Thursday, September 19, 2013

ഓണരാവുകളിലെ കഥകളി വിരുന്ന് : പി. രവീന്ദ്രനാഥ്



ഓണാഘോഷം  ഇന്ന്   പണപ്പിരിവിന്റെ   മഹോൽസവമായി  പരിണമിച്ചിരിക്കുകയാണ്.   ഗ്രാമ  പ്രദേശങ്ങളിലെ  കലാസമിതി  മുതൽ  ഗവണ്‍മെന്റ്   തലത്തിൽ  വരെ  നടത്തുന്ന  ഓണാഘോഷങ്ങൾ  മറിച്ചൊരു  അനുഭവമല്ല  പ്രജകൾക്ക്   സമ്മാനിക്കുന്നത്.  അതിനിടക്കാണ്   മറ്റൊരു  വെള്ളിടി.  അത്   ചാനലുകൾ  വക.  ജൂബ്ബ,  മുണ്ട് ,  നേര്യത്    ഇതൊക്കെ  ധരിച്ച്   സിനിമാ- സീരിയൽ  നടീനടന്മാർ  വിളമ്പുന്ന  തത്വജ്ഞാനങ്ങൾ.  അവർ  ഉപയോഗിച്ചു  വരുന്ന  പദം - ഗൃഹാതുരത്വവും  അതിന്റെ  ആംഗല  പരിഭാഷയായ  നൊൾസ് റ്റാൾജിയയും,  സത്യത്തിൽ  ഉളവാക്കിത്തീർത്തിരിക്കുന്നത്   അറപ്പാണ്.  ഈ  വാക്ക്  കേൾക്കുന്നതിനേക്കാൾ   മധുരമായി  തോന്നുന്നത്   വേപ്പില  അരച്ചുരുട്ടി  തിന്നുന്നതായിരിക്കും  എന്നാണെന്റെ  പക്ഷം.


എന്നാൽ  കേരളത്തിലെ  മൂന്നു  കേന്ദ്രങ്ങളിൽ  ഓണത്തിന്റെ  ഭാഗമായി  അവതരിപ്പിച്ച   ആഘോഷങ്ങൾ   വേറിട്ട  അനുഭവമാണ്   സമ്മാനിച്ചത് .   ഒരു  ശരാശരി  ആസ്വാദകന്റെ  ചാരിതാർത്ഥ്യവും  ആശങ്കയും  മാത്രമേ   ഈ  കുറിപ്പിലുള്ളൂ.   കഥകളിയിലെ  കലാംശത്തെയോ,  മറ്റ്    സാങ്കേതിക  വശങ്ങളെയോ   ആഴത്തിലും  പരപ്പിലും  വിശകലനം  ചെയ്യാനുള്ള  പാണ്ഡിത്യം  എനിക്കില്ലല്ലോ.


2013 സെപ്റ്റംബർ  12ന്   തൃപ്പൂണിത്തുറയിൽ  അത്തച്ചമയാഘോഷത്തിന്റെ  ഭാഗമായി  അവതരിപ്പിച്ച  നളചരിതം  മൂന്നാം  ദിവസം,  ഹരിപ്പാടിന്    സമീപമുള്ള  ഏവൂർ  ശ്രീകൃഷ്ണസ്വാമി  ക്ഷേത്രത്തിൽ  നടന്ന  സീതാസ്വയംവരം,  നരകാസുരവധം,  മാവേലിക്കര  കഥകളി  ആസ്വാദക  സംഘം  ഒരുക്കിയ  നളചരിതം  രണ്ടാം  ദിവസം  എന്നീ  പരിപാടികൾ  കഥകളി  ആസ്വാദകരെ  സംബന്ധിച്ചിടത്തോളം  ഓണസദ്യ  പോലെതന്നെ  ആസ്വാദ്യകരം  ആയിരുന്നു  എന്ന്   പറയാം.


ബാഹുകനായി കലാമണ്ഡലം ഗോപി (ഫോട്ടോ ശ്രീനാഥ് )

തൃപ്പൂണിത്തുറയിൽ  മൂന്നാം  ദിവസത്തിലെ  കാർക്കോടകന്റെ  ഭാഗം  മുതലുള്ള  രംഗങ്ങളാണ്   അവതരിപ്പിച്ചത്.   അടുത്ത  കാലത്തായി  കണ്ടുവരുന്ന  ഒരു  പ്രവണതയാണിത്.   മൂന്നാം  ദിവസത്തെ  ആദ്യരംഗങ്ങൾ  ഒഴിവാക്കിക്കൊണ്ടുള്ള  ഈ  അവതരണ  രീതി.  കവി  കല്പിച്ചു  കൂട്ടി,  കഥാഗതിക്ക്   വരുത്തുന്ന  വ്യതിയാനമാണ്   യഥാർത്ഥത്തിൽ  മൂന്നാം  ദിവസത്തിന്റെ  പ്രത്യേകത.  അത്  സൂക്ഷ്മമായി  അനുഭവിച്ചറിയണം  എങ്കിൽ  ആദ്യ  രംഗം  മുതൽ  തന്നെ  കാണണം.


