കെ.പി.എ.സി. എന്ന നാടക പ്രസ്ഥാനത്തിന് ഈടുറ്റ സംഭാവനകൾ നൽകുകയും നാൽപ്പതിലധികം വർഷക്കാലത്തെ പ്രവർത്തനം കൊണ്ട് സാഹിത്യ - സാംസ്കാരിക രംഗത്തെ സമ്പുഷ്ടമാക്കുകയും ചെയ്ത ഒരു മനുഷ്യ സ് നേഹിയുടെ ജീവചരിത്രം, അർഹമായ വിധത്തിൽ ഇതേവരെ വിലയിരുത്തപ്പെട്ടിട്ടില്ല. ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുള്ള "സാംസ്കാരിക നായകന്മാരുടെ" ആസ്വാദനക്ഷമതയുടെ പോരായ്മയാണോ, അവരുടെ പളപളപ്പുള്ള സങ്കൽപ്പങ്ങളിൽ അദ്ദേഹത്തിന് ഇടം കിട്ടാതിരുന്നത് കൊണ്ടാണോ എന്തോ, അദ്ദേഹം തീർത്തും അവഗണിക്കപ്പെട്ടു.
ഏതൊരു കാര്യത്തിനും ശുപാർശ ചെയ്യിക്കാൻ, ഉമ്മൻ ചാണ്ടിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം പുതുപ്പള്ളിക്കാർക്കുണ്ട്. ഒരു പുതുപ്പള്ളിക്കാരൻ അമേരിക്കൻ മലയാളിക്ക്, പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റണ് നൽകാൻ, My dear Bill, എന്ന് സംബോധന ചെയ്തുകൊണ്ട് കത്തെഴുതിയിട്ടുള്ളതായി വരെ കഥകളുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ഈ സഹകരണ മനോഭാവം പുതുപ്പള്ളിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. മറ്റു പ്രദേശങ്ങളിൽ ഉള്ളവർക്ക് ശുപാർശിക്കേണ്ടി വരുമ്പോൾ, സന്ദർഭത്തിന്റെ ഗൌരവം അനുസരിച്ച് എഴുത്തു മഷിയുടെ നിറങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കുമത്രേ.
ഈ പരോപകാരപ്രദമായ സ്വഭാവവിശേഷം അഖില കേരളാടിസ്ഥാനത്തിൽത്തന്നെ വ്യാപകമാക്കിയിരുന്ന ഒരു മഹത്തായ സഹകരണ പ്രസ്ഥാനം മദ്ധ്യ തിരുവിതാംകൂറിൽ ജീവിച്ചിരുന്നു. കെ. കേശവൻപോറ്റിയെന്നാണ് പേര്. പോറ്റിസാർ എന്ന് പറഞ്ഞാലേ ഫോർ പീപ്പിൾസ് അറിയൂ.
പോറ്റിസാറിനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ, അദ്ദേഹത്തെ പരിചയപ്പെടുകയും അടുത്തറിയുകയും ചെയ്തിട്ടുള്ള സാധാരണക്കാർ, എന്റെ പോറ്റിസാർ, എന്നാണ് പറഞ്ഞുവന്നിരുന്നത്. തങ്ങളുടെ സുഖ ദു:ഖങ്ങളിൽ തെല്ലും വേർതിരിവില്ലാതെ പങ്കുകൊണ്ടിരുന്ന ആ സ് നേഹസമ്പന്നനെ അങ്ങനെയല്ലാതെ, എങ്ങനെയാണ് അവർക്ക് വിശേഷിപ്പിക്കുവാൻ കഴിയുക. അവർക്ക് അവരിൽ നിന്ന് അകന്നുനിൽക്കുന്ന ഒരു രൂപമായി പോറ്റിസാറിനെ സങ്കൽപ്പിക്കാൻകൂടി കഴിയുകയില്ല.
