Monday, July 29, 2013

പുരുഷാർത്ഥക്കൂത്ത് - വേശ്യാ വിനോദം




മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ  മാർഗി മധുവും സംഘവും അവതരിപ്പിച്ച പുരുഷാർത്ഥക്കൂത്ത് - ഒരവലോകനം.

മാർഗിമധു 
  കേരളത്തിലെ  ക്ഷേത്രങ്ങളിൽ  ഉത്സവരാത്രികളെ  ധന്യമാക്കിയിരുന്ന  പല  കലാരൂപങ്ങളും  അന്യം  നില്ക്കുകയോ,  അവയുടെ  നിലനിൽപ്പുതന്നെ  ഭീഷണിയുടെ  വക്കത്തു  നിൽക്കുന്നതോ  ആയ  ഒരവസ്ഥയാണ്   ഇപ്പോഴുള്ളത്.  

ക്ലാസ്സിക്   കലകളായ  മോഹിനിയാട്ടത്തിന്റെയോ,  കൂത്തിന്റെയോ,  കൂടിയാട്ടതിന്റെയോ  എന്തിന്  കഥകളിയുടെ  പോലുമോ  കഥയല്ല  ഞാൻ  സൂചിപ്പിച്ചത്.  നമ്മുടെ  നാട്ടിലെ  ശരാശരി  ആസ്വാദകൻ  രസിച്ചു  പോന്നിരുന്ന  കഥാപ്രസംഗം,  ബാലെ  തുടങ്ങിയ  ജനപ്രിയ  പരിപാടികളുടെ  കാര്യമാണ്.  സാംബശിവൻ,  കൊല്ലം ബാബു,  കുണ്ടറ സോമൻ  തുടങ്ങിയ കാഥികരും  അരവിന്ദാക്ഷമേനോൻ  തുടങ്ങിയ  ബാലേക്കാരും  ഇന്നേതാണ്ട്  വിസ്മൃതിയിൽ  ആണ്ടു  കഴിഞ്ഞിരിക്കുന്നു.  ആ  സ്ഥാനം  ഇപ്പോൾ  മിമിക്സ്  പരേഡുകളും,  സിനിമാറ്റിക്  ഡാൻസും, ഗാനലഹലകളും  കയ്യേറിക്കഴിഞ്ഞിരിക്കുകയാണ്.

തിരുവിതാംകൂർ  ദേവസ്വം  ബോർഡിന്റെ  ഉടമസ്ഥതയിലുള്ള  ക്ഷേത്രങ്ങളിൽ  ഉത്സവത്തിന്, ഏതെങ്കിലും  ഒരു  ക്ഷേത്ര  കലയെങ്കിലും  ഉൾപ്പെടുത്തിയിരിക്കണമെന്ന്  നിർബന്ധം  നിലവിലുണ്ടായിരുന്നു.  അത്  നടത്തിയില്ലെങ്കിൽ  ഗ്രാൻഡ്‌  കൊടുക്കുകയില്ല.  അങ്ങനെ  ഗ്രാൻഡ്‌ മോഹിച്ചെങ്കിലും  മരുന്നിന്  ഒരു കഥകളിയോ, പാഠകമോ,  ഓട്ടൻതുള്ളലോ  നടത്താൻ  ഉത്സവക്കമ്മറ്റിക്കാർ  തയ്യാറാകുമായിരുന്നു.

ഈ  ഗവണ്‍മെന്റ്   അധികാരത്തിൽ  വന്നശേഷം  രൂപീകരിച്ച  ദേവസ്വം  ബോർഡ്,  വളരെ  വിലപ്പെട്ട  ഒരു  തീരുമാനം  കൈക്കൊണ്ടു.  ക്ഷേത്ര  കലകളല്ല  എന്ത്  മാങ്ങാത്തൊലി  നടത്തിയാലും  ഒരു  വക  ഗ്രാന്റും  ബോർഡ്  നല്കുന്നതല്ല.  അങ്ങനെയുള്ള  ഏതെങ്കിലും  പരിപാടി  അവതരിപ്പിച്ചാൽ  പിഴയീടാക്കും  എന്നൊരു  ഉത്തരവ്   ഇറക്കാതിരുന്നതിന്  ബോർഡിനെ  നമുക്ക്   അഭിനന്ദിക്കാം.

