Monday, December 23, 2013

എമ്മെൻ ഗോവിന്ദൻനായരെ കണ്ടവരുണ്ടോ ( ഭാഗം 4 ) : പി. രവീന്ദ്രനാഥ്

സഖാവ് എമ്മെന്  കൈപ്പത്തി ചിഹ്നത്തിൽ വോട്ടു ചെയ്യുക..... !


ബൂർഷ്വാ വ്യവസ്ഥയെ തകർത്ത് സോഷ്യലിസ്റ്റ്  വ്യവസ്ഥ നടപ്പിൽ വരുത്തുക എന്നതാണ്  തൊഴിലാളി വർഗ്ഗ പാർട്ടിയുടെ ലക്‌ഷ്യം. അതിനാവശ്യമായ അനുകൂല രാഷ്ട്രീയ സാഹചര്യം ഒരുക്കുക എന്നതാണ് സോഷ്യലിസ്റ്റ്  വിപ്ലവം കൊണ്ട്  കമ്മ്യൂണിസ്റ്റ്  പാർട്ടി ഉദ്ദേശിക്കുന്നത്. അതിനുള്ള പ്രേരണയും പ്രചോദനവും,  പാർലമെന്ററി രംഗത്തെ പ്രവർത്തനം ഉപകരിക്കുമെന്ന്  കമ്മ്യൂണിസ്റ്റ്  പാർട്ടി കണക്കു കൂട്ടി. അതായത്  സോഷ്യലിസ്റ്റ്  വ്യവസ്ഥ നടപ്പിൽ വരുത്തുന്നതിനുള്ള ബലപ്രയോഗമില്ലാത്ത വിപ്ലവ പ്രക്രിയയായി - സമരമായി - തെരഞ്ഞെടുപ്പിനെ പാർട്ടി കണക്കാക്കി എന്ന്  സാരം.

ഇതിനിടെ തിരു - കൊച്ചി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്  പ്രഖ്യാപനം വന്നു. പാർട്ടി നിരോധിച്ചിരിക്കുകയാണ്.  ഐക്യ മുന്നണി എന്ന ലേബലിൽ സ്വതന്ത്ര സ്ഥാനാർഥികളായി കമ്മ്യൂണിസ്റ്റുകാരെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. ഭരണിക്കാവ്  ദ്വയാംഗ മണ്ഡലത്തിൽ, ജനറൽ സീറ്റിൽ എമ്മെനെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം. സംവരണ സീറ്റിൽ സ. കുട്ടപ്പൻ കോയിക്കലും. എമ്മെന്റെ തെരഞ്ഞെടുപ്പ്  ചിഹ്നം എന്തായിരുന്നുവെന്ന്  അറിയാമോ... ? ഇന്ന്  അതൊരു അത്ഭുതമായി തോന്നാം, കൈപ്പത്തി. അതിലും വലിയ വിരോധാഭാസമായിരുന്നു എതിർ സ്ഥാനാർഥിയായിരുന്ന കോണ്‍ഗ്രസ്സുകാരന്റെ ചിഹ്നം, ചുറ്റിക അരിവാൾ നക്ഷത്രം!

മാവേലിക്കര താലൂക്ക്  കച്ചേരിയിലാണ്  നോമിനേഷൻ കടലാസ്സുകൾ സമർപ്പിക്കേണ്ടത്.  പത്രിക സമർപ്പിക്കാൻ വരുമ്പോൾ അദ്ദേഹത്തെ അറസ്റ്റ്  ചെയ്യുക. ഇക്കാര്യത്തിൽ പോലീസുകാരേക്കാൾ ഉത്സാഹം കോണ്‍ഗ്രസ്സുകാർക്കായിരുന്നു. യൂണിഫോമിലും മഫ്ടിയിലും പോലീസ്സുകാർ താലൂക്ക്  കച്ചേരി വളപ്പിൽ കണ്ണിൽ എണ്ണയും ഒഴിച്ചു കാത്തിരുന്നു.

ആ  "ദൂഷിത വലയത്തിന്റെ"  കണ്ണു വെട്ടിച്ച്  പോറ്റിസാർ എമ്മെനെ വരണാധികാരിയുടെ മുമ്പിൽ ഹാജരാക്കി. വരണാധികാരിയുടെ മുമ്പിൽ വെച്ച്  അറസ്റ്റ്  ചെയ്യാൻ പാടില്ല എന്നാണ്  നിയമം. അതുകൊണ്ട്  നോമിനേഷനെ ചൊല്ലിയായി പരാതി.

എം.എൻ. ഗോവിന്ദൻനായർ എന്ന പേരിൽ നോമിനേഷൻ കൊടുക്കാൻ വന്നയാൾ വ്യാജനാണെന്നും, യഥാർത്ഥ എം.എൻ. ജയിലിൽ കിടന്നു മരിച്ചു പോയി എന്നുമാണ്,  എതിർ സ്ഥാനാർഥി വരണാധികാരിക്ക്  പരാതി നല്കിയത്.  എമ്മെൻ സ് റ്റേറ്റ്  കോണ്‍ഗ്രസ്സിൽ പ്രവർത്തിക്കുമ്പോൾ ഉറ്റ അനുയായിയായിരുന്നു ഈ വിദ്വാൻ.

'നോമിനേഷൻ തന്നിട്ടുള്ളത്  എം.എൻ. ഗോവിന്ദൻനായർ തന്നെയാണ്. എനിക്ക്  ആളിനെ നേരിൽ പരിചയമുണ്ട് -"   വരണാധികാരിയുടെ ഈ പ്രഖ്യാപനത്തിൽ തൂങ്ങി കൂടുതൽ ക്ഷീണം വരുത്തേണ്ട എന്ന്  കരുതിയാവണം തല്പര കക്ഷികൾ അടങ്ങി. അപ്പോഴും അവരുടെ ശുഭാപ്തി വിശ്വാസം, പുറത്തിറങ്ങുമ്പോൾ അദ്ദേഹത്തെ പൊക്കാമല്ലൊ എന്നതായിരുന്നു. പക്ഷെ, കൊണ്ടുവന്നതു പോലെതന്നെ സുരക്ഷിതമായി, ഒരു പോറൽ പോലും ഏൽക്കാതെ സഖാവിനെ, പോറ്റിസാർ പുറത്ത്  പാർക്ക്  ചെയ്തിരുന്ന കാറിൽ എത്തിച്ച്  എവിടേക്കോ  ഓടിച്ചു പോയി.


പോറ്റിസാർ, എമ്മെനെ കൊണ്ടുപോയത്  മാവേലിക്കരക്ക്  സമീപമുള്ള പല്ലാരിമംഗലത്ത്, കവിയും ജന്മിയുമായ വരിക്കോലിൽ കേശവനുണ്ണിത്താന്റെ ഭവനത്തിലേക്ക്  ആയിരുന്നു. സ്ഥാനാർഥി തെരഞ്ഞെടുപ്പ്  കഴിയുന്നതുവരെ വരിക്കോലിൽ കഴിയുകയായിരുന്നു. രാത്രിയിൽ മാത്രം തെരഞ്ഞെടുപ്പ്  പ്രചാരണം.

വരിക്കൊലിൽ എമ്മെൻ ഉണ്ടെന്ന വിവരം പോലീസിന്  കിട്ടി എന്ന്,  വള്ളികുന്നത്തുവെച്ച്   എങ്ങനെയോ പോറ്റിസാർ മണത്തറിഞ്ഞു. ഒരു സൈക്കിളിൽ കക്ഷി നേരെ പല്ലാരിമംഗലത്തിനു പറന്നു. പോലീസ്  അവിടെ എത്തുന്നതിനു മുമ്പുതന്നെ അവിടെയെത്തി എമ്മെനെയും  ഉണ്ണിത്താനദ്ദേഹത്തെയും വിവരം ധരിപ്പിച്ചു.

നാട്ടിലെ പ്രമാണി കുടുംബമാണ്  വരിക്കോലിൽ. ഗൃഹനായകൻ അറിയപ്പെടുന്ന കവി. പ്രത്യക്ഷമായോ പരോക്ഷമായോ കമ്മ്യൂണിസ്റ്റ്  പാർട്ടിയുമായി ബന്ധമുള്ള കുടുംബമല്ല. ഒരു നടക്ക്  കയറി "പോലീസ്  ബാലെ" അവതരിപ്പിക്കാൻ ഇൻസ്പെക്റ്റർ ഒന്ന് മടിച്ചു. മുറ്റത്തു നിന്നു കൊണ്ട് ശബ്ദം ഉണ്ടാക്കി വീട്ടുകാരുടെ ശ്രദ്ധ കിട്ടുവാൻ ശ്രമിച്ചതേയുള്ളു.

സർവ്വാംഗം കുഴമ്പ്  തേച്ച്, ഒരു ചുട്ടി തോർത്തുമുടുത്ത്, ഉമിക്കരി കൊണ്ട് പല്ലു തേച്ചുംകൊണ്ട് ഗൃഹനാഥൻ പൂമുഖത്ത്  പ്രത്യക്ഷനായി. പിന്നാലെ ഇഞ്ചയും പയറുപൊടിയുമായി വാല്യക്കാരനും.

"ങും, എന്തു വേണം...?"

"വീട് സെർച്ച്  ചെയ്യാൻ ഉത്തരവുണ്ട്.  കമ്മ്യൂണിസ്റ്റ് നേതാവ്  ഗോവിന്ദൻനായർ ഇവിടെയുണ്ടെന്ന്  പരാതിയുണ്ട്.  അന്വേഷിക്കാൻ കോടതി....." ഇൻസ്പെക്റ്റർ വിക്കി വിക്കി പറഞ്ഞു.