സ്വദേശം കാർത്തികപ്പള്ളി താലൂക്കിലെ കീരിക്കാട്. കഥകളി ആചാര്യനായിരുന്ന മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ അയൽപ്പക്കത്തായിരുന്നു പോറ്റിസാറിന്റേയും മഠം. സാമാന്യം സമ്പന്നമായ കുടുംബം. ചെറുപ്പകാലത്തെങ്ങാനും മഠത്തിൽ കഴിഞ്ഞിട്ടുണ്ടെന്നല്ലാതെ ശിഷ്ടകാലമാത്രയും വസിച്ചിരുന്നത് കായംകുളത്തെ കുട്ടൻപിള്ളച്ചേട്ടന്റെ ഭഗവതി വിലാസം ഹോട്ടലിലെ ഒന്നാം നമ്പർ മുറിയിലോ, കെ.പി.എ.സി. തരപ്പെടുത്തിക്കൊടുത്തിരുന്ന അവരുടെ ആസ്ഥാനത്തെ മുറിയിലോ ആയിരുന്നു.
ശുപാർശ പ്രാർത്ഥികളായി വരുന്ന ബഹുജനങ്ങളുടെ സൗകര്യം പ്രമാണിച്ചാണ് ഭഗവതിവിലാസവാസം. ഒരു പ്രത്യേക വകുപ്പിലോ, വ്യക്തികളിലോ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ശുപാർശാ മണ്ഡലത്തിന്റെ വ്യാപ്തി. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ് വരെ. ലോക്കൽ പോലീസ് സ് റ്റേഷൻ മുതൽ ഐ.ജി. യുടെ ഓഫീസ് വരെ. പഞ്ചായത്ത് പ്രസിഡന്റു മുതൽ മുഖ്യമന്ത്രി വരെ. ശുപാർശ നടത്തുന്നതിന് എന്തെങ്കിലും പ്രതിഫലം അറിഞ്ഞോ അറിയാതെയോ അദ്ദേഹം വാങ്ങിയ ചരിത്രം ഇല്ല. പലപ്പോഴും സ്വന്തം പോക്കറ്റിൽ നിന്നുതന്നെയായിരിക്കും ചെലവു വഹിക്കുക.
1970 കളിലാണ്. ഞങ്ങളുടെ ക്ലബ്ബിന്റെ - പമ്പാ ആർട് സ് ക്ലബ്ബ് - വാർഷികത്തിന് ഒരു സുവനീർ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. പരസ്യം പിടിക്കുന്നതിന്റെ ചുമതല രണ്ടു വിജയന്മാർക്കും എനിക്കും ആയിരുന്നു. ( എസ്. വിജയകുമാർ - റിട്ട. എസ്.പി. സി.ബി.ഐ. കെ.പി. വിജയകുമാർ - അബൂദാബിയിൽ ബാങ്ക് ഉദ്യോഗസ്ഥൻ ) പരസ്യ സമ്പാദനത്തിനായി കറ്റാനത്തുള്ള ' അസാധുവിന്റെ ' ആഫീസ്സിൽ എത്തി. തേടിയ വള്ളി കാലിൽ.....പോറ്റിസാർ യേശുദാസനുമായി കുശലം പറഞ്ഞിരിക്കുന്നു.
വിവരം പറഞ്ഞപ്പോൾ ശങ്കയേതുമില്ലാതെ ഞങ്ങളോടൊപ്പം കായംകുളത്തിന് വന്നു. ഭാഗവതിവിലാസം, മോഹൻസ് ഐ.ടി.ഐ., ബസ്സ് സർവ്വീസുകാരായ കെ.സി.ടി., നെൽസണ്‍ , എസ്.പി.എം.എസ്., അതും പോരാഞ്ഞിട്ട് ഒരു സിനിമാ തീയേറ്ററിന്റെ പരസ്യവും ശരിപ്പെടുത്തി തന്നു. കായംകുളത്തുള്ള ഒരു ബി ക്ലാസ് തീയേറ്ററിന്റെ പരസ്യം തിരുവല്ലയിലുള്ള ഒരു ക്ലബ്ബിന്റെ സ്മരണികയിൽ പ്രസിദ്ധീകരിച്ചതിന്റെ രസതന്ത്രം എനിക്കിന്നും അജ്ഞാതമാണ്. ഒരു പരസ്യ കമ്പനി നടത്തുന്ന എന്റെ അനുജൻ രാജനും തത്ര തന്നെ.
