പെണ്ണു കാണാൻ പോയിട്ട് സ്വന്തം തടി രക്ഷിക്കാൻ വേണ്ടി, പെണ്ണു വീട്ടിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്ന ഒരു ചരിത്രമുണ്ട് എനിക്ക്.
പെണ്ണു കാണാൻ കോളേജ് പടിക്കലോ അമ്പലങ്ങളിലോ പോയി നിന്നിട്ട്, തടി മിടുക്കുള്ള ആങ്ങളമാരെ കാണുമ്പോൾ ഓടേണ്ടി വന്നിട്ടുള്ള ഹതഭാഗ്യരുടെ കഥപോലെയല്ല ഇത്. ഗുരു കാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടെ, ഔദ്യോഗികമായി കൃത്യം നിർവ്വഹിക്കവേയാണ് ഈയുള്ളവന് പലായനം ചെയ്യേണ്ടി വന്നത്.
കാലം 1986. ഞാൻ ഷാർജയിൽ പണിയെടുക്കുകയാണ്. ഇളയ സഹോദരനും സഹോദരിയും വിവാഹിതരായി കഴിഞ്ഞു. മൂത്ത സഹോദരിക്കാകട്ടെ കുളൈന്തകളും രണ്ടായി. ഞാനങ്ങനെ പുര നിറഞ്ഞു കവിഞ്ഞു നില്ക്കുകയാണ്.
ഒരു സുദിനത്തിൽ അവധിക്ക് നാട്ടിൽ എത്തി. വല്ല്യമ്മയുടെ മകൾ, സന്താനക്ക വളരെ ഗൗരവമായ ഒരു വിഷയം എന്റെ മുമ്പിൽ എടുത്തിട്ടു.
"ഇനി നിനക്കൊരു കല്യാണം ആയിക്കൂടേ, വയസ്സ് 28 ആയി."
"വയസ്സിനെ ഞാൻ വിചാരിച്ചാൽ പിടിച്ചു നിർത്താനാവില്ല. അതു കൊണ്ട് കല്യാണം ആയിക്കളയാം." - ഞാൻ പറഞ്ഞു. "ഞാൻ അവിവാഹിതനായി നില്ക്കുന്നതുകൊണ്ട്, രാജ്യത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ?"
"നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ? എന്നോട് സത്യം പറ. അമ്മൂമ്മയോടും കുഞ്ഞമ്മയോടും പറഞ്ഞ് ഞാൻ സമ്മതം മേടിച്ചു കൊള്ളാം." - അക്ക പറഞ്ഞു.
"അക്കയോടായതു കൊണ്ട് സത്യം പറയാം. ദേണ്ട് ഇത്, എന്ന് ഒന്നിനെ ചൂണ്ടിക്കാണിക്കാൻ ആവില്ല. കാണുന്നവരെയൊക്കെ ഇഷ്ടപ്പെട്ടു പോകുന്ന ഒരു ദുർബ്ബല മനസ്സായിപ്പോയി എന്റേത്. പെണ്‍കുട്ടികൾ ചിന്തിക്കുന്നത് അങ്ങനെയാവണം എന്നില്ലല്ലോ? അതു കൊണ്ട് ഒരു പുതിയ അദ്ധ്യായം തുടങ്ങാം."
"അല്ല, നീ കാക്കത്തൊള്ളായിരം പെണ്‍പിള്ളാരുടെ പിറകെ നടന്നിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് ചോദിച്ചതാ."
അക്ക ആഫ്രിക്കയിലാണ്. അതുകൊണ്ട് ലേറ്റസ്റ്റ് വാർത്തകൾ ഒന്നുമറിയുകയില്ല. "അവരൊക്കെ ഭർതൃമതികളും പതിവ്രതകളും സ്ത്രീരത്നങ്ങളുമാണക്കേ ഇപ്പോൾ " - ഞാൻ പറഞ്ഞു.
