Wednesday, November 27, 2013

പൂവും പ്രസാദവും : പി. രവീന്ദ്രനാഥ്

പൂവും പ്രസാദവും : പി. രവീന്ദ്രനാഥ് 



കൃത്യം 36 വർഷങ്ങൾക്ക്  മുമ്പാണ്.  എനിക്കന്ന്  20 വയസ്സ്.  ഒന്നു രണ്ടു സുഹൃത്തുക്കളുമായി ഞങ്ങളുടെ പടിക്കലുള്ള ബസ് സ്റ്റോപ്പിൽ സംസാരിച്ചു നില്ക്കുകയായിരുന്നു.

അവിടെ വന്നു നിന്ന ബസ്സിലിരുന്നിരുന്ന ഒരു യുവതി, എന്നെ നോക്കി ഹൃദ്യമായി ഒന്ന്  പുഞ്ചിരിച്ചു.  ഞാൻ മനസ്സിനെ പിറകോട്ട്  സഞ്ചരിക്കാൻ വിട്ടു.  കൂടെ പഠിച്ചതോ, ഒരേ യജ്ഞശാലയിൽ അഭ്യാസം കഴിച്ചിട്ടുള്ളതോ അല്ല. ആ മുഖം നേരത്തെ കണ്ടിട്ടുള്ളതും അല്ല.
പനങ്കുല പോലുള്ള കാർകൂന്തൽ, പരൽമീൻ കണ്ണുകൾ, എള്ളിൻ പൂവുപോലുള്ള മൂക്ക്, തൊണ്ടിപ്പഴ ച്ചുണ്ടുകൾ.........!

ഇവർ എന്നെ നോക്കി ചിരിക്കാൻ കാരണമെന്ത്? എനിക്ക്  ഒരു പിടിയും കിട്ടിയില്ല. ഒരു സുന്ദരിയെ ആകർഷിക്കത്തക്ക രൂപലാവണ്യവും, ശരീര സൗന്ദര്യവുമൊന്നും എനിക്കില്ല. എന്റെ വേഷത്തിലുള്ള വല്ല കോമാളിത്തവും കണ്ട്  ചിരിച്ചതാവും. എന്തായാലും വേണ്ടില്ല, ഒരു സർവ്വാംഗസുന്ദരിയാണല്ലോ പാൽപ്പുഞ്ചിരി സമ്മാനിച്ചിരിക്കുന്നത്.  ഞാൻ സമാധാനിച്ചു.

രണ്ടു മൂന്നു ദിവസങ്ങൾക്ക്  ശേഷം  ഞാൻ മാന്നാറിൽ കൂടി ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ അതെ സുന്ദരി; വീണ്ടുമെനിക്കേകീടുന്നു, ഹൃദ്യമായ അതേ പുഞ്ചിരി. പുഞ്ചിരി തിരികെ സമ്മാനിക്കാൻ കഴിഞ്ഞില്ല. ബൈക്ക് അവരെ കടന്ന്  പൊയ് ക്കഴിഞ്ഞിരുന്നു.

ഒന്നു രണ്ടാഴ്ചകൾ കഴിഞ്ഞ്‌  ഒരു ദിവസം അതിരാവിലെ സൈക്കിളിൽ ഞാൻ എണ്ണക്കാടിന്  പോവുകയായിരുന്നു. കുന്നത്തൂർ അമ്പലത്തിൽ നിന്നിറങ്ങി വരുന്നു കഥാനായിക. കൂടെ മറ്റൊരു യുവതിയുമുണ്ട്. സൈക്കിൾ ഒന്ന്  വേഗത കുറച്ച്, പലിശയടക്കം അത്യുഗ്രൻ ഒരു ചിരി മടക്കി കൊടുത്ത്  കടം വീട്ടി.
അവൾ മറുപടി ഒരു ചെറുചിരിയിൽ മാത്രമൊതുക്കിയില്ല.
"രവി എണ്ണക്കാടിന് പോവുകയാണോ...?"

അത് ശരി, അപ്പോൾ എന്നെക്കുറിച്ച്  എല്ലാം മനസ്സിലാക്കി വെച്ചിരിക്കുന്നു. എടീ ഭയങ്കരീ.. കൊച്ചുകള്ളീ .... !

സംഗതിയുടെ ഏകദേശരൂപം എനിക്ക്  കിട്ടി. വീട്  കുട്ടമ്പേരൂരിലാണ്. മംഗല്യ ഭാഗ്യത്തിനായി   ക്ഷേത്ര ദർശനം ഒരു പക്ഷെ, പതിവായിരിക്കും. ഭാവി വരനെ കണ്ടെത്തിയ സ്ഥിതിക്ക്, തീർച്ചയായും ഇനി അത് പതിവാക്കും. എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ.... , കുന്നത്തൂരമ്മയെ പിണക്കുന്നത്  ഭംഗിയാവില്ലെന്ന്  അവൾക്കറിയാമല്ലോ? സഹകരിക്കാൻ ഞാനും തീരുമാനിച്ചു.

ചവിട്ടു തുടങ്ങി, 7 കിലോ മീറ്റർ വീതം കൊച്ചു വെളുപ്പാൻകാലത്തും സന്ധ്യക്കും. ഒരാഴ്ച സൈക്കിൾ യജ്ഞവും ദർശനവും  നടത്തിയിട്ടും, എനിക്ക്  എന്റെ സുന്ദരിയെ മാത്രം ദർശിക്കാൻ കഴിഞ്ഞില്ല. ദിവസേന 28 കി.മീ. സൈക്കിൾ ചവിട്ടി കുഴഞ്ഞത്  മിച്ചം.

ഇതിനിടെ ഒരു ദിവസം അമ്മയുടെ അമ്മാവന്റെ മകൻ രവിച്ചേട്ടനെ കാണാൻ അദ്ദേഹം ജോലി നോക്കുന്ന എസ്.ബി.റ്റി. മാന്നാർ ശാഖയിൽ ചെന്നു.

"നീയാണോടാ, ഇപ്പോൾ കുന്നത്തൂരമ്മയെ വെളുപ്പിന്  വിളിച്ചുണർത്തുന്നത് ...?"
"ഏഴര ശനിയാ രവിച്ചേട്ടാ, കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നാ രാമക്കണിയാർ പറഞ്ഞിരിക്കുന്നത്." - ഞാൻ പറഞ്ഞു.

"അതിന് നമ്മുടെ പരദേവത മണ്ണടീലാണല്ലോ ? ഇപ്പം നിനക്ക് ഏഴര ശനിയേയുള്ളൂ. അത് കണ്ടക ശനിയാകരുത്. കണ്ടകശനി കൊണ്ടേ പോകൂ.... "

ഛെടാ, ഇയാളെന്താ അർത്ഥം വെച്ച് ഏതാണ്ടൊക്കെ പറയുന്നത്. ക്ഷേത്ര ദർശനത്തിന്  പോയപ്പോൾ ഒന്നും തന്നെ അവളെ കണ്ടിട്ടു പോലുമില്ലല്ലോ. ശ്രുയതേ  ന ച ദൃശ്യതേ... !
കുട്ടമ്പേരൂർ ഒരപകട മേഖലയാണ്. എന്റെ അമ്മൂമ്മയുടെ ജന്മഗൃഹം അവിടെയാണ്. അമ്മയുടെ രണ്ടമ്മാവന്മാരും. കേണൽ ഭർത്താവിനോടൊപ്പം വടക്കേന്ത്യയിൽ ആയിരുന്ന ഒരു കൊച്ചമ്മയും താമസിക്കുന്നത്  അവിടയാണ്.

ക്ഷേത്ര ദർശനം അജണ്ടയിൽ നിന്ന്  ഒഴിവാക്കി.

നായികയെ കണ്ടിട്ട്  നാളേറെയായി. "ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പൊലുമില്ലാതെയായി" എന്ന്  വാര്യർ പറഞ്ഞതു പോലെയായി എന്റെ സ്ഥിതി.
അങ്ങനെയിരിക്കുമ്പോഴാണ് മാന്നാർ KSEB യിലെ അസി.എഞ്ചിനീയറും, അയൽക്കാരനും സുഹൃത്തുമായ ഐസക്കിനെ കാണാൻ ആഫീസിൽ ചെന്നത്. - അതാ അവിടെയിരിക്കുന്നു കഥാ നായിക.

"ഐസക്കേ, ആ കുട്ടിയെന്താ ഇവിടിരിക്കുന്നത്...?"

"ഇവിടെ ജോലിയുള്ളതു കൊണ്ട്......... " ഒട്ടും മയമില്ലാത്ത മറുപടി. ബോർഡ്  ആഫീസിൽ കയറിയിറങ്ങി പ്രേമസായൂജ്യമടയാൻ ഈ ദുഷ്ടൻ സമ്മതിക്കുമെന്ന്  തോന്നുന്നില്ല.

ആഫീസിന്  മുൻപിലുള്ള  തിരുവല്ലാ-മാവേലിക്കര റോഡ്‌  ഐസക്കിന്റെ അപ്പന്റെ വകയല്ലല്ലോ.. ?

