![]() |
ഇ.എം.എസ്. നമ്പൂതിരിപ്പാട് |
വിമോചന സമരത്തെ ഫലപ്രദമായി നേരിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞല്ലോ? ആശാരിയുടെ കുഴപ്പവും തടിയുടെ വളവും എന്ന് പറഞ്ഞപോലെ ഭരണരംഗത്തും പിടിപ്പുകേട് വ്യക്തമായിത്തന്നെ കാണാമായിരുന്നു. മന്ത്രിമാരിൽ ഭൂരിപക്ഷവും അസാമാന്യ പ്രതിഭകളായിരുന്നു. തങ്ങൾക്കു ലഭിച്ച വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പല മന്ത്രിമാരും സ്പെഷ്യലിസ്റ്റുകൾ തന്നെയായിരുന്നു, തർക്കമില്ല. ഇ.എം.എസ്., വി.ആർ. കൃഷ്ണയ്യർ, ഡോ. എ.ആർ. മേനോൻ, പ്രൊഫ. ജോസഫ് മുണ്ടശേരി, അച്യുതമേനോൻ, റ്റി.വി. തോമസ്, കെ.ആർ. ഗൌരിയമ്മ; ഏതൊരു മന്ത്രിസഭക്കും അഭിമാനമായിരുന്നവർ. സഭയുടെ അധ്യക്ഷനാവട്ടെ നിയമ പണ്ഡിതനായിരുന്ന ആർ. ശങ്കരനാരായണൻ തമ്പി. നിഷ്പക്ഷനായ സ്പീക്കറെന്ന് എതിരാളികൾ പോലും തമ്പിസാറിനെ വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അക്കാലത്തെ റൂളിങ്ങുകൾ പലതും അതിനുശേഷം വന്ന പല സ്പീക്കർമാറും പ്രയോഗിച്ചു വരാറുണ്ട്.
ഭരണ പരിഷ്കാരങ്ങളും നിയമ നിർമ്മാണങ്ങളും നടത്തുന്നതിനു അനാവശ്യമായ തിടുക്കം തുടക്കം മുതൽ തന്നെ മന്ത്രിസഭ സ്വീകരിച്ചുപോന്നു. പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കുന്ന ലാഘവബുദ്ധിയുടെ hang over നേതാക്കളെ വിട്ടു പോയിരുന്നില്ലായിരിക്കാം.
![]() | |||
ആർ. ശങ്കരനാരായണൻ തമ്പി |
ഉണ്ണാനും കുടിക്കാനും കല്യാണം കഴിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആലോചിക്കാതെ പാടില്ലെന്ന് ചിന്തിക്കാനുള്ള അഹന്ത കുറെ നേതാക്കളെയെങ്കിലും ബാധിച്ചിരുന്നു. സ്വയംകൃതാനർത്ഥത്തിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലല്ലോ.
ഇതിനിടെ മറ്റൊരു കാര്യം ഞാൻ വ്യക്തമാക്കി കൊള്ളട്ടെ. കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ കൃസ്ത്യൻ വൈദികർ സമരപരിപാടികളുമായി നീങ്ങുമ്പോൾ, അതിനെ നഖശിഖാന്തം എതിർത്ത ഒരു വൈദികൻ ഉണ്ടായിരുന്നു, യാക്കൊബാ സഭയിൽ. റവ. പൌലോസ് കോർ എപ്പിസ്കോപ്പാ. പെരുമ്പാവൂരിലെ ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് ഹൈസ്കൂളിൽ 32 വർഷക്കാലം ഹെഡ് മാസ്റ്റർ ആയിരുന്നു അദ്ദേഹം. സഭയുടെ അകത്തുനിന്നുള്ള സമ്മർദ്ദവും ഭീഷണിയും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. "ജനാധിപത്യത്തിന് നേരെയുള്ള പൈശാചികമായ ആക്രമണമാണീ പ്രാകൃതമായ സമരമെന്ന്" വളരെ ശക്തമായ ഭാഷയിൽ അദ്ദേഹം അപലപിച്ചു. ഈ വൈദികനേക്കാൾ, അദ്ദേഹത്തിന്റെ പ്രശസ്തനായ മകനെ വായനക്കാർ അറിയും, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോൾ.
![]() |
ഡോ. ഡി. ബാബു പോൾ |
ബ്രിട്ടനിലെ ആദ്യത്തെ ലേബർ പ്രധാനമന്ത്രിയായിരുന്ന James Ramsay MacDonald അധികാരം കിട്ടിയതിനുശേഷം, തൊഴിലാളികൾ അവരുടെ മർദ്ദകരെന്ന നിലയിൽ ശത്രുക്കളായി കണ്ടിരുന്ന കണ്‍സർവേറ്റീവ് പാർട്ടിയിലെ പ്രഭുക്കന്മാരുടേയും പ്രഭ്വിമാരുടെയും സഹവാസമാണ് കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് എന്നൊരു കഥയുണ്ട്.
