Sunday, March 1, 2015

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ അരങ്ങേറിയ സുന്ദരീസ്വയംവരം


പത്മഭൂഷണ്‍ മടവൂരിന്റെ ഘടോൽകചൻ 
ടിപ്പുവിന്റെ പടയോട്ട കാലത്ത് (പതിനെട്ടാം നൂറ്റാണ്ടിൽ) മലബാറിൽ നിന്ന് പലായനം ചെയ്ത് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ വാസം അനുഷ്ഠിച്ച ഒട്ടനവധി ബ്രാഹ്മണ ക്ഷത്രിയ കുടുംബങ്ങൾ ഉണ്ട്. അങ്ങനെയുള്ള ഒരു കുടുംബത്തിലെ ഒരംഗം ആയിരുന്നു മാവേലിക്കരയ്ക്കടുത്തുള്ള ചെന്നിത്തലയിൽ വന്നു താമസിച്ചിരുന്ന കുന്നത്ത് പോറ്റി എന്നറിയപ്പെട്ടിരുന്ന സുബ്രഹ്മണ്യൻ പോറ്റി. അദ്ദേഹം ചെന്നിത്തലയിൽ കുന്നത്ത് എന്നൊരില്ലം പണി കഴിപ്പിച്ച് താമസ്സമാക്കി. അന്ന് മുതൽക്ക്  അദ്ദേഹം കുന്നത്ത് പോറ്റി എന്നാണറിയപ്പെട്ടിരുന്നത്.  നാട്യകലയിലും വാദ്യവാദനത്തിലും വിദഗ്ദ്ധനായിരുന്ന അദ്ദേഹം സ്വാതി തിരുനാളിന്റെ സദസ്യനും ആയിരുന്നു. കുന്നത്ത്  ഇല്ലം കാലാന്തരത്തിൽ അഗ്നിബാധയിൽ നശിച്ച്  സന്തതി പരമ്പര അവസാനിച്ചു എന്നുമാണ്  ചരിത്രം.
ഇരാവാൻ - നെല്ലിയോട്

അഭിനയത്തേക്കാൾ വേഷത്തിന് പ്രാധാന്യമുള്ള ഒരാട്ടക്കഥയാണ് സുന്ദരീസ്വയംവരം. ശ്രീകൃഷ്ണന് സത്യഭാമയിൽ ജനിച്ച മകളാണ് സുന്ദരി. ശ്രീകൃഷ്ണന് മകളെ അർജ്ജുനപുത്രനായ അഭിമന്യുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. സത്യഭാമയുടെ ആഗ്രഹവും മറിച്ചായിരുന്നില്ല. ജ്യേഷ്ഠൻ ബലഭദ്രന്റെ ഇംഗിതമാകട്ടെ ദുര്യോധനന്റെ മകൻ ലക്ഷണനെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നും. ജ്യേഷ്ഠനെ നേരിട്ട് എതിർക്കാൻ മാർഗ്ഗമില്ലാത്തതു കൊണ്ട് സ്വയംവരം ആകട്ടെ എന്ന് നിശ്ചയിച്ചു. സ്വയംവരത്തിന് അഭിമന്യു യാത്ര പുറപ്പെട്ടു. മറ്റൊരു വഴിക്ക് ദുര്യോധനാദികളും.
ദുര്യോധനനും ഭാനുമതിയും (ഫാക്റ്റ് മോഹനൻ, കലാ. അനന്തകൃഷ്ണൻ)

പോകുന്ന വഴിക്ക് അഭിമന്യു, ഘടോൽകചന്റെ ഭ്രുത്യനായ വജ്രദംഷ്ട്രൻ എന്നൊരു രാക്ഷസനെ യുദ്ധത്തിൽ വധിച്ചു. തന്റെ സന്തത സഹചാരിയെ വധിച്ചതറിഞ്ഞ് ഘടോൽകചൻ, കാരണക്കാരനായ അഭിമന്യുവുമായി യുദ്ധം ആരംഭിച്ചു. ഒടുവിൽ ജ്യേഷ്ഠ-അനുജ പുത്രന്മാരാണെന്നു മനസ്സിലാവുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. ഘടോൽകചൻ അഭിമന്യുവിനെ മാതാവായ ഹിഡുംബിയുടെ അടുത്ത്  കൂട്ടിക്കൊണ്ടു പോയി. തനിക്കുള്ള ആഹാരവുമായി വരുന്ന മകനെ കണ്ട്  ഹിഡുംബി സന്തോഷിച്ചു. അർജ്ജുനപുത്രനാണ്  മകനോടൊപ്പമുള്ളതെന്നും ശ്രീകൃഷ്ണ പുത്രിയായ സുന്ദരിയെ പരിണയിക്കാൻ ദ്വാരകയിലേക്ക്  പോവുകയാണെന്നും ഹിഡുംബി മനസ്സിലാക്കി. ഹിഡുംബി ഘടോൽക്കചനേയും അഭിമന്യുവിന്റെ കൂടെ പറഞ്ഞയച്ചു.

