പ്രസിദ്ധ ആംഗ്ലോ-ഐറിഷ് നാടകകൃത്തായ ഷെറിഡാന്റെ ( Richard Brinsley Sheridan ) "ദ് റൈവൽസ് " എന്ന നാടകത്തിൽ രസകരമായ രംഗങ്ങൾ സൃഷ്ടിക്കുന്ന ഒരു കഥാപാത്രമുണ്ട്. മിസ്സിസ് മാലപ്രോപ്പ്. അവസരത്തിലും അനവസരത്തിലും തെറ്റായ വാക്കുകൾ പ്രയോഗിക്കുക ഈ കഥാപാത്രത്തിന്റെ ഒരു സ്വഭാവ വിശേഷമാണ്.
![]() |
ഷെറിഡാൻ |
മിസ്സിസ് മാലപ്രോപ്പിന്റെ വാചകാരിഷ്ടങ്ങൾ ചിരിക്ക് നല്ല വക നൽകുന്നവയാണ്. "...promise to forget this fellow to illiterate him, I say, quite from your memory. ഇവിടെ obliterate എന്ന വാക്ക് മിസ്സിസ് മാലപ്രോപ്പിന് illiterate ആണ്.
' He is the very pine-apple of politeness. ( Pinnacle )
" I have since laid Sir Anthony's preposition before her" ( proposition ) ഇത് മാലപ്രോപ്പിസം എന്നാണ് അറിയപ്പെടുന്നത്. ഷെക്ക്സ്പിയറിന്റെ Much Ado About Nothing ലും ഇതുപോലെ തന്നെ ഒരു കഥാപാത്രമുണ്ട്. ഓഫീസർ ഡോഗ്ബറി. ( Dogberry ) മാലപ്രോപ്പിന്റെ കാര്യം പറഞ്ഞപോലെയാണ് ഇഷ്ടനും. ഇത് ഡോഗ്ബറിയിസം എന്നും അറിയപ്പെടുന്നു.
![]() |
ഷേക്ക്സ്പിയർ |
ഇപ്പോൾ ഷെറിഡാനേയും ഷേക്ക്സ്പിയറിനേയും അനുസ്മരിക്കാൻ എനിക്ക് അവസരം തന്നത് ഒരു സുഹൃത്തിന്റെ പേരക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആണ്. ഉച്ചക്കുള്ള സദ്യയിൽ മറ്റെന്തോ തിരക്കുകാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്റെ വീടിന് കുറച്ച് പടിഞ്ഞാറുള്ള മായ യക്ഷീ ക്ഷേത്രത്തിനടുത്താണ് സുഹൃത്തിന്റെ വസതി. വൈകുന്നേരമാണ് അവിടെ പോയത്.
ഞാനും അദ്ദേഹവും കൂടി വീടിന്റെ മുൻവശത്തെ വരാന്തയിൽ സൊറ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ കേൾക്കാം, ക്ഷേത്രത്തിലെ മൈക്കിൽ കൂടി കർണ്ണ കഠോരമായ ഒരു മുന്നറിയിപ്പ്. " ഭക്ത ജനങ്ങളെ ഭക്തിയുടെ മുൾമുനയിൽ നിർത്തുന്ന നാമജപ ഘോഷലഹരി ഉടൻ ആരംഭിക്കുന്നതാണ്." ക്ഷേത്ര കമ്മറ്റി പ്രസിഡന്റിന്റെയാണ് മുൾമുന കൊണ്ടുള്ള ഈ ഭീഷണി. ഭക്ത ജനങ്ങൾ മുൾമുനയിൽ നില്ക്കുന്ന ആ മനോഹര ദൃശ്യം മനസ്സിൽ സങ്കൽപ്പിച്ചിരിക്കുമ്പോൾ, ഈ വിദ്വാൻ കഴിഞ്ഞ വർഷം നടത്തിയ ഒരു "അലവൻസ്മന്റാണ് " എന്റെ ഓർമ്മയിൽ എത്തിയത്.
" ഇന്നലെ ചരൽക്കുന്നിൽ നടന്ന ഹിന്ദു മഹാ സമ്മേളനം ഉൽഘാടനം ചെയ്ത്, സ്വാമി സത്യാനന്ദ സരസ്വതി നടത്തിയ പ്രസംഗം ഇന്ന് വൈകിട്ട് 5 മണിക്ക് ഈ ക്ഷേത്രത്തിൽ നിന്ന് വിക്ഷേപണം ചെയ്യുന്നതായിരിക്കും."
