നരകാസുരവധം കഥകളിയിലെ നിണം : പി.രവീന്ദ്രനാഥ്
( കാർത്തികതിരുനാൾ - കൊ.വ. 899 - 973 )
രാജ്യഭരണത്തിലും കലോപാസനയിലും ഒരുപോലെ ശോഭിച്ച കവിയായിരുന്നു കാർത്തികതിരുനാൾ രാമവർമ്മ. ധർമ്മരാജാവ് എന്ന് പ്രസിദ്ധനായിത്തീർന്ന അദ്ദേഹത്തിന് സംസ്കൃതം, പേർഷ്യൻ, ഹിന്ദി, തമിഴ്, പോർച്ചുഗീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പാണ്ഡിത്യം ഉണ്ടായിരുന്നു. കുഞ്ചൻനമ്പ്യാർ, ഉണ്ണായിവാര്യർ, കിളിമാനൂർ തമ്പുരാൻ, പുതിയിക്കൽ തമ്പാൻ, മാണ്ഡവപ്പള്ളി ഇട്ടിരാരിച്ചമേനോൻ തുടങ്ങിയ പണ്ഡിതവരേണ്യന്മാർ അദ്ദേഹത്തിന്റെ വിദ്വൽ സദസ്സിലെ അംഗങ്ങൾ ആയിരുന്നു.
നരകാസുരവധത്തിന്റെ അന്ത്യഭാഗം അദ്ദേഹത്തിന്റെ അനന്തിരവനായ അശ്വതിതിരുനാളാണ് രചിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. "അർണ്ണോജാക്ഷികളെ ഹരിച്ചോരുനിൻ" എന്ന പദത്തിന്റെ പകുതിയെഴുതി ഓല മേശപ്പുറത്തു വെച്ചിട്ട് അദ്ദേഹം നീരാട്ടിനു പോയി. അമ്മാവന്റെ അപൂർണ്ണ ശ്ലോകം കണ്ട അശ്വതി, "നിർണ്ണയമതിനുണ്ടു കരാളെ" എന്ന് പൂരിപ്പിച്ച് ആ പദം അവസാനിപ്പിച്ചു. മാതുലന് അത് നന്നേ ബോധിച്ചു എന്നുമാണ് കഥ.
![]() |
കത്തി |
പാടിപ്പദത്തോടുകൂടിയ കത്തിവേഷത്തിന്റെ പ്രവേശം അദ്ദേഹത്തിന്റെ കഥകളോട് കൂടിയാണ് ആരംഭിച്ചത്. സാഹിത്യപരമായി നോക്കിയാൽ ഉന്നതനിലവാരം പുലർത്തുന്നതാണ് തമ്പുരാന്റെ ശ്ലോകങ്ങളും പദങ്ങളും. നക്രതുണ്ഡി, ലളിത രൂപത്തിൽ വരുമ്പോഴുള്ള വർണ്ണന തന്നെ ഉദാഹരണം. "ഇത്ഥം നിശ്ചിത്യഹൃത്വാ ത്രിദശപുര വധൂരുദ്ധതം പ്രസ്ഥിതാസാ" എന്നു തുടങ്ങുന്ന ശ്ലോകവും "പുരികുഴലിൽ നറുമലർ ചൂടിയും ബാലാ, സരസത ഗാനം ചെയ്തു സരസനൃത്തമാടിയും" എന്നു തുടങ്ങുന്ന പദവും എത്രത്തോളം ആസ്വാദ്യകരമായിട്ടാണ് അനുഭവപ്പെടുന്നത്.
കഥാസാരം
വരാഹാവതാരം എടുത്ത മഹാവിഷ്ണുവിന് ഭൂമിദേവിയിലുണ്ടായ പുത്രനാണ്, പ്രാഗ് ജോതിഷത്തിലെ രാജാവായ നരകാസുരൻ. പർവതം, വായു, അഗ്നി തുടങ്ങിയവയാൽ സരക്ഷിക്കപ്പെട്ടയിടമാണ് പ്രാഗ് ജോതിഷം. അഞ്ചു തലയുള്ള ഒരസുരനാണ് നരകാസുരന്റെ കോട്ടക്ക് കാവൽ നില്ക്കുന്നത്.
ഭ്രുത്യയായ നക്രതുണ്ഡിയെ ദേവസ്ത്രീകളെ അപഹരിച്ചു കൊണ്ടുവരാൻ നിയോഗിച്ചു. അവരുമായി വരുന്ന വഴി ദേവേന്ദ്രന്റെ പുത്രനായ ജയന്തനെ കണ്ട്, പ്രേമവിവശയായി, സുന്ദരീരൂപം പൂണ്ട്, പ്രണയാഭ്യർത്ഥന നടത്തി. കുപിതനായ ജയന്തൻ നക്രതുണ്ഡിയുടെ മൂക്കും മുലയും അരിഞ്ഞു കളഞ്ഞു. അലറിക്കരഞ്ഞു കൊണ്ട് അവൾ നരകാസുരസന്നിധിയിലേക്ക് ഓടിപ്പോയി.