നെല്ലിയോട്, കലാഭാരതി ഹരികുമാർ, മടവൂർ.
ദ്വാരകയിലേക്കുള്ള യാത്രയിൽ, വനത്തിൽ രണ്ടു മലകളിലായി പാദങ്ങൾ വെച്ച്  ആയുധം മിനുക്കുന്ന ഇരാവാനെ കണ്ടു. (ഇരാവാൻ ആയുധത്തിന്റെ ഒരു വശം മാത്രമേ മിനുക്കുകയുള്ളൂ. കളിയുടെ അന്ന്  വൈകിട്ട്  ഞങ്ങൾ - മടവൂരാശാൻ, നെല്ലിയോടാശാൻ, ഫാക്റ്റ്  മോഹനൻ, കലാഭാരതി ഹരികുമാർ, ഞാൻ  - ഒരു ചർച്ച നടത്തിയിരുന്നു. ആ വേളയിൽ നെല്ലിയോടാശാൻ പറഞ്ഞതാണ്  ഈ വിശേഷം.) തങ്ങൾക്ക്  പോകാൻ പാദങ്ങൾ മാറ്റിത്തരാൻ അവർ ആവശ്യപ്പെട്ടു. വേണമെങ്കിൽ കാലുകൾക്കിടയിൽ കൂടി പൊയ്ക്കൊള്ളാൻ ഇരാവാൻ പറഞ്ഞു. കൊപിഷ്ടരായ ഇരുവരും ഇരാവാനുമായി ഏറ്റുമുട്ടി. യുദ്ധത്തിൽ ആകെ തളർന്നു പോയ ഇരാവാൻ, തന്നോട്  യുദ്ധം ചെയ്ത വീരന്മാർ സ്വന്തം സഹോദരന്മാരാണെന്ന്  മനസ്സിലാക്കി. അർജ്ജുനന്  ഉലൂപിയിൽ ജനിച്ച മകനാണ്  ഇരാവാൻ. ദ്വാരകയിലേക്കുള്ള യാത്രയിൽ ഇരാവാനും ഒപ്പം കൂടി.
https://youtu.be/GISfsXsz62s
അവിടെ ദുര്യോധനൻ, ലക്ഷണൻ തുടങ്ങിയവരുമായി മൂന്നു പേരും ഏറ്റുമുട്ടി. ദുര്യോധനനെയും ലക്ഷണനേയും ബന്ധനത്തിലാക്കുന്നതും മറ്റും വളരെ രസകരമായ രംഗങ്ങൾ ആണ്. ആദ്യാവസാനം അരങ്ങ് കൊഴുപ്പിക്കുന്ന ഒരാട്ടക്കഥയാണിത്‌.
വജ്രദംഷ്ട്രൻ (കലാ. അഖിൽ)

ഘടോൽകചൻ, ദുര്യോധനൻ, ലക്ഷണൻ - കത്തി, അഭിമന്യു, കൃഷ്ണൻ, കർണ്ണൻ - പച്ച, ബലഭദ്രർ - പഴുപ്പ്, ഈരാവാൻ - ചുവന്ന താടി, ഹിഡുംബി - പെണ്‍കരി, വജ്രദംഷ്ട്രൻ - കറുത്ത വട്ടമുടി, കൃപർ, ഭീഷ്മർ, ദൂതൻ - മിനുക്ക്‌ അങ്ങനെ വൈവിദ്ധ്യമുള്ള വേഷങ്ങൾ ഈ കഥയുടെ സവിശേഷതയാണ്.
പണ്ട് മദ്ധ്യ തിരുവിതാംകൂറിൽ വളരെ രംഗ പ്രചാരമുള്ള കഥയായിരുന്നു ഇത്. സുന്ദരീസ്വംവരം തിരുവല്ല അമ്പലത്തിൽ
ഇങ്ങനെ വേണമായിരുന്നു വജ്രദംഷ്ട്രൻ
പതിവായിരുന്നു. ഗുരു ചെങ്ങന്നൂർ
രാമൻപിള്ള, കണ്ണഞ്ചിറ കൃഷ്ണപിള്ളയശാൻ എന്നീ ഗുരുനാഥന്മാർ ഘടോൽകചൻ കെട്ടി പെരെടുത്തിട്ടുള്ളവർ ആണ്.
ഘടോൽകചൻ, അഭിമന്യു, ദുര്യോധനൻ, ഇരാവാൻ, ഹിഡുംബി, വജ്രദംഷ്ട്രൻ, ശ്രീകൃഷ്ണൻ തുടങ്ങിയ വേഷങ്ങൾ ആദ്യസ്ഥാന വേഷക്കാർ തന്നെയാണ്  പണ്ട്  കെട്ടിവന്നിരുന്നത്.  ചമ്പക്കുളം പാച്ചുപിള്ളയുടെ ഇരാവാൻ, പന്തളം കേരളവർമ്മ, തിരുവല്ല മാധവൻപിള്ള എന്നിവരുടെ ഹിഡുംബി, ആറ്റിങ്ങൽ കൃഷ്ണപിള്ളയാശാന്റെ (തോന്നയ്ക്കൽ പീതാംബരന്റെ പിതാവ്) വജ്രദംഷ്ട്രൻ തുടങ്ങിയവരുടെ അരങ്ങ്  അതിഗംഭീരമായിരുന്നു എന്ന്  പഴയ തലമുറ പറഞ്ഞു കേട്ടിട്ടുണ്ട്. തിരുവല്ല ചെല്ലപ്പൻപിള്ളയും, തകഴി കുട്ടൻപിള്ളയുമായിരുന്നു അക്കാലത്ത്  സുന്ദരീസ്വയംവരത്തിന്  തിരുവല്ലയിൽ പാടിയിരുന്നത്. കണ്ണഞ്ചിറ കൃഷ്ണപില്ലയാശാന്റെ അഭിമന്യുവും, സഹോദരൻ കണ്ണഞ്ചിറ രാമൻപിള്ളയുടെ ഘടോൽകചനും കാണാനുള്ള ഭാഗ്യം തിരുവല്ല ഗോപിക്കുട്ടൻനായരാശാന്  കിട്ടിയിട്ടുണ്ട്.

ഘടോൽകചനും അഭിമന്യുവും (മടവൂരാശാൻ, കലാഭാരതി ഹരികുമാർ)