പോറ്റിസാറിനോടുള്ള ബഹുമാനവും, പുരുഷോത്തമൻപിള്ളയുടെ മകൻ എന്ന എന്നോടുള്ള പരിഗണനയും കൊണ്ടു മാത്രമായിരിക്കണം, പൊട്ടക്കനേത്തെ പത്മനാഭപിള്ളച്ചേട്ടൻ പരസ്യം തന്ന് സഹായിച്ചത്.
അച്ഛനും പത്മനാഭപിള്ളച്ചേട്ടനും വലിയ ഇഷ്ടക്കാരായിരുന്നു. 70 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വളരെ അടുപ്പമുള്ള മൂന്നുപേർ സ്ഥാനാർഥികളായിരുന്നു. കായംകുളത്ത് തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള, കൃഷ്ണപുരത്ത് ( ഇന്നത്തെ കരുനാഗപ്പള്ളി ) പി. ഉണ്ണികൃഷ്ണപിള്ള, ചെങ്ങന്നൂരിൽ അച്ഛൻ. ( പി.ജി. പുരുഷോത്തമൻ പിള്ള ) പൊട്ടക്കനേത്ത് കാർക്ക് ഒരു പ്രസ്സുണ്ട്. പത്മനാഭപിള്ളച്ചേട്ടൻ ഇഷ്ടതോഴർക്ക് തെരഞ്ഞെടുപ്പ് പോസ്റ്റർ അടിച്ച് സംഭാവന ചെയ്തു. മൂന്നു സ്ഥാനാർഥികകളുടേയും സ്ഥിതി വിവരങ്ങളും ചിഹ്നങ്ങളും രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരപൂർവ്വയിനം പോസ്റ്റർ.
കായംകുളം നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ശ്രീ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണ പിള്ളക്ക് തെങ്ങ് അടയാളത്തിലും, കൃഷ്ണപുരത്തെ സി.പി.ഐ. സ്ഥാനാർഥി ശ്രീ പി. ഉണ്ണികൃഷ്ണ പിള്ളക്ക് നെൽക്കതിർ അരിവാൾ ചിഹ്നത്തിലും, ചെങ്ങന്നൂരിലെ സി.പി.ഐ. (എം) സ്ഥാനാർഥി ശ്രീ പി.ജി. പുരുഷോത്തമൻപിള്ളക്ക് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലും വോട്ടു രേഖപ്പെടുത്തി വിജയിപ്പിക്കുക. അതാണ് പൊട്ടക്കനേത്ത് പത്മനാഭപിള്ളച്ചേട്ടൻ.
ഒരിക്കൽ വിദ്യുച്ഛക്തി വകുപ്പിലെ ഒരു താല്ക്കാലിക ജീവനക്കാരന്റെ, എന്തോ ഒരു പ്രശ്നവുമായി മന്ത്രി എമ്മെനെ കാണാൻ പട്ടത്തുള്ള വസതിയിൽ ചെന്നത്, സ്വന്തം കാശു ചെലവാക്കി ഒരുകൂട നല്ലയിനം നീലം മാമ്പഴവും കൊണ്ടാണ്. എമ്മെനെ പ്രസാദിപ്പിച്ച് കാര്യം കാണാനായിരുന്നില്ല മാമ്പഴ സമ്മാനം. തമ്പാനൂരിൽ വന്നിറങ്ങിയപ്പോൾ നല്ല പഴുത്ത മാങ്ങാ കണ്ടു. എമ്മെനെ കാണാൻ പോവുകയല്ലേ, കക്ഷിക്ക് ( പോറ്റി സാറിന് എല്ലാവരും കക്ഷികളാണ് ) പഴുത്തമാങ്ങാ വലിയ ഇഷ്ടവും. പോക്കറ്റിൽ തപ്പി നോക്കി. കാശ് തികയും. ഇരിക്കട്ടെ ഒരു കുട്ട മാങ്ങാ. അത്രേയുള്ളൂ ചിന്താഗതി. മഹാപണ്ഡിതനായിരുന്നു പോറ്റി സാർ. സംസ്കൃതം മുൻഷി പരീക്ഷ പാസായിട്ടുണ്ട് . കുറച്ചുകാലം കീരിയ്കാട്ടോ പുല്ലുകുളങ്ങരയിലോ ഉള്ള സ്‌കൂളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട് . ഒരിടത്ത് അടങ്ങിയിരുന്ന് പണിയെടുക്കുന്ന സ്വഭാവം അദ്ദേഹത്തിന് അന്യമാണ്. പോറ്റിസാർ എന്ന വിളിപ്പേര് സമ്പാദിക്കാൻ കഴിഞ്ഞു എന്നൊരു എന്നൊരു നേട്ടമേ അദ്ധ്യാപനവൃത്തി കൊണ്ട് നേടാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ചരിത്രരേഖ.
