനുള്ള  മാന്ത്രിക  വിദ്യ  ഗോപാലന്  വശമായിരുന്നു.

ഒരാൾ  താലൂക്ക്  കച്ചേരിയുടെയോ,  അതുപോലെ  മറ്റേതെങ്കിലും  ആഫീസ്സിന്റെയൊ  മുന്നിൽ  സൈക്കിൾ  കൊണ്ടുവെച്ച്,   പൂട്ടി  അകത്തേക്ക്   പോകുന്നു.   സ്ഥലത്ത്   ക്യാമ്പ്   ചെയ്തിട്ടുള്ള  സർക്കിൾ,   ആ  സൈക്കിൾ  എടുത്ത്   സ്ഥലം  വിടുന്നു.

തിരുവല്ല  മുൻസിപ്പൽ  ഓഫീസ്  പരിസരത്തെ  സൈക്കിൾ  മോഷണം  ഒരു  സ്ഥിരം  ഏർപ്പാടായിത്തീർന്നപ്പോൾ,  യഥാർത്ഥ  തിരുവല്ലാ  സർക്കിൾ  ഒരു  കൊലച്ചതി  ചെയ്തു  കളഞ്ഞു.  ഓഫീസ്  പരിസരത്ത്   മാഫ് ത്തിയിൽ  പോലീസുകാരെ  നിരീക്ഷണത്തിന്   നിർത്തി.  പാവം  നിരണം  സർക്കിൾ,  തിരുവല്ലാ  സർക്കിളിന്റെ   വലയിൽ  വീഴുകയും  ചെയ്തു.  പലിശയും  പലിശയുടെ  പലിശയും,  മൂലധനവും  മിച്ചമൂലധനവും  എല്ലാം  ചേർത്ത്   പോലീസ്  ഗോപാലനെ  ഭംഗിയായി  സല്ക്കരിച്ചു.  5 - 6  കൊല്ലം  ജയിലിലുമായി.  ജയിൽ  മോചിതനായപ്പോൾ,  പഴയ  പ്രതാപത്തെ  അനുസ്മരിക്കാൻ  ആ  മേമീശ  മാത്രമുണ്ടായിരുന്നു,  നീക്കി  ബാക്കിയായി.




എന്നോട്   നൂറു  രൂപ  ചോദിച്ചു  എന്ന്  കരുതി,   ഇത്  ഒരു  കാർഷിക  കലയാക്കിയ  വ്യക്തിയാണ്   ഗോപാലൻ   എന്ന്   വായനക്കാർ  തെറ്റിദ്ധരിക്കരുത്.   സ്വാതന്ത്ര്യം  ഉള്ളവരോട്  മാത്രം  ചോദിക്കും.  കൊടുത്താൽ  സന്തോഷം.  കൊടുത്തില്ലെങ്കിൽ  പിണക്കവുമില്ല.  കിട്ടിയില്ല  എന്ന്  കരുതി  മറ്റൊരവസരത്തിൽ  നൂറു  രൂപാ  ചോദിക്കാൻ  ഗോപാലന്   ഒട്ടും  വൈമനസ്യവുമില്ല.

ഈ  സർക്കിൾ  എന്നെ ഒരു  വലിയ അപകടത്തിൽ  നിന്നൊരിക്കൽ   രക്ഷിച്ചിട്ടുണ്ട് , ആ  കഥ ഇങ്ങനയാണ്‌ :