"ഞാൻ കുളിച്ചിട്ടു വന്നിട്ട്  മതിയോ, അതോ  ഇപ്പോൾ തന്നെ വേണോ...?"

"ഞങ്ങൾ ഇപ്പോൾ തന്നെ അതങ്ങു കഴിച്ചേക്കാം. കോടതി ഉത്തരവായതു കൊണ്ടാണേ.... , അല്ലെങ്കിൽ ബുദ്ധിമുട്ടിക്കുകയില്ലായിരുന്നു."

"ശരി, ശരി. എടാ കുഞ്ഞുപണിക്കാ, അറേം, പെരേം, നിലവറേം എല്ലാം ഈ ഏമ്മാൻമാർക്ക്  തുറന്നു കാണിച്ചു കൊടുക്ക്.  ഞാനിവിടെ നില്ക്കണോ, ഇൻസ്പെക്റ്ററെ...?"

"വേണ്ടായേ, അവിടുന്ന്  പോയി കുളിച്ചിട്ടു വന്നാട്ടെ...."

"എന്നാൽ ശരി, സെർച്ചൊക്കെ കഴിഞ്ഞ്  അപ്പുറത്തു ചെന്ന്  എന്തെങ്കിലും വാങ്ങി കഴിച്ചിട്ടേ പോകാവൂ. എടാ, വടക്കേപ്പുറത്തു ചെന്ന്  ഇവർക്കെന്തെങ്കിലും കഴിക്കാനൊരുക്കാൻ പെണ്ണുങ്ങളോട് പറ..."  ഇത് പറഞ്ഞിട്ട്  ആ ഗൃഹനാഥൻ, പല്ലു തേച്ചുകൊണ്ട്  കുളക്കടവിലേക്ക്  പോയി. ആ ഗൃഹനാഥനെ പിന്നീട് പോലീസുകാർ കണ്ടില്ല. വരിക്കോലിലെ പെണ്ണുങ്ങളും വാല്യക്കാരും കണ്ടില്ല. അവിടെയുള്ളവർ പിന്നീട്  കാണുമ്പോൾ അദ്ദേഹം ഭരണിക്കാവ്  എം.എൽ.എ. ആയിരുന്നു. സാക്ഷാൽ എം.എൻ. ഗോവിന്ദൻനായർ!

സ. എമ്മെൻ.
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും, കഷ്ടത അനുഭവിക്കുന്നവർക്കും അവരുടെ ഭാവി തലമുറക്കും രാഷ്ട്രീയവും നൂതനവുമായ ലക്ഷ്യബോധം ഉണ്ടാക്കുക എന്നതാണ്  ഒരു വിപ്ലവപ്രസ്ഥാനത്തെ നയിക്കുന്ന നേതാവിന്റെ പ്രഥമവും, പ്രധാനവുമായ ചുമതലയും കടമയും. ഈ ഉത്തരവാദിത്വം 100% നിറവേറ്റിയ വിപ്ലവകാരിയും നേതാവും ആയിരുന്നു സഖാവ്  എമ്മെൻ. ഭവന വകുപ്പ്  മന്ത്രിയായിരിക്കെ അദ്ദേഹം വിഭാവന ചെയ്ത്  നടപ്പിൽ കൊണ്ടു വന്ന ലക്ഷം വീട്  പദ്ധതി തന്നെ ഏറ്റവുംനല്ല ഉദാഹരണം. എമ്മെൻ ഇത്  സംബന്ധിച്ച്  ആലോചനക്ക്  തുടക്കമിടുമ്പോൾ, സർക്കാരും പാർട്ടിയും, അതിത്രത്തോളം വിജയ പ്രദമായി നടപ്പിലാക്കാൻ കഴിയും എന്ന്  വിശ്വസിച്ചിരുന്നില്ല. അക്കാലത്ത്  എമ്മെന്റെ ഓഫീസിൽ, മേശപ്പുറത്ത്  ലക്ഷം വീട്  കോളനിയുടെ ഒരു മിനിയേച്ചർ രൂപം സ്ഥാനം പിടിച്ചിരുന്നു.

ജനയുഗം വാരികയുടെ എഡിറ്ററായിരുന്ന സ. തോപ്പിൽ ഗോപാലകൃഷ്ണൻ ഒരിക്കൽ പറഞ്ഞ ഒരു സംഭവം ഓർമ്മ വരുന്നു. കാലഘട്ടം 1977 - 78. എമ്മെൻ തിരുവനന്തപുരത്തുനിന്നുള്ള ലോകസഭാംഗം ആണ്.  ഗോപാലകൃഷ്ണൻ എ.ഐ.വൈ.എഫ്. അഖിലേന്ത്യാ പ്രസിഡന്റും, സി.പി.ഐ. നാഷണൽ കൌണ്‍സിൽ അംഗവും. ജനതാ പാർട്ടിയുടെ ഭരണമാണ്.  കമ്മ്യൂണിസ്റ്റ്  പാർട്ടി പ്രതിപക്ഷത്ത്.  വൈ.എഫിന്റെ ഒരഖിലേന്ത്യാ പ്രക്ഷോഭം, ഡൽഹിയിൽ ഒരല്പം അതിരു കവിഞ്ഞു. ലാത്തിച്ചാർജും, ടിയർ ഗ്യാസും മറ്റും പ്രയോഗിക്കേണ്ടി വന്നു, സമരം നിയന്ത്രണ വിധേയമാക്കാൻ. കമ്മ്യൂണിസ്റ്റ്  യുവജനങ്ങളുടെ അതിരു കടന്ന പ്രവൃത്തിയിൽ എമ്മെൻ, പാർലമെന്റിൽ സർക്കാരിനോട്  മാപ്പു ചോദിച്ചു. നാഷണൽ കൌണ്‍സിലിൽ ഈ പ്രശ്നം എടുത്തിട്ട്, ഗോപാലകൃഷ്ണൻ എമ്മെനെ രൂക്ഷമായി വിമർശിച്ചു. കേരളത്തിൽ നിന്നുള്ള ഒരു നാഷണൽ കൌണ്‍സിൽ അംഗം, കേരളത്തിൽ നിന്നുള്ള ഒരു സെൻട്രൽ സെക്രട്ടറിയറ്റ്  അംഗത്തെ, അതും എമ്മെനെ പോലെയുള്ള ഒരു മുതിർന്ന നേതാവിനെ വിമർശിക്കുന്നത്, മറ്റ് നാഷണൽ കൌണ്‍സിൽ അംഗങ്ങളിൽ അത്ഭുതമുളവാക്കി.

സ. തോപ്പിൽ ഗോപാലകൃഷ്ണൻ 
 "അയാൾ പ്രതിനിധാനം ചെയ്യുന്ന യുവജന സംഘടനയുടെ കണ്ണുകളിൽ കൂടി നോക്കുമ്പോൾ, എന്റെ നടപടി തെറ്റായിരുന്നു എന്ന്  തോന്നാം, അതിന്  അയാളെ കുറ്റപ്പെടുത്തേണ്ടതില്ല" - എന്ന്  ആമുഖമായി പറഞ്ഞു കൊണ്ട്  എമ്മെൻ, വിമർശനത്തിന്  മറുപടി നൽകി. ഒരു കമ്മ്യൂണിസ്റ്റ്  നേതാവിന്  യോജിച്ച നിലപാടായിരുന്നു എമ്മെൻ സ്വീകരിച്ചത്  എന്ന്  ഗോപാലകൃഷ്ണനു പോലും അംഗീകരിക്കേണ്ടി വന്നു.

എമ്മെനെ അഭിമുഖീകരിക്കാനുള്ള വൈക്ലബ്യം കൊണ്ട്, ഒളിച്ചും പാത്തും പാർട്ടി ആഫീസിൽ നിന്ന്  രക്ഷപ്പെടാൻ ശ്രമിച്ച ഗോപാലകൃഷ്ണനെ അദ്ദേഹം പിടി കൂടി. "ഇന്ന്  തനിക്ക്  ശാപ്പാട്  എന്റെ വക" - എന്ന് പറഞ്ഞ്, മോട്ടി മഹാളിലോ മറ്റോ കൂട്ടിക്കൊണ്ടുപോയി വയറു നിറച്ച്  തണ്ടൂരി ചിക്കൻ വാങ്ങിച്ചു കൊടുത്തു.

അടിയന്തിരാവസ്ഥക്കാലം. കമ്മ്യൂണിസ്റ്റ്  പാർട്ടികൾ തമ്മിൽ ബദ്ധ ശത്രുതയിൽ. സി.പി.ഐ. നേതാക്കന്മാർ പങ്കെടുക്കുന്ന യോഗങ്ങളിൽ, ഔദ്യോഗികമാണെങ്കിലും, അനൌദ്യോഗികമാണെങ്കിലും സി.പി.എം. നേതാക്കന്മാർ പങ്കെടുക്കരുതെന്ന്  കർശന നിർദ്ദേശം ഉണ്ടായിരുന്നു.

കൃഷി വകുപ്പിന്റെ ഒരു ഔദ്യോഗിക പരിപാടി മാന്നാറിൽ. എമ്മെനാണ്  അന്ന്  കൃഷി മന്ത്രി. എന്റെ അച്ഛനായിരുന്നു സ്ഥലം എം.എൽ.എ. (പി.ജി. പുരുഷോത്തമൻ പിള്ള, സി.പി.എം. ചെങ്ങന്നൂർ) മന്ത്രി വരുന്നതിനു മുമ്പ്  സ്ഥലത്തെത്തി തല കാണിച്ചിട്ട്  അച്ഛൻ ബുദ്ധിപൂർവ്വം മുങ്ങി.