ഇനിയൊട്ടും വെച്ചു താമസിപ്പിക്കുന്നത്  ശരിയല്ല. ഏതായാലും ഒരാൾക്ക്  ജോലിയുണ്ട്. പെണ്ണ്  എന്നേക്കാൾ മൂന്നോ നാലോ വയസിന്  മൂത്തതായിരിക്കും. അത്  സാരമില്ല. എനിക്ക് തീരെ പക്വത ഇല്ലെന്നാണ്  അമ്മയുടെ പരാതി. പ്രായവും പക്വതയുമുള്ള ഒരു ഭാര്യയുടെ ശിക്ഷണവും സംരക്ഷണവും അമ്മയും ആഗ്രഹിക്കുന്നുണ്ടാവാം. സ്വസമുദായവുമാണ്.  സംഗതി ക്ലീൻ. എതിർപ്പുണ്ടാകാൻ യാതൊരു സാദ്ധ്യതയുമില്ല. ഇന്ന്  തന്നെ ഔദ്യോഗികമായി പ്രണയാഭ്യർത്ഥന നടത്തുക, ശുഭസ്യ ശീഘ്രം എന്നാണല്ലോ?  അഞ്ചെങ്കിൽ അഞ്ച്  ആഫീസിന്  മുൻപിൽ കാത്തു നില്ക്കാൻ തന്നെ തീരുമാനിച്ചു.

അഞ്ചു മണിയാകുന്നു. നേരിയ നെഞ്ചിടിപ്പ്.  ഒരു വിറയൽ. ദാഹം, കൈകാൽ കുഴയുന്നു.

കാത്തിരുന്ന നിമിഷം. അവൾ ഒറ്റക്ക്  ഗേറ്റിനടുത്തേക്ക്.  എന്നെ കണ്ടതും, നേരെ അടുത്തേക്ക്  വന്നു. ലജ്ജയില്ല, അങ്കലാപ്പില്ല. എന്റെ സ്ഥിതി നേരെ മറിച്ചും. വെച്ചു താമസിപ്പിക്കുന്നത്  ശരിയല്ല. നേരേ കേറിയങ്ങു പറഞ്ഞു.

"അതേ, ഞാൻ കുട്ടിയെ കാത്തു നില്ക്കുകയായിരുന്നു."  തപ്പി തടഞ്ഞു ഞാൻ പറഞ്ഞു.

"കുട്ടിയോ,..... നീ കടപ്രയിലെ രാജമ്മച്ചേച്ചിയുടെ മകനല്ലേ ..... എന്നെ രവിക്ക്  മനസ്സിലായില്ല, ഞാൻ നിന്റെ കുഞ്ഞമ്മയാ - "

ഒരിടി, മിന്നൽ എന്റെ കണ്ണിൽ ഇരുട്ടു കയറുന്നു. അതായത്, അമ്മയുടെ കേണൽ കൊച്ചമ്മയുടെ മകൾ... ദൈവമേ, ഞാൻ നിന്നെ പ്രേമിക്കുന്നു, കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നൊക്കെ പറയാൻ ഇടവരുത്താതിരുന്നതിന്  കുന്നത്തൂരമ്മക്ക്  നന്ദി പറഞ്ഞു. എങ്കിലും ഭൂമിയൊന്ന്  പിളർന്നു കിട്ടാൻ ആത്മാർഥമായി ഞാൻ പ്രാർത്ഥിച്ചു പോയി.
















Friday, November 15, 2013

പാദ സ്മരണ സുഖം : പി. രവീന്ദ്രനാഥ്



പെണ്ണു കാണാൻ പോയിട്ട്  സ്വന്തം തടി രക്ഷിക്കാൻ വേണ്ടി, പെണ്ണു വീട്ടിൽ നിന്ന്  ഇറങ്ങി  ഓടേണ്ടി വന്ന ഒരു ചരിത്രമുണ്ട്  എനിക്ക്.

പെണ്ണു കാണാൻ കോളേജ്  പടിക്കലോ അമ്പലങ്ങളിലോ പോയി നിന്നിട്ട്,  തടി മിടുക്കുള്ള ആങ്ങളമാരെ കാണുമ്പോൾ ഓടേണ്ടി വന്നിട്ടുള്ള ഹതഭാഗ്യരുടെ കഥപോലെയല്ല ഇത്.  ഗുരു കാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടെ, ഔദ്യോഗികമായി കൃത്യം നിർവ്വഹിക്കവേയാണ്  ഈയുള്ളവന്  പലായനം ചെയ്യേണ്ടി വന്നത്.

കാലം 1986.  ഞാൻ ഷാർജയിൽ പണിയെടുക്കുകയാണ്.  ഇളയ സഹോദരനും സഹോദരിയും വിവാഹിതരായി കഴിഞ്ഞു. മൂത്ത സഹോദരിക്കാകട്ടെ കുളൈന്തകളും രണ്ടായി. ഞാനങ്ങനെ പുര നിറഞ്ഞു കവിഞ്ഞു നില്ക്കുകയാണ്.

ഒരു സുദിനത്തിൽ അവധിക്ക്  നാട്ടിൽ എത്തി. വല്ല്യമ്മയുടെ മകൾ, സന്താനക്ക വളരെ ഗൗരവമായ ഒരു വിഷയം എന്റെ മുമ്പിൽ എടുത്തിട്ടു.

"ഇനി നിനക്കൊരു കല്യാണം ആയിക്കൂടേ, വയസ്സ്  28 ആയി."

"വയസ്സിനെ ഞാൻ വിചാരിച്ചാൽ പിടിച്ചു നിർത്താനാവില്ല. അതു കൊണ്ട്  കല്യാണം ആയിക്കളയാം." -  ഞാൻ പറഞ്ഞു.  "ഞാൻ അവിവാഹിതനായി നില്ക്കുന്നതുകൊണ്ട്,  രാജ്യത്ത്   എന്തെങ്കിലും അത്യാഹിതമുണ്ടായാലോ?"

"നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?  എന്നോട്  സത്യം പറ. അമ്മൂമ്മയോടും കുഞ്ഞമ്മയോടും പറഞ്ഞ്  ഞാൻ സമ്മതം മേടിച്ചു കൊള്ളാം." -  അക്ക പറഞ്ഞു.

"അക്കയോടായതു കൊണ്ട്  സത്യം പറയാം. ദേണ്ട്  ഇത്,  എന്ന്  ഒന്നിനെ ചൂണ്ടിക്കാണിക്കാൻ ആവില്ല. കാണുന്നവരെയൊക്കെ ഇഷ്ടപ്പെട്ടു പോകുന്ന ഒരു ദുർബ്ബല മനസ്സായിപ്പോയി എന്റേത്.  പെണ്‍കുട്ടികൾ ചിന്തിക്കുന്നത്  അങ്ങനെയാവണം എന്നില്ലല്ലോ?  അതു കൊണ്ട്  ഒരു പുതിയ അദ്ധ്യായം തുടങ്ങാം."

"അല്ല, നീ കാക്കത്തൊള്ളായിരം പെണ്‍പിള്ളാരുടെ പിറകെ നടന്നിട്ടുണ്ട്  എന്നു കേട്ടിട്ടുണ്ട്.  അതുകൊണ്ട്  ചോദിച്ചതാ."

അക്ക ആഫ്രിക്കയിലാണ്.  അതുകൊണ്ട്  ലേറ്റസ്റ്റ്  വാർത്തകൾ ഒന്നുമറിയുകയില്ല. "അവരൊക്കെ  ഭർതൃമതികളും പതിവ്രതകളും സ്ത്രീരത്നങ്ങളുമാണക്കേ ഇപ്പോൾ "  -  ഞാൻ പറഞ്ഞു.

അക്കക്ക്  സമാധാനമായി. ഇനി അമ്മൂമ്മയുടെ കോടതിയിൽ കേസ്  വിചാരണക്ക്  വെക്കുകയോ, അനുകൂല വിധി സമ്പാദിക്കുകയോ ഒന്നും വേണ്ടല്ലോ.

അങ്ങനെയാണ്  കന്യകാന്വേഷണത്തിനായി, നാനാ ദിക്കിലേക്കും ഹംസങ്ങളെ പറത്തി വിട്ടത്.  അമ്മൂമ്മ, അമ്മ, സന്താനക്ക എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിനു മുൻപിലാണ്, ഹംസങ്ങൾ തിരികെ വന്ന്,   "കന്യകാവർണ്ണനം"  എന്ന പതിഞ്ഞ പദം ആടേണ്ടത്.

കാമിനീ രൂപിണീ ശീലവതീ മണീ എന്നൊരു ഹംസം ആടുമ്പോൾ,  വർണ്ണിപ്പാനാവതല്ല എന്നായിരിക്കും മറ്റൊന്നിന്റെ ചരണം. ഇങ്ങനെയൊക്കെയുള്ളതായിട്ടുള്ള,  അവൾതൻ ഗുണഗണങ്ങൾ കേട്ട്  ഹർഷപുളകിതനായി, പെണ്ണു കാണാൻ ചെല്ലുമ്പോഴാണ്,  കുവലയ വിലോചാനയുമല്ല, കഞ്ചദള ലോചനയുമല്ല എന്ന സത്യം ഞാൻ മനസ്സിലാക്കുന്നത്.  ഒന്നുകിൽ ഒരു പിത്തക്കാടി, അതുമല്ലെങ്കിൽ ഒരു ചക്കു കുറ്റി!  ആകെ മടുത്തു. ഓതറൈസ് ഡ്  ബ്രോക്കർ സേവനം മതിയാക്കാൻ അങ്ങനെയാണ്  തീരുമാനമെടുത്തത്.

