Thursday, July 11, 2013

പാളത്തൊപ്പിയും കുറുവടിയും.......

പാളേൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും..!  ( ഭാഗം 3 )


1956ലെ പാലക്കാട് കോണ്‍ഗ്രസ്സിനു ശേഷം പാർട്ടിയിൽ അഖിലേന്ത്യാ തലത്തിൽ തന്നെ ഉടലെടുത്ത വിഭാഗീയതയും സംസ്ഥാനത്തെ പാർട്ടിയെ ഒറ്റക്കെട്ടായി നിർത്താൻ സഹായകരമായിരുന്നില്ല.

ഒരു കാരണവശാലും സംസ്ഥാനത്തെ സംഭവവികാസങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടുകയില്ല എന്ന ശുഭാപ്തി വിശ്വാസം മന്ത്രിസഭയും പാർട്ടിയും വെച്ചുപുലർത്തി. അതിന്റെ കാരണം പ്രധാനമന്ത്രി പണ്ഡിറ്റ്‌ നെഹ്രുവിന്റെ സംസ്ഥാന സന്ദർശനമാണ്. രാജ് ഭവനിൽ വെച്ച് മുഖ്യമന്ത്രിയുമായി ഒരു കൂടിക്കാഴ്ച ഉണ്ടായി. അഭിമുഖത്തിൽ നെഹ്‌റു ഇ.എം എസ്സിനോട് ചോദിച്ചത്- Mr. Namboothirippad, how did you manage to alienate so large section of people in such a short time - എന്നായിരുന്നു.കേരളത്തിലെ പ്രശ്നത്തിൽ ഇടപെടുമെന്ന സൂചനയൊന്നും പ്രധാനമന്ത്രി നല്കിയിരുന്നില്ല. ഈ സംഭവം പാർട്ടിക്ക് ആത്മ സംതൃപ്തി നല്കി. സ്വാഭാവികമായും അണികളെ അത് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

പണ്ഡിറ്റ്‌ ജവഹരിലാൽ നെഹ്രു 

പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ദൗർബല്യവും, പാർട്ടിയിലെ വിഭാഗീയതയും മനസ്സിലാക്കാനും അത് ഫലപ്രദമായി മുതലെടുക്കാനം കൂർമ്മബുദ്ധിയായ മന്നത്തിന് പ്രയാസമേതും ഇല്ലായിരുന്നു. പ്രക്ഷോഭം അതിശക്തമായിത്തന്നെ മുന്നോട്ട് കൊണ്ടുപോയി. ഈ അവസരത്തിലാണ് പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രിയെ അടിയന്തിരമായി ഡെൽഹിക്ക് വിളിച്ചത്.

വിശ്രമത്തിനായി നെഹ്രു ഷിംലയിൽ ആയിരുന്നു. അവിടെ ഗവണ്‍മെന്റ് അതിഥി മന്ദിരത്തിൽ വെച്ചാണ് രണ്ടു നേതാക്കളും കണ്ടുമുട്ടിയതും ചർച്ച നടത്തിയതും. ആ കൂടിക്കാഴ്ചയിലും സർക്കാരിനെ പിരിച്ചുവിടുമെന്ന സൂചനകളൊന്നുംതന്നെ പ്രധാനമന്ത്രി നല്കിയിരുന്നില്ല.ശക്തമായി ഫോഴ്സിനെ ഉപയോഗിക്കുക, 2 മാസത്തിനുള്ളിൽ ക്രമസമാധാന പ്രശ്നം ഭദ്രമാക്കുക, അതിനു കഴിയുന്നില്ലെങ്കിൽ രാജിവെക്കുക - ഈ നിർദ്ദേശങ്ങളായിരുന്നു നെഹ്രു നല്കിയത്. ഈ വിവരം മുഖ്യമന്ത്രി പാർട്ടി കേന്ദ്രകമ്മറ്റിക്ക് റിപ്പോർട്ട് ചെയ്തു. ഈ നിർദ്ദേശങ്ങൾ പാർട്ടി നിരാകരിക്കുകയാണുണ്ടായത്. കേന്ദ്രം ഇടപെടുകയില്ല എന്ന് സംസ്ഥാന സമിതിയെ ധരിപ്പിക്കാൻ ഇ.എം.എസ്സിന്  നിർദ്ദേശം നല്കി. കേന്ദ്ര ഇടപെടലിന് വിദൂരസാദ്ധ്യതപോലുമില്ലെന്ന് ഇ.എം.എസ്. സംസ്ഥാന ഘടകത്തെ ധരിപ്പിച്ചു. അതിനു ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലും ഇത് തന്നെയാണ് അദ്ദേഹം പറഞ്ഞത്.