ഇതുപോലെയുള്ള കഥാപാത്രങ്ങൾ നിങ്ങളുടെയൊക്കെ ചുറ്റുവട്ടത്തും കാണും. ഇനി ശ്രദ്ധിക്കുക, ഇവരെല്ലാം പൊതുവെ ഒരുപോലിരിക്കും. പരുക്കൻ സ്വഭാവക്കാരായിരിക്കും. നർമ്മ ബോധം മഷിയിട്ട് നോക്കിയാൽ കാണില്ല. മുൻ ചീഫ് സെക്രട്ടറി സി.പി. നായരുടെ ഭാഷ കടം എടുത്തു പറഞ്ഞാൽ, ഒന്നാന്തരം അരസിക ശിരോമണികൾ. പരമ ബോറന്മാർ എന്നാണിതിന്റെ പരിഭാഷ.
ഏതു കാര്യമായാലും ചുമതല ഏറ്റെടുക്കാൻ വളരെ ഉൽസാഹമാണ്. തട്ടിപ്പും വെട്ടിപ്പുമില്ല. ഇതിന് ആരേയും അനുവദിക്കുകയുമില്ല. പക്ഷെ ഒരു കുഴപ്പം ഉണ്ട്, തൂമ്പാ കൊണ്ട് എടുക്കാനുള്ളത് ഇവർ സൂചികൊണ്ട് എടുക്കാനേ ശ്രമിക്കുകയുള്ളൂ.
ഇക്കൂട്ടരുടെ മറ്റൊരു സ്വഭാവ വിശേഷം, എത്ര സങ്കീർണ്ണമായ പ്രശ്നവുമായിക്കൊള്ളട്ടെ, അതിന്റെ മുഴുവൻ ഉത്തരവാദിത്തവും അവർ സ്വയം ഏറ്റെടുത്തുകൊള്ളും എന്നുള്ളതാണ്. വിവാഹ ആലോചന ആകട്ടെ, വിവാഹമാകട്ടെ, ജോലിക്കാര്യം ആകട്ടെ, ഇനി ഒരു പക്ഷെ വിവാഹ മോചനം തന്നെയാകട്ടെ ഒരു പ്രശ്നവുമില്ല. സംഭവം സുഖപര്യാവസായിയായി പരിണമിച്ചാൽ അത് അമ്മാച്ചന്റെ കഴിവ്, മറിച്ചാണെങ്കിലോ? നിന്റെ തലേവിധി.
രണ്ടുപദേശവും, നാല് വിമർശനവും നടത്തിയില്ലെങ്കിൽ ഈ സൃഷ്ടികൾക്ക് ഒരിക്കലും ഉറക്കം വരികയില്ല. ഒരിക്കൽ ഉപദേശിക്കുന്നത്, എടാ കുഞ്ഞേ നിനക്ക് തരക്കേടില്ലാത്ത ശമ്പളമുണ്ടെന്നു കരുതി ഇങ്ങനെ ധാരാളിത്തമാകാമോ ..? എന്നായിരിക്കും. അടുത്താഴ്ച കാണുമ്പോൾ പ്ലേററ് നേരേ തിരിച്ചായിരിക്കും, എന്തിനാടാ കുഞ്ഞേ ഇങ്ങനെ ലുബ്ധിക്കുന്നത്, ഇതൊക്കെ കൂട്ടി വെച്ചിട്ട് മേലോട്ടു പോവുമ്പോൾ എന്തേലും കൊണ്ടുപോകാൻ കഴിയുമോ...?
വഴിയിൽ കിടക്കുന്ന തേങ്ങ, എന്നാൽ അത് ഗണപതിക്ക് ഇരിക്കട്ടെ, ഉപദേഷ്ടാവിന് നഷ്ടമൊന്നും ഇല്ലല്ലോ? അതാണീ ഉപദേശത്തിന്റെ മന:ശാസ്ത്രം. ഇതിനേക്കാളൊക്കെദ്രോഹം വിമർശനമാണ്. അതിലേറെ ഇത് അപകടകാരിയുമാണ്. ചൈന ഇന്ത്യയെ ആക്രമിച്ചതു മുതൽ തൊരപ്പൻ വേലുപ്പിള്ള അതിര് മാന്തിയത് വരെ ഇക്കൂട്ടർ വിമർശനത്തിനുള്ള വിഷയമാക്കും.
