Monday, July 29, 2013

പുരുഷാർത്ഥക്കൂത്ത് - വേശ്യാ വിനോദം




മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ  മാർഗി മധുവും സംഘവും അവതരിപ്പിച്ച പുരുഷാർത്ഥക്കൂത്ത് - ഒരവലോകനം.

മാർഗിമധു 
  കേരളത്തിലെ  ക്ഷേത്രങ്ങളിൽ  ഉത്സവരാത്രികളെ  ധന്യമാക്കിയിരുന്ന  പല  കലാരൂപങ്ങളും  അന്യം  നില്ക്കുകയോ,  അവയുടെ  നിലനിൽപ്പുതന്നെ  ഭീഷണിയുടെ  വക്കത്തു  നിൽക്കുന്നതോ  ആയ  ഒരവസ്ഥയാണ്   ഇപ്പോഴുള്ളത്.  

ക്ലാസ്സിക്   കലകളായ  മോഹിനിയാട്ടത്തിന്റെയോ,  കൂത്തിന്റെയോ,  കൂടിയാട്ടതിന്റെയോ  എന്തിന്  കഥകളിയുടെ  പോലുമോ  കഥയല്ല  ഞാൻ  സൂചിപ്പിച്ചത്.  നമ്മുടെ  നാട്ടിലെ  ശരാശരി  ആസ്വാദകൻ  രസിച്ചു  പോന്നിരുന്ന  കഥാപ്രസംഗം,  ബാലെ  തുടങ്ങിയ  ജനപ്രിയ  പരിപാടികളുടെ  കാര്യമാണ്.  സാംബശിവൻ,  കൊല്ലം ബാബു,  കുണ്ടറ സോമൻ  തുടങ്ങിയ കാഥികരും  അരവിന്ദാക്ഷമേനോൻ  തുടങ്ങിയ  ബാലേക്കാരും  ഇന്നേതാണ്ട്  വിസ്മൃതിയിൽ  ആണ്ടു  കഴിഞ്ഞിരിക്കുന്നു.  ആ  സ്ഥാനം  ഇപ്പോൾ  മിമിക്സ്  പരേഡുകളും,  സിനിമാറ്റിക്  ഡാൻസും, ഗാനലഹലകളും  കയ്യേറിക്കഴിഞ്ഞിരിക്കുകയാണ്.

തിരുവിതാംകൂർ  ദേവസ്വം  ബോർഡിന്റെ  ഉടമസ്ഥതയിലുള്ള  ക്ഷേത്രങ്ങളിൽ  ഉത്സവത്തിന്, ഏതെങ്കിലും  ഒരു  ക്ഷേത്ര  കലയെങ്കിലും  ഉൾപ്പെടുത്തിയിരിക്കണമെന്ന്  നിർബന്ധം  നിലവിലുണ്ടായിരുന്നു.  അത്  നടത്തിയില്ലെങ്കിൽ  ഗ്രാൻഡ്‌  കൊടുക്കുകയില്ല.  അങ്ങനെ  ഗ്രാൻഡ്‌ മോഹിച്ചെങ്കിലും  മരുന്നിന്  ഒരു കഥകളിയോ, പാഠകമോ,  ഓട്ടൻതുള്ളലോ  നടത്താൻ  ഉത്സവക്കമ്മറ്റിക്കാർ  തയ്യാറാകുമായിരുന്നു.

ഈ  ഗവണ്‍മെന്റ്   അധികാരത്തിൽ  വന്നശേഷം  രൂപീകരിച്ച  ദേവസ്വം  ബോർഡ്,  വളരെ  വിലപ്പെട്ട  ഒരു  തീരുമാനം  കൈക്കൊണ്ടു.  ക്ഷേത്ര  കലകളല്ല  എന്ത്  മാങ്ങാത്തൊലി  നടത്തിയാലും  ഒരു  വക  ഗ്രാന്റും  ബോർഡ്  നല്കുന്നതല്ല.  അങ്ങനെയുള്ള  ഏതെങ്കിലും  പരിപാടി  അവതരിപ്പിച്ചാൽ  പിഴയീടാക്കും  എന്നൊരു  ഉത്തരവ്   ഇറക്കാതിരുന്നതിന്  ബോർഡിനെ  നമുക്ക്   അഭിനന്ദിക്കാം.

കഥകളി വേഷം: രൗദ്രഭീമൻ - തോന്നക്കൽ പീതാംബരൻ
കാര്യവിവരവും  കവിഹൃദയവുമുള്ള   ഒരു  കമ്മീഷണർ  ദേവസ്വത്തിന്റെ  ചുമതല  ഏറ്റെടുത്തപ്പോൾ  ശുഭോതർക്കമായ  തീരുമാനം  എന്തെങ്കിലും കൈക്കൊള്ളൂമെന്നാണ്  ശുദ്ധാത്മാക്കളായ  പൊതുജനം   കരുതിയത്.  ആനക്കാര്യത്തിനിടയിൽ  ഈ ചേനക്കാര്യം  നോക്കാൻ  സർക്കാരിനും  ബോർഡിനും  സാവകാശം  കിട്ടുന്നില്ല.  എക്കാലത്തും  ഒരു ന്യൂനപക്ഷമേ  ക്ലാസിക്കൽ  കലാരൂപങ്ങൾ  ആസ്വദിച്ചിരുന്നുള്ളൂ.  അതുകൊണ്ടുതന്നെ  ഈ  വക  കലകൾ  ജനപ്രിയ  കലകളുടെ  സ്ഥാനം  അലങ്കരിച്ചിരുന്നില്ല. എന്നു  കരുതി  ഈ  കലാരൂപങ്ങളേയും,  ഈ  കലകൊണ്ട്  അന്നം  കഴിക്കുന്ന കലാകാരന്മാരേയും അവഗണിക്കുന്നത്  നീതീകരിക്കാൻ  കഴിയുകയില്ലല്ലോ?

മദ്ധ്യ തിരുവിതാംകൂറിലുള്ള  ഒട്ടുമിക്ക  ക്ഷേത്രങ്ങളിലും  ഉത്സവത്തിന്  കൂത്തോ, കൂടിയാട്ടമോ, കഥകളിയോ  ഉണ്ടെങ്കിൽ  സംബന്ധിക്കുന്ന  ഒരാളാണ്  ഞാൻ.  ഒരു  "വഴിപാട്  അടുപ്പിൽ  ചാട്ടമല്ലാതെ"  തരക്കേടില്ലാത്ത  പരിപാടിയാണ്   ഉത്സവങ്ങൾക്ക്   അരങ്ങേറുന്നതെങ്കിൽ, നല്ലയൊരു  സദസ്സ്  സന്നിഹിതരാവാറുണ്ട്   എന്ന്  എന്റെ  അനുഭവത്തിൽ  നിന്ന്  പറയാൻ  കഴിയും.  മിമിക്രിയും,  ഗാനമേളയും,  സിനിമാറ്റിക്  ഡാൻസും  നടക്കുമ്പോൾ  കിട്ടുന്ന  കയ്യടിയും,  ചിയർ വിളികളും,  ഡപ്പാൻ കൂത്തുമൊന്നും  ഇവിടെ കാണാൻ  കഴിയുകയില്ലായിരിക്കാം.  ആ  മാതിരി  ആസ്വാദന  തലത്തിലുള്ള  കാണികളല്ലല്ലോ  കഥകളിയോ  കൂടിയാട്ടമോ  കാണാൻ  വരുന്നത്.   ഒരു  കലാരൂപത്തേയും  ഞാൻ  ഇകഴ്ത്തി  കാണിക്കാൻ  ശ്രമിക്കുകയല്ല.  ആസ്വാദന  നിലവാരത്തെയോ,  ആസ്വാദകരേയോ  പരിഹസിക്കുകയുമല്ല.  ഭൂരിഭാഗം ക്ഷേത്ര  ഭാരവാഹികളും   ഔചിത്യരഹിതമായി   സ്വീകരിച്ചുവരുന്ന,   മുൻവിധികളായ  തീരുമാനങ്ങളുണ്ടല്ലോ,  അതിനോടുള്ള   എതിർപ്പാണ്‌  ഞാനിവിടെ  പ്രകടിപ്പിച്ചത്.   ഉത്സവത്തിന്   പഞ്ചാരി മേളം ആരും  ഇഷ്ടപ്പെടുകയില്ല,  അതുകൊണ്ട്  ശിങ്കാരി മേളം  മതി.  ഈ  തീരുമാനമെടുക്കുന്ന  അരസികനായ  ഉത്സവ   കമ്മറ്റി  ഭാരവാഹി,  അയാളുടെ  ആസ്വാദന  നിലവാരമാണ്   പ്രതിഫലിപ്പിക്കുന്നത്.   അതല്ലാതെ,  പാവം  പൊതുജനത്തിന്റെ  അഭിപ്രായമല്ല.


കൂടിയാട്ടത്തിന്റെ കുലപതി മാണി മാധവചാക്യാർ 
എന്റെ  ഒരനുഭവം  പറയാം.   നാട്ടിലുള്ള  ( തിരുവല്ലക്ക്   സമീപമുള്ള  നിരണം-കടപ്ര ) മഹാ ലക്ഷ്മി  ക്ഷേത്രത്തിലെ  ഉത്സവത്തോടനുബന്ധിച്ച്  ഒരുദിവസത്തെ  എന്തെങ്കിലും  പ്രോഗ്രാം  ഞങ്ങളുടെ  കുടുംബാംഗങ്ങൾ  സ് പോണ്‍സർ   ചെയ്യണമെന്ന്   ഒരു   ഭാരവാഹി  വന്ന്   എന്നോട്   ആവശ്യപ്പെട്ടു.  ഭാരവാഹിയാകട്ടെ   വളരെ  വേണ്ടപ്പെട്ട  ഒരു  സുഹൃത്തിന്റെ  സഹോദരൻ.  കഥകളി,  പാട്ടുകച്ചേരി,  മേളം  തുടങ്ങിയവയിൽ  എനിക്ക്   അല്പം  കമ്പമുണ്ട്   എന്നറിയാവുന്നതു  കൊണ്ടാവാം  അയാൾ,    ശിങ്കാരി  മേളം  സ് പോണ്‍സർ  ചെയ്യാൻ  എന്നെ  തെരഞ്ഞെടുത്തത്.

'മേളം  ഏർപ്പാടാക്കാം,  ചെലവും  ഞങ്ങൾ  വഹിച്ചുകൊള്ളാം' - ഞാൻ പറഞ്ഞു,  പക്ഷെ  ശിങ്കാരി മേളം  ആയിരിക്കുകയില്ല - ഞാൻ  പറഞ്ഞു.  എങ്കിൽ  പമ്പ മേളമായിരിക്കും  എന്നു  കരുതാനുള്ള  മേള  പരിജ്ഞാനമേ  ആ  സാധുവിന്   ഉണ്ടായിരുന്നുള്ളൂ.

40-തോളം  മേളക്കാരെ  പങ്കെടുപ്പിച്ചുകൊണ്ട്  ഒരു  പഞ്ചാരി മേളം  അനുജൻ  രാജൻ  ഏർപ്പാടാക്കി.  പരിപാടി  തുടങ്ങി ഏതാണ്ട്  അരമണിക്കൂർ  കഴിഞ്ഞപ്പോഴേക്കും  ആ ക്ഷേത്ര  പരിസരം, അതിശയോക്തിയല്ല,  ജനത്തെ  കൊണ്ട്   നിറഞ്ഞു   കവിഞ്ഞിരുന്നു.  ഇങ്ങനെയും  ചില  മേള  രൂപങ്ങൾ   ലോകത്തുണ്ടോ  എന്ന  അത്ഭുതമായിരുന്നു  അവിടെ  കൂടിയിരുന്ന  ഭൂരിഭാഗം  ജനങ്ങളുടേയും  മുഖത്ത്   നിഴലിച്ചിരുന്നത്.

'ചേട്ടാ,  അന്നത്തെ  ശിങ്കാരി മേളം അടിപൊളിയായി' - എന്നു  പറഞ്ഞുകൊണ്ട്   ആ  മഹാപാപി   എന്നെ അഭിനന്ദിച്ചപ്പോൾ,  കരയണോ  ചിരിക്കണോ എന്ന അവസ്ഥയിലായിപ്പോയി  ഞാൻ.  'ശിങ്കാരി  അല്ലെടാ ഫൂളേ ....അതാണ്   പഞ്ചാരി  മേളം'  - ഞാൻ പറഞ്ഞു .


നങ്ങ്യാർ കൂത്ത് : മാർഗി സതി 
ഇതിപ്പോൾ  പറയാൻ  കാരണം  കഴിഞ്ഞ  28 -)o തീയതി  ഞായറാഴ്ച  മാവേലിക്കര  കഥകളി  ആസ്വാദകസംഘത്തിന്റെ  ആഭിമുഖ്യത്തിൽ  മാർഗി മധു  അവതരിപ്പിച്ച  ചാക്യാർ കൂത്ത്  ആസ്വദിക്കാൻ  വന്ന - ജനസഞ്ചയം  എന്നു  തന്നെ  പറയട്ടെ - കണ്ടിട്ടാണ്.  ക്ലബ്ബ്  അവതരിപ്പിക്കുന്ന  കഥകളിക്ക്   പൊതുവെ  ജനങ്ങളുടെ  പ്രാതിനിനിധ്യം  തീരെ  ശുഷ്കമാകാറില്ല  എന്നത്  വസ്തുത  തന്നെ.  എങ്കിലും  ചാക്യാർ കൂത്തുപോലെ  ഒരു  പരിപാടി  വെച്ചാൽ  ജനങ്ങൾ  അത്  സ്വീകരിക്കുന്നത്  എങ്ങനെയായിരിക്കും  എന്നൊരു സന്ദേഹം  ക്ലബ്ബ്  ഭാരവാഹിയായ  വർമ്മസാറിനോട്   ഞാൻ  പ്രകടിപ്പിച്ചിരുന്നു.  സാറിന്റെ  ആത്മവിശ്വാസം  പൊള്ളയായിരുന്നില്ല  എന്ന്,  രണ്ടരമണിക്കൂർ  നേരം  തീർത്തും  അത്  ആസ്വദിച്ചിരുന്ന  ജനങ്ങളുടെ  ആവേശം  കണ്ടപ്പോൾ  എനിക്ക്   ബോദ്ധ്യപ്പെട്ടു.

കേരളത്തിലെ  ഏറ്റവും  പ്രാചീനമായ  കലാരൂപമായാണ്  കൂത്തും,  കൂടിയാട്ടവും  ഗണിക്കപ്പെട്ടിട്ടുള്ളത്.   ഒന്നിലധികം  പേർ  ചേർന്ന്  അഭിനയിക്കുന്നതിനെ കൂടിയാട്ടം എന്നും,  എകാഭിനയം  കൂത്തായും  പരിഗണിച്ചു  വരുന്നു.  നാട്യശാസ്ത്രമനുസരിച്ചുള്ള  നാടകാഭിനയം  എന്ന്  ഇതിനെ വിശേഷിപ്പിക്കാം.  അതിപ്രാചീനമായ  കാലം  മുതൽ  തന്നെ  കേരളത്തിലെ  ക്ഷേത്രങ്ങളിൽ  കൂത്തും,  കൂടിയാട്ടവും  അരങ്ങേറിയിരുന്നു.  ക്ഷേത്ര  പരിസരങ്ങളിൽ  മാത്രം  അരങ്ങേറിയിരുന്ന  ഈ  കലാരൂപം  കൂത്തമ്പലങ്ങളിലാണ്  അവതരിപ്പിച്ചിരുന്നത്.   ബ്രാഹ്മണ  സമുദായത്തിൽപ്പെട്ട  ചാക്യാന്മാരാണ്   ഇത്  അവതരിപ്പിക്കുന്നത്.  രംഗ  സഹായികളായി  നമ്പ്യാന്മാരും,  നങ്ങ്യാരമ്മമാരും  കാണും.  പുരുഷ  വേഷം  കെട്ടാൻ  ചാക്യാരും,  സ്ത്രീ വേഷം  കെട്ടാൻ  നങ്ങ്യാരും  എന്നാണ്  പ്രമാണം.  നമ്പ്യാരാണ്    മിഴാവ്  വായിക്കുന്നത്.