ഇ.എം.എസ്. നമ്പൂതിരിപ്പാട് 

 ഈ വിവരങ്ങൾ പാർട്ടി അണികളെ അറിയിക്കാൻ സംസ്ഥാന വ്യാപകമായി, ലോക്കൽ ജനറൽ ബോഡി വിളിക്കാനും വിവരം റിപ്പോർട്ട് ചെയ്യാൻ നേതാക്കളെ ചുമതലപ്പെടുത്തുകയും ചെയ്തു. സി. ഉണ്ണിരാജ, വി.എസ്. അച്ചുതാനന്ദൻ, സി.എച്ച്. കണാരൻ, എ.വി. കുഞ്ഞമ്പു, എസ്. കുമാരൻ എന്നിവരെ ജില്ലകളിൽ റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെടുത്തി. താഴെ തട്ടിലുള്ള റിപ്പോട്ടിംഗ് ഉൾപ്പടെ രണ്ടു ദിവസം കൊണ്ട് പൂർത്തീകരിക്കാനും നിർദ്ദേശിച്ചിരുന്നു.

പാർട്ടി റിപ്പോർട്ടിംഗിൽ ജില്ലാ നേതാക്കൾ പ്രകടിപ്പിച്ച ശുഷ്ക്കാന്തിക്ക് ഒരുദാഹരണം ഞാൻ പറയാം. തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പരുമല സംയുക്ത ലോക്കൽ ജനറൽ ബോഡി റിപ്പോർട്ടിംഗിന് ചുമതലപ്പെടുത്തിയത് ആലപ്പുഴ ജില്ലാ കൌണ്‍സിൽ അംഗമായിരുന്ന വെണ്‍പാല രാമചന്ദ്രനെ ആയിരുന്നു. പക്ഷെ അദ്ദേഹം ക്ലിപ്ത സമയത്ത് ജനറൽ ബോഡി വിളിക്കാനോ, വിവരം റിപ്പോർട്ടു ചെയ്യാനോ ഉത്സാഹം കാണിച്ചില്ല. ഒരാഴ്ച കഴിഞ്ഞ് പി.റ്റി. പുന്നൂസ് തിരുവല്ലയിൽ വന്നപ്പോൾ മേല്പറഞ്ഞ മേഖലയിലെ യോഗം നടന്നിട്ടില്ല എന്നറിഞ്ഞു. അദ്ദേഹത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ്‌ വെണ്‍പാല യോഗം വിളിച്ചു ചേർത്തത്. നിരണം പള്ളിക്ക് സമീപമുള്ള ഒരു പാർട്ടി അനുഭാവിയുടെ ഭവനം ആയിരുന്നു യോഗ സ്ഥലം.

 സി. ഉണ്ണിരാജ 

സി.എച്ച്. കണാരൻ 

സംസ്ഥാന വ്യാപകമായി വമ്പിച്ച പ്രക്ഷൊഭമായി വിമോചനസമരം മാറാനുള്ള ബീജാവാപം നടന്നത് ഈ മേഖലയിൽ ആയിരുന്നെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ? അത്ര ഗൌരവം അർഹിക്കുന്ന ഒരു പ്രദേശത്തെ ജനറൽ ബോഡിയാണ് ഒരു നേതാവിന്റെ നിരുത്തരവാദപരമായ അനാസ്ഥ മൂലം അമാന്തിച്ചത് എന്നോർക്കണം.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോഗങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. നേരെ വിഷയത്തിലേക്ക് കടക്കുകയില്ല. ബ്രാഞ്ച് തലത്തിലുള്ള യോഗം ആണെങ്കിൽപ്പോലും ആദ്യം " ചവയ്ക്കുന്നത് " സാർവദേശീയവും ദേശീയവുമായിരിക്കും. അമേരിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, റഷ്യ വഴി ചൈനയിൽ എത്തും. വ്യാപകമായ ഒരു ചൈന പര്യടനം കഴിഞ്ഞേ ഹിമാലയം ചാടിക്കടന്ന് ഇന്ത്യയിൽ എത്തൂ.