എന്റെ  ചേച്ചിയുടെ  ഭർത്താവ്‌  ആർമി  ക്യാപ്ടന്  കാശ്മീരിലെ അതിർത്തി  പ്രദേശങ്ങളിലെവിടെക്കോ   സ്ഥലം  മാറ്റമായി .  അളിയന്റെ  ബുളളറ്റ്  മോട്ടോർ  സൈക്കിൾ  വീട്ടിൽ  കൊണ്ട്  വെച്ചിട്ടായിരുന്നു  അവധി  കഴിഞ്ഞ്   പോയത്.   എനിക്കും അനിയൻ രാജനും സന്തോഷതിനിനി  എന്തു   വേണ്ടൂ.   പക്ഷെ  ഞങ്ങളുടെ  അമ്മൂമ്മ  ഈ  ദ്വിചക്രശകടത്തിന്    ശത്രുപക്ഷത്താണ്   സ്ഥാനം  കൊടുത്തത്.   കാലൻ   വണ്ടി  എന്നാണ്   അമ്മൂമ്മ  വിശേഷിപ്പിച്ചിരുന്നത്.  കാലൻ  പണ്ട്   പോത്തിന്റെ  പുറത്ത്   സഞ്ചരിച്ചിരുന്നു.  ഈ  ആധുനിക  യുഗത്തിൽ  ഇതിന്മേൽ  സവാരിചെയ്ത്   തന്റെ  ദൌത്യം  നിറവേറ്റുന്നു  എന്നാണ്   അമ്മൂമ്മയുടെ  കവി  സങ്കൽപം.



അമ്മൂമ്മയുടെ  കണ്ണ്  വെട്ടിച്ച്  ഈ  ശകടാസുരനിലേറി  ഒരു  സവാരി  നടത്തവേ  ഞാനൊരു  മൈനർ   അപകടത്തിൽ  പെട്ടു.   ഒരു  സൈക്കിൾ  യാത്രക്കാരൻ  പയ്യനെ  ഇടിച്ചു  താഴെയിട്ടു.   അവന്   കുഴപ്പമൊന്നുമില്ല.  പക്ഷെ  സൈക്കിൾ  പൊളിഞ്ഞു  പാളീസായി.   കുറ്റം  എന്റെതായിരുന്നില്ല.  പക്ഷെ  അത്  പറഞ്ഞിട്ട്   കാര്യമില്ല.  ഇടിച്ചത്   മോട്ടോർ  സൈക്കിൾ.   ഇടിക്കപ്പെട്ടത്  സൈക്കിൾ.  മറ്റൊരു  ഗൌരവമായ  സംഗതിയാണ്,   ശമനം  പാലിക്കാൻ  എന്നെ  പ്രേരിപ്പിച്ചത്.   എനിക്ക്   ലൈസൻസ്   ഉണ്ടായിരുന്നില്ല.

അവന്    നൂറുരൂപയും  കൊടുത്ത്,  സൈക്കിൾ  നന്നാക്കാൻ  മാന്നാറിലുള്ള  കൃഷ്ണപണിക്കന്റെ  സൈക്കിൾഷോപ്പിൽ ഏൽപ്പിക്കുകയും  ചെയ്തു.  ഒരൊറ്റ  നിർബന്ധമേ  എനിക്ക്  ഉണ്ടായിരുന്നുള്ളൂ.  സംഗതി  വീട്ടിൽ  അറിയരുത്.   വീട്ടിൽ   അറിഞ്ഞാൽ.   അനന്തര  നടപടി  ഹൃദയഭേദകമായിരിക്കും.  പിറ്റേന്നു  തന്നെ  ബുള്ളറ്റ്   കേരളത്തിന്റെ  അതിർത്തി  കടക്കും.  അമ്മൂമ്മയുടെ  വിധിക്കെതിരെ  ഒരു  കോടതിയും  അപ്പീൽ  സ്വീകരിക്കുകയില്ല.