![]() |
ചുവന്നതാടി |
സംഭവം അറിഞ്ഞ് നരകാസുരൻ സ്വർഗത്തിൽ എത്തി ഇന്ദ്രനെ പോരിന് വിളിച്ചു. ഇന്ദ്രൻ പേടിച്ചോടിപ്പോയി. ഇന്ദ്രന്റെ മാതാവ് അദിതിയുടെ കുണ്ഡലം ഉൾപ്പടെ കവർന്നെടുത്തുകൊണ്ട് അയാൾ മടങ്ങി. ഇന്ദ്രൻ ശ്രീകൃഷ്ണനോട് സഹായം അഭ്യർഥിച്ചു. കൃഷ്ണൻ സത്യഭാമയോടുകൂടി ഗരുഡന്റെ പുറത്തേറി ജോതിഷത്തിലെത്തി നരകാസുരവധം നടത്തുകയും, അയാളുടെ പുത്രനായ ഭഗദത്തനെ രാജാവായി അഭിഷേകം നടത്തുകയും ചെയ്തു.
ഈ കഥയിൽ നരകാസുരന് , ചെറിയ നരകാസുരൻ, വലിയ നരകാസുരൻ എന്നീ രണ്ടു വേഷങ്ങളുണ്ട്. ചെറിയ നരകാസുരൻ കത്തിയും, വലിയ നരകാസുരൻ ചുവന്നതാടിയും ആണ്.
കഥാപാത്രങ്ങൾ
ദേവസ്ത്രീകൾ
ലളിത
പത്നി
സത്യഭാമ - സ്ത്രീ മിനുക്ക്
ചെറിയ നരകാസുരൻ - കത്തി
വലിയ നരകാസുരൻ - ചുവന്നതാടി
ശ്രീകൃഷ്ണൻ
ഇന്ദ്രൻ
ജയന്തൻ - പച്ച
നക്രതുണ്ഡി - പെണ്‍ കരി
നിണം - പ്രാകൃത ബീഭത്സം
ഭീരു - ഒരു പ്രത്യേക തരം ഹാസ്യ വേഷം.
നിണം
നരകാസുരന്റെ സമീപത്തേക്ക് അലറിക്കരഞ്ഞുകൊണ്ട് വരുന്ന രംഗം മുതലാണ് നിണം പ്രത്യക്ഷപ്പെടുന്നത്. ഉണക്കലരിയും മഞ്ഞളും അരച്ച് ചുണ്ണാമ്പ് ചേർത്ത് വെള്ളത്തിൽ കലക്കിയാണ് നിണച്ചാന്ത് ഉണ്ടാക്കുന്നത്. കച്ചയും മറ്റും ഈ നിണത്തിൽ മുക്കിയാണ് ധരിക്കുന്നത്. കുരുത്തോലയുടെ ഈർക്കിൽ തുടലുപോലെ ഇണക്കികെട്ടി നിണത്തിൽ മുക്കി ധരിച്ചാൽ, മുറിഞ്ഞു തൂങ്ങിക്കിടക്കുന്ന മാംസക്കഷ് ണങ്ങളാണ് എന്നു തോന്നും. ഇളംകരിക്കിന്റെ കാമ്പ് നിണത്തിൽ മുക്കി ശരീരത്തിന്റെ പലഭാഗങ്ങളിൽ ഒട്ടിച്ചുവെക്കും. ഇതുകണ്ടാൽ, മൂക്കും മുലയും മുറിഞ്ഞ്, ഞരമ്പും കുടലുമൊക്കെ വെളിയിൽ ചാടിയിരിക്കുന്നത് പോലിരിക്കും. ഭയവും വെറുപ്പുമുണ്ടാക്കുന്ന ആഹാര്യാഭിനയമാണിത്. അരങ്ങിൽ ഇരിക്കുന്നവരുടെ ഇടയിൽക്കൂടിയാണ് നിണത്തിന്റെ അതിഭീകരമായ അലർച്ചയോടുകൂടിയുള്ള രംഗ പ്രവേശം. നിണം താങ്ങാൻ രണ്ടു സഹായികൾ ഉണ്ടാവും. അവരും അയ്യോ, അയ്യോ എന്ന് അലറിക്കരഞ്ഞുകൊണ്ടിരിക്കും.
![]() |
നിണം |
കൂടിയാട്ടത്തിൽ നിന്ന് കടം കൊണ്ടിട്ടുള്ളതാണ് നിണം.
ചിക്കൻ ചില്ലിയുണ്ടാക്കുന്ന ചുവന്ന കോഴിക്കളർ ഉപയോഗിച്ചാണ് ഇപ്പോൾ നിണച്ചാന്ത് ഉണ്ടാക്കുന്നത്. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, ഒട്ടും അപകടകാരിയല്ലാത്ത നിണം രൂപപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ വായിച്ചതാണ്.
![]() |
പെണ്‍കരി |
No comments:
Post a Comment