ഇക്കഴിഞ്ഞ നാലാം തീയതി തിരുവല്ല തുകലശേരി മഹാദേവ ക്ഷേത്രത്തിൽ, സുപ്രസിദ്ധകഥകളി ഗായകരായ തിരുവല്ല ഗോപിക്കുട്ടൻനായരാശാനും, തിരുവല്ല സുരേഷും ചേർന്നവതരിപ്പിക്കുന്ന കഥകളിപ്പദ കച്ചേരിയുണ്ട് എന്നറിഞ്ഞിരുന്നു. ചില വ്യക്തിപരമായ തിരക്കുകൾ കാരണം അന്ന് ആ പരിപാടിക്ക്, അതിയായ മോഹമുണ്ടായിരുന്നെങ്കിലും പോകാൻ കഴിഞ്ഞില്ല. കഥകളിപ്പദ കച്ചേരിയല്ല പ്രത്യുത കഥകളി സംഗീതവും, ഭക്തിഗാനങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഒരു പരിപാടിയായിരുന്നു അത്.
ആ പരിപാടി ആദ്യാവസാനം ശ്രവിച്ച സംഗീത തൽപ്പരരായ രണ്ടു സുഹൃത്തുക്കൾ, മാലക്കര ഉണ്ണിയും, ഹരി കിഷോറും കച്ചേരിയേക്കുറിച്ച് പറഞ്ഞപ്പോൾ, അതു കേൾക്കാൻ കഴിയാതെ പോയതിൽ കുണ്ഠിതം തോന്നി. വിഷമിക്കേണ്ടാ, മാർച്ച് 10ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഗോപിക്കുട്ടനാശാനും അദ്ദേഹത്തിന്റെ ശിഷ്യനും, ഇക്കൊല്ലത്തെ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിന് എ ഗ്രേഡും, ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ജ്യോതിസ് എസ്. നായരും അതുപോലെ ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്, ഹരി പറഞ്ഞു.
വൈകിട്ട് 6 മണിക്കാണ് കഥകളി പ്രിയനായ ശ്രീവല്ലഭന്റെ തിരുനടയിൽ, ആ ക്ഷേത്രത്തിലെ ഒരു നിറസാന്നിദ്ധ്യമായ ഗോപിച്ചേട്ടൻ കച്ചേരി ആരംഭിച്ചത്. കൂടെ ജ്യോതിസ് പാടി. വയലിൻ - ഹരികുമാർ ഇരവിപേരൂർ, മൃദംഗം - മാവേലിക്കര വരദൻ, ഘടം - തൃക്കൊടിത്താനം രാജേഷ്, മുഖർശംഖ് - രാധാകൃഷ്ണൻ തൃക്കൊടിത്താനം എന്നിവരായിരുന്നു പക്കം.
 |
ശ്രീ തിരുവല്ല ഗോപിക്കുട്ടൻനായർ |
കേരളീയ ദൃശ്യകലയായ കഥകളിയും, അതിന്റെ സാഹിത്യമായ ആട്ടക്കഥയും ആട്ടക്കഥാകാരന്മാരായ പണ്ഡിതന്മാരുടേയും, സാഹിത്യതൽപ്പരരായ സംഗീതജ്ഞരുടേയും, നാട്യാചാര്യന്മാരുടേയും കൂട്ടായ്മയായിരിക്കുമല്ലോ ചിട്ടപ്പെടുത്തിയിട്ടുള്ളത്. പിൽക്കാലങ്ങളിൽ അഭിനയസങ്കേതങ്ങളിലും, ഗാനാലാപനശൈലിയിലും പലപ്പോഴായി പണ്ഡിതന്മാർ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിൽ ചില പരീക്ഷണങ്ങൾ സ്വീകാര്യമാണെങ്കിലും. പൊതുവെ പറഞ്ഞാൽ ഈ കൂട്ടിചേർക്കലുകൾ പലതും പട്ടുനൂലിനോട് ചേർത്തു കെട്ടിയ വാഴനാരു പോലെയാണ് അനുഭവപ്പെടുന്നത് എന്നതാണ് യാഥാർത്ഥ്യം.