ദുർഗ്ഗതിയിൽ  മനം  നൊന്ത്,   തനിക്ക്   നേരിടേണ്ടിവന്ന  വിപത്തുകളിൽ  ആത്മസംഘർഷം   അനുഭവിച്ച്   പരവശനായിത്തീർന്ന  നായകൻ,  ഇനി  ശരണം  ഈശ്വരനേയുള്ളൂ  എന്ന്  സമാധാനിക്കുന്ന  രംഗമാണ്   ഇതിലുള്ളത്.   "ലോകാധിപന്മാരെ"  എന്ന  പദം.



പത്തിയൂർ ശങ്കരൻകുട്ടിയും കലാനിലയം രാജീവും.(ഫോട്ടോ കടപ്പാട്)


തികച്ചും  വ്യത്യസ്തമായ  മറ്റൊരു  മുഖമാണ്   രണ്ടാം  രംഗത്ത്   നായകനിൽ  നമുക്ക്   കാണാൻ  കഴിയുന്നത്.   തത്വ  ചിന്താപരമായ  ദർശനം  കൊണ്ട്,  തനിക്ക്   നേരിടേണ്ടി  വന്ന  വിധിയെ  സമകാലികമായി  നിരൂപണം  ചെയ്യുകയാണ്  നായകനിവിടെ.   "ഘോര  വിപിനം"  എന്ന  പദം. ആ  കൊടും  കാട്ടിലെ  ജീവിത  സാഹചര്യങ്ങളുമായി  നായകൻ  താദാത്മ്യം  പ്രാപിക്കുകയാണിവിടെ.  രാജകൊട്ടാരത്തിലെ  സുഖശീതളമായ  ആർഭാട  ജീവിതത്തെക്കാൾ  ശാന്തതയും  സമാധാനവും  കൊടുംകാട്ടിൽ  ലഭിക്കുന്നതായി  നായകന്  അനുഭവപ്പെടുന്നു.  ഏത്    പ്രതിസന്ധിയോടും  മല്ലിട്ട്   മുന്നോട്ടുപോകാനുള്ള  ആത്മബലം  നായകൻ   കൈവരിക്കുകയാണ്   ഇവിടെ.  ജീവിതാനുഭവങ്ങളിലൂടെ  കൈവരിച്ച  മന:ശക്തിയും  തത്വചിന്താപരമായി  നേടിയ  ജീവിത  വീക്ഷണവും  നായകനെ  ശക്തനായ  ഒരു  കഥാപാത്രം  ആക്കിതീർക്കുന്നു.  ഈ  അവസരത്തിലാണ്   അതുവരെയുള്ള  കഥാവഴിയെ  ഉടച്ചു  വാർത്തുകൊണ്ട്,   മറ്റൊരു  ദിശയിലേക്ക്  കവി  പ്രമേയത്തെ കൊണ്ടുചെന്ന്   എത്തിക്കുന്നത്.   കാർക്കോടക   ദംശനവും   തുടർന്നുള്ള   ആ  നാടകീയ  രംഗങ്ങളും  രസാഭിനായ  പ്രധാനമാണ്.


കലാമണ്ഡലം ഗോപി (കടപ്പാട് ചെട്ടികുളങ്ങര ഉണ്ണികൃഷ്ണൻ)

ഈ  ഭാഗം  മുതലാണ്‌  തൃപ്പൂണിത്തുറയിൽ  അവതരിപ്പിച്ചത്.  ബാഹുകനായി  കലാമണ്ഡലം ഗോപിയും,  കാർക്കോടകനായി   ആർ.എൽ.വി. രാജശേഖരനുമായിരുന്നു  രംഗത്തെത്തിയത്.

ഗോപിയാശാന്റെ  വേഷ  സൌകുമാര്യത്തെക്കുറിച്ചോ,  രസാവിഷ്ക്കരണത്തിലുള്ള  ആർജ്ജവത്തേക്കുറിച്ചോ  ഞാൻ  പ്രത്യേകിച്ച്   പറയേണ്ടതില്ലല്ലോ ?  കാർക്കൊടകന്റെ   കടിയേറ്റ്   വിരൂപനായിത്തീർന്ന  നളന്റെ  "പ്രച്ഛന്ന  വേഷമാണല്ലോ"  ബാഹുകൻ.

"ബാഹുജന ഭാവത്തെ  നീ  നീക്കിക്കൊള്ളൂ  ഇനി
ബാഹുകനെന്നു  പേരുമാക്കിക്കൊള്ളൂ"   എന്ന  കാർക്കോടകന്റെ  ഉപദേശമാണ്   ആ  പേര്   സ്വീകരിക്കാനുണ്ടായ  കാരണം.