കഥകളി വേഷം: രൗദ്രഭീമൻ - തോന്നക്കൽ പീതാംബരൻ
കാര്യവിവരവും  കവിഹൃദയവുമുള്ള   ഒരു  കമ്മീഷണർ  ദേവസ്വത്തിന്റെ  ചുമതല  ഏറ്റെടുത്തപ്പോൾ  ശുഭോതർക്കമായ  തീരുമാനം  എന്തെങ്കിലും കൈക്കൊള്ളൂമെന്നാണ്  ശുദ്ധാത്മാക്കളായ  പൊതുജനം   കരുതിയത്.  ആനക്കാര്യത്തിനിടയിൽ  ഈ ചേനക്കാര്യം  നോക്കാൻ  സർക്കാരിനും  ബോർഡിനും  സാവകാശം  കിട്ടുന്നില്ല.  എക്കാലത്തും  ഒരു ന്യൂനപക്ഷമേ  ക്ലാസിക്കൽ  കലാരൂപങ്ങൾ  ആസ്വദിച്ചിരുന്നുള്ളൂ.  അതുകൊണ്ടുതന്നെ  ഈ  വക  കലകൾ  ജനപ്രിയ  കലകളുടെ  സ്ഥാനം  അലങ്കരിച്ചിരുന്നില്ല. എന്നു  കരുതി  ഈ  കലാരൂപങ്ങളേയും,  ഈ  കലകൊണ്ട്  അന്നം  കഴിക്കുന്ന കലാകാരന്മാരേയും അവഗണിക്കുന്നത്  നീതീകരിക്കാൻ  കഴിയുകയില്ലല്ലോ?

മദ്ധ്യ തിരുവിതാംകൂറിലുള്ള  ഒട്ടുമിക്ക  ക്ഷേത്രങ്ങളിലും  ഉത്സവത്തിന്  കൂത്തോ, കൂടിയാട്ടമോ, കഥകളിയോ  ഉണ്ടെങ്കിൽ  സംബന്ധിക്കുന്ന  ഒരാളാണ്  ഞാൻ.  ഒരു  "വഴിപാട്  അടുപ്പിൽ  ചാട്ടമല്ലാതെ"  തരക്കേടില്ലാത്ത  പരിപാടിയാണ്   ഉത്സവങ്ങൾക്ക്   അരങ്ങേറുന്നതെങ്കിൽ, നല്ലയൊരു  സദസ്സ്  സന്നിഹിതരാവാറുണ്ട്   എന്ന്  എന്റെ  അനുഭവത്തിൽ  നിന്ന്  പറയാൻ  കഴിയും.  മിമിക്രിയും,  ഗാനമേളയും,  സിനിമാറ്റിക്  ഡാൻസും  നടക്കുമ്പോൾ  കിട്ടുന്ന  കയ്യടിയും,  ചിയർ വിളികളും,  ഡപ്പാൻ കൂത്തുമൊന്നും  ഇവിടെ കാണാൻ  കഴിയുകയില്ലായിരിക്കാം.  ആ  മാതിരി  ആസ്വാദന  തലത്തിലുള്ള  കാണികളല്ലല്ലോ  കഥകളിയോ  കൂടിയാട്ടമോ  കാണാൻ  വരുന്നത്.   ഒരു  കലാരൂപത്തേയും  ഞാൻ  ഇകഴ്ത്തി  കാണിക്കാൻ  ശ്രമിക്കുകയല്ല.  ആസ്വാദന  നിലവാരത്തെയോ,  ആസ്വാദകരേയോ  പരിഹസിക്കുകയുമല്ല.  ഭൂരിഭാഗം ക്ഷേത്ര  ഭാരവാഹികളും   ഔചിത്യരഹിതമായി   സ്വീകരിച്ചുവരുന്ന,   മുൻവിധികളായ  തീരുമാനങ്ങളുണ്ടല്ലോ,  അതിനോടുള്ള   എതിർപ്പാണ്‌  ഞാനിവിടെ  പ്രകടിപ്പിച്ചത്.   ഉത്സവത്തിന്   പഞ്ചാരി മേളം ആരും  ഇഷ്ടപ്പെടുകയില്ല,  അതുകൊണ്ട്  ശിങ്കാരി മേളം  മതി.  ഈ  തീരുമാനമെടുക്കുന്ന  അരസികനായ  ഉത്സവ   കമ്മറ്റി  ഭാരവാഹി,  അയാളുടെ  ആസ്വാദന  നിലവാരമാണ്   പ്രതിഫലിപ്പിക്കുന്നത്.   അതല്ലാതെ,  പാവം  പൊതുജനത്തിന്റെ  അഭിപ്രായമല്ല.