അക്കക്ക് സമാധാനമായി. ഇനി അമ്മൂമ്മയുടെ കോടതിയിൽ കേസ് വിചാരണക്ക് വെക്കുകയോ, അനുകൂല വിധി സമ്പാദിക്കുകയോ ഒന്നും വേണ്ടല്ലോ.
അങ്ങനെയാണ് കന്യകാന്വേഷണത്തിനായി, നാനാ ദിക്കിലേക്കും ഹംസങ്ങളെ പറത്തി വിട്ടത്. അമ്മൂമ്മ, അമ്മ, സന്താനക്ക എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിനു മുൻപിലാണ്, ഹംസങ്ങൾ തിരികെ വന്ന്, "കന്യകാവർണ്ണനം" എന്ന പതിഞ്ഞ പദം ആടേണ്ടത്.
കാമിനീ രൂപിണീ ശീലവതീ മണീ എന്നൊരു ഹംസം ആടുമ്പോൾ, വർണ്ണിപ്പാനാവതല്ല എന്നായിരിക്കും മറ്റൊന്നിന്റെ ചരണം. ഇങ്ങനെയൊക്കെയുള്ളതായിട്ടുള്ള, അവൾതൻ ഗുണഗണങ്ങൾ കേട്ട് ഹർഷപുളകിതനായി, പെണ്ണു കാണാൻ ചെല്ലുമ്പോഴാണ്, കുവലയ വിലോചാനയുമല്ല, കഞ്ചദള ലോചനയുമല്ല എന്ന സത്യം ഞാൻ മനസ്സിലാക്കുന്നത്. ഒന്നുകിൽ ഒരു പിത്തക്കാടി, അതുമല്ലെങ്കിൽ ഒരു ചക്കു കുറ്റി! ആകെ മടുത്തു. ഓതറൈസ് ഡ് ബ്രോക്കർ സേവനം മതിയാക്കാൻ അങ്ങനെയാണ് തീരുമാനമെടുത്തത്.
![]() |
അമ്മൂമ്മ (ജാനകിയമ്മ) |
പെണ്‍കുട്ടി ബി.എ. കഴിഞ്ഞു നില്ക്കുന്നു. പിതാവ് റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥൻ. പൊട്ടൻ ചേട്ടന്റെ, അല്ല കുട്ടൻ ചേട്ടന്റെ ഒരു ബന്ധു.
കൊച്ചൂട്ടൻ കൊണ്ടു വന്നിരിക്കുന്ന ആലോചനയാണല്ലോ? തരക്കേടില്ലായിരിക്കും. ടൂ ത്രീ കാംക്ഷിച്ചുകൊണ്ടുള്ള ദൌത്യമല്ല. ഏകാഭിപ്രായം ആയിരുന്നു ഡിവിഷൻ ബഞ്ചിന്റേത്.
ഒരു സുപ്രഭാതത്തിൽ, നാരീ ദർശനത്തിനായി ഞാനും കുട്ടൻ ചേട്ടനും കൂടി മോട്ടോർ സൈക്കിളിലാണ് കോട്ടയത്തിനു പോയത്. തിരുനക്കര അമ്പലത്തിനടുത്തു കൂടിയാണ് പെണ്ണിന്റെ വീട്ടിൽ പോകേണ്ടത്. തിരുനക്കര തേവർക്ക് അസ്കിതയൊന്നും തോന്നേണ്ടാ എന്നു കരുതി, അവിടെ കയറി തൊഴുതിട്ടാണ് യാത്ര തുടർന്നത്.
![]() |
അമ്മ (രാജമ്മ) |
നല്ല വൃത്തിയും ഒതുക്കവുമുള്ള വീട്. ഹൃദ്യമായ സ്വീകരണം ആയിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും. അന്തസ്സും കുലീനത്തവും തുളുമ്പുന്ന പെരുമാറ്റം. അദ്ദേഹത്തിന് എന്റെ അച്ഛനെ നന്നായിട്ട് അറിയാം. "ഇനി കൂടുതൽ ആലോചിക്കേണ്ടതില്ലല്ലോ, പെണ്ണിനും ചെറുക്കനും ഇഷ്ടപ്പെട്ടാൽ... " അമ്മയുടെ കമന്റ്.
