Sunday, December 20, 2015

ഏവൂരമ്പലത്തിൽ നടന്ന ഗുരുദക്ഷിണ കഥകളി



തിരുവല്ല സ്വദേശിയായ കുറിശ്ശിമന നാരായണൻനമ്പൂതിരി എഴുതിയ സരളവും സുന്ദരവുമായ ഒരാട്ടക്കഥയാണ്  ഗുരുദക്ഷിണ.  ഗുരുകുല വിദ്യാഭ്യാസത്തിൻറെ മഹത്ത്വത്തിൻറെയും, ഗുരുവിനോടുള്ള ഭക്തിയുടേയും, ശിഷ്യവാത്സല്യത്തിൻറെയും  അഗാധതകളിലേക്ക്   ഹൃദയസ്പർശിയായി വെളിച്ചം പകരുന്നു എന്നുള്ളതാണ്  ഈ ആട്ടക്കഥയുടെ സവിശേഷത എന്ന്  സാമാന്യമായി പറയാം.  മഹാഭാഗവതം ദശമസ്കന്ധത്തിൽ വിവരിച്ചിട്ടുള്ള ബലരാമന്റെയും കൃഷ്ണന്റെയും വിദ്യാഭ്യാസ കാലമാണ് ഈ ആട്ടക്കഥയുടെ ഇതിവൃത്തം.

കുട്ടികളുടെ വിദ്യാഭ്യാസാർത്ഥം ഒരു ഗുരുശ്രേഷ്ഠനെ കണ്ടെത്തുന്നതിനേപ്പറ്റി വസുദേവർ, തൻറെ മന്ത്രിയായ ഉദ്ധവരുമായി കൂടി ആലോചന നടത്തി.  വാരണസിയിലുള്ള സാന്ദീപനി മഹർഷിയായിരിക്കും ഉത്തമ ഗുരുനാഥനെന്ന്  ഉദ്ധവർ അഭിപ്രായപ്പെട്ടു. വസുദേവർ രാമ കൃഷ്ണന്മാരുമായി ഗുരുഭവനത്തിൽ എത്തിച്ചേർന്നു. അവിടെ കുചേലനും വിദ്യ അഭ്യസിച്ചു താമസിച്ചു വരികയായിരുന്നു.
തിരുവല്ല ഗോപിക്കുട്ടൻ നായരാശാൻ, കലാ. യശ്വന്ത് 


കൃഷ്ണനും കുചേലനും തമ്മിലാണ്  കൂടുതൽ അടുത്തത്. പഠിത്തവും ഊണും ഉറക്കവും കളികളും കുസൃതികളുമെല്ലാം ഒന്നിച്ചായി. പഠന കാര്യങ്ങളിൽ കൃഷ്ണൻ അതി സമർത്ഥനും , കുചേലൻ പിന്നോക്കവിഭാഗവും ആയിരുന്നു. പക്ഷെ അവരുടെ സതീർത്ഥ്യബന്ധത്തിന്  അതൊന്നും തടസ്സമായിരുന്നില്ല.

അങ്ങനെ ഗുരുകുല വാസം തുടർന്നു വരവെ ഒരു ദിവസം അത്താഴം ഉണ്ടാക്കാൻ വിറക്  കാണാഞ്ഞ്  ഗുരുപത്നി വിഷമത്തിലായി.  കാട്ടിൽ പോയി വിറകു ശേഖരിച്ചു കൊണ്ടുവരാൻ കൃഷ്ണനേയും കുചേലനെയും ആ സാധ്വി വനത്തിലേക്ക്  അയച്ചു.

വനാന്തർ ഭാഗത്തേക്ക്  ചെന്നതോടെ കുചേലന്  ഭീതിയായി.  കൃഷ്ണൻ ഒരു സുരക്ഷിത സ്ഥാനത്ത്  കുചേലനെ ഇരുത്തിയിട്ട്  വിറകിനായി ഘോരവനത്തിലേക്ക്  പോയി.