കൂടിയാട്ടത്തിന്റെ കുലപതി മാണി മാധവചാക്യാർ 
എന്റെ  ഒരനുഭവം  പറയാം.   നാട്ടിലുള്ള  ( തിരുവല്ലക്ക്   സമീപമുള്ള  നിരണം-കടപ്ര ) മഹാ ലക്ഷ്മി  ക്ഷേത്രത്തിലെ  ഉത്സവത്തോടനുബന്ധിച്ച്  ഒരുദിവസത്തെ  എന്തെങ്കിലും  പ്രോഗ്രാം  ഞങ്ങളുടെ  കുടുംബാംഗങ്ങൾ  സ് പോണ്‍സർ   ചെയ്യണമെന്ന്   ഒരു   ഭാരവാഹി  വന്ന്   എന്നോട്   ആവശ്യപ്പെട്ടു.  ഭാരവാഹിയാകട്ടെ   വളരെ  വേണ്ടപ്പെട്ട  ഒരു  സുഹൃത്തിന്റെ  സഹോദരൻ.  കഥകളി,  പാട്ടുകച്ചേരി,  മേളം  തുടങ്ങിയവയിൽ  എനിക്ക്   അല്പം  കമ്പമുണ്ട്   എന്നറിയാവുന്നതു  കൊണ്ടാവാം  അയാൾ,    ശിങ്കാരി  മേളം  സ് പോണ്‍സർ  ചെയ്യാൻ  എന്നെ  തെരഞ്ഞെടുത്തത്.

'മേളം  ഏർപ്പാടാക്കാം,  ചെലവും  ഞങ്ങൾ  വഹിച്ചുകൊള്ളാം' - ഞാൻ പറഞ്ഞു,  പക്ഷെ  ശിങ്കാരി മേളം  ആയിരിക്കുകയില്ല - ഞാൻ  പറഞ്ഞു.  എങ്കിൽ  പമ്പ മേളമായിരിക്കും  എന്നു  കരുതാനുള്ള  മേള  പരിജ്ഞാനമേ  ആ  സാധുവിന്   ഉണ്ടായിരുന്നുള്ളൂ.

40-തോളം  മേളക്കാരെ  പങ്കെടുപ്പിച്ചുകൊണ്ട്  ഒരു  പഞ്ചാരി മേളം  അനുജൻ  രാജൻ  ഏർപ്പാടാക്കി.  പരിപാടി  തുടങ്ങി ഏതാണ്ട്  അരമണിക്കൂർ  കഴിഞ്ഞപ്പോഴേക്കും  ആ ക്ഷേത്ര  പരിസരം, അതിശയോക്തിയല്ല,  ജനത്തെ  കൊണ്ട്   നിറഞ്ഞു   കവിഞ്ഞിരുന്നു.  ഇങ്ങനെയും  ചില  മേള  രൂപങ്ങൾ   ലോകത്തുണ്ടോ  എന്ന  അത്ഭുതമായിരുന്നു  അവിടെ  കൂടിയിരുന്ന  ഭൂരിഭാഗം  ജനങ്ങളുടേയും  മുഖത്ത്   നിഴലിച്ചിരുന്നത്.

'ചേട്ടാ,  അന്നത്തെ  ശിങ്കാരി മേളം അടിപൊളിയായി' - എന്നു  പറഞ്ഞുകൊണ്ട്   ആ  മഹാപാപി   എന്നെ അഭിനന്ദിച്ചപ്പോൾ,  കരയണോ  ചിരിക്കണോ എന്ന അവസ്ഥയിലായിപ്പോയി  ഞാൻ.  'ശിങ്കാരി  അല്ലെടാ ഫൂളേ ....അതാണ്   പഞ്ചാരി  മേളം'  - ഞാൻ പറഞ്ഞു .