കാർക്കോടകൻ (ആർ.എൽ.വി.രാജശേഖരൻ)

തന്റെ  സുന്ദര  കളേബരം,  കൊടുംതീയിൽ  നിന്ന്   മോചിപ്പിച്ച  ഒരു  സർപ്പത്തിന്റെ  കടിയേറ്റ്   വിരൂപമായത്   കണ്ട്    സങ്കടവും,  കോപവും  മാറി  മാറി  വരുന്ന  ആ  രംഗം അവതരിപ്പിക്കാനുള്ള  ഗോപിയാശാന്റെ  വൈഭവം  അനൽപമാണ്.   "മമ  ജനനി  കദൃവല്ലോ"  എന്നും  "കാർക്കോടകൻ   ഞാൻ"  എന്നും  കാർക്കോടകൻ   ആടുമ്പോൾ,  ഗോപിയാശാൻ  സ്വീകരിക്കുന്ന  നില,  (posture)  അത്യന്തം  മനോഹാരിതയുള്ളതാണ്.   അംഗചേഷ്ടകൾക്കല്ല  ഭാവസ്ഫുരണത്തിനാണ്   ഗോപി  ഇവിടെ  പ്രാധാന്യം  നല്കുന്നത്.


കഥകളി  അഭിനയം  ഒരു  പുണ്യകർമ്മമായി   സ്വീകരിച്ച്,   കലാപ്രവർത്തനത്തെ  തപസ്യയായി  കരുതുന്ന  ആട്ടക്കരനാണ്  ഗോപി.   അദ്ദേഹത്തേക്കാൾ   നല്ല  അഭിനയപാടവവും,  പുരാണപരിജ്ഞാനവും,  വേഷഭംഗിയുമുള്ള   നടന്മാരുണ്ട്.   പക്ഷെ  അദ്ദേഹത്തിന്   കഴിഞ്ഞത്ര  ആരാധകരെ  സൃഷ്ടിച്ചെടുക്കാൻ  അവർക്കാർക്കും  കഴിഞ്ഞിട്ടില്ല.   തന്റെ  പ്രൊഫഷനെ  യജ്ഞതുല്യമായി  സ്വീകരിച്ചത്  കൊണ്ടാണിത്   എന്നാണ്   എന്റെ  വിശ്വാസം.


"ഘോരമാരി"   ഉയർത്തിയ  ഭീഷണി  ആട്ടം  മുഴുവൻ  കാണുന്നതിന്   തടസ്സമായി.  വിജനേ  ബത  കഴിഞ്ഞതും,  ശ്രീ കുട്ടൻ ഗോപുരത്തിങ്കലിനൊപ്പം   സ്ക്കൂട്ടറിൽ  കൊച്ചിക്ക്  മടങ്ങി.  നാട്ടുകാരൻ  കൂടിയായ  ഫാക്റ്റ്  പത്മനാഭന്റെ  സുദേവനെ  കാണണം  എന്നുണ്ടായിരുന്നു.  (പത്മനാഭൻ  ചേട്ടന്റെ  ബ്രാഹ്മണൻ  സുന്ദരനായതുകൊണ്ട്   എന്റെയൊരു  സുഹൃത്ത്,  ശ്രീവത്സൻ തീയാടി,  സുന്ദര ബ്രാഹ്മണൻ  എന്നാണ്   അദ്ദേഹത്തിന്റെ   വേഷത്തെ   വിശേഷിപ്പിച്ചത് )  വരാനിരുന്ന  മഴയെ  മനസ്സാ  ശപിച്ചുകൊണ്ടാണ്   തൃപ്പൂണിത്തുറയിൽ  നിന്ന്   മടങ്ങിയത്.


പത്തിയൂർ ശങ്കരൻകുട്ടിയും  കലാനിലയം  രാജീവുമായിരുന്നു  പാടിയത്.  കലാമണ്ഡലം കൃഷ്ണദാസും  കലാനിലയം മനോജും  യഥാക്രമം  ചെണ്ടയും  മദ്ദളവും  കൈകാര്യം  ചെയ്തു.


ലേഖകൻ 
തിരുവോണനാളിൽ  ഹരിപ്പാടിനടുത്തുള്ള  ഏവൂർ  ശ്രീകൃഷ്ണ  ക്ഷേത്രത്തിൽ  ഒരുക്കിയ  കലാവിരുന്നിൽ  രണ്ടു  കഥകളാണ്   അവതരിപ്പിച്ചത്.   കൊട്ടാരക്കര തമ്പുരാന്റെ  സീതാസ്വയംവരവും,  കാർത്തികതിരുനാൾ  മഹാരാജാവിന്റെ  നരകാസുരവധവും.  രണ്ടും  കഥകളി  അരങ്ങുകളിൽ  ചിരപരിചിതമായ  ആട്ടക്കഥകൾ.