കൊടുംകാട്ടിൽ ഒരു മനുഷ്യ ബാലനെ കണ്ട ഒരു കാട്ടാളൻ ക്രുദ്ധനായി, കൃഷ്ണനുമായി ഏറ്റുമുട്ടാൻ ചെന്നു.  കൃഷ്ണൻ അവൻറെ കൈയ്യും കാലും തല്ലിയൊടിച്ച്  ഓടിച്ചു വിട്ടു. വിറകുമായി കുചേലന്റെ സാമീപ്യം എത്തിയപ്പോഴേക്കും ഘോരമഴയും കൂരിരുട്ടുമായി.  അവർ ഒരു മരപ്പൊത്തിൽ അഭയം പ്രാപിച്ചു.

കുട്ടികൾ തിരികെ എത്താഞ്ഞതിൽ ഗുരുപത്നി അതീവ ദു:ഖിതയായി.  ശിഷ്യരെ വിറകിന്  വനത്തിലേക്ക്  അയച്ചതറിഞ്ഞ്  സാന്ദീപനി പത്നിയെ ഒരുപാട്  ശകാരിച്ചു.  "ഇപ്പോൾ തന്നെ പോയി കുഞ്ഞുങ്ങളെ എവിടുന്നെങ്കിലും കൂട്ടിക്കൊണ്ടു വരണം. അല്ലെങ്കിൽ നിനക്ക്  പെരുവഴി തന്നെ ശരണം."മാർത്താണ്ഡൻ ഉദിക്കുമ്പോൾ കുട്ടികൾ വന്നു ചേരുമെന്ന്  പത്നി, പതിയെ സമാധാനിപ്പിച്ചു.

സൂര്യോദയത്തോടെ കൃഷ്ണനും കുചേലനും മടങ്ങിയെത്തി. എല്ലാവർക്കും സന്തോഷമായി.

കുട്ടികൾ വിദ്യകളെല്ലാം അഭ്യസിച്ചു കഴിഞ്ഞ്  സ്വഭവനങ്ങളിലേക്ക്  മടങ്ങിപ്പോകാനുള്ള  കാലമായി. ശ്രീകൃഷ്ണന്റെ മഹത്വം അറിയാമായിരുന്ന സാന്ദീപനി ഗുരുദക്ഷിണയായി, സിന്ധു നദിയിൽ പണ്ട് മുങ്ങി മരിച്ചുപോയ മകനെ വീണ്ടെടുത്തു കൊടുക്കണമെന്ന്  ആവശ്യപ്പെട്ടു.
കൃഷ്ണൻ (കലാ. കൃഷ്ണപസാദ്) കുചേലൻ (കലാനിലയം രവീന്ദ്രനാഥപൈ)


ശ്രീകൃഷ്ണൻ പഞ്ചജൻ എന്ന അസുരനെ വധിച്ച്  യമപുരിയിൽ ചെന്ന് ഗുരുവിന്റെ മൃതപുത്രനെ ജീവിപ്പിച്ചു കൊണ്ടുവന്ന്  ഗുരുദക്ഷിണ സമർപ്പിച്ചു.  ഇതാണ്  ഗുരുദക്ഷിണ ആട്ടക്കഥയുടെ ഒരേകദേശ രൂപം.

