Thursday, October 3, 2013

സർക്കിൾ ഗോപാലന്റെ മോഷണപർവ്വം : പി. രവീന്ദ്രനാഥ്






ഇക്കഴിഞ്ഞൊരു  ദിവസം  ഞാൻ  നിരണത്തുള്ള   എസ്.ബി.റ്റി.  ശാഖയിൽ  നിന്നിറങ്ങി  വരുമ്പോൾ,   തികച്ചും  അപരിചിതനായ  ഒരാൾ  വളരെ  സ്വാതന്ത്ര്യത്തോട്    ഒരു  ക്വാർട്ടർ  വാങ്ങിക്കാൻ  നൂറു  രൂപ  ആവശ്യപ്പെട്ടു.   ചടച്ച്,   മെലിഞ്ഞ്,  നീണ്ട്    ആ  ശരീരത്തിന്  തീരെ  ഇണങ്ങാത്ത  കപ്പടാ  മീശയോടുകൂടിയ  ഒരാൾ.

ജനുവിൻ  ഫാസ്റ്റ്   ബൌളറെ  നേരിടുന്ന  വാലറ്റക്കാരൻ  ബാറ്റ്സ് മാനെ  പോലെ,  തപ്പീം  തടഞ്ഞും  ഞാൻ  നില്ക്കുന്നത്   കണ്ടപ്പോൾ,   മീശ  എന്നോട്  ചോദിച്ചു., 

"അല്ല,   എന്നെ  മനസ്സിലായില്ലിയോ,  രവിക്കുഞ്ഞേ  ഇത്  ഞാനാ,  ഗോപാലൻ."

ഗോപാലനെ  എനിക്ക്   ഓർത്തെടുക്കാൻ  കഴിയാതെ  പോയതിന്റെ  കാരണക്കാർ   ഞാനോ,  ഗോപാലനോ  അല്ല.  അതിന്റെ  പരിപൂർണ്ണ   ഉത്തരവാദിത്തം  കേരളാ  പോലീസിനാണ്.

സർക്കിൾ  ഗോപാലൻ.  ഞങ്ങൾ  കടപ്ര - നിരണം  നിവാസികളുടെ  അഭിമാനമായിരുന്ന,  ഞങ്ങളുടെ  ആസ്ഥാന  തസ്ക്കരൻ.   ഒരുകാലത്ത്   കേരളാ  പോലീസിന്റെ   ഉറക്കം  കെടുത്തിയ  പേരെടുത്ത  മോഷ്ടാവ്.   5 അടി  9  ഇഞ്ച്‌  നീളം,   ദുർമ്മേദസ്   ഒട്ടുമില്ലാത്ത  ശരീരപ്രകൃതം.  ചുരുണ്ട  മുടി.  സദാ  ഗൌരവം  മുറ്റി  നില്ക്കുന്ന  മുഖഭാവം.  രാസവളങ്ങളും  മറ്റും  കൊടുത്തു   നനച്ചു  വളർത്തിയ അതിഗംഭീരമായ  കപ്പടാമീശ.  കക്ഷിയെ  ആര്  കണ്ടാലും  ഒന്ന്  നോക്കി  നിന്നു  പോകുമായിരുന്നു.  ആ  ഗോപാലനാണ്  ചക്കിലിട്ട്  പതം  വന്ന  മാതിരി  എന്റെ  മുന്നിൽ  നില്ക്കുന്നത്.

ഗോപാലൻ   ദേശസ് നേഹിയായ  ഒരു  കള്ളനായിരുന്നു.   അതുകൊണ്ടുതന്നെ,  കടപ്ര  നിരണം  സ്വദേശികൾക്ക്   ഗോപാലൻ   അനഭിമതനായിരുന്നില്ല.  ഞങ്ങളുടെ  നാട്ടിൽ   നിന്ന്   ഒരു  വാഴക്കുല പോലും മോഷ്ടിച്ചിട്ടില്ല.