രാജഭരണ കാലമായിരുന്നെങ്കിൽ ഇത് വല്ലതും നടക്കുമോ എന്ന് ആത്മസംതൃപ്തി കൊള്ളുമ്പോൾ, സ്വാഭാവികമായും നമുക്ക് ഒരു സംശയം. അല്ലമ്മവാ, ചിത്തിര തിരുനാൾ തിരുവിതാംകൂർ ഭരിക്കുകയായിരുന്നെങ്കിൽ ചൈന, ഇന്ത്യയെ ആക്രമിക്കുകയില്ലായിരുന്നോ....?
" നിനക്കൊക്കെ ഇങ്ങനെ കുരുത്തക്കേട് പറയാനേ അറിയത്തൊള്ളൂ. മൂന്നക്ഷരമുണ്ടടാ, അതുവേണം. അല്ല, നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, കലികാലമല്ലേ...? സർവ്വ തെറ്റുകുറ്റങ്ങളും മഹാപാപങ്ങളും ഏറ്റെടുക്കാൻ അങ്ങനെയൊരു അവതാരം ഇല്ലായിരുന്നെങ്കിൽ ! സ്ഥിതി ആകെ കഷ്ടത്തിൽ ആകുമായിരുന്നു. ഇവരുടെ നിഴൽ കണ്ടാൽ മതി ജീവനിൽ കൊതിയുള്ളവർ വീടുപൂട്ടി സ്ഥലം വിട്ടുകളയും. ഈ ഹൃദയവിശാലുക്കൾക്ക് ഇതിൽ പരിഭവമേതുമില്ല. വഞ്ചി നേരെ അടുത്ത നിർഭാഗ്യവാനെലക്ഷ്യമാക്കി വിട്ടുകൊളളും.
![]() |
ലേഖകൻ |
എന്റെ അമ്മക്ക് വകയിൽ ഒരമ്മാവൻ ഉണ്ടായിരുന്നു. മാന്നാറിനടുത്ത് കുട്ടമ്പേരൂരിലെ ഒരു പ്രമാണി ആയിരുന്നു അദ്ദേഹം. കളത്തൂർ പരമേശ്വരൻപിള്ള. ഞങ്ങൾ പാച്ചുവമ്മാവൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഇടയ്ക്കിടെ അനന്തിരവളെ കാണാൻ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഓഫീസർ ഡോഗ്ബറിയുടെ, അല്ലെങ്കിൽ മിസ്സിസ് മാലപ്രോപ്പിന്റെ കടുത്ത ആരാധകനായിരുന്നു പാച്ചുവമ്മാവൻ.
" ബോംബേന്നു എളേ പെണ്ണിന്റെ കൊച്ചുങ്ങൾ വന്നിട്ടുണ്ട്. അവർക്ക് നൈറ്റ് ഡ്യൂട്ടി വാങ്ങിക്കാൻ ഇറങ്ങിയതാ.." ഒരിക്കൽ വന്നപാടെ അമ്മാവൻ സന്ദർശനോദ്ദേശം വ്യക്തമാക്കി. നൈറ്റ് ഡ്യൂട്ടി കമ്പോളത്തിൽ വാങ്ങിക്കാൻ കിട്ടുന്ന സാധനമാണോ എന്നോർത്ത് വായനക്കാർ സന്ദേഹപ്പെടേണ്ടതില്ല. സ്ത്രീകളുടെ നിശാവസ്ത്രമായ നൈറ്റിയെയാണ് അമ്മാവൻ നൈറ്റ് ഡ്യൂട്ടി എൽപ്പിച്ചിരിക്കുന്നത്.
" അമ്മാവൻ കാപ്പി കുടിച്ചതാണോ....?" - അമ്മ കുശലാന്വേഷണം ആരംഭിക്കും.
" എടീ കൊച്ചേ, ഗോപാലന്റെ കഷായം കുടിക്കുന്നതുകൊണ്ട് ഉഴുന്നാഹാരം വർജ്ജ്യമാണ്. നിന്റമ്മായി കാലത്തെ കാച്ചിൽ, ചേമ്പ്, ചേന, കപ്പ തുടങ്ങിയ നവധാന്യങ്ങൾ പുഴുങ്ങിത്തന്നു. കർണ്ണാ കർണ്ണിയാ അത്യൂഷ്മാവുണ്ടാക്കുന്ന കാന്താരി മുളകു കൊണ്ടൊരു ചമ്മന്തിയും."
