പൂവും പ്രസാദവും : പി. രവീന്ദ്രനാഥ്
കൃത്യം 36 വർഷങ്ങൾക്ക് മുമ്പാണ്. എനിക്കന്ന് 20 വയസ്സ്. ഒന്നു രണ്ടു സുഹൃത്തുക്കളുമായി ഞങ്ങളുടെ പടിക്കലുള്ള ബസ് സ്റ്റോപ്പിൽ സംസാരിച്ചു നില്ക്കുകയായിരുന്നു.
അവിടെ വന്നു നിന്ന ബസ്സിലിരുന്നിരുന്ന ഒരു യുവതി, എന്നെ നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു. ഞാൻ മനസ്സിനെ പിറകോട്ട് സഞ്ചരിക്കാൻ വിട്ടു. കൂടെ പഠിച്ചതോ, ഒരേ യജ്ഞശാലയിൽ അഭ്യാസം കഴിച്ചിട്ടുള്ളതോ അല്ല. ആ മുഖം നേരത്തെ കണ്ടിട്ടുള്ളതും അല്ല.
പനങ്കുല പോലുള്ള കാർകൂന്തൽ, പരൽമീൻ കണ്ണുകൾ, എള്ളിൻ പൂവുപോലുള്ള മൂക്ക്, തൊണ്ടിപ്പഴ ച്ചുണ്ടുകൾ.........!
ഇവർ എന്നെ നോക്കി ചിരിക്കാൻ കാരണമെന്ത്? എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഒരു സുന്ദരിയെ ആകർഷിക്കത്തക്ക രൂപലാവണ്യവും, ശരീര സൗന്ദര്യവുമൊന്നും എനിക്കില്ല. എന്റെ വേഷത്തിലുള്ള വല്ല കോമാളിത്തവും കണ്ട് ചിരിച്ചതാവും. എന്തായാലും വേണ്ടില്ല, ഒരു സർവ്വാംഗസുന്ദരിയാണല്ലോ പാൽപ്പുഞ്ചിരി സമ്മാനിച്ചിരിക്കുന്നത്. ഞാൻ സമാധാനിച്ചു.
രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷം ഞാൻ മാന്നാറിൽ കൂടി ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ അതെ സുന്ദരി; വീണ്ടുമെനിക്കേകീടുന്നു, ഹൃദ്യമായ അതേ പുഞ്ചിരി. പുഞ്ചിരി തിരികെ സമ്മാനിക്കാൻ കഴിഞ്ഞില്ല. ബൈക്ക് അവരെ കടന്ന് പൊയ് ക്കഴിഞ്ഞിരുന്നു.
ഒന്നു രണ്ടാഴ്ചകൾ കഴിഞ്ഞ് ഒരു ദിവസം അതിരാവിലെ സൈക്കിളിൽ ഞാൻ എണ്ണക്കാടിന് പോവുകയായിരുന്നു. കുന്നത്തൂർ അമ്പലത്തിൽ നിന്നിറങ്ങി വരുന്നു കഥാനായിക. കൂടെ മറ്റൊരു യുവതിയുമുണ്ട്. സൈക്കിൾ ഒന്ന് വേഗത കുറച്ച്, പലിശയടക്കം അത്യുഗ്രൻ ഒരു ചിരി മടക്കി കൊടുത്ത് കടം വീട്ടി.
അവൾ മറുപടി ഒരു ചെറുചിരിയിൽ മാത്രമൊതുക്കിയില്ല.
"രവി എണ്ണക്കാടിന് പോവുകയാണോ...?"
അത് ശരി, അപ്പോൾ എന്നെക്കുറിച്ച് എല്ലാം മനസ്സിലാക്കി വെച്ചിരിക്കുന്നു. എടീ ഭയങ്കരീ.. കൊച്ചുകള്ളീ .... !