"മന്മഥനാശന മമ കർമ്മ മേവമോ" എന്ന കിരാതത്തിലെ പദം, ചെമ്പട താളത്തിൽ മോഹനം രാഗത്തിലാണ് ആലപിക്കേണ്ടത്. ക്ലാസ്സിക്കൽ സംഗീതത്തിൽ പറയുന്ന ആദിതാളം. ഇന്ന് പല ഗായകരും മുറിയടന്തയിൽ, സുരുട്ടി രാഗത്തിൽ ആലപിക്കുന്നത് കേൾക്കാറുണ്ട്. ആ രംഗത്തിന്റെ ഭാവതീവ്രത നടനിൽ പ്രതിഫലിക്കണമെങ്കിൽ, ചെമ്പടയും മോഹനവും തന്നെയാണ് യോജിച്ചത്.
മറ്റൊരു ഉദാഹരണം പറയാം. ദ്വിജാവന്തി രാഗത്തിന്, കർണ്ണാടക സംഗീതത്തിലും, കഥകളി സംഗീതത്തിലും വേറിട്ട രീതിയാണുള്ളത്. യേശുദാസിന്റെ പ്രസിദ്ധമായ "ഒരുനേരമെങ്കിലും കാണാതെ വയ്യ" എന്ന പ്രസിദ്ധമായ ഭക്തിഗാനം ദ്വിജാവന്തി രാഗത്തിലാണ് സംഗീതം ചെയ്തിരിക്കുന്നത്. നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകന്റെ "മറിമാൻ കണ്ണിയും" ദ്വിജാവന്തിയാണ്. രാഗത്തിന്റെ ഭാവത്തിന് എത്രത്തോളം വ്യത്യാസമുണ്ടെന്ന് ഈ ഗാനങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. നളചരിതത്തിൽ വളരെ വികാരപ്രക്ഷുബ്ധനായ ബാഹുകനാണ് രംഗത്തുള്ളത്. ആ രംഗത്തിന്റെ ഗൌരവം ഉൾക്കൊണ്ടുകൊണ്ട്, ഭാവത്തിന് പ്രാധാന്യം കൊടുത്തു തന്നെ ഭാഗവതർ പാടണം. ഇന്ന് ചില കഥകളി ഗായകർ പാടുന്ന കർണ്ണാടക സംഗീതം, നടന്റെ നട്ടെല്ല് ഒടിക്കാനെ ഉപകരിക്കൂ എന്നാണെന്റെ പക്ഷം.
അതുപോലെ കഥകളിയിൽ ഉപയോഗിക്കുന്ന എല്ലാ രാഗങ്ങളും മുകൾപഞ്ചമം വരെ പോകേണ്ട കാര്യമില്ല. എന്നാൽ മുകൾപഞ്ചമം വരെ നിർബ്ബന്ധമായും ചെല്ലേണ്ട രാഗങ്ങളും ഉണ്ട്. ഉദാഹരണം മദ്ധ്യമാവതി, കല്യാണി, കേദാരഗൌളം, പാടി തുടങ്ങിയ രാഗങ്ങൾ. കഥകളി ഗായകർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണിത്. ആടുന്ന നടനുവേണ്ടിയാണ് എന്ന ചിന്തയില്ലാതെ പാടുന്നത് ഔചിത്യപരമല്ല. ദേവയാനീചരിതത്തിലെ "പാണീപീഡനം" എന്ന പദം തന്നെ, ഇന്ന് പലഗായകരും പലരാഗങ്ങളിലാണ് പാടുന്നത്. സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ മഹാപണ്ഡിതനായിരുന്ന താഴവന ഗോവിന്ദനാശാൻ ആ പദം അഠാണയിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത് മറ്റൊരു രാഗവും അവിടെ തീരെ യോജിച്ചതല്ല എന്നു മനസ്സിലാക്കിയിട്ടു തന്നെയാണ്.
 |
ഗോപിക്കുട്ടനാശാനും ജ്യോതിസ്സും. |
പാടുന്ന വരികളുടെ അർത്ഥം ശരിക്കു മനസ്സിലായില്ലെങ്കിൽ ഭാവം സ്ഫുരിക്കുകയില്ല. അർത്ഥം ശരിക്കു മനസ്സിലായാൽ "ഗോവിന്ദം മാദ്യം" എന്നോ, "നാരീ.....മാരും" എന്നൊക്കെ പാടുമോ?