നങ്ങ്യാർ കൂത്ത് : മാർഗി സതി 
ഇതിപ്പോൾ  പറയാൻ  കാരണം  കഴിഞ്ഞ  28 -)o തീയതി  ഞായറാഴ്ച  മാവേലിക്കര  കഥകളി  ആസ്വാദകസംഘത്തിന്റെ  ആഭിമുഖ്യത്തിൽ  മാർഗി മധു  അവതരിപ്പിച്ച  ചാക്യാർ കൂത്ത്  ആസ്വദിക്കാൻ  വന്ന - ജനസഞ്ചയം  എന്നു  തന്നെ  പറയട്ടെ - കണ്ടിട്ടാണ്.  ക്ലബ്ബ്  അവതരിപ്പിക്കുന്ന  കഥകളിക്ക്   പൊതുവെ  ജനങ്ങളുടെ  പ്രാതിനിനിധ്യം  തീരെ  ശുഷ്കമാകാറില്ല  എന്നത്  വസ്തുത  തന്നെ.  എങ്കിലും  ചാക്യാർ കൂത്തുപോലെ  ഒരു  പരിപാടി  വെച്ചാൽ  ജനങ്ങൾ  അത്  സ്വീകരിക്കുന്നത്  എങ്ങനെയായിരിക്കും  എന്നൊരു സന്ദേഹം  ക്ലബ്ബ്  ഭാരവാഹിയായ  വർമ്മസാറിനോട്   ഞാൻ  പ്രകടിപ്പിച്ചിരുന്നു.  സാറിന്റെ  ആത്മവിശ്വാസം  പൊള്ളയായിരുന്നില്ല  എന്ന്,  രണ്ടരമണിക്കൂർ  നേരം  തീർത്തും  അത്  ആസ്വദിച്ചിരുന്ന  ജനങ്ങളുടെ  ആവേശം  കണ്ടപ്പോൾ  എനിക്ക്   ബോദ്ധ്യപ്പെട്ടു.

കേരളത്തിലെ  ഏറ്റവും  പ്രാചീനമായ  കലാരൂപമായാണ്  കൂത്തും,  കൂടിയാട്ടവും  ഗണിക്കപ്പെട്ടിട്ടുള്ളത്.   ഒന്നിലധികം  പേർ  ചേർന്ന്  അഭിനയിക്കുന്നതിനെ കൂടിയാട്ടം എന്നും,  എകാഭിനയം  കൂത്തായും  പരിഗണിച്ചു  വരുന്നു.  നാട്യശാസ്ത്രമനുസരിച്ചുള്ള  നാടകാഭിനയം  എന്ന്  ഇതിനെ വിശേഷിപ്പിക്കാം.  അതിപ്രാചീനമായ  കാലം  മുതൽ  തന്നെ  കേരളത്തിലെ  ക്ഷേത്രങ്ങളിൽ  കൂത്തും,  കൂടിയാട്ടവും  അരങ്ങേറിയിരുന്നു.  ക്ഷേത്ര  പരിസരങ്ങളിൽ  മാത്രം  അരങ്ങേറിയിരുന്ന  ഈ  കലാരൂപം  കൂത്തമ്പലങ്ങളിലാണ്  അവതരിപ്പിച്ചിരുന്നത്.   ബ്രാഹ്മണ  സമുദായത്തിൽപ്പെട്ട  ചാക്യാന്മാരാണ്   ഇത്  അവതരിപ്പിക്കുന്നത്.  രംഗ  സഹായികളായി  നമ്പ്യാന്മാരും,  നങ്ങ്യാരമ്മമാരും  കാണും.  പുരുഷ  വേഷം  കെട്ടാൻ  ചാക്യാരും,  സ്ത്രീ വേഷം  കെട്ടാൻ  നങ്ങ്യാരും  എന്നാണ്  പ്രമാണം.  നമ്പ്യാരാണ്    മിഴാവ്  വായിക്കുന്നത്.

ഈ  ചാക്യാർ  കലക്ക്   ഇളങ്കോവടികളുടെ  "ചിലപ്പതികാരത്തേക്കാൾ"  പഴക്കമുണ്ട്   എന്ന്   കണക്കാക്കാം.  കാരണം   ആ  കാവ്യത്തിൽ  പറവൂർ ചാക്യാർ  അഭിനയിച്ച  നൃത്തത്തിന്റെ  വർണ്ണനയുണ്ട്.  ചാക്യാരും  നങ്ങ്യാരും  അരങ്ങത്തുള്ളതായാണ്  കാവ്യത്തിൽ  പറയുന്നത്.  പ്രാചീന  സന്ദേശകാവ്യമായ   "ഉണ്ണുനീലീസന്ദേശത്തിൽ"  തളിയിലെ  കൂത്തിന്റെ  കഥ  വിവരിക്കുന്ന  ഭാഗമുണ്ട്.