ഏറ്റവും കൂടുതൽ സന്തോഷം കണ്ടത്, അവരുടെ വാല്യക്കാരിയായിരുന്ന, മുസ്ലീം സ്ത്രീയുടെ മുഖത്തായിരുന്നു. "എന്റെ കുഞ്ഞിനെ ആർക്കാ ഇഷ്ടപ്പെടാതിരിക്കുന്നത്." അവർ പറയുന്നത് കേട്ടു. ഞാൻ എന്റെ പൊന്നുമോളെ വിളിച്ചു കൊണ്ടു വരട്ടെ എന്നു പറഞ്ഞ് അവർ അകത്തേക്ക് കയറിപ്പോയി.
അതുവരെയുണ്ടായ സംഭവങ്ങളും വികാസങ്ങളും ഞാൻ സത്യസന്ധമായി ഒന്ന് അപഗ്രഥിച്ചു. പ്രഥമ ദൃഷ്ട്യാ കുറ്റങ്ങളൊന്നും കാണുന്നില്ല. പ്രതിയെ കാണണം, കസ്റ്റഡിയിൽ എടുക്കണം, ചോദ്യം ചെയ്യണം! അത്ര മാത്രം. ഞാനെന്റെ മനസ്സിനെ ഉപദേശിച്ചു, ശാന്തമാകൂ... , മനസ്സേ ശാന്തമാകൂ....... !
കാൽപ്പാദങ്ങളാണ് ആദ്യം കണ്ടത് !
അത്ര മെലിഞ്ഞിട്ടല്ല. വെളുത്ത നിറം. ഇടതൂർന്ന നല്ല നീളമുള്ള മുടി. മുഖത്ത് ശോകച്ഛായ കലർന്നിരുന്നോ....... ? ആ ഉമ്മ പറഞ്ഞത് വാസ്തവമാണ്....... !
ആ കുഞ്ഞിനെ ആരും ഇഷ്ടപ്പെടും !
![]() |
അക്ക (സന്താനവല്ലി) |
പേര്, പഠിച്ച കോളേജ്, സുഹൃത്തുക്കൾ, ഹോബി, സിനിമ, നോവൽ........ തുടങ്ങി ഗഹനങ്ങളായ വിഷയങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്, അവിടേക്ക് ഒരാൾ കയറി വന്നത്.
"കുട്ടനമ്മാവന്റെ കൂടെ വന്നതാണോ.... ?" മയത്തിലാണ് എന്നോട് ചോദിച്ചത്.
"കേറിപ്പോടീ അകത്ത് .... " ഒരലർച്ചയായിരുന്നു. ഞെട്ടി, ഒരു മാത്ര പരിഭ്രമിച്ചു നിന്നിട്ട്, വലിയ വായിൽ പൊട്ടിക്കരഞ്ഞു കൊണ്ട് ആ പാവം പെണ്‍കുട്ടി സിറ്റിംഗ് റൂമിൽ നിന്നോടിപ്പോയി.
"ഒരൊറ്റ എമ്പോക്കിയേം കൊണ്ട് ഇവിടെ വന്നേക്കരുതെന്ന്, ആ പരമ നാറിയോട് പറഞ്ഞിട്ടുള്ളതാ.... നിനക്കിവളെ കല്യാണം കഴിക്കണം അല്ലേടാ.... ?"
എമ്പോക്കിയും പരമനാറിയും ആരൊക്കെയാണെന്ന് ബഹുമാനപ്പെട്ട വായനക്കാർക്ക് മനസ്സിലായിക്കാണുമല്ലോ? അന്നേരമാണ് അയാളുടെ കയ്യിലിരുന്ന, ലോഹം കൊണ്ടുള്ള അതി വിശിഷ്ടമായ ഒരു കലാരൂപം എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു വെട്ടുകത്തി!