താടകാ  നിഗ്രഹത്തിനായി  വിശ്വാമിത്രനോടൊപ്പം  വനത്തിലേക്ക്   രാമ  ലക്ഷ്മണന്മാർ  പുറപ്പെടുന്ന  ഭാഗം  മുതലുള്ള  കഥയാണ്   തമ്പുരാൻ  സീതാസ്വയംവരത്തിൽ  പ്രതിപാദിച്ചിട്ടുള്ളത്.  പക്ഷെ  ഈ  പൂർവ്വഭാഗം  ഇപ്പോൾ  അരങ്ങത്ത്  അവതരിപ്പിക്കാറില്ല.  ( തിരുവല്ല  ശ്രീവല്ലഭസ്വാമി  ക്ഷേത്രത്തിൽ  എല്ലാ  വർഷവും  നടത്തിവരുന്ന  സമ്പൂർണ്ണ  രാമായണം  കളിക്ക്  ഈ  ഭാഗം  അവതരിപ്പിക്കാറുണ്ട്  )  പരശുരാമ - ശ്രീരാമ  സംഘട്ടനവും,  തുടർന്ന്   വിഷ്ണു  ചൈതന്യം  നഷ്ടപ്പെട്ട  ഭാർഗവരാമന്റെ   ശ്രീരാമ  സ്തുതിയും  മാത്രമാണ്   അവതരിപ്പിച്ചു  വരുന്നത്.


പരശുരാമാനായി  കലാമണ്ഡലം രാമകൃഷ്ണൻ ആശാനും,  ശ്രീരാമനായി  മോഴൂർ രാജേന്ദ്ര ഗോപിനാഥും  ആണ്   രംഗത്ത്   എത്തിയത്.


കലാമണ്ഡലം രാമകൃഷ്ണൻ ആശാനും മൊഴൂർ രാജേന്ദ്ര ഗോപിനാഥും 

തന്റെ  ഗുരുവായ  ശ്രീപരമേശ്വരന്റെ  ചാപമായ  ത്രയംബകം  ദശരഥനന്ദനനായ  രാമൻ  ഓടിച്ചതറിഞ്ഞ്   ക്ഷുഭിതനായി  കത്തിജ്വലിച്ചു  നില്ക്കുന്ന  പരശുരാമാനെയാണ്   ആദ്യം  രംഗത്ത്  കാണുന്നത്.  പരശുരാമ  ഗർവ്വ്‌   തന്റെ  സ്വതസിദ്ധമായ  തന്മയത്തത്തോടെ  ഭാവോജ്വലമായി  രാമകൃഷ്ണൻ  ആശാൻ  അവതരിപ്പിച്ചു.


ശ്രീരാമ - പരശുരാമ  സംഘട്ടന  രംഗത്തിന്റെ  അവതരണം  അനുചിത്യപരമാണെന്ന്   വിമർശിക്കുന്നവരുണ്ട്.   സംഘട്ടനാത്മകത  നിറഞ്ഞു  നില്ക്കുന്ന  ഈ  കഥാ  ഭാഗത്തിന്   ഭാവ  തീവ്രത  നൽകാൻ,  സംഭവബഹുലമായ  ചരിത്ര  പശ്ചാത്തലമുള്ള  മുനി  ഒരല്പം  " ഓവർ  ആക്ടിംഗ്  "  നടത്തിയതു  കൊണ്ട്   അപകടമൊന്നുമില്ല.


അങ്ങനെയെങ്കിൽ  അനങ്ങാൻ  പോലും  വയ്യാത്ത  ഒരു  മുതുകുരങ്ങിനോട്   അതിശക്തനായ  ഭീമനേക്കൊണ്ട്  


" കഴുത്തിലമ്പൊടു  പിടിച്ചുടൻ
തഴച്ച  നിന്നെ  എറിഞ്ഞിടും " - എന്നൊക്കെ  പറയിക്കുന്നത്   ഓചിത്യമാണോ ?


സ്വയംവരം  കഴിഞ്ഞ്    അയോദ്ധ്യയിലേക്ക്   മടങ്ങുന്ന  ശ്രീരാമാദികളെ  മാർഗ്ഗമദ്ധ്യേ  ഭാർഗവൻ  തടഞ്ഞു.  ശൈവചാപം  ഓടിച്ച  രാമന് ,   തന്റെ  വൈഷ്ണവചാപം  കുലയ്ക്കാനാകുമോ  എന്ന്    തെല്ല്   അഹങ്കാരത്തോട്   പരശുരാമൻ  ചോദിച്ചു.  ചാപം  ശ്രീരാമന്റെ  കൈകളിലേക്ക്   നൽകിയപ്പോൾ  തന്നെ  പരശുരാമനിൽ  ഉണ്ടായിരുന്ന  വിഷ്ണു  ചൈതന്യം  അപ്രത്യക്ഷമായി.  മുനി  ദുർബ്ബലനായി  തീരുകയും  ചെയ്തു.  ശ്രീരാമനെ  സ്തുതിച്ചിട്ട്   അദ്ദേഹം  അപ്രത്യക്ഷനായി.


17-)o   നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന  കൊട്ടാരക്കര  തമ്പുരാന്റെ  മറ്റു  ചരിത്രങ്ങളൊന്നും   രേഖപ്പെടുത്തിയിട്ടില്ല.  എഴുതപ്പെട്ടിട്ടുള്ള  രേഖകൾ  വിവാദവും  ആയിട്ടുണ്ട്.  രാമായണം  എട്ടു  ദിവസത്തെ  ആട്ടക്കഥയുടെ  രചന  അദ്ദേഹത്തിന്റെയാണെന്നല്ലാതെ,  ആധികാരികമായ   മറ്ററിവുകളൊന്നും  തന്നെയില്ല  എന്നതാണ്   സത്യം.  ആട്ടക്കഥാ  സാഹിത്യത്തിലെ  പ്രൗഡ്ഢ  രചനകളായി  തമ്പുരാന്റെ  കൃതികളെ  പണ്ഡിതന്മാർ  വിലയിരുത്തിയിട്ടില്ല.  പക്ഷെ  അദ്ദേഹത്തിന്റെ  സംഭാവന  പിൽക്കാല  ആട്ടക്കഥാകാരന്മാർക്ക്    മാതൃകാപരമായ  പ്രേരക  ഘടകം  ആയിരുന്നു  എന്ന്   പറയാം.