ഈ  ചാക്യാർ  കലക്ക്   ഇളങ്കോവടികളുടെ  "ചിലപ്പതികാരത്തേക്കാൾ"  പഴക്കമുണ്ട്   എന്ന്   കണക്കാക്കാം.  കാരണം   ആ  കാവ്യത്തിൽ  പറവൂർ ചാക്യാർ  അഭിനയിച്ച  നൃത്തത്തിന്റെ  വർണ്ണനയുണ്ട്.  ചാക്യാരും  നങ്ങ്യാരും  അരങ്ങത്തുള്ളതായാണ്  കാവ്യത്തിൽ  പറയുന്നത്.  പ്രാചീന  സന്ദേശകാവ്യമായ   "ഉണ്ണുനീലീസന്ദേശത്തിൽ"  തളിയിലെ  കൂത്തിന്റെ  കഥ  വിവരിക്കുന്ന  ഭാഗമുണ്ട്.

"കണ്ടോമല്ലോ  തളിയിലിരുവം
കൂത്തുനാമന്റൊരിക്കൽ
തൈവം കെട്ടാളൊരു  തപതിയാൾ
നങ്ങ്യാരെന്നെ  നോക്കി
അന്യാസംഗാൽ  കിമപി  പരുഷം
പ്രാകൃതംകൊണ്ട  വാദീൽ
പിന്നെക്കണ്ടീലണയ  വിവശം
വീർത്തുമണ്ടിന്റെ  നിന്നെ."       -   ഇങ്ങനെയാണ്   ഉണ്ണുനീലീസന്ദേശത്തിലെ  ആ ഭാഗം.

കേരളത്തിൽ  പ്രചുര പ്രചാരം  നേടിയ  ഒരു  കലാരൂപമായിരുന്നു  ഇത് എന്ന്  അതിൽനിന്ന്  വ്യക്തമാവുന്നുണ്ടല്ലോ?   മറ്റൊരു പ്രത്യക്ഷ  സാക്ഷ്യമാണ്  മഹാക്ഷേത്രങ്ങളിൽ  ഇന്നും  നില നില്ക്കുന്ന  കൂത്തമ്പലങ്ങൾ.  നാട്യശാസ്ത്രവിധി  പ്രകാരമാണ്  അഭിനയം  എന്നപോലെ  തന്നെ,   ആ  ശാസ്ത്ര   വിധിപ്രകാരം  നിർമ്മിച്ചിട്ടുളളതായിരിക്കും  കൂത്തമ്പലങ്ങളും.   കൂത്തമ്പലത്തെ  നാടകശാല  എന്നാണ്  സാധാരണ  പറയാറ്.  അമ്പലപ്പുഴ  നാടകശാലയും,  അവിടെ  എല്ലാവർഷവും  നടന്നുവരുന്ന   സദ്യയും  പ്രസിദ്ധമാണല്ലോ?


കൂത്തമ്പലം : കേരള കലാമണ്ഡലം 
ദീർഘചതുരം ( വികൃഷ്ടം )  സമചതുരം ( ചതുരശ്രം )  ത്രികോണം ( തൃശം )  ഇങ്ങനെ  മൂന്നുതരം  നാട്യഗൃഹങ്ങളാണുള്ളത്.  വികൃഷ്ടഗൃഹ  നിർമ്മാണ  സാങ്കേതത്തിൽ  തീർത്തിട്ടുള്ളതാണ്   കേരളത്തിലെ  കൂത്തമ്പലങ്ങളിലധികവും.

രംഗപീഠം,  പ്രേക്ഷഗൃഹം,  നേപഥ്യം ( അണിയറ )  എന്നിങ്ങനെ  മൂന്നു  സ്ഥാനങ്ങളുണ്ട്   നാടകശാലക്ക്.


പുരുഷാർത്ഥം  പറച്ചിൽ - വേശ്യാ വിനോദം 

തോലൻ,  ചാക്യാർ  കൂത്തിലെ  വിദൂഷകന്റെ  ആട്ടം  പരിഷ്ക്കരിക്കുകയും,  പുരുഷാർത്ഥം  എന്നൊരിനം  കൂടി  ചേർക്കുകയും  ചെയ്തു.  പുരുഷാർത്ഥങ്ങൾക്ക്  - ജീവിത ലക്ഷ്യങ്ങൾക്ക് - സംഭവിച്ച  അധ:പതനത്തിൽ  നിന്ന്  സമൂഹത്തെ  കരകയറ്റണം.  പുരുഷാർത്ഥങ്ങളായ  കാമമോക്ഷങ്ങൾക്ക്   സംഭവിച്ച  ധർമ്മച്യുതി  കാരണം  സമസ്ത  മേഖലകളിലും  ഉണ്ടായിട്ടുള്ള  ജീർണ്ണത,  അവയെ  മുഴുവൻ  പ്രതിഫലിപ്പിക്കുന്നതുമായ  വിമർശനത്തിന്റെ  ശബ്ദമാണ്  പുരുഷാർത്ഥക്കൂത്ത്   നടത്തുന്ന  ചാക്യാരുടേത്.

വിദൂഷകൻ : മാർഗി മധു. മിഴാവ് : കലാമണ്ഡലം അനൂപ്‌ 
 പുരുഷാർത്ഥം  4 ദിവസമായിട്ടാണ്   അവതരിപ്പിക്കുന്നത്.  രണ്ടാം  ദിവസമാണ്  വിനോദം  എന്ന്  പറയപ്പെടുന്ന  വേശ്യാ  വിനോദം  വർണ്ണിക്കുന്നത്.  ഈ  വിനോദ വിസ്താരം  സഭ്യതയുടെ  സീമകളെ  ലംഘിക്കുന്ന തമാശകളും പരിഹാസങ്ങളും  കൊണ്ട്  നിറഞ്ഞതാണ്‌.  മാടമ്പ്  കുഞ്ഞുക്കുട്ടന്റെ ഭ്രഷ് ട്  എന്ന  നോവലിൽ,  ഇണ്ടിണ്യാക്കന്റെ  പുലയടിയന്തിരത്തിന്‌,  ഇണ്ടിണ്യാക്കത്തി  കൂത്തു  കേൾക്കാൻ  പോയ  കഥ  വർണ്ണിക്കുന്നുണ്ട്.  ചാക്യാരുടെ  രതിവർണ്ണന  കേൾക്കാൻ,  ആ വിധവ  പോയത്  യോനിദ്വാരത്തിൽ  താമരമൊട്ട്  തിരുകിക്കൊണ്ടായിരുന്നു.   അപ്പോൾ  അശ്ലീലത്തിന്റെ  മാറ്റ്   എത്രത്തോളം  ഉണ്ടായിരിക്കും  എന്നു  ചിന്തിക്കുക. 

നാല്  പുരുഷാർത്ഥങ്ങളിൽ  വെച്ച്   ഉത്തമമായ  മോക്ഷം  ലഭിക്കുന്നതിനുള്ള  ചവിട്ടുപടികളാണ്  ധർമ്മം,  അർത്ഥം,  കാമം  എന്നിവ.  ധർമ്മം  മാത്രം  അനുഷ്ടിച്ചാൽ  മോക്ഷം  ലഭിക്കുമോ?  മനുഷ്യന്  ചില  ശാരീരിക  ധർമ്മങ്ങളുണ്ട്.  അവയെ  കൂടാതെ  നേരിട്ട്   മോക്ഷം  പ്രാപിക്കാൻ  കഴിയില്ല.  ശാരീരിക  ധർമ്മങ്ങൾക്ക്  ധനം ( അർത്ഥം ) വേണം.  അതുപോലെ  പ്രധാനപ്പെട്ട  ഒരു  ശാരീരിക  ധർമ്മമാണ്   കാമവും.

ഒരു ഗ്രാമത്തിന്റെ  അഭിവൃദ്ധിക്ക്  ജനങ്ങൾ  ധർമ്മം, അർത്ഥം, കാമം, മോക്ഷം  എന്നീ  4 കാര്യങ്ങൾ  വേണ്ടതു  പോലെ  നിർവഹിച്ചു  ജീവിക്കണം.  ധർമ്മാർത്ഥ  കാമാമോക്ഷങ്ങളുടെ  പ്രതിനിധികളായി  വേറെ  4 എണ്ണം  ചെയ്താലും  മതി.  അതാകട്ടെ  അശനം,  രാജസേവ,  വേശ്യാവിനോദം,  വേശ്യാവഞ്ചനം  എന്നിവയാണ്.

കഴിഞ്ഞ  ഞായറാഴ്ച  മാവേലിക്കരയിൽ  കാലടി  സംസ്കൃത സർവ്വകലാശാലയിലെ  കൂത്തുവിഭാഗം  മേധാവി  മാർഗി മധു  അവതരിപ്പിച്ചത്   പുരുഷാർത്ഥത്തിലെ  രണ്ടാം  ദിവസം  അവതരിപ്പിക്കുന്ന  വേശ്യാ വിനോദം  ആയിരുന്നു.  സാധാരണ  ക്ഷേത്രങ്ങളിൽ  ഈ കൂത്ത്  പണ്ടുമുതൽ  തന്നെ  അവതരിപ്പിക്കാറുണ്ടായിരുന്നില്ല.


കൂടിയാട്ടം: രാവണൻ (മാണിമാധവ ചാക്യാർ)
ഉത്തമ  പുരുഷന്മാർ  അനുഷ്ടിക്കേണ്ട  ഷഡ് കർമ്മങ്ങൾ  വിവരിച്ചുകൊണ്ടാണ്   പുരുഷാർത്ഥം  തുടങ്ങുന്നത്.  അദ്ധ്യയനം,  അദ്ധ്യാപനം,  യജനം,  യാജനം,  ദാനം,  പ്രതിഗ്രഹം  ഇവയാണ്  ഷഡ് കർമ്മങ്ങൾ.  ഇവ  അനുഷ്ടിക്കുന്നതിലുണ്ടായ  ഉദാസീനത  സമൂഹത്തിന്റെ  ധാർമ്മിക മൂല്യങ്ങൾക്ക്   ഭംഗം  വരുത്തിത്തീർത്തു.

ബ്രാഹ്മണനായ  വിദൂഷകൻ  രാജാവിന്റെ  സേവനത്തിനു  ചെല്ലുന്നതിനു  മുമ്പ്  തനിക്കുണ്ടായ  അനുഭവം  വർണ്ണിക്കുക  എന്ന  വ്യാജേന  ബ്രാഹ്മണരുടെ  ധർമ്മച്യുതിയെ  പരിഹസിക്കുകയാണ്  ഇവിടെ  ചെയ്യുന്നത്.  ബ്രാഹ്മണരുടെ  ധർമ്മം  മൃഷ്ടാന്നഭോജനവും,  അർത്ഥം  രാജാവിനെ മണിയടിക്കലും,  കാമം  വേശ്യകളെ  പ്രാപിക്കലും,  മോക്ഷം  വേശ്യകളെ  വഞ്ചിക്കലുമാണെന്നു  പറഞ്ഞ്,  ആ പരമ  പുരുഷാർത്ഥം  നേടാൻ  അനുഭവിച്ച  ക്ലേശങ്ങൾ  എന്തെല്ലാമെന്ന്   വിദൂഷകൻ വിവരിക്കും.  വേശ്യാ  പ്രാപ്തിക്ക്   ചെന്നപ്പോൾ  ഉണ്ടായ  അനുഭവങ്ങൾ  വർണ്ണിക്കുന്നത്   വളരെ രസകരമാണ്.  സദസ്സിൽ  കുട്ടികളുടെ  സാന്നിദ്ധ്യം  കാരണമായിരിക്കും, മധു അല്പം അയവുവരുത്തിയാണ്  ഈ ഭാഗം  അവതരിപ്പിച്ചത്.


ലേഖകൻ 
   
വേശ്യകളെ  വർണ്ണിക്കുന്ന  ഭാഗം,  കഥകളും  ഉപകഥകളും  കൊണ്ട്   നിറഞ്ഞതാണ്‌.   പ്രാപിക്കാൻ  പാടില്ലാത്ത  10 തരം  വേശ്യകളേയും,  വർജ്ജിക്കേണ്ട  6 തരം  വേശ്യകളേയും  കുറിച്ചുള്ള  വിശകലനമാണ്   ഏറെ  രസകരം.

വിത്താർത്ഥിനീ  ( പണം പണം എന്ന ചിന്ത മാത്രമുള്ളവൾ )  വിശരണ ( സ്വന്തമായി  സ്ഥലം ഇല്ലാത്തവൾ )  വിപരിച്ഛത ( കാര്യ സാദ്ധ്യത്തിനു  ചെല്ലുന്നവരെ കൊണ്ട്   വിടുപണി  ചെയ്യിക്കുന്നവൾ )  ആർത്ത  ( രോഗി )  തീർത്ഥോപമ ( തീർത്ഥത്തിൽ  ആർക്കും സ്നാനം  കഴിക്കാമല്ലോ )  പരവശ ( അംഗ സ്വാധീനമില്ലാത്തവൾ )  പരിഹാസപാത്രി ( ശാരീരിക  ന്യൂനതയുള്ളവൾ )  നിത്യപ്രസു  ( പ്രസവവും  ഗർഭവും നിരന്തരമായിക്കൊണ്ടിരിക്കുന്നവൾ )  അമധുര  ( തൊട്ടതിനും പിടിച്ചതിനും  ചൂടാവുന്ന സ്വഭാവമുള്ളവൾ )  സ്വയവയോവിരുദ്ധ  (പ്രായത്തിൽ  ഒരുപാട്  അന്തരമുള്ളവൾ )  ഈ ഗണത്തിൽപ്പെട്ട  വേശ്യകളെ  പ്രാപിക്കാൻ പാടില്ല.

അതിദീർഘ,  കൃശ ,  അതിസ്ഥൂല  തുടങ്ങി  ആറുതരത്തിലുള്ള  വേശ്യകളെ   വർജ്ജിക്കണം  എന്നും  പറയുന്നുണ്ട്.

വേശ്യാ  വിനോദത്തിനു  പോയ  വിദ്വാൻ  വേശ്യാ വഞ്ചനം  കൂടി നടത്തിയിട്ട്  തിരികെപ്പോരുന്ന  ഭാഗം  വിവരിച്ചപ്പോൾ  സദസ്സിൽ  നിന്ന്  കൂട്ടച്ചിരി ഉയർന്നു.  തിരികെ പോരുമ്പോൾ  ആ വിഡ്ഢി  ഒരു  സ്വർണ്ണ മണി  വായ്ക്കകത്താക്കിയാണത്രേ  അവിടം വിട്ടത്.  മോഷണം  അധർമ്മം ആണെന്ന്  അഭിപ്രായം  ഉയർന്നെങ്കിലും,  മോഷ്ടിച്ചത്  വേശ്യയുടെ  സമ്പാദ്യമായതുകൊണ്ട്   വേശ്യാ വഞ്ചനമെന്ന  പുരുഷാർഥമായി  അത്  വക കൊള്ളിക്കുകയാണ്  ചെയ്യുന്നത്.