രാത്രി ഏകദേശം 8 മണി ആയിക്കാണും. ഞാൻ ഞങ്ങളുടെ വീട്ടു മുറ്റത്ത്  നില്ക്കുകയായിരുന്നു. ചാര നിറത്തിലുള്ള ഒരു അംബാസഡർ സ് റ്റേറ്റ്  കാർ എന്റെ മുന്നിൽ വന്നു നിന്നു. കാറിൽ നിന്നിറങ്ങി വരുന്നു, സാക്ഷാൽ എമ്മെൻ. "പുരുഷോത്തമനില്ലിയോടാ, ഇവിടെ.. -" ചോദ്യം എന്നോടാണ്.  എമ്മെന്റെ ശബ്ദം കേട്ടാണെന്നു തോന്നുന്നു, അച്ഛൻ മുറ്റത്തേക്ക്  ഇറങ്ങി വന്നു.

"ഞാനുള്ള യോഗത്തിൽ പങ്കെടുക്കുന്നതല്ലേ നിന്റെ പാർട്ടി വിലക്കിയിട്ടുള്ളൂ. നിന്റെ വീട്ടിൽ വരുന്നതിന്  വിലക്കൊന്നുമില്ലല്ലൊ?" - അതായിരുന്നു എമ്മെൻ!


മറ്റൊരു സംഭവം. അന്ന്  എമ്മെൻ തിരുവനന്തപുരം എം.പി. ആണ്. ചെങ്ങന്നൂരിലെ ഒരു പഴയ കാല കമ്മ്യൂണിസ്റ്റ്  നേതാവിന്റെ മകളുടെ വിവാഹം. അച്ഛൻ കൊച്ചിയിൽ നിന്ന്  നേരെ കല്യാണ സ്ഥലത്ത്  എത്തുകയേയുള്ളൂ.  ആരെയെങ്കിലും കൂട്ടി ചെങ്ങന്നൂരിൽ എത്താൻ അമ്മയോട്  പറഞ്ഞിരുന്നു. അതനുസരിച്ച്  ഞങ്ങളുടെ ഒരയൽവാസിയായ പുരുഷോത്തമൻ എന്ന ഒരു പയ്യനെ കൂട്ടിയാണ്  അമ്മ പോയത്.  വിവാഹവും സദ്യയുമൊക്കെ കഴിഞ്ഞ്, അമ്മ നോക്കുമ്പോൾ പുരുഷനെ കാണാനില്ല.

"പുരുഷോത്തമോ, പുരുഷോ, എടാ പുരുഷോ...." - അമ്മ അവിടെയെല്ലാം നടന്നു വിളിയായി.

അച്ഛൻ, എമ്മെൻ തുടങ്ങിയവരുമായി സംസാരിച്ചു നില്ക്കുകയായിരുന്നു. "പുരുഷോത്തമാ, നിന്നെ ദേണ്ട്,  രാജമ്മ അന്വേഷിക്കുന്നു."  എമ്മെൻ വളരെ ഗൌരവത്തിൽ അച്ഛനോട്  പറഞ്ഞിട്ട്, അമ്മയോടായി പറഞ്ഞു, " അതേ, ഇതേ, ചേട്ടാ.. പോരാഞ്ഞിട്ട് പേരു വിളിക്കുന്ന പെമ്പ്രന്നോമ്മാരെ വരെ കണ്ടിട്ടുണ്ട്. കെട്ടിയോനെ കേറി എടാ, പോടാന്നൊക്കെ വിളിക്കുന്നത്  ആദ്യമായിട്ട്  കേൾക്കുവാ... " -

നിരപരാധിത്തം തെളിയിക്കാൻ എന്റെ പാവം അമ്മ ഒരുപാട്  കഷ്ടപ്പെട്ടു.

എന്റെയും അനുജൻ രാജന്റെയും സുഹൃത്ത്, മാന്നാർ തോട്ടത്തിലെ ഹരിച്ചേട്ടൻ വിവാഹം കഴിച്ചിരിക്കുന്നത്  എമ്മെന്റെ ഒരു സഹോദരന്റെ മകൾ സുജാത ചേച്ചിയേയാണ്. കല്യാണം കഴിഞ്ഞ്  പെണ്‍ വീട്ടുകാർ, നവ വരനെയും നവ വധുവിനെയും നല്ല വാതിലിന്  ക്ഷണിക്കാൻ തോട്ടത്തിൽ ചെന്നപ്പോൾ രാജനും അവിടെയുണ്ടായിരുന്നു. കല്യാണത്തിന്  ചെന്നില്ല എന്ന്  പറഞ്ഞ്  തോട്ടത്തിലെ അമ്മൂമ്മ (ഹരിച്ചേട്ടന്റെ അമ്മ) രാജനെ ശകാരം തുടങ്ങി.

"അവൻ കല്യാണത്തിന്  വന്നിട്ടുണ്ടായിരുന്നു, മാത്രമല്ല, അവന്റെ തന്തേപ്പോലെ സദ്യക്ക്  ആയിരം കുറ്റോം പറഞ്ഞു. അവിയലിന് ചുവന്നുള്ളി അരച്ചു, പ്രഥമന്  തേങ്ങാപ്പാൽ കുറവായിരുന്നു...... ," അമ്മൂമ്മയുടെ ആക്രമണത്തിൽ നിന്ന്  രാജനെ അന്ന്  രക്ഷിച്ചത്‌  എമ്മെനായിരുന്നു.




എമ്മെന്റെ മനസ്സിനെ വല്ലാതെ ഉലച്ച രണ്ടു സംഭവങ്ങൾ ആണ്, അനുജൻ എം.എൻ. രാമചന്ദ്രൻ നായരുടെ ആത്മഹത്യയും, ഏക മകന്റെ അകാല വേർപാടും.

രാമചന്ദ്രൻ നായർ കുങ്കുമം ഗ്രൂപ്പുകളുടെ പ്രസിദ്ധീകരണമായിരുന്ന കേരളശബ്ദത്തിന്റെ പത്രാധിപരായിരുന്നു. കടം കയറി വീർപ്പുമുട്ടിയാണ്  ആത്മഹത്യ ചെയ്തത്.  ഇതിനെ ചില മനുഷ്യ ദ്രോഹികൾ കാവ്യനീതി എന്ന്  ആക്ഷേപിച്ചത്  ഒരു ക്രൂര വിനോദമായി നമുക്ക്  തള്ളിക്കളയാം.

തന്റെ സാമ്പത്തിക ബാദ്ധ്യത രാമചന്ദ്രൻ നായർ ഒരിക്കൽ എമ്മേനെ ധരിപ്പിച്ചു.  എമ്മെന്റെ പട്ടത്തെ വീട്  ഭാര്യയുടെ പേരിൽ ആയിരുന്നു. (സർദാർ കെ.എം. പണിക്കരുടെ മകൾ ദേവകി പണിക്കർ ആയിരുന്നു എമ്മെന്റെ സഹധർമ്മിണി) അത്  വില്പന നടത്തിയോ, പണയപ്പെടുത്തിയോ കടം തീർക്കാൻ എമ്മെൻ അനുജനെ ഉപദേശിച്ചു.  എമ്മെൻ അന്ന് വിദ്യുച്ഛക്തി വകുപ്പ്  മന്ത്രിയാണ്.  ഏതെങ്കിലും ഒരു പ്രമാണിയെ വിളിച്ച്,   "എന്റെ അനുജനെ അങ്ങോട്ടയക്കുന്നു. വിവരങ്ങൾ അവൻ പറയും." ഈ ഒരൊറ്റ വാക്ക്  മതിയായിരുന്നു, കടവും തീർത്ത്, ശിഷ്ട കാലം ജീവിക്കാനുള്ള ബാങ്ക്  ബാലൻസ്  ഉണ്ടാക്കാൻ.

എമ്മെന്റെ സഹായങ്ങൾ ആവോളം ആസ്വദിച്ചവർ പട്ടത്തെ സ്ഥലം വിൽക്കാനുണ്ടെന്ന്  കേട്ടപ്പോൾ, ചുളുവിൽ അടിച്ചെടുക്കാനുള്ള അടവുകളുമായി സമീപിച്ചു. രാമചന്ദ്രൻ നായർ സ്ഥലം വിൽക്കാനുള്ള ശ്രമത്തെ എതിർത്തതിന്റെ കാരണങ്ങളിലൊന്ന്  അതായിരുന്നു. ഈ ദുർഭൂതങ്ങളാണ്, മരണത്തിന്  കാവ്യ നീതിപ്പട്ടം നൽകി പരിഹസിച്ചത്.  കുങ്കുമം പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥൻ റെഡ്യാർ, ആ മരണത്തിൽ മൌനം പാലിച്ചത് അർത്ഥഗർഭമാണ്. ആ കടം രാമചന്ദ്രൻ നായർക്ക്  എങ്ങനെയുണ്ടായി?  കടം ഒരു പരിധി കഴിഞ്ഞാൽ, വെള്ളപ്പത്രം ആയാലും, മഞ്ഞപ്പത്രം ആയാലും ശിവകാശിയിലെ പ്രസ്സുകാർ അച്ചടി നിർത്തിക്കളയും!

സ. ഇ.എം.എസ്.
എമ്മെന്റെ മനസ്സിനെ ഉലച്ച മറ്റൊരു സംഭവമാണ്  ഡൽഹി സെൻട്രൽ സ്ക്കൂളിൽ വിദ്യാർഥിയായിരുന്ന ഏക മകന്റെ അകാല വേർപാട്.  എമ്മെൻ മന്ത്രിയായിരിക്കുമ്പോൾ ആയിരുന്നു സംഭവം. മരണ വാർത്തയറിഞ്ഞ് , അന്ന്  പ്രതിപക്ഷ നേതാവായിരുന്ന സ. ഇ.എം.എസ്., എമ്മെന്റെ പട്ടത്തുള്ള വീട്  സന്ദർശിച്ച രംഗം അവിടെ കൂടി നിന്നവരെപ്പോലും കണ്ണീരണിയിക്കുകയുണ്ടായി.