 മൊത്തത്തിൽ സംഗീതപരമായി വലിയ മേന്മ സുന്ദരീസ്വയംവരത്തിന്  അവകാശപ്പെടാനില്ല. എങ്കിലും അതീവ ഹൃദ്യമായ രണ്ടു മൂന്നു പദങ്ങൾ ഇതിലുണ്ട്. "വണ്ടാർകുഴലിമരെ കണ്ടാലുമാരാമം"  എന്ന തോഡിയിലുള്ള കൃഷ്ണന്റെ പദം, രുഗ്മിണിയും സത്യഭാമയും ചേർന്നുള്ള "പ്രാണനായകാ കേട്ടാലും" എന്ന പൂർവ്വികല്യാണിയിലുള്ള പദവും രചനയിലും സംഗീതത്തിലും മുന്നിട്ടു നിൽക്കുന്നതു തന്നെ. "കാമിനിമാർ മൗലിമണേ കാമരസപാത്രേ" എന്ന ദുര്യോധനന്റെ പാടിപ്പദവും കേമം തന്നെ. സംഗീതത്തേക്കാൾ രംഗങ്ങളുടെ ഭാവതീവ്രതയ്ക്കാണ്  കവി പ്രാധാന്യം കൊടുത്തിരിക്കുന്നത്  എന്ന്  തോന്നുന്നു.
http://youtu.be/7zJv4Hs6S6E
ഇക്കൊല്ലത്തെ തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവദിനമായ ഫെബ്രുവരി 26 -നു നടന്ന 2 കഥകളിൽ ഒന്ന് സുന്ദരീസ്വയംവരം ആയിരുന്നു. ഏതാണ്ടൊരു നാൽപ്പത് വർഷങ്ങൾക്കു ശേഷം തിരുവല്ലയിൽ അവതരിപ്പിച്ച  ഈ കളിയ്ക്ക് കേരളത്തിലെ ഒട്ടേറെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുകയുണ്ടായി. രാത്രി 10 മണിക്ക് കളിവിളക്ക് തെളിഞ്ഞു.പത്മഭൂഷണ്‍ മടവൂർ വാസുദേവൻ നായർ -ഘടോൽകചൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി -ഇരാവാൻ, കലാഭാരതി ഹരികുമാർ -അഭിമന്യു, കലാമണ്ഡലം ബാലകൃഷ്ണൻ - ഹിഡുംബി, കലാമണ്ഡലം അഖിൽ - വജ്രദംഷ്ട്രൻ, ചിറയിൻകീഴ്  മുരുകൻ - കൃഷ്ണൻ എന്നിവരായിരുന്നു അരങ്ങത്ത്  എത്തിയത്.
തിരുവല്ല ഗോപിക്കുട്ടൻനായർ
 തിരുവല്ല ഗോപിക്കുട്ടൻ നായർ, കലാമണ്ഡലം സുരേന്ദ്രൻ, പരിമണം മധു, മംഗലം നാരായണൻനമ്പൂതിരി എന്നിവരാണ് പാടിയത്. കുറൂർ വാസുദേവൻനമ്പൂതിരി, കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി പീതാംബരൻ, കലാഭാരതി ജയശങ്കർ, കലാമണ്ഡലം അജി കൃഷ്ണൻ, കലാമണ്ഡലം രാജേഷ്‌  എന്നിവരായിരുന്നു മേളം.
ഇന്ന് അരങ്ങിൽ വളരെ അപൂർവ്വമായ ഈ കഥ തിരുവല്ലയിലെ ശ്രീവൈഷ്ണവം കഥകളി പഠന കളരിയാണ്   അവതരിപ്പിച്ചത്. നല്ല ഒരു ആസ്വാദക വൃന്ദം കളി കാണാൻ സന്നിഹിതരായിരുന്നു.
കലാകാരന്മാരെല്ലാം മികവു പുലർത്തി എന്ന്  നിസ്സംശയം പറയാം. സ്വയംവര പന്തലിൽ വെച്ച്  ലക്ഷണനെ തൊണ്ടു മാലയും, ചിരട്ട മാലയുമൊക്കെ അണിയിച്ച്  ഘടോൽകചനും, ഇരാവാനും അപഹസിക്കുന്ന രംഗം വളരെ രസകരമായിരുന്നു.
ലക്ഷണകുമാരനെ തൊണ്ടുമാലയിട്ട്  അപഹസിക്കുന്നു

ഈ കഥകളി കാണുന്ന അരങ്ങ്  ഒരിക്കലും മുഷിയുകയില്ല. പണ്ഡിതനും പാമരനും ഒരുപോലെ ഇത്  ആസ്വദിക്കും എന്നാണ്  എന്റെ അഭിപ്രായം.
വജ്രദംഷ്ട്രന്  കറുത്ത വട്ടമുടിയാണ്  എന്ന്  പ്രത്യേകം ഞാൻ അണിയറയിൽ പറഞ്ഞിരുന്നതാണ്. മണ്ടത്തരങ്ങൾ പലതും കണ്ടിട്ടുള്ള അനുഭവം വെച്ചാണ്  ഞാനിത്  ഓർമ്മിപ്പിച്ചിരുന്നത്. പക്ഷെ തിരുവല്ലയിലെ വജ്രദംഷ്ട്രൻ വട്ടമുടിയോ, ചതുരമുടിയോ ആയിരുന്നില്ല. ആ വേഷം കണ്ടപ്പോൾ എനിക്ക്  ഓർമ്മ വന്നത്  ഗുരുദക്ഷിണയിലെ ശംഖനെയാണ്.
ആറാം ഉത്സവത്തിനു നടന്ന സുന്ദരീസ്വയംവരത്തിന്  എന്തെങ്കിലും ഒരു പോരായ്മ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 സുന്ദരീസ്വയംവരം ആട്ടക്കഥയിൽ, ഒന്നാം രംഗത്തിൽ ശ്രീകൃഷ്ണപത്നിമാർ അവതരിപ്പിക്കുന്ന ഒരു കുമ്മിയുണ്ട്.
"വല്ലവിമാരെ! ധരിച്ചീടുവിൻ
മല്ലാരിതൻ തിരുമുമ്പിലിപ്പോൾ
കല്യാണി പാടി വരാടിയും
ചൊല്ലുള്ള തൊടി തുടങ്ങി നാം മെല്ലവേ മോഡി കലർന്നുട-
നെല്ലാവരുമുല്ലാസമോടല്ലാതൊരു കില്ലെന്നിയേ,
മല്ലാക്ഷിമാർകളേ! താളഭംഗം ചെറ്റും
ഇല്ലാതെ പാടിക്കളിച്ചീടണം."
ഈ കുമ്മിയുടെ രണ്ടോ മൂന്നോ വരികളേ തിരുവല്ലയിൽ ഗോപി ചേട്ടൻ പാടിയുള്ളു. പിന്നീട്  കണ്ടപ്പോൾ കാരണം ഞാൻ അന്വേഷിച്ചിരുന്നു.
"സാഹിത്യ സുന്ദരമല്ല ഇതിന്റെ രചന. രംഗവൈചത്ര്യത്തിനാണ്  സ്ഥാനം. മിക്ക പദങ്ങളും ശ്ലോകങ്ങളും ഒഴുക്കൻ മട്ടിൽ എഴുതിയിട്ടുള്ളതാണ്. ഈ കുമ്മി തന്നെ, ഉത്തരാസ്വയംവരത്തിന്റെ അസ്സൽ അനുകരണമാണ്. രംഗ പൊലിമകൊണ്ടാണ്  ഈ കഥ പ്രസിദ്ധി നേടിയത്."
കുമ്മി ഒഴിവാക്കിയാലും സുന്ദരീസ്വയംവരം പൊടിപൊടിക്കും.
തിരുവല്ലയിൽ കളി കണ്ട എല്ലാവർക്കും അത്  ബോദ്ധ്യപ്പെട്ടു കാണും.
ഈ ആട്ടക്കഥയുടെ രചയിതാവായ കുന്നത്ത്  പോറ്റി പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി എന്നു മാത്രമേ പല രേഖകളിലും എനിക്ക്  കാണാൻ കഴിഞ്ഞിട്ടുള്ളൂ. എ.ഡി. 1775 -ൽ ആണ്  അദ്ദേഹം ജനിച്ചത്  എന്നോരറിവ്   എനിക്ക്  ലഭിച്ചിരിക്കുന്നു.

