![]() |
ശ്രീ നാരായണ ഗുരു |
ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന് എന്ന തത്ത്വോപദേശം കേരളത്തിലെ ജാതിക്കോമരങ്ങൾക്ക് നല്കിക്കൊണ്ട് നവോത്ഥാനത്തിന്റെ പാത തീർത്ത ആ മഹാഗുരു, തന്റെ ജ്ഞാന സമ്പാദനത്തിനായി 1876 മുതൽ 1881 വരെ അഞ്ചു വർഷക്കാലം താമസിച്ച ആ കുടുംബത്തിലെ ബഹുമാന്യനായ ഒരു വ്യക്തിക്ക് അനുഭവിക്കേണ്ടി വന്ന അപമാനത്തിന്റെ കാഠിന്യം എന്താണെന്നറിയാമോ?
![]() |
കെ.ആർ. ഗൗരിയമ്മ |
1876ൽ ഉണ്ടായിരുന്ന ജാതി ചിന്തയുടെ തീവ്രത 1920കളായപ്പോൾ വർദ്ധിക്കുകയായിരുന്നു എന്നാണല്ലോ ഈ സംഭവം സൂചിപ്പിക്കുന്നത്. ഈ ജാതി പിശാചുകളുടെ മനോഭാവത്തിന് വിമോചന സമര കാലമായപ്പോഴും മാറ്റം സംഭവിച്ചിരുന്നില്ല എന്നതാണ് സത്യം. ചരിത്രത്തിൽ ബൂർബൻ രാജാക്കന്മാരെപ്പറ്റി പറയുന്ന പോലെയാണ്, അവർ ഒന്നും മറക്കുകയില്ല, ഒന്നും പഠിക്കുകയുമില്ല. ഈ യാഥാസ്ഥിതിക വർഗങ്ങളിൽ നിന്ന് ഇതൊക്കെയല്ലേ പ്രതിക്ഷിക്കേണ്ടതുള്ളു. You cannot make silk purse out of a swine's ear. എന്ന് ബൈബിളിൽ പറയുന്നുണ്ട്.
അതിനുശേഷം 1960 ൽ നടന്ന തെരഞ്ഞെടുപ്പിൽ സർവ്വ സമുദായ സംഘടനകളുടേയും പിന്തുണയോടെ മത്സരിച്ച് കോണ്‍ഗ്രസ് വിജയിച്ചു. പട്ടത്തിന് മുഖ്യമന്ത്രി പദം നല്കിക്കൊണ്ടാണ് കോണ്‍ഗ്രസ്സിന് മന്ത്രിസഭയുണ്ടാക്കാൻ സാധിച്ചത്. അധികാരത്തിൽ കയറിയ അന്നുമുതൽ തമ്മിലടിയും കുതികാൽ വെട്ടുമായിരുന്നു. പട്ടം പറന്നു പോയി...ആന്ധ്രായിലോ മറ്റോ ഗവർണ്ണർ ആയി.
വിമോചന സമരം കഴിഞ്ഞ്, 8 കൊല്ലം കഴിഞ്ഞ് 1967 ലാണ് ഇ.എം.എസ്. വീണ്ടും മുഖ്യമന്ത്രിയാകുന്നത്. അപ്പോഴേക്കും പാർട്ടി പിളർന്നു കഴിഞ്ഞിരുന്നു. ആ ഗവണ്‍മെന്റും അൽപ്പായുസ്സായിരുന്നു. മുന്നണിയിലെ തമ്മിലടി കാരണം ഇ.എം.എസ്സിന് 28 മാസങ്ങൾക്കകം രാജിവേക്കേണ്ടി വന്നു.
കോണ്‍ഗ്രസ്സും പിളർന്നു. കെ.എം. ജോർജ്ജിന്റെയും, ആർ. ബാലകൃഷ്ണപിള്ളയുടേയും നേതൃത്വത്തിൽ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. C.P.I (M ) മുന്നണിയേയും കോണ്‍ഗ്രസ് മുന്നണിയേയും തോൽപ്പിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ്സ് ടിക്കറ്റിൽ ഇ.ജോണ്‍ ജേക്കബ്ബ് തിരുവല്ലയിൽ നിന്ന് വിജയിച്ചു.