ഏവൂരിൽ  രണ്ടാമത്   അവതരിപ്പിച്ചത്   കാർത്തികതിരുനാൾ  രചിച്ച  നരകാസുരവധം  ആയിരുന്നു.  സദനം കൃഷ്ണൻകുട്ടി,  ആർ.എൽ.വി. രാജശേഖരൻ,  കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ,  മാർഗി വിജയകുമാർ,  കലാമണ്ഡലം കൃഷ്ണപ്രസാദ്,  കലാമണ്ഡലം ബാലകൃഷ്ണൻ,  മധു വാരണാസി  തുടങ്ങിയ  പ്രശസ്തരും  പ്രഗൽഭരുമായിരുന്നു  അരങ്ങത്ത്   വന്നത്.



നക്രതുണ്ഡി (രാമചന്ദ്രൻ ഉണ്ണിത്താൻ)
പത്തിയൂർ ശങ്കരൻകുട്ടി,  കലാമണ്ഡലം സജീവൻ,  കലാമണ്ഡലം വിനോദ്,  തൃപ്പൂണിത്തുറ അർജ്ജുൻരാജ്   എന്നിവരായിരുന്നു  ഗായകർ.   കലാമണ്ഡലം രാമൻ നമ്പൂതിരി,  കലാഭാരതി ഉണ്ണികൃഷ്ണൻ,  ഹരിപ്പാട് മുരളി  ചെണ്ടയിലും  കലാമണ്ഡലം വേണുക്കുട്ടൻ,  കലാമണ്ഡലം അച്ചുതവാര്യർ,  ഏവൂർ മധു  എന്നിവർ  മദ്ദളത്തിലും  അകമ്പടി  സേവിച്ചു.


നക്രതുണ്ഡിയുടെ  തിരനോക്കോടുകൂടിയാണ്   നരകാസുരവധം  ആരംഭിച്ചത്.   രാമചന്ദ്രൻ ഉണ്ണിത്താൻ  ആയിരുന്നു  നക്രതുണ്ഡി.  കഥകളി  വേഷമനുസരിച്ച്  പെണ്‍ കാരിയാണ്    നക്രതുണ്ഡി.


" ക്രീഡാന്തമാലോക്യ  സുരാധി  നായകം
നിജാംഗനാഭി  സമമാത്ത  കൌതുകം
സാ  നക്രതുണ്ഡീ  നരക  പ്രചോദിതാ
പ്രകാലയാമാസ  തദാപ്സ  രോഗണാൻ ."


ആട്ടക്കഥയിൽ  കാർത്തിക  നക്രതുണ്ഡിയെ  അവതരിപ്പിക്കുന്നത്   ഇപ്രകാരമാണ്.   ഉണ്ണിത്താൻ  അതിഗംഭീരമായിത്തന്നെ  ആ  വേഷം  അവതരിപ്പിച്ചു.


തമോഗുണമുള്ള  കഥാപാത്രങ്ങൾക്ക്  -  കിരാത  പ്രകൃതിയുള്ള  കഥാപാത്രങ്ങൾ -  കരിവേഷമാണ്   നിഷ്ക്കർഷിച്ചിട്ടുള്ളത്.   ഇതിൽ  ആണ്‍കരിയെന്നും  പെണ്‍കരിയെന്നും  ഭേദങ്ങളുണ്ട്.   നക്രതുണ്ഡിയെ  കൂടാതെ  ശൂർപണഖ,  ലങ്കാലക്ഷ്മി,  സിംഹിക  തുടങ്ങിയ  കഥാപാത്രങ്ങളും  പെണ്‍കരിയാണ്.  ഉണ്ണിത്താൻ  വളരെ  തന്മയത്തത്തോടെ  കരിവേഷം  ചെയ്യാൻ  സമർത്ഥനാണ്.  ദേവസ്ത്രീകളെ  ആക്രമിച്ച്  കീഴടക്കിയ  ശേഷം  ലളിതയായി  രൂപാന്തരപ്പെട്ടിട്ട് ,  ഇന്ദ്രപുത്രനായ  ജയന്തനെ  കാമകേളിക്കായി  സമീപിച്ചു.   നക്രതുണ്ഡിയുടെ  അഭിലാഷം  ജയന്തൻ  നിരാകരിച്ചു.   ക്രുദ്ധയായിത്തീർന്ന   അവൾ  ബലാൽക്കാരമായി  അയാളെ  കീഴടക്കാൻ  ശ്രമിച്ചു.  ജയന്തൻ  അവളുടെ  നാസികാകുചങ്ങൾ  അരിഞ്ഞു  കളഞ്ഞു.