കാറിൽ നിന്നിറങ്ങി മെല്ലെ നടന്നു വരുന്ന ഇ.എം.എസ്സിനെ നിർന്നിമേഷനായി എമ്മെൻ നോക്കി നിന്നു. എന്നിട്ട്  ഓടിച്ചെന്ന്  കെട്ടിപ്പിടിച്ച്  ഒരൊറ്റ പൊട്ടിക്കരച്ചിൽ ആയിരുന്നു. എങ്ങനെ സമാശ്വസിപ്പിക്കണം എന്നറിയാതെ ഇ.എം. വികാരാധീനനായി പകച്ചു നിന്നു.

ഏത്  പ്രതിസന്ധിയിലും ഉലയാത്ത മനസ്സിന്റെ ഉടമ.  ഏതു കൊടികെട്ടിയ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമ്പോഴും അസ്വസ്ഥമാകാത്ത മനസ്സിന്റെ ഉടമ.  ഏത്  ദുർഘടപ്രശ്നത്തിനും ശാശ്വതവും, സ്വീകാര്യവുമായ ഉത്തരം കണ്ടെത്തുന്ന മനസ്സിന്റെ ഉടമ, ആ ശക്തനായ കമ്മ്യൂണിസ്റ്റ്  ആചാര്യൻ, എമ്മെന്റെ മുമ്പിൽ നിന്നു വിതുമ്പി. ആ തീക്ഷണമായ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അതു കണ്ട്,  അവിടെ കൂടി നിന്നവർപോലും കണ്ണുനീർ വാർത്തു......

രാവും പകലും നീളുന്ന പാർട്ടി ക്ലാസ്സുകൾ പണ്ട്  ഇടയ്ക്കിടെ ഉണ്ടാവുമായിരുന്നു. എത്ര ഗൗരവമുള്ള വിഷയം ആണെങ്കിലും, സ്വതസിദ്ധമായ തന്റെ നർമ്മശൈലിയിൽ ആയിരുന്നു എമ്മെൻ ക്ലാസ്  എടുത്തിരുന്നത്.  എത്ര നേരം വേണമെങ്കിലും പ്രവർത്തകർ അത്  കേട്ടു കൊണ്ടിരിക്കും.

ഒരുപക്ഷെ ഇന്ന്  പാർട്ടി സഖാക്കൾ മടിയന്മാരും, പാർട്ടി പ്രവർത്തനത്തിൽ ചിട്ടയും, ജാഗ്രതയും കാണിക്കാത്തതും, കുത്തഴിഞ്ഞ ജീവിത ശൈലിയുടെ ഉടമകളായി തീർന്നതും പാർട്ടി ക്ലാസ്സുകളുടെയും, കമ്മ്യൂണിസ്റ്റ്  വിദ്യാഭ്യാസത്തിന്റെയും അഭാവം കൊണ്ട്  തന്നെയായിരിക്കണം.

(കഴിഞ്ഞു)

Thursday, December 12, 2013

എം.എൻ. ഗോവിന്ദൻ നായരെ കണ്ടവരുണ്ടോ ( ഭാഗം 3 ) : പി. രവീന്ദ്രനാഥ്


ഓടരുത്  എമ്മാ,  ആളറിയാം (ഭാഗം മൂന്ന് )

 (Communist Party of India Leader M.N. Govindan Nair)

 

ഒളിവിൽ കഴിയുമ്പോഴും ശുപാർശ പ്രാർത്ഥികൾ എമ്മെനെ സമീപിക്കുമായിരുന്നു. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ, സ്ഥലംമാറ്റം, ജോലിക്കാര്യം. ഇക്കൂട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥന്മാരും, എന്തിന്  പോലീസ് ഉദ്യോഗസ്ഥന്മാർ പോലുമുണ്ടായിരുന്നു.

സഖാക്കൾ പി.ടി. പുന്നൂസ്, കെ.സി. ജോർജ്ജ്, പുതുപ്പള്ളി രാഘവൻ, ശങ്കരനാരായണൻതമ്പി തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ഒരു രഹസ്യ യോഗം ഒരിക്കൽ പന്തളത്ത്  നടന്നു.  മൂന്നോ നാലോ ദിവസം പന്തളം കൊട്ടാരത്തിലെ ഒരൊഴിഞ്ഞ കെട്ടിടത്തിൽ, ഒരു ഇരുൾ മുറിയിൽ എമ്മെനു കാത്തിരിക്കേണ്ടി വന്നു. ഓരോരുത്തരായി അതീവ രഹസ്യമായിട്ടു വേണമല്ലോ നേതാക്കന്മാർക്ക് എത്തിച്ചേരാൻ.

സ.കെ. ശങ്കരനാരായണൻതമ്പി 
യോഗം കഴിഞ്ഞ്  ഓരോരുത്തരായി ഓരോ വഴിക്ക്  പിരിഞ്ഞു. എമ്മെന്  എത്തേണ്ടിയിരുന്നത്  ഏനാത്ത്  എന്ന സ്ഥലത്താണ്. കൊട്ടാരക്കരക്ക്  ഇപ്പുറം. പന്തളത്ത്  നിന്ന്  ഏതാണ്ട് പത്തു പന്ത്രണ്ടു മൈലുണ്ട്. എം.സി. റോഡിൽ കൂടി, ഇരുൾ പറ്റി എമ്മെൻ നടക്കുകയാണ്.  മുഷിഞ്ഞ ജൂബ്ബയുടെ പോക്കറ്റിൽ കേന്ദ്ര കമ്മറ്റി സർക്കുലറും, മറ്റു പ്രധാനപ്പെട്ട രഹസ്യ രേഖകളുമാണുള്ളത്. കൂരമ്പാല വളവ്  തിരിഞ്ഞതും ഒരു കാറിന്റെ ഹെഡ് ലൈറ്റ്  അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. റോഡരികിൽ മൂത്രമൊഴിക്കാൻ എന്ന ഭാവത്തിൽ കുത്തിയിരുന്നു. എമ്മെന്റെ സമീപത്ത് കാർ സഡൻ ബ്രേക്കിട്ട്  നിർത്തി. അസാധാരണമായി ഒന്നും സംഭവിക്കാത്തതുപോലെ എമ്മെനൊന്നു തിരിഞ്ഞു നോക്കി. ആ വലിയ ഷെവെർലെ കാറിന്റെ സൈഡിൽ തിരുവിതാംകൂർ സർക്കാരിന്റെ ശംഖുമുദ്ര. പോലീസ്.

'Mr. Govindan Nair, don't run, come here" അതോരാജ്ഞയായിരുന്നു. രക്ഷപ്പെടാൻ ഒരു മാർഗവും കാണുന്നില്ല. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത്  സാഹസവും, അതിലേറെ മണ്ടത്തരവുമായിരിക്കും. എമ്മെൻ ശരിക്കും ഭയന്ന് പോയി. സ്വന്തം ജീവനെ ഓർത്തല്ല. അതീവ രഹസ്യമായി കാത്തു സൂക്ഷിക്കേണ്ട പാർട്ടി രേഖകളാണ്  കയ്യിൽ. കേന്ദ്ര - സംസ്ഥാന നേതാക്കളുടെ പര്യടന വിവരങ്ങൾ, ഒളിവിലിരിക്കുന്ന നേതാക്കളുടെ പൂർണ്ണ വിവരങ്ങൾ, നടത്താനിരിക്കുന്ന പ്രക്ഷോഭങ്ങളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ,  ഇതെല്ലാമാണ്  കൈവശം ഇരിക്കുന്നത്.


എമ്മെൻ പതറിയില്ല. നേരെ കാറിന്റടുത്തേക്ക്  ചെന്നു. പിൻ സീറ്റിൽ രണ്ടു പേർ ഇരിക്കുന്നു. അല്ല, ഒരാൾ കിടക്കുകയാണ്.  മറ്റെയാൾ യൂണിഫോമിൽ. പദവിയെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ കണ്ടപ്പോൾ തന്നെ എമ്മെന്  മനസ്സിലായി, ഡി.ഐ.ജി. കിടക്കുന്നയാൾ അടിവസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളൂ.

ഡി.ഐ.ജി.യെയും, അടിവസ്ത്രധാരിയേയും കണ്ട്  എമ്മെൻ പൊട്ടിച്ചിരിച്ചു. "എടോ പുളൂ, താനെന്നാടോ ഡി.ഐ.ജി. ആയത് ?"

കാറിൽ ഉണ്ടായിരുന്നത്  ഡി.ഐ.ജി. തന്നെയായിരുന്നു. പക്ഷെ അത്  യൂണിഫോമിലുള്ള ആളായിരുന്നില്ല എന്ന് മാത്രം.

ഇന്നത്തെ പോലെ മുഴത്തിനു മുഴത്തിന് ഡി.ഐ.ജി.മാരുള്ള കാലമല്ല. തിരു - കൊച്ചിയിൽ ഒരു ഐ.ജി. മാത്രമേ ഉണ്ടായിരുന്നുള്ളൂ, ധിക്കൃതശക്രപരാക്രമശാലിയായ ഖാൻ ബഹാദൂർ സെയ്ദ്  അബ്ദുൾ കരിം സാഹിബ്. ഒരൊറ്റ ഡി.ഐ.ജി. മാവേലിക്കര കൊട്ടാരത്തിലെ വലിയ തമ്പുരാൻ. ഐ.ജി.യേക്കാൾ പ്രതാപശാലി ആയിരുന്നു ഡി.ഐ.ജി. കാരണം മറ്റൊന്നുമല്ല, നാടു വാഴുന്ന പൊന്നുതമ്പുരാന്റെ മാതുലനായിരുന്നു അദ്ദേഹം.