തിരുവനന്തപുരത്ത് ഇ.എം.എസ്. കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇങ്ങ് വടക്ക് ആലപ്പുഴയിൽ ജോണ്‍ ജേക്കബ്ബ് മറ്റൊരു സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇ.എം.എസ്. മന്ത്രി സഭ താഴെ വീണാലേ തന്റെ താടി വടിക്കൂ...!
![]() |
കെ.എം. ജോർജ്ജ് |
ഇ.എം.എസ്സിന്റെ ആത്മകഥ. സ്വന്തം കഥക്ക് ആ കൃതിയിൽ വലിയ സ്ഥാനം ഒന്നുമില്ല. ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന ഇരുൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളുടെ ചരിത്രമാണ് ആ ഗ്രന്ഥത്തിലുള്ളത്. അയിത്തവും, അനാചാരവും, കർക്കശമായ ജാതി ചിന്തകളും കൊണ്ട് അപരിഷ്കൃതമായ ഒരു ജീവിത സാഹചര്യമായിരുന്നു ബ്രാഹ്മണ ഗൃഹങ്ങളിൽ ഉണ്ടായിരുന്നത്. ആയിരക്കണക്കിന് ഏക്കർ ഭൂസ്വത്തുള്ള ഒരു ജന്മി കുടുംബമായ ഇളംകുളം മനയിലാണ് ഇ.എം.എസ്. ജനിച്ചത്. ബ്രാഹമണ കുടുംബങ്ങളിൽ നിലനിന്നിരുന്ന മേൽപ്പറഞ്ഞ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടാണ് അദ്ദേഹം സാമൂഹ്യ പ്രവർത്തന രംഗത്ത് ഹരി:ശ്രീ കുറിച്ചത്. വി.റ്റി. ഭട്ടതിരിപ്പാട്, എം.ആർ.ബി., പ്രേംജി തുടങ്ങിയവരോടൊപ്പം സ്വന്തം കുംബങ്ങളിൽത്തന്നെയാണ് കലാപം തുടങ്ങിവെച്ചത്. ഇ.എം.എസ്. പതിനാലാം വയസ്സിൽ കുടുമ്മ മുറിച്ചു, പൂണുനൂലും പൊട്ടിച്ചു കളഞ്ഞു.സ്വന്തം കുടുമ്മ മുറിച്ചുകളയുക മാത്രമല്ല ചെയ്തത്. സമപ്രായക്കാരായ മറ്റു ബ്രാഹ്മണ ബാലന്മാരോടൊപ്പം, ഓത്ത് പഠിപ്പിക്കാൻ വന്ന ഓതിക്കോന്മാരുടെ കുടുമ്മയും അവർ ഉറങ്ങിക്കിടക്കുമ്പോൾ മുറിച്ചു കളഞ്ഞു. പാലക്കാട് ദേശത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു അത്.
![]() |
വി.റ്റി. ഭട്ടതിരിപ്പാട് |
![]() |
എം.ആർ.ബി. |
സ്വന്തം സമുദായത്തെ അനാചാരങ്ങളുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച്ചിട്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 24-) മത്തെ വയസ്സിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി. അന്ന് ഇന്നത്തെ സ്ഥിതി ആയിരുന്നില്ല. ജനറൽ സെക്രട്ടി ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കഥ എല്ലാവർക്കും അറിയാമല്ലോ? ഇരിക്കാൻ സീറ്റ് കിട്ടാതെ ജനറൽ സെക്രട്ടറി മഹോദയന്മാർ പലരും ഫുട്ട് ബോർഡിൽ നിൽക്കുകയാണ്. കോണ്‍ഗ്രസ്സിൽ കൂടി, കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും എത്തുകയാണ് ഉണ്ടായത്. സി.എസ്.പി. രൂപീകരിച്ചപ്പോൾ ജയപ്രകാശ് നാരായൻ പ്രസിഡന്റും, ഇ.എം.എസ്സ്. ജനറൽ സെക്രട്ടറിയുമായിരുന്നു.
സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത് ഇങ്ങനെയൊക്കെയുള്ള ഈ.എം.എസ്. ആയിരുന്നു. ജോണ്‍ ജേക്കബ്ബോ? ഭാരതത്തിൽ ദേശീയ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടു നിൽക്കുമ്പോൾ ബ്രിട്ടീഷ് മെർച്ചന്റ് നേവിയിൽ ഓഫീസർ. പിരിഞ്ഞു വന്നശേഷം സമ്പന്നരായ കർഷകരുടെ നേതാവ്.......!