"കണ്ടോമല്ലോ  തളിയിലിരുവം
കൂത്തുനാമന്റൊരിക്കൽ
തൈവം കെട്ടാളൊരു  തപതിയാൾ
നങ്ങ്യാരെന്നെ  നോക്കി
അന്യാസംഗാൽ  കിമപി  പരുഷം
പ്രാകൃതംകൊണ്ട  വാദീൽ
പിന്നെക്കണ്ടീലണയ  വിവശം
വീർത്തുമണ്ടിന്റെ  നിന്നെ."       -   ഇങ്ങനെയാണ്   ഉണ്ണുനീലീസന്ദേശത്തിലെ  ആ ഭാഗം.

കേരളത്തിൽ  പ്രചുര പ്രചാരം  നേടിയ  ഒരു  കലാരൂപമായിരുന്നു  ഇത് എന്ന്  അതിൽനിന്ന്  വ്യക്തമാവുന്നുണ്ടല്ലോ?   മറ്റൊരു പ്രത്യക്ഷ  സാക്ഷ്യമാണ്  മഹാക്ഷേത്രങ്ങളിൽ  ഇന്നും  നില നില്ക്കുന്ന  കൂത്തമ്പലങ്ങൾ.  നാട്യശാസ്ത്രവിധി  പ്രകാരമാണ്  അഭിനയം  എന്നപോലെ  തന്നെ,   ആ  ശാസ്ത്ര   വിധിപ്രകാരം  നിർമ്മിച്ചിട്ടുളളതായിരിക്കും  കൂത്തമ്പലങ്ങളും.   കൂത്തമ്പലത്തെ  നാടകശാല  എന്നാണ്  സാധാരണ  പറയാറ്.  അമ്പലപ്പുഴ  നാടകശാലയും,  അവിടെ  എല്ലാവർഷവും  നടന്നുവരുന്ന   സദ്യയും  പ്രസിദ്ധമാണല്ലോ?


കൂത്തമ്പലം : കേരള കലാമണ്ഡലം 
ദീർഘചതുരം ( വികൃഷ്ടം )  സമചതുരം ( ചതുരശ്രം )  ത്രികോണം ( തൃശം )  ഇങ്ങനെ  മൂന്നുതരം  നാട്യഗൃഹങ്ങളാണുള്ളത്.  വികൃഷ്ടഗൃഹ  നിർമ്മാണ  സാങ്കേതത്തിൽ  തീർത്തിട്ടുള്ളതാണ്   കേരളത്തിലെ  കൂത്തമ്പലങ്ങളിലധികവും.

രംഗപീഠം,  പ്രേക്ഷഗൃഹം,  നേപഥ്യം ( അണിയറ )  എന്നിങ്ങനെ  മൂന്നു  സ്ഥാനങ്ങളുണ്ട്   നാടകശാലക്ക്.


പുരുഷാർത്ഥം  പറച്ചിൽ - വേശ്യാ വിനോദം 

തോലൻ,  ചാക്യാർ  കൂത്തിലെ  വിദൂഷകന്റെ  ആട്ടം  പരിഷ്ക്കരിക്കുകയും,  പുരുഷാർത്ഥം  എന്നൊരിനം  കൂടി  ചേർക്കുകയും  ചെയ്തു.  പുരുഷാർത്ഥങ്ങൾക്ക്  - ജീവിത ലക്ഷ്യങ്ങൾക്ക് - സംഭവിച്ച  അധ:പതനത്തിൽ  നിന്ന്  സമൂഹത്തെ  കരകയറ്റണം.  പുരുഷാർത്ഥങ്ങളായ  കാമമോക്ഷങ്ങൾക്ക്   സംഭവിച്ച  ധർമ്മച്യുതി  കാരണം  സമസ്ത  മേഖലകളിലും  ഉണ്ടായിട്ടുള്ള  ജീർണ്ണത,  അവയെ  മുഴുവൻ  പ്രതിഫലിപ്പിക്കുന്നതുമായ  വിമർശനത്തിന്റെ  ശബ്ദമാണ്  പുരുഷാർത്ഥക്കൂത്ത്   നടത്തുന്ന  ചാക്യാരുടേത്.

