സഖാവ് എമ്മെന് കൈപ്പത്തി ചിഹ്നത്തിൽ വോട്ടു ചെയ്യുക..... !
ബൂർഷ്വാ വ്യവസ്ഥയെ തകർത്ത് സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിൽ വരുത്തുക എന്നതാണ് തൊഴിലാളി വർഗ്ഗ പാർട്ടിയുടെ ലക്‌ഷ്യം. അതിനാവശ്യമായ അനുകൂല രാഷ്ട്രീയ സാഹചര്യം ഒരുക്കുക എന്നതാണ് സോഷ്യലിസ്റ്റ് വിപ്ലവം കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്ദേശിക്കുന്നത്. അതിനുള്ള പ്രേരണയും പ്രചോദനവും, പാർലമെന്ററി രംഗത്തെ പ്രവർത്തനം ഉപകരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കണക്കു കൂട്ടി. അതായത് സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിൽ വരുത്തുന്നതിനുള്ള ബലപ്രയോഗമില്ലാത്ത വിപ്ലവ പ്രക്രിയയായി - സമരമായി - തെരഞ്ഞെടുപ്പിനെ പാർട്ടി കണക്കാക്കി എന്ന് സാരം.
ഇതിനിടെ തിരു - കൊച്ചി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. പാർട്ടി നിരോധിച്ചിരിക്കുകയാണ്. ഐക്യ മുന്നണി എന്ന ലേബലിൽ സ്വതന്ത്ര സ്ഥാനാർഥികളായി കമ്മ്യൂണിസ്റ്റുകാരെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. ഭരണിക്കാവ് ദ്വയാംഗ മണ്ഡലത്തിൽ, ജനറൽ സീറ്റിൽ എമ്മെനെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം. സംവരണ സീറ്റിൽ സ. കുട്ടപ്പൻ കോയിക്കലും. എമ്മെന്റെ തെരഞ്ഞെടുപ്പ് ചിഹ്നം എന്തായിരുന്നുവെന്ന് അറിയാമോ... ? ഇന്ന് അതൊരു അത്ഭുതമായി തോന്നാം, കൈപ്പത്തി. അതിലും വലിയ വിരോധാഭാസമായിരുന്നു എതിർ സ്ഥാനാർഥിയായിരുന്ന കോണ്‍ഗ്രസ്സുകാരന്റെ ചിഹ്നം, ചുറ്റിക അരിവാൾ നക്ഷത്രം!
മാവേലിക്കര താലൂക്ക് കച്ചേരിയിലാണ് നോമിനേഷൻ കടലാസ്സുകൾ സമർപ്പിക്കേണ്ടത്. പത്രിക സമർപ്പിക്കാൻ വരുമ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക. ഇക്കാര്യത്തിൽ പോലീസുകാരേക്കാൾ ഉത്സാഹം കോണ്‍ഗ്രസ്സുകാർക്കായിരുന്നു. യൂണിഫോമിലും മഫ്ടിയിലും പോലീസ്സുകാർ താലൂക്ക് കച്ചേരി വളപ്പിൽ കണ്ണിൽ എണ്ണയും ഒഴിച്ചു കാത്തിരുന്നു.
ആ "ദൂഷിത വലയത്തിന്റെ" കണ്ണു വെട്ടിച്ച് പോറ്റിസാർ എമ്മെനെ വരണാധികാരിയുടെ മുമ്പിൽ ഹാജരാക്കി. വരണാധികാരിയുടെ മുമ്പിൽ വെച്ച് അറസ്റ്റ് ചെയ്യാൻ പാടില്ല എന്നാണ് നിയമം. അതുകൊണ്ട് നോമിനേഷനെ ചൊല്ലിയായി പരാതി.
എം.എൻ. ഗോവിന്ദൻനായർ എന്ന പേരിൽ നോമിനേഷൻ കൊടുക്കാൻ വന്നയാൾ വ്യാജനാണെന്നും, യഥാർത്ഥ എം.എൻ. ജയിലിൽ കിടന്നു മരിച്ചു പോയി എന്നുമാണ്, എതിർ സ്ഥാനാർഥി വരണാധികാരിക്ക് പരാതി നല്കിയത്. എമ്മെൻ സ് റ്റേറ്റ് കോണ്‍ഗ്രസ്സിൽ പ്രവർത്തിക്കുമ്പോൾ ഉറ്റ അനുയായിയായിരുന്നു ഈ വിദ്വാൻ.