ജയന്തൻ, ലളിത (കലാമണ്ഡലം കൃഷ്ണപ്രസാദ്, മാർഗി വിജയകുമാർ (ഫോട്ടോ കടപ്പാട്)
" ബാലികമാർ  മൌലീ "  എന്ന  പാടിപ്പദത്തോടെയാണ്   നരകാസുരന്റെ  രംഗം  ആരംഭിക്കുന്നത്.  ഉദ്യാനത്തിൽ  പത്നിയുമായുള്ള  ഒരു  ശൃംഗാര  പദമാണിത്.   കഥകളി  സംഗീതത്തിൽ  വളരെ  പ്രാധാന്യമുള്ള  രാഗമാണ്   പാടി.  ഇത്  ഒരു  കേരളീയ  രാഗമാണ്.   കത്തിവേഷത്തിന്റെ  ശൃംഗാരപദങ്ങൾ  പാടിരാഗത്തിലാണ്  പാടുന്നത്.  പതിഞ്ഞാട്ടത്തിന്റെ  ഗൌരവവും,  സൌന്ദര്യവും  അനുഭവപ്പെടുത്തുന്നതിനുള്ള   പ്രത്യേക  കഴിവ്   പാടി  രാഗത്തിനുണ്ട്.  കീചകവധത്തിലെ  "മാലിനീ  രുചിരഗുണ  ശാലിനീ "  എന്ന  പാടിപ്പദം  പോലെ  തന്നെ  പ്രസിദ്ധമാണ്   " ബാലികമാർ  മൌലീ "  എന്ന  പദവും.


നവരസങ്ങളിൽ  "രസരാജൻ"  എന്നാണ്   ശ്രുംഗാരത്തെ  വിശേഷിപ്പിക്കുന്നത്.   കൃഷ്ണൻകുട്ടി  ആശാൻ  ഈ  രംഗം  ആസ്വാദകർക്ക്   അവിസ്മരണീയമാക്കിത്തീർത്തു.


സദനം കൃഷ്ണൻകുട്ടിയും മധു വാരണാസിയും (ഫോട്ടോ:ബാലചന്ദ്രൻപിള്ള)
അതുപോലെതന്നെ  കേകിയാട്ടവും  അദ്ദേഹം  അതിമനോഹരമായി  അവതരിപ്പിച്ചു.   ആട്ടക്കഥകളിലെ  ചില  ശൃംഗാരപദങ്ങളിലും  ഉദ്യാനവർണ്ണനകളിലും  ആണ്   ഈ  ഇളകിയാട്ടം  അവതരിപ്പിക്കുന്നത്.   മയിൽ,  നൃത്തം  ചെയ്യുന്നതാണ്  കാണിക്കുന്നത്.   "കേകികളുടെ  നല്ല  കേളികൾ  കണ്ടിതോ?..."  എന്ന  ഭാഗം  നയനാന്ദകരമായ  അനുഭൂതി  സമ്മാനിച്ചു.


കൃഷ്ണൻകുട്ടി  ആശാന്റെ  പടപ്പുറപ്പാടും   അതിഗംഭീരമായിരുന്നു.  വിസ്തരിച്ചാടിയില്ല  എന്നൊരു  പരാതി  പറഞ്ഞു  കൊള്ളട്ടെ.  യുദ്ധത്തിനുള്ള  പുറപ്പാട്,  ഇളകിയാട്ട  രൂപത്തിൽ  അവതരിപ്പിക്കുന്നതിനെയാണ്    പടപ്പുറപ്പാട്   എന്ന്   പറയുന്നത്.   ആന,  കുതിര,  തേര്,  കാലാൾ  എന്നിവ  അണിനിരത്തുന്നതും,  ആയുധങ്ങൾ  ഒരുക്കിവെയ്ക്കുന്നതും,  സൈന്യത്തെ  യുദ്ധ  ഭൂമിയിലേക്ക്   നയിക്കുന്നതുമാണ്‌   പടപ്പുറപ്പാട്   ചടങ്ങുകൾ.


സദനം കൃഷ്ണൻകുട്ടി ആശാൻ (ഫയൽ)
"സുധാശനേന്ദ്രാ,   വാടാ  പോരിനു  സുധാശനേന്ദ്രാ"  എന്ന്   ഇന്ദ്ര  ലോകത്തുചെന്നുള്ള  നരകാസുരന്റെ  പോരിനു  വിളിയും,  ഐരാവതത്തെ  കൊമ്പുകുത്തിക്കുന്നതുമെല്ലാം  ആശാൻ,  അഭ്യാസബലം  കൊണ്ടും  തന്മയത്തം  കൊണ്ടും  സമുജ്ജ്വലമായി  അവതരിപ്പിക്കുവാൻ  അദ്ദേഹത്തിനു  കഴിയുന്നുണ്ട്.  സ്വാഭാവികതയാർന്ന  അഭിനയരീതിയാണ്  അദ്ദേഹത്തിന്റെ  ശൈലി.  ഒരുവക  ചേഷ്ടകളും  അദ്ദേഹം  കാണിക്കുകയില്ല.


