Saturday, September 28, 2013

നാറാപിള്ളച്ചേട്ടന്റെ വാചകാരിഷ്ടത്തിന് സഖാവ് പി.എസ്.ശ്രീനിവാസന്റെ ഉപഹാരം : പി. രവീന്ദ്രനാഥ്

നാറാപിള്ളച്ചേട്ടൻ   ഒരാസാമാന്യ  കഥാപാത്രമായിരുന്നു.  കെ. നാരായണൻനായർ  എന്ന  കൊജ് ഞാട്ട്  നാരായണൻനായർ.  ആൾ  ഇന്ന്  ജീവിച്ചിരിപ്പില്ല.  പത്തിരുപത്  വർഷങ്ങൾക്ക്   മുമ്പ്  മരിച്ചുപോയി.

സരവ്വവ്യാപിയായിരുന്നു.  അതുകൊണ്ട്  സ്വദേശം  സാധാരണക്കാർക്ക്   ഗണിച്ചെടുക്കാൻ  വിഷമമാണ്.   പക്ഷെ   ഞങ്ങളുടെ  കുടുംബങ്ങളുമായുള്ള  - അമ്മയുടേയും  അച്ഛന്റേയും - അടുത്ത  ബന്ധം  കാരണം  ഞങ്ങൾക്ക്   ഏതാണ്ടൊരു  എത്തും  പിടിയും  ഉണ്ടായിരുന്നു.

മാതൃഗൃഹം  ചെങ്ങന്നൂർ  താലൂക്കിലെ  എണ്ണക്കാടിന്   അടുത്തുള്ള  ഇലഞ്ഞിമേൽ.  പിതൃഗൃഹം  മാന്നാർ.  ഭാര്യവീട്  തിരുവൻവണ്ടൂരിനടുത്തുള്ള  ഇരമല്ലിക്കര.  സ്ഥിരതാമസം  ഏതൊരു  ശരാശരി  മധ്യതിരുവിതാംകൂർ  നായർ  പ്രമാണിയേം  പോലെ  ഭാര്യവീട്ടിൽ.  നാറാപിള്ളച്ചേട്ടനെ  സംബന്ധിച്ചിടത്തോളം  സ്ഥിരതാമസം  എന്ന്  പറയുന്നത്  പരിപൂർണ്ണമായും  ശരിയായിരിക്കുകയില്ല.  ഓതറ,  കല്ലിശ്ശേരി,  ആല,  പെണ്ണുക്കര, പുലിയൂർ, കടപ്ര  എന്നിവിടങ്ങളിലെല്ലാം  കാണാൻ  കഴിയുമായിരുന്നു.  ഈ  പ്രദേശങ്ങളിൽ  ഉള്ളവരെല്ലാം  തന്നെ,  സ്വന്തം  നാട്ടുകാരനായിത്തന്നെ  കക്ഷിയെ  അംഗീകരിച്ചിരുന്നു.  മാത്രമല്ല  നാറാപിള്ളച്ചേട്ടന്റെ   അഭിപ്രായങ്ങൾക്കും  ഉപദേശങ്ങൾക്കും  വലിയ  സ്ഥാനവും  കൊടുത്തിരുന്നു.  എന്റെ  മനസ്സിൽ  നാറാപിള്ളച്ചേട്ടന്   പ്രമുഖ  സ്ഥാനം  കൊടുക്കാനുള്ള   കാരണങ്ങളിലൊന്ന്   ബോറനായിരുന്നില്ല  എന്നതായിരുന്നു.  എന്നുമാത്രമല്ല,  നല്ല  സഹൃദയനും  ആയിരുന്നു.

 കക്ഷി  അടിയുറച്ച  കമ്മ്യൂണിസ്റ്റ്   ആയിരുന്നു.  പാർട്ടി   മെമ്പർ  ഷിപ്പ്   ഒന്നും  ഉണ്ടായിരുന്നില്ല.  പക്ഷെ  ഏതൊരു   പാർട്ടി  മെമ്പറേക്കാളും  സത്യസന്ധമായും  ആത്മാർത്ഥമായും  പാർട്ടിക്കു   വേണ്ടി  പ്രവർത്തിയെടുക്കുമായിരുന്നു.  എന്റെ  അച്ഛന്റെ  സന്തതസഹചാരിയായിരുന്നു.  വലംകൈ  എന്നുതന്നെ  പറയാം.  ചെങ്ങന്നൂർ  എം.എൽ.എ. യുമായുള്ള  ഈ  അടുപ്പം  കാരണം  തിരുവൻവണ്ടൂർ  എം.എൽ.എ.  എന്നാണ്   പൊതുവെ  അറിയപ്പെട്ടിരുന്നത്.