മറ്റൊരവസരത്തിൽ അമ്മാവൻ പറയുന്നത് കേട്ടതാണ്. " എടീ, പടിഞ്ഞാറ്റേലെ പശൂനെ ഇന്നലെ ഒരു പട്ടി കടിച്ചു. കൊച്ചുങ്ങടെ നിലവിളി കേട്ട് ഞാൻ ഓടിച്ചന്ന് നോക്കുമ്പോൾ, ശിവ ശിവ ഒരു കാലേൽ പട്ടി കടിച്ച് പുറകോട്ട് വലിക്കുവാ. മരണവെപ്രാളം കൊണ്ട് പശു മുന്നോട്ടോടാനുള്ള ശ്രമവും. ഏതാണ്ടൊരു അജാമ്ള മോക്ഷം പോലെ..." ( ഗജേന്ദ്രമോക്ഷമാണ് അമ്മാവന്റെ അജാമ്ളമോക്ഷം.)
നിരന്തര ശല്യക്കാരിയായ ഒരു ബന്ധുവിനെതിരെ അമ്മാവൻ പണ്ടൊരു കേസുകൊടുത്തു. മറ്റു ബന്ധുക്കളുടെ സമ്മർദ്ദം കാരണം അവസാനം അമ്മാവന് ആ കേസ് പിൻവലിക്കേണ്ടിവന്നു.
ഈ വിവരം അറിഞ്ഞപ്പോൾ അമ്മ, അമ്മാവനോട് ചോദിച്ചു; - " അവരു ചെയ്ത ദ്രോഹമൊക്കെ ഇത്രപെട്ടെന്ന് അമ്മാവൻ മറന്നോ...?"
" എടീ മക്കളേ, ആ പെങ്കൊച്ച് വന്ന് കരഞ്ഞുകൂവി കൈയ്യും കാലും പിടിച്ചപ്പോൾ എന്റെ മനസ്സങ്ങ് സങ്കടപ്പെട്ടുപോയി. " മലകളിളകിലും മഹാജനാനാം മനമിളകാ " എന്നാണല്ലോ ചൊല്ല്...."
" രാമൻപിള്ളച്ചേട്ടന്റെ ദുര്യോധനൻ ഇരുത്തിയൊരു നോട്ടം...ഒരലർച്ചയും. കൃഷ്ണൻ കെട്ടിയ ആ പോറ്റിക്കൊച്ചന്റെ സപ്താഹനാഡികളും തളർന്നു പോയി.." ഒരിക്കൽ ചെങ്ങന്നൂർ ആശാന്റെ ദുര്യോധനവേഷത്തെക്കുറിച്ച് എന്നോട് പറഞ്ഞതാണ്.
മറ്റൊരിക്കൽ എന്നോടുതന്നെ പറഞ്ഞതാണ്, " എടാ, കുട്ടമ്പേരൂരമ്പലത്തിൽ ഇന്നാറാട്ടാ...., രാത്രീൽ ആട്ടമുണ്ട്, കുചേലവൃത്താന്തം......."
![]() |
പട്ടം താണുപിള്ള |
മലയാറ്റൂർ രാമകൃഷ്ണൻ ഐ.എ.എസിൽ ചേരുന്നതിന് മുൻപ് മുൻസിപ്പൽ കമ്മീഷണർ തെരഞ്ഞെടുപ്പിനുള്ള പരീക്ഷയിൽ വിജയിച്ചു, ഫസ്റ്റ് റാങ്ക്. പക്ഷെ മുഖ്യമന്ത്രി പട്ടം താണുപിള്ള അദ്ദേഹത്തിന് ജോലി നിഷേധിച്ചു. ഈ സംഭവം അന്ന് വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. കേരളകൗമുദി മുഖപ്രസംഗം എഴുതുക വരെയുണ്ടായി. പക്ഷെ ഈ വനരോദനം ഒന്നും തന്നെ പട്ടത്തെ തെല്ലും ഉലച്ചില്ല. പത്രക്കാരെ പട്ടത്തിന് തീരെ മതിപ്പില്ല. ദിനപ്പത്രം, വർത്തമാനപത്രം, വൃത്താന്തപത്രം ഇതൊക്കെ പട്ടത്തിന്റെ കണ്ണിൽ വെറും കടലാസാണ്.
ഒരു പത്ര സമ്മേളനം. " സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ഒരു ഉദ്യോഗാർത്ഥിക്ക്, സർക്കാർ ജോലി നിഷേധിക്കുന്നത് നീതിക്ക് നിരക്കുന്നതാണോ....?" ചോദ്യം ന്യായം.