![]() |
എം.എൻ.ഗോവിന്ദൻ നായർ |
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലൊന്നും പോറ്റി സാറിന് സ്ഥാനം കിട്ടിയിട്ടില്ല . പക്ഷേ മദ്ധ്യ തിരുവിതാംകൂറിലെ പാർട്ടിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്നു അദ്ദേഹം . ഒളിവിലുള്ള നേതാക്കന്മാർക്ക് സുരക്ഷിതമായ ഷെൽറ്റർ ഒരുക്കുന്നതിൽ സമർത്ഥനായിരുന്നു അദ്ദേഹം. പലപ്പോഴും ഈ താവളങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെയോ, ശത്രുക്കളുടെ തന്നെയോ ഭവനങ്ങളായിരിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യബന്ധം.
എമ്മെൻ നാഗർകോവ് ടി.ബി. സാനിട്ടോറിയത്തിൽ നിന്ന് തടവുചാടി. സഖാവിന് സുരക്ഷിതമായ ഒരു താവളം വേണം. തിരുവിതാംകൂർ സർക്കാർ 5000 രൂപ തലക്ക് വിലയിട്ടിരിക്കുകയാണ്. എമ്മെനോടുള്ള സ് നേഹ ബഹുമാനങ്ങൾ കാരണം, തല കൊടുത്താലും മതി എന്നൊരുത്തരവ് സർ സി.പി. ഇറക്കിയിരുന്നു. അദ്ദേഹത്തെ ഒരുമാസക്കാലം പോറ്റിസാർ ഒളിവിൽ പാർപ്പിച്ചത് പല്ലാരിമംഗലത്തെ ഒരു ജന്മിയായിരുന്ന കവി വരിക്കോലിൽ കേശവനുണ്ണിത്താന്റെ ഭവനത്തിൽ ആയിരുന്നു.
അവിടെ ഒളിവിൽ ഇരുന്നുകൊണ്ടാണ് ദ്വയാംഗ മണ്ഡലം ആയിരുന്ന ഭരണിക്കാവിൽ നിന്ന് മത്സരിച്ചതും, സർവ്വകാല റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതും. സംവരണ സീറ്റിൽ നിന്ന് ജയിച്ചതും കമ്മ്യൂണിസ്റ്റ് സ്ഥാനാർഥി തന്നെയായിരുന്നു സ. കുട്ടപ്പൻ കോയിക്കൽ. തെരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞാണ് എമ്മെൻ വെളിയിൽ പ്രത്യക്ഷപ്പെട്ടതുപോലും.