വിദൂഷകൻ : മാർഗി മധു. മിഴാവ് : കലാമണ്ഡലം അനൂപ്‌ 
 പുരുഷാർത്ഥം  4 ദിവസമായിട്ടാണ്   അവതരിപ്പിക്കുന്നത്.  രണ്ടാം  ദിവസമാണ്  വിനോദം  എന്ന്  പറയപ്പെടുന്ന  വേശ്യാ  വിനോദം  വർണ്ണിക്കുന്നത്.  ഈ  വിനോദ വിസ്താരം  സഭ്യതയുടെ  സീമകളെ  ലംഘിക്കുന്ന തമാശകളും പരിഹാസങ്ങളും  കൊണ്ട്  നിറഞ്ഞതാണ്‌.  മാടമ്പ്  കുഞ്ഞുക്കുട്ടന്റെ ഭ്രഷ് ട്  എന്ന  നോവലിൽ,  ഇണ്ടിണ്യാക്കന്റെ  പുലയടിയന്തിരത്തിന്‌,  ഇണ്ടിണ്യാക്കത്തി  കൂത്തു  കേൾക്കാൻ  പോയ  കഥ  വർണ്ണിക്കുന്നുണ്ട്.  ചാക്യാരുടെ  രതിവർണ്ണന  കേൾക്കാൻ,  ആ വിധവ  പോയത്  യോനിദ്വാരത്തിൽ  താമരമൊട്ട്  തിരുകിക്കൊണ്ടായിരുന്നു.   അപ്പോൾ  അശ്ലീലത്തിന്റെ  മാറ്റ്   എത്രത്തോളം  ഉണ്ടായിരിക്കും  എന്നു  ചിന്തിക്കുക. 

നാല്  പുരുഷാർത്ഥങ്ങളിൽ  വെച്ച്   ഉത്തമമായ  മോക്ഷം  ലഭിക്കുന്നതിനുള്ള  ചവിട്ടുപടികളാണ്  ധർമ്മം,  അർത്ഥം,  കാമം  എന്നിവ.  ധർമ്മം  മാത്രം  അനുഷ്ടിച്ചാൽ  മോക്ഷം  ലഭിക്കുമോ?  മനുഷ്യന്  ചില  ശാരീരിക  ധർമ്മങ്ങളുണ്ട്.  അവയെ  കൂടാതെ  നേരിട്ട്   മോക്ഷം  പ്രാപിക്കാൻ  കഴിയില്ല.  ശാരീരിക  ധർമ്മങ്ങൾക്ക്  ധനം ( അർത്ഥം ) വേണം.  അതുപോലെ  പ്രധാനപ്പെട്ട  ഒരു  ശാരീരിക  ധർമ്മമാണ്   കാമവും.

ഒരു ഗ്രാമത്തിന്റെ  അഭിവൃദ്ധിക്ക്  ജനങ്ങൾ  ധർമ്മം, അർത്ഥം, കാമം, മോക്ഷം  എന്നീ  4 കാര്യങ്ങൾ  വേണ്ടതു  പോലെ  നിർവഹിച്ചു  ജീവിക്കണം.  ധർമ്മാർത്ഥ  കാമാമോക്ഷങ്ങളുടെ  പ്രതിനിധികളായി  വേറെ  4 എണ്ണം  ചെയ്താലും  മതി.  അതാകട്ടെ  അശനം,  രാജസേവ,  വേശ്യാവിനോദം,  വേശ്യാവഞ്ചനം  എന്നിവയാണ്.

കഴിഞ്ഞ  ഞായറാഴ്ച  മാവേലിക്കരയിൽ  കാലടി  സംസ്കൃത സർവ്വകലാശാലയിലെ  കൂത്തുവിഭാഗം  മേധാവി  മാർഗി മധു  അവതരിപ്പിച്ചത്   പുരുഷാർത്ഥത്തിലെ  രണ്ടാം  ദിവസം  അവതരിപ്പിക്കുന്ന  വേശ്യാ വിനോദം  ആയിരുന്നു.  സാധാരണ  ക്ഷേത്രങ്ങളിൽ  ഈ കൂത്ത്  പണ്ടുമുതൽ  തന്നെ  അവതരിപ്പിക്കാറുണ്ടായിരുന്നില്ല.