ഇറങ്ങി ഒരൊറ്റയോട്ടം ആയിരുന്നു. "അർജ്ജുനൻ, ഫൽഗുനൻ, പാർത്ഥൻ, വിജയനും.... ," അമ്മൂമ്മ കുഞ്ഞുന്നാളിൽ പഠിപ്പിച്ച അർജ്ജുനന്റെ പത്തു പേരുകളും ഉരുവിട്ടുകൊണ്ടായിരുന്നു മുറിക്ക് പുറത്തേക്ക് ചാടിയത്. അകത്തേക്ക് വന്ന ചവിട്ടുപടികളോ, ഗേറ്റോ ഒന്നും കാണുന്നില്ല. ആകെ അന്ധകാരം. ഇടി മുഴങ്ങുന്നോ, കൊടുങ്കാറ്റ് വീശുന്നോ.... ? ഒന്നുമറിയില്ല, ഒരു കാര്യം ഒഴിച്ച്. അവിടെ നിന്നാൽ അപകടമാണ് ! വീടിന്റെ പിറകു വശത്തേക്ക് ഓടി. ഒരു മരത്തിന്റെ മറവിൽ ഒളിച്ചു. താഴെ നിരത്തിൽ ഞാൻ വ്യക്തമായി കണ്ടു, ഒരാൾ വാണം വിട്ടപോലെ കിഴക്കോട്ടോടുന്നു, കുട്ടൻ ചേട്ടൻ, അതായത്, ആ വെട്ടുകത്തി വിശേഷിപ്പിച്ച സാക്ഷാൽ പരമനാറി!
വന്ന മാർഗത്തിൽ കൂടിയല്ലാതെ പുറത്തു കടക്കാൻ കഴിയില്ല. ഏതു പ്രതിസന്ധിയിലും കൂടെ നില്ക്കും എന്ന് വീട്ടുകാർ വിശ്വസിച്ച് കൂട്ടിനു വിട്ടയാളിന്റെ പൊടിപോലുമില്ല!
ആക്രോശങ്ങളും, പാത്രം എറിഞ്ഞുടക്കുന്ന ശബ്ദവുമൊക്കെ വീട്ടിനുള്ളിൽ നിന്നു കേൾക്കാം. ചെകുത്താനും കടലിനും ഇടക്ക് അകപ്പെട്ടുപോകുന്ന ഒരവസ്ഥയുണ്ടല്ലോ... ? ഞാൻ ആ അസുലഭ സുന്ദര അവസ്ഥയിൽ തന്നെയായിരുന്നു. On the horns of dilemma, എന്ന പ്രയോഗം എന്റെ ഈ അവസ്ഥ കണ്ട ഏതോ ഇംഗ്ലീഷുകാരൻ ഉണ്ടാക്കിയതായിരിക്കണം.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ആ ഉമ്മ എന്റടുത്ത് വന്നത്. എന്റെ പൊന്നു മോനേ, ഈ കുഞ്ഞിനെ ആ പിശാചിന്റടുത്തു നിന്ന് ഒന്നു രക്ഷിക്കണേ.... , അത് പാവമാ."
സ്വന്തം ജീവൻ അന്യന്റെ വെട്ടുകത്തിപ്പിടിയിലാണ്. ആ എന്നോടാണ് രക്ഷകനാകാൻ ഉമ്മയുടെ അഭ്യർത്ഥന.
"ഉമ്മാ, ആ പിശാച് പെണ്‍കുട്ടിയുടെ ആരാ... ?" ഞാൻ ചോദിച്ചു.