നിണം: കലാമണ്ഡലം ബാലകൃഷ്ണൻ (ഫോട്ടോ ബാലചന്ദ്രൻപിള്ള)
കലാമണ്ഡലം ബാലകൃഷ്ണന്റെ  പച്ച,  കത്തി,  താടി,  മിനുക്ക്‌,  കരി  തുടങ്ങിയ  വേഷങ്ങൾ  ഒരുപാട്  തവണ  ഞാൻ  കണ്ടിട്ടുണ്ട്.   ഏതുവേഷം  കെട്ടാനുമുള്ള  അദ്ദേഹത്തിന്റെ  സിദ്ധി  ഒരുപക്ഷെ,  മാതുലനായ  ഹരിപ്പാട് രാമകൃഷ്ണപിള്ളയിൽ  നിന്ന്   പാരമ്പര്യമായി  കിട്ടിയതായിരിക്കണം.  ബാലകൃഷ്ണന്റെ  നിണം  ആദ്യമായിട്ടാണ്   ഞാൻ  കാണുന്നത്.   അത്  അത്യുജ്ജ്വലമായിരുന്നു  എന്ന്  പറയാൻ  ഒരു  തെളിവ്   ഞാൻ  ഹാജരാക്കുന്നു.  നിണം  കെട്ടി  കൃതഹസ്തനായ  കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ,  ബാലകൃഷ്ണന്റെ  പ്രകടനം  കണ്ട്   ആവേശത്തോടുകൂടി  ആസ്വദിച്ചു  നില്ക്കുന്നത്   കണ്ടു.  ആ മുഖത്ത്   മിന്നി  മാറി  വന്ന  ഭാവങ്ങൾ,  ബാലകൃഷ്ണന്   കിട്ടിയ  അംഗീകാരമായിരുന്നു  എന്നു  ഞാൻ  വിശ്വസിക്കുന്നു.


കഥകളിയോട്‌,  ബാലകൃഷ്ണനെ  പോലെ  ആത്മാർത്ഥതയുള്ള   പുതു  തലമുറക്കാരായ  നടന്മാർ  വിരളമാണെന്ന്   ചുട്ടി  കലാകാരനായ  തിരുവല്ലാ പ്രദീപ്‌   ഒരിക്കൽ  എന്നോട്  പറഞ്ഞത്   ഈ  അവസരത്തിൽ  ഞാൻ  ഓർത്തുപോകുന്നു.  കലാകേരളം  ബാലന്   അർഹിക്കുന്ന   അംഗീകാരം  നല്കിയിട്ടില്ല  എന്നത്   ഒരു  ദു:ഖ  സത്യമായിട്ട്   അവശേഷിക്കുന്നു.


സെപ്റ്റംബർ  17 നു  മാവേലിക്കര  കഥകളി  ആസ്വാദക  സംഘം  സംഘടിപ്പിച്ച  നളചരിതം  രണ്ടാം  ദിവസം  മറ്റൊരു  ഹൃദ്യമായ  ഓണ  വിരുന്നായിരുന്നു.


കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ,  നെല്ലിയോട് വാസുദേവൻനമ്പൂതിരി,  കോട്ടക്കൽ ദേവദാസ്,  കലാമണ്ഡലം പ്രശാന്ത്,  മധു വാരണാസി  എന്നിവർ  വേഷവും  കലാനിലയം ഉണ്ണികൃഷ്ണൻ,  കലാനിലയം രാജീവ്,  കലാനിലയം വിഷ്ണു,  വാരണാസി നാരായണൻ നമ്പൂതിരി,  കലാമണ്ഡലം ശ്രീകാന്ത്  വർമ്മ,  കലാമണ്ഡലം വേണുക്കുട്ടൻ,  ഏവൂർ മധു  എന്നിവർ   സംഗീത - മേള  വിഭാഗവും  കൈകാര്യം  ചെയ്തു.


കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 
മറ്റ്    ആട്ടക്കഥകളിലെ  ശൃംഗാര  രസങ്ങളുമായി  താരതമ്യം  ചെയ്യുമ്പോൾ,   നളചരിതം  രണ്ടാം  ദിവസത്തിലെ  ശൃംഗാര   പദങ്ങൾക്ക്,   പ്രേമചേഷ്ടകളേക്കാൾ  നായകന്റെ   വ്യക്തിത്വത്തിനു  സംസ്കാര  സമ്പന്നമായ  കരുതലാണ്  കവി  നല്കിയിട്ടുള്ളത്   എന്നു   കാണാം.   മധു വിധുവിന്റെ  ആദ്യനാളുകളിൽ  പോലും,   തന്റെ  വ്യക്തിത്വത്തിനും,   സൌന്ദര്യ  സങ്കൽപ്പത്തിനും  ഉതകുന്ന  അന്തസ്സാർന്ന    സമീപനമാണ്   നായകൻ  സ്വീകരിക്കുന്നത്.