Monday, February 16, 2015

രണ്ടായ നിന്നെയിഹ ഒന്നായി കണ്ടതിലുണ്ടായ ഒരു ഇണ്ടൽ...!!



ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലനെ പൊതുവേദിയിൽ, വി.എം. സുധീരൻ ആക്ഷേപിച്ചതായി ഒരു വാർത്ത  പത്ര താളുകളിൽ കണ്ടു.  താൻ പങ്കെടുക്കുന്ന യോഗത്തിൽ, ഒരു മദ്യ വ്യവസായിയെ പങ്കെടുപ്പിച്ചതാണത്രെ സുധീരൻ രൗദ്രഭീമൻ ആകാനുണ്ടായ കാരണം.
."...വാണീം പുനരേണീവിലോചന നടുങ്ങീ..." എന്ന്   ഇരയിമ്മൻ തമ്പി വിശേഷിപ്പിച്ച ഉത്തരാസ്വയംവരത്തിലെ സൈരന്ധ്രിയുടെ അവസ്ഥയിലായിരുന്നു  സുധീരൻ എന്നാണ്  ചടങ്ങിൽ സംബന്ധിച്ച പത്രക്കാർ പറയുന്നത്.


ഒരു കള്ളുകച്ചവടക്കാരൻ കൊടുത്ത കാറിൽ ഒരുളുപ്പും ഇല്ലാതെ തേരാപ്പാരാ കറങ്ങിനടന്ന സുധീരൻ വലിയ ആദർശമൊന്നും തന്റടുത്ത്  വിളമ്പേണ്ടതില്ലെന്ന്  ഗോകുലം തിരിച്ചടിച്ചു. ഇപ്പോൾ മുഖ്യമന്ത്രി തൊട്ട്  കോണ്‍ഗ്രസ്സ്  നേതാക്കന്മാർ കുത്തിയിരുന്ന്  ഗോകുലത്തിലേക്ക്  ഫോണ്‍ ചെയ്യുന്ന തിരക്കിലാണ്.  പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ട്.  അത്  അഗർബത്തിയുടെ പരസ്യം! പക്ഷെ ഇതങ്ങനെയല്ല. എല്ലാവർക്കും ഒരു കാരണമേയുള്ളൂ.
ഛെടാ, ഇവനേക്കൊണ്ട്  മഹാ തൊല്ലയായല്ലോ, ഭഗവതീ.....
സുധീരന്  കാറു കൊടുത്ത കാര്യം മദ്യ വ്യവസായി ദിലീപ് കുമാർ നിഷേധിച്ചുകണ്ടില്ല. പത്തിരുപത്  വർഷം എന്റെ കാറാണ്  സുധീരൻ അവർകൾ ഉപയോഗിച്ചത്. ഗോകുലാഷ്ടമി പറഞ്ഞത്  നേരാണ്.