അദ്ദേഹത്തിന്റെ  പരിചയവലയം  അതിവിശാലമാണ്.   തിരുവല്ല,  ചെങ്ങന്നൂർ   താലൂക്കുകളിലെ  പ്രമാണികളെല്ലാം   തന്നെ  കക്ഷിയുടെ  സൌഹൃദവലയത്തിൽ  ഉള്ളവരായിരുന്നു.  ഒരു  കാര്യത്തിനും  ആരെയും  ബുദ്ധിമുട്ടിക്കുകയില്ല.  സൌഹൃദവും  പരിചയവും  സ്വകാര്യ  ലാഭത്തിന്   വിനിയോഗിക്കുകയില്ല.

നാറാപിള്ളച്ചേട്ടൻ   ആദ്യമായി  ഞങ്ങളുടെ  വീട്ടിൽ   വന്നത്   ഞാനിപ്പോഴും  ഓർക്കുന്നു.  1968 ലാണ്.  ഞാൻ  4 ൽ  പഠിക്കുകയാണ്.   അദ്ദേഹത്തിന്റെ   ഭാര്യ  തങ്കമ്മചേച്ചി  കടപ്രയിലുള്ള  എസ്.എൻ.  നഴ് സിംഗ്  ഹോമിൽ  അഡ്മിറ്റായി.  രോഗിക്ക്   പൊടിയരിക്കഞ്ഞി  വേണം.  രോഗി  കിടക്കുന്നത്   തിരുവല്ലാ  നിയോജക  മണ്ഡലത്തിൽ  ആണെങ്കിലും,  രോഗിയുടേയും  ശുശ്രൂഷകന്റെയും  മണ്ഡലം  ചെങ്ങന്നൂരാണ്.   അങ്ങനെ  വരുമ്പോൾ  പൊടിയരിക്കഞ്ഞി  കൊടുക്കേണ്ട  ഉത്തരവാദിത്തം  ഭാഗികമായേ  തിരുവല്ല  എം.എൽ. എ. ക്കുള്ളു.  യഥാർത്ഥ  ഉത്തരവാദിയായ  ചെങ്ങന്നൂർ  എം.എൽ.എ.  ആശുപത്രിക്ക്  സമീപം  താമസ്സിക്കുന്നുമുണ്ട്.  വെണ്ണ  കയ്യിലുള്ളപ്പോൾ  നറുനെയ്   തേടി  പോകേണ്ടതുണ്ടോ...?  അങ്ങനെയാണ്  വീട്ടിൽ  വന്നത്.

പരിചയപ്പെടലും,  അപേക്ഷയും  ഒന്നുമുണ്ടായില്ല.  ഭാര്യ  ഇവിടെ  ആശുപത്രിയിലാ.  മൂന്നു  നാലു   ദിവസം  കാണും.  പൊടിയരിക്കഞ്ഞി  വേണം.  ചുരുക്കം  പറഞ്ഞാൽ  തങ്കമ്മചേച്ചിക്കുള്ള  പൊടിയരിക്കഞ്ഞി  മാത്രമല്ല,  നാറാപിള്ള ചേട്ടന്റെ  ഭക്ഷണ  കാര്യങ്ങളും  ചെങ്ങന്നൂർ  മെമ്പറുടെ  ഉത്തരവാദിത്വത്തിൽ  ആയി.  അന്ന്  ഞങ്ങളുടെ  കുടുംബത്തിലെ  ഒരംഗം  ആവുകയായിരുന്നു  നാറാപിള്ള ചേട്ടൻ.


മദ്യപിക്കുന്നത്   ഇഷ്ടമാണ്.   പക്ഷെ  ഷാപ്പുകളിലോ,  ബാറുകളിലോ  കയറുകയില്ല.   ഈ  ദൌർബല്യം  അരിയാവുന്നതുകൊണ്ട്  അച്ഛൻ,  നാറാപിള്ളച്ചേട്ടൻ  വീട്ടിൽ  വരുമ്പോൾ  ആരെയെങ്കിലും  വിട്ട്   ഒരു  പൈന്റ്   ചിലപ്പോൾ  വാങ്ങിക്കും.  ഒഴിച്ചു  കുടിക്കാൻ  വെള്ളമൊന്നും  പോരാ.   തണുത്ത  സോഡാ  തന്നെ  വേണം.  ഉപ്പേരി,  ഉപ്പിലിട്ടത്,  മീൻ  വറുത്തത്   തുടങ്ങിയ  ഉപദംശങ്ങൾ  നിർബന്ധം.