ജുബ്ബയുടെ കൈ തെറുത്തു മുകളിലേക്ക് കയറ്റി, കണ്ണാടി ഊരി രണ്ടാം മുണ്ട് കൊണ്ട് തുടച്ചു കൊണ്ട് ചോദ്യകർത്താവിനെ പട്ടം ഒന്നു നോക്കി. വിശ്വരൂപത്തിനു മുമ്പുള്ളതാണ് ഈ അവതാരം.
" മലയാറ്റൂർ രാമകൃഷ്ണനല്ല വൈകുണ്‍O0 പരമേശ്വരനാണെന്നു പറഞ്ഞാലും, കമ്മ്യൂണിസ്റ്റുകാരന് ഈ ഗവണ്‍മെന്റ് ജോലി കൊടുക്കുകയില്ല." പട്ടത്തിന്റെ മറുപടി.
ഈ പറയുന്ന വൈകുണ്ഡത്തിൽ വസിക്കുന്നത് പരമേശ്വരനാണോ മഹാവിഷ്ണുവാണോ എന്ന് പട്ടത്തോട് ചോദിക്കാനുള്ള ആത്മബലം പത്രക്കാർക്കുണ്ടായിരുന്നില്ല.
അച്യുതമേനോൻ മന്ത്രിസഭയിൽ ബേബിജോണ്‍ റെവന്യു മന്ത്രിയായിരിക്കുമ്പോൾ, മലയാറ്റൂരിന്റെ പ്രത്യേക താല്പര്യപ്രകാരം വകുപ്പ് "ധരണി" എന്ന പേരിൽ ഒരു മാസിക 16 ലക്കം ഇറക്കുകയുണ്ടായി. ( മലയാറ്റൂർ റെവന്യു ബോർഡ് ഒന്നാം മെമ്പർ ആയിരുന്നു.) 16-)0 ലക്കം ഇംഗ്ലീഷ് സ് പെഷ്യൽ പതിപ്പായിരുന്നു. ആ ലക്കത്തിൽ ഒരു റെവന്യു അഡീഷണൽ സെക്രട്ടറി Land reform നെ സംബന്ധിച്ച് ഒരു ലേഖനം എഴുതി.
പാമ്പുകൾക്ക് മാളമുണ്ട്
പറവകൾക്ക് ആകാശമുണ്ട്
മനുഷ്യപുത്രന് തല ചായ്ക്കാൻ.... ഈ ഗാനത്തിന്റെ പരിഭാഷയോടെയാണ് ലേഖനം ആരംഭിക്കുന്നത്.
"Snakes have their holes
Birds have skies
but men have no holes..." - ഇതായിരുന്നു സെക്രട്ടറി പുംഗവന്റെ പരിഭാഷ.
ബഹുഭാഷാ പണ്ഡിതനും, അനേകം ഗ്രന്ഥങ്ങളുടെ രചയിതാവും, സർവ്വോപരി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട് ഡയക്റ്ററുമായായിരുന്ന ഒരു മഹാപുരുഷനെ പറ്റിയുള്ള ഒരു കഥ ( കഥയല്ല സത്യം ) തിരുവനന്തപുരത്തെ പഴയ പത്രപ്രവർത്തകർക്ക് ഓർമ്മ കാണും. പബ്ലിക് റിലേഷൻസ് ഡയറക് റ്ററും, സാഹിത്യകാരനും ആയിരുന്ന എൻ. മോഹനൻ (സാഹിത്യകാരിയായ ലളിതാംബികാ അന്തർജ്ജനത്തിന്റെ മകൻ) സൃഷ്ടിച്ച കെട്ടുകഥയായി പിൽക്കാല ചരിത്രം ഈ സംഭവത്തെ വിലയിരുത്തി. ശരിയാണ്, മോഹനൻ ചേട്ടൻ ഇങ്ങനെയുള്ള കഥകൾ ഉണ്ടാക്കുന്നതിൽ ഉസ്താദ് ആയിരുന്നു. പക്ഷെ, ഇത് മോഹനൻ ചേട്ടൻ ഉണ്ടാക്കിയ കഥയല്ല. പരിപൂർണ്ണ "പകർപ്പവകാശം" ഭാഷാ പണ്ഡിതനു തന്നെ.