പന്തളത്തിനടുത്ത് ഈയിടെ കണ്ട ഒരു കിരാതത്തിലെ അർജ്ജുനൻ കെട്ടിയ നടന്റെ വിക്രിയ കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. "മന്മഥനാശനാ മമ കർമ്മ" എന്ന പദം ആ നടൻ നിന്നുകൊണ്ടാണ് ആടിയത്. എന്താണ് ഇതിനർത്ഥം?
ശിവനിൽ നിന്ന് പാശുപതാസ്ത്രം ലഭിക്കുന്നതിനായി അർജ്ജുനൻ തപസ്സിനുപോയി. അർജ്ജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ കാട്ടാളവേഷത്തിൽ പ്രത്യക്ഷപ്പെട്ടു. കാട്ടാളനുമായി അർജ്ജുനൻ യുദ്ധമായി. അവസാനം കാട്ടളനാൽ "കഷ്ടം മട്ടലർബാണ വൈരി മേൽപോട്ടെറിഞ്ഞീടിനാൻ" - പുഷ്പതൽപ്പത്തിലാണ് അർജ്ജുനൻ ചെന്നു വീണത്. അവിടെയിരുന്ന് മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി പുഷ്പാർച്ചന നടത്തി. ശിവലിംഗത്തിലേക്ക് അർപ്പിച്ച പൂക്കളെല്ലാം കാട്ടാളന്റെ ശിരസ്സിൽ വീഴുന്നതാണ് അർജ്ജുനൻ കണ്ടത്. കയ്യും മെയ്യും തളർന്നിരിക്കുകയാണ് അർജ്ജുനൻ. പന്തളത്ത് അർജ്ജുനൻ എണീറ്റ് നിൽക്കുന്നതു കണ്ട് പൊന്നാനി പാടിക്കൊണ്ടു നിന്ന ഗോപിച്ചേട്ടൻ അന്തം വിട്ടു കാണണം. അവിടെ കഥകളി അറിയാവുന്നവർ കുറവായിരുന്നത് മദ്ധ്യമപാണ്ഡവന്റെ ഭാഗ്യം! അദ്ദേഹം ഈ ലേഖനം കാണുന്നെങ്കിൽ നന്ന്, ഭാവിയിൽ അത് തിരുത്താൻ ഉപകരിക്കും. ഇത് കഥകളിയാണ്. തോന്ന്യവാസം കാണിക്കാനുള്ളയിടമല്ല എന്ന് ആ നടൻ മനസ്സിലാക്കുന്നത് നന്ന്.
തിരുവല്ല അമ്പലത്തിലെ ഗോപിച്ചേട്ടന്റെ കച്ചേരിയും, ഇരിങ്ങാലക്കുടയിൽ കലാമണ്ഡലം രാജേന്ദ്രന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച്, കഥകളി സംഗീതത്തെ കുറിച്ചുനടന്ന ഒരു സിമ്പോസിയത്തിൽ പാലനാട് ദിവാകരൻ, ഡോ. മനോജ് കുറൂർ, ഡോ. വേണുഗോപാൽ എന്നിവരുടെ പ്രസംഗവുമാണ് ഇത്രയും രേഖപ്പെടുത്താൻ എന്നെ പ്രേരിപ്പിച്ചത്.