ഗോകുലം ഗോപാലൻ
ആ ടി.എൻ. പ്രതാപൻ ചില സത്യങ്ങൾ വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ നമ്മൾ ഇരുട്ടിൽ തപ്പുകയും, ആദർശ ധീരനായ സുധീരൻ സംശയത്തിന്റെ നിഴലിൽ ആകുകയും ചെയ്യുമായിരുന്നു.
ദിലീപ്  മദ്യ വ്യവസായി എന്ന നിലയിൽ കൊടുത്ത കാറല്ല സുധീരൻ സ്വീകരിച്ചത്.
ഹോ, ദൈവം ഉണ്ടെന്നു പറയുന്നത്  നേരാ!
സംഗതിയുടെ കിടപ്പ്  ഇങ്ങനെയാണ്.
പത്തിരുപത്  വർഷം മുമ്പു മുതലുള്ള  കുറെ കഥകൾ, മനസ്സിന്റെ ഭാവന അനുസരിച്ച്  നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കാൻ അഭ്യർത്ഥിക്കുന്നു.
ഒരിക്കൽ പ്രതാപനും, ദിലീപ് കുമാറും കൂടി സുധീരനെ കാണാൻ ചെല്ലുന്നു. ഒരു സംഗതി സാധിച്ചു കിട്ടണം. "കളക് ടറോട്‌  ഒരു ശുപാർശ...
ശുപാർശയോ..ഓടിക്കോണം എന്റെ മുമ്പീന്ന്.. സുധീരൻ അവരെ ഓടിച്ചു.
മറ്റൊരിക്കൽ. അന്ന്  സുധീരൻ ആരോഗ്യ മന്ത്രിയാണ്. ദിലീപ്  കുമാർ പറഞ്ഞു, അച്ഛൻ മുളങ്കുന്നത്തു കാവ്  മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ആണ്, ഒരു പേ വാർഡ്‌  കിട്ടാൻ ഒന്ന്  സഹായിക്കണം.
ഒഴിവ്  ഉണ്ടെങ്കിൽ കിട്ടും. ഞാൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും ഇടപെടുകയില്ല, എന്നറിയരുതോ..? പറഞ്ഞു കൊടുക്ക്  പ്രതാപാ...
ഇനി മറ്റൊരു സന്ദർഭം
ഞങ്ങളുടെ നാട്ടിലുള്ള ഒരു ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവ കാരുണ്യ ക്യാമ്പ് നടത്തുകയാണ്.  സുധീരൻ സാർ വന്ന്  അത്  ഉൽഘാടനം ചെയ്തു തരണം.
താനൊരു മദ്യ വ്യവസായി അല്ലേ..താൻ പങ്കെടുക്കുന്ന യോഗത്തിൽ വരാൻ എന്റെ ആദർശം സമ്മതിക്കുന്നില്ല.
എം.എൽ.എ. പണിയും മന്ത്രി പണിയും എല്ലാം കഴിഞ്ഞപ്പോഴാണ്  സ്വന്തമായി ഒരു കാറു വേണം ചിന്ത സുധീരനിൽ ഉദയം ചെയ്യുന്നത്.
ചിന്ത പ്രതാപനുമായി പങ്കുവെച്ചു. സംഗതി പ്രതാപൻ ഏറ്റു. നേരെ പോയി ദിലീപ്  കുമാറിനെ കാണുന്നു. എടാ, ദിലീപേ, നമ്മുടെ സുധീരൻ സാറിന്  ഒരു കാറു വേണമല്ലോ...
അതിനെന്താ എന്റെ കാറ്  കൊടുക്കാമല്ലോ...സുധീരൻ സാറിന്  എന്തു ചെയ്തു കൊടുക്കുന്നതും എനിക്ക്  സന്തോഷമുള്ള കാര്യമല്ലേ..

ടി.എൻ. പ്രതാപൻ




അല്ല, ഒരു സംശയം. ഗോകുലം ഗോപാലൻ , ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ സംഘടിപ്പിച്ച ആ യോഗത്തിൽ, അബ്‌കാരി കണ്‍ട്രാക്ക്  എന്ന നിലയിലാണോ, മാളോരെ പങ്കെടുത്തത്.
പിന്നെ, ഈ കേട്ടതൊക്കെ തൊലി പോലും കളയാതെ വിഴുങ്ങാൻ ഇവിടുള്ളവരെല്ലാം കോത്താഴത്തുള്ള പുളുന്താന്മാരല്ലിയോ.....?


Thursday, January 22, 2015