 അമ്മൂമ്മ  (ജാനകിയമ്മ)
ദൌത്യം ചിറ്റപ്പൻ, ഇളയ അളിയൻ ഉണ്ണി, അച്ഛന്റെ ചില സുഹൃത്തുക്കൾ തുടങ്ങിയവർ ഏറ്റെടുത്തു.  അതാ വരുന്നു, കോട്ടയത്ത്  നിന്ന്  ഒരാലോചനയുമായി, ഞങ്ങൾ പൊട്ടൻ ചേട്ടൻ എന്ന് വിളിക്കുന്ന കുട്ടൻ ചേട്ടൻ എന്ന എൻ.എസ്. ശിവശങ്കരപ്പിള്ള. അച്ഛന്റെ സുഹൃത്ത്.  ലോക്കൽ ഫണ്ട് ഓഡിറ്റിൽ നിന്ന്  റിട്ടയർ ചെയ്ത ഒരു സഹൃദയൻ. അറിയപ്പെടുന്ന ചിത്രകാരൻ. മുൻ  എം.എൽ.എ.യും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന എൻ.എസ്. കൃഷ്ണപിള്ളയുടെ അനന്തിരവൻ. ആൾ ബധിരനാണ്.

പെണ്‍കുട്ടി ബി.എ. കഴിഞ്ഞു നില്ക്കുന്നു. പിതാവ് റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥൻ. പൊട്ടൻ ചേട്ടന്റെ, അല്ല കുട്ടൻ ചേട്ടന്റെ ഒരു ബന്ധു.

കൊച്ചൂട്ടൻ കൊണ്ടു വന്നിരിക്കുന്ന ആലോചനയാണല്ലോ?  തരക്കേടില്ലായിരിക്കും. ടൂ ത്രീ കാംക്ഷിച്ചുകൊണ്ടുള്ള ദൌത്യമല്ല. ഏകാഭിപ്രായം ആയിരുന്നു ഡിവിഷൻ ബഞ്ചിന്റേത്.

ഒരു സുപ്രഭാതത്തിൽ, നാരീ ദർശനത്തിനായി  ഞാനും കുട്ടൻ ചേട്ടനും കൂടി മോട്ടോർ സൈക്കിളിലാണ്  കോട്ടയത്തിനു പോയത്‌. തിരുനക്കര അമ്പലത്തിനടുത്തു കൂടിയാണ്  പെണ്ണിന്റെ വീട്ടിൽ പോകേണ്ടത്.  തിരുനക്കര തേവർക്ക്  അസ്കിതയൊന്നും തോന്നേണ്ടാ എന്നു കരുതി, അവിടെ കയറി തൊഴുതിട്ടാണ്  യാത്ര തുടർന്നത്.

 അമ്മ (രാജമ്മ)
ടാറിട്ട നിരത്തിൽ നിന്ന്  പത്തു പതിനഞ്ചടി ഉയരത്തിലായിരുന്നു പെണ്ണിന്റെ വീട്. വണ്ടി മുറ്റത്ത്  ചെല്ലുകയില്ല. സ് റ്റെപ്പ്  കയറി വീട്ടിൽ ചെന്നു. സന്ദർശന വിവരം കുട്ടൻ ചേട്ടൻ നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു.

നല്ല വൃത്തിയും ഒതുക്കവുമുള്ള വീട്.  ഹൃദ്യമായ സ്വീകരണം ആയിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും. അന്തസ്സും കുലീനത്തവും തുളുമ്പുന്ന പെരുമാറ്റം. അദ്ദേഹത്തിന്  എന്റെ അച്ഛനെ നന്നായിട്ട്  അറിയാം.  "ഇനി കൂടുതൽ ആലോചിക്കേണ്ടതില്ലല്ലോ,  പെണ്ണിനും ചെറുക്കനും ഇഷ്ടപ്പെട്ടാൽ... "  അമ്മയുടെ കമന്റ്.

ഏറ്റവും കൂടുതൽ സന്തോഷം കണ്ടത്,  അവരുടെ വാല്യക്കാരിയായിരുന്ന,  മുസ്ലീം സ്ത്രീയുടെ മുഖത്തായിരുന്നു. "എന്റെ കുഞ്ഞിനെ ആർക്കാ ഇഷ്ടപ്പെടാതിരിക്കുന്നത്."  അവർ പറയുന്നത്  കേട്ടു. ഞാൻ എന്റെ പൊന്നുമോളെ വിളിച്ചു കൊണ്ടു വരട്ടെ  എന്നു പറഞ്ഞ്  അവർ അകത്തേക്ക്  കയറിപ്പോയി.

അതുവരെയുണ്ടായ സംഭവങ്ങളും വികാസങ്ങളും ഞാൻ സത്യസന്ധമായി ഒന്ന്  അപഗ്രഥിച്ചു. പ്രഥമ ദൃഷ്ട്യാ കുറ്റങ്ങളൊന്നും കാണുന്നില്ല. പ്രതിയെ കാണണം, കസ്റ്റഡിയിൽ എടുക്കണം, ചോദ്യം ചെയ്യണം! അത്ര മാത്രം. ഞാനെന്റെ മനസ്സിനെ ഉപദേശിച്ചു, ശാന്തമാകൂ... , മനസ്സേ ശാന്തമാകൂ....... !

കാൽപ്പാദങ്ങളാണ്  ആദ്യം കണ്ടത് !

അത്ര മെലിഞ്ഞിട്ടല്ല. വെളുത്ത നിറം. ഇടതൂർന്ന നല്ല നീളമുള്ള മുടി. മുഖത്ത്  ശോകച്ഛായ കലർന്നിരുന്നോ....... ?  ആ ഉമ്മ പറഞ്ഞത്  വാസ്തവമാണ്....... !

ആ കുഞ്ഞിനെ ആരും ഇഷ്ടപ്പെടും !

അക്ക (സന്താനവല്ലി)
യുവജനങ്ങൾ ഇനി എന്തെങ്കിലും സംസാരിക്കട്ടെ എന്നു പറഞ്ഞ്  മുതിർന്നവർ അകത്തേക്ക്  കയറിപ്പോയി.

പേര്, പഠിച്ച കോളേജ്,  സുഹൃത്തുക്കൾ, ഹോബി, സിനിമ, നോവൽ........ തുടങ്ങി ഗഹനങ്ങളായ വിഷയങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്, അവിടേക്ക്  ഒരാൾ കയറി വന്നത്.

"കുട്ടനമ്മാവന്റെ കൂടെ വന്നതാണോ.... ?" മയത്തിലാണ്  എന്നോട്  ചോദിച്ചത്.

"കേറിപ്പോടീ അകത്ത് .... " ഒരലർച്ചയായിരുന്നു. ഞെട്ടി, ഒരു മാത്ര പരിഭ്രമിച്ചു നിന്നിട്ട്,  വലിയ വായിൽ പൊട്ടിക്കരഞ്ഞു കൊണ്ട്  ആ പാവം പെണ്‍കുട്ടി സിറ്റിംഗ്  റൂമിൽ നിന്നോടിപ്പോയി.

"ഒരൊറ്റ എമ്പോക്കിയേം കൊണ്ട്  ഇവിടെ വന്നേക്കരുതെന്ന്,  ആ പരമ നാറിയോട്  പറഞ്ഞിട്ടുള്ളതാ.... നിനക്കിവളെ കല്യാണം കഴിക്കണം അല്ലേടാ.... ?"

എമ്പോക്കിയും പരമനാറിയും ആരൊക്കെയാണെന്ന്  ബഹുമാനപ്പെട്ട വായനക്കാർക്ക്  മനസ്സിലായിക്കാണുമല്ലോ?  അന്നേരമാണ്  അയാളുടെ കയ്യിലിരുന്ന, ലോഹം കൊണ്ടുള്ള അതി വിശിഷ്ടമായ ഒരു കലാരൂപം എന്റെ ശ്രദ്ധയിൽപ്പെട്ടത്.  ഒരു വെട്ടുകത്തി!

ഇറങ്ങി ഒരൊറ്റയോട്ടം ആയിരുന്നു. "അർജ്ജുനൻ, ഫൽഗുനൻ, പാർത്ഥൻ, വിജയനും.... ,"  അമ്മൂമ്മ കുഞ്ഞുന്നാളിൽ പഠിപ്പിച്ച അർജ്ജുനന്റെ പത്തു പേരുകളും ഉരുവിട്ടുകൊണ്ടായിരുന്നു മുറിക്ക്  പുറത്തേക്ക്  ചാടിയത്.  അകത്തേക്ക്  വന്ന ചവിട്ടുപടികളോ, ഗേറ്റോ ഒന്നും കാണുന്നില്ല. ആകെ അന്ധകാരം. ഇടി മുഴങ്ങുന്നോ, കൊടുങ്കാറ്റ്  വീശുന്നോ.... ?  ഒന്നുമറിയില്ല, ഒരു കാര്യം ഒഴിച്ച്.  അവിടെ നിന്നാൽ അപകടമാണ് ! വീടിന്റെ പിറകു വശത്തേക്ക്  ഓടി. ഒരു മരത്തിന്റെ മറവിൽ ഒളിച്ചു. താഴെ നിരത്തിൽ ഞാൻ വ്യക്തമായി കണ്ടു, ഒരാൾ വാണം വിട്ടപോലെ കിഴക്കോട്ടോടുന്നു, കുട്ടൻ ചേട്ടൻ, അതായത്,  ആ വെട്ടുകത്തി വിശേഷിപ്പിച്ച സാക്ഷാൽ പരമനാറി!

വന്ന മാർഗത്തിൽ കൂടിയല്ലാതെ പുറത്തു കടക്കാൻ കഴിയില്ല. ഏതു പ്രതിസന്ധിയിലും കൂടെ നില്ക്കും എന്ന് വീട്ടുകാർ വിശ്വസിച്ച്  കൂട്ടിനു വിട്ടയാളിന്റെ പൊടിപോലുമില്ല!