"Most wanted criminal, റാസ്ക്കൽ നിന്ന്  കളിയാക്കി ചിരിക്കുന്നോ......?" - തമ്പുരാനാണ്.

"എന്തവാടോ പുളൂ ഇതിന്റെയൊക്കെ അർത്ഥം?" - എമ്മെൻ യൂണിഫോമിനോട്  ചോദിച്ചു.

പുളു എന്നു പറഞ്ഞാൽ, പന്തളം സാർ എന്നറിയപ്പെട്ടിരുന്ന രാമകൃഷ്ണൻഉണ്ണിത്താൻ. കൊട്ടാരക്കരക്കടുത്തുള്ള നെല്ലിക്കുന്നം സ്ക്കൂളിലെ അദ്ധ്യാപകൻ. ഇവർ രണ്ടുപേരും എമ്മെന്റെ സഹപാഠികൾ ആയിരുന്നു.

ഉണ്ണിത്താൻ സാർ സംഗതി വിശദീകരിച്ചു. കൊട്ടാരക്കര ഡിവിഷണൽ പോലീസ്  ഓഫീസ്  ഇൻസ്പെക്ഷന്  എത്തിയതാണ്  ഡി.ഐ.ജി. പരിശോധന കഴിഞ്ഞ്  നേരെ പോകേണ്ടത്  കോട്ടയത്തിന്‌.  ക്യാമ്പ്  കുമരകം കൊട്ടാരത്തിൽ. നാലു ഷിവാസ് റീഗൽ അകത്തു ചെന്നപ്പോൾ പഴയ സതീർത്ഥ്യനെ ഓർമ്മ വന്നു. ഉടനടി പിടിച്ചു കൊണ്ടുവരാൻ ഇൻസ് പെക്ടറോട് ആജ്ഞാപിച്ചു.

പുളുവിനെ കസ്റ്റഡിയിൽ കിട്ടിയപ്പോൾ തമ്പുരാന്  ഒരു മോഹം. "എടോ പുളൂ, താനീ യൂണിഫോമിട്."

അങ്ങനെയാണ് ഉണ്ണിത്താൻ സാർ തിരു - കൊച്ചി ഡെപ്യൂട്ടി ഇൻസ് പെക്റ്റർ ജനറൽ ഓഫ്  പോലീസ്  ആയത്.

"തമ്പുരാൻ ഫിറ്റാ.... " - ഉണ്ണിത്താൻ സാർ പറഞ്ഞു.

"എടോ, ഇതിന്  ഫിറ്റെന്നല്ല, അണ്‍ ഫിറ്റെന്നാ പറയുന്നത്."  - എമ്മെൻ.


സ.എമ്മെൻ 

ഏതായാലും ഡി.ഐ.ജി.യെ കയ്യിൽ കിട്ടിയതല്ലേ, വെറുതെ വിടുന്നത്  ശരിയല്ലല്ലോ?എമ്മെന്റെ വക രണ്ട്  ശുപാർശകൾ സമക്ഷംബോധിപ്പിച്ചു. കളിയിക്കാവിളക്കാരൻ ഒരു ഇൻസ് പെക്റ്റർ, ദേവികുളം സ് റ്റേഷനിലുണ്ട്.  അയാൾക്ക്  അവിടെയൊരു ലേഡി ഡോക്ടറുമായി ചില്ലറ അവിഹിതം. നാടാർക്ക്  തിരുവനന്തപുരം ജില്ലയിലേക്ക്  ഒരു പണീഷ് മെന്റ് ട്രാൻസ്ഫർ കൊടുക്കണം. മറ്റൊന്ന്,  പന്തളത്തുകാരൻ ഒരു പോലീസുകാരൻ ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. പന്തളത്ത്  വീട്ടിൽ അയാളുടെ പ്രായമായ തള്ള മാത്രമേയുള്ളൂ. അവന്  പന്തളത്തേക്കോ ചെങ്ങന്നൂരേക്കോ ഒരു മാറ്റം. നിവേദനങ്ങളെല്ലാം ജൂബ്ബായുടെ പോക്കറ്റിൽ എപ്പോഴും റെഡിയാണ്. ഏതു വഴിക്കാണ്  അനുകൂലമായ കാലാവസ്ഥ വന്നണയുന്നത്  എന്ന്  നിർവ്വചിക്കാനാവില്ലല്ലോ? നിവേദ്യമെടുത്ത്  തമ്പുരാനെ ഏൽപിച്ചു.

"ദയവു ചെയ്ത്  താനൊന്നു മാറി നിൽക്ക് ഗോവിന്ദൻനായരെ, എന്റെ മുന്നീന്ന്.... , വല്ല ബീറ്റ്  പോലീസുകാരും ഇതെങ്ങാനും കണ്ടോണ്ടു വന്നാൽ." - തമ്പുരാന്  ആകെയൊരു വൈഷമ്യം.

"അപ്പോൾ എന്റെ നാടാരും പോലീസുകാരനും...... ?" - എമ്മെൻ ചോദിച്ചു.

"തന്റെ നാടാർ കളിയിക്കാവിളയിൽ അവന്റെ നാടാത്തിയുടെ ദൃഷ്ടിപഥത്തിൽ. മറ്റേ മാപ്പളച്ചെറുക്കനെ പന്തളത്തും. പോരേ..., എന്റെ പൊന്നു ഗോവിന്ദൻനായരെ, താനെവിടെക്കെങ്കിലും ഒന്നു മാറി ഒളിച്ചു നിൽക്ക്, ഞാൻ പൊയ്ക്കോട്ടെ...... "

ഇത്  വായിക്കുമ്പോൾ ഒരു fairy tale പോലെ വായനക്കാർക്ക്  തോന്നിയേക്കാം. പക്ഷെ സംഭവം നൂറു ശതമാനം സത്യമാണ്.  മേൽ പ്രസ്താവിച്ച ഉണ്ണിത്താൻ സാർ, പിൽക്കാലത്ത് എന്റെയൊരു അടുത്ത ബന്ധുവായി തീർന്നു. അദ്ദേഹത്തിന്റെ മകൻ അഡ്വ. ആർ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താനാണ്  എന്റെ ഇളയ സഹോദരി മിനിയെ വിവാഹം കഴിച്ചിരിക്കുന്നത്.  



Thursday, December 5, 2013

എം.എൻ. ഗോവിന്ദൻ നായരെ കണ്ടവരുണ്ടോ.... ? : പി. രവീന്ദ്രനാഥ് ( ഭാഗം : രണ്ട് )


ജനയുഗം ഫണ്ടിന്  കോണ്‍ഗ്രസ്സ്  മന്ത്രിയുടെ സംഭാവന !!

 

ഒളിവിലിരുന്നുള്ള പാർട്ടി പ്രവർത്തനം സാഹസികമായിരുന്നു. തീയിൽ കൂടിയുള്ള നടത്താമായിരുന്നു എന്ന്  തന്നെ പറയാം. പോലീസിനേയും ഗുണ്ടകളേയും ഭയന്ന്  നേതാക്കൾ നാടുവിട്ടു പോയില്ല. തലക്ക്  "വില വീണ" നേതാക്കന്മാർ പോലും, രാജ്യം മുഴുവൻ പോലീസ്  വലവീശി കാത്തിരുന്നപ്പോഴും, ഊർജ്ജസ്വലമായി തന്നെ കർമ്മ രംഗത്ത്  ഉറച്ചു നിന്നു. സംഘടന കെട്ടിപ്പടുക്കുക, സോണൽ കമ്മറ്റികളിൽ പങ്കെടുക്കുക, യുവജന സംഘടന, കർഷക സംഘടന തുടങ്ങിയ ബഹുജന സംഘടനകളിൽ പ്രവർത്തകരെ വളർത്തിയെടുക്കുക, തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ആയിരുന്നു ഒളിവിൽ ഇരുന്നു കൊണ്ട്  എമ്മെൻ നിർവ്വഹിച്ചിരുന്നത്.

സ. പി.ടി. പുന്നൂസ്  ആയിരുന്നു പാർട്ടി സെക്രട്ടറി.  മദ്ധ്യതിരുവിതാംകൂറിൽ പാർട്ടി സംഘടനാ പ്രവർത്തനം അത്രക്ക്  ശകതമായിരുന്നില്ല. മധ്യതിരുവിതാംകൂർ എന്നുപറഞ്ഞാൽ, കരുനാഗപ്പള്ളി, കുന്നത്തൂർ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കാർത്തികപ്പള്ളി എന്നീ താലൂക്കുകൾ ആണ്. സ. ശങ്കരനാരായണൻതമ്പിക്കായിരുന്നു ആ പ്രദേശത്തെ സംഘടനാ നേതൃത്വം. തമ്പിസാറിന്റെ  നേതൃത്വത്തിൽ അന്ന്  എണ്ണക്കാട്ട്  കർഷകത്തൊഴിലാളി സംഘടന, ഒരു കുടിയിറക്ക്  സമരം നടത്തുകയായിരുന്നു. രഹസ്യമായി എമ്മെൻ പലവട്ടം ആ സമരരംഗത്ത്  എത്തി.
ഒളിവിൽ കഴിയുമ്പോൾ വളരെ രഹസ്യമായി പാതിരാത്രിയുടെ ഇരുളു പറ്റി എമ്മെൻ ചില വീടുകളിൽ ചെന്നു പറ്റുമായിരുന്നു. തെറ്റി. വീടുകളിലല്ല, അടുക്കളയിൽ!  അത്  തൊഴിലാളി കുടുംബങ്ങളോ, ശരാശരിയിൽ താഴെയുള്ള കർഷക കുടുംബങ്ങളോ ആയിരിക്കും. ഒരു കിണ്ണം ചോറോ, കഞ്ഞിയോ, കപ്പപ്പുഴുക്കോ ആ വീട്ടുകാർ കരുതിവെച്ചിരിക്കും. എമ്മെൻ ഏതു നേരത്താണ്  വരുന്നത്  എന്നവർക്കറിയില്ലല്ലോ! എമ്മെൻ അടുക്കളയിൽ വന്ന്  കഞ്ഞി കുടിച്ചിട്ട്  പോയ കാര്യം പലപ്പോഴും വീട്ടുകാർ അറിയുന്നത്  പിറ്റേന്ന്  രാവിലെ മാത്രമായിരിക്കും. പാത്രങ്ങൾ കഴുകി വെടുപ്പാക്കി പാതകത്തിൽ വെച്ചിരിക്കും. അങ്ങനെയുള്ള നിശാ സഞ്ചാര വേളകളിൽ, എമ്മെൻ ചെന്നിരുന്ന ഒരമ്മൂമ്മയുടെ വീടുണ്ട്  വള്ളികുന്നത്ത്.