വിഗ്രഹ  മോഷണത്തിലായിരുന്നു  സ്പെഷ്യലൈസേഷൻ.   കൂട്ടുകൂടി  മോഷണം  നടത്തുന്ന  സ്വഭാവക്കാരനായിരുന്നില്ല.  അതുപോലെ,  ക്ഷേത്ര  പരിസരവും,  ഇടവഴികളും  ശരിയായി  ഹൃദിസ്ഥമാക്കിയിട്ടേ  ഓപ്പറേഷന്   തയ്യാറാവുകയുള്ളൂ.  ഒരൊറ്റ  ശ്രമം  പോലും  പാളിയിട്ടില്ല.  മോഷ്ടിച്ചു  കിട്ടുന്ന  വിഗ്രഹമോ,  മറ്റു  വിലപിടിച്ച  വസ്തുക്കളോ  വിറ്റുകിട്ടുന്ന  പണം  മുഴുവൻ  ചെലവായത്തിന്   ശേഷമേ  അടുത്ത  യജ്ഞത്തിനുള്ള  തയ്യാറെടുപ്പുകൾ  പോലും  നടത്തൂ.  അങ്ങനെ  വ്യവസ്ഥയും  വെള്ളിയാഴ്ചയുമുള്ള  കള്ളനായിരുന്നു  ഗോപാലൻ.


സർക്കിൾ  ഇൻസ് പെക്റ്റർ  എന്ന്   സ്വയം  പരിചയപ്പെടുത്തിക്കൊണ്ട,  തരക്കേടില്ലാത്ത  ഹോട്ടലുകളിൽ  മുറിയെടുത്ത്   താമസ്സിച്ചുകൊണ്ടാണ്   പലപ്പോഴും  മോഷണത്തിന്റെ  തിരക്കഥയും,  സംവിധാനവുമൊക്കെ   തയ്യാറാക്കുന്നത്.   മോഷണം  നടത്താൻ  ഉദ്ദേശിക്കുന്ന  സ്ഥലത്തു  നിന്നും  അകലെയുള്ള  ലോഡ് ജുകൾ  മാത്രമേ  താമസിക്കാൻ  തെരഞ്ഞെടുക്കാറുള്ളൂ.  വാടക  കൃത്യമായി  കൊടുത്ത്  തീർത്ത്,   മുറി  കാലിയാക്കിയതിനു  ശേഷം  മാത്രമേ  മോഷണം  നടത്തുക  പതിവുള്ളു.   പിന്നെ  പൊങ്ങുന്നത്  അന്യസംസ്ഥാനങ്ങളിൽ  എവിടെയെങ്കിലും  ആയിരിക്കും.

 സർക്കിൾ  ആയതുകൊണ്ട്   ബാറിലെ  ബില്ല്   ഒരു  ഹോട്ടലുകാരും  സാധാരണ  വാങ്ങുകയില്ല.   ഇനി  ആരെങ്കിലും  നിർഭാഗ്യവശാൽ  ചോദിച്ചെന്നിരിക്കട്ടെ,   അയാളെ  സ് നേഹപുരസരം  മുറിയിലേക്ക്   ക്ഷണിക്കും.   അവൻ  മുറിക്ക്   പുറത്തുവരുന്നത്   ഒരു  ദൃഡ്ഢപ്രതിജ്ഞ  എടുത്തുകൊണ്ടായിരിക്കും.  ഉയിരിന്  ജീവനുണ്ടെങ്കിൽ  പോലീസ്  എന്ന്   തോന്നിക്കുന്നവരോടുപോലും,  കുടിച്ച  കള്ളിന്റെ  കാശ്  മേലിൽ  ചോദിക്കുകയില്ല.  കുഞ്ഞുകുട്ടി  പരാധീനങ്ങളോർത്ത്   പണം  ചോദിക്കുന്ന  സംഭവം  വിരളമാണെന്നുള്ളതാണ്   ഗോപാലന്റെ  അനുഭവം.