ആക്രോശങ്ങളും, പാത്രം എറിഞ്ഞുടക്കുന്ന ശബ്ദവുമൊക്കെ വീട്ടിനുള്ളിൽ നിന്നു കേൾക്കാം. ചെകുത്താനും കടലിനും ഇടക്ക്  അകപ്പെട്ടുപോകുന്ന ഒരവസ്ഥയുണ്ടല്ലോ... ?  ഞാൻ ആ അസുലഭ സുന്ദര അവസ്ഥയിൽ തന്നെയായിരുന്നു. On the horns of dilemma, എന്ന പ്രയോഗം എന്റെ ഈ അവസ്ഥ കണ്ട ഏതോ ഇംഗ്ലീഷുകാരൻ ഉണ്ടാക്കിയതായിരിക്കണം.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ്  ആ ഉമ്മ എന്റടുത്ത്  വന്നത്.  എന്റെ പൊന്നു മോനേ, ഈ കുഞ്ഞിനെ ആ പിശാചിന്റടുത്തു നിന്ന്  ഒന്നു രക്ഷിക്കണേ.... , അത് പാവമാ."

സ്വന്തം ജീവൻ അന്യന്റെ വെട്ടുകത്തിപ്പിടിയിലാണ്.  ആ എന്നോടാണ്  രക്ഷകനാകാൻ ഉമ്മയുടെ അഭ്യർത്ഥന.

"ഉമ്മാ, ആ പിശാച്  പെണ്‍കുട്ടിയുടെ ആരാ... ?"  ഞാൻ ചോദിച്ചു.

"ആങ്ങളയാ മക്കളേ, ബി.എ.യും, എം.എ.യുമൊക്കെ പഠിച്ചതാ. ബുദ്ധി കൂടി വട്ടായിപ്പോയി. ഏത്  ആലോചന വന്നാലും ഇതാ സ്ഥിതി. എന്റെ കുഞ്ഞിന്റെ ഒരു തലേവിധി. പടച്ചോൻ മക്കൾക്ക്  നല്ലതു വരുത്തും, അതിനെ മക്കള്  ഉപേക്ഷിക്കല്ലേ, ആ കുഞ്ഞൊരു മാലാഹയാ മോനെ മാലാഹ.... "

"ഉമ്മേടെ ആ കുഞ്ഞിനെ എനിക്കും ഇഷ്ടപ്പെട്ടു. അവൾ ഹൂറിയും മാലാഖയുമാണ്. സത്യം. പക്ഷെ എന്ത് ചെയ്യാം ഉമ്മാ. അറിഞ്ഞുകൊണ്ട്  ഇതിനെ കെട്ടാൻ എന്റെ വീട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നില്ല. തല്ക്കാലം ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴി ഉമ്മ പറഞ്ഞു താ..!"

ആ പെണ്‍കുട്ടിയേക്കാൾ, ഒരു പക്ഷെ അതിന്റെ അച്ഛനമ്മമാരേക്കാൾ മനോവ്യഥ ആ ഉമ്മ അനുഭവിക്കുന്നുണ്ടെന്ന്  എനിക്കറിയാമായിരുന്നു.
ചിറ്റപ്പൻ (എം.ജി.കൊച്ചുകൃഷ്ണ പിള്ള)

അവിടെ ഇങ്ങനെയൊരു പിശാചോ, ചെകുത്താനോ ആവാസമുണ്ടെന്ന്  അറിഞ്ഞിരുന്നെങ്കിൽ,  ഈ ദുരന്തനാടകത്തിൽ ഞാനീ വേഷം ഒരിക്കലും കെട്ടുമായിരുന്നില്ല.

വിവരങ്ങളെല്ലാം വിശദമായി എന്നെയും, വീട്ടുകാരേയും അറിയിച്ചിട്ടു മാത്രമേ, കൂട്ടിക്കൊണ്ടു ചെല്ലാവൂ എന്ന്  പെണ്‍കുട്ടിയുടെ വീട്ടുകാർ കുട്ടൻ ചേട്ടനോട്  പറഞ്ഞിരുന്നതാണ്.  അദ്ദേഹം അതു പറയാൻ ബോധപൂർവ്വം മറന്നു.

ഫെയ് സ്  ബുക്കിൽ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള നെടുമ്പള്ളിലെ വിജയൻ ചേട്ടൻ, സതി, ഹരീഷ്, കുട്ടൻ (ശ്രീകുമാർ വളഞ്ഞവട്ടം) എന്നിവർ, ഈ കഥ കേട്ടിരിക്കാനിടയില്ല. പക്ഷെ, ആ പെണ്‍കുട്ടിയെ അവർക്ക്  തീർച്ചയായും അറിയാം. കാരണം, അവൾ അവരുടെ ഒരു ബന്ധുവാണ്.

ഈ കഥ ഞാൻ എന്റെ മക്കളോട്  പറഞ്ഞിട്ടുണ്ട്.  ഒരു തമാശ കഥ കേൾക്കുന്ന താൽപര്യം മാത്രമേ ഞാൻ  അവരുടെ മുഖത്ത്  കണ്ടുള്ളൂ. കാലം ഒരുപാട്  കഴിഞ്ഞിരിക്കുന്നു. ആ കുട്ടിയുടെ മുഖം എന്റെ മനസ്സിൽ  നിന്ന്  എന്നേ മാഞ്ഞുപോയി.
                                                                                                                                                                      പക്ഷെ അന്ന്  ഞാൻ ആദ്യം കണ്ട അവളുടെ കാൽപ്പാദങ്ങൾ!

മനസ്സിന്റെ അജ്ഞാതമായ ഏതോ കോണിൽ, ഒരു വേദനയായി, പ്രിയപ്പെട്ട  പെണ്‍കുട്ടീ, ആ കാൽപ്പാദങ്ങൾ  ഇപ്പോഴും ഉണ്ട്...... !!



ഫലശ്രുതി

ഈ പൊട്ടൻ എന്ന കഥാപാത്രത്തിന്റെ സ്ഥിരം ഏർപ്പാടാണ്,  താല്ക്കാലിക ലാഭത്തിനു വേണ്ടിയുള്ള ഇത്തരം വിനോദ കൃത്യങ്ങളെന്ന്  കുറേക്കാലം കഴിഞ്ഞാണ്  ഞാൻ അറിഞ്ഞത്.  എന്നെ ആ വിഡ്ഢി വേഷം കേട്ടിച്ചതിനു കൊടുത്ത സമ്മാനം, ഒരു കാവ്യനീതിയായി കണക്കാക്കിയാൽ മതിയെന്ന്  സമാധാനിക്കുന്നത്  അതുകൊണ്ടാണ്.

ആ വീട്ടിൽ നിന്ന്  രക്ഷപ്പെട്ട്  തിരുനക്കരയിൽ എത്തിയപ്പോൾ, കിഴക്കേനടയിൽ ഒരു ചായക്കടക്ക്  സമീപം നില്ക്കുന്നുണ്ട്  കുട്ടൻസ്‌.

"കുട്ടൻ ചേട്ടൻ സന്ദർഭോചിതമായി അവിടെ നിന്ന് മുങ്ങിയത്  ഭാഗ്യമായി. അല്ലെങ്കിൽ എന്റെ തടി കേടാകുമായിരുന്നു." ഞാൻ പറഞ്ഞു.

അദ്ദേഹത്തിന്  സമാധാനമായി. കുരുതിക്കളത്തിൽ തള്ളിയിട്ട്  വലിഞ്ഞതിൽ തലമുറിയന്  പരിഭവമില്ല.

കക്ഷിയുടെ കൈവശം 50 രൂപ ഉണ്ടായിരുന്നു എന്നെനിക്കറിയാം.  ആദ്യം കണ്ട ബങ്കിൽ നിന്ന് പെട്രോൾ അടിച്ചു. ബാക്കിയുണ്ടായിരുന്ന പൈസക്ക്  വിൽസ്  സിഗരറ്റും വാങ്ങി. വെയിലാണല്ലോ, തലയിൽ കെട്ടാൻ ഒരു തോർത്തും വാങ്ങിച്ചു. വൈകിട്ട്  കടപ്രയിൽ ചെല്ലുമ്പോൾ 50 നുപകരം 100 രൂപയെങ്കിലും രവി തരുമല്ലോ. പുല്ലുപോലെ 50 രൂപ പൊട്ടൻ ചെലവാക്കി.

"ചേട്ടാ, ജീവൻ തിരിച്ചു കിട്ടിയതല്ലേ...... ?  ഒരാശ്വാസം....... , ഓരോ സ്മാൾ... , എന്ത് പറയുന്നു? - ഞാൻ ചോദിച്ചു.

"എന്തിനാടാ സ്മാൾ, രണ്ടു ജീവനല്ലേ രക്ഷപ്പെട്ടത്.  ലാർജ്  തന്നെയായിക്കോട്ടെ...!

നേരെ കോട്ടയം എയ് ഡാ ഹോട്ടലിലേക്ക്  വണ്ടി വിട്ടു.

എനിക്കൊരു തണുത്ത ബിയറിനും, എന്തിന്  കുറക്കണം,  പൊട്ടൻ ചേട്ടന്  ഒരു പൈന്റ്  പീറ്റർ സ് കോട്ടിനും ഓർഡർ കൊടുത്തു. കാശു നോക്കിയില്ല, യഥേഷ്ടം മറ്റനുസാരികളും.  ഞാൻ പെട്ടെന്ന്  ബിയർ അകത്താക്കി.

"ചേട്ടൻ സാവധാനം ഇവിടിരുന്ന് കഴിക്ക്.  ഞാനിതാ വരുന്നു." - ഞാൻ പറഞ്ഞു.

"നീ എവിടെ പോവാ....... ?"

" call from the nature........ !"