പ്രമേയഭദ്രതയും, സംഗീതസാഹിത്യ ഗുണവുമാണ്  ലക്ഷണമൊത്ത ഈ ആട്ടക്കഥയുടെ സവിശേഷത.ഉത്തമനായ ഒരു ഗുരുനാഥൻറെ സ്വഭാവസവിശേഷതയുടെ ഔന്നത്യമാണ്  സാന്ദീപനി എന്ന കഥാപാത്രത്തിൻറെ ചിത്രീകരണത്തിലൂടെ കവി അടിവരയിട്ടു പറയുന്നത്. കുട്ടികളെ വിറകു ശേഖരിക്കാൻ വനത്തിലേക്കയച്ചു എന്നറിയുമ്പോൾ :

"കഷ്ടം കഠിനം നിന്നുടെ ചേഷ്ടിതം ഒട്ടുമതിന്നു സഹിച്ചിടുമോ ഞാൻ....."  സാന്ദീപനിയുടെ ഈ പരുഷവാക്കുകളിൽ  പത്നിയോടുള്ള കോപത്തേക്കാൾ, ശിഷ്യരെ കാണാത്തതിലുള്ള മനോവിഷമമാണ്  നമുക്ക്  കാണാൻ കഴിയുക.

തിരുവല്ല ഗോപിക്കുട്ടൻ നായർ, പരിമണം മധു, കലാമണ്ഡലം യശ്വന്ത്  എന്നിവർ ഒരുക്കിയ സംഗീതം ഹൃദയഹാരിയായിരുന്നു.  സംഗീതത്തിന്  സവിശേഷ പ്രാധാന്യം നൽകി ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു ആട്ടക്കഥയാണിത്‌.  നീലാംബരി, ഭൈരവി, തോഡി, കല്യാണി സാവേരി, ആരഭി, ബിലഹരി, മോഹനം പുറനിര, ഭൂപാളം എന്നീ രാഗങ്ങളിലാണ്  ഇതിലെ പദങ്ങൾ.

"സാരേശമുഖീ തവ ഗീരുകൾ അഖിലവും"  ഈ പദം ബിലഹരിയിലുള്ളതാണ്. പക്ഷെ ഇന്നലെ ഈ പദം ഗോപിക്കുട്ടൻ ആശാൻ സിന്ധുഭൈരവിയിൽ ഒരു  കാച്ചു കാച്ചി.  കളി കണ്ടു കൊണ്ടിരുന്ന കഥകളി നടനും കായംകുളം കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനുമായ ഡോ. ചന്ദ്രമന നാരായണൻനമ്പൂതിരി എന്നോടിങ്ങനെ പറയുകയുണ്ടായി, "ആട്ടപ്പാട്ട് കേൾക്കണമെങ്കിൽ ഗോപിക്കുട്ടൻ ആശാൻ തന്നെ പാടി കേൾക്കണം."  സത്യമാണ്, അപാര ഫോമിലായിരുന്നു ഗോപി ചേട്ടൻ ഇന്നലെ.
സാന്ദീപനി - ആർ.എൽ.വി. രാജശേഖരൻ 


മേളം കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ, കലാഭാരതി സുമേഷ്, കണ്ടല്ലൂർ മധു, കലാമണ്ഡലം അജി കൃഷ്ണൻ എന്നിവരായിരുന്നു.  ചുട്ടി ഏവൂർ അജിയും തിരുവല്ല പ്രദീപും. ഏവൂർ വനമാല കഥകളി യോഗമാണ് കഥകളി അവതരിപ്പിച്ചത്.

വസുദേവർ - ആർ.എൽ.വി. മോഹൻകുമാർ, ഉദ്ധവർ -  തിരുവല്ല ബാബു, ബലഭദ്രൻ - മാസ്റ്റർ ചന്ദ്രമന കൃഷ്ണദാസ്, ശീകൃഷ്ണൻ - കലാമണ്ഡലം കൃഷ്ണപ്രസാദ്,  സാന്ദീപനി - ആർ.എൽ.വി. രാജശേഖരൻ ആശാൻ,  ഗുരുപത്നി -മധു വാരണാസി, കുചേലൻ - കലാനിലയം രവീന്ദ്രനാഥപൈ, കാട്ടാളൻ -തിരുവല്ല ബാബു.