ഈ തെരഞ്ഞെടുപ്പിന്റെ ചുമതലയും കടിഞ്ഞാണുമെല്ലാം പോറ്റിസാറിന്റെ കൈകളിൽ ആയിരുന്നു. ഇലക്ഷൻ ആവശ്യത്തിലേക്കായി പാർട്ടി കായംകുളം ഡിവിഷൻ കമ്മറ്റി ഒരു കാർ വാങ്ങിച്ചു. ടാർപാളിൻ ടോപ്പായിട്ടുള്ള മോറീസ് മൈനർ. സാരഥ്യം പോറ്റിസാർ. ഒരു ദിവസം ഈ ശകടവും ഓടിച്ചുകൊണ്ട് കായംകുളത്തു കൂടി പോകുമ്പോൾ സർക്കിൾ ഇൻസ് പെക് റ്റർ കൈ കാണിച്ചു നിർത്തി ലൈസൻസ് ചോദിച്ചു. ഈ സാധനം നിരത്തുകളിൽ ചലിപ്പിക്കുന്നതിനു ഇങ്ങനെ ചില സാധന സാമഗ്രികൾ ആവശ്യമാണെന്ന് പോറ്റിസാർ കരുതിയിരുന്നില്ല.
![]() |
മോറീസ് മൈനർ |
" ഓടിക്കാമല്ലോ, ഞാനിപ്പോൾ ഓടിച്ചില്ലേ....." ഇതായിരുന്നു സാറിന്റെ മറുപടി.
എമ്മെന്റെ ആ തെരഞ്ഞെടുപ്പിലേക്ക് നമുക്ക് തിരിച്ചുവരാം. ഇന്നത്തെ കരുനാഗപ്പള്ളി, കുന്നത്തൂർ, പന്തളം, പത്തനംതിട്ട ഉൾപ്പടെയുള്ള പ്രദേശമായിരുന്നു അന്നത്തെ ഭരണിക്കാവ്. വിജയശ്രീലാളിതനായ എമ്മെന് അതിഗംഭീരമായ സ്വീകരണമാണ് പാർട്ടി സംഘടിപ്പിച്ചത്. ശാസ്താംകോട്ടയിലെ സ്വീകരണത്തിനുശേഷം അടുത്ത സ്വീകരണം കരുനാഗപ്പള്ളിയിൽ ആയിരുന്നു. ശാസ്താംകോട്ടയിൽ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ട് പോറ്റിസാർ നേരേ കരുനാഗപ്പള്ളിക്ക് വിട്ടു, സൈക്കിളിൽ. ലാലാജി ജംഗ് ഷനിൽ വെച്ച് ഒരു ബസുമായി കൂട്ടിയിടിച്ച് കക്ഷി ആശുപത്രിയിൽ ആയി. കോളർ ബോണ്‍ നാലു കഷണം. അപകടത്തിന്റെ കാരണം അറിയേണ്ടേ, സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കുമ്പോൾ ഭവാൻ ഉറങ്ങിപ്പോയി.
![]() |
കാമ്പിശേരി കരുണാകരൻ |
പത്രാധിപരായിരുന്ന കാമ്പിശേരി കരുണാകരൻ, ജനയുഗം വാരികയിൽ പോറ്റിസാറിന്റെ നിദ്രാവിലാസത്തെ കുറിച്ച് രസകരമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്. എവിടെയൊക്കെയോ കറങ്ങിയടിച്ചിട്ട് ഒരു ദിവസം കാലത്ത് അദ്ദേഹം പോളയത്തോട്ടിലുള്ള ജനയുഗം ആഫീസ്സിൽ എത്തി. വന്നപാടെ നേരേ പോയത് കുളിമുറിയിലേക്ക്. തുണിനന, കുളി, പല്ലുതേപ്പ് ഇങ്ങനെയുള്ള ബൂർഷ്വാ ജീവിതചര്യകളോട് അദ്ദേഹത്തിനു തീരെ മതിപ്പ് ഉണ്ടായിരുന്നില്ല.
കുളിമുറിയിൽ കയറിയ സാറിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തേക്ക് കാണുന്നില്ല. കാമ്പി ചെന്നുനോക്കുമ്പോൾ, തുണി നനച്ചുകൊണ്ട് കക്ഷിയിരുന്നുറങ്ങുന്നു. ഇതായിരുന്നു പത്രാധിപരുടെ സ് റ്റോറി.