എന്റെയീ  ദൌർബല്യം   ആ  ചെറുക്കൻ  ചൂഷണം  ചെയ്യുമെന്നു  ഞാൻ  സ്വപ് നേപി  കരുതിയിരുന്നില്ല.   ഇവൻ  ഒരുദിവസം  വീട്ടിലേക്ക്   വെച്ചുപിടിക്കുന്നത്   വീടിനു  സമീപം  മുറുക്കാൻ  കട  നടത്തുന്ന  വിദ്യാധരൻ  കണ്ടു.  50 രൂപ  കൊടുത്ത്  ഗൃഹസന്ദർശനം  അന്ന്  ഒഴിവാക്കി,  വിദ്യാധരൻ.  കുറെ നാളു  കഴിഞ്ഞ്   ഒരിക്കൽ  ഞാൻ  അയാളുടെ  കടയിൽ  നിൽക്കുമ്പോൾ  ഈ  അസുരൻ  വീണ്ടും  പ്രത്യക്ഷപ്പെട്ടു.   അവിടെ  അപ്പോൾ  നമ്മുടെ  സർക്കിളും  ഉണ്ടായിരുന്നു.  വിരാട് പുരുഷന്റെ  വീരശൂര  പരാക്രമകഥകൾ  കേട്ട്  നില്ക്കുകയാണ്.   അപകടകാരിയെ  വിദ്യാധരൻ  കടയിലേക്ക്   വിളിച്ചു.   പണിക്ക്   പോയിട്ട്   കുറെ  ദിവസങ്ങളായി.   200  രൂപ  വേണം.  അതിനാണ്   വീട്ടിലേക്ക്   പോകുന്നത്.

സർക്കിൾ  കാര്യമാന്വേഷിച്ചു.  സംഭവം  ഞാൻ  പറഞ്ഞു.   വീട്ടിൽ   വിവരം  അറിയരുതെന്നുള്ള  എന്റെ  ബലഹീനത  ഇവൻ   മുതലെടുക്കുകയാണെന്ന്   ഗോപാലന്   പിടികിട്ടി.

ഒരൊറ്റയടി   ആയിരുന്നു.  അമിട്ട്  പൊട്ടുന്ന  പോലെയിരുന്നു.   പന്നായി  പാലത്തിനിക്കരെ,  പുലിയാടിമോനെ  നിന്നെ  കണ്ടുപോയേക്കരുത്  -  എന്നൊരു  താക്കീതും.   അങ്ങനെയാണ്   ആ  അദ്ധ്യായത്തിന്   തിരശീല  വീണത്.

ലേഖകൻ

ഗോപാലൻ  ഒരു  ഫലിതക്കാരൻ  ആയിരുന്നു.  നല്ല  സരസമായി  സംസാരിക്കും.  ഗോപാലൻ  ജയിലിൽ  പോകുന്നതിന്   മുമ്പാണ്.   നിരണത്ത്   പള്ളിയിൽ  നിന്ന്   ഒരു  ശവസംസ്കാരം  കഴിഞ്ഞ്  ഞാനും  ചില  സുഹൃത്തുക്കളും  പുറത്തേക്ക്  വരികയായിരുന്നു.   ഞങ്ങളോടൊപ്പം  ഗോപാലനുമുണ്ട്.   ഞങ്ങളെ  കണ്ടപ്പോൾ,  കടപ്രയിലെ  ചന്ദ്രാ  സ് റ്റുഡിയോയിലെ  ചന്ദ്രൻ ,  ഒരു  ഫോട്ടോ  എടുത്തു.

ഇതു  കണ്ടപ്പോൾ  ഗോപാലൻ  പറഞ്ഞു :  "എന്റെ  കൂടെ  രവിക്കുഞ്ഞ്   നില്ക്കുന്ന  ഫോട്ടോ നീ എടുത്തു.   ഇപ്പോൾ  കുഴപ്പമില്ല.  പക്ഷെ  എന്നെങ്കിലും,  തൊണ്ടി  തപ്പി  പോലീസ്   വരും.  അന്നെങ്ങാനും  ഈ  ഫോട്ടോ  അവരുടെ  കയ്യിൽ  കിട്ടിയാൽ,  കുഞ്ഞിനത്  നാണക്കേടാ."

ശവസംസ്ക്കാരസ്ഥലത്താണ്   നില്ക്കുന്നതെന്നുപോലും  വിസ്മരിച്ച്  ഞങ്ങൾ  പൊട്ടിച്ചിരിച്ചുപോയി.