1992ൽ തിരുവനന്തപുരം  തീർത്ഥപാദ  മണ്ഡപത്തിൽ  മാർഗി മധുവിന്റെ  കൂത്ത്   ഞാൻ കണ്ടിട്ടുണ്ട്.  അതിനുശേഷം  മാവേലിക്കരയിലാണ്‌   കൂത്തു കാണാൻ - കൂത്ത്  കാണുകയല്ല,  കേൾക്കുകയാണല്ലോ - ഭാഗ്യമുണ്ടായത്.  മധുവിനെ  മിഴാവിൽ  കലാമണ്ഡലം അനൂപ്‌  അകമ്പടി  സേവിച്ചു.

കൂത്തിന്  നമ്പ്യാരാണ്  മിഴാവ്  വായിക്കുന്നത് എന്ന്  നേരത്തെ  എഴുതിയിരുന്നല്ലോ?  ഞായറാഴ്ച   എന്നോടൊപ്പം മാവേലിക്കരയിൽ  കൂത്ത്   കേൾക്കാൻ    ഒരു  ലത്തീൻ കത്തോലിക്കക്കാരനായ  മിഴാവ്  വിദഗ് ധൻ  കൂടി  വന്നിരുന്നു.  സി.പി.എം.  പത്തനംതിട്ട  ജില്ലാ സെക്രട്ടറിയറ്റ്  മെമ്പറായ  പ്രൊഫ. എ. ലോപ്പസ്.   കൂത്തും,  മിഴാവും, ലോപ്പസ്  സാറുമായി  എന്തു  ബന്ധം.  അല്ലേ?  ആ  കഥ ഇങ്ങനെയാണ്.

1974ൽ  കേരള കർഷക സംഘം  സംസ്ഥാന സമ്മേളനം പരുമല  പമ്പാ കോളേജിൽ  വെച്ചാണ്  നടന്നത്.  പൊതുസമ്മേളനത്തിനു  ശേഷം 2 കലാപരിപാടികൾ  ആസൂത്രണം  ചെയ്തിരുന്നു.  കൂത്തും ഒരു  നാടകവും.  അന്ന്  കൂത്ത്  അവതരിപ്പിച്ചത്  എന്റെ പിതാവ്,   ചെങ്ങന്നൂർ  M.L.A.. ആയിരുന്ന  പി.ജി. പുരുഷോത്തമൻ പിള്ളയായിരുന്നു.   അന്ന്  നമ്പ്യാർ  വേഷം  കെട്ടി  മിഴാവ്  കൊട്ടിയത്  ലോപ്പസ്  സാറായിരുന്നു.  ഇ.എം.എസ്സും , എ.കെ.ജിയും  നാടകം  കണ്ടില്ലെങ്കിലും  അന്നത്തെ,  ഒരു മണിക്കൂർ  നീണ്ട  കൂത്ത്  മുഴുവൻ  കണ്ടിട്ടാണ്  പരുമലയിൽ  നിന്നു  പോയത്.






അമ്പലപ്പുഴ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള കുഞ്ചൻനമ്പ്യാർ  ഉപയോഗിച്ചിരുന്ന  മിഴാവ്.



Thursday, July 25, 2013

പാച്ചുവമ്മാവനും മിസ്സിസ് മാലപ്രോപ്പും.........!






പ്രസിദ്ധ ആംഗ്ലോ-ഐറിഷ്‌ നാടകകൃത്തായ ഷെറിഡാന്റെ ( Richard Brinsley Sheridan ) "ദ്  റൈവൽസ് " എന്ന നാടകത്തിൽ രസകരമായ രംഗങ്ങൾ സൃഷ്ടിക്കുന്ന  ഒരു കഥാപാത്രമുണ്ട്. മിസ്സിസ് മാലപ്രോപ്പ്. അവസരത്തിലും അനവസരത്തിലും തെറ്റായ വാക്കുകൾ പ്രയോഗിക്കുക ഈ കഥാപാത്രത്തിന്റെ ഒരു സ്വഭാവ വിശേഷമാണ്.


ഷെറിഡാൻ


മിസ്സിസ് മാലപ്രോപ്പിന്റെ വാചകാരിഷ്ടങ്ങൾ ചിരിക്ക് നല്ല വക നൽകുന്നവയാണ്. "...promise to forget this fellow to illiterate him, I say, quite from your memory. ഇവിടെ obliterate എന്ന വാക്ക് മിസ്സിസ് മാലപ്രോപ്പിന് illiterate ആണ്.

' He is the very pine-apple of politeness. ( Pinnacle )

" I have since laid Sir Anthony's preposition before her" ( proposition ) ഇത് മാലപ്രോപ്പിസം എന്നാണ്  അറിയപ്പെടുന്നത്. ഷെക്ക്സ്പിയറിന്റെ Much Ado About Nothing ലും ഇതുപോലെ തന്നെ ഒരു കഥാപാത്രമുണ്ട്. ഓഫീസർ ഡോഗ്ബറി. ( Dogberry ) മാലപ്രോപ്പിന്റെ കാര്യം പറഞ്ഞപോലെയാണ് ഇഷ്ടനും. ഇത് ഡോഗ്ബറിയിസം എന്നും അറിയപ്പെടുന്നു.


ഷേക്ക്സ്പിയർ



ഇപ്പോൾ ഷെറിഡാനേയും ഷേക്ക്സ്പിയറിനേയും അനുസ്മരിക്കാൻ എനിക്ക് അവസരം തന്നത് ഒരു സുഹൃത്തിന്റെ പേരക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആണ്. ഉച്ചക്കുള്ള സദ്യയിൽ മറ്റെന്തോ തിരക്കുകാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്റെ വീടിന് കുറച്ച് പടിഞ്ഞാറുള്ള മായ യക്ഷീ ക്ഷേത്രത്തിനടുത്താണ്‌ സുഹൃത്തിന്റെ വസതി. വൈകുന്നേരമാണ് അവിടെ പോയത്.

ഞാനും അദ്ദേഹവും കൂടി വീടിന്റെ മുൻവശത്തെ വരാന്തയിൽ സൊറ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ കേൾക്കാം, ക്ഷേത്രത്തിലെ മൈക്കിൽ കൂടി കർണ്ണ കഠോരമായ ഒരു മുന്നറിയിപ്പ്. " ഭക്ത ജനങ്ങളെ ഭക്തിയുടെ മുൾമുനയിൽ നിർത്തുന്ന നാമജപ ഘോഷലഹരി ഉടൻ ആരംഭിക്കുന്നതാണ്." ക്ഷേത്ര കമ്മറ്റി പ്രസിഡന്റിന്റെയാണ്  മുൾമുന കൊണ്ടുള്ള ഈ ഭീഷണി. ഭക്ത ജനങ്ങൾ മുൾമുനയിൽ നില്ക്കുന്ന ആ മനോഹര ദൃശ്യം മനസ്സിൽ സങ്കൽപ്പിച്ചിരിക്കുമ്പോൾ,  ഈ വിദ്വാൻ കഴിഞ്ഞ വർഷം നടത്തിയ ഒരു "അലവൻസ്മന്റാണ് " എന്റെ ഓർമ്മയിൽ എത്തിയത്.

" ഇന്നലെ ചരൽക്കുന്നിൽ നടന്ന ഹിന്ദു മഹാ സമ്മേളനം ഉൽഘാടനം ചെയ്ത്, സ്വാമി സത്യാനന്ദ സരസ്വതി നടത്തിയ പ്രസംഗം ഇന്ന് വൈകിട്ട് 5 മണിക്ക് ഈ ക്ഷേത്രത്തിൽ നിന്ന് വിക്ഷേപണം ചെയ്യുന്നതായിരിക്കും."

ഇതുപോലെയുള്ള കഥാപാത്രങ്ങൾ നിങ്ങളുടെയൊക്കെ ചുറ്റുവട്ടത്തും കാണും. ഇനി ശ്രദ്ധിക്കുക, ഇവരെല്ലാം പൊതുവെ ഒരുപോലിരിക്കും. പരുക്കൻ സ്വഭാവക്കാരായിരിക്കും. നർമ്മ ബോധം മഷിയിട്ട് നോക്കിയാൽ കാണില്ല. മുൻ ചീഫ് സെക്രട്ടറി സി.പി. നായരുടെ ഭാഷ കടം എടുത്തു പറഞ്ഞാൽ, ഒന്നാന്തരം അരസിക ശിരോമണികൾ. പരമ ബോറന്മാർ എന്നാണിതിന്റെ പരിഭാഷ.
  ഏതു കാര്യമായാലും ചുമതല ഏറ്റെടുക്കാൻ വളരെ ഉൽസാഹമാണ്. തട്ടിപ്പും വെട്ടിപ്പുമില്ല. ഇതിന് ആരേയും അനുവദിക്കുകയുമില്ല. പക്ഷെ ഒരു കുഴപ്പം ഉണ്ട്, തൂമ്പാ കൊണ്ട് എടുക്കാനുള്ളത് ഇവർ സൂചികൊണ്ട് എടുക്കാനേ ശ്രമിക്കുകയുള്ളൂ.

ഇക്കൂട്ടരുടെ മറ്റൊരു സ്വഭാവ വിശേഷം, എത്ര സങ്കീർണ്ണമായ പ്രശ്നവുമായിക്കൊള്ളട്ടെ, അതിന്റെ മുഴുവൻ ഉത്തരവാദിത്തവും അവർ സ്വയം ഏറ്റെടുത്തുകൊള്ളും എന്നുള്ളതാണ്. വിവാഹ ആലോചന  ആകട്ടെ, വിവാഹമാകട്ടെ, ജോലിക്കാര്യം ആകട്ടെ, ഇനി ഒരു പക്ഷെ വിവാഹ മോചനം തന്നെയാകട്ടെ ഒരു പ്രശ്നവുമില്ല. സംഭവം സുഖപര്യാവസായിയായി  പരിണമിച്ചാൽ അത് അമ്മാച്ചന്റെ കഴിവ്, മറിച്ചാണെങ്കിലോ? നിന്റെ തലേവിധി.

രണ്ടുപദേശവും, നാല് വിമർശനവും നടത്തിയില്ലെങ്കിൽ ഈ സൃഷ്ടികൾക്ക് ഒരിക്കലും ഉറക്കം വരികയില്ല. ഒരിക്കൽ ഉപദേശിക്കുന്നത്, എടാ കുഞ്ഞേ നിനക്ക് തരക്കേടില്ലാത്ത ശമ്പളമുണ്ടെന്നു കരുതി ഇങ്ങനെ ധാരാളിത്തമാകാമോ ..? എന്നായിരിക്കും. അടുത്താഴ്ച കാണുമ്പോൾ പ്ലേററ്  നേരേ തിരിച്ചായിരിക്കും, എന്തിനാടാ കുഞ്ഞേ ഇങ്ങനെ ലുബ്ധിക്കുന്നത്, ഇതൊക്കെ കൂട്ടി വെച്ചിട്ട് മേലോട്ടു  പോവുമ്പോൾ എന്തേലും കൊണ്ടുപോകാൻ കഴിയുമോ...?

വഴിയിൽ കിടക്കുന്ന തേങ്ങ, എന്നാൽ അത് ഗണപതിക്ക് ഇരിക്കട്ടെ, ഉപദേഷ്ടാവിന് നഷ്ടമൊന്നും ഇല്ലല്ലോ? അതാണീ ഉപദേശത്തിന്റെ മന:ശാസ്ത്രം.  ഇതിനേക്കാളൊക്കെദ്രോഹം വിമർശനമാണ്.  അതിലേറെ ഇത് അപകടകാരിയുമാണ്‌. ചൈന ഇന്ത്യയെ ആക്രമിച്ചതു മുതൽ തൊരപ്പൻ വേലുപ്പിള്ള അതിര് മാന്തിയത് വരെ ഇക്കൂട്ടർ വിമർശനത്തിനുള്ള വിഷയമാക്കും.

രാജഭരണ കാലമായിരുന്നെങ്കിൽ ഇത് വല്ലതും നടക്കുമോ എന്ന് ആത്മസംതൃപ്തി കൊള്ളുമ്പോൾ, സ്വാഭാവികമായും നമുക്ക് ഒരു സംശയം. അല്ലമ്മവാ, ചിത്തിര തിരുനാൾ തിരുവിതാംകൂർ ഭരിക്കുകയായിരുന്നെങ്കിൽ ചൈന, ഇന്ത്യയെ ആക്രമിക്കുകയില്ലായിരുന്നോ....?

" നിനക്കൊക്കെ ഇങ്ങനെ കുരുത്തക്കേട് പറയാനേ അറിയത്തൊള്ളൂ. മൂന്നക്ഷരമുണ്ടടാ, അതുവേണം. അല്ല, നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, കലികാലമല്ലേ...? സർവ്വ തെറ്റുകുറ്റങ്ങളും മഹാപാപങ്ങളും ഏറ്റെടുക്കാൻ അങ്ങനെയൊരു അവതാരം ഇല്ലായിരുന്നെങ്കിൽ ! സ്ഥിതി ആകെ കഷ്ടത്തിൽ ആകുമായിരുന്നു. ഇവരുടെ നിഴൽ കണ്ടാൽ മതി ജീവനിൽ കൊതിയുള്ളവർ വീടുപൂട്ടി സ്ഥലം വിട്ടുകളയും. ഈ ഹൃദയവിശാലുക്കൾക്ക് ഇതിൽ പരിഭവമേതുമില്ല. വഞ്ചി നേരെ അടുത്ത നിർഭാഗ്യവാനെലക്ഷ്യമാക്കി വിട്ടുകൊളളും.
ലേഖകൻ



എന്റെ അമ്മക്ക് വകയിൽ ഒരമ്മാവൻ ഉണ്ടായിരുന്നു. മാന്നാറിനടുത്ത് കുട്ടമ്പേരൂരിലെ ഒരു പ്രമാണി ആയിരുന്നു അദ്ദേഹം. കളത്തൂർ പരമേശ്വരൻപിള്ള. ഞങ്ങൾ പാച്ചുവമ്മാവൻ എന്നാണ്‌ അദ്ദേഹത്തെ വിളിച്ചിരുന്നത്. ഇടയ്ക്കിടെ അനന്തിരവളെ കാണാൻ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഓഫീസർ ഡോഗ്ബറിയുടെ, അല്ലെങ്കിൽ മിസ്സിസ് മാലപ്രോപ്പിന്റെ കടുത്ത ആരാധകനായിരുന്നു  പാച്ചുവമ്മാവൻ.

" ബോംബേന്നു എളേ പെണ്ണിന്റെ കൊച്ചുങ്ങൾ വന്നിട്ടുണ്ട്. അവർക്ക് നൈറ്റ് ഡ്യൂട്ടി വാങ്ങിക്കാൻ ഇറങ്ങിയതാ.." ഒരിക്കൽ വന്നപാടെ അമ്മാവൻ സന്ദർശനോദ്ദേശം വ്യക്തമാക്കി. നൈറ്റ് ഡ്യൂട്ടി കമ്പോളത്തിൽ വാങ്ങിക്കാൻ കിട്ടുന്ന സാധനമാണോ എന്നോർത്ത് വായനക്കാർ സന്ദേഹപ്പെടേണ്ടതില്ല. സ്ത്രീകളുടെ നിശാവസ്ത്രമായ നൈറ്റിയെയാണ് അമ്മാവൻ നൈറ്റ് ഡ്യൂട്ടി എൽപ്പിച്ചിരിക്കുന്നത്.