ജന്മസിദ്ധമായ  കലാവാസനയും,  പരന്ന  പുരാണ  പരിചയവും,  ആകാരഭംഗിയുമുള്ള  നടനുമാത്രമേ  ആസ്വാദകരുടെ  മനസ്സിൽ  ഇടം  ലഭിക്കുകയുള്ളു.  രസങ്ങൾ  പ്രകാശിപ്പിക്കാൻ  വേണ്ട  കണ്ണുകളുടെ  ഭംഗിയും  അഭ്യാസബലവും  കൂടി  ഒത്തിണങ്ങിയാലോ.   ആസ്വാദകരുടെ  മനോമണ്ഡലത്തിൽ  അത്    മായാതെ  തന്നെ  നില്ക്കും.


കലാമണ്ഡലം ബാലസുബ്രഹ്മണ്യനും മധു വാരണാസിയും 
വേഷപകർച്ച,  ഭാവാഭിനയം  അങ്ങനെ  കഥകളിയുടെ  എല്ലാ  സാങ്കേതിക  വശങ്ങളിലും  നൈപുണ്യമുള്ള   നടനാണ്‌   കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ.  മാവേലിക്കരയിൽ  അദ്ദേഹം  അവതരിപ്പിച്ച  നളൻ,  ആ  കളി  കണ്ട  ആസ്വാദകരുടെ  മനസ്സിൽ  നിന്ന്    പെട്ടെന്ന്   മാഞ്ഞുപോകും  എന്നു  തോന്നുന്നില്ല.


"കുവലയ  വിലോചനയും",   "ദയിതേ"  യുമൊക്കെ  അവതരിപ്പിച്ചതിനു   ശേഷം  പുഷ്ക്കരനുമായുള്ള  രംഗത്ത്   അനുഭവപ്പെട്ട  ആ  ഭാവവ്യതിയാനം  എത്ര  മനോഹരമായിരുന്നു.   വേർപാടും  എടുത്തു  പറയത്തക്ക  ആട്ടം  ആയിരുന്നു.


നളനും പുഷ്കരനും (ബാലസുബ്രഹ്മണ്യൻ ആശാനും പ്രശാന്തും)
നെല്ലിയോട് വാസുദേവൻനമ്പൂതിരി 

നെല്ലിയോടിന്റെ  കാട്ടാളനും,   കോട്ടക്കൽ ദേവദാസിന്റെ  കലിയും  ഗംഭീരമായി  എന്നുപറഞ്ഞാൽ  അതിൽ  അതിശയോക്തി  ഒട്ടും  തന്നെയില്ല.

മധു  വാരണാസിയേക്കുറിച്ചുകൂടി  പരാമർശിക്കാതെ  പോകുന്നത്  ശരിയല്ല  എന്ന്  തോന്നുന്നു.  മധുവിന്റെ  ഇടത്തരവും-കുട്ടിത്തരവുമായ  സ്ത്രീ-പുരുഷ  വേഷങ്ങൾ  ഞാൻ  അനവധി  തവണ  കണ്ടിട്ടുണ്ട്.   മാവേലിക്കരയിലെ  മധുവിന്റെ   ആട്ടം,  ഏതൊരു  ഇരുത്തം  വന്ന  നടന്റെയും  പ്രകടനവുമായി  താരതമ്യം  ചെയ്യാം.  മധു വാരണാസി  സ്ത്രീവേഷത്തിൽ  ശ്രദ്ധ  കൊടുക്കുന്നതായിരിക്കും  നന്ന്   എന്നാണെന്റെ  അഭിപ്രായം.  മധുവിന്റെ  body language   സ്ത്രീ  വേഷത്തിനാണ്   കൂടുതൽ  ഇണങ്ങുക.


മാവേലിക്കര കഥകളി ആസ്വാദക സംഘം ദേവദാസിനെ ആദരിക്കുന്നു.

കാഞ്ചി  കാമകോടി  ആസ്ഥാന  വിദ്വാൻ  ബഹുമതി  ലഭിച്ച  മദ്ദളം  കലാകാരൻ  വാരണാസി വിഷ്ണു നമ്പൂതിരിയേയും,   ഒഡീഷ  സർക്കാരിന്റെ   ദേവദാസി  പുരസ്കാരം  ലഭിച്ച  കോട്ടക്കൽ ദേവദാസിനേയും  മാവേലിക്കര  കഥകളി  ആസ്വാദക  സംഘം  ചടങ്ങിൽ  ആദരിക്കുകയുണ്ടായി.


ഒരു  കഥകളി  മേളക്കാരന്   ആസ്ഥാന  വിദ്വാൻ  പട്ടം  ലഭിക്കുന്നത്  ആദ്യമായിട്ടാണ്.   വേഷത്തിന്  സദനം കൃഷ്ണൻകുട്ടി ആശാന്  ലഭിച്ചിട്ടുണ്ട്.


അങ്ങനെ   2013-ലെ   ഓണം  എന്നെ  സംബന്ധിച്ചിടത്തോളം  മറക്കാനാവാത്ത  ഒരു  മഹോത്സവം  തന്നെയായിരുന്നു.








No comments:

Post a Comment