മുന്നണിയിലെ പടലപ്പിണക്കം കാരണം ഇ.എം.എസ്സ്. മന്ത്രിസഭ 69 ൽ രാജി വെച്ചു. അന്ന് ആലപ്പുഴയിൽ (എടത്വ) വലിയ ആഘോഷത്തോടെ ജോണ്‍ ജേക്കബ്ബിന്റെ സ്മശ്രു സംഹാരവും നടന്നു. തിരുവല്ലയിൽ നിന്ന് 200ൽ അധികം ലോറികളിൽ, കേരളാ കോണ്‍ഗ്രസ്സുകാർ നേതാവിന്റെ ക്ഷൗരം കാണാൻ പോയി.
കേരളത്തിലെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാലോ? പെരുന്നയിലും, കണിച്ചകുളങ്ങരയിലും, പാണക്കാട്ടും, ദേവലോകത്തും(കോട്ടയം) ഉള്ളവർ ആഗ്രഹിക്കുന്നത്, അവർ തെളിക്കുന്ന വഴിയെ കേരള രാഷ്ട്രീയം ചലിക്കണം എന്നാണ്. ജനങ്ങൾ അതിന് വലിയ വിലയൊന്നും കൽപ്പിക്കുന്നില്ല. പക്ഷെ അത് നേതാക്കന്മാർ സമ്മതിച്ചു തരികയില്ല.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങികളായ ഈ നേതാക്കന്മാരുടെ മനോഭാവത്തിനെതിരെയാണ് ഇന്ന് ഒരു യഥാർത്ഥ വിമോചനസമരം നടത്തേണ്ടത്.
![]() |
ഇ.എം.എസ്സ്. നമ്പൂതിരിപ്പാട് |
ഇ. ജോണ്‍ ജേക്കബ്ബുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തിപരമായ അനുഭവങ്ങൾ കൂടി പങ്കു വെച്ചു കൊള്ളട്ടെ.
1976 ലാണ്. ഞാനന്ന് തിരുവനന്തപുരത്ത് പഠനവും ചില്ലറ താല്ക്കാലിക ജോലികളുമായി കഴിഞ്ഞുവരികയായിരുന്നു. പത്രപ്രവർത്തനത്തിൽ പരിശീലനം എന്നാണ് ലോകത്തെ ധരിപ്പിച്ചിരുന്നത്. താമസം MLA ക്വാർട്ടേഴ്സിൽ അച്ഛന്റെ മുറി.
എന്റെ പത്രപ്രവർത്തനത്തെക്കുറിച്ച് അച്ഛൻ പറഞ്ഞിരുന്ന രസകരമായ ഒരു കഥയുണ്ട്. " അവൻ, എന്റെയും, ഗൌരിയമ്മ, ഉണ്ണി, സി.ബി.സി., കൃഷ്ണപിള്ള, തോമാച്ചൻ, എ.എസ്.എൻ. എന്നിവരുടെയും മുറികളിൽ വൈകിട്ട് ഒന്ന് കറങ്ങി അവിടെയുള്ള പത്രങ്ങൾ എടുത്തുകൊണ്ടുപോയി പാളയത്ത് തൂക്കി വിൽക്കും. പത്ര പ്രവർത്തനത്തിൽ നിന്ന് തരക്കേടില്ലാത്ത വരുമാനം അവൻ ഉണ്ടാക്കുന്നുണ്ട്." **
ശനിയാഴ്ച കടപ്രക്ക് വരുന്നത്, വൈകിട്ട് 5.30 ന് കൊല്ലം, കായംകുളം, മാവേലിക്കര, മാന്നാർ വഴി തിരുവല്ലക്കുള്ള ഫാസ്റ്റ് പാസ്സഞ്ചർ ബസ്സിലാണ്. ഒരു ശനിയാഴ്ച പതിവുപോലെ തമ്പാനൂരിൽ നിന്ന് തിരുവല്ലാ ബസ്സിൽ കയറി ഒന്നാം നമ്പർ സീറ്റിൽ ചെന്നിരുന്നു. കടപ്രക്കാരൻ ഒരു ശ്രീധരൻ ആയിരുന്നു അന്ന് ഡ്രൈവർ. " അവിടിരുന്നാൽ പാളയത്ത് ചെല്ലുമ്പോൾ എണീക്കേണ്ടി വരും - ശ്രീധരൻ പറഞ്ഞു.