'നോമിനേഷൻ തന്നിട്ടുള്ളത് എം.എൻ. ഗോവിന്ദൻനായർ തന്നെയാണ്. എനിക്ക് ആളിനെ നേരിൽ പരിചയമുണ്ട് -" വരണാധികാരിയുടെ ഈ പ്രഖ്യാപനത്തിൽ തൂങ്ങി കൂടുതൽ ക്ഷീണം വരുത്തേണ്ട എന്ന് കരുതിയാവണം തല്പര കക്ഷികൾ അടങ്ങി. അപ്പോഴും അവരുടെ ശുഭാപ്തി വിശ്വാസം, പുറത്തിറങ്ങുമ്പോൾ അദ്ദേഹത്തെ പൊക്കാമല്ലൊ എന്നതായിരുന്നു. പക്ഷെ, കൊണ്ടുവന്നതു പോലെതന്നെ സുരക്ഷിതമായി, ഒരു പോറൽ പോലും ഏൽക്കാതെ സഖാവിനെ, പോറ്റിസാർ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ എത്തിച്ച് എവിടേക്കോ ഓടിച്ചു പോയി.
പോറ്റിസാർ, എമ്മെനെ കൊണ്ടുപോയത് മാവേലിക്കരക്ക് സമീപമുള്ള പല്ലാരിമംഗലത്ത്, കവിയും ജന്മിയുമായ വരിക്കോലിൽ കേശവനുണ്ണിത്താന്റെ ഭവനത്തിലേക്ക് ആയിരുന്നു. സ്ഥാനാർഥി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വരിക്കോലിൽ കഴിയുകയായിരുന്നു. രാത്രിയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം.
വരിക്കൊലിൽ എമ്മെൻ ഉണ്ടെന്ന വിവരം പോലീസിന് കിട്ടി എന്ന്, വള്ളികുന്നത്തുവെച്ച് എങ്ങനെയോ പോറ്റിസാർ മണത്തറിഞ്ഞു. ഒരു സൈക്കിളിൽ കക്ഷി നേരെ പല്ലാരിമംഗലത്തിനു പറന്നു. പോലീസ് അവിടെ എത്തുന്നതിനു മുമ്പുതന്നെ അവിടെയെത്തി എമ്മെനെയും ഉണ്ണിത്താനദ്ദേഹത്തെയും വിവരം ധരിപ്പിച്ചു.
നാട്ടിലെ പ്രമാണി കുടുംബമാണ് വരിക്കോലിൽ. ഗൃഹനായകൻ അറിയപ്പെടുന്ന കവി. പ്രത്യക്ഷമായോ പരോക്ഷമായോ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള കുടുംബമല്ല. ഒരു നടക്ക് കയറി "പോലീസ് ബാലെ" അവതരിപ്പിക്കാൻ ഇൻസ്പെക്റ്റർ ഒന്ന് മടിച്ചു. മുറ്റത്തു നിന്നു കൊണ്ട് ശബ്ദം ഉണ്ടാക്കി വീട്ടുകാരുടെ ശ്രദ്ധ കിട്ടുവാൻ ശ്രമിച്ചതേയുള്ളു.
സർവ്വാംഗം കുഴമ്പ് തേച്ച്, ഒരു ചുട്ടി തോർത്തുമുടുത്ത്, ഉമിക്കരി കൊണ്ട് പല്ലു തേച്ചുംകൊണ്ട് ഗൃഹനാഥൻ പൂമുഖത്ത് പ്രത്യക്ഷനായി. പിന്നാലെ ഇഞ്ചയും പയറുപൊടിയുമായി വാല്യക്കാരനും.
"ങും, എന്തു വേണം...?"
"വീട് സെർച്ച് ചെയ്യാൻ ഉത്തരവുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദൻനായർ ഇവിടെയുണ്ടെന്ന് പരാതിയുണ്ട്. അന്വേഷിക്കാൻ കോടതി....." ഇൻസ്പെക്റ്റർ വിക്കി വിക്കി പറഞ്ഞു.
"ഞാൻ കുളിച്ചിട്ടു വന്നിട്ട് മതിയോ, അതോ ഇപ്പോൾ തന്നെ വേണോ...?"
"ഞങ്ങൾ ഇപ്പോൾ തന്നെ അതങ്ങു കഴിച്ചേക്കാം. കോടതി ഉത്തരവായതു കൊണ്ടാണേ.... , അല്ലെങ്കിൽ ബുദ്ധിമുട്ടിക്കുകയില്ലായിരുന്നു."