" അമ്മാവൻ കാപ്പി കുടിച്ചതാണോ....?" - അമ്മ കുശലാന്വേഷണം ആരംഭിക്കും.

" എടീ കൊച്ചേ, ഗോപാലന്റെ കഷായം കുടിക്കുന്നതുകൊണ്ട് ഉഴുന്നാഹാരം വർജ്ജ്യമാണ്‌. നിന്റമ്മായി കാലത്തെ കാച്ചിൽ, ചേമ്പ്, ചേന, കപ്പ തുടങ്ങിയ നവധാന്യങ്ങൾ പുഴുങ്ങിത്തന്നു. കർണ്ണാ കർണ്ണിയാ അത്യൂഷ്മാവുണ്ടാക്കുന്ന കാ‍ന്താരി മുളകു കൊണ്ടൊരു ചമ്മന്തിയും."

മറ്റൊരവസരത്തിൽ അമ്മാവൻ പറയുന്നത് കേട്ടതാണ്.  " എടീ, പടിഞ്ഞാറ്റേലെ പശൂനെ ഇന്നലെ ഒരു പട്ടി കടിച്ചു. കൊച്ചുങ്ങടെ നിലവിളി കേട്ട് ഞാൻ ഓടിച്ചന്ന് നോക്കുമ്പോൾ, ശിവ ശിവ ഒരു കാലേൽ പട്ടി കടിച്ച് പുറകോട്ട് വലിക്കുവാ. മരണവെപ്രാളം കൊണ്ട് പശു മുന്നോട്ടോടാനുള്ള ശ്രമവും. ഏതാണ്ടൊരു അജാമ്ള മോക്ഷം പോലെ..." ( ഗജേന്ദ്രമോക്ഷമാണ് അമ്മാവന്റെ അജാമ്ളമോക്ഷം.)

നിരന്തര ശല്യക്കാരിയായ ഒരു ബന്ധുവിനെതിരെ അമ്മാവൻ പണ്ടൊരു കേസുകൊടുത്തു. മറ്റു ബന്ധുക്കളുടെ സമ്മർദ്ദം കാരണം അവസാനം അമ്മാവന് ആ കേസ് പിൻവലിക്കേണ്ടിവന്നു.

ഈ വിവരം അറിഞ്ഞപ്പോൾ അമ്മ, അമ്മാവനോട് ചോദിച്ചു; - " അവരു ചെയ്ത ദ്രോഹമൊക്കെ ഇത്രപെട്ടെന്ന് അമ്മാവൻ മറന്നോ...?"

" എടീ മക്കളേ, ആ പെങ്കൊച്ച് വന്ന് കരഞ്ഞുകൂവി കൈയ്യും കാലും പിടിച്ചപ്പോൾ എന്റെ മനസ്സങ്ങ് സങ്കടപ്പെട്ടുപോയി. " മലകളിളകിലും മഹാജനാനാം മനമിളകാ " എന്നാണല്ലോ ചൊല്ല്...."

" രാമൻപിള്ളച്ചേട്ടന്റെ ദുര്യോധനൻ ഇരുത്തിയൊരു നോട്ടം...ഒരലർച്ചയും. കൃഷ്ണൻ കെട്ടിയ ആ പോറ്റിക്കൊച്ചന്റെ സപ്താഹനാഡികളും തളർന്നു പോയി.."  ഒരിക്കൽ ചെങ്ങന്നൂർ ആശാന്റെ ദുര്യോധനവേഷത്തെക്കുറിച്ച് എന്നോട് പറഞ്ഞതാണ്.

മറ്റൊരിക്കൽ എന്നോടുതന്നെ പറഞ്ഞതാണ്, " എടാ, കുട്ടമ്പേരൂരമ്പലത്തിൽ ഇന്നാറാട്ടാ...., രാത്രീൽ ആട്ടമുണ്ട്, കുചേലവൃത്താന്തം......."


പട്ടം താണുപിള്ള 


മലയാറ്റൂർ രാമകൃഷ്ണൻ ഐ.എ.എസിൽ ചേരുന്നതിന് മുൻപ് മുൻസിപ്പൽ കമ്മീഷണർ തെരഞ്ഞെടുപ്പിനുള്ള പരീക്ഷയിൽ വിജയിച്ചു, ഫസ്റ്റ് റാങ്ക്. പക്ഷെ മുഖ്യമന്ത്രി പട്ടം താണുപിള്ള അദ്ദേഹത്തിന് ജോലി നിഷേധിച്ചു. ഈ സംഭവം അന്ന് വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. കേരളകൗമുദി മുഖപ്രസംഗം എഴുതുക വരെയുണ്ടായി. പക്ഷെ ഈ വനരോദനം ഒന്നും തന്നെ പട്ടത്തെ തെല്ലും ഉലച്ചില്ല. പത്രക്കാരെ പട്ടത്തിന് തീരെ മതിപ്പില്ല. ദിനപ്പത്രം, വർത്തമാനപത്രം, വൃത്താന്തപത്രം ഇതൊക്കെ പട്ടത്തിന്റെ കണ്ണിൽ വെറും കടലാസാണ്.

ഒരു പത്ര സമ്മേളനം. " സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ഒരു ഉദ്യോഗാർത്ഥിക്ക്, സർക്കാർ ജോലി നിഷേധിക്കുന്നത് നീതിക്ക് നിരക്കുന്നതാണോ....?" ചോദ്യം ന്യായം.

ജുബ്ബയുടെ കൈ തെറുത്തു മുകളിലേക്ക് കയറ്റി, കണ്ണാടി ഊരി രണ്ടാം മുണ്ട് കൊണ്ട് തുടച്ചു കൊണ്ട് ചോദ്യകർത്താവിനെ പട്ടം ഒന്നു നോക്കി. വിശ്വരൂപത്തിനു മുമ്പുള്ളതാണ്‌  ഈ അവതാരം.

" മലയാറ്റൂർ രാമകൃഷ്ണനല്ല വൈകുണ്‍O0  പരമേശ്വരനാണെന്നു പറഞ്ഞാലും, കമ്മ്യൂണിസ്റ്റുകാരന്  ഈ ഗവണ്‍മെന്റ് ജോലി കൊടുക്കുകയില്ല." പട്ടത്തിന്റെ മറുപടി.

ഈ പറയുന്ന വൈകുണ്ഡത്തിൽ വസിക്കുന്നത് പരമേശ്വരനാണോ മഹാവിഷ്ണുവാണോ എന്ന് പട്ടത്തോട്  ചോദിക്കാനുള്ള ആത്മബലം പത്രക്കാർക്കുണ്ടായിരുന്നില്ല.

അച്യുതമേനോൻ മന്ത്രിസഭയിൽ ബേബിജോണ്‍ റെവന്യു മന്ത്രിയായിരിക്കുമ്പോൾ, മലയാറ്റൂരിന്റെ പ്രത്യേക താല്പര്യപ്രകാരം വകുപ്പ്  "ധരണി" എന്ന പേരിൽ ഒരു മാസിക 16 ലക്കം ഇറക്കുകയുണ്ടായി. ( മലയാറ്റൂർ റെവന്യു ബോർഡ് ഒന്നാം മെമ്പർ ആയിരുന്നു.) 16-)0 ലക്കം ഇംഗ്ലീഷ്  സ്‌ പെഷ്യൽ പതിപ്പായിരുന്നു. ആ ലക്കത്തിൽ ഒരു റെവന്യു അഡീഷണൽ സെക്രട്ടറി Land reform നെ സംബന്ധിച്ച് ഒരു ലേഖനം എഴുതി.

പാമ്പുകൾക്ക് മാളമുണ്ട്
പറവകൾക്ക് ആകാശമുണ്ട്
മനുഷ്യപുത്രന് തല ചായ്ക്കാൻ.... ഈ ഗാനത്തിന്റെ പരിഭാഷയോടെയാണ് ലേഖനം ആരംഭിക്കുന്നത്.

"Snakes have their holes
Birds have skies
but men have no holes..."  - ഇതായിരുന്നു സെക്രട്ടറി പുംഗവന്റെ പരിഭാഷ.



ബഹുഭാഷാ പണ്ഡിതനും, അനേകം ഗ്രന്ഥങ്ങളുടെ രചയിതാവും, സർവ്വോപരി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട്  ഡയക്റ്ററുമായായിരുന്ന ഒരു മഹാപുരുഷനെ പറ്റിയുള്ള ഒരു കഥ ( കഥയല്ല സത്യം ) തിരുവനന്തപുരത്തെ പഴയ പത്രപ്രവർത്തകർക്ക്  ഓർമ്മ കാണും. പബ്ലിക് റിലേഷൻസ് ഡയറക് റ്ററും, സാഹിത്യകാരനും ആയിരുന്ന എൻ. മോഹനൻ (സാഹിത്യകാരിയായ ലളിതാംബികാ അന്തർജ്ജനത്തിന്റെ മകൻ) സൃഷ്ടിച്ച കെട്ടുകഥയായി പിൽക്കാല ചരിത്രം ഈ സംഭവത്തെ വിലയിരുത്തി. ശരിയാണ്, മോഹനൻ ചേട്ടൻ ഇങ്ങനെയുള്ള കഥകൾ ഉണ്ടാക്കുന്നതിൽ ഉസ്താദ് ആയിരുന്നു. പക്ഷെ, ഇത് മോഹനൻ ചേട്ടൻ ഉണ്ടാക്കിയ കഥയല്ല. പരിപൂർണ്ണ "പകർപ്പവകാശം" ഭാഷാ പണ്ഡിതനു തന്നെ.

തിരുവനന്തപുരത്തെ പ്രമുഖ പത്രക്കാർ സന്നിഹിതരായിരുന്ന ഒരു സൗഹൃദവേദിയിൽ വെച്ച് , മക്കളുടെ രോഗത്തെക്കുറിച്ച്, വളരെ വ്യസനത്തോടെ അദ്ദേഹം പറഞ്ഞു : "വീട്ടിൽ കുട്ടികൾക്കെല്ലാംഅസുഖം പിടിച്ചിരിക്കുകയാണ്. ഈ ബാലികാബാലകന്മാർക്കൊക്കെ പിടിപെടുന്ന ഒരുതരം അസുഖം ഉണ്ടല്ലോ......, ബാലിസ്റ്റിക്  മിസൈൽസ്." ( അന്നത്തെ പത്രക്കാരിൽ പി.സി. സുകുമാരൻ നായർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.)


മലയാറ്റൂർ രാമകൃഷ്ണൻ 


1975ൽ  സി.പി.ഐ.(എം) ന്റെ, കർഷക സംഘടനയായ കേരള കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനം ആലപ്പുഴ ജില്ലയിലെ പരുമലയിൽ ആണ് നടന്നത്.  ദേവസ്വം ബോർഡ് പമ്പാ കോളേജ്  ഗ്രൌണ്ടായിരുന്നു പൊതുസമ്മേളന വേദി. പൊതുസമ്മേളനം ഉൽഘാടനം ചെയ്തത്  കിസാൻ സഭാ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന സ. ഹരേ കൃഷ്ണ കോനാർ. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം പരിഭാഷപ്പെടുത്തിയത്  എന്റെ പിതാവും, അന്ന് ചെങ്ങന്നൂർ എം.എൽ.എ. യുമായിരുന്ന പി.ജി.പുരുഷോത്തമൻപിള്ളയായിരുന്നു.

പ്രസംഗത്തിൽ കോനാറിന്  ഒരു ചെറിയ 'വാക്പിശക് ' ഉണ്ടായി. slip of the tongue എന്ന് ആംഗലത്തിൽ പറയുമല്ലോ. Spectacle on my nose എന്നതിന് കോനാർ പറഞ്ഞത്,  nostacle on my space എന്നായിപ്പോയി.

അച്ഛൻ അതിങ്ങനെയാണ് പരിഭാഷപ്പെടുത്തിയത്.  "കാക്കേൽ മുണ്ണാടി".


ഹരേ കൃഷ്ണ കോനാർ 
മന:പൂർവ്വം സൃഷ്ടിക്കുന്ന ഫലിതത്തേക്കാൾ തിളക്കം സ്വാഭാവികതയാർന്ന ഫലിതത്തിനാണെന്നാണ് എന്റെ വിശ്വാസം. ടെലിവിഷൻ ചാനലുകളിൽ കാണിക്കുന്ന തമാശപ്പരിപാടികൾ കാണുമ്പോൾ ഈ വിശ്വാസം ഞാൻ അരക്കിട്ട് കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്നു. ഇ.വി. കൃഷ്ണപിള്ളയുടെ "ജീവിതസ്മരണകൾ" എന്ന കൃതിയിൽ, ഒരു സഹപാഠിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ കുറിച്ച് ഒരു കഥ പറയുന്നുണ്ട്.  ഒരത്യുഗ്രൻ ഫലിതത്തിന് ഉത്തമ ഉദാഹരണമാണ് ഇ.വി. എഴുതിയ ആ സംഭവ കഥ. ഇതിന്  പാച്ചുവമ്മാവാൻ,  മിസ്സിസ് മാലപ്രോപ്പ് എന്നിവരുമായി അല്പം അകന്ന ബന്ധമേയുള്ളൂ എന്ന് വിനീതനായി ബോധിപ്പിച്ചുകൊള്ളട്ടെ.

പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിക്കാനും, അതിന്റെ സ്പെല്ലിംഗ് ഹൃദിസ്ഥമാക്കുവാനും ഇ.വി.യുടെ ഇംഗ്ലീഷ് അദ്ധ്യാപകൻ, കുട്ടികൾക്കായി  ഒരു വിനോദ വിജ്ഞാന പരിപാടി ക്ലാസ്സിൽ നടത്തുക പതിവായിരുന്നു. ഒരു വിദ്യാർത്ഥി ഒരു വാക്ക് പറയുക, അതിന്റെ അർത്ഥവും സ്പെല്ലിംഗും മറ്റുകുട്ടികളിൽ ആരെങ്കിലും പറയണം. മറ്റാർക്കും അതിനു കഴിഞ്ഞില്ലെങ്കിൽ ചോദ്യകർത്താവ് തന്നെ സംശയനിവൃത്തി വരുത്തണം.


പി.ജി.പുരുഷോത്തമൻപിള്ള
ഈ പരിപാടിയിലൊന്നും പങ്കെടുക്കാൻ കൂട്ടാക്കാതിരുന്ന ഒരു തിരുമണ്ടൻ ഉണ്ടായിരുന്നു ഇ.വി.യുടെ ക്ലാസ്സിൽ. മത്സരപരിപാടി അതീവ വാശിയോടെ ക്ലാസ്സിൽ തകർത്തുവെച്ചു നടക്കുമ്പോൾ ഇയാൾ പിൻബെഞ്ചിലിരുന്ന് ഉറക്കമായിരിക്കും പതിവ്.