P.G. Purushothaman Pillai (My father)



ഒരിക്കൽ  ഗൾഫിൽ  നിന്ന്   അവധിക്കു  വന്ന  ഒരു  മുതിർന്ന  സുഹൃത്ത്   ഞങ്ങൾക്ക്   (എനിക്കും  അനുജൻ   രാജനും)  ഒരു  കുപ്പി  വാറ്റ് -69  (VAT 69)  എന്ന  സ് കോച്ച്   വിസ്കി  സമ്മാനിച്ചു.   ഞങ്ങൾ  അന്ന്  പഠിച്ചുകൊണ്ടിരിക്കുകയാണ്.   നാറാപിള്ളച്ചേട്ടൻ  വരുമ്പോൾ  കൊടുക്കാനായി  ഇതു   ഞങ്ങൾ  അമ്മയെ  ഏൽപ്പിച്ചു.


കൃത്യം  രണ്ടുനാൾ  കഴിഞ്ഞപ്പോൾ  ഒരു  സന്ധ്യക്ക്‌   നാറാപിള്ളച്ചേട്ടൻ   പ്രത്യക്ഷനായി.  അമ്മയുടെ  കയ്യിൽ   നിന്ന്  കുറച്ച്   പൈസ  സംഘടിപ്പിച്ച്,   നാറാപിള്ളച്ചേട്ടനു  വേണ്ട  മറ്റനുസാരികൾ  ശേഖരിക്കാൻ  ഞങ്ങളിറങ്ങി.


നീലക്കുപ്പിയിലെ  ദ്രാവകം  കണ്ടപ്പോൾ  തന്നെ  മുഖത്ത്   പതിനാലാം  രാവ്   ഉദിച്ചു  കഴിഞ്ഞു.   ഇവൻ   സായിപ്പിന്റെ  പൊന്നോമനയാടാ  പിള്ളാരേ,  ജനാർദ്ദനന്റെ   സോഡായൊഴിച്ച്    ഇത്   മലിനപ്പെടുത്തേണ്ട.  നാഴി  കൊള്ളുന്ന  ഒരു  ഗ്ലാസ്സിൽ  നീറ്റായിട്ട്   രണ്ടെണ്ണം  അങ്ങു   പൂശി.  രണ്ടെണ്ണം  എന്ന്   പറഞ്ഞത്   2  അറുപത്   അല്ല.  രണ്ടു  ഗ്ലാസ്   തന്നെ.   ഓംലെറ്റിന്റെ  ഒരു  കഷണം  കടൂമാങ്ങയിൽ  മുക്കി  ആസ്വദിച്ചു  തിന്നുകൊണ്ട്‌   അടുത്ത  ഡ്രിങ്ക്   ഫില്ലു  ചെയ്തു.

"നാറാപിള്ളച്ചേട്ടാ,  വിശേഷം  കുറച്ചു  കൂടുന്നു."  -  അമ്മയുടെ  താക്കീത്   നിഷ് കരുണം  തള്ളിക്കൊണ്ട്   പറഞ്ഞു - "നീ  പോടീ,  കൊജ് ഞാട്ടെ  കൊച്ചാരേണനെ  നീ  കള്ളുകുടി  പടിപ്പിക്കല്ലേ...."  അമ്മ  പതുക്കെ  സ്ഥലം  വിട്ടു.  ഞങ്ങളുടെ  ആവശ്യവും  അതായിരുന്നു.

മറ്റുള്ളവർ,  എടീ  പോടീ  എന്നൊക്കെ  വിളിക്കുന്നത്   അമ്മക്ക്   മഹാ  കലിയാണ്.   അമ്മയെ  കണ്ട  കാലം  മുതൽ  നാറാപിള്ളച്ചേട്ടൻ  വിളിക്കുന്നത്   എടീ  രാജമ്മേ  എന്നാണ്.   അമ്മക്ക്   പരിഭവം  ഒട്ടില്ലതാനും.

മൂന്നാമത്തെ  ഡ്രിംങ്ക്   ചെന്നു   കഴിഞ്ഞപ്പോൾ  നാറാപിള്ളച്ചേട്ടന്   ശരിയായി  പരിസര  ബോധം  വന്നു  തുടങ്ങി.  "എടാ  രവീ,  നാളെയല്ലിയോടാ   തിരുവമ്മണ്ടൂരേ  വള്ളം  കളി...."

"നാളെ  ചമ്പക്കുളം  വള്ളം  കളിയാ.  ഇന്നാ  തിരുവൻവണ്ടൂരെ  കളി.."  ഞാൻ  പറഞ്ഞു.
നാറാപിള്ളച്ചേട്ടൻ  നാലാം  ക്ലാസ്സിലെ  അദ്ധ്യായന  വർഷത്തിലേക്ക്   കടക്കുന്നു. കടപ്ര  വള്ളം  പോയോടാ...വള്ളംകളി,  കുത്തിയോട്ടം,  പടേനി,  കഥകളി,  പാട്ടുകച്ചേരി,  നാഗസ്വരം  ഇതൊക്കെ  മൂപ്പിലെ  ഇഷ്ട  കലകളാണ്.