1976 ലോ  മറ്റോ  ആണ്.   കൊല്ലം  ജില്ലയിലെ  ഒരു  ക്ഷേത്രത്തിൽ  നിന്ന്   വളരെ  വിലപിടിപ്പുള്ള  ഒരു  തങ്കവിഗ്രഹം  മോഷണം  പോയി.  അടിയന്തിരാവസ്ഥക്കാലമാണ്.   വലിയ  കോളിളക്കം  സൃഷ്ടിച്ച  സംഭവമായിരുന്നു  അത്.   പരമഭക്തനായ  കെ. കരുണാകരനാണ്   ആഭ്യന്തരമന്ത്രി.   കേരളത്തിലുള്ള  സകല  ക്ഷേത്ര  കവർച്ചക്കരേയും  പോലീസ്   പൊക്കി.  നിരപരാധികൾ  ഒരുപാട്   തല്ലുകൊണ്ടു  - ഇക്കാര്യത്തിൽ  എല്ലാവരും  നിരപരാധികൾ  ആയിരുന്നല്ലോ -  ഏതോ  ഒരുത്തനെ  പ്രതിയാക്കി,  കേസെടുത്ത്   കോടതിയിൽ  ഹാജരാക്കുകയും  ചെയ്തു.




അക്കൊല്ലത്തെ,   കടപ്ര  മഹാലക്ഷ്മി  ക്ഷ്വേത്രത്തിലെ  മീനഭരണി  ഉത്സവത്തിന്,   കാർത്തികനാളിലെ  സകല  കലാപരിപാടികളുടെയും  ചെലവ്    ഗോപാലനാണ്  വഹിച്ചത്.   കലാപരിപാടികൾ  സ് പോണ്‍സർ   ചെയ്യുന്ന  മായാജാലം   അന്ന്  കേരളത്തിൽ  നിലവിൽ  വന്നിട്ടുണ്ടായിരുന്നില്ല.  നാദസ്വരകച്ചേരി,  ആലപ്പുഴ  ബ്ലൂ  ഡയമണ്‍സിന്റെ  ഗാനമേള,  അരവിന്ദാക്ഷമേനോന്റെ  ബാലെ,  ആന,  അമ്പാരി  എന്നുവേണ്ടാ  ഏതാണ്ട്  ഇരുപത്തയ്യായിരം  രൂപയോളം  അക്കാലത്ത്   നമ്മുടെ  കഥാപുരുഷൻ  ചിലവാക്കി.

രണ്ടുലക്ഷം  രൂപയാണ്   അന്ന്   കൊല്ലത്തെ വിഗ്രഹം വിറ്റു കിട്ടിയത്.  വളരെ  കാലങ്ങൾക്ക്   ശേഷം   ഗോപാലൻ  തന്നെ  എന്നോട്   പറഞ്ഞിട്ടുള്ളതാണ്.   "മാക്ഷിയമ്മയുടെ  അനുഗ്രഹമായിരുന്നു  കുഞ്ഞേ,  അന്ന്  അതിനൊക്കെ  എന്നെ  സഹായിച്ചത്....."   എങ്ങനെയുണ്ട്   ഗോപാലന്റെ  ലോജിക്ക്.   കൊല്ലത്തുള്ള  ഒരു  ഗ്രാമത്തിലെ  ക്ഷേത്രത്തിലെ  ഭഗവതിയെ  മോഷ്ടിക്കാൻ,  കടപ്രയമ്പലത്തിലെ  ഭഗവതിയുടെ  സഹായം !

വലിയ  മോഷണങ്ങളൊക്കെ  പത്തിരുപത്  വർഷങ്ങൾക്ക്    മുമ്പ്   തന്നെ  ഗോപാലൻ   നിർത്തിയിരുന്നു.   പിന്നീട്  സൈക്കിൾ  മോഷണത്തിലാണ്   ശ്രദ്ധ  കേന്ദ്രീകരിച്ചിരുന്നത്.   അതിനും  ഉണ്ടായിരുന്നു  ഗോപാലന്,   ഗോപാലന്റെതായ  ശാസ്ത്രീയ  രീതി.   ഉടമസ്ഥൻ   ആരാണെന്ന്   വ്യക്തമായ  ധാരണ  കിട്ടിയെങ്കിൽ  മാത്രമേ  സൈക്കിൾ  ചൂണ്ടൂ.   താലൂക്ക്  സപ്ലേ  ആഫീസ്,   താലൂക്ക്   കച്ചേരി,   കോടതി  വളപ്പ്,   മുൻസിപ്പൽ  ആഫീസ്  തുടങ്ങിയ  ഇടങ്ങളായിരുന്നു  ചരിത്രകാരന്റെ  കർമ്മഭൂമി.  ഏത്  പൂട്ടും  നിഷ്പ്രയാസം  തുറക്കാനുള്ള  മാന്ത്രിക  വിദ്യ  ഗോപാലന്  വശമായിരുന്നു.