വിദ്യാഭ്യാസാനന്തരം ഗുരുകുലത്തിൽ നിന്ന്  വേർപിരിയുന്ന രംഗം പ്രസാദും പൈയ്യും വളരെ ഹൃദയസ്പർഷിയായി അവതരിപ്പിക്കുകയുണ്ടായി. വികാര നിർഭരമായ ആ രംഗം കണ്ടപ്പോൾ സത്യത്തിൽ എൻറെ കണ്ണു നിറഞ്ഞുപോയി.

ആട്ടക്കഥാകാരൻറെ കുടുംബത്തിന് നേരിടേണ്ടി വന്ന ദു:ഖകരമായ ഒരനുഭവമുണ്ട്.  അദ്ദേഹത്തിൻറെ പത്നി മാനസികരോഗം ബാധിച്ച്  ഇല്ലം വിട്ടിറങ്ങി പോവുകയായിരുന്നു.

ശിഷ്യന്മാർ വിറകു ശേഖരിക്കാൻ പോയിട്ട്  മടങ്ങിവരാഞ്ഞതിൽ വ്യാകുലപ്പെട്ട് സാന്ദീപനി പത്നിയോട്  പറയുന്ന ഒരു പദമിങ്ങനെയാണ് ആട്ടക്കഥയിൽ:

"ഇല്ലം വിട്ടിനി വെളിയിലിറങ്ങണം
അല്ലിൽ ബാലകരെ തിരയേണം
വല്ലൊരുവിധവും കൊണ്ടിഹ വരണം
അല്ലെങ്കിൽ തവ പെരുവഴി ശരണം."

ഈ വാക്കുകൾ അറം പറ്റിയതാണെന്ന് പറയപ്പെടുന്നു.


***********************


Monday, September 21, 2015

കാളിദാസന്റെ കർഷക വനിതകളുടെ നാട്ടിൽ : പി.ജി.പുരുഷോത്തമൻപിള്ള



(ഒരു യാത്രാവിവരണം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി അച്ഛൻ ദേശാഭിമാനി വാരികയിൽ Deshabhimani Weeky എഴുതിയ ഒരു നർമ്മ ലേഖനം)

കർഷകത്തൊഴിലാളി അവകാശ പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വയലാറിൽ നിന്നും പുറപ്പെട്ട ജാഥ സ: പി.കെ. കുഞ്ഞച്ചന്റെയും P.K. Kunjachan എന്റെയും നേതൃത്വത്തിൽ ആയിരുന്നുവല്ലോ?  മെയ് 5-നു രാത്രി 9 മണിയോടെ അതിന്റെ പ്രചരണ പരിപാടി അവസാനിച്ചു. ആകെക്കൂടി ആവേശകരമായ അനുഭവം ആയിരുന്നു. എങ്കിലും ഒടുവിലത്തെ രണ്ടുദിവസം ഇടുക്കി ജില്ലയിലുള്ളത്‌ പ്രത്യേകിച്ച് എടുത്തു പറയത്തക്കതാണ്.

ഈ രണ്ടു ദിവസത്തേക്ക് എന്റെ പകൽ ഡയറിക്കുറിപ്പ്‌  ഒന്നുമില്ല.കാരണം അറിയേണ്ടേ.കാമാക്ഷി, തങ്കമണി, രാജകുമാരി എന്നൊക്കെയാണ് ഓരോ സ്ഥലങ്ങളുടെ പേര്.  അതെങ്ങാനും എഴുതിവെച്ച്  കഷ്ടകാലത്തിന് ഹോം മിനിസ്റ്റർ (കെ.കരുണാകരനല്ല) കാണാൻ ഇടയായിട്ടുണ്ടെങ്കിൽ!  എന്തിന്  അറിഞ്ഞുകൊണ്ട്  വഴി വെക്കുന്നു? ഇക്കാര്യം ഇവിടുത്തെ സഖാക്കളോട് പറഞ്ഞപ്പോൾ അവർ പറയുന്നത് കലക്ടർ ബാബു പോൾ Babu Paul ഇതേ അഭിപ്രായക്കാരനാണെന്നാണ്.  കലക്ടർ ആയാലെന്താ, എം.എൽ.എ. ആയാലെന്താ, പേടിക്കെണ്ടവരെ പേടിക്കണം.

