History of the formation of the Communist Party in Ennakkad village.
എണ്ണയ്ക്കാടും ഗ്രാമവും ( ഭാഗം - 1 )
എണ്ണയ്ക്കാടും ഗ്രാമവും ( ഭാഗം - 1 )
കാറും കോളും നിറഞ്ഞ, കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചു വേണം കമ്മ്യൂണിസത്തിൽ എത്തിച്ചേരാൻ. സി.വിയുടെ മാർത്താണ്ഡവർമ്മയിൽ പറയുന്നപോലെ, കല്ലു കരടു കാഞ്ഞിരക്കുറ്റിയും, മുള്ളു മുരടു മൂർഖൻ പാമ്പും നിറഞ്ഞ പാത. മർദ്ദിത ജനതയുടെ മോചനത്തിനും, നാടിന്റെ സ്വാതന്ത്ര്യത്തിനുമായി ആ പാത തെരഞ്ഞെടുത്ത്, പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മനുഷ്യ സ് നേഹികൾക്ക് നേരിടേണ്ടിവന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടം ആയിരുന്നു 1940 കൾ. ഐതിഹാസികമായ സമരങ്ങളും, അവയെ പൈശാചികമായി നേരിട്ട ഭരണവർഗ്ഗങ്ങളുടെ അക്രമങ്ങളും കൊണ്ടുമെല്ലാം ആ കാലഘട്ടം ഭയാനകമായ ഇരുൾ നിറഞ്ഞതായിരുന്നു.
1940 ൽ നടന്ന മൊറാഴ - കയ്യൂർ സംഭവം, 1946 ഡിസംബറിൽ നടന്ന കരിവെള്ളൂർ സമരം, 1948 ൽ നടന്ന തില്ലങ്കേരി സംഭവം തുടങ്ങിയ പ്രക്ഷോഭങ്ങൾ മലബാറിലും, 1946 ൽ തിരുവിതാംകൂറിലെ പുന്നപ്രയിലും വയലാറിലും നടന്ന പണിമുടക്കും, അതിനേ തുടർന്നുണ്ടായ വെടിവെയ്പും, 1949 ൽ ശൂരനാട് പ്രക്ഷോഭവും, തുടർന്നുണ്ടായ പോലീസ് അക്രമങ്ങളും, അങ്ങനെ കേരളമാകെ സമരങ്ങളുടേയും, അത് നേരിട്ട ഭരണകൂടങ്ങളുടെ ഭീകര വാഴ്ചയും കൊണ്ട് പ്രക്ഷുബ്ധമായിരുന്നു.
![]() |
സ. പി.സി.ജോഷി |
![]() |
സ. ബി.ടി.രണദിവെ |
![]() |
സ. സി.രാജേശ്വരറാവു |
സ. രണദിവെ കൽക്കത്തയിൽ ഈ തിസീസ് അവതരിപ്പിക്കുന്നതിനു 7 - 8 കൊല്ലങ്ങൾക്ക് മുമ്പു തന്നെ, ജന്മിത്തത്തിനോട് പരസ്യമായി എതിർപ്പു പ്രകടിപ്പിക്കുകയും, തൊഴിലാളി ജന്മിയുടെ അടിമയല്ലെന്ന് പ്രഖ്യാപിക്കുകയും, കാർഷിക വിള അത് കൃഷി ചെയ്തുണ്ടാക്കുന്നവന് അവകാശപ്പെട്ടതാണെന്നും മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, എതിർപ്പിന്റെ അഗ്നിജ്വാലകൾ വിരിയിച്ച പ്രദേശങ്ങളായിരുന്നു എണ്ണയ്ക്കാട്, ഗ്രാമം, പെരിങ്ങിലിപ്പുറം എന്നീപ്രദേശങ്ങൾ. ചെങ്ങന്നൂർ താലൂക്കിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങൾ. സ്ഥിതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല.