ഒരാൾ  താലൂക്ക്  കച്ചേരിയുടെയോ,  അതുപോലെ  മറ്റേതെങ്കിലും  ആഫീസ്സിന്റെയൊ  മുന്നിൽ  സൈക്കിൾ  കൊണ്ടുവെച്ച്,   പൂട്ടി  അകത്തേക്ക്   പോകുന്നു.   സ്ഥലത്ത്   ക്യാമ്പ്   ചെയ്തിട്ടുള്ള  സർക്കിൾ,   ആ  സൈക്കിൾ  എടുത്ത്   സ്ഥലം  വിടുന്നു.

തിരുവല്ല  മുൻസിപ്പൽ  ഓഫീസ്  പരിസരത്തെ  സൈക്കിൾ  മോഷണം  ഒരു  സ്ഥിരം  ഏർപ്പാടായിത്തീർന്നപ്പോൾ,  യഥാർത്ഥ  തിരുവല്ലാ  സർക്കിൾ  ഒരു  കൊലച്ചതി  ചെയ്തു  കളഞ്ഞു.  ഓഫീസ്  പരിസരത്ത്   മാഫ് ത്തിയിൽ  പോലീസുകാരെ  നിരീക്ഷണത്തിന്   നിർത്തി.  പാവം  നിരണം  സർക്കിൾ,  തിരുവല്ലാ  സർക്കിളിന്റെ   വലയിൽ  വീഴുകയും  ചെയ്തു.  പലിശയും  പലിശയുടെ  പലിശയും,  മൂലധനവും  മിച്ചമൂലധനവും  എല്ലാം  ചേർത്ത്   പോലീസ്  ഗോപാലനെ  ഭംഗിയായി  സല്ക്കരിച്ചു.  5 - 6  കൊല്ലം  ജയിലിലുമായി.  ജയിൽ  മോചിതനായപ്പോൾ,  പഴയ  പ്രതാപത്തെ  അനുസ്മരിക്കാൻ  ആ  മേമീശ  മാത്രമുണ്ടായിരുന്നു,  നീക്കി  ബാക്കിയായി.




എന്നോട്   നൂറു  രൂപ  ചോദിച്ചു  എന്ന്  കരുതി,   ഇത്  ഒരു  കാർഷിക  കലയാക്കിയ  വ്യക്തിയാണ്   ഗോപാലൻ   എന്ന്   വായനക്കാർ  തെറ്റിദ്ധരിക്കരുത്.   സ്വാതന്ത്ര്യം  ഉള്ളവരോട്  മാത്രം  ചോദിക്കും.  കൊടുത്താൽ  സന്തോഷം.  കൊടുത്തില്ലെങ്കിൽ  പിണക്കവുമില്ല.  കിട്ടിയില്ല  എന്ന്  കരുതി  മറ്റൊരവസരത്തിൽ  നൂറു  രൂപാ  ചോദിക്കാൻ  ഗോപാലന്   ഒട്ടും  വൈമനസ്യവുമില്ല.