തിരുവനന്തപുരത്തെ പ്രമുഖ പത്രക്കാർ സന്നിഹിതരായിരുന്ന ഒരു സൗഹൃദവേദിയിൽ വെച്ച് , മക്കളുടെ രോഗത്തെക്കുറിച്ച്, വളരെ വ്യസനത്തോടെ അദ്ദേഹം പറഞ്ഞു : "വീട്ടിൽ കുട്ടികൾക്കെല്ലാംഅസുഖം പിടിച്ചിരിക്കുകയാണ്. ഈ ബാലികാബാലകന്മാർക്കൊക്കെ പിടിപെടുന്ന ഒരുതരം അസുഖം ഉണ്ടല്ലോ......, ബാലിസ്റ്റിക് മിസൈൽസ്." ( അന്നത്തെ പത്രക്കാരിൽ പി.സി. സുകുമാരൻ നായർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.)
![]() |
മലയാറ്റൂർ രാമകൃഷ്ണൻ |
1975ൽ സി.പി.ഐ.(എം) ന്റെ, കർഷക സംഘടനയായ കേരള കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനം ആലപ്പുഴ ജില്ലയിലെ പരുമലയിൽ ആണ് നടന്നത്. ദേവസ്വം ബോർഡ് പമ്പാ കോളേജ് ഗ്രൌണ്ടായിരുന്നു പൊതുസമ്മേളന വേദി. പൊതുസമ്മേളനം ഉൽഘാടനം ചെയ്തത് കിസാൻ സഭാ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന സ. ഹരേ കൃഷ്ണ കോനാർ. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം പരിഭാഷപ്പെടുത്തിയത് എന്റെ പിതാവും, അന്ന് ചെങ്ങന്നൂർ എം.എൽ.എ. യുമായിരുന്ന പി.ജി.പുരുഷോത്തമൻപിള്ളയായിരുന്നു.
പ്രസംഗത്തിൽ കോനാറിന് ഒരു ചെറിയ 'വാക്പിശക് ' ഉണ്ടായി. slip of the tongue എന്ന് ആംഗലത്തിൽ പറയുമല്ലോ. Spectacle on my nose എന്നതിന് കോനാർ പറഞ്ഞത്, nostacle on my space എന്നായിപ്പോയി.
അച്ഛൻ അതിങ്ങനെയാണ് പരിഭാഷപ്പെടുത്തിയത്. "കാക്കേൽ മുണ്ണാടി".
![]() |
ഹരേ കൃഷ്ണ കോനാർ |
പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിക്കാനും, അതിന്റെ സ്പെല്ലിംഗ് ഹൃദിസ്ഥമാക്കുവാനും ഇ.വി.യുടെ ഇംഗ്ലീഷ് അദ്ധ്യാപകൻ, കുട്ടികൾക്കായി ഒരു വിനോദ വിജ്ഞാന പരിപാടി ക്ലാസ്സിൽ നടത്തുക പതിവായിരുന്നു. ഒരു വിദ്യാർത്ഥി ഒരു വാക്ക് പറയുക, അതിന്റെ അർത്ഥവും സ്പെല്ലിംഗും മറ്റുകുട്ടികളിൽ ആരെങ്കിലും പറയണം. മറ്റാർക്കും അതിനു കഴിഞ്ഞില്ലെങ്കിൽ ചോദ്യകർത്താവ് തന്നെ സംശയനിവൃത്തി വരുത്തണം.
![]() |
പി.ജി.പുരുഷോത്തമൻപിള്ള |
ഇങ്ങനെയായാൽ പറ്റില്ലല്ലോ എന്നൊരു ഭൂതോദയം ഒരു ദിവസം ഈ ചങ്ങാതിക്കുണ്ടായി. വീട്ടിൽ ചെന്ന് ഡിക് ഷ് ണറി കൂലങ്കഷമായി പരിശോധിച്ച് ഒരു വാക്ക് കണ്ടു പിടിച്ചു. സ്പെല്ലിംഗും അർത്ഥവും എല്ലാം മനസ്സിലാക്കി, ഇനി വല്ല അത്യാഹിതവും സംഭവിച്ചാൽ അതിനെ നേരിടാനായി, ഒരു തുണ്ടുകടലാസിൽ അത് എഴുതിയെടുത്തു കൊണ്ടുമാണ് മണ്ടച്ചാർ പിറ്റേന്ന് ക്ലാസ്സിൽ ചെന്നത്.
![]() |
ഇ.വി.കൃഷ്ണപിള്ള |
മണ്ടൻ : തെറ്റ്.