ഇങ്ങനെയായാൽ പറ്റില്ലല്ലോ എന്നൊരു ഭൂതോദയം ഒരു ദിവസം ഈ ചങ്ങാതിക്കുണ്ടായി. വീട്ടിൽ ചെന്ന് ഡിക് ഷ് ണറി കൂലങ്കഷമായി പരിശോധിച്ച് ഒരു വാക്ക് കണ്ടു പിടിച്ചു. സ്പെല്ലിംഗും അർത്ഥവും എല്ലാം മനസ്സിലാക്കി, ഇനി വല്ല അത്യാഹിതവും സംഭവിച്ചാൽ അതിനെ നേരിടാനായി, ഒരു തുണ്ടുകടലാസിൽ അത് എഴുതിയെടുത്തു കൊണ്ടുമാണ്  മണ്ടച്ചാർ പിറ്റേന്ന് ക്ലാസ്സിൽ ചെന്നത്.


ഇ.വി.കൃഷ്ണപിള്ള 
 ഇംഗ്ലീഷ് പീരിയഡ്. പതിവുപോലെ അങ്കം ആരംഭിച്ചു.  "മോക്കി, അർത്ഥവും സ്പെല്ലിംഗും പറയുക..?" ചൊദ്യകർത്താവായ മരമണ്ടനെ കണ്ടപ്പോൾ മറ്റുകുട്ടികൾക്ക് അത്ഭുതവും ആകാംക്ഷയും. ക്ലാസ്സിലെ ഏറ്റവും സമർത്ഥൻ ഇ.വി.യാണ്; അദ്ദേഹം എണീറ്റ് spelling പറഞ്ഞു : M-O-C-K-Y

മണ്ടൻ : തെറ്റ്.

മറ്റൊരു കുട്ടി എണീറ്റ് പറഞ്ഞു : M-O-K-K-Y

തെറ്റ്.

mokkie, moky, moki, moccy......തെറ്റുതന്നെ എല്ലാവരും പറയുന്നത്. അവസാനം അദ്ധ്യാപകനും ഒരു കൈ പരീക്ഷിച്ചു : M-O-C-C-H-I-E.  അതും തെറ്റിന്റെ ശ്രേണിയിലേക്കുതന്നെയാണ് പരിഗണിച്ചത്.

"എന്നാൽ, നീ തന്നെ പറയൂ...?" അദ്ധ്യാപകൻ പരാജയം സമ്മതിച്ച് അവനോട് പറഞ്ഞു.

വിജയശ്രീലാളിതനായി എല്ലാവരെയും ഒന്ന് നോക്കിയിട്ട് പുല്ലു പോലെ അവൻ മോക്കിയുടെ സ്പെല്ലിംഗ് പറഞ്ഞു : "monkey,.... മോക്കി ".......!!!

എന്റെ വീടിനടുത്ത് കൃഷ്ണപ്പണിക്കർ എന്നൊരു പുരാണ പാരായണക്കാരനുണ്ടായിരുന്നു. നോട്ടീസിൽ പേരുവെക്കുമ്പോൾ, AIR fame എന്നു കൂടി അച്ചടിച്ചിരിക്കണം എന്ന് ഈ 'പൗരാണികന്' നിർബന്ധം ഉണ്ടായിരുന്നു. ഓൾ ഇന്ത്യാ റേഡിയോയിൽ കക്ഷി പാരായണിച്ചിട്ടുണ്ടോ എന്നെനിക്ക് നിശ്ചയം പോരാ, പക്ഷെ സംഗീതകച്ചേരി, കഥകളിസംഗീതം എന്നീ പരിപാടികളുടെ സ്ഥിരം ശ്രോതാവായിരുന്നു.

അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലെ " തരിക വരം കരുണാകരാ പോറ്റീ " എന്നുള്ളത്  "തരിക വരം കരുണാകരപ്പോറ്റി" എന്നേ കൃഷ്ണപ്പണിക്കർ വായിക്കൂ.

"വിശ്വാമിത്രനും പ്രീതനായരുൾചെയ്തീടിനാൻ " കൃഷ്ണപ്പണിക്കരുടെ കൈകളിലെത്തുമ്പോൾ "വിശ്വാമിത്രനും പ്രീതാനായരും അരുൾചെയ്തീടിനാൻ" എന്നായിത്തീരും.

ഭൂസുരൻ പണിക്കരുചേട്ടന്  ഭ്രൂസുരനാണ്. ഭൂതലം, ഭൂമിപാലകൻ, ഭൂദേവൻ തുടങ്ങിയവർക്കൊന്നും, ഭാഗ്യവശാൽ  ഭൂസുരന്റെ ഗതികേട് സംഭവിക്കാറില്ല. കക്ഷിയെ ഞങ്ങൾ ഭ്രൂസുരൻ എന്നായിരുന്നു വിളിച്ചിരുന്നത്.

എ.ജി. ഗാർഡിനർ 


പണ്ട് ചങ്ങനാശേരി എസ്.ബി. കോളേജിലെ ഒരു ഇംഗ്ലീഷ് പ്രൊഫസ്സർ, എ.ജി. ഗാർഡിനറുടെ "Fellow Passenger" എന്ന essay ക്ലാസ്സിൽ പഠിപ്പിക്കുകയായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ ഒരീച്ചയെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യാതെ ബുദ്ധിമുട്ടുന്നത് രസകരമായി പ്രതിപാദിക്കുന്നതാണ് ആ ഉപന്യാസം.

"Magnanimity has its limit" എന്ന് പറഞ്ഞാണ് ആ ഉപന്യാസം ഗാർഡിനർ അവസാനിപ്പിക്കുന്നത്. ഈ വാചകത്തിന് അദ്ധ്യാപകൻ നല്കിയ പരിഭാഷ വളരെ രസകരമാണ് : 'തന്തേല്ലാഴികക്കും ഒരതിരുണ്ട്‌ '.

എന്റെ മൂത്ത സഹോദരിയുടെ ഒരനുഭവം. അവർ വിവാഹിതയായി ഭർത്താവിനോടൊപ്പം ജബൽപ്പൂരിൽ ചെന്ന കാലം. കേരളം വിട്ട് എവിടെയെങ്കിലും പോകുന്നത് ആദ്യമായാണ്‌. ആർമി കന്റോണ്‍മെന്റിലെ അവരുടെ ഫ്ലാറ്റിനു തൊട്ടടുത്ത് താമസിച്ചിരുന്നത് ഒരു പഞ്ചാബി ക്യാപ്റ്റനും ഭാര്യയുമായിരുന്നു. അതി സുന്ദരിയായിരുന്നു ആ പഞ്ചാബിണി. മറ്റു മലയാളി ഓഫീസർമാരുടെ ഭാര്യമാരുമായി സംസാരിക്കുമ്പോൾ, പഞ്ചാബുകാരിയെ സുന്ദരി എന്നാണു ചേച്ചി വിശേഷിപ്പിച്ചിരുന്നത്. ചേച്ചിയുടെ ഈ വിശേഷണം തന്നെ കളിയാക്കിക്കൊണ്ടുള്ളതാണെന്ന് അവർക്ക് തോന്നി. സംശയ നിവൃത്തിക്ക് പഞ്ചാബി സിംഹി സമീപിച്ചത് ഒരു മലയാളി ബ്രിഗേഡിയറുടെ മദ്ധ്യവയസ്സ് പിന്നിട്ട ഭാര്യയെ.

" mem saab, what is the meaning of one of your words in Malayalam, chundeli?"

"Oh chundeli......it means mouse ..."

അവർ ജബൽപ്പൂരിൽ നിന്ന് സ്ഥലം മാറ്റം കിട്ടി പോകുന്നതു വരെയും ആ 'മൌസുമി ചാറ്റർജി" ചേച്ചിയോട് മിണ്ടിയിട്ടില്ല.

ശൂരനാട് കുഞ്ഞൻപിള്ള സാറിനെ കുറിച്ച്  ഒരു കഥ കേട്ടിട്ടുണ്ട്. അദ്ദേഹം ടൌണിൽ കൂടി നടന്നു പോകുമ്പോൾ ഭിക്ഷ ചോദിച്ച  ഒരന്ധന് 50 പൈസാ കൊടുത്തു. നടന്നു തുടങ്ങികഴിഞ്ഞപ്പോഴാണ് അവൻ ഭിക്ഷ ചോദിച്ച്  വിളിച്ചു കൂവുന്ന വാചകം സാറിന്റെ ശ്രദ്ധയിൽ പെട്ടത്. "കണ്ണുകാണാൻ കഴിയാത്ത ഈ അന്ധന് വല്ലതും തരണേ.."

അദ്ദേഹം തിരികെ വന്ന് കൊടുത്ത പൈസ തിരികെ വാങ്ങിയിട്ട് പറഞ്ഞു, " എടാ, യാചകാ തെറ്റ് കൂടാതെ ഭാഷ പ്രയോഗിക്കാൻ നീ പഠിക്കണം. കണ്ണ് കാണാത്തവരെയാണ് അന്ധൻ എന്ന് വിളിക്കുന്നത്. മനസ്സിലായോ?"

ഇതാരാടാ ഈ പുതിയ സൃഷ്ടി...ഭിക്ഷക്കാരന്  അത്ഭുതം. ഇതൊരു കഥ മാത്രമാണ്. സാറിന്റെ കടുകട്ടിയായ വ്യാകരണ നിർബന്ധത്തെകളിയാക്കി ഏതോ സരസൻ പ്രചരിപ്പിച്ചതാവണം, ഈ കഥ.

മലയാള മനോരമയിൽ പത്തിരുപതു വർഷംമുമ്പ് പ്രസിദ്ധീകരിച്ച ഒരു ചിത്രം ഒർമ്മയിൽഎത്തുന്നു. ഒരാന പുഴയിൽഇറങ്ങിനിന്ന് തുമ്പിക്കൈയ്യിൽ വെള്ളം കോരി ശരീരത്തിൽ ഒഴിക്കുന്നതായിരുന്നു ചിത്രം. മലയാള ഭാഷാ പണ്ഡിതനായ സബ്ബ് എഡിറ്റർ അതിനു കൊടുത്ത ക്യാപ് ഷൻ ആയിരുന്നു ഏറെ രസകരം. "മത്തേഭൻ പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ.." പാംസുസ്നാനം അർത്ഥം അറിയാൻ പാടില്ലാത്തവർ മലയാളം നിഘണ്ടു നോക്കുക.

ഏതായാലും ഭൂമിമലയാളം ഉള്ളിടത്തോളം കാലം പാച്ചുവമ്മാവന്മാരും, ലോകം ഉള്ളിടത്തോളം കാലം മാലപ്രോപ്പുമാരും ഡോഗ് ബറിമാരും അന്യം നിന്ന് പോവില്ല എന്ന് നമുക്ക് ഉറപ്പിക്കാം.









 

Thursday, July 18, 2013

നിരണം ബേബിയുടെ ദീക്ഷയും, ഇ.എം.എസ്സിന്റെ പൂണുനൂലും...!


പാളേൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും...( ഭാഗം 4 )

ശ്രീ നാരായണ ഗുരു 
 ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ചരിത്രമാണ് കായംകുളത്തിനടുത്തുള്ള വാരണപ്പിള്ളി കുടുംബത്തിനുള്ളത്. ഗുരുദേവൻ അവിടെ താമസിച്ചാണ് കുമ്മമ്പള്ളി രാമൻപിള്ള ആശാന്റടുത്തു നിന്ന് സംസ്കൃതം, ജ്യോതിഷം, ആയുർവേദം എന്നിവ അഭ്യസിച്ചത്‌. സ്വന്തമായി കഥകളി യോഗവും ആട്ടക്കളരിയും നടത്തിയിരുന്നവരാണ് വാരണപ്പിള്ളി കുടുംബക്കാർ. മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ പിതാവ് കളത്തിപ്പറമ്പിൽ രാമൻ വാരണപ്പിള്ളി കളരിയിൽ കഥകളി ചെണ്ട അഭ്യസിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹം കളത്തിപ്പറമ്പിൽ കുടുംബ ക്ഷേത്രത്തിൽ ഉത്സവവത്തിന് നടക്കുന്ന കഥകളിക്ക് ചെണ്ട കൊട്ടുകയും ചെയ്തിട്ടുണ്ട്  എന്റെ അമ്മൂമ്മയുടെ വല്യമ്മാവൻ മണിപ്പുഴ കൃഷ്ണൻ ആശാനും, ശ്രീനാരായണഗുരുവും കുമ്മമ്പള്ളിയിൽ സഹപാഠികളായിരുന്നു. ഗുരു സ്വാമി ഒരിക്കൽ ഞങ്ങളുടെ കുടുംബത്തിൽ- മണിപ്പുഴയിൽ, ആശാന്റെ അതിഥിയായി എഴുന്നെള്ളി സൽക്കാരം സ്വീകരിച്ചിട്ടുണ്ട്

ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന് എന്ന തത്ത്വോപദേശം കേരളത്തിലെ ജാതിക്കോമരങ്ങൾക്ക് നല്കിക്കൊണ്ട് നവോത്ഥാനത്തിന്റെ പാത തീർത്ത ആ മഹാഗുരു, തന്റെ ജ്ഞാന സമ്പാദനത്തിനായി 1876 മുതൽ 1881 വരെ അഞ്ചു വർഷക്കാലം താമസിച്ച ആ കുടുംബത്തിലെ ബഹുമാന്യനായ ഒരു വ്യക്തിക്ക്  അനുഭവിക്കേണ്ടി വന്ന അപമാനത്തിന്റെ കാഠിന്യം എന്താണെന്നറിയാമോ?
കെ.ആർ. ഗൗരിയമ്മ 
തിരുവിതാംകൂർ മഹാരാജാവ് പണിക്കർ, ചാന്നാർ എന്നീ സ്ഥാനമാനങ്ങളും വീരശ്രുംഖലയും നല്കി ആദരിച്ചിട്ടുള്ള കുടുംബമാണ് വാരണപ്പിള്ളി. ആ കുടുംബാംഗമായ വാരണപ്പിള്ളി പത്മനാഭപ്പണിക്കർ മജിസ്റ്റ്രെട്ട് ആയിരുന്നു. അദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ ഗേറ്റിനു മുൻപിൽ സ്ഥലം പോലീസ് ഇൻസ്പക്ടറും, ആ കരയിലെ പ്രമാണിമാരായ നായന്മാരും കൂടി ഒരിക്കൽ ചൊരക്കാക്കുടുക്കയും, കള്ളിൻപാളയും, മ്ലാങ്കാലും കെട്ടി തൂക്കിയിട്ടു. ഈ അപമാനഭാരം താങ്ങാൻ കഴിയാതെയാണ് അദ്ദേഹം മരണപ്പെട്ടത്. ഈ സംഭവം നടക്കുന്നത്  1920കളിലാണ്. അതിനെത്രയോ വർഷം മുമ്പാണ് ഒരു പ്രാമാണിക നായർ ഭവനമായ കുമ്മമ്പള്ളിയിൽ ഗുരു പഠിച്ചത് എന്നോർക്കണം.

1876ൽ ഉണ്ടായിരുന്ന ജാതി ചിന്തയുടെ തീവ്രത 1920കളായപ്പോൾ വർദ്ധിക്കുകയായിരുന്നു എന്നാണല്ലോ ഈ സംഭവം സൂചിപ്പിക്കുന്നത്. ഈ ജാതി പിശാചുകളുടെ മനോഭാവത്തിന് വിമോചന സമര കാലമായപ്പോഴും മാറ്റം സംഭവിച്ചിരുന്നില്ല എന്നതാണ് സത്യം. ചരിത്രത്തിൽ ബൂർബൻ രാജാക്കന്മാരെപ്പറ്റി പറയുന്ന പോലെയാണ്,  അവർ ഒന്നും മറക്കുകയില്ല, ഒന്നും പഠിക്കുകയുമില്ല. ഈ യാഥാസ്ഥിതിക വർഗങ്ങളിൽ നിന്ന് ഇതൊക്കെയല്ലേ പ്രതിക്ഷിക്കേണ്ടതുള്ളു. You cannot make silk purse out of a swine's ear. എന്ന്  ബൈബിളിൽ പറയുന്നുണ്ട്.