ഈ  സർക്കിൾ  എന്നെ ഒരു  വലിയ അപകടത്തിൽ  നിന്നൊരിക്കൽ   രക്ഷിച്ചിട്ടുണ്ട് , ആ  കഥ ഇങ്ങനയാണ്‌ :


എന്റെ  ചേച്ചിയുടെ  ഭർത്താവ്‌  ആർമി  ക്യാപ്ടന്  കാശ്മീരിലെ അതിർത്തി  പ്രദേശങ്ങളിലെവിടെക്കോ   സ്ഥലം  മാറ്റമായി .  അളിയന്റെ  ബുളളറ്റ്  മോട്ടോർ  സൈക്കിൾ  വീട്ടിൽ  കൊണ്ട്  വെച്ചിട്ടായിരുന്നു  അവധി  കഴിഞ്ഞ്   പോയത്.   എനിക്കും അനിയൻ രാജനും സന്തോഷതിനിനി  എന്തു   വേണ്ടൂ.   പക്ഷെ  ഞങ്ങളുടെ  അമ്മൂമ്മ  ഈ  ദ്വിചക്രശകടത്തിന്    ശത്രുപക്ഷത്താണ്   സ്ഥാനം  കൊടുത്തത്.   കാലൻ   വണ്ടി  എന്നാണ്   അമ്മൂമ്മ  വിശേഷിപ്പിച്ചിരുന്നത്.  കാലൻ  പണ്ട്   പോത്തിന്റെ  പുറത്ത്   സഞ്ചരിച്ചിരുന്നു.  ഈ  ആധുനിക  യുഗത്തിൽ  ഇതിന്മേൽ  സവാരിചെയ്ത്   തന്റെ  ദൌത്യം  നിറവേറ്റുന്നു  എന്നാണ്   അമ്മൂമ്മയുടെ  കവി  സങ്കൽപം.



അമ്മൂമ്മയുടെ  കണ്ണ്  വെട്ടിച്ച്  ഈ  ശകടാസുരനിലേറി  ഒരു  സവാരി  നടത്തവേ  ഞാനൊരു  മൈനർ   അപകടത്തിൽ  പെട്ടു.   ഒരു  സൈക്കിൾ  യാത്രക്കാരൻ  പയ്യനെ  ഇടിച്ചു  താഴെയിട്ടു.   അവന്   കുഴപ്പമൊന്നുമില്ല.  പക്ഷെ  സൈക്കിൾ  പൊളിഞ്ഞു  പാളീസായി.   കുറ്റം  എന്റെതായിരുന്നില്ല.  പക്ഷെ  അത്  പറഞ്ഞിട്ട്   കാര്യമില്ല.  ഇടിച്ചത്   മോട്ടോർ  സൈക്കിൾ.   ഇടിക്കപ്പെട്ടത്  സൈക്കിൾ.  മറ്റൊരു  ഗൌരവമായ  സംഗതിയാണ്,   ശമനം  പാലിക്കാൻ  എന്നെ  പ്രേരിപ്പിച്ചത്.   എനിക്ക്   ലൈസൻസ്   ഉണ്ടായിരുന്നില്ല.

അവന്    നൂറുരൂപയും  കൊടുത്ത്,  സൈക്കിൾ  നന്നാക്കാൻ  മാന്നാറിലുള്ള  കൃഷ്ണപണിക്കന്റെ  സൈക്കിൾഷോപ്പിൽ ഏൽപ്പിക്കുകയും  ചെയ്തു.  ഒരൊറ്റ  നിർബന്ധമേ  എനിക്ക്  ഉണ്ടായിരുന്നുള്ളൂ.  സംഗതി  വീട്ടിൽ  അറിയരുത്.   വീട്ടിൽ   അറിഞ്ഞാൽ.   അനന്തര  നടപടി  ഹൃദയഭേദകമായിരിക്കും.  പിറ്റേന്നു  തന്നെ  ബുള്ളറ്റ്   കേരളത്തിന്റെ  അതിർത്തി  കടക്കും.  അമ്മൂമ്മയുടെ  വിധിക്കെതിരെ  ഒരു  കോടതിയും  അപ്പീൽ  സ്വീകരിക്കുകയില്ല.