കുടിയിറക്കിന്റെ നാട്ടിൽ

ചുരുളി - കീരിത്തോട്  എന്നൊക്കെ പറയുമ്പോൾ കൂട്ടത്തോടെയുള്ള കുടിയിറക്കാണല്ലോ നമ്മുടെ മനസ്സിൽ വരിക. ഇപ്പോഴും അവിടങ്ങളിൽ അതൊരു ഭീഷണിയായി തങ്ങി നിൽക്കുകയാണ്.  ചുരുളി കീരിത്തോട്ടിൽ മാത്രമല്ല, ഇടുക്കി ജില്ലയിൽ Idukki പലഭാഗത്തും! ചിലയിടത്ത് ഗ്രേറ്റർ ഇടുക്കിയുടെ പേരുപറഞ്ഞ്, മറ്റു ചിലയിടത്ത് വനസംരക്ഷണത്തിന്റെ പേരിൽ.ഇത് രണ്ടും ഒക്കാത്തിടത്ത് മറ്റെന്തെങ്കിലും കാരണം പറഞ്ഞ്.



അയ്യപ്പൻകോവിലിലെ കുടിയിറക്ക്  ഭീഷണി വനസംരക്ഷണത്തെപ്പറ്റി പറയുമ്പോൾ ഞങ്ങൾക്കറിയാൻ കഴിഞ്ഞ ഒരു കാര്യം പറയാതെ വയ്യ.  പതിനാറുകണ്ടം എന്ന സ്ഥലത്ത് 500 ഏക്കർ  വനഭൂമി കുറച്ചുപേർ ഏല കൃഷിക്കായി 20 കൊല്ലത്തേക്ക് കുത്തക പാട്ടമായി പതിച്ചു വാങ്ങി.  ഏലം തണലിലെ വളരുകയുള്ളൂ. അതുകൊണ്ട്  ഏലം കൃഷി ചെയ്യുന്നവർ വനം നശിപ്പിക്കുകയില്ല.എന്നാൽ ഈ കൃഷിക്കാർക്ക്  ഏലത്തിലല്ലായിരുന്നു താൽപര്യം. (ഇവരെല്ലാം വാളും മാടമ്പും ഉള്ളവരാണ്.)  അവർ ചെയ്തത് ആ സ്ഥലത്തുണ്ടായിരുന്ന ഈട്ടിത്തടി വെട്ടിയിറക്കുക എന്നതാണ്. ഇവർക്കനുവദിച്ച സ്ഥലത്ത്  ധാരാളം ഈട്ടിത്തടി ഉണ്ടായിരുന്നു എന്നത് യാദൃഛികം ആയിരിക്കാം. ഇതിനെതിരായി സമീപ പ്രദേശത്തുള്ളവർ വലിയശബ്ദം ഉണ്ടാക്കി. ഒടുവിൽ ആർ.ഡി.ഒ. യെക്കൊണ്ട് ഒരന്വേഷണം നടത്തിക്കുവാൻ ഗവർമ്മെന്റ് നിർബന്ധിതരായി.  ഈ മാന്യന്മാർ കടത്തിയതിനു ശേഷം അങ്ങിങ്ങ്  ചിതറിക്കിടന്ന ചില്ലറ തടി ലേലം ചെയ്തിട്ട്  16000 രൂപ കിട്ടിയത്രേ!  ഈ ഭൂമി ഏല കൃഷിക്കുപയോഗിക്കുന്നില്ലെന്നും, മറിച്ച്  ഈട്ടിത്തടി വെട്ടിയെടുക്കുകയായിരുന്നു എന്നും മറ്റും അദ്ദേഹം റിപ്പോർട്ട്  ചെയ്തിട്ടുണ്ടെന്നാണ്  അറിവ്.  എന്നാൽ ആ റിപ്പോർട്ട്  വെളിച്ചം കണ്ടിട്ടില്ല.  കാരണം ഇവർ ഇടുക്കി ഭരണ കോണ്‍ഗ്രസ്സ് ഡി.സി.സി. പ്രസിഡണ്ടിന്റെ ആൾക്കാരാണ്. അധികാരത്തിന്റെ ദുർദ്ദണ്ഡ് പാവങ്ങളുടെ നേരെ ഉയരാനുള്ളതാണല്ലോ!