അതിനുശേഷം 1960 ൽ നടന്ന തെരഞ്ഞെടുപ്പിൽ സർവ്വ സമുദായ സംഘടനകളുടേയും  പിന്തുണയോടെ മത്സരിച്ച് കോണ്‍ഗ്രസ് വിജയിച്ചു. പട്ടത്തിന്  മുഖ്യമന്ത്രി പദം നല്കിക്കൊണ്ടാണ് കോണ്‍ഗ്രസ്സിന്  മന്ത്രിസഭയുണ്ടാക്കാൻ സാധിച്ചത്. അധികാരത്തിൽ കയറിയ അന്നുമുതൽ തമ്മിലടിയും കുതികാൽ വെട്ടുമായിരുന്നു. പട്ടം പറന്നു പോയി...ആന്ധ്രായിലോ മറ്റോ ഗവർണ്ണർ ആയി.

വിമോചന സമരം കഴിഞ്ഞ്, 8 കൊല്ലം കഴിഞ്ഞ് 1967 ലാണ് ഇ.എം.എസ്. വീണ്ടും മുഖ്യമന്ത്രിയാകുന്നത്. അപ്പോഴേക്കും പാർട്ടി പിളർന്നു കഴിഞ്ഞിരുന്നു. ആ ഗവണ്‍മെന്റും അൽപ്പായുസ്സായിരുന്നു. മുന്നണിയിലെ തമ്മിലടി കാരണം ഇ.എം.എസ്സിന്  28 മാസങ്ങൾക്കകം രാജിവേക്കേണ്ടി വന്നു.

കോണ്‍ഗ്രസ്സും പിളർന്നു. കെ.എം. ജോർജ്ജിന്റെയും, ആർ. ബാലകൃഷ്ണപിള്ളയുടേയും  നേതൃത്വത്തിൽ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. C.P.I (M ) മുന്നണിയേയും കോണ്‍ഗ്രസ് മുന്നണിയേയും തോൽപ്പിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ്സ് ടിക്കറ്റിൽ ഇ.ജോണ്‍ ജേക്കബ്ബ് തിരുവല്ലയിൽ നിന്ന് വിജയിച്ചു.

തിരുവനന്തപുരത്ത് ഇ.എം.എസ്. കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇങ്ങ് വടക്ക് ആലപ്പുഴയിൽ ജോണ്‍ ജേക്കബ്ബ് മറ്റൊരു സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇ.എം.എസ്. മന്ത്രി സഭ താഴെ വീണാലേ തന്റെ താടി വടിക്കൂ...!







കെ.എം. ജോർജ്ജ് 

ഇ.എം.എസ്സിന്റെ ആത്മകഥ. സ്വന്തം കഥക്ക് ആ കൃതിയിൽ വലിയ സ്ഥാനം ഒന്നുമില്ല. ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന ഇരുൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളുടെ ചരിത്രമാണ് ആ ഗ്രന്ഥത്തിലുള്ളത്. അയിത്തവും, അനാചാരവും, കർക്കശമായ ജാതി ചിന്തകളും കൊണ്ട്  അപരിഷ്കൃതമായ ഒരു ജീവിത സാഹചര്യമായിരുന്നു ബ്രാഹ്മണ ഗൃഹങ്ങളിൽ ഉണ്ടായിരുന്നത്. ആയിരക്കണക്കിന് ഏക്കർ ഭൂസ്വത്തുള്ള ഒരു ജന്മി കുടുംബമായ ഇളംകുളം മനയിലാണ് ഇ.എം.എസ്. ജനിച്ചത്. ബ്രാഹമണ കുടുംബങ്ങളിൽ നിലനിന്നിരുന്ന മേൽപ്പറഞ്ഞ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടാണ് അദ്ദേഹം സാമൂഹ്യ പ്രവർത്തന രംഗത്ത് ഹരി:ശ്രീ കുറിച്ചത്. വി.റ്റി. ഭട്ടതിരിപ്പാട്, എം.ആർ.ബി., പ്രേംജി തുടങ്ങിയവരോടൊപ്പം സ്വന്തം കുംബങ്ങളിൽത്തന്നെയാണ് കലാപം തുടങ്ങിവെച്ചത്. ഇ.എം.എസ്. പതിനാലാം വയസ്സിൽ കുടുമ്മ മുറിച്ചു, പൂണുനൂലും പൊട്ടിച്ചു കളഞ്ഞു.സ്വന്തം കുടുമ്മ മുറിച്ചുകളയുക മാത്രമല്ല ചെയ്തത്. സമപ്രായക്കാരായ മറ്റു ബ്രാഹ്മണ ബാലന്മാരോടൊപ്പം, ഓത്ത് പഠിപ്പിക്കാൻ വന്ന ഓതിക്കോന്മാരുടെ കുടുമ്മയും അവർ ഉറങ്ങിക്കിടക്കുമ്പോൾ മുറിച്ചു കളഞ്ഞു. പാലക്കാട് ദേശത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു അത്.


വി.റ്റി. ഭട്ടതിരിപ്പാട് 

എം.ആർ.ബി.
ബ്രാഹ്മണ ഗൃഹങ്ങളിൽ നിലനിന്നിരുന്ന അനാചാരങ്ങളും ആ ഇല്ലങ്ങളിലെ അന്തർജ്ജനങ്ങൾ അനുഭവിച്ചു വന്നിരുന്ന ദുരിതങ്ങളും അവലംബിച്ച് വി.റ്റി. ഒരു നാടകമെഴുതി. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്. ശക്തമായ എതിർപ്പുകളെ വകവെക്കാതെ എല്ലാ ബ്രാഹ്മണ ഇല്ലങ്ങളിലും ഈ നാടകം അവതരിപ്പിച്ചു. ഇല്ലങ്ങളിൽ മാറ്റത്തിന്റെ വെളിച്ചം മെല്ലെ തെളിഞ്ഞുവരാൻ ഇത് ഉപകരിച്ചു. ഈ യുവാക്കൾ ഉണ്ണിനമ്പൂരി എന്നൊരു മാസിക പ്രസിദ്ധീകരിക്കുമ്പോൾ അതിന്റെ പത്രാധിപരായിരുന്ന ഇ.എം.എസ്. ഫോർത്ത് ഫോമിൽ പഠിക്കുകയായിരുന്നു. അതായത് ഇന്നത്തെ എട്ടാം ക്ലാസ്.



സ്വന്തം സമുദായത്തെ അനാചാരങ്ങളുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച്ചിട്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 24-) മത്തെ വയസ്സിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി. അന്ന് ഇന്നത്തെ സ്ഥിതി ആയിരുന്നില്ല. ജനറൽ സെക്രട്ടി ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കഥ എല്ലാവർക്കും അറിയാമല്ലോ? ഇരിക്കാൻ സീറ്റ് കിട്ടാതെ ജനറൽ സെക്രട്ടറി മഹോദയന്മാർ പലരും ഫുട്ട് ബോർഡിൽ നിൽക്കുകയാണ്. കോണ്‍ഗ്രസ്സിൽ കൂടി, കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും എത്തുകയാണ്  ഉണ്ടായത്. സി.എസ്.പി. രൂപീകരിച്ചപ്പോൾ ജയപ്രകാശ് നാരായൻ പ്രസിഡന്റും, ഇ.എം.എസ്സ്. ജനറൽ സെക്രട്ടറിയുമായിരുന്നു.

സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത് ഇങ്ങനെയൊക്കെയുള്ള ഈ.എം.എസ്. ആയിരുന്നു. ജോണ്‍ ജേക്കബ്ബോ? ഭാരതത്തിൽ ദേശീയ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടു നിൽക്കുമ്പോൾ ബ്രിട്ടീഷ് മെർച്ചന്റ് നേവിയിൽ ഓഫീസർ. പിരിഞ്ഞു വന്നശേഷം സമ്പന്നരായ കർഷകരുടെ നേതാവ്.......!



മുന്നണിയിലെ പടലപ്പിണക്കം കാരണം ഇ.എം.എസ്സ്. മന്ത്രിസഭ 69 ൽ രാജി വെച്ചു. അന്ന് ആലപ്പുഴയിൽ (എടത്വ) വലിയ ആഘോഷത്തോടെ ജോണ്‍ ജേക്കബ്ബിന്റെ സ്മശ്രു സംഹാരവും നടന്നു. തിരുവല്ലയിൽ നിന്ന് 200ൽ അധികം ലോറികളിൽ, കേരളാ കോണ്‍ഗ്രസ്സുകാർ നേതാവിന്റെ ക്ഷൗരം കാണാൻ പോയി.

കേരളത്തിലെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാലോ? പെരുന്നയിലും, കണിച്ചകുളങ്ങരയിലും, പാണക്കാട്ടും, ദേവലോകത്തും(കോട്ടയം) ഉള്ളവർ ആഗ്രഹിക്കുന്നത്, അവർ തെളിക്കുന്ന വഴിയെ കേരള രാഷ്ട്രീയം ചലിക്കണം എന്നാണ്. ജനങ്ങൾ അതിന് വലിയ വിലയൊന്നും കൽപ്പിക്കുന്നില്ല. പക്ഷെ അത് നേതാക്കന്മാർ സമ്മതിച്ചു തരികയില്ല.

 സമുദായ  നേതാക്കളുടെ തിണ്ണ നിരങ്ങികളായ ഈ നേതാക്കന്മാരുടെ മനോഭാവത്തിനെതിരെയാണ്  ഇന്ന്  ഒരു യഥാർത്ഥ വിമോചനസമരം നടത്തേണ്ടത്.


ഇ.എം.എസ്സ്. നമ്പൂതിരിപ്പാട് 

ഇ. ജോണ്‍ ജേക്കബ്ബുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തിപരമായ അനുഭവങ്ങൾ കൂടി  പങ്കു വെച്ചു കൊള്ളട്ടെ.

1976 ലാണ്. ഞാനന്ന് തിരുവനന്തപുരത്ത് പഠനവും ചില്ലറ താല്ക്കാലിക ജോലികളുമായി കഴിഞ്ഞുവരികയായിരുന്നു. പത്രപ്രവർത്തനത്തിൽ പരിശീലനം എന്നാണ് ലോകത്തെ ധരിപ്പിച്ചിരുന്നത്. താമസം MLA ക്വാർട്ടേഴ്സിൽ അച്ഛന്റെ മുറി.

എന്റെ പത്രപ്രവർത്തനത്തെക്കുറിച്ച് അച്ഛൻ പറഞ്ഞിരുന്ന രസകരമായ ഒരു കഥയുണ്ട്. " അവൻ, എന്റെയും, ഗൌരിയമ്മ, ഉണ്ണി, സി.ബി.സി., കൃഷ്ണപിള്ള, തോമാച്ചൻ, എ.എസ്.എൻ. എന്നിവരുടെയും മുറികളിൽ വൈകിട്ട് ഒന്ന് കറങ്ങി അവിടെയുള്ള പത്രങ്ങൾ എടുത്തുകൊണ്ടുപോയി പാളയത്ത് തൂക്കി വിൽക്കും. പത്ര പ്രവർത്തനത്തിൽ നിന്ന് തരക്കേടില്ലാത്ത വരുമാനം അവൻ ഉണ്ടാക്കുന്നുണ്ട്." **

ശനിയാഴ്ച കടപ്രക്ക് വരുന്നത്, വൈകിട്ട് 5.30 ന് കൊല്ലം, കായംകുളം, മാവേലിക്കര, മാന്നാർ വഴി തിരുവല്ലക്കുള്ള ഫാസ്റ്റ് പാസ്സഞ്ചർ ബസ്സിലാണ്. ഒരു ശനിയാഴ്ച പതിവുപോലെ തമ്പാനൂരിൽ നിന്ന് തിരുവല്ലാ ബസ്സിൽ കയറി ഒന്നാം നമ്പർ സീറ്റിൽ ചെന്നിരുന്നു. കടപ്രക്കാരൻ ഒരു ശ്രീധരൻ ആയിരുന്നു അന്ന് ഡ്രൈവർ. " അവിടിരുന്നാൽ പാളയത്ത് ചെല്ലുമ്പോൾ എണീക്കേണ്ടി വരും - ശ്രീധരൻ പറഞ്ഞു.

അതെന്താ ശ്രീധരാ, പാളയത്തൂന്ന് കർത്താവീശോ മിശിഹാ വരുന്നുണ്ടോ, തിരുവല്ലക്ക്..?

"MLA യാ, ബേബിച്ചായൻ -"

നീണ്ടകരക്ക് സമീപമുള്ള ഒരു ക്ഷേത്രത്തിൽ - പുരുഷന്മാർ സ്ത്രീ വേഷം കെട്ടി ചമയവിളക്കെടുക്കുന്ന ക്ഷേത്രം - ചമയവിളക്കായിരുന്നു. അതുകൊണ്ട് പതിവിലും 2 മണിക്കൂർ വൈകിയാണ് കടപ്രയിൽ വണ്ടിയെത്തിയത്. രാത്രി 9.30നാണ്  ബേബിച്ചായനു പോകേണ്ട നിരണം-തോട്ടടി ബസ്സ്‌ കടപ്രയിലെത്തുന്നത്. അത് പോയി.

ഇ. ജോണ്‍ ജേക്കബ്ബ്‌ 
 അദ്ദേഹം എന്നോടൊപ്പം എന്റെ വീട്ടുപടിക്കൽ ഇറങ്ങി. ഉദ്ദേശം അവിടെ അടുത്തു താമസിക്കുന്ന PWD കോണ്‍ട്രാക്റ്റർ മട്ടക്കൽ അലക്സിന്റെ കാറു സംഘടിപ്പിച്ച് മങ്കോട്ടക്ക് പോവുക. ഞാൻ അന്വേഷിച്ചപ്പോൾ അലക്സുമില്ല, വണ്ടിയുമില്ല. നിങ്ങളുടെ കാറു വീട്ടിലുണ്ടോ-? എന്നോട് ചോദിച്ചു. അച്ഛൻ തിരുവനന്തപുരത്തായിരുന്നു. ഞാൻ അത് പറഞ്ഞു.

അന്ന് ഇവിടങ്ങളിൽ ഓട്ടോറിക്ഷ സാർവത്രികമായിരുന്നില്ല. ടാക്സികൾ തന്നെ കമ്മി. അത്‌  ഉടമസ്ഥരുടെ വീട്ടിലിട്ടിട്ട് സാരഥികൾ സ്ഥലം വിട്ടു കാണും. പൊറ്റക്കാടിന്റെ  'ദേശത്തിന്റെ കഥയിലെ' പത്ര വിതരണക്കാരൻ കുറുപ്പ് പറയുന്നപോലെ,  'കാര്യം വെഷമസ്ഥിതി'.

" മോനെനിക്കൊരു സൈക്കിളു സംഘടിപ്പിച്ചു തന്നാൽ മതി." - അദ്ദേഹം പറഞ്ഞു.

പാതിരാത്രിയിൽ സ്ഥലം എം.എൽ.എ. സൈക്കിളിൽ പോകുന്ന ആ രംഗം ഞാനൊന്ന് മനസ്സിൽ കണ്ടു നോക്കി.