സർ സി.പി.യുടെ ദിവാൻ ഭരണകാലത്ത് മിത്രങ്ങളായും പാദസേവകരായും നടന്നിരുന്ന ഉദ്യോഗസ്ഥപ്രമുഖരും ധനാഡ്ഡ്യരും, പട്ടം പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പ്രതികാര ഖഡ്ഗം ഭയന്ന് കോണ്‍ഗ്രസ്സുകാരായിത്തീർന്നു എന്ന് കേട്ടിട്ടുണ്ട്. ഇങ്ങനെയുള്ള നപുംസുകങ്ങൾ എല്ലാ കാലത്തും ഉണ്ട്. ഈ പുതിയ അവതാരങ്ങൾക്ക് ചെങ്കൊടി പിടിക്കാനും ജാള്യം എതുമുണ്ടായില്ല. ആത്മാഭിമാനവും, പ്രസ്ഥാനത്തോട് കൂറുമുള്ള ഒരുപാട് സഖാക്കൾ പാർട്ടിയോട് അകലാനോ, അതല്ലെങ്കിൽ നിഷ്ക്രിയരാകാനോ ഇത് പ്രേരണ നല്കി.
![]() |
പട്ടം താണുപിള്ള |
![]() |
സി. അച്യുതമേനോൻ |
![]() |
സി. രാജഗോപാലാചാരി |
തിരുവിതാംകൂറിൽ ദിവാൻ പദവി അലങ്കരിച്ചിരുന്നവരുടെ ഔദ്യോഗിക വേഷവിധാനം ആയിരുന്നു ഇത്. സർ സി.പി. യുടെ ഫോട്ടോ കണ്ടിട്ടുള്ളവർക്ക് ഇത് പെട്ടെന്ന് ഓർമ്മവരും.
![]() |
സർ സി.പി. രാമസ്വാമി |
മഹാത്മാ ഗാന്ധിയുടെ ശിഷ്യനും, രാജാജിയുടെ ആരാധകനുമായിരുന്ന ജി. രാമചന്ദ്രൻ പോലും, പഴയ തമിഴ് സംഗീത നാടകത്തിലെ രാജാപാർട്ടിന്റെ വേഷം കെട്ടാൻ വിസ്സമ്മതം പ്രകടിപ്പിച്ചില്ല.
വിമാനത്താവളത്തിൽ അണിനിരന്ന ഈ രാജാപാർട്ടുകളെ കണ്ടപ്പോൾ കോണ്‍ഗ്രസ്സുകാർക്ക് ലജ്ജയും മറ്റുപൊതുജനങ്ങൾക്ക് അവജ്ഞയുമാണ് ഉണ്ടായത്. ( ടി.എം. വർഗീസ് തലപ്പാവ് കൈയ്യിൽ പിടിച്ചിരുന്നതേയുള്ളൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.)
പുഷ്പാംഗദന്റെ തൊപ്പിയും, വിചിത്രവീര്യന്റെ കിന്നരിയെന്നുമാണ് കുമ്പളത്ത് ശങ്കുപ്പിള്ള ഇതിനെ വിശേഷിപ്പിച്ചത്.
സ്റേറ്റ് അതിഥിയായി വന്നിറങ്ങിയ ഗവർണ്ണർ ജനറൽ - ഈ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ബംഗാൾ ഗവർണ്ണർ ആയിരുന്നു എന്ന് കൂടി ഓര്ക്കണം - രാജാജിയുടെ വേഷമോ? പരുക്കൻ ഖദർ ജൂബ്ബായും, പരുക്കൻ ഒറ്റമുണ്ടും. ഒരു ഖദർ ഷാൾ പുതച്ചിരുന്നു, അതായിരുന്നു ഏക ആഡംബരം.
![]() |
കാർട്ടൂണിസ്റ്റ് യേശുദാസൻ |
കാർട്ടൂണിസ്റ്റ് യേശുദാസൻ ഒരിക്കൽ എന്നോട് പറഞ്ഞ ഒരു സംഭവം ഞാൻ ഓർക്കുന്നു. ജനയുഗം ദിനപ്പത്രത്തിലെ മുൻപേജ് പോക്കറ്റ് കാർട്ടൂണായ കിട്ടുമ്മാൻ, വാരികയിലെ " കുട്ടിച്ചട്ടമ്പി " ചന്തു തുടങ്ങി ചിത്ര രചനകളുമായി അദ്ദേഹം ജനയുഗത്തിൽ പ്രവൃത്തിയെടുക്കുകയായിരുന്നു. പത്രത്തിന്റെ ഏതോ ആവശ്യം പ്രമാണിച്ച്, സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പറായിരുന്ന വി.എസ്. അച്ചുതാനന്ദനെ കാണാൻ തിരുവനന്തപുരത്തു ചെന്നു. വി.എസ്. VJT ഹാളിനടുത്തുള്ള കണ്ണനണ്ണാച്ചിയുടെ അരുണാ ലോഡ്ജിൽ ആയിരുന്നു താമസിച്ചിരുന്നത്. യേശുദാസൻ രാവിലെ അവിടെ ചെല്ലുമ്പോൾ വി.എസ്. മുറിയിലിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയായിരുന്നു. ബ്രഡും ഓംലെറ്റും. ആ വിഭവങ്ങളല്ല യേശുദാസന് കൌതുകവും അതിലേറെ പരിഭവവും ഉണ്ടാക്കിയത്. അത് ഭക്ഷിക്കാൻ ഉപയോഗിച്ചുകൊണ്ടിരുന്ന ആയുധങ്ങൾ ആയിരുന്നു. ഫോർക്കും നൈഫും.
( തുടരും)
No comments:
Post a Comment