"പെട്ടെന്ന്  ചെല്ല്.  ഇവിടം വൃത്തികേടാക്കേണ്ടാ... "

"ആ സാറിന്  ആവശ്യമുള്ളത്  കൊടുക്കണം. ബസ് സ്റ്റാന്റിൽ ഒരാൾ നില്ക്കാമെന്നു പറഞ്ഞിട്ടുണ്ട്. അയാളെ വിളിച്ചുകൊണ്ട്  ഞാനിതാ തിരികെ എത്തുകയായി."  ബാർ മാനേജരോട്  ഇത്രയും പറഞ്ഞിട്ട്,  നാട്ടകം, പള്ളം, ചിങ്ങവനം, ചങ്ങനാശ്ശേരി വഴി തിരുവല്ലക്ക്  ഞാൻ യെസ് ഡി പറത്തി.












Sunday, November 10, 2013

ബലികുടീരങ്ങളും രണസ്മാരകങ്ങളും ( ഭാഗം 4 ) : പി. രവീന്ദ്രനാഥ്


History of the formation of the Communist Party in Ennakkad village.

സഖാവ്  കാഞ്ഞിരവേലിൽ കുട്ടിയും ഗ്രാമത്തിൽ നടന്ന അവകാശ സമരവും 

  പരമ്പരയുടെ അവസാന ഭാഗം 

 

സ.കാഞ്ഞിരവേലിൽ കുട്ടി അവകാശം സ്ഥാപിച്ച തമ്പുരാന്റെ നിലം.

 

 സഹജീവികളുടെ ദൈനം ദിന ജീവിതത്തിന്റെ അഗാധ തലങ്ങൾ വരെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ദൃഷ്ടി ചെന്നിരിക്കണം. എങ്ങനെയായിരിക്കണം ഒരു കമ്മ്യൂണിസ്റ്റുകാരൻ,  അതിന്റെ നേർ വിപരീതമായിത്തീർന്നിരിക്കുകയാണ്  ഇന്നവന്റെ ജീവിതവും,  കാഴ്ചപ്പാടുമെല്ലാം.  പക്ഷെ അക്കാലങ്ങളിൽ അതായിരുന്നില്ല സ്ഥിതി.

മനുഷ്യ ജീവിതത്തിന്റെ മൂല്യവും നിലവാരവും ഉയർത്തുക, അങ്ങനെ അവരെ ഗുണവും, പുരോഗമനവീക്ഷണവുമുള്ള വിപ്ലവകാരികളാക്കി മാറ്റുക-  ഇതായിരുന്നു ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും കടമയും കർത്തവ്യവും എന്നവർ വിശ്വസിച്ചു.  ദൈവ വിശ്വാസവും ജാതി - മത ഭിന്നിപ്പുകളുമൊക്കെ,  തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിന്  മുതലാളിമാർ സൃഷ്ടിക്കുന്ന  കടംകഥകൾ ആണെന്ന ബോധം അവർ  മറ്റ്  സാധാരണക്കാരായ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും പരിശ്രമിച്ചു.

സ. എ.പി. ഗോപാലൻനായർ 


സ്ഥാപിതമായ സമ്പന്ന ശ്രേണിയിലേക്ക്  ഈ കാലഘട്ടത്തിൽ പുതിയ ഒരു കൂട്ടം രംഗ പ്രവേശം ചെയ്യുകയുണ്ടായി. ജന്മിമാരുടെ ഭൂസ്വത്ത്  പാട്ടത്തിനെടുത്ത്  കൃഷി ചെയ്യുന്ന ഇടത്തരക്കാരായ നായർ സമുദായക്കാർ ആയിരുന്നു അത്.  വളരെ പെട്ടെന്ന്  ഈ വർഗ്ഗം ശക്തിയാർജിക്കുകയും, വിവാഹസഖ്യം വഴി വംശമഹിമ അവകാശപ്പെടാനുള്ള അവസ്ഥയിൽ അവർ എത്തിച്ചേരുകയും ചെയ്തു. സ്വന്തം സ്വത്തിനും നിലനിൽപ്പിനും വേണ്ടി എന്ത്  കുത്സിത മാർഗം സ്വീകരിക്കുന്നതിനും ഇക്കൂട്ടർക്ക്  യാതൊരു മടിയും ഇല്ലായിരുന്നു. ഭൂസ്വത്ത്  ഇവരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വന്നതോടുകൂടി കർഷക തൊഴിലാളികൾക്ക്  ഈ നവസമ്പന്ന വിഭാഗത്തിന്റെ കൂടി പീഡനങ്ങൾക്കും ശിക്ഷകൾക്കും വിധേയരാവേണ്ടി വന്നു.  ഈ വിഭാഗത്തിൽ പെട്ട ഒരിടത്തരം ജന്മിയായിരുന്നു, ഉമ്മന്റയ്യത്ത് കൃഷ്ണപിള്ള.
പരമേശ്വരപണിക്കന്റെ പ്രശ്നത്തിൽ പാർട്ടിക്കേറ്റ തിരിച്ചടി, പ്രവർത്തകരിലും നേതാക്കന്മാരിലും നിരാശത വിതച്ചിരുന്ന അവസരത്തിലാണ്,  ഗ്രാമത്തിൽ തമ്പുരാന്റെ മറ്റൊരു അടിയാനായ കാഞ്ഞിരവിളയിൽ കുട്ടി എന്ന കർഷകത്തൊഴിലാളി കൃഷി ചെയ്തിരുന്ന നെല്ല്,  തമ്പുരാന്റെ അനുഗ്രഹാശിസുകളോടെ കൊയ്തെടുക്കാൻ,  ഉമ്മന്റയ്യത്ത്  കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരു സംഘം ചട്ടമ്പികൾ എത്തിച്ചേർന്നത്. സഖാക്കൾ ഗോപാലപിള്ള വൈദ്യൻ, രാജശേഖരൻ തമ്പി, എ.പി. ഗോപാലൻനായർ, വെളുത്തേരി കുട്ടപ്പൻ, കുറ്റി കൃഷ്ണപിള്ള, കുറ്റി കരുണാകരപണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ആ ചട്ടമ്പി സംഘത്തെ തടഞ്ഞു.  കാഞ്ഞിരവിളയിൽ കുട്ടിയുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം കർഷക തൊഴിലാളികളും അവിടെ സംഘടിക്കുകയുണ്ടായി.
സ. കുറ്റിയിൽ കരുണാകരപണിക്കർ 

രംഗം വഷളാകുമെന്നു മനസ്സിലാക്കി ഉമ്മന്റയ്യവും കൂട്ടാളികളും സംഭവസ്ഥലത്തു നിന്ന്  തൽക്കാലം പിന്മാറി.  കണ്ടത്തിലെ വിള പോത്തിനെ ഇറക്കി തീറ്റിക്കുമെന്ന്  ഉമ്മന്റയ്യം പരസ്യമായി വെല്ലുവിളിച്ചു.  പാടത്ത്  പോത്തിനെ ഇറക്കിയാൽ, പോത്തിന്റെ കഴുത്തും വെട്ടും ഇറക്കുന്നവന്റെ കാലും വെട്ടുമെന്ന്  കുട്ടിയും പ്രഖ്യാപിച്ചു.  ഒന്നും ഫലിച്ചില്ലെങ്കിൽ കാളൻ നെല്ലായി എന്നാണല്ലോ പറയുന്നത്.  മദ്യവും പണവും യഥേഷ്ടം നല്കിക്കൊണ്ട്  തമ്പുരാൻ പോലീസിനെ രംഗത്തിറക്കി. കൊട്ടാരത്തിന്റെ ചാവടിയിൽ മദ്യ കുംഭങ്ങൾ നിരന്നു.  ഉരപ്പുരയിൽ വാല്യക്കാരികൾ കോഴിയിറച്ചി,  കറി വെച്ചു.  ക്ഷാത്ര ജാതന്റെ പോലീസ്  സപ്പർ..... !  തമ്പുരാന്റെ പണത്തിന്റെയും മദ്യത്തിന്റെയും കോഴിയുടേയും  ഉന്മാദത്തിൽ പോലീസ്  ആ പ്രദേശങ്ങളിൽ താണ്ഡവമാടി.  ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല പോലീസ്  ഒന്നടങ്കം എണ്ണക്കാട്ട്  കൊലവിളിച്ചു നടന്നു.  അക്ഷരാർത്ഥത്തിൽ നരനായാട്ടായിരുന്നു കാക്കി കിങ്കരന്മാർ അവിടെ നടത്തിയത്.  സ്ത്രീകളേയും വൃദ്ധരേയും,  എന്തിന് കുഞ്ഞുങ്ങളേപ്പോലും ആ രാക്ഷസന്മാർ വെറുതെ വിട്ടില്ല.  "അക്ഷത്രവൃത്തിയെ വെടിഞ്ഞപകീർത്തി ചീർത്തോരിക്ഷത്രിയന്നുയിരുമൂഴിയുമെന്തിനിന്നി?"