പാർട്ടി കമ്മറ്റി കഴിഞ്ഞ് അഞ്ചാറു സഖാക്കൾ വരികയാണ്. കൈയ്യിൽ 6 ബാറ്ററിയുടെ ടോർച്ച്, നായ്ക്കളുടെ അക്രമം നേരിടാൻ കരുതിയിട്ടുള്ള കുറുവടികൾ - അതാ മുന്നിൽ പ്രത്യക്ഷപ്പെടുന്നു, വർഗശത്രു ജോണ്‍ ജേക്കബ്ബ്.


ഇതുപോലെ അസുലഭമായ ഒരവസരം എന്നെങ്കിലും വന്നു ചേരുമോ...? " പാളേൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും......." സത്യത്തിൽ ഞാനങ്ങു പൊട്ടിച്ചിരിച്ചു പോയി.

ഇയാളെന്തിനാ ചിരിക്കുന്നേ - ? ബേബിച്ചായൻ ചോദിച്ചു.

ഞാൻ പറഞ്ഞു, " സൈക്കിളിന് ലൈറ്റില്ല, റോഡ്‌ കുണ്ടും കുഴിയുമാണ് താനും. അതു മാത്രമല്ല ശരാശരി 75 കിലോ തൂക്കമുള്ള പ്രോലട്ടേറിയൻസിനെ ചുമക്കാനുള്ള കരുത്തേ പാവം എന്റെ സൈക്കിളിനുള്ളൂ."

അങ്ങനെയൊരു വിഷമഘട്ടത്തിൽ എത്തപ്പെട്ടു നിൽക്കുമ്പോൾ, അതാ അവതരിക്കുന്നു കൃഷ്ണൻ. മാന്നാറിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന കൃഷ്ണപ്പണിക്കൻ. ആജാനുബാഹു. കപ്പടാ മീശ. കടയടച്ചിട്ട് കടപ്രയിലുള്ള AS No. 1ലെ പതിവുള്ള കലാപരിപാടിയും കഴിഞ്ഞ് വള്ളപ്പാട്ടും പാടി വരികയാണ്, സൈക്കിളിൽ.

മാന്നാറിൽ ഉണ്ട ഉണ്ണൂണ്ണി എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ടാക്സിക്കാരനുണ്ട്. സ്വന്തം വണ്ടിയാണ്. അയാളെ ഏർപ്പാടാക്കി വിടാൻ കൃഷ്ണനെ ചട്ടം കെട്ടി.

10 മിനിറ്റിനകം ടാക്സിയെത്തി. ഒപ്പം കൃഷ്ണനും ഉണ്ട്.  " ഇദ്യത്തെ ഞാൻ വീട്ടിൽ കൊണ്ടുചെന്നു വിട്ടോളാം, മോൻ വീട്ടിൽ പൊയ് ക്കോ -" കൃഷ്ണൻ ഉവാച.

അതിന്റെ അടുത്ത ആഴ്ച അച്ഛനെ കണ്ടപ്പോൾ ബേബിച്ചായൻ പറഞ്ഞു, " മോൻ മിടുക്കനാ, ഒരു ദിവസം സൈക്കിൾ മുക്കിൽ വണ്ടി കിട്ടാതെ വിഷമിച്ചു നിന്നപ്പോൾ ഒരു ടാക്സി വിളിച്ച് വീട്ടിൽ കൊണ്ടുചെന്നു വിടാൻ ഏർപ്പാടാക്കിത്തന്നു. കൂട്ടിന് നിങ്ങളുടെ ഒരു ഗുണ്ടയും.."

1967ലും 70ലും നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ്സ് ഒറ്റക്കായിരുന്നു മത്സരിച്ചത്. തിരുവല്ലയിൽ നിന്ന് ജോണ്‍ ജേക്കബ്ബ് വലിയ ഭൂരിപക്ഷത്തിനാണ് രണ്ടു തവണയും ജയിച്ചത്. 1977ൽ കേരളാ കോണ്‍ഗ്രസ്സ് മത്സരിച്ചത്, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സ്, സി.പി.ഐ., മുസ്ലീം ലീഗ്, ആർ.എസ്.പി. എന്നിവരോന്നിച്ച് ഒരു മുന്നണിയായിട്ടായിരുന്നു. ജോണ്‍ ജേക്കബ്ബിന് ഏറ്റവും കുറച്ച് ഭൂരിപക്ഷം ആ മത്സരത്തിൽ ആയിരുന്നു.

1977 പ്രതിപക്ഷ ഏകോപനസമിതി - അന്നത്തെ ഇടത് ജനാധിപത്യ മുന്നണിയുടെ പേരതായിരുന്നു - സ്ഥാനാർത്ഥി ഇ. ജോണ്‍ ജേക്കബ്ബിന്റെ സന്തത സഹചാരിയും വത്സല ശിഷ്യനുമായ ജോണ്‍ ജേക്കബ്ബ് വള്ളക്കാലി ആയിരുന്നു. മറ്റൊരു പേരിൽ അവരെ വിശേഷിപ്പിച്ചാൽ, ഇലഞ്ഞിക്കൽ ബേബിയും, വള്ളക്കാലി ബേബിയും. പിന്നെയുമുണ്ട് സമാനതകൾ. രണ്ടു പേരുടെയും ഭാര്യമാരുടെ പേര്, സാറാമ്മ. രണ്ടു സാറാമ്മമാരും ജനിച്ചതും വളർന്നതും മലേഷ്യയിൽ. രണ്ടുപേർക്കും നാല് ആണ്‍ മക്കൾ. ( ഇലഞ്ഞിക്കൽ ബേബിച്ചായന് ഒരു മകൾ കൂടിയുണ്ട്) രണ്ടു പേരുടെയും പ്രബലവും സമ്പന്നവുമായ കുടുംബം.

വള്ളക്കാലി ബേബിച്ചായൻ പിള്ള കേരളാ കോണ്‍ഗ്രസ്സിന്റെ സ്താനാർത്ഥിയായിരുന്നു. ഇപ്പോൾ ക്ഷീര കർഷക വെൽഫയർ കോർപ്പറേഷൻ ചെയർമാനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പിതൃ സഹോദര പുത്രനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ( ബേബിച്ചായന്റെ വീട്ടുപേര് വള്ളക്കാലിൽ, മുഖ്യമന്ത്രിയുടെ കാരോട്ട് വള്ളക്കാലിൽ.)

1977ലാണ് ഞാൻ ആദ്യമായി ഒരു തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിക്കുന്നത്. എന്റെ അച്ഛനായിരുന്നു( മുൻ ചെങ്ങന്നൂർ എം.എൽ.എ. പി.ജി പുരുഷോത്തമൻപിള്ള ) വള്ളക്കാലിയുടെ ചീഫ് ഇലക്ഷൻ ഏജന്റും തെരഞ്ഞെടുപ്പു സമിതി കണ്‍വീനറും.

പി.ജി. പുരുഷോത്തമൻപിള്ള 
എതിരാളിയുടെ കടപ്ര ബൂത്തിലെ കണ്‍വീനർ എന്റെ അടുത്ത സുഹൃത്തും, ഇപ്പോൾ ദുബായിൽ ബിസിനസ്സുകാരനുമായ ഷാജി പി ജോണ്‍ .

പ്രതിപക്ഷ ഏകോപന സമിതി ജയിക്കുമെന്നും, ഇ.എം.എസ്. മുഖ്യമന്ത്രിയാകും എന്നുമാണ് ഞങ്ങളും പാർട്ടി സംസ്ഥാന കമ്മറ്റി പോലും വിശ്വസിച്ചിരുന്നത്.

തിരുവല്ലായിലെ വിജയം സംബന്ധിച്ച് ഞാനും ഷാജിയും കൂടി ഒരു പന്തയം കെട്ടി. വള്ളക്കാലി ജയിച്ചാൽ എനിക്ക് 50 രൂപ ഷാജി തരണം. അതുമാത്രമല്ല കടപ്രയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ തല മൊട്ടയടിച്ച് മാലയിടണം. മറിച്ചാണ് സംഭവിക്കുന്നതെങ്കിലോ, ഈ ആചാരങ്ങൾ, മുറ തെറ്റാതെ വിനീത ദാസനായി ഞാൻ നിർവഹിച്ചുകൊള്ളണം.

രാഷ്ട്രീയത്തിന് അതീതരായിട്ടുള്ള പൊതുസുഹൃത്തുക്കൾ സാക്ഷികൾ. ഷാജിക്ക് മൊട്ടയടിക്കേണ്ടി വരും എന്ന് മനസ്സിന് സന്തോഷം പകർന്നു തന്നുകൊണ്ടിരുന്ന അച്ഛന് തെരഞ്ഞെടുപ്പ് അടുത്തതോടെ ഒരു ചാഞ്ചല്യം.

50നു പകരം 100 രൂപ പന്തയത്തുകയാക്കി മൊട്ടയടിയിൽ നിന്നൊഴിവാകാനുള്ള ഒരു എഗ്രിമെന്റിനു ഷാജിയെക്കൊണ്ട് സമ്മതിപ്പിക്കാൻ നോക്കടാ - അച്ഛൻ പറഞ്ഞു.

" അച്ഛാ, അതു പറ്റത്തില്ല, ബേബിച്ചായൻ ജയിക്കണം -"

നീ വിഷമിക്കേണ്ടാ, ബേബി ജയിക്കും. ഏതു ബേബി ആയിരിക്കുമെന്നേ തർക്കമുള്ളൂ ....

ഞങ്ങളുടെ ഈ വാതുവെയ്പ് തിരുവല്ലാ മണ്ഡലം ഒട്ടാകെ പ്രചാരം കിട്ടിയതായിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇ. ജോണ്‍ ജേക്കബ്ബ് ജയിച്ചു. ഷാജി ആയതു കൊണ്ട് എനിക്ക് രണ്ടു സൌജന്യങ്ങൾ അനുവദിച്ചു തന്നു. തല മോട്ടയടിക്കണ്ടാ, "ഹോം റ്റൗണായ" കടപ്ര ജംഗ്ഷനിൽ വെച്ച് മാലയും ഇടേണ്ടാ.....

നിരണം ബേബിച്ചായന്റെ വിജയാഘോഷമെല്ലാം കഴിഞ്ഞ്, പന്തയത്തുക കൈപ്പറ്റാൻ, തിരുവല്ലയിൽ നിന്ന് കടപ്രക്ക് ഷാജി എങ്ങനെയാണ് വന്നതെന്നറിയാമോ?

പ്രതിപക്ഷ ഏകോപനസമിതി സ്ഥാനാർത്ഥി ജോണ്‍ ജേക്കബ്ബ്‌ വള്ളക്കാലിയുടെ ചീഫ് ഇലക്ഷൻ ഏജെന്റും, തെരഞ്ഞെടുപ്പ് സമിതി കണ്‍വീനറും ആയിരുന്ന സാക്ഷാൽ സ: പി.ജി. പുരുഷോത്തമൻ പിള്ളയോടൊപ്പം, അദ്ദേഹത്തിന്റെ കാറിൽ.....! അതായത് എന്റെ പിതാവിനോടൊപ്പം.

***************************************************************************



Thursday, July 11, 2013

പാളത്തൊപ്പിയും കുറുവടിയും.......

പാളേൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും..!  ( ഭാഗം 3 )


1956ലെ പാലക്കാട് കോണ്‍ഗ്രസ്സിനു ശേഷം പാർട്ടിയിൽ അഖിലേന്ത്യാ തലത്തിൽ തന്നെ ഉടലെടുത്ത വിഭാഗീയതയും സംസ്ഥാനത്തെ പാർട്ടിയെ ഒറ്റക്കെട്ടായി നിർത്താൻ സഹായകരമായിരുന്നില്ല.

ഒരു കാരണവശാലും സംസ്ഥാനത്തെ സംഭവവികാസങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടുകയില്ല എന്ന ശുഭാപ്തി വിശ്വാസം മന്ത്രിസഭയും പാർട്ടിയും വെച്ചുപുലർത്തി. അതിന്റെ കാരണം പ്രധാനമന്ത്രി പണ്ഡിറ്റ്‌ നെഹ്രുവിന്റെ സംസ്ഥാന സന്ദർശനമാണ്. രാജ് ഭവനിൽ വെച്ച് മുഖ്യമന്ത്രിയുമായി ഒരു കൂടിക്കാഴ്ച ഉണ്ടായി. അഭിമുഖത്തിൽ നെഹ്‌റു ഇ.എം എസ്സിനോട് ചോദിച്ചത്- Mr. Namboothirippad, how did you manage to alienate so large section of people in such a short time - എന്നായിരുന്നു.കേരളത്തിലെ പ്രശ്നത്തിൽ ഇടപെടുമെന്ന സൂചനയൊന്നും പ്രധാനമന്ത്രി നല്കിയിരുന്നില്ല. ഈ സംഭവം പാർട്ടിക്ക് ആത്മ സംതൃപ്തി നല്കി. സ്വാഭാവികമായും അണികളെ അത് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

പണ്ഡിറ്റ്‌ ജവഹരിലാൽ നെഹ്രു 

പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ദൗർബല്യവും, പാർട്ടിയിലെ വിഭാഗീയതയും മനസ്സിലാക്കാനും അത് ഫലപ്രദമായി മുതലെടുക്കാനം കൂർമ്മബുദ്ധിയായ മന്നത്തിന് പ്രയാസമേതും ഇല്ലായിരുന്നു. പ്രക്ഷോഭം അതിശക്തമായിത്തന്നെ മുന്നോട്ട് കൊണ്ടുപോയി. ഈ അവസരത്തിലാണ് പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രിയെ അടിയന്തിരമായി ഡെൽഹിക്ക് വിളിച്ചത്.

വിശ്രമത്തിനായി നെഹ്രു ഷിംലയിൽ ആയിരുന്നു. അവിടെ ഗവണ്‍മെന്റ് അതിഥി മന്ദിരത്തിൽ വെച്ചാണ് രണ്ടു നേതാക്കളും കണ്ടുമുട്ടിയതും ചർച്ച നടത്തിയതും. ആ കൂടിക്കാഴ്ചയിലും സർക്കാരിനെ പിരിച്ചുവിടുമെന്ന സൂചനകളൊന്നുംതന്നെ പ്രധാനമന്ത്രി നല്കിയിരുന്നില്ല.ശക്തമായി ഫോഴ്സിനെ ഉപയോഗിക്കുക, 2 മാസത്തിനുള്ളിൽ ക്രമസമാധാന പ്രശ്നം ഭദ്രമാക്കുക, അതിനു കഴിയുന്നില്ലെങ്കിൽ രാജിവെക്കുക - ഈ നിർദ്ദേശങ്ങളായിരുന്നു നെഹ്രു നല്കിയത്. ഈ വിവരം മുഖ്യമന്ത്രി പാർട്ടി കേന്ദ്രകമ്മറ്റിക്ക് റിപ്പോർട്ട് ചെയ്തു. ഈ നിർദ്ദേശങ്ങൾ പാർട്ടി നിരാകരിക്കുകയാണുണ്ടായത്. കേന്ദ്രം ഇടപെടുകയില്ല എന്ന് സംസ്ഥാന സമിതിയെ ധരിപ്പിക്കാൻ ഇ.എം.എസ്സിന്  നിർദ്ദേശം നല്കി. കേന്ദ്ര ഇടപെടലിന് വിദൂരസാദ്ധ്യതപോലുമില്ലെന്ന് ഇ.എം.എസ്. സംസ്ഥാന ഘടകത്തെ ധരിപ്പിച്ചു. അതിനു ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലും ഇത് തന്നെയാണ് അദ്ദേഹം പറഞ്ഞത്.