"ശരി, ശരി. എടാ കുഞ്ഞുപണിക്കാ, അറേം, പെരേം, നിലവറേം എല്ലാം ഈ ഏമ്മാൻമാർക്ക് തുറന്നു കാണിച്ചു കൊടുക്ക്. ഞാനിവിടെ നില്ക്കണോ, ഇൻസ്പെക്റ്ററെ...?"
"വേണ്ടായേ, അവിടുന്ന് പോയി കുളിച്ചിട്ടു വന്നാട്ടെ...."
"എന്നാൽ ശരി, സെർച്ചൊക്കെ കഴിഞ്ഞ് അപ്പുറത്തു ചെന്ന് എന്തെങ്കിലും വാങ്ങി കഴിച്ചിട്ടേ പോകാവൂ. എടാ, വടക്കേപ്പുറത്തു ചെന്ന് ഇവർക്കെന്തെങ്കിലും കഴിക്കാനൊരുക്കാൻ പെണ്ണുങ്ങളോട് പറ..." ഇത് പറഞ്ഞിട്ട് ആ ഗൃഹനാഥൻ, പല്ലു തേച്ചുകൊണ്ട് കുളക്കടവിലേക്ക് പോയി. ആ ഗൃഹനാഥനെ പിന്നീട് പോലീസുകാർ കണ്ടില്ല. വരിക്കോലിലെ പെണ്ണുങ്ങളും വാല്യക്കാരും കണ്ടില്ല. അവിടെയുള്ളവർ പിന്നീട് കാണുമ്പോൾ അദ്ദേഹം ഭരണിക്കാവ് എം.എൽ.എ. ആയിരുന്നു. സാക്ഷാൽ എം.എൻ. ഗോവിന്ദൻനായർ!
![]() |
സ. എമ്മെൻ. |
ജനയുഗം വാരികയുടെ എഡിറ്ററായിരുന്ന സ. തോപ്പിൽ ഗോപാലകൃഷ്ണൻ ഒരിക്കൽ പറഞ്ഞ ഒരു സംഭവം ഓർമ്മ വരുന്നു. കാലഘട്ടം 1977 - 78. എമ്മെൻ തിരുവനന്തപുരത്തുനിന്നുള്ള ലോകസഭാംഗം ആണ്. ഗോപാലകൃഷ്ണൻ എ.ഐ.വൈ.എഫ്. അഖിലേന്ത്യാ പ്രസിഡന്റും, സി.പി.ഐ. നാഷണൽ കൌണ്‍സിൽ അംഗവും. ജനതാ പാർട്ടിയുടെ ഭരണമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിപക്ഷത്ത്. വൈ.എഫിന്റെ ഒരഖിലേന്ത്യാ പ്രക്ഷോഭം, ഡൽഹിയിൽ ഒരല്പം അതിരു കവിഞ്ഞു. ലാത്തിച്ചാർജും, ടിയർ ഗ്യാസും മറ്റും പ്രയോഗിക്കേണ്ടി വന്നു, സമരം നിയന്ത്രണ വിധേയമാക്കാൻ. കമ്മ്യൂണിസ്റ്റ് യുവജനങ്ങളുടെ അതിരു കടന്ന പ്രവൃത്തിയിൽ എമ്മെൻ, പാർലമെന്റിൽ സർക്കാരിനോട് മാപ്പു ചോദിച്ചു. നാഷണൽ കൌണ്‍സിലിൽ ഈ പ്രശ്നം എടുത്തിട്ട്, ഗോപാലകൃഷ്ണൻ എമ്മെനെ രൂക്ഷമായി വിമർശിച്ചു. കേരളത്തിൽ നിന്നുള്ള ഒരു നാഷണൽ കൌണ്‍സിൽ അംഗം, കേരളത്തിൽ നിന്നുള്ള ഒരു സെൻട്രൽ സെക്രട്ടറിയറ്റ് അംഗത്തെ, അതും എമ്മെനെ പോലെയുള്ള ഒരു മുതിർന്ന നേതാവിനെ വിമർശിക്കുന്നത്, മറ്റ് നാഷണൽ കൌണ്‍സിൽ അംഗങ്ങളിൽ അത്ഭുതമുളവാക്കി.