കൂടിയാട്ടം: രാവണൻ (മാണിമാധവ ചാക്യാർ)
ഉത്തമ  പുരുഷന്മാർ  അനുഷ്ടിക്കേണ്ട  ഷഡ് കർമ്മങ്ങൾ  വിവരിച്ചുകൊണ്ടാണ്   പുരുഷാർത്ഥം  തുടങ്ങുന്നത്.  അദ്ധ്യയനം,  അദ്ധ്യാപനം,  യജനം,  യാജനം,  ദാനം,  പ്രതിഗ്രഹം  ഇവയാണ്  ഷഡ് കർമ്മങ്ങൾ.  ഇവ  അനുഷ്ടിക്കുന്നതിലുണ്ടായ  ഉദാസീനത  സമൂഹത്തിന്റെ  ധാർമ്മിക മൂല്യങ്ങൾക്ക്   ഭംഗം  വരുത്തിത്തീർത്തു.

ബ്രാഹ്മണനായ  വിദൂഷകൻ  രാജാവിന്റെ  സേവനത്തിനു  ചെല്ലുന്നതിനു  മുമ്പ്  തനിക്കുണ്ടായ  അനുഭവം  വർണ്ണിക്കുക  എന്ന  വ്യാജേന  ബ്രാഹ്മണരുടെ  ധർമ്മച്യുതിയെ  പരിഹസിക്കുകയാണ്  ഇവിടെ  ചെയ്യുന്നത്.  ബ്രാഹ്മണരുടെ  ധർമ്മം  മൃഷ്ടാന്നഭോജനവും,  അർത്ഥം  രാജാവിനെ മണിയടിക്കലും,  കാമം  വേശ്യകളെ  പ്രാപിക്കലും,  മോക്ഷം  വേശ്യകളെ  വഞ്ചിക്കലുമാണെന്നു  പറഞ്ഞ്,  ആ പരമ  പുരുഷാർത്ഥം  നേടാൻ  അനുഭവിച്ച  ക്ലേശങ്ങൾ  എന്തെല്ലാമെന്ന്   വിദൂഷകൻ വിവരിക്കും.  വേശ്യാ  പ്രാപ്തിക്ക്   ചെന്നപ്പോൾ  ഉണ്ടായ  അനുഭവങ്ങൾ  വർണ്ണിക്കുന്നത്   വളരെ രസകരമാണ്.  സദസ്സിൽ  കുട്ടികളുടെ  സാന്നിദ്ധ്യം  കാരണമായിരിക്കും, മധു അല്പം അയവുവരുത്തിയാണ്  ഈ ഭാഗം  അവതരിപ്പിച്ചത്.


ലേഖകൻ 
   
വേശ്യകളെ  വർണ്ണിക്കുന്ന  ഭാഗം,  കഥകളും  ഉപകഥകളും  കൊണ്ട്   നിറഞ്ഞതാണ്‌.   പ്രാപിക്കാൻ  പാടില്ലാത്ത  10 തരം  വേശ്യകളേയും,  വർജ്ജിക്കേണ്ട  6 തരം  വേശ്യകളേയും  കുറിച്ചുള്ള  വിശകലനമാണ്   ഏറെ  രസകരം.

വിത്താർത്ഥിനീ  ( പണം പണം എന്ന ചിന്ത മാത്രമുള്ളവൾ )  വിശരണ ( സ്വന്തമായി  സ്ഥലം ഇല്ലാത്തവൾ )  വിപരിച്ഛത ( കാര്യ സാദ്ധ്യത്തിനു  ചെല്ലുന്നവരെ കൊണ്ട്   വിടുപണി  ചെയ്യിക്കുന്നവൾ )  ആർത്ത  ( രോഗി )  തീർത്ഥോപമ ( തീർത്ഥത്തിൽ  ആർക്കും സ്നാനം  കഴിക്കാമല്ലോ )  പരവശ ( അംഗ സ്വാധീനമില്ലാത്തവൾ )  പരിഹാസപാത്രി ( ശാരീരിക  ന്യൂനതയുള്ളവൾ )  നിത്യപ്രസു  ( പ്രസവവും  ഗർഭവും നിരന്തരമായിക്കൊണ്ടിരിക്കുന്നവൾ )  അമധുര  ( തൊട്ടതിനും പിടിച്ചതിനും  ചൂടാവുന്ന സ്വഭാവമുള്ളവൾ )  സ്വയവയോവിരുദ്ധ  (പ്രായത്തിൽ  ഒരുപാട്  അന്തരമുള്ളവൾ )  ഈ ഗണത്തിൽപ്പെട്ട  വേശ്യകളെ  പ്രാപിക്കാൻ പാടില്ല.

അതിദീർഘ,  കൃശ ,  അതിസ്ഥൂല  തുടങ്ങി  ആറുതരത്തിലുള്ള  വേശ്യകളെ   വർജ്ജിക്കണം  എന്നും  പറയുന്നുണ്ട്.