വള്ളം  ഇറക്കുവാന്നു  തോന്നുന്നു,  ഐലസാ  വിളിക്കുന്നത്  കേൾക്കുന്നില്ലിയോ...?  ഞങ്ങൾ  ഒന്നടങ്കം  ചോദിച്ചു.  ഞങ്ങൾ  എന്ന്  പറഞ്ഞാൽ....എന്നേയും  രാജനേയും  കൂടാതെ  ഒരു  വലിയ  സംഘം  അവിടെ  കൂടിയിട്ടുണ്ട്.  ഷാജി,  പൊടിക്കുഞ്ഞ്,  ശ്രീകുമാർ,  മണിക്കുട്ടൻ (ബി. ഉദയനൻ)   ഉദ്ദേശം - നാറാപിള്ളച്ചേട്ടന്റെ  പെർഫോർമെൻസ്   കാണുക.

കടപ്ര  വള്ളത്തിൽ  തിരുവൻവണ്ടൂരിന്   പോകണമെന്നായി  നാറാപിള്ളച്ചേട്ടൻ.  ഞങ്ങൾ  കക്ഷിയെ  വീടിന്റെ  തെക്കുവശത്തുള്ള  തോടിന്റെ  കരക്ക്  കൊണ്ടുവന്നു.  അപ്പോഴേക്കും  പൊടിയും  ഷാജിയും  കൂടി  ചുണ്ടൻവള്ളവും  കൊണ്ടുവന്നു.  അതായത്   അച്ഛന്റെ  ചാരുകസേര.   വള്ളവും  വെള്ളവും  നയമ്പുമൊക്കെ  കണ്ടപ്പോൾ  നാറാപിള്ളച്ചേട്ടനിലെ   നതോന്നത  സടകുടഞ്ഞുണർന്നു.

"പാർത്ഥസാരഥിയായി"  -  നാറാപിള്ളച്ചേട്ടൻ  തുടക്കമിട്ടു.

"തെയ്   തെയ്    തക  തെയ്   തെയ്    തോ" -  ഞങ്ങൾ  ഏറ്റുപാടി.

അരയറ്റം  വെള്ളത്തിൽ,   ഒന്നൊന്നര  മണിക്കൂർ  നാറാപിള്ളച്ചേട്ടനെ  ചുമന്നുകൊണ്ട്   ആ  തോട്ടിൽ  കൂടി  ഞങ്ങൾ  കിഴക്കുപടിഞ്ഞാറു  നടന്നു.  അടനയമ്പാണെന്ന  സങ്കൽപ്പത്തിൽ,  ഒരു  ചെറിയ  നയമ്പ്   വെള്ളത്തിലിട്ട്   സഗൌരവം  നാറാപിള്ളച്ചേട്ടൻ  ഒന്നാം  അമരത്ത്.   വള്ളത്തിന്റെ  നിലയും,  പമ്പയാറിന്റെ  കിടപ്പും  ഉള്ളംകയ്യിലെ  നെല്ലിക്ക  ആയതുകൊണ്ട്  ഇടയ്ക്കിടെ  ചോദിക്കുന്നുണ്ട്,  നാക്കട  കടവ്  കഴിഞ്ഞോടാ,  കീഴമ്മഴി  കഴിഞ്ഞോടാ...

നാറാപിള്ളച്ചേട്ടാ,  മാലക്കരയായി....ഞങ്ങൾ  പറഞ്ഞു.

അടുപ്പിക്കെടാ  വള്ളം,  മാലേത്തെ  കടവിൽ.  ഗോപിയുടെ  കടവിൽ....അതായത്   മുൻ  എം.എൽ.എ. മാലേത്ത്  ഗോപിനാഥപിള്ളയെന്നു  സാരം.

അടനയമ്പും  കയ്യിൽ  പിടിച്ചോണ്ട്  ഞങ്ങളോടാണോ  വള്ളം  അടുപ്പിക്കാൻ  പറയുന്നേ,  വയ്യായെങ്കിൽ  പറ,  ഞങ്ങളാരെങ്കിലും  ഒന്നാം  നയമ്പ്   പിടിച്ചോളാം...ഞാൻ  പറഞ്ഞു.

"കൊച്ചാരേണനെ  നയമ്പ്   പിടിക്കാൻ  പടിപ്പിക്കല്ലേ,  നിന്റെ  തന്തയോട്   ചോദിച്ചു  നോക്ക്,  കൊജ് ഞാട്ടെ  കൊച്ചാരേണൻ   ഒന്നാം  നയമ്പ്   പിടിക്കുമോന്ന്.   ആദ്യത്തെ  കടവ്   സരളേടെ,  രണ്ടാമത്തെയാ  ഗോപിയുടെ..അവിടടുപ്പിച്ചാൽ  മതി.  വഴിപാടുണ്ട്."  ഏതായാലും  വള്ളം  മാലേത്ത്   കടവിൽ  അടുപ്പിച്ചപ്പോഴേക്കും  സുഖ  നിദ്രയിൽ  ആണ്ടു  കഴിഞ്ഞിരുന്നു.  നേരത്തോടു  നേരം കഴിഞ്ഞാണ്   നാറാപിള്ളച്ചേട്ടനെ  നിദ്രാദേവി  വിട്ടകന്നത്.