![]() |
സ. തോപ്പിൽ ഗോപാലകൃഷ്ണൻ |
എമ്മെനെ അഭിമുഖീകരിക്കാനുള്ള വൈക്ലബ്യം കൊണ്ട്, ഒളിച്ചും പാത്തും പാർട്ടി ആഫീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഗോപാലകൃഷ്ണനെ അദ്ദേഹം പിടി കൂടി. "ഇന്ന് തനിക്ക് ശാപ്പാട് എന്റെ വക" - എന്ന് പറഞ്ഞ്, മോട്ടി മഹാളിലോ മറ്റോ കൂട്ടിക്കൊണ്ടുപോയി വയറു നിറച്ച് തണ്ടൂരി ചിക്കൻ വാങ്ങിച്ചു കൊടുത്തു.
അടിയന്തിരാവസ്ഥക്കാലം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ബദ്ധ ശത്രുതയിൽ. സി.പി.ഐ. നേതാക്കന്മാർ പങ്കെടുക്കുന്ന യോഗങ്ങളിൽ, ഔദ്യോഗികമാണെങ്കിലും, അനൌദ്യോഗികമാണെങ്കിലും സി.പി.എം. നേതാക്കന്മാർ പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നു.
കൃഷി വകുപ്പിന്റെ ഒരു ഔദ്യോഗിക പരിപാടി മാന്നാറിൽ. എമ്മെനാണ് അന്ന് കൃഷി മന്ത്രി. എന്റെ അച്ഛനായിരുന്നു സ്ഥലം എം.എൽ.എ. (പി.ജി. പുരുഷോത്തമൻ പിള്ള, സി.പി.എം. ചെങ്ങന്നൂർ) മന്ത്രി വരുന്നതിനു മുമ്പ് സ്ഥലത്തെത്തി തല കാണിച്ചിട്ട് അച്ഛൻ ബുദ്ധിപൂർവ്വം മുങ്ങി.
രാത്രി ഏകദേശം 8 മണി ആയിക്കാണും. ഞാൻ ഞങ്ങളുടെ വീട്ടു മുറ്റത്ത് നില്ക്കുകയായിരുന്നു. ചാര നിറത്തിലുള്ള ഒരു അംബാസഡർ സ് റ്റേറ്റ് കാർ എന്റെ മുന്നിൽ വന്നു നിന്നു. കാറിൽ നിന്നിറങ്ങി വരുന്നു, സാക്ഷാൽ എമ്മെൻ. "പുരുഷോത്തമനില്ലിയോടാ, ഇവിടെ.. -" ചോദ്യം എന്നോടാണ്. എമ്മെന്റെ ശബ്ദം കേട്ടാണെന്നു തോന്നുന്നു, അച്ഛൻ മുറ്റത്തേക്ക് ഇറങ്ങി വന്നു.
"ഞാനുള്ള യോഗത്തിൽ പങ്കെടുക്കുന്നതല്ലേ നിന്റെ പാർട്ടി വിലക്കിയിട്ടുള്ളൂ. നിന്റെ വീട്ടിൽ വരുന്നതിന് വിലക്കൊന്നുമില്ലല്ലൊ?" - അതായിരുന്നു എമ്മെൻ!
മറ്റൊരു സംഭവം. അന്ന് എമ്മെൻ തിരുവനന്തപുരം എം.പി. ആണ്. ചെങ്ങന്നൂരിലെ ഒരു പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകളുടെ വിവാഹം. അച്ഛൻ കൊച്ചിയിൽ നിന്ന് നേരെ കല്യാണ സ്ഥലത്ത് എത്തുകയേയുള്ളൂ. ആരെയെങ്കിലും കൂട്ടി ചെങ്ങന്നൂരിൽ എത്താൻ അമ്മയോട് പറഞ്ഞിരുന്നു. അതനുസരിച്ച് ഞങ്ങളുടെ ഒരയൽവാസിയായ പുരുഷോത്തമൻ എന്ന ഒരു പയ്യനെ കൂട്ടിയാണ് അമ്മ പോയത്. വിവാഹവും സദ്യയുമൊക്കെ കഴിഞ്ഞ്, അമ്മ നോക്കുമ്പോൾ പുരുഷനെ കാണാനില്ല.
"പുരുഷോത്തമോ, പുരുഷോ, എടാ പുരുഷോ...." - അമ്മ അവിടെയെല്ലാം നടന്നു വിളിയായി.