  വൈദ്യൻ ഉൾപ്പടെയുള്ള നേതാക്കന്മാർ ഒളിവിൽപ്പോകാൻ പാർട്ടി നിർദ്ദേശിച്ചു.  കാഞ്ഞിരവേലിൽ കുട്ടിയെ പോലീസ്  കസ്റ്റഡിയിലെടുത്തു.  നാലുദിവസം ആ സഖാവിനെ ലോക്കപ്പിലിട്ട്  അഹോരാത്രം മർദ്ദിച്ചു.  ജലപാനം പോലും കൊടുക്കാതെയായിരുന്നു സ. കുട്ടിയെ ആദരിച്ചത്.
സ.ഗോപാലൻനായർ 


എണ്ണക്കാട്, പെരിങ്ങിലിപ്പുറം, ഗ്രാമം, ഇലഞ്ഞിമേൽ ഭാഗങ്ങളിൽ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഇടിവണ്ടികൾ തേരാപ്പാരാ പാഞ്ഞു.  ഒരു തിരുവോണ ദിവസം,  സ.കുറ്റി കൃഷ്ണപിള്ളയെ എണ്ണക്കാട്ട്  ചന്തയിൽ വെച്ച്  പോലീസ്  കസ്റ്റഡിയിൽ എടുത്തു.  ആ സഖാവിന്റെ കയ്യും കാലും,  ഇഴക്കയറുകൊണ്ട്  വരിഞ്ഞു കെട്ടിയിട്ടിട്ടാണ്  ആ കാപാലികന്മാർ മർദ്ദനം അഴിച്ചുവിട്ടത്.  അന്ന്  ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയായിരുന്ന എന്റെ അമ്മ,  ഈ ഭീകരമായ രംഗത്തിന്  സാക്ഷിയാണ്.  അമ്മയും, അമ്മയുടെ ഒരു കുഞ്ഞമ്മയുടെ മകളും കൂടി ക്ഷേത്രത്തിൽ നിന്നു വരുമ്പോഴായിരുന്നു സംഭവം.  പോലീസുകാർ മാത്രമായിരുന്നില്ല മർദ്ദകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്.  ഉമ്മന്റയ്യത്ത് കൃഷ്ണപിള്ള, ഏവൂക്കാരൻ നാറാപിള്ള, തണ്ടാൻ ശങ്കരൻ, ഓണിപ്പുറത്ത്  അയ്യപ്പൻപിള്ള  (എണ്ണക്കാട്ടെ കോണ്‍ഗ്രസ്സ്  നേതാവ് ഗോപിനാഥൻനായരുടെ പിതാവ് ) തുടങ്ങിയവരും ഉണ്ടായിരുന്നു. ഇതു കണ്ട്  ഭയന്ന്,  "കൊച്ചാട്ടനെ കിട്ടിയാലും ഇതുപോലെ ചെയ്യുമേ" എന്നു നിലവിളിച്ചു കൊണ്ട്,  അമ്മയും കുഞ്ഞമ്മയും  പ്രാണനും കൊണ്ടോടി.  (എണ്ണക്കാട്ട്  നടന്ന പ്രക്ഷോഭങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തിരുന്ന നേതാക്കന്മാരിലൊരാളായ ഗോപാലപിള്ള വൈദ്യന്റെ ഇളയ സഹോദരിയായിരുന്നു എന്റെ അമ്മ.)

കൃഷ്ണപിള്ളയെ പോലീസ്  പിടിച്ചെന്നറിഞ്ഞപ്പോൾ ഗ്രാമത്തിൽ കൊട്ടാരത്തിലെ പൊന്നു തമ്പുരാട്ടിമാർക്ക്  ഒരു മോഹം.  കൃഷ്ണപിള്ളയെ ഭേദ്യം ചെയ്യുന്നത്  കൊച്ചമ്പ്രാട്ടിമാർക്ക്  തൃക്കണ്‍ പാർക്കണം!  തിരുവുള്ളക്കേട്  ഉണ്ടാവരുതല്ലോ?  പിടിച്ചു കെട്ടിയിട്ട്,  കൊട്ടാരത്തിന്റെ മുൻപിലിട്ട്  ആ സഖാവിനെ "മൃഷ്ടാന്നം" മർദ്ദിച്ചു.  ഏഴാം മാളിക മുകളിരുന്നു ഇത്  കണ്ട്,  തമ്പുരാട്ടിമാർ ഉൾപ്പുളകമണിഞ്ഞു.

കുറ്റി കൃഷ്ണപിള്ളയെ വളഞ്ഞുവെച്ച്  തല്ലാൻ പ്രേരകഘടകമായ ഒരു സംഭവം അതിനു മുമ്പ്  നടന്നിരുന്നു.

ഒളിവിൽ കഴിയുമ്പോൾ സഖാക്കൾക്ക്  വളരെ അപൂർവ്വ അവസരങ്ങളിൽ മാത്രമേ കണ്ടുമുട്ടാൻ കഴിഞ്ഞിരുന്നുള്ളൂ.  ആ പ്രദേശങ്ങളിലെ പോലീസ്  തേർവാഴ്ചക്ക്  ചൂട്ടു പിടിച്ചു കൊടുക്കുന്ന ഉമ്മന്റയ്യനെ വക വരുത്തണമെന്നുള്ള  ചിന്ത സഖാക്കൾ തമ്മിൽ പങ്കു വെച്ചു.  ആ ദൌത്യം ഏറ്റെടുത്തത്  ഗോപാലപിള്ള വൈദ്യനായിരുന്നു.

സ. പി.ആർ. ഗോപാലപിള്ള വൈദ്യൻ 
എണ്ണക്കാട്ട്  ചന്തയിൽ ഉമ്മന്റയ്യത്തിന്  ഒരു പലചരക്ക്  കടയുണ്ടായിരുന്നു. രാത്രി 9 മണിക്കാണ്  കടയടച്ച്  അയാൾ സ്വഭവനത്തിലേക്ക്  മടങ്ങുന്നത്. ചന്തയിൽ നിന്ന്  തെക്കോട്ട്  തിരിഞ്ഞ്  നാലുവിള ക്ഷേത്രത്തിന്  മുമ്പിൽ കൂടിയാണ്  അയാൾക്ക്  പോകേണ്ടിയിരുന്നത്.  ഈ ക്ഷേത്രത്തിനും ചന്തക്കും ഇടക്ക്  ഒരു വലിയ കുഴി ഉണ്ടായിരുന്നു.  വൈദ്യൻ ഒരു കമ്പി വടിയുമായി ആ കുഴിയിൽ കാത്തിരുന്നു. തലതല്ലിപ്പൊട്ടിച്ച്  വധിക്കുക എന്നു തന്നെയായിരുന്നു ഉദ്ദേശം. കടയടച്ച്  കയ്യിൽ റാന്തൽ വിളക്കുമായി ഉമ്മന്റയ്യം കുഴിയുടെ സമീപം എത്തിച്ചേർന്നതും വൈദ്യൻ ഒരൊറ്റയടി തലക്ക്  തന്നെ പാസ്സാക്കി കൊടുത്തു.  ഉമ്മന്റയ്യത്തിന്റെ തലേലെഴുത്തിന്റെ ഗുണം, പ്രഹരമേറ്റത്  തോളിനായിരുന്നു.

ഒളിവിൽ കഴിഞ്ഞു വന്നിരുന്ന വൈദ്യനെ അതിഭീകരനായ തീവ്രവാദിയായി മുദ്രകുത്തി കൊലക്കുറ്റത്തിന്  പോലീസ്  കേസ്സെടുത്തു.  ഉമ്മന്റയ്യത്തിനെ തല്ലിയത്,  തന്നെ തല്ലിയതിന്  തുല്യമായാണ്  തമ്പുരാൻ കണക്കാക്കിയത്.  വൈദ്യനെ കണ്ടാൽ വെടിവെച്ചു കൊല്ലാൻ തന്നെ പോലീസിന്  തമ്പുരാൻ നിർദ്ദേശം കൊടുത്തു.

ഈ അവസരത്തിലാണ്  കുറ്റിയെ പോലീസിന്റെ കയ്യിൽ കിട്ടുന്നത്.  ഇന്ദുലേഖ ഇല്ലെങ്കിലെന്താ, തോഴിയായാലും മതി..... !!  കുറ്റിയെ കെട്ടിയിട്ട്  തല്ലുന്നതിന്റെ കൂട്ടത്തിൽ,  കമ്പിവടിക്കേറ്റ പ്രഹരത്തിന്റെ മധുര സ്മരണകൾ അയവിറക്കിക്കൊണ്ടാണ്  ഉമ്മന്റയ്യം മതിയാവോളം മർദ്ദിച്ചത്.

എണ്ണക്കാട്ടും പരിസരത്തും ഈ നരനായാട്ട്  ഏതാണ്ട്  രണ്ടര വർഷക്കാലം നീണ്ടു നിന്നു.  1952ൽ നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിന്  ശേഷമാണ്  നാമമാത്രമായെങ്കിലും ഈ ഭീകരാവസ്ഥക്ക്  ഒരു മാറ്റം വന്നത്.

സ. വാസുദേവൻ നായർ 
 1952ലെ തെരഞ്ഞെടുപ്പു കാലത്തുപോലും തിരുക്കൊച്ചിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരിക്കുകയായിരുന്നു. ഐക്യ മുന്നണി എന്ന ലേബലിലാണ്  ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളോടൊപ്പം നടന്ന പഞ്ചായത്ത്  തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചത്.

എണ്ണക്കാടിന്റെ തെക്കേക്കര അടങ്ങിയ ഉളുന്തി വാർഡിൽ കുഞ്ഞുണ്ണി തമ്പുരാനാണ്  മത്സരിച്ചത്.  തമ്പുരാനെതിരെ സ്ഥാനാർത്ഥിയെ നിർത്തണം എന്ന്  പാർട്ടി തീരുമാനിച്ചു. ആരെ നിർത്തും എന്നല്ല ആര്  നില്ക്കും എന്നതായിരുന്നുവത്രെ അന്ന്  തർക്കം. സ. കുറ്റി കൃഷ്ണപിള്ള സ്വയം സന്നദ്ധനായി മുന്നോട്ടു വന്നു. പരാജയപ്പെട്ടെങ്കിലും 149 വോട്ട്  കൃഷ്ണപിള്ള നേടി. വിജശ്രീലാളിതനായ ഒരു സ്ഥാനാർത്ഥിക്ക്  നല്കുന്ന പോലെയുള്ള  സ്വീകരണമാണ്  കുറ്റിക്ക്  പാർട്ടി അണികൾ നല്കിയത്.  വെടിക്കെട്ടും വാദ്യാഘോഷങ്ങളുമായി ആനപ്പുറത്തായിരുന്നു അദ്ദേഹത്തെ എണ്ണക്കാട്ടേക്ക്  ആനയിച്ചത്.