അടുത്ത ലക്കം വാരികയിൽ പ്രസിദ്ധീകരിച്ച പത്രാധിപർക്കുള്ള കത്തുകളിൽ ഒന്ന് വളരെ തമാശയുളവാക്കുന്നത് ആയിരുന്നു. ലിഖിതാക്കൾ, സി.പി.ഐ. യുടേയും സി.പി.എം. ന്റേയും രണ്ട് എം.എൽ എ. മാർ. പി. ഉണ്ണികൃഷ്ണപിള്ളയും പി.ജി. പുരുഷോത്തമൻപിള്ളയും.
![]() |
പി. ഉണ്ണികൃഷ്ണപിള്ള |
![]() |
പി.ജി. പുരുഷോത്തമൻപിള്ള |
കത്ത് ഏതാണ്ടിങ്ങനെ ആയിരുന്നു. " സാഹിത്യകാരന്മാർ അവരുടെ രചന കൂടുതൽ ശ്രദ്ധിക്കപ്പെടാൻ അല്പസ്വല്പം അതിഭാവുകത്വം നല്കുന്നത് സാധാരണമാണ്. പക്ഷെ, ഒരു വ്യക്തിയെ സ്വഭാവഹത്യ ചെയ്യുന്ന തരത്തിൽ പച്ചക്കള്ളം എഴുതിവിടുന്നത് പത്രധർമ്മത്തിനു നിരക്കുന്നതല്ല. പോറ്റിസാർ കുളിച്ചു, പല്ലുതേച്ചു, തുണി നനച്ചു എന്നൊക്കെ എഴുതിയ പത്രാധിപർ, അദ്ദേഹം മദ്യപിച്ചു എന്നെഴുതാനും മടിക്കുകയില്ലല്ലോ....? "
കായംകുളം മുൻസിപ്പാലിറ്റി ഒരു ജൂബിലിയോട് അനുബന്ധിച്ച് ഒരു സുവനീർ പ്രസിദ്ധീകരിച്ചു. അതിൽ വയലാർ രാമവർമ്മ പോറ്റിസാറിനേക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു.
![]() |
വയലാർ |
![]() |
തോപ്പിൽ ഭാസി |
ഉമിക്കരി കൊണ്ടുള്ള ഒരു പ്രയോഗമാണ് ആദ്യം. അതുകഴിഞ്ഞ് പൊടിയുപ്പ്, കുരുമുളക് തുടങ്ങിയ ചൂർണ്ണങ്ങൾ കൊണ്ടുള്ള പ്രക്ഷാളനം. അടുത്തത് വേപ്പിൻ തണ്ട്, കടലാവണക്കിൻ തണ്ട്, തെങ്ങിൻ ക്ലാഞ്ഞിൽ തുടങ്ങിയവ കൊണ്ടുള്ള പെരുമാറ്റമാണ്. മംഗള കർമ്മം നിർവ്വഹിക്കുന്നത്, തന്റെ ചിരന്തന സുഹൃത്തായ പേനാക്കത്തി കൊണ്ടുള്ള ഒരു കലാ പരിപാടിയോട് കൂടിയാണ്. ഇങ്ങനെയൊക്കെ ആറ്റിക്കുറുക്കി, പോളീഷ് ചെയ്ത് ശുദ്ധീകരിക്കപ്പെട്ട ദന്ത നിരകളുടെ ഭംഗിയോ ........? പുളിങ്കുരു പോലിരിക്കും.
അദ്ദേഹം നല്ലൊന്നാന്തരം ഒരു കവിയായിരുന്നു. സമിതിയുടെ പാഞ്ചാലി എന്ന നാടകത്തിലെ അതിമനോഹരങ്ങളായ ഗാനങ്ങളെല്ലാം അദ്ദേഹം രചിച്ചതാണ്. ശൂദ്രകന്റെ മൃച്ഛകടികം എന്ന നാടകം അദ്ദേഹം പരിഭാഷപ്പെടുത്തുകയും, അത് കെ.പി.എ.സി. അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വളരെ പണ്ടാണ്. ഒരു ശുപാർശയുമായി, പോറ്റിസാറിന്റെ പിതാവ് എന്റെ അച്ഛനെ സമീപിച്ചു.