സംഗതിയുടെ ഏകദേശരൂപം എനിക്ക് കിട്ടി. വീട് കുട്ടമ്പേരൂരിലാണ്. മംഗല്യ ഭാഗ്യത്തിനായി ക്ഷേത്ര ദർശനം ഒരു പക്ഷെ, പതിവായിരിക്കും. ഭാവി വരനെ കണ്ടെത്തിയ സ്ഥിതിക്ക്, തീർച്ചയായും ഇനി അത് പതിവാക്കും. എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ.... , കുന്നത്തൂരമ്മയെ പിണക്കുന്നത് ഭംഗിയാവില്ലെന്ന് അവൾക്കറിയാമല്ലോ? സഹകരിക്കാൻ ഞാനും തീരുമാനിച്ചു.
ചവിട്ടു തുടങ്ങി, 7 കിലോ മീറ്റർ വീതം കൊച്ചു വെളുപ്പാൻകാലത്തും സന്ധ്യക്കും. ഒരാഴ്ച സൈക്കിൾ യജ്ഞവും ദർശനവും നടത്തിയിട്ടും, എനിക്ക് എന്റെ സുന്ദരിയെ മാത്രം ദർശിക്കാൻ കഴിഞ്ഞില്ല. ദിവസേന 28 കി.മീ. സൈക്കിൾ ചവിട്ടി കുഴഞ്ഞത് മിച്ചം.
ഇതിനിടെ ഒരു ദിവസം അമ്മയുടെ അമ്മാവന്റെ മകൻ രവിച്ചേട്ടനെ കാണാൻ അദ്ദേഹം ജോലി നോക്കുന്ന എസ്.ബി.റ്റി. മാന്നാർ ശാഖയിൽ ചെന്നു.
"നീയാണോടാ, ഇപ്പോൾ കുന്നത്തൂരമ്മയെ വെളുപ്പിന് വിളിച്ചുണർത്തുന്നത് ...?"
"ഏഴര ശനിയാ രവിച്ചേട്ടാ, കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നാ രാമക്കണിയാർ പറഞ്ഞിരിക്കുന്നത്." - ഞാൻ പറഞ്ഞു.
"അതിന് നമ്മുടെ പരദേവത മണ്ണടീലാണല്ലോ ? ഇപ്പം നിനക്ക് ഏഴര ശനിയേയുള്ളൂ. അത് കണ്ടക ശനിയാകരുത്. കണ്ടകശനി കൊണ്ടേ പോകൂ.... "
ഛെടാ, ഇയാളെന്താ അർത്ഥം വെച്ച് ഏതാണ്ടൊക്കെ പറയുന്നത്. ക്ഷേത്ര ദർശനത്തിന് പോയപ്പോൾ ഒന്നും തന്നെ അവളെ കണ്ടിട്ടു പോലുമില്ലല്ലോ. ശ്രുയതേ ന ച ദൃശ്യതേ... !
കുട്ടമ്പേരൂർ ഒരപകട മേഖലയാണ്. എന്റെ അമ്മൂമ്മയുടെ ജന്മഗൃഹം അവിടെയാണ്. അമ്മയുടെ രണ്ടമ്മാവന്മാരും. കേണൽ ഭർത്താവിനോടൊപ്പം വടക്കേന്ത്യയിൽ ആയിരുന്ന ഒരു കൊച്ചമ്മയും താമസിക്കുന്നത് അവിടയാണ്.
ക്ഷേത്ര ദർശനം അജണ്ടയിൽ നിന്ന് ഒഴിവാക്കി.
നായികയെ കണ്ടിട്ട് നാളേറെയായി. "ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പൊലുമില്ലാതെയായി" എന്ന് വാര്യർ പറഞ്ഞതു പോലെയായി എന്റെ സ്ഥിതി.
അങ്ങനെയിരിക്കുമ്പോഴാണ് മാന്നാർ KSEB യിലെ അസി.എഞ്ചിനീയറും, അയൽക്കാരനും സുഹൃത്തുമായ ഐസക്കിനെ കാണാൻ ആഫീസിൽ ചെന്നത്. - അതാ അവിടെയിരിക്കുന്നു കഥാ നായിക.