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : കൊടുത്താൽ കൊല്ലത്തും കിട്ടും, പൂഞ്ഞാറ്റിലും കിട്ടു...

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : കൊടുത്താൽ കൊല്ലത്തും കിട്ടും, പൂഞ്ഞാറ്റിലും കിട്ടു...: സ്ഥിതി സമത്വവും, ജാധിപത്യവും, മത സാമുദായിക ഐക്യവും, സ്ത്രീശാക്തീകരണവുമൊക്കെ നിലനിൽക്കത്തന്നെ, ഏതെങ്കിലും ഒരു മന്ത്രിക്കെതിരെയോ, എന്തിന്  ...

Wednesday, January 21, 2015

കൊടുത്താൽ കൊല്ലത്തും കിട്ടും, പൂഞ്ഞാറ്റിലും കിട്ടും!



സ്ഥിതി സമത്വവും, ജാധിപത്യവും, മത സാമുദായിക ഐക്യവും, സ്ത്രീശാക്തീകരണവുമൊക്കെ നിലനിൽക്കത്തന്നെ, ഏതെങ്കിലും ഒരു മന്ത്രിക്കെതിരെയോ, എന്തിന്  ഭരണ മുന്നണിയിലെ ഒരു ചോട്ടാ നേതാവിനെതിരെയോ ആരെങ്കിലും അടിസ്ഥാനരഹിതമായ വേണ്ടാധീനം പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി. എഫ്.ഐ.ആറും., ഇന്ത്യൻ പീനൽ കോഡുമെല്ലാം തൽക്കാലം മാറ്റി വെച്ചിട്ട്  ആ ഹതഭാഗ്യനെ തട്ടി അകത്താക്കും. അല്ലെങ്കിൽ കൊട്ടാരക്കരയിൽ ഒരു നേതാവും മകനും കൂടി ഒരു പാവത്തിന്റെ നവദ്വാരങ്ങളിലും നടത്തിയ പോലുള്ള ലളിത കലകൾ അരങ്ങേറും. പിച്ചാത്തി പിടിക്ക്  എല്ല്  ബാക്കി കിട്ടിയാൽ മുജ്ജന്മ സുകൃതം!
ഇവിടെ ഒരു ബാർ ഉടമ മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് വിപ്പ്, മുന്നോക്ക കൊർപ്പറേഷൻ ചെയർമാനായ മുൻമന്ത്രി എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ധനമന്ത്രിക്കെതിരെ കൈക്കൂലി ആരോപണവും ഉണ്ട്.
യു.ഡി.എഫ്. ഭരണം ആകുമ്പോൾ, മന്ത്രിക്കെതിരെ ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ, അവന്റെ ജാതകഫലം തൊട്ട്  അക്രമവാസന വരെ പ്രതിപാദിച്ചുകൊണ്ട്  അന്വേഷണാത്മക പത്രധർമ്മം നിർവ്വഹിക്കുന്ന പത്ര മുത്തശ്ശിക്ക്  മൗനം. ആരാടാ എന്നു ചോദിച്ചാൽ ഞാനാടാ എന്ന്  ഉച്ചൈസ്തരം ഘോഷിക്കുന്ന ചീഫ് വിപ്പിന്റെ നാവ്  പൂഞ്ഞാറ്റിലും ഉടല്  തിരുവനന്തപുരത്തും. മുന്നോക്ക ചെയർമാൻ ഒന്നും ഉര്യാടത്തത്, ഈ കുട്ടി കണ്‍ട്രാക്കിനെ ഓർത്തല്ല അവന്റപ്പൻ വല്യകണ്‍ട്രാക്കിനെ ഓർത്ത്.
മന്ത്രിയാണ്, ക്യാബിനറ്റ്  റാങ്കാണ്, ഗണ്‍മാനും പോലീസും ഉണ്ട്  എന്നൊന്നും പറഞ്ഞിട്ട്  വലിയ കാര്യമൊന്നുമില്ല ഈ കണ്‍ട്രാക്ക്  കുടുംബത്തിന്റടുത്തെന്ന്,  ജീവനിൽ ഭയമുള്ള ഈ ധൈര്യശാലികൾക്കെല്ലാം  അറിയാം.
മന്ത്രിയായിരുന്ന കോടീശ്വരനായ ഒരു നേതാവിനെ കുത്തുപാള എടുപ്പിച്ച ചരിത്രമുണ്ട്  അച്ഛൻ കണ്‍ട്രാക്കിന്.  മന്ത്രിയുടെ മരണ ശേഷം ആ വിധവ ചായക്കട നടത്തിയാണ്  മക്കളെ പഠിപ്പിച്ചത്. ഇതും ചരിത്രം.