എമ്മെൻ, അച്യുതമേനോൻ, കഥകളി ആചാര്യൻ ഗുരു ചെങ്ങന്നൂർ, കഥകളി നടൻ മടവൂർ വാസുദേവൻനായർഎന്നിവർ (ഫോട്ടോ കടപ്പാട്  ദ് ഹിന്ദു)
 ജയിൽ ചാടിയിട്ട്  ആദ്യമായി ആ വീട്ടിൽ ചെല്ലുകയാണ്. ചെല്ലപ്പൻ ജയിലു ചാടി എന്നു കേട്ടപ്പോൾ മുതൽ, ഏതെങ്കിലും സമയത്ത്  അവിടെ വരുമെന്ന്  അമ്മൂമ്മക്ക്  ഉറപ്പുണ്ടായിരുന്നു. എന്നും ഒരു കിണ്ണം ചോറും, കപ്പപ്പുഴുക്കും, മീൻ കൂട്ടാനും അവർ അടുക്കളയിൽ കരുതിപ്പോന്നു.

മുറ്റത്ത്  കാൽ പെരുമാറ്റം കേട്ടപ്പോൾ തന്നെ അമ്മൂമ്മ വിളിച്ചു ചോദിച്ചു, "ആരാടാ, ചെല്ലപ്പനാണോ അത്.. ?"

എമ്മേനെ കണ്ടതും അവർ കെട്ടിപ്പിടിച്ച്,  "പോലീസ്സ്കാലന്മാര് എന്റെ കുഞ്ഞിനെ തല്ലി  ചതച്ചല്ലോടാ..... "  എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.

എമ്മെനെ വീട്ടുകാരും അടുപ്പമുള്ളവരും വിളിച്ചിരുന്നത്  ചെല്ലപ്പൻ എന്നാണ്.  പി.ജി.യുടെ ഭാര്യ രാജമ്മ സാറിന്റെ അമ്മ - അതായത് എമ്മെന്റെ മൂത്ത സഹോദരി - മാത്രമേ അങ്ങനെ വിളിക്കുന്നത്  ഞാൻ കേട്ടിട്ടുള്ളൂ.

ഭരണിക്കാവ്  ദ്വയാംഗ മണ്ഡലത്തിൽ നിന്ന്  വൻ ഭൂരിപക്ഷത്തിൽ ( 40000 വോട്ടിന് ) നിയമസഭയിലേക്ക്  തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം വള്ളികുന്നത്തുള്ള സ്വീകരണ പരിപാടി കഴിഞ്ഞ്, സഖാവ്  ആദ്യം ഓടിപ്പോയത്  ആ അമ്മൂമ്മയെ കാണാനായിരുന്നു.  അടുക്കളയിൽ നിലത്തിരുന്ന്  അവർ കൊടുത്ത കാച്ചിലു പുഴുങ്ങിയതും കരിപ്പെട്ടി കാപ്പിയും കഴിച്ചിട്ടാണ്  അടുത്ത സ്വീകരണ സ്ഥലത്തേക്ക്  അദ്ദേഹം പോയത്.  ഇതിന്  സാക്ഷിയായിരുന്ന ഒരാളാണ്  ഡോ.പുതുശ്ശേരി രാമചന്ദ്രൻ.

എമ്മെൻ 
ഈ അമ്മൂമ്മ മരിക്കുമ്പോൾ എമ്മെൻ സംസ്ഥാന മന്ത്രിയാണ്.  ശവദാഹം കഴിയുന്നതുവരെ, ഒരു വീട്ടുകാരനെ പോലെ മുറിക്കയ്യൻ ബനിയനുമിട്ട്, ഒരു തോർത്തും തലയിൽ കെട്ടി അവിടെ സജീവമായിരുന്ന എമ്മെന്റെ ചിത്രം വള്ളികുന്നത്തുള്ള പഴയ തലമുറയുടെ മനസ്സിൽ ഇപ്പോഴുമുണ്ടാവും.

അക്കാലത്ത്‌  ജനയുഗം ആഴ്ചപ്പതിപ്പായിട്ടാണ്  ഇറങ്ങിയിരുന്നത്. സ്വന്തമായി പ്രസ്സില്ല. കൊല്ലത്തുള്ള ഒരു ചെട്ടിയാരുടെ പ്രസ്സിലാണ്  അച്ചടി.  "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" ഇതായിരുന്നു ജനയുഗത്തിന്റെ സ്ഥിതി. ജനയുഗം ഗോപിമാർ എന്നറിയപ്പെടുന്ന രണ്ടു ഗോപിമാർ ആയിരുന്നു സാരഥ്യം. ന്യൂസ്  പ്രിന്റിന്റെ കടം, ചെട്ടിയാരുടെ കടം - ജനയുഗം പ്രസിദ്ധീകരണം നിർത്താനുള്ള ചർച്ച, രണ്ടു ഗോപിമാരും വൈക്കം ചന്ദ്രശേഖരൻ നായരുമായി നടത്തി കൊണ്ടിരിക്കുമ്പോഴാണ്  എമ്മെൻ അവിടേക്ക്  കടന്നു ചെന്നത്.  വാരിക തുടർന്നു പ്രസിദ്ധീകരിക്കുന്നതിന്റെ വൈഷമ്യങ്ങൾ അവർ അദ്ദേഹത്തെ ധരിപ്പിച്ചു.

"എങ്കിൽ നമുക്ക്  ജനയുഗം ഡെയിലി ആക്കാമെടോ....."  അക്ഷോഭ്യനായി എമ്മെൻ പറഞ്ഞു.  ജനങ്ങൾ പട്ടിണിയിലാണ്, റൊട്ടി കഴിക്കാൻ കൂടി നിർവ്വാഹമില്ല എന്നു കേട്ടപ്പോൾ ഒരു ബ്രിട്ടീഷ്  രാജ്ഞി, എങ്കിൽ കേക്ക്  കഴിച്ചൂടെ എന്ന്  ചോദിച്ചതായി ഒരു കഥയുണ്ട്. ഇത്  അതുപോലെയല്ല, എമ്മെൻ വളരെ ഗൌരവത്തിൽ ആലോചിച്ച്  ഉറച്ചു തന്നെയാണത്  പറഞ്ഞത് എന്ന്, പിന്നീടുള്ള സംഭവങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തി.

സ് റ്റേറ്റ്  കോണ്‍ഗ്രസ്സ്  നേതാവ്  ടി.എം. വർഗ്ഗീസ്  അക്കാലത്ത്  തിരു-കൊച്ചി ആഭ്യന്തര വകുപ്പ്  മന്ത്രിയാണ്. പാതിരാത്രിക്ക്  എമ്മെനും സംഘവും ആഭ്യന്തരവകുപ്പ്  മന്ത്രിയുടെ കൊല്ലത്തുള്ള കുടുംബ വീടിന്റെ പടിക്കലെത്തി. 5000 രൂപ സർക്കാർ തലക്ക്  വിലയിട്ടിട്ടുള്ള, തടവു ചാടിയ, ഒരു കമ്മ്യൂണിസ്റ്റ്  നേതാവാണ്‌,  സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വീട്ടുപടിക്കൽ കൊലപ്പാതിരക്ക്  കാറ്റുകൊള്ളാൻ ചെന്നിരിക്കുന്നത് ! എങ്ങനെയുണ്ട് ?

എമ്മെൻ നേരെ അടുക്കള വാതിൽക്കലേക്ക്  ചെന്ന്  ടി.എമ്മിന്റെ മകനെ വിളിച്ചു.  അദ്ദേഹം വന്ന്  കതക്  തുറന്നു. എന്തോ ശബ്ദം കേട്ട്,  എന്തവാടാ എന്നു ചോദിച്ചുകൊണ്ട് അമ്മച്ചിയും അവിടേക്ക്  ചെന്നു.

"കോളടിച്ചമ്മച്ചീ,   അമ്മച്ചി കണ്ടില്ലിയോ, 5000 രൂപാ ദേണ്ട് നമ്മുടെ അടുക്കളയിൽ!"

"അപ്പച്ചൻ കേൾക്കണ്ടാ...... " എന്നായിരുന്നു അമ്മച്ചിയുടെ മറുപടി.