"ആങ്ങളയാ മക്കളേ, ബി.എ.യും, എം.എ.യുമൊക്കെ പഠിച്ചതാ. ബുദ്ധി കൂടി വട്ടായിപ്പോയി. ഏത് ആലോചന വന്നാലും ഇതാ സ്ഥിതി. എന്റെ കുഞ്ഞിന്റെ ഒരു തലേവിധി. പടച്ചോൻ മക്കൾക്ക് നല്ലതു വരുത്തും, അതിനെ മക്കള് ഉപേക്ഷിക്കല്ലേ, ആ കുഞ്ഞൊരു മാലാഹയാ മോനെ മാലാഹ.... "
"ഉമ്മേടെ ആ കുഞ്ഞിനെ എനിക്കും ഇഷ്ടപ്പെട്ടു. അവൾ ഹൂറിയും മാലാഖയുമാണ്. സത്യം. പക്ഷെ എന്ത് ചെയ്യാം ഉമ്മാ. അറിഞ്ഞുകൊണ്ട് ഇതിനെ കെട്ടാൻ എന്റെ വീട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നില്ല. തല്ക്കാലം ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴി ഉമ്മ പറഞ്ഞു താ..!"
ആ പെണ്‍കുട്ടിയേക്കാൾ, ഒരു പക്ഷെ അതിന്റെ അച്ഛനമ്മമാരേക്കാൾ മനോവ്യഥ ആ ഉമ്മ അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.
![]() |
ചിറ്റപ്പൻ (എം.ജി.കൊച്ചുകൃഷ്ണ പിള്ള) |
അവിടെ ഇങ്ങനെയൊരു പിശാചോ, ചെകുത്താനോ ആവാസമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ, ഈ ദുരന്തനാടകത്തിൽ ഞാനീ വേഷം ഒരിക്കലും കെട്ടുമായിരുന്നില്ല.
വിവരങ്ങളെല്ലാം വിശദമായി എന്നെയും, വീട്ടുകാരേയും അറിയിച്ചിട്ടു മാത്രമേ, കൂട്ടിക്കൊണ്ടു ചെല്ലാവൂ എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ കുട്ടൻ ചേട്ടനോട് പറഞ്ഞിരുന്നതാണ്. അദ്ദേഹം അതു പറയാൻ ബോധപൂർവ്വം മറന്നു.
ഫെയ് സ് ബുക്കിൽ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള നെടുമ്പള്ളിലെ വിജയൻ ചേട്ടൻ, സതി, ഹരീഷ്, കുട്ടൻ (ശ്രീകുമാർ വളഞ്ഞവട്ടം) എന്നിവർ, ഈ കഥ കേട്ടിരിക്കാനിടയില്ല. പക്ഷെ, ആ പെണ്‍കുട്ടിയെ അവർക്ക് തീർച്ചയായും അറിയാം. കാരണം, അവൾ അവരുടെ ഒരു ബന്ധുവാണ്.
ഈ കഥ ഞാൻ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്. ഒരു തമാശ കഥ കേൾക്കുന്ന താൽപര്യം മാത്രമേ ഞാൻ അവരുടെ മുഖത്ത് കണ്ടുള്ളൂ. കാലം ഒരുപാട് കഴിഞ്ഞിരിക്കുന്നു. ആ കുട്ടിയുടെ മുഖം എന്റെ മനസ്സിൽ നിന്ന് എന്നേ മാഞ്ഞുപോയി.
പക്ഷെ അന്ന് ഞാൻ ആദ്യം കണ്ട അവളുടെ കാൽപ്പാദങ്ങൾ!
മനസ്സിന്റെ അജ്ഞാതമായ ഏതോ കോണിൽ, ഒരു വേദനയായി, പ്രിയപ്പെട്ട പെണ്‍കുട്ടീ, ആ കാൽപ്പാദങ്ങൾ ഇപ്പോഴും ഉണ്ട്...... !!
ഫലശ്രുതി
ഈ പൊട്ടൻ എന്ന കഥാപാത്രത്തിന്റെ സ്ഥിരം ഏർപ്പാടാണ്, താല്ക്കാലിക ലാഭത്തിനു വേണ്ടിയുള്ള ഇത്തരം വിനോദ കൃത്യങ്ങളെന്ന് കുറേക്കാലം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. എന്നെ ആ വിഡ്ഢി വേഷം കേട്ടിച്ചതിനു കൊടുത്ത സമ്മാനം, ഒരു കാവ്യനീതിയായി കണക്കാക്കിയാൽ മതിയെന്ന് സമാധാനിക്കുന്നത് അതുകൊണ്ടാണ്.
ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് തിരുനക്കരയിൽ എത്തിയപ്പോൾ, കിഴക്കേനടയിൽ ഒരു ചായക്കടക്ക് സമീപം നില്ക്കുന്നുണ്ട് കുട്ടൻസ്.
"കുട്ടൻ ചേട്ടൻ സന്ദർഭോചിതമായി അവിടെ നിന്ന് മുങ്ങിയത് ഭാഗ്യമായി. അല്ലെങ്കിൽ എന്റെ തടി കേടാകുമായിരുന്നു." ഞാൻ പറഞ്ഞു.
അദ്ദേഹത്തിന് സമാധാനമായി. കുരുതിക്കളത്തിൽ തള്ളിയിട്ട് വലിഞ്ഞതിൽ തലമുറിയന് പരിഭവമില്ല.
കക്ഷിയുടെ കൈവശം 50 രൂപ ഉണ്ടായിരുന്നു എന്നെനിക്കറിയാം. ആദ്യം കണ്ട ബങ്കിൽ നിന്ന് പെട്രോൾ അടിച്ചു. ബാക്കിയുണ്ടായിരുന്ന പൈസക്ക് വിൽസ് സിഗരറ്റും വാങ്ങി. വെയിലാണല്ലോ, തലയിൽ കെട്ടാൻ ഒരു തോർത്തും വാങ്ങിച്ചു. വൈകിട്ട് കടപ്രയിൽ ചെല്ലുമ്പോൾ 50 നുപകരം 100 രൂപയെങ്കിലും രവി തരുമല്ലോ. പുല്ലുപോലെ 50 രൂപ പൊട്ടൻ ചെലവാക്കി.
"ചേട്ടാ, ജീവൻ തിരിച്ചു കിട്ടിയതല്ലേ...... ? ഒരാശ്വാസം....... , ഓരോ സ്മാൾ... , എന്ത് പറയുന്നു? - ഞാൻ ചോദിച്ചു.
"എന്തിനാടാ സ്മാൾ, രണ്ടു ജീവനല്ലേ രക്ഷപ്പെട്ടത്. ലാർജ് തന്നെയായിക്കോട്ടെ...!
നേരെ കോട്ടയം എയ് ഡാ ഹോട്ടലിലേക്ക് വണ്ടി വിട്ടു.
എനിക്കൊരു തണുത്ത ബിയറിനും, എന്തിന് കുറക്കണം, പൊട്ടൻ ചേട്ടന് ഒരു പൈന്റ് പീറ്റർ സ് കോട്ടിനും ഓർഡർ കൊടുത്തു. കാശു നോക്കിയില്ല, യഥേഷ്ടം മറ്റനുസാരികളും. ഞാൻ പെട്ടെന്ന് ബിയർ അകത്താക്കി.
"ചേട്ടൻ സാവധാനം ഇവിടിരുന്ന് കഴിക്ക്. ഞാനിതാ വരുന്നു." - ഞാൻ പറഞ്ഞു.
"നീ എവിടെ പോവാ....... ?"
" call from the nature........ !"
"പെട്ടെന്ന് ചെല്ല്. ഇവിടം വൃത്തികേടാക്കേണ്ടാ... "
"ആ സാറിന് ആവശ്യമുള്ളത് കൊടുക്കണം. ബസ് സ്റ്റാന്റിൽ ഒരാൾ നില്ക്കാമെന്നു പറഞ്ഞിട്ടുണ്ട്. അയാളെ വിളിച്ചുകൊണ്ട് ഞാനിതാ തിരികെ എത്തുകയായി." ബാർ മാനേജരോട് ഇത്രയും പറഞ്ഞിട്ട്, നാട്ടകം, പള്ളം, ചിങ്ങവനം, ചങ്ങനാശ്ശേരി വഴി തിരുവല്ലക്ക് ഞാൻ യെസ് ഡി പറത്തി.
No comments:
Post a Comment