ആ തെരഞ്ഞെടുപ്പിന്  ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബുധനൂർ പഞ്ചായത്ത്  ഇടതുപക്ഷമാണ്  ഭരിച്ചു വരുന്നത്.  പരമേശ്വരപ്പണിക്കൻ, കാഞ്ഞിരവേലിൽ കുട്ടി പ്രശ്നങ്ങൾ സൃഷ്ടിച്ച പ്രക്ഷോഭങ്ങളും, സ. എ.പി. ഗോപാലൻനായർ പാകിയ കരുത്തുറ്റ അടിത്തറയുമാണ്  കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഈ പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ പ്രാപ്തമാക്കിയത്.  ബുധനൂർ പഞ്ചായത്ത്  ഇടതുപക്ഷം സ്ഥിരമായി ഭരിക്കാൻ ഇടയാക്കുന്നത്  പെരിങ്ങിലിപ്പുറം, ഗ്രാമം, ഇലഞ്ഞിമേൽ, എണ്ണക്കാട്  എന്നീ പ്രദേശത്തെ പാർട്ടി കരുത്തിന്റെ ഉറച്ച ബലത്തിലാണ്.

പ്രസിദ്ധമായ ഏതെങ്കിലുമൊരു വിഷയത്തിന്റെ ആഖ്യാനമാണ്  ചരിത്ര പഠനത്തിന്  തുടക്കം കുറിക്കുന്നത്.  ഇത്  രേഖപ്പെടുത്തുന്നതാവട്ടെ തികച്ചും അനൌപചാരികമായാണ്.  അനേകം കൂട്ടിച്ചേർക്കലുകളിൽ കൂടി മാത്രമേ ഇത് പൂർണ്ണമാവുകയുള്ളൂ.

സ. കുട്ടി 


കാലം ഈ പ്രദേശത്തിന് നല്കിയ ഒരടയാളം ഹൃസ്വമായി വരച്ചു കാണിക്കാനാണ്  ഞാൻ ഇവിടെ  ശ്രമിച്ചിട്ടുള്ളത്.  എന്റെ ഈ എളിയ പരിശ്രമം വിമർശിക്കപ്പെടാനുള്ള സാദ്ധ്യത ഞാൻ തള്ളിക്കളയുന്നില്ല. ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായപ്രകടനങ്ങൾ തട്ടിവിടുകയും, അത്  ആധികാരികമായി പരിഗണിക്കപ്പെടാനുള്ളതാണെന്നും വിശ്വസിച്ചു വരുന്ന ചില ചരിത്ര പണ്ഡിതന്മാരുണ്ട്.  ചരിത്ര പഠനത്തിന്റെ പരമ്പരാഗത രീതിശാസ്ത്രവുമായി പരിചയമില്ലാത്ത പാമരനായ ഞാൻ അവരോട്  മാപ്പ്  അപേക്ഷിച്ചുകൊള്ളുന്നു. പക്ഷെ,  ഈ പ്രദേശത്തിന്റെ ഭൂതകാലത്തെക്കുറിച്ച്  സുനിശ്ചിതമായ ധാരണയുള്ളവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.  തുടർചർച്ചകളിൽ കൂടിയും,  യുക്തിപരമായ വിശദീകരണങ്ങളിൽ കൂടിയും ഒരവസാന ബിന്ദു കണ്ടെത്താൻ അവർക്കാർക്കെങ്കിലും കഴിഞ്ഞാൽ ഞാൻ കൃതാർത്ഥനായി.

അവസാനിച്ചു.






                                                                                                                                                   


Monday, November 4, 2013

ബലികുടീരങ്ങളും രണസ്മാരകങ്ങളും (ഭാഗം - 3) : പി.രവീന്ദ്രനാഥ്


History of the formation of the Communist Party in Ennakkad village.

എണ്ണക്കാട്ട്  കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാൻ എന്ന വലിയതമ്പുരാൻ 

 

 

പരമേശ്വരപണിക്കൻ സംഭവം എണ്ണക്കാട്ടെ പാർട്ടിക്ക്  ഒരനുഭവ പാഠമായിരുന്നു.  അതിനു ശേഷം പാർട്ടി ക്ലാസുകൾ നിരന്തരമായി നടത്തി. ഒരു കമ്മ്യൂണിസ്റ്റുകാരനു വേണ്ട അച്ചടക്കവും ഉത്തരവാദിത്തവും നേതാക്കൾ പ്രവർത്തകരെ ബോദ്ധ്യ പ്പെടുത്തി.  പാർട്ടി രഹസ്യങ്ങൾ സ്വന്തം ജീവനേക്കാൾ വിലപ്പെട്ടതാണെന്ന ബോധം പ്രവർത്തകരിൽ വളർത്താൻ ക്ലാസുകൾ നയിച്ച സ. ഉണ്ണിരാജയെ പോലുള്ള നേതാക്കൾക്ക് കഴിഞ്ഞു.

സാമൂഹ്യ - സാംസ്കാരിക രംഗത്തും പ്രവർത്തകർ സജീവമായി. വായനശാല പ്രവർത്തനം, ദളിത്‌ വിദ്യാഭ്യാസം തുടങ്ങിയ പ്രവൃത്തികളുമായി പാർട്ടിപ്രവർത്തനം അതിശക്തമായി മുന്നോട്ടു കൊണ്ടുപോയി.  കൂടുതൽ ചെറുപ്പക്കാർ പാർട്ടിയിലേക്ക്  ആകൃഷ്ടരായി.   സഖാക്കൾ എ.പി. ഗോപാലൻനായർ, വാസുദേവൻനായർ, ഗോപാലൻനായർ, കളീക്കൽ കരുണാകരൻപിള്ള തുടങ്ങിയവർ പാർട്ടിയിലേക്ക് വന്നു. സഖാവ്  എ.പി. രംഗത്ത് വാന്നതോടുകൂടി പാർട്ടി പ്രവർത്തനങ്ങൾക്ക്  കൂടുതൽ ഊർജവും ഉഷാറും കൈവന്നു.

എണ്ണക്കാടിന്റെ ചരിത്രം പരാമർശിക്കുമ്പോൾ സാമൂഹ്യവിപ്ലവത്തിന്  തുടക്കം കുറിക്കുകയും,  അവസാന ശ്വാസം വരെ പുരോഗമന ചിന്താഗതി വെച്ചു പുലർത്തുകയും ചെയ്ത എണ്ണക്കാട്ട്  കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാനെ പറ്റി അല്പം കൂടി പരാമർശിക്കാതിരിക്കുന്നത്  ശരിയല്ലെന്ന്  തോന്നുന്നു.

ദളിതരാദി പിന്നോക്ക വിഭാഗങ്ങൾക്ക്  പൊതുവഴി സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവദനീയമല്ലാത്ത ഒരു കാലഘട്ടത്തിൽ,  അവരുടെ ഉന്നമനത്തിനുവേണ്ടിയും സാമൂഹ്യ സമത്വത്തിനു വേണ്ടിയും പോരാടുകയും, സ്വന്തം കുടുംബാംഗങ്ങളുടെ പോലും ശത്രുത സമ്പാദിക്കുകയും ചെയ്തയാളായിരുന്നു വലിയ തമ്പുരാൻ.  അദ്ദേഹം പന്തി ഭോജനം നടത്തി.  ഫോട്ടോയെടുത്ത്  പത്രങ്ങൾക്ക്  നൽകാനായിരുന്നില്ല അത്.  തികച്ചും ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനങ്ങൾ ആയിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

ഇലഞ്ഞിമേൽക്കാരനായ  പറയ സമുദായത്തിൽപ്പെട്ട ഒരു ബാലനെ കോളേജിൽ അയച്ചു പഠിപ്പിച്ചത്,  മനുഷ്യ സ്നേഹികൾ തെല്ല്  അത്ഭുതത്തോടെയും,  ഉയർന്ന സമുദായാംഗങ്ങൾ പരിഹാസത്തോടെയും ആയിരുന്നു വീക്ഷിച്ചത്.  ശങ്കരൻ എന്ന ആ വ്യക്തി,  ഇന്ത്യൻ പട്ടാളത്തിൽ നിന്ന്  അടിത്തൂണ്‍ പറ്റിയത്  കേണൽ എന്ന ഉന്നത പദവിയിൽ നിന്നായിരുന്നു. തമ്പുരാന്റെ മഹത്വത്തിന്  ഒരു ചെറിയ ഉദാഹരണം ഞാൻ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.

സ് റ്റേററ്  കോണ്‍ഗ്രസ്സ്  നേതാവായിരുന്ന, പല്ലന പാണ്ടവത്ത്  ശങ്കരപ്പിള്ളയുടെ സഹോദരി തങ്കമ്മയെ ആയിരുന്നു തമ്പുരാൻ വിവാഹം ചെയ്തിരുന്നത്.  എണ്ണക്കാട്ട്  കൊട്ടാരത്തിലെ ഒരു തമ്പുരാൻ, നായർ സ്ത്രീയെ വിവാഹം ചെയ്തത്  കൊട്ടാരത്തിലെ മറ്റംഗങ്ങൾക്ക്  ദഹിക്കുന്ന പ്രവൃത്തി ആയിരുന്നില്ല. കൊട്ടാരത്തിലും മറ്റു ബന്ധുക്കളുടെയിടയിലും അദ്ദേഹം ഒറ്റപ്പെട്ടുപോകാൻ,  ഇതും ഒരു കാരണമായിത്തീർന്നു.  കൊട്ടാരത്തിന്റെ കിഴക്കു വശത്തുള്ള പുരയിടത്തിൽ,  തറയിൽ കൊട്ടാരം എന്നൊരു ഭവനം പണികഴിപ്പിച്ച്  അദ്ദേഹം അവിടേക്ക്  താമസം മാറ്റി.  ശങ്കരനാരായണൻ തമ്പി ഉൾപ്പെടെയുള്ള മക്കൾ ജനിച്ചത്  തറയിൽ കൊട്ടാരത്തിലാണ്.