അതെന്താ ശ്രീധരാ, പാളയത്തൂന്ന് കർത്താവീശോ മിശിഹാ വരുന്നുണ്ടോ, തിരുവല്ലക്ക്..?
"MLA യാ, ബേബിച്ചായൻ -"
നീണ്ടകരക്ക് സമീപമുള്ള ഒരു ക്ഷേത്രത്തിൽ - പുരുഷന്മാർ സ്ത്രീ വേഷം കെട്ടി ചമയവിളക്കെടുക്കുന്ന ക്ഷേത്രം - ചമയവിളക്കായിരുന്നു. അതുകൊണ്ട് പതിവിലും 2 മണിക്കൂർ വൈകിയാണ് കടപ്രയിൽ വണ്ടിയെത്തിയത്. രാത്രി 9.30നാണ് ബേബിച്ചായനു പോകേണ്ട നിരണം-തോട്ടടി ബസ്സ് കടപ്രയിലെത്തുന്നത്. അത് പോയി.
![]() |
ഇ. ജോണ്‍ ജേക്കബ്ബ് |
അന്ന് ഇവിടങ്ങളിൽ ഓട്ടോറിക്ഷ സാർവത്രികമായിരുന്നില്ല. ടാക്സികൾ തന്നെ കമ്മി. അത് ഉടമസ്ഥരുടെ വീട്ടിലിട്ടിട്ട് സാരഥികൾ സ്ഥലം വിട്ടു കാണും. പൊറ്റക്കാടിന്റെ 'ദേശത്തിന്റെ കഥയിലെ' പത്ര വിതരണക്കാരൻ കുറുപ്പ് പറയുന്നപോലെ, 'കാര്യം വെഷമസ്ഥിതി'.
" മോനെനിക്കൊരു സൈക്കിളു സംഘടിപ്പിച്ചു തന്നാൽ മതി." - അദ്ദേഹം പറഞ്ഞു.
പാതിരാത്രിയിൽ സ്ഥലം എം.എൽ.എ. സൈക്കിളിൽ പോകുന്ന ആ രംഗം ഞാനൊന്ന് മനസ്സിൽ കണ്ടു നോക്കി.
പാർട്ടി കമ്മറ്റി കഴിഞ്ഞ് അഞ്ചാറു സഖാക്കൾ വരികയാണ്. കൈയ്യിൽ 6 ബാറ്ററിയുടെ ടോർച്ച്, നായ്ക്കളുടെ അക്രമം നേരിടാൻ കരുതിയിട്ടുള്ള കുറുവടികൾ - അതാ മുന്നിൽ പ്രത്യക്ഷപ്പെടുന്നു, വർഗശത്രു ജോണ്‍ ജേക്കബ്ബ്.
ഇതുപോലെ അസുലഭമായ ഒരവസരം എന്നെങ്കിലും വന്നു ചേരുമോ...? " പാളേൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും......." സത്യത്തിൽ ഞാനങ്ങു പൊട്ടിച്ചിരിച്ചു പോയി.
ഇയാളെന്തിനാ ചിരിക്കുന്നേ - ? ബേബിച്ചായൻ ചോദിച്ചു.
ഞാൻ പറഞ്ഞു, " സൈക്കിളിന് ലൈറ്റില്ല, റോഡ് കുണ്ടും കുഴിയുമാണ് താനും. അതു മാത്രമല്ല ശരാശരി 75 കിലോ തൂക്കമുള്ള പ്രോലട്ടേറിയൻസിനെ ചുമക്കാനുള്ള കരുത്തേ പാവം എന്റെ സൈക്കിളിനുള്ളൂ."
അങ്ങനെയൊരു വിഷമഘട്ടത്തിൽ എത്തപ്പെട്ടു നിൽക്കുമ്പോൾ, അതാ അവതരിക്കുന്നു കൃഷ്ണൻ. മാന്നാറിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന കൃഷ്ണപ്പണിക്കൻ. ആജാനുബാഹു. കപ്പടാ മീശ. കടയടച്ചിട്ട് കടപ്രയിലുള്ള AS No. 1ലെ പതിവുള്ള കലാപരിപാടിയും കഴിഞ്ഞ് വള്ളപ്പാട്ടും പാടി വരികയാണ്, സൈക്കിളിൽ.