എ.വി. കുഞ്ഞമ്പു 


എസ്. കുമാരൻ 

 വെണ്‍പാലയുടെ പ്രസംഗം വിരസമായി അങ്ങനെ നീണ്ടു നീണ്ടു പോയപ്പോൾ ക്ഷമ നശിച്ച ഒരു സഖാവ് വിളിച്ചു ചോദിച്ചു: സഖാവേ, ചൈനയും പോളണ്ടുമൊക്കെ തല്ക്കാലം അവിടെ നില്ക്കട്ടെ, അവരെ നമുക്ക് പിന്നെകൈകാര്യം ചെയ്യാം. ഗവണ്‍മെന്റിനെ നെഹ്രു ഡിസ്മിസ് ചെയ്യുമോ....?

വെണ്‍പാലയുടെ വിശദീകരണം അതിൽപ്പിടിച്ചായി. ഇ.എം.എസ്. ഡെൽഹിയിൽ പോയതും ഷിംലയിൽ ചർച്ച നടത്തിയതും വിവരിച്ചിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു:

" ആയതു കൊണ്ട്, സഖാക്കളേ ഒരു കാരണവശാലും സംസ്ഥാനത്തിന്റെ കാര്യത്തിൽ കേന്ദ്രം ഇടപെടുകയില്ലാ......., എന്ന് പറഞ്ഞു തീർന്നതും നിരണം പള്ളിയുടെ മുറ്റത്തു നിന്ന് ഒരമിട്ട്  പൊട്ടി. തുടർന്ന് മാലപ്പടക്കത്തിന്റെ അണമുറിയാത്ത പ്രകമ്പനം. പിന്നെ കേൾക്കുന്നത്  " ഭൂചക്രവാളം ഞടു ഞടെത്തുള്ളൂമാറട്ടഹാസവും" ആയിരുന്നു.

" സഖാവേ, ദേണ്ട് വെടിക്കെട്ട് ...."

വെണ്‍പാല വളരെ അക്ഷോഭ്യനായി പറഞ്ഞു; " എങ്കിൽ ഇടപെട്ടു കാണും.."

ഇതുപോലൊക്കെത്തന്നെയായിരുന്നു ഭരണത്തിൽ കയറിയ നാളുമുതൽ കേരളത്തിലെ പാർട്ടി പ്രവർത്തനം മുന്നോട്ടു പോയിരുന്നത്. അല്പസ്വല്പം ഏറ്റക്കുറച്ചിൽ ഉണ്ടാവാം, അത്ര മാത്രം. ബാക്കി കാര്യങ്ങളൊക്കെ ചരിത്രം.

ഇ.എം.എസ്സും ഗൗരിയമ്മയും പ്രധാനമന്ത്രി നെഹ്രുവിനൊപ്പം.
 പണ്ട് ഒ .വി. വിജയന്റെ ഒരു കഥ വായിച്ചത് ഓർക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കൾ സത്യപ്രത്ജ്ഞ ചെയ്യുന്നത് കാണാൻ, ഒന്നും രണ്ടുമായി ശേഖരിച്ചു വെച്ചിരുന്ന നാണയത്തുട്ടുകളുമായി പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തിനു പോയ ഒരു ബാലൻറെ കഥ. ഇ.എം.എസ്. ഗവണ്‍മെന്റ് അധികാരം ഏറ്റപ്പോൾ ആ ബാലന്റെ ചിന്താഗതി ആയിരുന്നു നല്ലൊരു വിഭാഗം ജനങ്ങളിലും ഉണ്ടായിരുന്നത്. ത്യാഗം സഹിച്ചും, മർദ്ദനം ഏറ്റും മരണം പോലും മുന്നിൽ കണ്ടുകൊണ്ട്‌, അർഹതപ്പെട്ട ലൌകികജീവിതംപോലും വെടിഞ്ഞ്, ശാസ്ത്രീയമായ ഒരു തത്വശാസ്ത്രത്തിനുവേണ്ടി അനവരതം പോരാടിയ നേതാക്കൾ ആ മനുഷ്യരുടെ പ്രതീക്ഷകളെയാണ് നിരുത്തരവാദപരമായ ഭരണം കൊണ്ട് കുളമാക്കിയത്.