എണ്ണക്കാട്  കൊട്ടാരം 
എണ്ണക്കാട്  അമ്പലത്തിന്റെ എതിർവശത്തുള്ള കൊട്ടാരം വക പുരയിടത്തിൽ,  തമ്പുരാന്റെ നേതൃത്വത്തിൽ ഹരിജങ്ങൾക്കായി ഒരു പ്രൈമറി സ്ക്കൂൾ അദ്ദേഹം പണികഴിപ്പിച്ചു. ഇപ്പോൾ കൈരളി ഗ്രന്ഥശാല നില്ക്കുന്ന സ്ഥലം.  ക്ഷേത്രത്തിനും കൊട്ടാരത്തിനും സമീപത്തായി ഹരിജന സ്ക്കൂൾ ആരംഭിച്ചത്  കൊട്ടാരത്തിലുള്ളവരെ പ്രകോപിപ്പിച്ചു.  തിരുവിതാംകൂർ രാജകുടുംബത്തെ സമീപിച്ച്  ആ സ്ക്കൂൾ അവിടെ നിന്ന്  മാറ്റി സ്ഥാപിക്കാൻ അവർക്ക്  നിഷ്പ്രയാസം കഴിഞ്ഞു.  ഇപ്പോൾ എണ്ണക്കാട്  ഗവണ്‍മെന്റ്  യു.പി. സ്ക്കൂൾ നില്ക്കുന്ന സ്ഥലത്തിന്  എതിർവശത്ത്,  ഗോപാലപിള്ളയുടെ പുരയിടത്തിലേക്കാണ്  സ്ക്കൂൾ മാറ്റി സ്ഥാപിച്ചത്.  ആ പുരയിടം ഇപ്പോഴും അറിയപ്പെടുന്നത്  പള്ളിക്കൂടത്തിന്റയ്യത്ത്  എന്നാണ്.

കൈത്തറി 
കൈത്തറി തുണി നിർമ്മാണം,  മണ്‍പാത്രനിർമ്മാണം,  കൊപ്രാ കച്ചവടം ഇങ്ങനെ നാനാതരം ചെറുകിട വ്യവസായങ്ങളാൽ എണ്ണക്കാട്  ഒരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു.  വെണ്‍മണി,  ആലാ,  കോടുകുളഞ്ഞി തുടങ്ങിയ ദിക്കുകളിൽ നിന്ന്  കാളവണ്ടിയിലും കേവുവള്ളങ്ങളിലും കാർഷികോൽപ്പന്നങ്ങൾ എണ്ണക്കാട് ചന്തയിലാണ്  വന്നുകൊണ്ടിരുന്നത്.  തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന ആലപ്പുഴയിലേക്ക്,  കൊപ്രായും തോണ്ടും എണ്ണക്കാട് കടവിൽ നിന്ന്  വലിയ കേവുവള്ളങ്ങളിൽ  കൊണ്ടു പോകുന്നതിനുള്ള സൌകര്യം പരിഗണിച്ചായിരുന്നു അത്.  നൂറുകണക്കിന്  കേവുവള്ളങ്ങൾ എണ്ണക്കാട്ടു കടവിൽ നിത്യ സാന്നിദ്ധ്യമായിരുന്നു.  ഹോട്ടൽ,  പലചരക്ക്,  ബീഡി മുറുക്കാൻ,  കള്ളു ഷാപ്പ്  അങ്ങനെ അനുബന്ധ ബിസിനസ്സുകളും സജീവമായി നടന്നു.

കേവു വള്ളങ്ങൾ 
 തിരുവിതാംകൂറിലെങ്ങും റീജന്റ്  ഭരണത്തിനും,  സർ. സി.പി. യുടെ കിരാത ഭരണത്തിനുമെതിരായി സ് റ്റേററ്  കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ പ്രക്ഷോഭണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരമായിരുന്നു അത്.  അതിന്റെ അലയൊലികൾ എണ്ണക്കാട്ടും മുഴങ്ങി.  വിദ്യാർത്ഥികളായിരുന്ന ആർ. രാജശേഖരൻ തമ്പി,  ശിവരാമപിള്ള,  വെട്ടത്തുവിളയിൽ നീലകണ്ഠൻ തമ്പി എന്നിവരുടെ നേതൃത്വത്തിൽ ചന്തയിലും പരിസരപ്രദേശങ്ങളിലും സർ. സി.പി.ക്കെതിരെ ഇവർ വ്യാപകമായി ചുവരെഴുത്ത്  നടത്തി.

"ഓം സർക്കാർ റീജന്റ്  സർക്കാർ കുട്ടയിലെന്തോന്നാ -
അമ്മറാണി,  മോളുറാണി,  കാശിനു പന്ത്രണ്ടാ-"  എന്ന്  കൊച്ചുകുട്ടികൾ വരെ മുദ്രാവാക്യം വിളിക്കുന്നത്  സാധാരണക്കാരായ നാട്ടുകാരിലും കൌതുകം സൃഷ്ടിച്ചു.  അന്ന്  മിഡിൽ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന സ. രാജൻ പണിക്കർ  (സി.പി.ഐ. എണ്ണക്കാട്  എൽ.സി. മെമ്പർ)  ഈ ജാഥകളിൽ പങ്കെടുത്ത്  മുദ്രാവാക്യം വിളിച്ചത്  ഓർക്കുന്നുണ്ട്.

എണ്ണക്കാടിന്റെ സാമൂഹ്യ പശ്ചാത്തലം സമകാലിക ആവശ്യങ്ങളെ ആസ്പദമാക്കി മാത്രം നിലനിന്നിരുന്ന ആ ഘട്ടത്തിലാണ്,  സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റാൻ ശാസ്ത്രീയവും,  യുക്തിപരവുമായ സിദ്ധാന്തമാണ്‌  സ്വീകാര്യമായിട്ടുള്ളതെന്ന ബോധം ജനങ്ങളിൽ വളrത്തുവാൻ സ. ശങ്കരനാരായണൻ തമ്പി, സ. ഗോപാലപിള്ള വൈദ്യന്റെ സഹായത്തോടെ ശ്രമം ആരംഭിച്ചത്.

സാംസ്കാരികമായ മുന്നേറ്റത്തിലൂടെ ജനങ്ങൾക്ക്  ആശയപരമായ അഭിവൃദ്ധി പ്രദാനം ചെയ്യാൻ കഴിയുമെന്ന്  കമ്മ്യൂണിസ്റ്റ്  പാർട്ടി കണക്കു കൂട്ടി.  കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും കലാസമിതികളും സാഹിത്യ സമിതികളും സർവ്വത്ര രൂപീകരിച്ചു.  സംഗീതം, നൃത്തം, നാടകാഭിനയം മുതലായ കലാപരിപാടികൾ അവതരിപ്പിക്കാനും,  സാംസ്കാരിക സമ്മേളനങ്ങൾ സംഘടിപ്പിച്ച്  പ്രസംഗങ്ങൾ നടത്താനും പാർട്ടി ഉത്സാഹം കാണിച്ചു.



V.M.Y.MA. എന്നൊരു വായനശാല തമ്പിസാറിന്റെയും വൈദ്യന്റെയും ശ്രമഫലമായി രൂപീകരിച്ചു. എണ്ണക്കാട്ടെ പുതിയ തലമുറക്ക്  ഒരു പക്ഷെ വിശ്വസിക്കാൻ പ്രയാസം ആയിരിക്കും, വി.കെ. നരേന്ദ്രനാഥൻ നായരായിരുന്നു വായനശാല പ്രസിഡന്റ്. 1952-54 കാലഘട്ടത്തിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ്  പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്  എന്ന വസ്തുത,  അവിടെയുള്ള കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക്  പോലും അജ്ഞാതമായിരിക്കും എന്നാണ്  എനിക്കു തോന്നുന്നത്.  സഖാക്കൾ സി. ഉണ്ണിരാജ, ജോർജ്ജ് ചടയന്മുറി, പി.റ്റി. പുന്നൂസ്,  പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി തുടങ്ങിയവർ ആ വായനശാലയിൽ പാർട്ടി ക്ലാസ്  സ്ഥിരമായി എടുത്തു വന്നു.  അതുപോലെ തന്നെ പ്രദേശത്തുണ്ടായിരുന്ന കൈത്തറി നിർമ്മാണ രംഗത്തുള്ളവരെയെല്ലാം സംഘടിപ്പിച്ച്  ഒരു സഹകരണ സംഘം രൂപീകരിച്ചു. സ. വൈദ്യനായിരുന്നു സൊസൈറ്റി പ്രസിഡന്റ്.  സഹകരണ സംഘത്തിലുള്ളവരെ അചിരേണ കമ്മ്യൂണിസ്റ്റ്  പാർട്ടിയുമായി അടുപ്പിക്കാൻ വൈദ്യനു കഴിഞ്ഞു.

തുടരും...





ശേഷം ഭ