അച്ഛൻ, എമ്മെൻ തുടങ്ങിയവരുമായി സംസാരിച്ചു നില്ക്കുകയായിരുന്നു. "പുരുഷോത്തമാ, നിന്നെ ദേണ്ട്, രാജമ്മ അന്വേഷിക്കുന്നു." എമ്മെൻ വളരെ ഗൌരവത്തിൽ അച്ഛനോട് പറഞ്ഞിട്ട്, അമ്മയോടായി പറഞ്ഞു, " അതേ, ഇതേ, ചേട്ടാ.. പോരാഞ്ഞിട്ട് പേരു വിളിക്കുന്ന പെമ്പ്രന്നോമ്മാരെ വരെ കണ്ടിട്ടുണ്ട്. കെട്ടിയോനെ കേറി എടാ, പോടാന്നൊക്കെ വിളിക്കുന്നത് ആദ്യമായിട്ട് കേൾക്കുവാ... " -
നിരപരാധിത്തം തെളിയിക്കാൻ എന്റെ പാവം അമ്മ ഒരുപാട് കഷ്ടപ്പെട്ടു.
എന്റെയും അനുജൻ രാജന്റെയും സുഹൃത്ത്, മാന്നാർ തോട്ടത്തിലെ ഹരിച്ചേട്ടൻ വിവാഹം കഴിച്ചിരിക്കുന്നത് എമ്മെന്റെ ഒരു സഹോദരന്റെ മകൾ സുജാത ചേച്ചിയേയാണ്. കല്യാണം കഴിഞ്ഞ് പെണ്‍ വീട്ടുകാർ, നവ വരനെയും നവ വധുവിനെയും നല്ല വാതിലിന് ക്ഷണിക്കാൻ തോട്ടത്തിൽ ചെന്നപ്പോൾ രാജനും അവിടെയുണ്ടായിരുന്നു. കല്യാണത്തിന് ചെന്നില്ല എന്ന് പറഞ്ഞ് തോട്ടത്തിലെ അമ്മൂമ്മ (ഹരിച്ചേട്ടന്റെ അമ്മ) രാജനെ ശകാരം തുടങ്ങി.
"അവൻ കല്യാണത്തിന് വന്നിട്ടുണ്ടായിരുന്നു, മാത്രമല്ല, അവന്റെ തന്തേപ്പോലെ സദ്യക്ക് ആയിരം കുറ്റോം പറഞ്ഞു. അവിയലിന് ചുവന്നുള്ളി അരച്ചു, പ്രഥമന് തേങ്ങാപ്പാൽ കുറവായിരുന്നു...... ," അമ്മൂമ്മയുടെ ആക്രമണത്തിൽ നിന്ന് രാജനെ അന്ന് രക്ഷിച്ചത് എമ്മെനായിരുന്നു.
എമ്മെന്റെ മനസ്സിനെ വല്ലാതെ ഉലച്ച രണ്ടു സംഭവങ്ങൾ ആണ്, അനുജൻ എം.എൻ. രാമചന്ദ്രൻ നായരുടെ ആത്മഹത്യയും, ഏക മകന്റെ അകാല വേർപാടും.
രാമചന്ദ്രൻ നായർ കുങ്കുമം ഗ്രൂപ്പുകളുടെ പ്രസിദ്ധീകരണമായിരുന്ന കേരളശബ്ദത്തിന്റെ പത്രാധിപരായിരുന്നു. കടം കയറി വീർപ്പുമുട്ടിയാണ് ആത്മഹത്യ ചെയ്തത്. ഇതിനെ ചില മനുഷ്യ ദ്രോഹികൾ കാവ്യനീതി എന്ന് ആക്ഷേപിച്ചത് ഒരു ക്രൂര വിനോദമായി നമുക്ക് തള്ളിക്കളയാം.
തന്റെ സാമ്പത്തിക ബാദ്ധ്യത രാമചന്ദ്രൻ നായർ ഒരിക്കൽ എമ്മേനെ ധരിപ്പിച്ചു. എമ്മെന്റെ പട്ടത്തെ വീട് ഭാര്യയുടെ പേരിൽ ആയിരുന്നു. (സർദാർ കെ.എം. പണിക്കരുടെ മകൾ ദേവകി പണിക്കർ ആയിരുന്നു എമ്മെന്റെ സഹധർമ്മിണി) അത് വില്പന നടത്തിയോ, പണയപ്പെടുത്തിയോ കടം തീർക്കാൻ എമ്മെൻ അനുജനെ ഉപദേശിച്ചു. എമ്മെൻ അന്ന് വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയാണ്. ഏതെങ്കിലും ഒരു പ്രമാണിയെ വിളിച്ച്, "എന്റെ അനുജനെ അങ്ങോട്ടയക്കുന്നു. വിവരങ്ങൾ അവൻ പറയും." ഈ ഒരൊറ്റ വാക്ക് മതിയായിരുന്നു, കടവും തീർത്ത്, ശിഷ്ട കാലം ജീവിക്കാനുള്ള ബാങ്ക് ബാലൻസ് ഉണ്ടാക്കാൻ.