മറ്റൊരു കുട്ടി എണീറ്റ് പറഞ്ഞു : M-O-K-K-Y
തെറ്റ്.
mokkie, moky, moki, moccy......തെറ്റുതന്നെ എല്ലാവരും പറയുന്നത്. അവസാനം അദ്ധ്യാപകനും ഒരു കൈ പരീക്ഷിച്ചു : M-O-C-C-H-I-E. അതും തെറ്റിന്റെ ശ്രേണിയിലേക്കുതന്നെയാണ് പരിഗണിച്ചത്.
"എന്നാൽ, നീ തന്നെ പറയൂ...?" അദ്ധ്യാപകൻ പരാജയം സമ്മതിച്ച് അവനോട് പറഞ്ഞു.
വിജയശ്രീലാളിതനായി എല്ലാവരെയും ഒന്ന് നോക്കിയിട്ട് പുല്ലു പോലെ അവൻ മോക്കിയുടെ സ്പെല്ലിംഗ് പറഞ്ഞു : "monkey,.... മോക്കി ".......!!!
എന്റെ വീടിനടുത്ത് കൃഷ്ണപ്പണിക്കർ എന്നൊരു പുരാണ പാരായണക്കാരനുണ്ടായിരുന്നു. നോട്ടീസിൽ പേരുവെക്കുമ്പോൾ, AIR fame എന്നു കൂടി അച്ചടിച്ചിരിക്കണം എന്ന് ഈ 'പൗരാണികന്' നിർബന്ധം ഉണ്ടായിരുന്നു. ഓൾ ഇന്ത്യാ റേഡിയോയിൽ കക്ഷി പാരായണിച്ചിട്ടുണ്ടോ എന്നെനിക്ക് നിശ്ചയം പോരാ, പക്ഷെ സംഗീതകച്ചേരി, കഥകളിസംഗീതം എന്നീ പരിപാടികളുടെ സ്ഥിരം ശ്രോതാവായിരുന്നു.
അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലെ " തരിക വരം കരുണാകരാ പോറ്റീ " എന്നുള്ളത് "തരിക വരം കരുണാകരപ്പോറ്റി" എന്നേ കൃഷ്ണപ്പണിക്കർ വായിക്കൂ.
"വിശ്വാമിത്രനും പ്രീതനായരുൾചെയ്തീടിനാൻ " കൃഷ്ണപ്പണിക്കരുടെ കൈകളിലെത്തുമ്പോൾ "വിശ്വാമിത്രനും പ്രീതാനായരും അരുൾചെയ്തീടിനാൻ" എന്നായിത്തീരും.
ഭൂസുരൻ പണിക്കരുചേട്ടന് ഭ്രൂസുരനാണ്. ഭൂതലം, ഭൂമിപാലകൻ, ഭൂദേവൻ തുടങ്ങിയവർക്കൊന്നും, ഭാഗ്യവശാൽ ഭൂസുരന്റെ ഗതികേട് സംഭവിക്കാറില്ല. കക്ഷിയെ ഞങ്ങൾ ഭ്രൂസുരൻ എന്നായിരുന്നു വിളിച്ചിരുന്നത്.
![]() |
എ.ജി. ഗാർഡിനർ |
പണ്ട് ചങ്ങനാശേരി എസ്.ബി. കോളേജിലെ ഒരു ഇംഗ്ലീഷ് പ്രൊഫസ്സർ, എ.ജി. ഗാർഡിനറുടെ "Fellow Passenger" എന്ന essay ക്ലാസ്സിൽ പഠിപ്പിക്കുകയായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ ഒരീച്ചയെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യാതെ ബുദ്ധിമുട്ടുന്നത് രസകരമായി പ്രതിപാദിക്കുന്നതാണ് ആ ഉപന്യാസം.
"Magnanimity has its limit" എന്ന് പറഞ്ഞാണ് ആ ഉപന്യാസം ഗാർഡിനർ അവസാനിപ്പിക്കുന്നത്. ഈ വാചകത്തിന് അദ്ധ്യാപകൻ നല്കിയ പരിഭാഷ വളരെ രസകരമാണ് : 'തന്തേല്ലാഴികക്കും ഒരതിരുണ്ട് '.