മാന്നാറിൽ ഉണ്ട ഉണ്ണൂണ്ണി എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ടാക്സിക്കാരനുണ്ട്. സ്വന്തം വണ്ടിയാണ്. അയാളെ ഏർപ്പാടാക്കി വിടാൻ കൃഷ്ണനെ ചട്ടം കെട്ടി.
10 മിനിറ്റിനകം ടാക്സിയെത്തി. ഒപ്പം കൃഷ്ണനും ഉണ്ട്. " ഇദ്യത്തെ ഞാൻ വീട്ടിൽ കൊണ്ടുചെന്നു വിട്ടോളാം, മോൻ വീട്ടിൽ പൊയ് ക്കോ -" കൃഷ്ണൻ ഉവാച.
അതിന്റെ അടുത്ത ആഴ്ച അച്ഛനെ കണ്ടപ്പോൾ ബേബിച്ചായൻ പറഞ്ഞു, " മോൻ മിടുക്കനാ, ഒരു ദിവസം സൈക്കിൾ മുക്കിൽ വണ്ടി കിട്ടാതെ വിഷമിച്ചു നിന്നപ്പോൾ ഒരു ടാക്സി വിളിച്ച് വീട്ടിൽ കൊണ്ടുചെന്നു വിടാൻ ഏർപ്പാടാക്കിത്തന്നു. കൂട്ടിന് നിങ്ങളുടെ ഒരു ഗുണ്ടയും.."
1967ലും 70ലും നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ്സ് ഒറ്റക്കായിരുന്നു മത്സരിച്ചത്. തിരുവല്ലയിൽ നിന്ന് ജോണ്‍ ജേക്കബ്ബ് വലിയ ഭൂരിപക്ഷത്തിനാണ് രണ്ടു തവണയും ജയിച്ചത്. 1977ൽ കേരളാ കോണ്‍ഗ്രസ്സ് മത്സരിച്ചത്, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സ്, സി.പി.ഐ., മുസ്ലീം ലീഗ്, ആർ.എസ്.പി. എന്നിവരോന്നിച്ച് ഒരു മുന്നണിയായിട്ടായിരുന്നു. ജോണ്‍ ജേക്കബ്ബിന് ഏറ്റവും കുറച്ച് ഭൂരിപക്ഷം ആ മത്സരത്തിൽ ആയിരുന്നു.
1977 പ്രതിപക്ഷ ഏകോപനസമിതി - അന്നത്തെ ഇടത് ജനാധിപത്യ മുന്നണിയുടെ പേരതായിരുന്നു - സ്ഥാനാർത്ഥി ഇ. ജോണ്‍ ജേക്കബ്ബിന്റെ സന്തത സഹചാരിയും വത്സല ശിഷ്യനുമായ ജോണ്‍ ജേക്കബ്ബ് വള്ളക്കാലി ആയിരുന്നു. മറ്റൊരു പേരിൽ അവരെ വിശേഷിപ്പിച്ചാൽ, ഇലഞ്ഞിക്കൽ ബേബിയും, വള്ളക്കാലി ബേബിയും. പിന്നെയുമുണ്ട് സമാനതകൾ. രണ്ടു പേരുടെയും ഭാര്യമാരുടെ പേര്, സാറാമ്മ. രണ്ടു സാറാമ്മമാരും ജനിച്ചതും വളർന്നതും മലേഷ്യയിൽ. രണ്ടുപേർക്കും നാല് ആണ്‍ മക്കൾ. ( ഇലഞ്ഞിക്കൽ ബേബിച്ചായന് ഒരു മകൾ കൂടിയുണ്ട്) രണ്ടു പേരുടെയും പ്രബലവും സമ്പന്നവുമായ കുടുംബം.
വള്ളക്കാലി ബേബിച്ചായൻ പിള്ള കേരളാ കോണ്‍ഗ്രസ്സിന്റെ സ്താനാർത്ഥിയായിരുന്നു. ഇപ്പോൾ ക്ഷീര കർഷക വെൽഫയർ കോർപ്പറേഷൻ ചെയർമാനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പിതൃ സഹോദര പുത്രനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ( ബേബിച്ചായന്റെ വീട്ടുപേര് വള്ളക്കാലിൽ, മുഖ്യമന്ത്രിയുടെ കാരോട്ട് വള്ളക്കാലിൽ.)