10000 രൂപാ ചെക്കായിട്ടും, അഞ്ചു പവന്റെ ഒരു സ്വർണ്ണ മാലയും (ആഭ്യന്തര മന്ത്രിയുടെ ഭാര്യയാണ്  എന്നോർക്കണം) വാങ്ങിയിട്ടാണ് എമ്മെൻ അവിടെ നിന്ന്  മടങ്ങിയത്.

ഈ നടക്കുന്നതെല്ലാം അറിഞ്ഞുകൊണ്ട്‌  തന്നെ, അടുത്ത മുറിയിൽ "സുഖനിദ്രയിലായിരുന്നു" ആഭ്യന്തര മന്ത്രി!

ജനയുഗം ദിനപ്പത്രമായി പ്രസിദ്ധീകരിക്കുന്നതിന്, ആദ്യ സാമ്പത്തിക സഹായം ഒരു കോണ്‍ഗ്രസ്സ്  കുടുംബത്തിന്റെ വകയായിരുന്നു എന്ന യാഥാർത്ഥ്യം, ഇന്നത്തെ തലമുറയിലെ എത്ര കമ്മ്യൂണിസ്റ്റുകാർക്കും, കോണ്‍ഗ്രസ്സുകാർക്കും അറിയാം!  രാഷ്ട്രീയത്തിന്  അതീതമായി വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ, കുറെ നേതാക്കളെങ്കിലും ആത്മാർഥമായ താല്പര്യം പണ്ട്  കാണിച്ചിരുന്നു.

(തുടരും)

Sunday, December 1, 2013

എം.എൻ. ഗോവിന്ദൻ നായരെ കണ്ടവരുണ്ടോ....? : പി. രവീന്ദ്രനാഥ്

ദൈവദാസന്റെ ഭവനത്തിൽ കമ്മ്യൂണിസ്റ്റുകാരന്റെ അജ്ഞാതവാസം 

(ഭാഗം - ഒന്ന്)


സഖാവ് എം.എൻ. ഗോവിന്ദൻ നായരെ ഒരു മാർക്സിയൻ സൈദ്ധാന്തികനായോ, താത്വികാചാര്യനായോ ആരെങ്കിലും വിലയിരുത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഒരു കാര്യം എനിക്കറിയാം, പാവപ്പെട്ടവന്റെ ഉള്ളറിഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. അദ്ധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവർക്കുവേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അതെന്ന്  അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളവർക്ക്  നിസംശയം പറയാൻ കഴിയും. കേരളത്തിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിന്റെ വളർച്ചക്ക്  വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുള്ള ആ വലിയ മനുഷ്യനെ, മഹാനായ ആ രാഷ്ട്രീയ നേതാവിനെ, ആ വിപ്ലവകാരിയെ വിലയിരുത്താനും മാത്രം ഞാൻ വളർന്നിട്ടില്ല. എമ്മെനെക്കുറിച്ച്  കേട്ടിട്ടുള്ളതും, നേരിൽ അനുഭവിച്ചിട്ടുള്ളതുമായ ചില ഓർമ്മകൾ ഞാൻ പങ്കുവെക്കുകയാണ്. അതിനുള്ള അവകാശമോ, അധികാരമോ എനിക്ക്  ഉണ്ടെന്ന്  ഞാൻ വിശ്വസിക്കുന്നില്ല.  പക്ഷെ സ്വാതന്ത്ര്യം ഉണ്ടെന്ന്  വിശ്വസിക്കുന്നു.
സ.എം.എൻ.ഗോവിന്ദൻനായർ 
എന്റെ അച്ഛനെ, എടാ പുരുഷോത്തമാ എന്ന്  വിളിക്കുന്ന, അല്ലെങ്കിൽ അങ്ങനെ വിളിക്കാൻ സ്വാതന്ത്ര്യം എടുക്കുന്ന ചുരുക്കം രാഷ്ട്രീയ നേതാക്കളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതിൽ ഒരാളായിരുന്നു എമ്മെൻ. മറ്റു മൂന്നു പേർ,  ടി.വി. തോമസ്സ്, എൻ  ശ്രീകണ്ഠൻ നായർ, ജി.
സ. ടി.വി.തോമസ്സ് 
ഗോപിനാഥ പിള്ള(പി.എസ്.പി. നേതാവായിരുന്ന മുൻ മാവേലിക്കര എം.എൽ.എ.) എന്നിവരായിരുന്നു. ഗോപിയമ്മാവന്  ഞങ്ങളുടെ കുടുംബവുമായുള്ള ബന്ധം എന്ന സ്വാതന്ത്ര്യം കൂടി ഉപയോഗിക്കാമായിരുന്നു. വളരെ അടുപ്പമുള്ളവരെ ഗൌരിയമ്മ എടോന്നോ തനെന്നോ ഒക്കെയായിരുന്നു സംബോധന ചെയ്തിരുന്നത്.  അങ്ങനെ വിളിച്ചില്ലെങ്കിൽ വല്ല്യമ്മക്ക് എന്തോ നീരസം ഉള്ളിലുണ്ടെന്ന്  അടുപ്പക്കാർ കണക്കാക്കുകയും ചെയ്തിരുന്നു.  ഗൌരിയമ്മ പക്ഷെ അച്ഛനെ ആശാനെ എന്നേ വിളിക്കുമായിരുന്നുള്ളൂ. അത്  അച്ഛന്റെ അച്ഛൻ താഴവന ആശാൻ കുടുംബത്തിലേയും, അമ്മ മണിപ്പുഴ ആശാൻ കുടുംബത്തിലേയും ആണെന്ന്  അറിഞ്ഞു കൊണ്ടുള്ള കുസൃതിയും ആയിരുന്നിരിക്കാം ചിലപ്പോൾ. 

അച്ഛൻ തിരുവനന്തപുരം ഗവണ്‍മെന്റ്  ലോ കോളേജിൽ പഠിക്കുമ്പോൾ, എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയും, ഓൾ ഇന്ത്യാ വൈസ് പ്രസിഡന്റും ആയിരുന്നു. എമ്മെൻ ആയിരുന്നു അന്ന്  പാർട്ടി സംസ്ഥാന സെക്രട്ടറി.  അന്ന്  ആരംഭിച്ച ആ എടാ വിളി, എമ്മെനും ടി.വിയും തുടർന്നു. പാർട്ടി പിളർന്നു കഴിഞ്ഞ്,  രണ്ടു ചേരിയിലും, ബദ്ധ ശത്രുതയിലും ആയിരിക്കുമ്പോഴും എമ്മെനോ, ടി.വിയോ ആ എടാ പോടാ വിളി ഉപേക്ഷിച്ചിരുന്നില്ല.

ഞാനിപ്പോൾ ആകെ ഒരു പ്രതിസന്ധിയിലായിരിക്കുകയാണ്.  എമ്മെനെക്കുറിച്ചെഴുതാം എന്ന്,  ഒന്നുരണ്ടു സുഹൃത്തുക്കൾക്ക്  വാക്കു കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒരുപാട്  കഥകൾ ഞാൻ പറഞ്ഞ്  അവർ കേട്ടിട്ടുണ്ട്.  അതാണ്‌  എഴുതാൻ അവർ എന്നെ നിർബ്ബന്ധിച്ചു കൊണ്ടിരിക്കുന്നത്.  പറയുന്നപോലെയല്ല എഴുതുന്നത്, എന്ന കാര്യം ശരിക്കും ഇന്നാണ്  ബോദ്ധ്യപ്പെട്ടത്. ഒരു ഗജരാജനെ നോക്കി കാണാൻ ശ്രമിക്കുന്ന ഒരെറുമ്പ്.  ദയവായി എന്നെ അങ്ങനെ മാത്രം കണ്ടാൽ മതി.

ഒരു ജയിൽ ചാട്ടം മുതൽ തുടങ്ങാം!

ക്ഷയരോഗത്തിന്റെ ആരംഭമാണെന്ന്  കണ്ടപ്പോൾ, തിരുവിതാംകൂർ സർക്കാർ എമ്മെനെ നാഗർകോവിലുള്ള ടി.ബി. സാനിട്ടോറിയത്തിൽ പ്രവേശിപ്പിച്ചു. സർക്കാർ ചെലവിൽ പോലീസ്  ബന്തവസ്സിൽ.

ആശുപത്രിയിലും എമ്മെൻ തന്നെ ഹീറോ.  രോഗികൾക്ക്,  ജീവനക്കാർക്ക്,  എന്തിനേറെ പറയുന്നു, എമ്മെന്  കാവൽ നിൽക്കുന്ന പോലീസുകാർക്കു പോലും.  ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ, അദ്ദേഹം ഒരുകാര്യം അധികൃതരെ അറിയിച്ചിരുന്നു. താനൊരു അർശസ്  രോഗിയാണ്.  അതുകൊണ്ട്,  രാവിലത്തെ ചരിത്ര രചന നിർവ്വഹിക്കാൻ  കുറെയേറെ സമയമെടുക്കും.  അച്ചടക്കവും, നീതിബോധവുമുള്ള, അതുപോലെ തന്നെ നിയമത്തെ കർശനമായി ബഹുമാനിക്കുകയും ചെയ്യുന്ന ഒരു തടവുകാരൻ ആയിരുന്നു എമ്മെൻ.