" പുരുഷോത്തമാ, കമ്മ്യൂണിസ്റ്റുകാരനായാൽ വീട്ടിൽ കയറരുതെന്ന് നിയമം വല്ലതുമുണ്ടോ....?" - തിരുമേനിയുടെ ന്യായമായ സംശയം.
" അതെന്താ തിരുമേനീ...." - അച്ഛൻ ചോദിച്ചു.
" അല്ല, കേശവനെ മഠത്തിലോട്ട് കണ്ടിട്ട് വർഷം രണ്ടു കഴിഞ്ഞു......"
![]() |
റ്റി.വി. തോമസ് |
എന്റെ അയൽപ്പക്കത്തുള്ള ഒരു നമ്പൂതിരി യുവാവിന്, ആലപ്പുഴ കെ.എസ്.ഡി.പി.യിൽ ജോലിവാങ്ങിച്ചു കൊടുക്കാനുള്ള ശുപാർശയുമായി ഒരിക്കൽ ഞാൻ പോറ്റിസാറിനെ സമീപിച്ചു. എന്നെയും കൂട്ടി നേരെ ചെന്നത് വ്യവസായ മന്ത്രിയായിരുന്ന സാക്ഷാൽ റ്റി.വി. തോമസ്സിന്റെ മുമ്പിൽ. മണിക്കൂറുകളോളം അദ്ദേഹം, റ്റി.വി.ക്ക് ഒരു സ്വൈര്യവും കൊടുക്കാതെ അവിടെ കുത്തിയിരുന്നു. അവസാനം അയാൾക്ക് ജോലികൊടുക്കാമെന്ന് റ്റി.വി.യുടെ ഉറപ്പ് കിട്ടിയതിനു ശേഷമാണ് അദ്ദേഹത്തെ അനങ്ങാൻ പോലും അനുവദിച്ചത്.
പോറ്റിസാർ മരിക്കുന്നതിന് ഒന്നുരണ്ടു മാസം മുമ്പ്, എന്റെയൊരു ബന്ധുവിന്റെ വിവാഹത്തിന് വന്നപ്പോഴാണ് അദ്ദേഹത്തെ ഞാൻ അവസാനമായിട്ട് കണ്ടത്. മാന്നാർ തൃക്കുരട്ടി ക്ഷേത്രത്തിൽ വെച്ച്. എന്നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു : " എടാ, ഞാൻ സദ്യക്കൊന്നും നിൽക്കുന്നില്ല. പേരൂർ മാധവൻപിള്ളയുടെ കൊച്ചുമകളുടെ കല്യാണത്തിന്, വള്ളികുന്നത്തിനു പോകണം."
![]() |
പി.കെ. ചന്ദ്രാനന്ദൻ |
ശൂരനാട് സംഭവത്തിൽ, നാല് പോലീസുകാരെ കൊലപ്പെടുത്തിയ കേസ്സിൽ ഒന്നാം പ്രതിയായിരുന്നു, സ. പേരൂർ. പഴയകാല സഖാക്കളേയും, അവരുടെ പിൻതലമുറയേയും പോറ്റിസാർ ഇടയ്ക്കിടെ സന്ദർശിക്കും. മരണം, വിവാഹം - അറിഞ്ഞാൽ, ഇതൊന്നും ഒഴിവാക്കുകയില്ല. ഇക്കാര്യത്തിൽ പോറ്റിസാറിനെപ്പോലെ ശുഷ്കാന്തി കാണിക്കുന്ന ഒരു നേതാവിനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. സി.പി.ഐ.(എം) സംസ്ഥാന കമ്മറ്റിയംഗവും മുൻ എം.എൽ.എ. യുമായ സ. പി.കെ. ചന്ദ്രാനന്ദൻ.
No comments:
Post a Comment