എന്റെ മൂത്ത സഹോദരിയുടെ ഒരനുഭവം. അവർ വിവാഹിതയായി ഭർത്താവിനോടൊപ്പം ജബൽപ്പൂരിൽ ചെന്ന കാലം. കേരളം വിട്ട് എവിടെയെങ്കിലും പോകുന്നത് ആദ്യമായാണ്. ആർമി കന്റോണ്‍മെന്റിലെ അവരുടെ ഫ്ലാറ്റിനു തൊട്ടടുത്ത് താമസിച്ചിരുന്നത് ഒരു പഞ്ചാബി ക്യാപ്റ്റനും ഭാര്യയുമായിരുന്നു. അതി സുന്ദരിയായിരുന്നു ആ പഞ്ചാബിണി. മറ്റു മലയാളി ഓഫീസർമാരുടെ ഭാര്യമാരുമായി സംസാരിക്കുമ്പോൾ, പഞ്ചാബുകാരിയെ സുന്ദരി എന്നാണു ചേച്ചി വിശേഷിപ്പിച്ചിരുന്നത്. ചേച്ചിയുടെ ഈ വിശേഷണം തന്നെ കളിയാക്കിക്കൊണ്ടുള്ളതാണെന്ന് അവർക്ക് തോന്നി. സംശയ നിവൃത്തിക്ക് പഞ്ചാബി സിംഹി സമീപിച്ചത് ഒരു മലയാളി ബ്രിഗേഡിയറുടെ മദ്ധ്യവയസ്സ് പിന്നിട്ട ഭാര്യയെ.
" mem saab, what is the meaning of one of your words in Malayalam, chundeli?"
"Oh chundeli......it means mouse ..."
അവർ ജബൽപ്പൂരിൽ നിന്ന് സ്ഥലം മാറ്റം കിട്ടി പോകുന്നതു വരെയും ആ 'മൌസുമി ചാറ്റർജി" ചേച്ചിയോട് മിണ്ടിയിട്ടില്ല.
ശൂരനാട് കുഞ്ഞൻപിള്ള സാറിനെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. അദ്ദേഹം ടൌണിൽ കൂടി നടന്നു പോകുമ്പോൾ ഭിക്ഷ ചോദിച്ച ഒരന്ധന് 50 പൈസാ കൊടുത്തു. നടന്നു തുടങ്ങികഴിഞ്ഞപ്പോഴാണ് അവൻ ഭിക്ഷ ചോദിച്ച് വിളിച്ചു കൂവുന്ന വാചകം സാറിന്റെ ശ്രദ്ധയിൽ പെട്ടത്. "കണ്ണുകാണാൻ കഴിയാത്ത ഈ അന്ധന് വല്ലതും തരണേ.."
അദ്ദേഹം തിരികെ വന്ന് കൊടുത്ത പൈസ തിരികെ വാങ്ങിയിട്ട് പറഞ്ഞു, " എടാ, യാചകാ തെറ്റ് കൂടാതെ ഭാഷ പ്രയോഗിക്കാൻ നീ പഠിക്കണം. കണ്ണ് കാണാത്തവരെയാണ് അന്ധൻ എന്ന് വിളിക്കുന്നത്. മനസ്സിലായോ?"
ഇതാരാടാ ഈ പുതിയ സൃഷ്ടി...ഭിക്ഷക്കാരന് അത്ഭുതം. ഇതൊരു കഥ മാത്രമാണ്. സാറിന്റെ കടുകട്ടിയായ വ്യാകരണ നിർബന്ധത്തെകളിയാക്കി ഏതോ സരസൻ പ്രചരിപ്പിച്ചതാവണം, ഈ കഥ.
മലയാള മനോരമയിൽ പത്തിരുപതു വർഷംമുമ്പ് പ്രസിദ്ധീകരിച്ച ഒരു ചിത്രം ഒർമ്മയിൽഎത്തുന്നു. ഒരാന പുഴയിൽഇറങ്ങിനിന്ന് തുമ്പിക്കൈയ്യിൽ വെള്ളം കോരി ശരീരത്തിൽ ഒഴിക്കുന്നതായിരുന്നു ചിത്രം. മലയാള ഭാഷാ പണ്ഡിതനായ സബ്ബ് എഡിറ്റർ അതിനു കൊടുത്ത ക്യാപ് ഷൻ ആയിരുന്നു ഏറെ രസകരം. "മത്തേഭൻ പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ.." പാംസുസ്നാനം അർത്ഥം അറിയാൻ പാടില്ലാത്തവർ മലയാളം നിഘണ്ടു നോക്കുക.
ഏതായാലും ഭൂമിമലയാളം ഉള്ളിടത്തോളം കാലം പാച്ചുവമ്മാവന്മാരും, ലോകം ഉള്ളിടത്തോളം കാലം മാലപ്രോപ്പുമാരും ഡോഗ് ബറിമാരും അന്യം നിന്ന് പോവില്ല എന്ന് നമുക്ക് ഉറപ്പിക്കാം.
No comments:
Post a Comment