പിറ്റേന്ന്   നാറാപിള്ളച്ചേട്ടൻ   പൂർവ്വസ്ഥിതിയെ  പ്രാപിച്ചപ്പോൾ  ഞാൻ  ചോദിച്ചു :  അല്ല  നാറാപിള്ളച്ചേട്ടാ,  തിരുവൻവണ്ടൂരിൽ  പോകാൻ  ഇന്നലെ  നമ്മളെന്തിനാ  വന്മഴിയിലും  മാലക്കരയിലുമൊക്കെ  പോയത്.  തൊഴഞ്ഞ്   കൈപ്പൊയം  പൊളക്കുന്നു.

"പോടാ  അവിടുന്ന്,  ഇന്നലെ  അല്പം  ഫിറ്റായിപ്പോയി.."

"ഇത്    ഫിറ്റല്ല....,  അണ്‍ഫിറ്റ്..."   രാജൻ   പറഞ്ഞു.

 ഞാൻ  ഏഴാം  ക്ലാസ്സിൽ  പഠിക്കുമ്പോഴാണ്‌.   കേരള  കർഷക  സംഘത്തിന്റെ  സംസ്ഥാന  സമ്മേളനം  കോട്ടയത്ത്  നടക്കുകയുണ്ടായി.  സഖാക്കൾ  എ.കെ.ജിയും,  ഇ.എം.എസ്സും  പൊതു  സമ്മേളനത്തിൽ  പ്രസംഗിക്കുന്നുണ്ട്.   സമ്മേളനത്തിന്  പോകണമെന്ന്  ഞാൻ  നിർബന്ധം   പിടിച്ചു.  അവസാനം  നാറാപിള്ളച്ചേട്ടനെ  കൂട്ടിവിടാൻ  അമ്മ  സമ്മതിച്ചു.  അന്ന്   90  പൈസയാണ്   തിരുവല്ലയിൽ  നിന്ന്  കോട്ടയത്തിന്‌   വണ്ടിക്കൂലി.  അമ്മ  10 രൂപ  നാറാപിള്ളച്ചേട്ടനെ  ഏല്പിച്ചു.  ബസ്  സ്റ്റാന്റിൽ  ചെന്നപ്പോഴേ  നാറാപിള്ളച്ചേട്ടൻ  പറഞ്ഞു:  "ഒരുപാട്   ആൾക്കാര്    കൂടുന്ന  ദിവസമാ.  ഒരു  വക  കഴിക്കാൻ  കൊള്ളത്തില്ല.  കട്ടൻ  കാപ്പി  പോലും  കുടിച്ചേക്കരുത്.   എ.കെ.ജിയുടേയും    ഇ.എം.എസ്സിന്റേയും   പ്രസംഗം  കഴിഞ്ഞാൽ  നമുക്ക്  തിരിച്ചു  പോരണം."   ഞാൻ  സമ്മതിച്ചു.  അതല്ലാതെ  മറ്റൊരു  നിർവാഹവും  ഇല്ലല്ലോ?   ഒരു  കാര്യം  അപ്പോൾ  തന്നെ  ഞാൻ  ഉറപ്പിച്ചു.  മൂപ്പിലാൻ  ദാഹിച്ച  വെള്ളം  മേടിച്ചു  തരികയില്ല.   അതിഗംഭീര  പ്രകടനവും  സ. ടി.കെ. രാമകൃഷ്ണന്റെ  സ്വാഗത  പ്രസംഗവും  കഴിഞ്ഞു.  എ.കെ.ജി.  സമ്മേളനം  ഉൽഘാടനം   ചെയ്ത്  പ്രസംഗിച്ചു  തുടങ്ങി.

A.K.G.

E.M.S.


"എനിക്ക്   ദാഹിക്കുന്നു."   - ഞാൻ  പറഞ്ഞു.
കേട്ട  ഭാവമില്ല.
"നാറാപിള്ളച്ചേട്ടാ,  എനിക്ക്   ദാഹിക്കുന്നെന്ന്."   -  ഞാൻ  വിടാൻ  കൂട്ടാക്കിയില്ല.
"കണ്ട  കലക്കവെള്ളം  മേടിച്ചു  കുടിച്ച്   വയറ്റുകടി  വരുത്തണ്ടാ...ഈ  പ്രസംഗം  കഴിഞ്ഞിട്ട്   നമുക്ക്  കൃഷ്ണൻകുട്ടിയുടെ  ക്വാർട്ടേഴ് സിൽ   പോയി  ചായേം  കുടിച്ചിട്ട്   വീട്ടിൽ  പോകാം."