"ഐസക്കേ, ആ കുട്ടിയെന്താ ഇവിടിരിക്കുന്നത്...?"
"ഇവിടെ ജോലിയുള്ളതു കൊണ്ട്......... " ഒട്ടും മയമില്ലാത്ത മറുപടി. ബോർഡ് ആഫീസിൽ കയറിയിറങ്ങി പ്രേമസായൂജ്യമടയാൻ ഈ ദുഷ്ടൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല.
ആഫീസിന് മുൻപിലുള്ള തിരുവല്ലാ-മാവേലിക്കര റോഡ് ഐസക്കിന്റെ അപ്പന്റെ വകയല്ലല്ലോ.. ?
ഇനിയൊട്ടും വെച്ചു താമസിപ്പിക്കുന്നത് ശരിയല്ല. ഏതായാലും ഒരാൾക്ക് ജോലിയുണ്ട്. പെണ്ണ് എന്നേക്കാൾ മൂന്നോ നാലോ വയസിന് മൂത്തതായിരിക്കും. അത് സാരമില്ല. എനിക്ക് തീരെ പക്വത ഇല്ലെന്നാണ് അമ്മയുടെ പരാതി. പ്രായവും പക്വതയുമുള്ള ഒരു ഭാര്യയുടെ ശിക്ഷണവും സംരക്ഷണവും അമ്മയും ആഗ്രഹിക്കുന്നുണ്ടാവാം. സ്വസമുദായവുമാണ്. സംഗതി ക്ലീൻ. എതിർപ്പുണ്ടാകാൻ യാതൊരു സാദ്ധ്യതയുമില്ല. ഇന്ന് തന്നെ ഔദ്യോഗികമായി പ്രണയാഭ്യർത്ഥന നടത്തുക, ശുഭസ്യ ശീഘ്രം എന്നാണല്ലോ? അഞ്ചെങ്കിൽ അഞ്ച് ആഫീസിന് മുൻപിൽ കാത്തു നില്ക്കാൻ തന്നെ തീരുമാനിച്ചു.
അഞ്ചു മണിയാകുന്നു. നേരിയ നെഞ്ചിടിപ്പ്. ഒരു വിറയൽ. ദാഹം, കൈകാൽ കുഴയുന്നു.
കാത്തിരുന്ന നിമിഷം. അവൾ ഒറ്റക്ക് ഗേറ്റിനടുത്തേക്ക്. എന്നെ കണ്ടതും, നേരെ അടുത്തേക്ക് വന്നു. ലജ്ജയില്ല, അങ്കലാപ്പില്ല. എന്റെ സ്ഥിതി നേരെ മറിച്ചും. വെച്ചു താമസിപ്പിക്കുന്നത് ശരിയല്ല. നേരേ കേറിയങ്ങു പറഞ്ഞു.
"അതേ, ഞാൻ കുട്ടിയെ കാത്തു നില്ക്കുകയായിരുന്നു." തപ്പി തടഞ്ഞു ഞാൻ പറഞ്ഞു.
"കുട്ടിയോ,..... നീ കടപ്രയിലെ രാജമ്മച്ചേച്ചിയുടെ മകനല്ലേ ..... എന്നെ രവിക്ക് മനസ്സിലായില്ല, ഞാൻ നിന്റെ കുഞ്ഞമ്മയാ - "
ഒരിടി, മിന്നൽ എന്റെ കണ്ണിൽ ഇരുട്ടു കയറുന്നു. അതായത്, അമ്മയുടെ കേണൽ കൊച്ചമ്മയുടെ മകൾ... ദൈവമേ, ഞാൻ നിന്നെ പ്രേമിക്കുന്നു, കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നൊക്കെ പറയാൻ ഇടവരുത്താതിരുന്നതിന് കുന്നത്തൂരമ്മക്ക് നന്ദി പറഞ്ഞു. എങ്കിലും ഭൂമിയൊന്ന് പിളർന്നു കിട്ടാൻ ആത്മാർഥമായി ഞാൻ പ്രാർത്ഥിച്ചു പോയി.
No comments:
Post a Comment