ഓടരുത് എമ്മാ, ആളറിയാം (ഭാഗം മൂന്ന് )
(Communist Party of India Leader M.N. Govindan Nair)
ഒളിവിൽ കഴിയുമ്പോഴും ശുപാർശ പ്രാർത്ഥികൾ എമ്മെനെ സമീപിക്കുമായിരുന്നു. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ, സ്ഥലംമാറ്റം, ജോലിക്കാര്യം. ഇക്കൂട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥന്മാരും, എന്തിന് പോലീസ് ഉദ്യോഗസ്ഥന്മാർ പോലുമുണ്ടായിരുന്നു.
സഖാക്കൾ പി.ടി. പുന്നൂസ്, കെ.സി. ജോർജ്ജ്, പുതുപ്പള്ളി രാഘവൻ, ശങ്കരനാരായണൻതമ്പി തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ഒരു രഹസ്യ യോഗം ഒരിക്കൽ പന്തളത്ത് നടന്നു. മൂന്നോ നാലോ ദിവസം പന്തളം കൊട്ടാരത്തിലെ ഒരൊഴിഞ്ഞ കെട്ടിടത്തിൽ, ഒരു ഇരുൾ മുറിയിൽ എമ്മെനു കാത്തിരിക്കേണ്ടി വന്നു. ഓരോരുത്തരായി അതീവ രഹസ്യമായിട്ടു വേണമല്ലോ നേതാക്കന്മാർക്ക് എത്തിച്ചേരാൻ.
![]() |
സ.കെ. ശങ്കരനാരായണൻതമ്പി |
'Mr. Govindan Nair, don't run, come here" അതോരാജ്ഞയായിരുന്നു. രക്ഷപ്പെടാൻ ഒരു മാർഗവും കാണുന്നില്ല. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് സാഹസവും, അതിലേറെ മണ്ടത്തരവുമായിരിക്കും. എമ്മെൻ ശരിക്കും ഭയന്ന് പോയി. സ്വന്തം ജീവനെ ഓർത്തല്ല. അതീവ രഹസ്യമായി കാത്തു സൂക്ഷിക്കേണ്ട പാർട്ടി രേഖകളാണ് കയ്യിൽ. കേന്ദ്ര - സംസ്ഥാന നേതാക്കളുടെ പര്യടന വിവരങ്ങൾ, ഒളിവിലിരിക്കുന്ന നേതാക്കളുടെ പൂർണ്ണ വിവരങ്ങൾ, നടത്താനിരിക്കുന്ന പ്രക്ഷോഭങ്ങളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ, ഇതെല്ലാമാണ് കൈവശം ഇരിക്കുന്നത്.
എമ്മെൻ പതറിയില്ല. നേരെ കാറിന്റടുത്തേക്ക് ചെന്നു. പിൻ സീറ്റിൽ രണ്ടു പേർ ഇരിക്കുന്നു. അല്ല, ഒരാൾ കിടക്കുകയാണ്. മറ്റെയാൾ യൂണിഫോമിൽ. പദവിയെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ കണ്ടപ്പോൾ തന്നെ എമ്മെന് മനസ്സിലായി, ഡി.ഐ.ജി. കിടക്കുന്നയാൾ അടിവസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളൂ.
ഡി.ഐ.ജി.യെയും, അടിവസ്ത്രധാരിയേയും കണ്ട് എമ്മെൻ പൊട്ടിച്ചിരിച്ചു. "എടോ പുളൂ, താനെന്നാടോ ഡി.ഐ.ജി. ആയത് ?"
കാറിൽ ഉണ്ടായിരുന്നത് ഡി.ഐ.ജി. തന്നെയായിരുന്നു. പക്ഷെ അത് യൂണിഫോമിലുള്ള ആളായിരുന്നില്ല എന്ന് മാത്രം.
ഇന്നത്തെ പോലെ മുഴത്തിനു മുഴത്തിന് ഡി.ഐ.ജി.മാരുള്ള കാലമല്ല. തിരു - കൊച്ചിയിൽ ഒരു ഐ.ജി. മാത്രമേ ഉണ്ടായിരുന്നുള്ളൂ, ധിക്കൃതശക്രപരാക്രമശാലിയായ ഖാൻ ബഹാദൂർ സെയ്ദ് അബ്ദുൾ കരിം സാഹിബ്. ഒരൊറ്റ ഡി.ഐ.ജി. മാവേലിക്കര കൊട്ടാരത്തിലെ വലിയ തമ്പുരാൻ. ഐ.ജി.യേക്കാൾ പ്രതാപശാലി ആയിരുന്നു ഡി.ഐ.ജി. കാരണം മറ്റൊന്നുമല്ല, നാടു വാഴുന്ന പൊന്നുതമ്പുരാന്റെ മാതുലനായിരുന്നു അദ്ദേഹം.
"Most wanted criminal, റാസ്ക്കൽ നിന്ന് കളിയാക്കി ചിരിക്കുന്നോ......?" - തമ്പുരാനാണ്.
"എന്തവാടോ പുളൂ ഇതിന്റെയൊക്കെ അർത്ഥം?" - എമ്മെൻ യൂണിഫോമിനോട് ചോദിച്ചു.
പുളു എന്നു പറഞ്ഞാൽ, പന്തളം സാർ എന്നറിയപ്പെട്ടിരുന്ന രാമകൃഷ്ണൻഉണ്ണിത്താൻ. കൊട്ടാരക്കരക്കടുത്തുള്ള നെല്ലിക്കുന്നം സ്ക്കൂളിലെ അദ്ധ്യാപകൻ. ഇവർ രണ്ടുപേരും എമ്മെന്റെ സഹപാഠികൾ ആയിരുന്നു.