കെ.ആർ.ഗൌരിയമ്മ 
 "ഞാനിവിടെ കട്ടിലിൽ കിടക്കുകയാണെങ്കിലും, അതല്ല ചരിത്ര രചനക്ക്  ഗ്രന്ഥപ്പുരയിലാണെങ്കിലും നിങ്ങൾ വളരെ ശ്രദ്ധയോടെ കാവൽ നിൽക്കണം. അത്  നിങ്ങളുടെ ഡ്യൂട്ടിയാണ്. ഡ്യൂട്ടി സത്യസന്ധമായി നിർവ്വഹിക്കാൻ ഏതൊരുദ്യോഗസ്ഥനും ഉത്തരവാദിത്തം ഉണ്ട്."  എമ്മെൻ ഇടയ്ക്കിടെ പോലീസുകാരെ ഓർമ്മിപ്പിക്കും. അവരെ നിർബ്ബന്ധപൂർവ്വം കക്കൂസിന്റെ മുമ്പിൽ പിടിച്ചു നിർത്തുകയും ചെയ്യുമായിരുന്നു. ആഴ്ചകൾ ഒന്നുരണ്ടു കഴിഞ്ഞു. നീതിമാനും സത്യസന്ധനുമായ ആ ജയിൽപ്പുള്ളിയോടു പോലീസുകാർക്ക്  എന്തെന്നില്ലാത്ത സ് നേഹാദരങ്ങളായി.  "സാറ് കക്കൂസിൽ പോയിട്ട്  വന്നാട്ടെ.ഞങ്ങളൊന്ന്  കറങ്ങി, ബീഡീം വലിച്ചേച്ച്  ഇങ്ങെത്തിക്കോളാം..." എന്ന നിലയിൽ എത്തി പോലീസുകാരുടെ മനോഭാവം.

മൂന്നു നേരമാണ്  എമ്മെന്റെ പാശ്ചാത്യ പര്യടനം. ആഴ്ചകൾ രണ്ടു കഴിഞ്ഞു. ഇതിനോടകം കക്കൂസിൽ നിന്ന്  പുറത്തേക്ക്  കഷ്ടിച്ച്  ഒരാൾക്ക്  കടക്കാനുള്ള ദ്വാരം റെഡിയായി കഴിഞ്ഞിരുന്നു. പതിവു പോലെ ഒരു ദിവസം ബീഡി വലിയും ചായ കുടിയും കഴിഞ്ഞ്  പോലീസുകാർ തിരിച്ചെത്തി, മണിക്കൂറൊന്നു കഴിഞ്ഞിട്ടും ജയിൽപ്പുള്ളിയായ രോഗി കക്കൂസിൽ നിന്ന്  പുറത്തു വരുന്നില്ല.  അവസാനം കതക്  വെട്ടിപ്പൊളിച്ചു.  അപ്പോഴേക്കും കക്ഷി തക്കല പിന്നിട്ടു കഴിഞ്ഞിരുന്നു.

തടവു ചാടിയ പുള്ളി നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ നേതാവ്. സർക്കാർ നടപടിക്കൾക്ക് ചൂടു കൂടി. പോലീസ് സംസ്ഥാനമൊട്ടാകെ ഓടിനടന്നു. ഏതൊരു കമ്മ്യൂണിസ്റ്റുകാരന്റെ ഭവനത്തിലും ഏതു സമയത്തും പോലീസിനു കയറിച്ചെല്ലാം. അവിടെ കാണുന്നതെല്ലാം തല്ലിയുടക്കാം. കണ്ണിൽ കണ്ടവരെയെല്ലാം തല്ലാം. വേണമെങ്കിൽ കൊല്ലാം. സർക്കാർ എമ്മെന്റെ തലയ്ക്ക്  വിലയിട്ടു. ആര് കേട്ടാലും മോശമെന്ന്  പറയുകയില്ല. പന്തളം മുളവനയിലെ കുഞ്ഞിന്റെ നിലയ്ക്കും, വിലയ്ക്കും, വിദ്യാഭ്യാസ യോഗ്യതക്കും തികച്ചും യോജിക്കുന്ന നിരക്കു തന്നെ പ്രഖ്യാപിച്ചത്, 5000 രൂപ. ജീവനോടെ തന്നെ പിടിക്കണമെന്ന്  യാതൊരു നിർബ്ബന്ധവുമില്ല!
എന്റെ പിതാവ്, പി.ജി.പുരുഷോത്തമൻപിള്ള 
എമ്മെൻ നാഗർകോവിലിൽ നിന്ന് രക്ഷപ്പെട്ട്  എത്തിച്ചേർന്നത്  കൊട്ടാരക്കരയിലായിരുന്നു.  കൊട്ടാരക്കരക്ക്  സമീപമുള്ള മൈലം എന്ന പ്രദേശത്ത്  കക്ഷിക്ക്  നേരിയ പരിചയമുള്ള ഒരു ഉപദേശിയും കുടുംബവും താമസ്സമുണ്ട്.  ഒരു പാതിരക്ക്  ചെന്ന്  ഉപദേശിയെ വിളിച്ചുണർത്തി.

ജയിൽ ചാടിയ കമ്മ്യൂണിസ്റ്റ്  ഭീകരൻ എം.എൻ. ഗോവിന്ദൻനായരെ കണ്ട്  ഉപദേശി ഞെട്ടി.

എമ്മെൻ പറഞ്ഞു: "ഉപദേശിക്ക്  രണ്ടു കാര്യങ്ങൾ ചെയ്യാം. ഒന്നുകിൽ എനിക്ക്  ഈ വീട്ടിൽ കുറച്ചുനാൾ അഭയം തരാം. അതല്ലെങ്കിൽ പോലീസിനേക്കൊണ്ട്  പിടിപ്പിക്കാം. അങ്ങനെ ചെയ്യുകയാണെങ്കിൽ ഉപദേശിക്ക്  5000 രൂപയും കിട്ടും."  ഇത്രയും പറഞ്ഞിട്ട്, വരാന്തയോട്  ചേർന്നുള്ള മുറിയിൽ കിടന്നുറങ്ങിയിരുന്ന ഉപദേശിയുടെ മകനോടൊപ്പം, ഭയങ്കര ക്ഷീണം എന്നു പറഞ്ഞ്  കയറിയങ്ങു കടന്നു.

പണ്ടൊരിക്കൽ ചങ്ങനാശേരിയിൽ നിന്ന്, തിരുവനന്തപുരത്തേക്കുള്ള എക്സ്പ്രസ്  ബസ്സിൽ വെച്ചാണ്,  എമ്മെൻ ഈ ഉപദേശിയെ പരിചയപ്പെട്ടത്.  Love at first sight എന്ന്  ചെറുപ്പക്കാർ പിള്ളാരു പറയുമല്ലോ?  ഒരൊറ്റ നോട്ടം, ഒരു ചിരി, രണ്ടു വാചകം. മതി. എമ്മെൻ ജനങ്ങളുടെ മനസ്സ്  കവർന്നിരിക്കും. ഒരപാര സിദ്ധി തന്നെ ആയിരുന്നു അത് !
കാക്കനാടൻ 


ഉപദേശി കൊട്ടാരക്കരയിൽ ഇറങ്ങുമ്പോഴേക്കും,  ആ കമ്മ്യൂണിസ്റ്റ്  നേതാവിന്  തന്റെ മനസ്സിൽ വലിയ ഒരിടം നൽകി കഴിഞ്ഞിരുന്നു!

ആ ഉപദേശി ആരായിരുന്നുവെന്ന്  വായനക്കാർക്ക്  അറിയാമോ?  പ്രസിദ്ധ സാഹിത്യകാരൻ കാക്കനാടന്റെ അപ്പൻ. ആ മുറിയിൽ കിടന്നുറങ്ങിയിരുന്ന, കാക്കനാടനോടൊപ്പമാണ്  എമ്മെൻ കയറി കിടന്നുറങ്ങിയത്.

നാന്നിയിലെ അച്ചായൻ എന്നാണ്  ഉപദേശിയും ഭാര്യയും, എമ്മെനെ മക്കൾക്ക്  പരിചയപ്പെടുത്തിയത്.  കുറച്ചു നേരം കൊണ്ടുതന്നെ റാന്നിയിലെ അച്ചായൻ കുട്ടികൾക്ക്  പ്രിയങ്കരനായി.  കാക്കനാടനും അനുജൻ തമ്പിച്ചായനും, എമ്മെനെ അച്ചായാ എന്ന്  വിളിക്കുന്നത്  ഞനും കേട്ടിട്ടുണ്ട്.

രണ്ടുമൂന്നു മാസം അദ്ദേഹം കൊട്ടാരക്കരയിൽ അവരുടെ വീട്ടിൽ കഴിഞ്ഞു. പാർട്ടി ലഘുലേഖകൾ കാക്കനാടനും തമ്പിച്ചായനുമായിരുന്നു, എമ്മെൻ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. പലപ്പോഴും ഈ ഉദ്യമം ഉപദേശിയും ഏറ്റെടുത്തിട്ടുണ്ട്.

കമ്പി വണ്ടിയും ഉരുട്ടി, "ഇന്ന് പുലമണ്‍ ജംഗ്ഷനിൽ അല്ലീവിലാസം നൃത്ത നാടകം. പ്രദർശനം പാസ്സുമൂലം, എന്ന്  ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട്  എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ, കടലാസ്  കെട്ടുകളുമായി ഓടി നടന്നിട്ടുള്ള കാര്യം തമ്പിച്ചായൻ എന്നോട്  പറഞ്ഞിട്ടുണ്ട്.

പിന്നീടുള്ള ഒളിസങ്കേതങ്ങൾ മദ്ധ്യതിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിൽ ആയിരുന്നു. സുരക്ഷിതമായ ഒളിയിടങ്ങൾ കണ്ടെത്തേണ്ട  ചുമതല പലപ്പോഴും നിർവ്വഹിച്ചിരുന്നത്  പോറ്റിസാറോ (കെ.കേശവൻപോറ്റി) സ. പന്തളം പി.ആറോ, സ. പറന്തൽ കൃഷ്ണപിള്ളയോ ആയിരുന്നു.

(തുടരും)