ഇ.എം.എസ്. നമ്പൂതിരിപ്പാട് 

 ഈ വിവരങ്ങൾ പാർട്ടി അണികളെ അറിയിക്കാൻ സംസ്ഥാന വ്യാപകമായി, ലോക്കൽ ജനറൽ ബോഡി വിളിക്കാനും വിവരം റിപ്പോർട്ട് ചെയ്യാൻ നേതാക്കളെ ചുമതലപ്പെടുത്തുകയും ചെയ്തു. സി. ഉണ്ണിരാജ, വി.എസ്. അച്ചുതാനന്ദൻ, സി.എച്ച്. കണാരൻ, എ.വി. കുഞ്ഞമ്പു, എസ്. കുമാരൻ എന്നിവരെ ജില്ലകളിൽ റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെടുത്തി. താഴെ തട്ടിലുള്ള റിപ്പോട്ടിംഗ് ഉൾപ്പടെ രണ്ടു ദിവസം കൊണ്ട് പൂർത്തീകരിക്കാനും നിർദ്ദേശിച്ചിരുന്നു.

പാർട്ടി റിപ്പോർട്ടിംഗിൽ ജില്ലാ നേതാക്കൾ പ്രകടിപ്പിച്ച ശുഷ്ക്കാന്തിക്ക് ഒരുദാഹരണം ഞാൻ പറയാം. തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പരുമല സംയുക്ത ലോക്കൽ ജനറൽ ബോഡി റിപ്പോർട്ടിംഗിന് ചുമതലപ്പെടുത്തിയത് ആലപ്പുഴ ജില്ലാ കൌണ്‍സിൽ അംഗമായിരുന്ന വെണ്‍പാല രാമചന്ദ്രനെ ആയിരുന്നു. പക്ഷെ അദ്ദേഹം ക്ലിപ്ത സമയത്ത് ജനറൽ ബോഡി വിളിക്കാനോ, വിവരം റിപ്പോർട്ടു ചെയ്യാനോ ഉത്സാഹം കാണിച്ചില്ല. ഒരാഴ്ച കഴിഞ്ഞ് പി.റ്റി. പുന്നൂസ് തിരുവല്ലയിൽ വന്നപ്പോൾ മേല്പറഞ്ഞ മേഖലയിലെ യോഗം നടന്നിട്ടില്ല എന്നറിഞ്ഞു. അദ്ദേഹത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ്‌ വെണ്‍പാല യോഗം വിളിച്ചു ചേർത്തത്. നിരണം പള്ളിക്ക് സമീപമുള്ള ഒരു പാർട്ടി അനുഭാവിയുടെ ഭവനം ആയിരുന്നു യോഗ സ്ഥലം.

 സി. ഉണ്ണിരാജ 

സി.എച്ച്. കണാരൻ 

സംസ്ഥാന വ്യാപകമായി വമ്പിച്ച പ്രക്ഷൊഭമായി വിമോചനസമരം മാറാനുള്ള ബീജാവാപം നടന്നത് ഈ മേഖലയിൽ ആയിരുന്നെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ? അത്ര ഗൌരവം അർഹിക്കുന്ന ഒരു പ്രദേശത്തെ ജനറൽ ബോഡിയാണ് ഒരു നേതാവിന്റെ നിരുത്തരവാദപരമായ അനാസ്ഥ മൂലം അമാന്തിച്ചത് എന്നോർക്കണം.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോഗങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. നേരെ വിഷയത്തിലേക്ക് കടക്കുകയില്ല. ബ്രാഞ്ച് തലത്തിലുള്ള യോഗം ആണെങ്കിൽപ്പോലും ആദ്യം " ചവയ്ക്കുന്നത് " സാർവദേശീയവും ദേശീയവുമായിരിക്കും. അമേരിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, റഷ്യ വഴി ചൈനയിൽ എത്തും. വ്യാപകമായ ഒരു ചൈന പര്യടനം കഴിഞ്ഞേ ഹിമാലയം ചാടിക്കടന്ന് ഇന്ത്യയിൽ എത്തൂ.

എ.വി. കുഞ്ഞമ്പു 


എസ്. കുമാരൻ 

 വെണ്‍പാലയുടെ പ്രസംഗം വിരസമായി അങ്ങനെ നീണ്ടു നീണ്ടു പോയപ്പോൾ ക്ഷമ നശിച്ച ഒരു സഖാവ് വിളിച്ചു ചോദിച്ചു: സഖാവേ, ചൈനയും പോളണ്ടുമൊക്കെ തല്ക്കാലം അവിടെ നില്ക്കട്ടെ, അവരെ നമുക്ക് പിന്നെകൈകാര്യം ചെയ്യാം. ഗവണ്‍മെന്റിനെ നെഹ്രു ഡിസ്മിസ് ചെയ്യുമോ....?

വെണ്‍പാലയുടെ വിശദീകരണം അതിൽപ്പിടിച്ചായി. ഇ.എം.എസ്. ഡെൽഹിയിൽ പോയതും ഷിംലയിൽ ചർച്ച നടത്തിയതും വിവരിച്ചിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു:

" ആയതു കൊണ്ട്, സഖാക്കളേ ഒരു കാരണവശാലും സംസ്ഥാനത്തിന്റെ കാര്യത്തിൽ കേന്ദ്രം ഇടപെടുകയില്ലാ......., എന്ന് പറഞ്ഞു തീർന്നതും നിരണം പള്ളിയുടെ മുറ്റത്തു നിന്ന് ഒരമിട്ട്  പൊട്ടി. തുടർന്ന് മാലപ്പടക്കത്തിന്റെ അണമുറിയാത്ത പ്രകമ്പനം. പിന്നെ കേൾക്കുന്നത്  " ഭൂചക്രവാളം ഞടു ഞടെത്തുള്ളൂമാറട്ടഹാസവും" ആയിരുന്നു.

" സഖാവേ, ദേണ്ട് വെടിക്കെട്ട് ...."

വെണ്‍പാല വളരെ അക്ഷോഭ്യനായി പറഞ്ഞു; " എങ്കിൽ ഇടപെട്ടു കാണും.."

ഇതുപോലൊക്കെത്തന്നെയായിരുന്നു ഭരണത്തിൽ കയറിയ നാളുമുതൽ കേരളത്തിലെ പാർട്ടി പ്രവർത്തനം മുന്നോട്ടു പോയിരുന്നത്. അല്പസ്വല്പം ഏറ്റക്കുറച്ചിൽ ഉണ്ടാവാം, അത്ര മാത്രം. ബാക്കി കാര്യങ്ങളൊക്കെ ചരിത്രം.

ഇ.എം.എസ്സും ഗൗരിയമ്മയും പ്രധാനമന്ത്രി നെഹ്രുവിനൊപ്പം.
 പണ്ട് ഒ .വി. വിജയന്റെ ഒരു കഥ വായിച്ചത് ഓർക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കൾ സത്യപ്രത്ജ്ഞ ചെയ്യുന്നത് കാണാൻ, ഒന്നും രണ്ടുമായി ശേഖരിച്ചു വെച്ചിരുന്ന നാണയത്തുട്ടുകളുമായി പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തിനു പോയ ഒരു ബാലൻറെ കഥ. ഇ.എം.എസ്. ഗവണ്‍മെന്റ് അധികാരം ഏറ്റപ്പോൾ ആ ബാലന്റെ ചിന്താഗതി ആയിരുന്നു നല്ലൊരു വിഭാഗം ജനങ്ങളിലും ഉണ്ടായിരുന്നത്. ത്യാഗം സഹിച്ചും, മർദ്ദനം ഏറ്റും മരണം പോലും മുന്നിൽ കണ്ടുകൊണ്ട്‌, അർഹതപ്പെട്ട ലൌകികജീവിതംപോലും വെടിഞ്ഞ്, ശാസ്ത്രീയമായ ഒരു തത്വശാസ്ത്രത്തിനുവേണ്ടി അനവരതം പോരാടിയ നേതാക്കൾ ആ മനുഷ്യരുടെ പ്രതീക്ഷകളെയാണ് നിരുത്തരവാദപരമായ ഭരണം കൊണ്ട് കുളമാക്കിയത്.

ഗ്രീക്കുകാരുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ഗാന മാധുര്യം കൊണ്ട് എന്തും നേടാൻ കഴിയുന്ന ഗായകനായിരുന്നു ഓർഫിയൂസ്. അദ്ദേഹത്തിന്റെ പ്രിയതമയായ യൂറിഡീസി  മരിച്ചപ്പോൾ അവളെ തിരഞ്ഞുകൊണ്ട് ലോകമെല്ലാം ചുറ്റിക്കറങ്ങി. ഒടുവിൽ ഒർഫിയൂസ് പരേത ലോകത്തിലെത്തി. അവിടെ സർവ്വാധിപാതിയായ യമന്റെ ഹൃദയം പാട്ടിൽ അലിയിച്ചു. യമൻ ഒരു വ്യവസ്ഥയിൽ അവളെ വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചു. പരലോകത്തിന്റെ അതിർത്തി കഴിയുന്നതുവരെ ഒരിക്കലും പിന്നിലേക്ക് തിരിഞ്ഞു നോക്കരുത് എന്നായിരുന്നു നിശ്ചയം. അതിലാണ് ഒർഫിയൂസിന് അബദ്ധം പിണഞ്ഞത്. പരലോകം മിക്കവാറും പിന്നിട്ടു. മനുഷ്യ ലോകത്തിലേക്ക് കാലെടുത്തു വയ്ക്കാനായപ്പോൾ പ്രിയതമ, തന്റെ പിന്നാലെ വരുന്നുണ്ടോ എന്നറിയാൻ തിരിഞ്ഞു നോക്കി. യമഭടന്മാർ അവളെ തിരികെ പിതൃലോകത്തേക്കുതന്നെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തു.
ഇതേ അബദ്ധം ആണല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗത്ത്  നിന്നും ഉണ്ടായത്.

പത്തു പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപാണ്. ഞാനന്ന് സി.പി.എം. കടപ്ര എൽ.സി. മെമ്പർ ആണ്. തിരുവല്ലയിൽ നടന്ന ജനറൽ ബോഡിയിൽ കൊമ്പങ്കേരി കെ.റ്റി.കൃഷ്ണൻകുട്ടി ആയിരുന്നു റിപ്പോർട്ടിംഗ്. പ്രസംഗ മദ്ധ്യേ വിമോചന സമര കാലത്ത് തോപ്പിപ്പാളേം കുറുവടിയുമായി വന്ന ഇലഞ്ഞിക്കൽ ബേബിയുടെ നിരണം പടയെ തുരത്തിയോടിക്കാൻ അദ്ദേഹം മുന്നിൽ നിന്ന് നേതൃത്വം കൊടുത്ത ചരിത്രം വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു. പുതിയ തലമുറയിൽപ്പെട്ട സഖാകൾക്ക്  ആവേശവും കൃഷ്ണൻകുട്ടിയോട് വലിയ ആരാധനയും തോന്നിപ്പോയത് സ്വാഭാവികം.

 കടപ്രക്ക് ഓട്ടോയിൽ ഞങ്ങൾ ഒന്നിച്ചാണ് മടങ്ങിയത്.ഞാൻ ചോദിച്ചു: 'അല്ല കെ റ്റി കൊമ്പങ്കേരിച്ചിറയിൽ നിങ്ങൾ പത്തുനൂറുപേര് പത്തിരുപത് ദിവസം നിരണം പടയെ പേടിച് ഒളിച്ചിരുന്നില്ലേ? ഭക്ഷണമൊക്കെ എങ്ങനെ ആയിരുന്നു'?

 'നാലഞ്ചു ദിവസത്തേക്ക് കഴിക്കാനുള്ള നെല്ല് കിടപ്പുണ്ടായിരുന്നു. പിന്നെ കപ്പേം, ചേനേം ചെമ്പുമൊക്കെ പുഴുങ്ങിത്തിന്നും പുഞ്ചേലെ ചെളിവെള്ളം കുടിച്ചുമങ്ങുകഴിഞ്ഞു. ഇരുപതു ദിവസമൊന്നും കഴിയേണ്ടി വന്നില്ല സഖാവെ, പത്താം ദിവസം വൈദ്യനും അപ്പുവാശാനും കൂടി ഒരു കെട്ടുവള്ളം കൊണ്ടുവന്ന് വീയപുരം, വള്ളക്കാലി, പാവുക്കര, മേപ്പാടം വഴി പരുമലയിൽ കൊണ്ടുചെന്ന് താമസിപ്പിച്ചു. പരുമലയിൽ കാലുകുത്തിയപ്പോഴാ ശ്വാസം നേരെ വിട്ടത്,....പിന്നെ സഖാവേ, പ്രസംഗിച്ചു കൊണ്ടുനിന്നപ്പോൾ ഇത് ചോദിക്കാഞ്ഞത് നന്നായി......"

" കേറ്റീ..." ഞാൻ പറഞ്ഞു:

ഇനി ഇതുപോലുള്ള ബഡായി എവിടെയെങ്കിലും പറഞ്ഞാൽ.....

" പറഞ്ഞാൽ ....", കെ.റ്റി. ചോദിച്ചു.

"നടന്ന സംഭവം സത്യസന്ധമായി എനിക്ക്  വിശദീകരിക്കേണ്ടി വന്നു പോകും."

നിരണം വലിയ പള്ളി 

 നിരണം കടപ്ര ഭാഗത്ത് വിമോചന സമര കാലത്ത് നടന്ന പ്രക്ഷോഭത്തെ - പ്രക്ഷോഭമല്ല അക്രമം തന്നെയായിരുന്നു - കമ്മ്യൂണിസ്റ്റ് വിരുദ്ധ സമരമായി വിശേഷിപ്പിക്കാനാണ് ഇരു ഭാഗത്തുമുള്ളവർ താല്പര്യപ്പെടുന്നത്. ഇതിൽ പരോക്ഷമായിപ്പോലും സത്യമില്ല എന്നതാണ് വാസ്തവം.കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് പിന്നോക്ക വിഭാഗക്കാരിൽ അഹന്തയും അഹങ്കാരവും   -സ്വാതന്ത്ര്യം എന്ന വാക്കിന്റെ യഥാർത്ഥ പരിഭാഷ- വളർത്തുമെന്നും, അത് തങ്ങളുടെ ജന്മിത്തത്തിന് ഇടിവ് വരുത്തുമെന്നും നായർ, ക്രിസ്ത്യൻ പ്രമാണിമാർ ഭയപ്പെട്ടു.


നിരണം തൃക്കപാലീശ്വര ക്ഷേത്രം 
കേരളത്തിലെ ജാതി ചിന്തയുടെ കറുത്തുകരുവാളിച്ച മുഖം അതിനെത്രയോ കാലം മുമ്പ് സ്വാമി വിവേകാനന്ദൻ നേരിൽ അനുഭവിച്ചതാണ്. ജാതി അറിയാതെ സ്വാമികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയുണ്ടായില്ല. കലാമണ്ഡലം ഗണേശൻ രചിച്ച 'വിവേകാനന്ദചരിതം' എന്ന ആട്ടക്കഥയിൽ, സ്വാമിക്കുണ്ടായ ഈ അനുഭവം വളരെ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്.

സ്വാമി വിവേകാനന്ദൻ 


 ( തുടരും)