എന്റെയീ  ദൌർബല്യം   ആ  ചെറുക്കൻ  ചൂഷണം  ചെയ്യുമെന്നു  ഞാൻ  സ്വപ് നേപി  കരുതിയിരുന്നില്ല.   ഇവൻ  ഒരുദിവസം  വീട്ടിലേക്ക്   വെച്ചുപിടിക്കുന്നത്   വീടിനു  സമീപം  മുറുക്കാൻ  കട  നടത്തുന്ന  വിദ്യാധരൻ  കണ്ടു.  50 രൂപ  കൊടുത്ത്  ഗൃഹസന്ദർശനം  അന്ന്  ഒഴിവാക്കി,  വിദ്യാധരൻ.  കുറെ നാളു  കഴിഞ്ഞ്   ഒരിക്കൽ  ഞാൻ  അയാളുടെ  കടയിൽ  നിൽക്കുമ്പോൾ  ഈ  അസുരൻ  വീണ്ടും  പ്രത്യക്ഷപ്പെട്ടു.   അവിടെ  അപ്പോൾ  നമ്മുടെ  സർക്കിളും  ഉണ്ടായിരുന്നു.  വിരാട് പുരുഷന്റെ  വീരശൂര  പരാക്രമകഥകൾ  കേട്ട്  നില്ക്കുകയാണ്.   അപകടകാരിയെ  വിദ്യാധരൻ  കടയിലേക്ക്   വിളിച്ചു.   പണിക്ക്   പോയിട്ട്   കുറെ  ദിവസങ്ങളായി.   200  രൂപ  വേണം.  അതിനാണ്   വീട്ടിലേക്ക്   പോകുന്നത്.

സർക്കിൾ  കാര്യമാന്വേഷിച്ചു.  സംഭവം  ഞാൻ  പറഞ്ഞു.   വീട്ടിൽ   വിവരം  അറിയരുതെന്നുള്ള  എന്റെ  ബലഹീനത  ഇവൻ   മുതലെടുക്കുകയാണെന്ന്   ഗോപാലന്   പിടികിട്ടി.

ഒരൊറ്റയടി   ആയിരുന്നു.  അമിട്ട്  പൊട്ടുന്ന  പോലെയിരുന്നു.   പന്നായി  പാലത്തിനിക്കരെ,  പുലിയാടിമോനെ  നിന്നെ  കണ്ടുപോയേക്കരുത്  -  എന്നൊരു  താക്കീതും.   അങ്ങനെയാണ്   ആ  അദ്ധ്യായത്തിന്   തിരശീല  വീണത്.

ലേഖകൻ

ഗോപാലൻ  ഒരു  ഫലിതക്കാരൻ  ആയിരുന്നു.  നല്ല  സരസമായി  സംസാരിക്കും.  ഗോപാലൻ  ജയിലിൽ  പോകുന്നതിന്   മുമ്പാണ്.   നിരണത്ത്   പള്ളിയിൽ  നിന്ന്   ഒരു  ശവസംസ്കാരം  കഴിഞ്ഞ്  ഞാനും  ചില  സുഹൃത്തുക്കളും  പുറത്തേക്ക്  വരികയായിരുന്നു.   ഞങ്ങളോടൊപ്പം  ഗോപാലനുമുണ്ട്.   ഞങ്ങളെ  കണ്ടപ്പോൾ,  കടപ്രയിലെ  ചന്ദ്രാ  സ് റ്റുഡിയോയിലെ  ചന്ദ്രൻ ,  ഒരു  ഫോട്ടോ  എടുത്തു.

ഇതു  കണ്ടപ്പോൾ  ഗോപാലൻ  പറഞ്ഞു :  "എന്റെ  കൂടെ  രവിക്കുഞ്ഞ്   നില്ക്കുന്ന  ഫോട്ടോ നീ എടുത്തു.   ഇപ്പോൾ  കുഴപ്പമില്ല.  പക്ഷെ  എന്നെങ്കിലും,  തൊണ്ടി  തപ്പി  പോലീസ്   വരും.  അന്നെങ്ങാനും  ഈ  ഫോട്ടോ  അവരുടെ  കയ്യിൽ  കിട്ടിയാൽ,  കുഞ്ഞിനത്  നാണക്കേടാ."

ശവസംസ്ക്കാരസ്ഥലത്താണ്   നില്ക്കുന്നതെന്നുപോലും  വിസ്മരിച്ച്  ഞങ്ങൾ  പൊട്ടിച്ചിരിച്ചുപോയി.






No comments:

Post a Comment