ഗ്രീക്കുകാരുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ഗാന മാധുര്യം കൊണ്ട് എന്തും നേടാൻ കഴിയുന്ന ഗായകനായിരുന്നു ഓർഫിയൂസ്. അദ്ദേഹത്തിന്റെ പ്രിയതമയായ യൂറിഡീസി  മരിച്ചപ്പോൾ അവളെ തിരഞ്ഞുകൊണ്ട് ലോകമെല്ലാം ചുറ്റിക്കറങ്ങി. ഒടുവിൽ ഒർഫിയൂസ് പരേത ലോകത്തിലെത്തി. അവിടെ സർവ്വാധിപാതിയായ യമന്റെ ഹൃദയം പാട്ടിൽ അലിയിച്ചു. യമൻ ഒരു വ്യവസ്ഥയിൽ അവളെ വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചു. പരലോകത്തിന്റെ അതിർത്തി കഴിയുന്നതുവരെ ഒരിക്കലും പിന്നിലേക്ക് തിരിഞ്ഞു നോക്കരുത് എന്നായിരുന്നു നിശ്ചയം. അതിലാണ് ഒർഫിയൂസിന് അബദ്ധം പിണഞ്ഞത്. പരലോകം മിക്കവാറും പിന്നിട്ടു. മനുഷ്യ ലോകത്തിലേക്ക് കാലെടുത്തു വയ്ക്കാനായപ്പോൾ പ്രിയതമ, തന്റെ പിന്നാലെ വരുന്നുണ്ടോ എന്നറിയാൻ തിരിഞ്ഞു നോക്കി. യമഭടന്മാർ അവളെ തിരികെ പിതൃലോകത്തേക്കുതന്നെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തു.
ഇതേ അബദ്ധം ആണല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗത്ത്  നിന്നും ഉണ്ടായത്.

പത്തു പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപാണ്. ഞാനന്ന് സി.പി.എം. കടപ്ര എൽ.സി. മെമ്പർ ആണ്. തിരുവല്ലയിൽ നടന്ന ജനറൽ ബോഡിയിൽ കൊമ്പങ്കേരി കെ.റ്റി.കൃഷ്ണൻകുട്ടി ആയിരുന്നു റിപ്പോർട്ടിംഗ്. പ്രസംഗ മദ്ധ്യേ വിമോചന സമര കാലത്ത് തോപ്പിപ്പാളേം കുറുവടിയുമായി വന്ന ഇലഞ്ഞിക്കൽ ബേബിയുടെ നിരണം പടയെ തുരത്തിയോടിക്കാൻ അദ്ദേഹം മുന്നിൽ നിന്ന് നേതൃത്വം കൊടുത്ത ചരിത്രം വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു. പുതിയ തലമുറയിൽപ്പെട്ട സഖാകൾക്ക്  ആവേശവും കൃഷ്ണൻകുട്ടിയോട് വലിയ ആരാധനയും തോന്നിപ്പോയത് സ്വാഭാവികം.

 കടപ്രക്ക് ഓട്ടോയിൽ ഞങ്ങൾ ഒന്നിച്ചാണ് മടങ്ങിയത്.ഞാൻ ചോദിച്ചു: 'അല്ല കെ റ്റി കൊമ്പങ്കേരിച്ചിറയിൽ നിങ്ങൾ പത്തുനൂറുപേര് പത്തിരുപത് ദിവസം നിരണം പടയെ പേടിച് ഒളിച്ചിരുന്നില്ലേ? ഭക്ഷണമൊക്കെ എങ്ങനെ ആയിരുന്നു'?