 |
പ്രസിദ്ധ കഥകളി നടൻ തലവടി അരവിന്ദൻ ഗോപിക്കുട്ടനാശാനെ പൊന്നാടയണിയിച്ച് അനുമോദിക്കുന്നു. |
ഗോപിച്ചേട്ടൻ അവതരിപ്പിച്ച പരിപാടിയിലേക്ക് തിരിച്ചു വരാം. ശ്രീവല്ലഭനെ സ്തുതിച്ചുകൊണ്ടുള്ള ഒരു വന്ദന ശ്ലോകത്തോടെയാണ് കച്ചേരി ആരംഭിച്ചത്. ദക്ഷയാഗത്തിലെ "കണ്ണിണയ്ക്കാനന്ദം" എന്ന കല്യാണി പദമാണ് രണ്ടാമത് പാടിയത്. അതിമനോഹരമായിരുന്നു ആലാപനം. ജ്യോതിസും നല്ല നിലവാരം പുലർത്തി. മൈക്കും, മൃദംഗവും അല്പം ശല്യമായിരുന്നു എന്നു പറയാതെ നിർവ്വാഹമില്ല.
വിജനേബത -തോഡി, കത്തുന്ന വനശിഖി -ശങ്കരാഭരണം, എന്നുടെ കഥകളെ -ശഹാന, യാമി യാമി ഭൈമീ -മദ്ധ്യമാവതി തുടങ്ങിയ കഥകളി പദങ്ങളാണ് ആശാനും ശിഷ്യനും കൂടി പാടിയത്.
ചില സൌഹൃദ സായാഹ്ന സമ്മേളനങ്ങളിലും, കാറിലുള്ള യാത്രകളിലും മറ്റും ഗോപിച്ചേട്ടന്റെ സിനിമാ നാടക ഗാനങ്ങളും, ലളിത ഭക്തി ഗാനങ്ങളും അനവധി തവണ കേട്ടിട്ടുണ്ട്. ഓർക്കെസ്ട്രായോടെയുള്ള ലളിതഗാനാലാപനം ആദ്യമായി കേൾക്കുകയായിരുന്നു. ഗോപിക്കുട്ടനാശാൻ നല്ലപോലെ ലളിതഗാനം പാടുമെന്ന്, ഒരിക്കൽ തിരുവല്ലയിൽ വെച്ച് കോട്ടക്കൽ നാരായണൻ പറഞ്ഞത് ഞാൻ ഓർക്കുന്നു.
ശ്രീശബരീശാ, ശങ്കരാഭരണം സിനിമയിലെ മദ്ധ്യമാവതിയിലുള്ള ശങ്കരാ നാദശരീരാപരാ, പറന്നു പറന്നു പറന്നുചെല്ലാൻ, പുത്തൻ തിരുവാതിര പൂത്തിരുവാതിര, ഒരുനേരമെങ്കിലും എന്നീ ഗാനങ്ങളാണ് പാടിയത്. ഈ എഴുപതാം വയസ്സിൽ ഇത്ര മനോഹരമായി, അനായാസമായി പാടുന്നത് കേട്ടപ്പോൾ സത്യത്തിൽ എനിക്ക് അസൂയ തോന്നി.
"ഹൃദയത്തിലിരുന്നുകൊണ്ട് തിരുവല്ല അപ്പാ" എന്ന ഗാനത്തിൽ, കഥകളി പ്രിയനായ ശ്രീവല്ലഭനെ സ്തുതിക്കുന്ന ഒരു ചരണത്തിൽ ഇരയിമ്മൻതമ്പിയെ പരാമർശിക്കുന്നുണ്ട്. ആ ചരണം കഴിഞ്ഞ് കീചകവധത്തിലെ കാംബോജിയിലുള്ള ഹരിണാക്ഷീ ജന എന്ന പദം, കലർത്തി പാടിയത് ഒരു നൂതനാനുഭവമായിരുന്നു. അവിടെയിരുന്നവരെല്ലാം എണീറ്റ് നിന്ന് കയ്യടിച്ച് അനുമോദിച്ചത് ആ ഗായകനു ലഭിച്ച ഏറ്റവും വലിയ ബഹുമതിയല്ലാതെ എന്താണ്?
പാട്ട് കഴിഞ്ഞ് കണ്ടപ്പോൾ ശ്രീ തലവടി അരവിന്ദൻ എന്നോട് പറഞ്ഞു: "അതിമനോഹരമായ ഒരു ഹരിണാക്ഷി കേട്ടു."
**********************