നാറാപിള്ളച്ചേട്ടൻ   പറഞ്ഞ  ഈ  കൃഷ്ണൻകുട്ടി  അമ്മയുടെ  അമ്മാവനാണ്.   കോട്ടയം  ഡി.വൈ.എസ്.പി.  കൃഷ്ണൻകുട്ടി  നായർ.  അപ്പോൾ  അതാണ്‌  പരിപാടി.  സമ്മേളനചിലവിൽ  അമ്മാവന്റടുത്ത്   സൌഹൃദ  സന്ദർശനം,  ഓസിന്   ചായേം  പലഹാരവും.  കയ്യിലുള്ള  ദ്രവ്യം  ഭദ്രം.

"കൃഷ്ണന്റേം,  രാമന്റേം   വീട്ടിലൊന്നും  ഞാൻ  വരുന്നില്ല.  എനിക്ക്  കുടിക്കാൻ  വല്ലോം  മേടിച്ചു  തന്നോണം."

പണ്ടാരം  അടങ്ങാനെന്ന്    ശപിച്ചു  കൊണ്ടായിരിക്കണം,  എന്റെ  ദുർവാശിക്ക്   മുമ്പിൽ   നാറാപിള്ളച്ചേട്ടൻ  വെച്ചരശു  പറഞ്ഞു.

അന്ന്   ഫാന്റായും  കൊക്കോ കോളയും  200 ml യുടെ  കുപ്പിയിൽ  കിട്ടുമായിരുന്നു.  വില  ഒന്നേകാൽ  രൂപ.  സോഡക്ക്   10 പൈസയും,  ക്രഷ്   എന്ന്   പറയുന്ന  കളർ  സോഡക്ക്   25 പൈസയുമേ   വിലയുണ്ടായിരുന്നുള്ളൂ  എന്നോർക്കണം.

"എന്നാ  വാ,  സോഡാ   കുടിക്കാം.  ഗ്യാസ്  വെള്ളമായതുകൊണ്ട്   വയറിന്    ഏനക്കേടുമില്ല."  പത്തുപൈസയിൽ  എന്റെ  അഭിലാഷം  പൂവണിയിച്ചത്തിലുള്ള  ചാരിതാർത്ഥ്യത്തോടെ  ഒരു  കടയുടെ  അടുക്കൽ  കൊണ്ടുചെന്നു.

എനിക്ക്  ക്രഷ്  മതി.. - ഫാന്റാ   തൊട്ടു  കാണിച്ചുകൊണ്ട്   ഞാൻ  പറഞ്ഞു.  ഏത്തയ്ക്കാ  അപ്പം  വേണം,  ബോണ്‍ വിറ്റാ  വേണം  എന്നൊന്നും  കൊച്ചൻ  പറഞ്ഞില്ലല്ലോ -  സമാധാനം.  നാലണേടെ  ചെലവല്ലേയുള്ളൂ.  എനിക്ക്  ക്രഷ്   വാങ്ങിച്ചു  തന്നു.  ഒറ്റവലിക്ക്   അത്  അകത്താക്കിയിട്ട്   ഞാൻ  പതുക്കെ  പിൻവലിഞ്ഞു.

നടക്കാൻ  പോകുന്ന  പടപുറപ്പാടും,  പോരിനുവിളിയും  എനിക്ക്  ഊഹിക്കുവാൻ  കഴിയുമായിരുന്നു.  അങ്ങനെയുള്ള  അവസരത്തിൽ   എന്റെ  സാന്നിദ്ധ്യം  അത്ര  ഭംഗിയല്ലല്ലോ?

"ഇതെന്തവാടാ,  വെള്ളരിക്കാ  പട്ടണമോ...ഒരു  സമ്മേളനം  നടക്കുന്നെന്ന്   പറഞ്ഞ്,   നാലണേടെ  സാധനത്തിന്   ഒന്നേകാൽ  രൂപായോ...എവിടുത്തെ  ന്യായമാടാ  ഇത്..."


"അമ്മാവാ  കിടന്നു  കൂവാതെ  കാശു  തന്നിട്ട്  പോ..."  കടക്കാരനാണ്.

"നാലണേടെ  സാധനത്തിന്   നീ  വേണേൽ   എട്ടണ   വാങ്ങിച്ചോ...പക്ഷെ  ഇതക്രമമാ...."

"മൂപ്പിലേ",  കടക്കാരന്റെ  സ്വരം  മാറി.  "ആ  കൊച്ചൻ  മേടിച്ചു  കുടിച്ചത്  ഈ  സാധനമാ...ഫാന്റാ..വേലയിറക്കാതെ  മര്യാദക്ക്  കാശ്  വെച്ചിട്ട്  പോ...."  രംഗം  കൂടുതൽ  വഷളാക്കേണ്ടാ  എന്ന  നല്ല  ബുദ്ധി  നാറാപിള്ളച്ചേട്ടനുണ്ടായി.  ഭാഗ്യം.