വേശ്യാ  വിനോദത്തിനു  പോയ  വിദ്വാൻ  വേശ്യാ വഞ്ചനം  കൂടി നടത്തിയിട്ട്  തിരികെപ്പോരുന്ന  ഭാഗം  വിവരിച്ചപ്പോൾ  സദസ്സിൽ  നിന്ന്  കൂട്ടച്ചിരി ഉയർന്നു.  തിരികെ പോരുമ്പോൾ  ആ വിഡ്ഢി  ഒരു  സ്വർണ്ണ മണി  വായ്ക്കകത്താക്കിയാണത്രേ  അവിടം വിട്ടത്.  മോഷണം  അധർമ്മം ആണെന്ന്  അഭിപ്രായം  ഉയർന്നെങ്കിലും,  മോഷ്ടിച്ചത്  വേശ്യയുടെ  സമ്പാദ്യമായതുകൊണ്ട്   വേശ്യാ വഞ്ചനമെന്ന  പുരുഷാർഥമായി  അത്  വക കൊള്ളിക്കുകയാണ്  ചെയ്യുന്നത്.

1992ൽ തിരുവനന്തപുരം  തീർത്ഥപാദ  മണ്ഡപത്തിൽ  മാർഗി മധുവിന്റെ  കൂത്ത്   ഞാൻ കണ്ടിട്ടുണ്ട്.  അതിനുശേഷം  മാവേലിക്കരയിലാണ്‌   കൂത്തു കാണാൻ - കൂത്ത്  കാണുകയല്ല,  കേൾക്കുകയാണല്ലോ - ഭാഗ്യമുണ്ടായത്.  മധുവിനെ  മിഴാവിൽ  കലാമണ്ഡലം അനൂപ്‌  അകമ്പടി  സേവിച്ചു.

കൂത്തിന്  നമ്പ്യാരാണ്  മിഴാവ്  വായിക്കുന്നത് എന്ന്  നേരത്തെ  എഴുതിയിരുന്നല്ലോ?  ഞായറാഴ്ച   എന്നോടൊപ്പം മാവേലിക്കരയിൽ  കൂത്ത്   കേൾക്കാൻ    ഒരു  ലത്തീൻ കത്തോലിക്കക്കാരനായ  മിഴാവ്  വിദഗ് ധൻ  കൂടി  വന്നിരുന്നു.  സി.പി.എം.  പത്തനംതിട്ട  ജില്ലാ സെക്രട്ടറിയറ്റ്  മെമ്പറായ  പ്രൊഫ. എ. ലോപ്പസ്.   കൂത്തും,  മിഴാവും, ലോപ്പസ്  സാറുമായി  എന്തു  ബന്ധം.  അല്ലേ?  ആ  കഥ ഇങ്ങനെയാണ്.

1974ൽ  കേരള കർഷക സംഘം  സംസ്ഥാന സമ്മേളനം പരുമല  പമ്പാ കോളേജിൽ  വെച്ചാണ്  നടന്നത്.  പൊതുസമ്മേളനത്തിനു  ശേഷം 2 കലാപരിപാടികൾ  ആസൂത്രണം  ചെയ്തിരുന്നു.  കൂത്തും ഒരു  നാടകവും.  അന്ന്  കൂത്ത്  അവതരിപ്പിച്ചത്  എന്റെ പിതാവ്,   ചെങ്ങന്നൂർ  M.L.A.. ആയിരുന്ന  പി.ജി. പുരുഷോത്തമൻ പിള്ളയായിരുന്നു.   അന്ന്  നമ്പ്യാർ  വേഷം  കെട്ടി  മിഴാവ്  കൊട്ടിയത്  ലോപ്പസ്  സാറായിരുന്നു.  ഇ.എം.എസ്സും , എ.കെ.ജിയും  നാടകം  കണ്ടില്ലെങ്കിലും  അന്നത്തെ,  ഒരു മണിക്കൂർ  നീണ്ട  കൂത്ത്  മുഴുവൻ  കണ്ടിട്ടാണ്  പരുമലയിൽ  നിന്നു  പോയത്.






അമ്പലപ്പുഴ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള കുഞ്ചൻനമ്പ്യാർ  ഉപയോഗിച്ചിരുന്ന  മിഴാവ്.



No comments:

Post a Comment