മദ്ധ്യ തിരുവിതാംകൂറിലെ ആദ്യത്തെ ഭൂസമരത്തിന് സാക്ഷ്യം വഹിച്ചത് എണ്ണയ്ക്കാടിന് (Ennakkad, Chengannoor) സമീപമുള്ള ഗ്രാമം എന്ന പ്രദേശത്തായിരുന്നു. ജന്മിയെ ഞെട്ടിക്കുകയല്ല, പ്രത്യുതാ അത്ഭുതപ്പെടുത്തിയ ഈ സംഭവത്തിന് പിന്നിൽ, അന്ന് വിരലിലെണ്ണാൻ മാത്രം അംഗസംഖ്യയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു സഹായബലമായി നിന്നത്.
![]() |
എണ്ണയ്ക്കാട് ചന്ത |
എണ്ണയ്ക്കാട് കൊട്ടാരത്തിലെ വലിയതമ്പുരാൻ ആയിരുന്ന രാമവർമ്മ തമ്പുരാൻ കുറച്ചൊക്കെ പുരോഗമന ചിന്താഗതിക്കാരനായിരുന്നു. അതുകൊണ്ടു തന്നെ ജന്മിത്തത്തിന്റെ അലങ്കാരങ്ങളായ അഹന്തയോ, ക്രൂരതയോ അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹത്തിന്റെ മക്കളെല്ലാം പില്ക്കാലത്ത് കമ്മ്യൂണിസ്റ്റുകാരായി തീർന്നത് ഇതു കാരണമായിരിക്കണം. ഐക്യ കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കറായിരുന്ന ആർ. ശങ്കരനാരായണൻ തമ്പി, രാജശേഖരൻ തമ്പി, ഡോ. രാമകൃഷ്ണൻ തമ്പി, വേലായുധൻ തമ്പി, രാധമ്മ തങ്കച്ചി (സ. സി. ഉണ്ണിരാജായുടെ ഭാര്യ), സുഭദ്രാമ്മ തങ്കച്ചി (സ. ജോർജ്ജ് ചടയന്മുറിയുടെ ഭാര്യ) എന്നിവർ തമ്പുരാന്റെ മക്കളായിരുന്നു. രാമവർമ്മ തമ്പുരാന്റെ അനന്തിരവളെ ആയിരുന്നു, ഗ്രാമത്തിൽ കൊട്ടാരത്തിലെ തമ്പുരാനായിരുന്ന ജി.ആർ. രാജരാജവർമ്മ കോവിൽ തമ്പുരാൻ വിവാഹം കഴിച്ചിരുന്നത്.
![]() |
സ. ആർ.ശങ്കരനാരായണൻ തമ്പി |
ക്രൂരതയുടെ പര്യായമായിരുന്നു കുഞ്ഞുണ്ണി തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ഈ തമ്പുരാൻ. കിരാതനായ ഒരു ജന്മിക്കുവേണ്ട എല്ലാ ദോഷങ്ങളും ഒന്നൊന്നര കഴഞ്ചെങ്കിലും കൂടുതൽ ചേർന്നുള്ള അത്യുഗ്ര വിഷമുള്ള ഒരു സൃഷ്ടിയായിരുന്നു തമ്പുരാൻ. തൊഴിലാളികളെ വെറും അടിമകളെ പോലെയാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. അതിക്രൂരമായി അവരെ അദ്ദേഹം മർദ്ദിക്കുമായിരുന്നു. ഉമ്മന്റയ്യത്ത് കൃഷ്ണപിള്ളയെ പോലെയുള്ള നാട്ടിലെ ആഭാസന്മാരേയും ചട്ടമ്പികളേയും ചെല്ലും ചെലവും കൊടുത്ത് പുലർത്തിയിരുന്നത് തൊഴിലാളി ദ്രോഹ കൃത്യത്തിനായിരുന്നു.
ഈ സംഭവങ്ങളുമായി ബന്ധം ഒന്നുമില്ലെങ്കിലും, ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. കുഞ്ഞുണ്ണി തമ്പുരാന്റെ മകൻ നരേന്ദ്ര വർമ്മയുടെ മകനാണ്, ദേശാഭിമാനി റെസിഡന്റ് എഡിറ്റർ, കവി പ്രഭാ വർമ്മയുടെ മകളെ വിവാഹം ചെയ്തിരിക്കുന്നത്.
No comments:
Post a Comment