രംഗം  ശാന്തമായപ്പോൾ  ഞാൻ  പ്രത്യക്ഷപ്പെട്ടു.  "നീയാ  കുടിച്ചതിന്   എന്തോ  വിലയുണ്ടെടാ...?"

നാലണ  -  ഞാൻ  പറഞ്ഞു. 

"അവമ്മാരു  നമ്മളെ  പറ്റിച്ചെടാ...ആ  മഹാപാപി  ഒന്നേകാൽ  രൂപാ  വാങ്ങിച്ചു."  അക്രമമായിപ്പോയെന്നു  ഞാനും  നാറാപിള്ളച്ചേട്ടനോടൊപ്പം  പരിതപിച്ചു.


നാറാപിള്ളച്ചേട്ടൻ  ചെങ്ങന്നൂരിൽ  നിന്ന്   ഇരമല്ലിക്കരക്ക്   KSRTC  സർവ്വീസ്   കൊണ്ടു  വന്ന  ഒരു  കഥയുണ്ട്.  അതിങ്ങനെയാണ്.

MLA യുടെ  അടുത്തയാളാ  എന്ന്  പറഞ്ഞിട്ട്   എന്താ  കാര്യം.  നാറാപിള്ളച്ചേട്ടൻ  വിചാരിച്ചിട്ട്   ഇരമല്ലിക്കരക്ക്    ഒരു  വണ്ടിയിടീക്കാൻ   കഴിഞ്ഞോ...?   ആരോ  കളിയാക്കി  പറഞ്ഞു.  സംഭവം  നിസ്സാരമായിക്കണ്ട്,  അവഗണിക്കാൻ  നാറാപിള്ളച്ചേട്ടന്റെ   മനസ്സനുദിച്ചില്ല.  അച്ഛന്റടുത്തു  വന്ന്   പരാതിപ്പെട്ടു.  സ. പി.എസ്. ശ്രീനിവാസൻ   ആയിരുന്നു  മന്ത്രി. 

"ഞാൻ  നാളെ  തിരുവനന്തപുരത്തിന്   പോകുന്നുണ്ട്.  നാറാപിള്ളച്ചേട്ടനും  വാ.  നേരിട്ട്  ശ്രീനിയോട്  പറഞ്ഞോ.."  അച്ഛൻ  പറഞ്ഞു.

അച്ഛന്റെ  സൌഹൃദവലയത്തിലുളളവർക്കെല്ലാം  സുപരിചിതൻ   ആയിരുന്നു  കഥാപുരുഷൻ.  കണ്ടിട്ടില്ലെങ്കിലും  കേട്ടിട്ടുള്ളവർ.  അച്ഛനോടൊപ്പം  പിറ്റേന്നു  നാറാപിള്ളച്ചേട്ടനും  തിരുവനന്തപുരത്തിന്   പോയി.  കക്ഷിയുടെ  ആഗമനത്തെക്കുറിച്ചും  ഉദ്ദേശ ലക്ഷ്യങ്ങളേക്കുറിച്ചും  പി.എസ്സിനെ  നേരത്തെ  ധരിപ്പിച്ചിട്ടുണ്ടായിരുന്നു.

P.S. Sreenivasan


റോസ്   ഹൌസിൽ  ആയിരുന്നു  മന്ത്രി  താമസിച്ചിരുന്നത്.   സന്ധ്യക്ക്  നമ്മുടെ  കഥാപുരുഷനേയും  കൂട്ടി  അച്ഛൻ  അവിടെ  ചെന്ന്,   വിഷയം  അവതരിപ്പിച്ചു.

"അത്രേയുള്ളോ,  നാളെത്തന്നെ  വണ്ടിയോടിയിരിക്കും.  പോരെ..."

എന്നാൽ  ഇറങ്ങുകയാ  എന്ന്  അച്ഛൻ  പറഞ്ഞപ്പോൾ  മന്ത്രി  പറഞ്ഞെതെന്താണെന്നോ....? "പി.ജി. പോകുന്നെങ്കിൽ  പൊക്കോ,  നാറാപിള്ളച്ചേട്ടൻ  ആദ്യമായിട്ട്  എന്റെ  വീട്ടിൽ  വന്നതാ.  അത്താഴമുണ്ണാതെ  ഞാൻ  വിടുകയില്ല.  ഞാൻ  MLA  ക്വാർട്ടേഴ് സിൽ  കൊണ്ടു  വിട്ടുകൊള്ളാം.  സാവിത്രീ,  അത്താഴത്തിന്   നാറാപിള്ളച്ചേട്ടനുമുണ്ട്."