ഒരു ഡി.ജി.പി.യെ ജെട്ടി മാത്രം ധരിപ്പിച്ച്  കാറിന്റെ ഡോറിൽ കെട്ടിയിട്ട്  പട്ടാപകൽ തിരുവനന്തപുരത്തെ രാജവീഥികളിൽ കൂടി തേരാപാരാ പാഞ്ഞ നയന മനോഹരമായ കാഴ്ച കണ്ട്  തിരുവനന്തപുരത്തുകാർ സായൂജ്യമടഞ്ഞിട്ട്  അധിക കാലമൊന്നുമായിട്ടില്ല. ഇത്  സമകാലിക ചരിത്രം.
ആ കുഞ്ഞ്  എന്തെങ്കിലുമൊക്കെ പറയട്ടന്നേ..അവന്റകാര്യം പോട്ടെ, അവന്റച്ഛനെ ഞങ്ങൾക്ക്  മറക്കാൻ കഴിയുമോ...
നേതാക്കന്മാരും, പത്രക്കാരും സ്വീകരിച്ചിരിക്കുന്ന മൗനവ്രതത്തിന്റെ ഡിങ്കോലാഫി ഇപ്പോൾ മനസ്സിലായോ....?    

Tuesday, November 25, 2014

"ചുങ്കക്കാരും പാപികളും ബാബുവിന്റെ ഹോളീ സ്പിരിറ്റും"




 
എണ്ണയ്ക്കാട്ട്  അമ്മയുടെ കുടുംബത്തിന്  അടുത്തു താമസക്കാരനാണ്  ബാബു എന്ന മുപ്പരു ബാബു . ഒരു പാവപ്പെട്ട തൊഴിലാളി കുടുംബം. ഇഷ്ടിക കളത്തിലെ തൊഴിലാളികളായിരുന്നു ബാബുവും ഭാര്യ രാജമ്മയും. ജീവിത ചിലവ്  കാലക്രമത്തിൽ വർദ്ധിക്കുകയും, അതനുസരിച്ച്  വരുമാനം വർദ്ധിക്കാതിരുന്നതും കാരണം, എന്തെങ്കിലും സ്വയം തൊഴിൽ കണ്ടെത്താൻ ബാബുവും കുടുംബവും പ്രേരിതരായി. മൂലധനം കുറവും ലാഭം കൂടുതലുമുള്ള വ്യവസായമായിരിക്കുമല്ലോ, ടാറ്റാ ആയാലും മല്ല്യ ആയാലും ബാബുവായാലും സ്വാഭാവികമായും തെരഞ്ഞെടുക്കുക. അങ്ങനെ ബാബു സ്വയം കണ്ടെത്തിയ ജീവിത മാർഗ്ഗമായിരുന്നു, മദ്യ നിർമ്മാണവും വിപണനവും. ബാബുവിനെ പോലെയുള്ള പാവത്താന്മാർ ഇതുചെയ്യുമ്പോൾ, വാറ്റുചാരായ കച്ചവടം എന്ന കാറ്റഗറിയിലേ ഈ വ്യവസായത്തിന്  സ്ഥാനമുള്ളു.
 കുടുംബത്തിൽ താമസിക്കുന്ന നടുവത്തെ അമ്മാവന്റെ കണ്ണു വെട്ടിച്ച്, കോയിക്കലെ വിശാലമായ പറമ്പിലായിരുന്നു ബാബുവിന്റെ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.  വെയർ ഹൌസ്  ആ പറമ്പിൽ തന്നെയുള്ള കച്ചിത്തുറുവിന്റെ കീഴിലും.
 വളരെ കോമ്പറ്റീഷനുള്ള ഫീൽഡാണിത്  എന്നാണ്  ബാബു പറയുന്നത്.  ബാബുവിനുള്ള നിർമ്മാണ വിപണന സൌകര്യവും, സുരക്ഷിതത്ത്വവും മറ്റ്  അബ്ക്കാരികളെ അസൂയാലുക്കളാക്കി. അതൊരു  പാരയായി വളർന്നു വരുന്നത്,  ചെങ്ങന്നൂർ എക്സ് സൈസ്  അസിസ്റ്റന്റ്‌  കമ്മീഷണർ കോയിക്കൽ പുരയിടത്തിൽ നിന്ന്  അഞ്ചാറു കന്നാസ്  വാറ്റുചാരായം കണ്ടെത്തുന്നതു വരെ ബാബു അറിഞ്ഞിരുന്നില്ല. ഏതൊരു പ്രായോഗിക ബുദ്ധിയും ചെയ്യുന്നതു തന്നെ ബാബുവും ചെയ്തു. ശൂം..... അങ്ങു മുങ്ങി.
പുരയിടത്തിന്റെ ഉടമകൂടിയായ വാറ്റുകാരനെ കണ്ട് , എ.ഇ.സി. രാമവർമ്മ തമ്പുരാൻ ഞെട്ടി. പൌര പ്രമുഖനും, അറിയപ്പെട്ട ആയുർവ്വേദ വൈദ്യനുമായ മല്ലശേരിൽ കോയിക്കൽ ജി. ദാമോദരൻ പിള്ള.
ബാബുവിനെ കയ്യോടെ പിടിച്ചു കൊണ്ടുവരാൻ അമ്മാവൻ അനുചരന്മാരെ വിട്ടു. മുപ്പര്  ചെങ്ങന്നൂർ താലൂക്കിൽ നിന്നു തന്നെ മുങ്ങിക്കഴിഞ്ഞിരുന്നു. തൊണ്ടി വണ്ടിയിൽ എടുത്തിട്ട്  തമ്പുരാനും സംഘവും മടങ്ങി.
ഒരാഴ്ചയോളം ബാബു അമ്മാവനെ ഒളിച്ചു നടന്നു. കേസും വഴക്കും വക്കാണവും മുന്നിൽ തെളിഞ്ഞു വന്നപ്പോൾ നേരിട്ട്  ഹാജരായി.
"വേറെങ്ങും കണ്ടില്ലിയോടാ, ഈ തന്തെല്ലാഴിക കാണിക്കാൻ.." അമ്മാവന്  കോപം അടക്കാനായില്ല.
"ഇദ്ദേഹം കാര്യം അറിയാതെയാണ് കോപിക്കുന്നത് " - ശാന്തത ഒട്ടും കൈവിടാതെ ബാബു പറഞ്ഞു. "കടപ്രേന്നു രവിക്കുഞ്ഞിങ്ങോട്ട്‌  വരും. എടാ ബാബു, സാധനം വല്ലോം ഉണ്ടോ..? പുറകെ വരും രാജൻകുഞ്ഞ്. പിന്നെ ശ്രീകുമാരൻ കുഞ്ഞ്.  ഇല്ലെന്നു പറഞ്ഞാൽ കുഞ്ഞുങ്ങൾ നേരേ പോകും, ബുധനൂരിന്.  അമോണിയോം നവസാരോം ബാറ്ററിയുമൊക്കെ ഇട്ടു വാറ്റിയ കണ്‍ട്രി വാങ്ങിച്ചു കുടിക്കും. കുഞ്ഞുങ്ങടെ ചങ്കും മത്തങ്ങേം പഞ്ചറുമാകും. ബാബു കൊറ്റാർ ജീരകവും ദശമൂലവും ഇട്ട്  വാറ്റുന്നതാ. വിശ്വസിച്ച്  ഇവിടുത്തെ കുഞ്ഞുങ്ങൾക്ക്  കുടിക്കാം."
അനന്തിരവന്മാരുടെ ആയുരാരോഗ്യത്തിനും, ദീർഘായുസ്സിനും വേണ്ടി ബാബു അനുഷ്ഠിക്കുന്ന ത്യാഗം ഒർത്താകാം അമ്മാവൻ ഒന്നും പറഞ്ഞില്ല എന്നാണ്  മുപ്പര്  എനിക്കു തന്ന റിപ്പോർട്ട്.
ഏതായാലും, അമ്മാവൻ വീട്ടിലില്ല എന്ന്  ഉറപ്പു വരുത്തിയിട്ടേ കുടുംബത്തിലോട്ട്  ഞാനും രാജനും ശ്രീകുമാരനും പോകുമായിരുന്നുള്ളൂ.