 'നാലഞ്ചു ദിവസത്തേക്ക് കഴിക്കാനുള്ള നെല്ല് കിടപ്പുണ്ടായിരുന്നു. പിന്നെ കപ്പേം, ചേനേം ചെമ്പുമൊക്കെ പുഴുങ്ങിത്തിന്നും പുഞ്ചേലെ ചെളിവെള്ളം കുടിച്ചുമങ്ങുകഴിഞ്ഞു. ഇരുപതു ദിവസമൊന്നും കഴിയേണ്ടി വന്നില്ല സഖാവെ, പത്താം ദിവസം വൈദ്യനും അപ്പുവാശാനും കൂടി ഒരു കെട്ടുവള്ളം കൊണ്ടുവന്ന് വീയപുരം, വള്ളക്കാലി, പാവുക്കര, മേപ്പാടം വഴി പരുമലയിൽ കൊണ്ടുചെന്ന് താമസിപ്പിച്ചു. പരുമലയിൽ കാലുകുത്തിയപ്പോഴാ ശ്വാസം നേരെ വിട്ടത്,....പിന്നെ സഖാവേ, പ്രസംഗിച്ചു കൊണ്ടുനിന്നപ്പോൾ ഇത് ചോദിക്കാഞ്ഞത് നന്നായി......"

" കേറ്റീ..." ഞാൻ പറഞ്ഞു:

ഇനി ഇതുപോലുള്ള ബഡായി എവിടെയെങ്കിലും പറഞ്ഞാൽ.....

" പറഞ്ഞാൽ ....", കെ.റ്റി. ചോദിച്ചു.

"നടന്ന സംഭവം സത്യസന്ധമായി എനിക്ക്  വിശദീകരിക്കേണ്ടി വന്നു പോകും."

നിരണം വലിയ പള്ളി 

 നിരണം കടപ്ര ഭാഗത്ത് വിമോചന സമര കാലത്ത് നടന്ന പ്രക്ഷോഭത്തെ - പ്രക്ഷോഭമല്ല അക്രമം തന്നെയായിരുന്നു - കമ്മ്യൂണിസ്റ്റ് വിരുദ്ധ സമരമായി വിശേഷിപ്പിക്കാനാണ് ഇരു ഭാഗത്തുമുള്ളവർ താല്പര്യപ്പെടുന്നത്. ഇതിൽ പരോക്ഷമായിപ്പോലും സത്യമില്ല എന്നതാണ് വാസ്തവം.കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് പിന്നോക്ക വിഭാഗക്കാരിൽ അഹന്തയും അഹങ്കാരവും   -സ്വാതന്ത്ര്യം എന്ന വാക്കിന്റെ യഥാർത്ഥ പരിഭാഷ- വളർത്തുമെന്നും, അത് തങ്ങളുടെ ജന്മിത്തത്തിന് ഇടിവ് വരുത്തുമെന്നും നായർ, ക്രിസ്ത്യൻ പ്രമാണിമാർ ഭയപ്പെട്ടു.


നിരണം തൃക്കപാലീശ്വര ക്ഷേത്രം 
കേരളത്തിലെ ജാതി ചിന്തയുടെ കറുത്തുകരുവാളിച്ച മുഖം അതിനെത്രയോ കാലം മുമ്പ് സ്വാമി വിവേകാനന്ദൻ നേരിൽ അനുഭവിച്ചതാണ്. ജാതി അറിയാതെ സ്വാമികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയുണ്ടായില്ല. കലാമണ്ഡലം ഗണേശൻ രചിച്ച 'വിവേകാനന്ദചരിതം' എന്ന ആട്ടക്കഥയിൽ, സ്വാമിക്കുണ്ടായ ഈ അനുഭവം വളരെ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്.

സ്വാമി വിവേകാനന്ദൻ 


 ( തുടരും)


No comments:

Post a Comment