1977ലാണ് ഞാൻ ആദ്യമായി ഒരു തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിക്കുന്നത്. എന്റെ അച്ഛനായിരുന്നു( മുൻ ചെങ്ങന്നൂർ എം.എൽ.എ. പി.ജി പുരുഷോത്തമൻപിള്ള ) വള്ളക്കാലിയുടെ ചീഫ് ഇലക്ഷൻ ഏജന്റും തെരഞ്ഞെടുപ്പു സമിതി കണ്‍വീനറും.
![]() |
പി.ജി. പുരുഷോത്തമൻപിള്ള |
പ്രതിപക്ഷ ഏകോപന സമിതി ജയിക്കുമെന്നും, ഇ.എം.എസ്. മുഖ്യമന്ത്രിയാകും എന്നുമാണ് ഞങ്ങളും പാർട്ടി സംസ്ഥാന കമ്മറ്റി പോലും വിശ്വസിച്ചിരുന്നത്.
തിരുവല്ലായിലെ വിജയം സംബന്ധിച്ച് ഞാനും ഷാജിയും കൂടി ഒരു പന്തയം കെട്ടി. വള്ളക്കാലി ജയിച്ചാൽ എനിക്ക് 50 രൂപ ഷാജി തരണം. അതുമാത്രമല്ല കടപ്രയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ തല മൊട്ടയടിച്ച് മാലയിടണം. മറിച്ചാണ് സംഭവിക്കുന്നതെങ്കിലോ, ഈ ആചാരങ്ങൾ, മുറ തെറ്റാതെ വിനീത ദാസനായി ഞാൻ നിർവഹിച്ചുകൊള്ളണം.
50നു പകരം 100 രൂപ പന്തയത്തുകയാക്കി മൊട്ടയടിയിൽ നിന്നൊഴിവാകാനുള്ള ഒരു എഗ്രിമെന്റിനു ഷാജിയെക്കൊണ്ട് സമ്മതിപ്പിക്കാൻ നോക്കടാ - അച്ഛൻ പറഞ്ഞു.
" അച്ഛാ, അതു പറ്റത്തില്ല, ബേബിച്ചായൻ ജയിക്കണം -"
നീ വിഷമിക്കേണ്ടാ, ബേബി ജയിക്കും. ഏതു ബേബി ആയിരിക്കുമെന്നേ തർക്കമുള്ളൂ ....
ഞങ്ങളുടെ ഈ വാതുവെയ്പ് തിരുവല്ലാ മണ്ഡലം ഒട്ടാകെ പ്രചാരം കിട്ടിയതായിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇ. ജോണ്‍ ജേക്കബ്ബ് ജയിച്ചു. ഷാജി ആയതു കൊണ്ട് എനിക്ക് രണ്ടു സൌജന്യങ്ങൾ അനുവദിച്ചു തന്നു. തല മോട്ടയടിക്കണ്ടാ, "ഹോം റ്റൗണായ" കടപ്ര ജംഗ്ഷനിൽ വെച്ച് മാലയും ഇടേണ്ടാ.....
നിരണം ബേബിച്ചായന്റെ വിജയാഘോഷമെല്ലാം കഴിഞ്ഞ്, പന്തയത്തുക കൈപ്പറ്റാൻ, തിരുവല്ലയിൽ നിന്ന് കടപ്രക്ക് ഷാജി എങ്ങനെയാണ് വന്നതെന്നറിയാമോ?
പ്രതിപക്ഷ ഏകോപനസമിതി സ്ഥാനാർത്ഥി ജോണ്‍ ജേക്കബ്ബ് വള്ളക്കാലിയുടെ ചീഫ് ഇലക്ഷൻ ഏജെന്റും, തെരഞ്ഞെടുപ്പ് സമിതി കണ്‍വീനറും ആയിരുന്ന സാക്ഷാൽ സ: പി.ജി. പുരുഷോത്തമൻ പിള്ളയോടൊപ്പം, അദ്ദേഹത്തിന്റെ കാറിൽ.....! അതായത് എന്റെ പിതാവിനോടൊപ്പം.
***************************************************************************
No comments:
Post a Comment