എമ്മെന്റെ സഹായങ്ങൾ ആവോളം ആസ്വദിച്ചവർ പട്ടത്തെ സ്ഥലം വിൽക്കാനുണ്ടെന്ന് കേട്ടപ്പോൾ, ചുളുവിൽ അടിച്ചെടുക്കാനുള്ള അടവുകളുമായി സമീപിച്ചു. രാമചന്ദ്രൻ നായർ സ്ഥലം വിൽക്കാനുള്ള ശ്രമത്തെ എതിർത്തതിന്റെ കാരണങ്ങളിലൊന്ന് അതായിരുന്നു. ഈ ദുർഭൂതങ്ങളാണ്, മരണത്തിന് കാവ്യ നീതിപ്പട്ടം നൽകി പരിഹസിച്ചത്. കുങ്കുമം പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥൻ റെഡ്യാർ, ആ മരണത്തിൽ മൌനം പാലിച്ചത് അർത്ഥഗർഭമാണ്. ആ കടം രാമചന്ദ്രൻ നായർക്ക് എങ്ങനെയുണ്ടായി? കടം ഒരു പരിധി കഴിഞ്ഞാൽ, വെള്ളപ്പത്രം ആയാലും, മഞ്ഞപ്പത്രം ആയാലും ശിവകാശിയിലെ പ്രസ്സുകാർ അച്ചടി നിർത്തിക്കളയും!
![]() |
സ. ഇ.എം.എസ്. |
കാറിൽ നിന്നിറങ്ങി മെല്ലെ നടന്നു വരുന്ന ഇ.എം.എസ്സിനെ നിർന്നിമേഷനായി എമ്മെൻ നോക്കി നിന്നു. എന്നിട്ട് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഒരൊറ്റ പൊട്ടിക്കരച്ചിൽ ആയിരുന്നു. എങ്ങനെ സമാശ്വസിപ്പിക്കണം എന്നറിയാതെ ഇ.എം. വികാരാധീനനായി പകച്ചു നിന്നു.
ഏത് പ്രതിസന്ധിയിലും ഉലയാത്ത മനസ്സിന്റെ ഉടമ. ഏതു കൊടികെട്ടിയ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമ്പോഴും അസ്വസ്ഥമാകാത്ത മനസ്സിന്റെ ഉടമ. ഏത് ദുർഘടപ്രശ്നത്തിനും ശാശ്വതവും, സ്വീകാര്യവുമായ ഉത്തരം കണ്ടെത്തുന്ന മനസ്സിന്റെ ഉടമ, ആ ശക്തനായ കമ്മ്യൂണിസ്റ്റ് ആചാര്യൻ, എമ്മെന്റെ മുമ്പിൽ നിന്നു വിതുമ്പി. ആ തീക്ഷണമായ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അതു കണ്ട്, അവിടെ കൂടി നിന്നവർപോലും കണ്ണുനീർ വാർത്തു......
രാവും പകലും നീളുന്ന പാർട്ടി ക്ലാസ്സുകൾ പണ്ട് ഇടയ്ക്കിടെ ഉണ്ടാവുമായിരുന്നു. എത്ര ഗൗരവമുള്ള വിഷയം ആണെങ്കിലും, സ്വതസിദ്ധമായ തന്റെ നർമ്മശൈലിയിൽ ആയിരുന്നു എമ്മെൻ ക്ലാസ് എടുത്തിരുന്നത്. എത്ര നേരം വേണമെങ്കിലും പ്രവർത്തകർ അത് കേട്ടു കൊണ്ടിരിക്കും.
ഒരുപക്ഷെ ഇന്ന് പാർട്ടി സഖാക്കൾ മടിയന്മാരും, പാർട്ടി പ്രവർത്തനത്തിൽ ചിട്ടയും, ജാഗ്രതയും കാണിക്കാത്തതും, കുത്തഴിഞ്ഞ ജീവിത ശൈലിയുടെ ഉടമകളായി തീർന്നതും പാർട്ടി ക്ലാസ്സുകളുടെയും, കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന്റെയും അഭാവം കൊണ്ട് തന്നെയായിരിക്കണം.
(കഴിഞ്ഞു)
No comments:
Post a Comment