ഉണ്ണിത്താൻ സാർ സംഗതി വിശദീകരിച്ചു. കൊട്ടാരക്കര ഡിവിഷണൽ പോലീസ് ഓഫീസ് ഇൻസ്പെക്ഷന് എത്തിയതാണ് ഡി.ഐ.ജി. പരിശോധന കഴിഞ്ഞ് നേരെ പോകേണ്ടത് കോട്ടയത്തിന്. ക്യാമ്പ് കുമരകം കൊട്ടാരത്തിൽ. നാലു ഷിവാസ് റീഗൽ അകത്തു ചെന്നപ്പോൾ പഴയ സതീർത്ഥ്യനെ ഓർമ്മ വന്നു. ഉടനടി പിടിച്ചു കൊണ്ടുവരാൻ ഇൻസ് പെക്ടറോട് ആജ്ഞാപിച്ചു.
പുളുവിനെ കസ്റ്റഡിയിൽ കിട്ടിയപ്പോൾ തമ്പുരാന് ഒരു മോഹം. "എടോ പുളൂ, താനീ യൂണിഫോമിട്."
അങ്ങനെയാണ് ഉണ്ണിത്താൻ സാർ തിരു - കൊച്ചി ഡെപ്യൂട്ടി ഇൻസ് പെക്റ്റർ ജനറൽ ഓഫ് പോലീസ് ആയത്.
"തമ്പുരാൻ ഫിറ്റാ.... " - ഉണ്ണിത്താൻ സാർ പറഞ്ഞു.
"എടോ, ഇതിന് ഫിറ്റെന്നല്ല, അണ്‍ ഫിറ്റെന്നാ പറയുന്നത്." - എമ്മെൻ.
![]() |
സ.എമ്മെൻ |
ഏതായാലും ഡി.ഐ.ജി.യെ കയ്യിൽ കിട്ടിയതല്ലേ, വെറുതെ വിടുന്നത് ശരിയല്ലല്ലോ?എമ്മെന്റെ വക രണ്ട് ശുപാർശകൾ സമക്ഷംബോധിപ്പിച്ചു. കളിയിക്കാവിളക്കാരൻ ഒരു ഇൻസ് പെക്റ്റർ, ദേവികുളം സ് റ്റേഷനിലുണ്ട്. അയാൾക്ക് അവിടെയൊരു ലേഡി ഡോക്ടറുമായി ചില്ലറ അവിഹിതം. നാടാർക്ക് തിരുവനന്തപുരം ജില്ലയിലേക്ക് ഒരു പണീഷ് മെന്റ് ട്രാൻസ്ഫർ കൊടുക്കണം. മറ്റൊന്ന്, പന്തളത്തുകാരൻ ഒരു പോലീസുകാരൻ ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. പന്തളത്ത് വീട്ടിൽ അയാളുടെ പ്രായമായ തള്ള മാത്രമേയുള്ളൂ. അവന് പന്തളത്തേക്കോ ചെങ്ങന്നൂരേക്കോ ഒരു മാറ്റം. നിവേദനങ്ങളെല്ലാം ജൂബ്ബായുടെ പോക്കറ്റിൽ എപ്പോഴും റെഡിയാണ്. ഏതു വഴിക്കാണ് അനുകൂലമായ കാലാവസ്ഥ വന്നണയുന്നത് എന്ന് നിർവ്വചിക്കാനാവില്ലല്ലോ? നിവേദ്യമെടുത്ത് തമ്പുരാനെ ഏൽപിച്ചു.
"ദയവു ചെയ്ത് താനൊന്നു മാറി നിൽക്ക് ഗോവിന്ദൻനായരെ, എന്റെ മുന്നീന്ന്.... , വല്ല ബീറ്റ് പോലീസുകാരും ഇതെങ്ങാനും കണ്ടോണ്ടു വന്നാൽ." - തമ്പുരാന് ആകെയൊരു വൈഷമ്യം.
"അപ്പോൾ എന്റെ നാടാരും പോലീസുകാരനും...... ?" - എമ്മെൻ ചോദിച്ചു.
"തന്റെ നാടാർ കളിയിക്കാവിളയിൽ അവന്റെ നാടാത്തിയുടെ ദൃഷ്ടിപഥത്തിൽ. മറ്റേ മാപ്പളച്ചെറുക്കനെ പന്തളത്തും. പോരേ..., എന്റെ പൊന്നു ഗോവിന്ദൻനായരെ, താനെവിടെക്കെങ്കിലും ഒന്നു മാറി ഒളിച്ചു നിൽക്ക്, ഞാൻ പൊയ്ക്കോട്ടെ...... "
ഇത് വായിക്കുമ്പോൾ ഒരു fairy tale പോലെ വായനക്കാർക്ക് തോന്നിയേക്കാം. പക്ഷെ സംഭവം നൂറു ശതമാനം സത്യമാണ്. മേൽ പ്രസ്താവിച്ച ഉണ്ണിത്താൻ സാർ, പിൽക്കാലത്ത് എന്റെയൊരു അടുത്ത ബന്ധുവായി തീർന്നു. അദ്ദേഹത്തിന്റെ മകൻ അഡ്വ. ആർ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താനാണ് എന്റെ ഇളയ സഹോദരി മിനിയെ വിവാഹം കഴിച്ചിരിക്കുന്നത്.
No comments:
Post a Comment