അച്ഛൻ  പോയിക്കഴിഞ്ഞപ്പോൾ  മന്ത്രി  സമക്ഷം  അദ്ദേഹം  ഒരു  ഭേദഗതി  അവതരിപ്പിച്ചു.  "ബസ്സ്‌  നാളെ  ഓടിക്കേണ്ടാ.  മറ്റെന്നാൾ  മതി.  ഞാൻ  ചെന്നിട്ട്   ഇരമല്ലിക്കരയിൽ  ഒരു  സ്വീകരണത്തിനുള്ള  ഏർപ്പാടുണ്ടാക്കണം."

ശരിയെന്ന്    മന്ത്രി.

അങ്ങനെയാണ്   ഇരമല്ലിക്കരക്ക്    ബസ്സ്‌   സർവ്വീസ്   ആരംഭിക്കുന്നത്.

നാറാപിള്ളച്ചേട്ടൻ  മരിക്കുമ്പോൾ  ഞാൻ  വിദേശത്തായിരുന്നു.  അവധിക്ക്  വന്നപ്പോൾ  അച്ഛൻ  പറഞ്ഞു,  "എടാ  നമ്മുടെ  നാറാപിള്ളച്ചേട്ടൻ  മരിച്ചുപോയി.  രണ്ടു  ദിവസം  കഴിഞ്ഞാ  ഞാൻ  അറിഞ്ഞത്."

"നാറാപിള്ളച്ചേട്ടൻ  ഉണ്ടായിരുന്നെങ്കിൽ  അച്ഛനോടായിരുന്നു  ആദ്യം  വന്നു  പറയുക -"  ഞാൻ  പറഞ്ഞു.  അച്ഛൻ  ചിരിച്ചു.

ഒരു  പരമ  ബോറൻ  അവിടെയിരുപ്പുണ്ടായിരുന്നു.  അദ്ദേഹം  എന്നോട്  ചോദിച്ചു,  "മരിച്ചയാള്   എങ്ങനെ  വന്നു  പറയും...?"  ഇവനെവിടുത്തെ  മരങ്ങോടനാ  എന്ന  ഭാവത്തിൽ  എന്നെ  ഒരു  നോട്ടവും.

"ഇവൻ  മണ്ടൻ.."  അച്ഛന്റെ  മറുപടി.  ബോറന്    സമാധാനമായി.

നാറാപിള്ളച്ചേട്ടന്റെ  ഇളയ  മകൻ  രാധാകൃഷ്ണൻ  എന്റെ  സുഹൃത്തായിരുന്നു.  തിരുവൻവണ്ടൂരിലെ  പാർട്ടി  നേതാവും,  പഞ്ചായത്ത്   മെമ്പറുമായിരുന്നു.  നാലഞ്ചു  കൊല്ലങ്ങൾക്ക്   മുമ്പാണ്,   തിരുവൻവണ്ടൂർ  അമ്പലത്തിലെ  ഉത്സവത്തിന്   പോയപ്പോൾ,   രാധാകൃഷ്ണനെ  ഒന്ന്  സന്ദർശിച്ചാലോ   എന്ന്  എന്റെ  കൂടെയുണ്ടായിരുന്ന  ഞങ്ങളുടെ  പഞ്ചായത്ത്  മെമ്പർ  ഹരി  അഭിപ്രായപ്പെട്ടു.  വീട്  നല്ല  നിശ്ചയം  പോരാ.  ഒരുപാട്  പുതിയ  വീടുകൾ  വന്നിരിക്കുന്നു.  അടുത്തു  കണ്ട  ഒരു  ചായക്കടയിൽ  അന്വേഷിച്ചു.

"അയ്യോ,  അറിഞ്ഞില്ലേ,  രാധാകൃഷ്ണൻ  സാർ  മിനിഞ്ഞാന്ന്   മരിച്ചുപോയി.  അലക്കിയിട്ടിരുന്ന  തുണിയെടുക്കാൻ  ടെറസ്സിൽ  കയറിയതാ.  ഇടി  വെട്ടി.  ആശുപത്രിയിൽ  കൊണ്ടുപോകുന്നതിന്  മുമ്പുതന്നെ  മരിച്ചു."

ഇടിവെട്ടേറ്റപോലെയാണ്   ആ  വാർത്ത   ഞാൻ  കേട്ടത്.

സ് നേഹനിധിയായിരുന്ന  ഞങ്ങളുടെ  നാറാപിള്ളച്ചേട്ടന്റേയും,  എന്റെ  പ്രിയ  മിത്രമായിരുന്ന  രാധാകൃഷ്ണന്റേയും  സ്മരണക്ക്   മുമ്പിൽ   ആദരാഞ്ജലികൾ  അർപ്പിക്കുന്നു.





No comments:

Post a Comment