Wednesday, November 5, 2014

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : "ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!"

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : "ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!": കഥകളിയിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ വേഷങ്ങളാണ്. ആഹാര്യാഭിനയ പ്രധാനമെന്ന്  വ്യവസ്ഥ. പൊതുവെ ആ മാനദണ്ഡം ആട്ടക്കഥാകാരന്മാർ കാവ്യ രചന നടത്തുമ...

"ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!"


കഥകളിയിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ വേഷങ്ങളാണ്. ആഹാര്യാഭിനയ പ്രധാനമെന്ന്  വ്യവസ്ഥ. പൊതുവെ ആ മാനദണ്ഡം ആട്ടക്കഥാകാരന്മാർ കാവ്യ രചന നടത്തുമ്പോൾ അവലംബിച്ചു പോന്നു. നടന്മാരുടെ  വേഷവൈവിധ്യവും നാട്യാംശത്തെ വികസിപ്പിക്കുന്നതോടൊപ്പം ശ്രദ്ധിച്ചിരുന്നു. ഈ ചിന്താധാര  ആയിരുന്നിരിക്കണം അംബരീഷചരിതം നിർമ്മിക്കുമ്പോൾ, യവനമാർ എന്നൊരു വിഭാഗം പാത്രങ്ങളെ കൂടി അശ്വതി തിരുനാൾ സൃഷ്ടിച്ചത്. ഈ രംഗത്തിലെ ശ്ലോകങ്ങളും പദങ്ങളും പ്രാകൃതത്തിലാണ്  രചിച്ചിട്ടുള്ളത്. ആട്ടക്കഥാകാരന്റെ പ്രാകൃതത്തിലുള്ള ഒരു വരിയാണ് "തലക്കുറി"യായി കൊടുത്തിട്ടുള്ളത്.
 അംബരീഷചരിതം, രുഗ്മിണീസ്വയംവരം, പൂതനാമോക്ഷം, പൌണ്ഡ്രകവധം എന്നിങ്ങനെ നാല്  ആട്ടക്കഥകളാണ്  അശ്വതി തിരുനാൾ ഇളയതമ്പുരാൻ (രാമവർമ്മ 1756 - 1794) എഴുതിയിട്ടുള്ളത്. പൌണ്ഡ്രകവധം ഒഴികെ മൂന്നു കഥകളും രംഗപ്രചാരം കിട്ടിയ കഥകൾ. കാർത്തിക തിരുനാളിന്റെ അനന്തിരവനായിരുന്നു അശ്വതി. മാതുലന്റെ നരകാസുരവധത്തിലെ അവസാന രംഗങ്ങൾ അശ്വതി രചിച്ചതാണെന്ന്  പറയപ്പെടുന്നു. അമ്മാവന്റെ കഥകളെ അപേക്ഷിച്ച് അനന്തിരവന്റെ കഥകൾ സാഹിത്യമൂല്യമുള്ളവയാണെന്നാണ്  പണ്ഡിതമതം.
യവനന്മാർ 
 മഹാഭാഗവതത്തിലെ ദശമസ്കന്ദമാണ് ഈ കഥയ്ക്ക്  അവലംബമാക്കിയിട്ടുള്ളത്. അയോദ്ധ്യാധിപനായിരുന്ന സൂര്യവംശത്തിലെ അംബരീഷ മഹാരാജാവ്. അദ്ദേഹം വലിയ വിഷ്ണു ഭക്തനായിരുന്നു. വിഷ്ണു പ്രീതിക്കായി ദ്വാദശി വ്രതം അനുഷ്ഠിക്കണമെന്ന്  രാജ ഗുരുവായ വസിഷ്ഠൻ നിർദ്ദേശിച്ചു. അതനുസരിച്ച്  അംബരീഷൻ വളരെ നിഷ്ഠയോടെ ദ്വാദശി ആചരിച്ചു പോന്നു.
അങ്ങനെയിരിക്കെ ഒരുദിവസം ദുർവ്വാസാവ്  അംബരീഷനെ സന്ദർശിക്കാനെത്തി. ദ്വാദശി വ്രതത്തിന്  പാരണയിടാനുള്ള സമയത്താണ്  മഹർഷി എഴുന്നെള്ളിയത്. ദ്വാദശി നാളിൽ അതിഥിയായി ഒരു വി.വി.ഐ.പി.യെത്തന്നെ കിട്ടിയതിൽ രാജാവ്  സന്തോഷിച്ചു. മുനിയുടെ സാന്നിദ്ധ്യത്തിൽ പാരണ വീട്ടാമല്ലൊ എന്നു ചിന്തിച്ച് കുളിക്കാൻ കാളിന്ദിയിലേക്ക്  അയച്ചു. അംബരീഷനു വ്രതഭംഗം വരുത്തുക എന്നതായിരുന്നു ദുർവ്വാസാവിന്റെ ലക്ഷ്യം. ആറ്റുകടവിൽ അദ്ദേഹം മന:പൂർവ്വം താമസിച്ചു.
മുഹൂർത്തം തെറ്റിയാൽ വ്രതം മുടങ്ങും. അംബരീഷൻ പരിഭ്രമിച്ചു. ബ്രാഹ്മണരുടെ ഉപദേശപ്രകാരം തുളസീജലം കുടിച്ച്  അദ്ദേഹം പാരണയിട്ടു. ഇതറിഞ്ഞ മുനി കോപം കൊണ്ട്  തുള്ളി. മാന്യാതിഥിയായ താൻ സ്നാനം കഴിഞ്ഞു മടങ്ങിയെത്തുന്നതിനു മുമ്പ്  പാരണ വീട്ടിയത്  തന്നെ അപമാനിച്ചതിനു തുല്യമാണെന്ന്  പറഞ്ഞുകൊണ്ട്, ആ ധിക്കാരത്തിന്  ശിക്ഷ നല്കാൻ കൃത്യയെ നിയോഗിച്ചു. രാജാവ്  വിഷ്ണു ഭക്തനാണല്ലോ? അദ്ദേഹത്തെ സംരക്ഷിക്കാൻ സുദർശനചക്രം പ്രത്യക്ഷമായി. തൃച്ചക്രം കൃത്യയെ വധിച്ചു. അതിനു ശേഷം ദുർവ്വാസാവിനു നേരെ പാഞ്ഞു. വെരുണ്ടു പോയ മഹർഷി പ്രാണരക്ഷാർത്ഥം ബ്രഹ്മ-മഹേശ്വരന്മാരെ സമീപിച്ചു. സാധനം സുദർശനമാണെന്നും തങ്ങൾ നിസ്സഹായരാണെന്നും മുനിയെ അറിയിച്ചു. ഉയിരു വേണമെങ്കിൽ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കാൻ ഉപദേശിച്ചു.
ദുർവ്വാസാവ്  വിഷ്ണു സന്നിധിയിൽ എത്തി. തന്റെ ഭക്തനായ അംബരീഷനെ സമീപിക്കാനാണ് മഹാവിഷ്ണു, മഹർഷിയോട്  പറഞ്ഞത്. ഓടിയോടി പരവശനായിത്തീർന്ന മുനി ഒടുവില അംബരീഷനെക്കണ്ട്  ക്ഷമ ചോദിച്ചു.
ശിവ ഭക്തനായ ദുർവ്വാസാവും വിഷ്ണു ഭക്തനായ അംബരീഷനും തമ്മിലുള്ള "ക്ലാഷാണ്" കഥയുടെ പ്രമേയം എന്നു സാരം.
ദുർവ്വാസാവ് (മിനുക്ക്‌ - കറുത്ത താടി) അംബരീഷൻ (പച്ച) സുദർശനം (ചുവന്നതാടി) കൃത്യ (മുഖത്തെഴുത്തോടു കൂടിയ ഭീകര വേഷം) ശിവൻ (പഴുപ്പ്) യവനമാരുടെ വേഷം ഉടുത്തുകെട്ടുള്ള മിനുക്കിൽ കണ്ടിട്ടുള്ളതായി ഓർക്കുന്നു. (വലലൻ, മല്ലൻ, മാതലി വേഷം പോലെ)  ഈ അടുത്ത കാലത്ത്  യൂ ട്യൂബിൽ കണ്ട ഒരു കളിയിൽ മാട്ടറപ്പുകാരൻ റാവുത്തരുടെ വേഷത്തിലാണ്  "യവന ദർശനം" ഉണ്ടായത്.  പലതരം മിനുക്ക്‌  എന്ന ആട്ടപ്രകാരത്തിലെ പ്രസ്താവനയാകാം വിവിധ രൂപങ്ങളിൽ യവനമാർ പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യം.
സുദർശനത്തെ ഭയന്ന്  ദുർവ്വാസാവ് അവിടയും ഇവിടെയും ഓടിനടക്കുന്ന രംഗം കാണികളെ ആകർഷിക്കും. രസിപ്പിക്കുകയും ചെയ്യും.