പി.ജി. പുരുഷോത്തമൻ പിള്ള 

ഈ പ്രദേശതതോക്കെയുള്ള യാത്ര നല്ല രണ്ടു മഴയ്ക്കു ശേഷമാകയാൽ വളരെ ക്ലേശകരമായിരുന്നു. കൂട്ടാർ, ചേറ്റുകുഴി എന്നിങ്ങനെ ചില സ്ഥലങ്ങളിലേക്കുള്ളതു പ്രത്യേകിച്ചും. ഇവിടെ ജാഥായുടെ വരവ്  പ്രമാണിച്ച് നമ്മുടെ വിക്രമന്റെ അദ്ധ്യക്ഷതയിൽ വഴി ഒന്നു വെട്ടി വൃത്തിയാക്കി.  വെട്ടിയിളക്കിയ മണ്ണും കൂറ്റൻ മഴയും. ഫലമോ, രോഗത്തേക്കാൾ ഭയങ്കരം ചികിത്സ. മഴപെയ്ത്  ശക്തിയായി വെള്ളമൊലിച്ചതു കാരണം കിഴുക്കാംതൂക്കായ കയറ്റിറക്കങ്ങളുള്ളിടത്ത്   റെയിൽപാളം പോലെ നിൽക്ക്ന്ന രണ്ടു "മുരുത്തു" ആയിരിക്കും കാണുക. അതും വളഞ്ഞു പുളഞ്ഞത്. ജീപ്പിന്റെ വീൽ അതിന്മേൽ കൂടിത്തന്നെ പോകണം.  ചിലയിടത്ത്  കുറുകെയായിരിക്കം വേളം ഒഴുകുന്നത്. അവിടെ ഒരുവശത്തു നിന്നും വർദ്ധിച്ചു വർദ്ധിച്ചു പോകുന്ന ഒരു ഗർത്തമായിരിക്കും.  മറ്റൊരിടത്ത്  ഒരു ചോല മുറിച്ചു കടക്കേണ്ടിവരും. കലങ്ങിമറിഞ്ഞ വെള്ളം ഊക്കോടെ ഒഴുകുന്നു. അതിനിടയിൽ മനസ്സിൽ ദുഷ്ടവിചാരം പോലെ കാട്ടുകല്ലുകളും.  ഇതെല്ലാം തരണം ചെയ്യുന്നതിൽ ഡ്രൈവർമാരായ സഖാക്കൾ പീതാംബരനും ഹംസയും കാണിച്ച സാമർത്ഥ്യം എടുത്തു പറയേണ്ടതാണ്.  അപകടം ഉണ്ടാകുന്നില്ല എന്നതിനെക്കാളേറെ അപകടം ഉണ്ടാവുകയിലെന്ന്നമുക്കുധൈര്യം തോന്നുന്നതാണതിശയം.  വാഹനങ്ങൾ അവരുടെ മനസ്സറിഞ്പെരുമാറുകയാണെന്നെ തോന്നൂ.

പുഷ്പകവിമാന യാത്ര

ഇവർ വണ്ടി ഓടിക്കുന്നതു കണ്ടപ്പോൾ പണ്ട് പഠിച്ച രഘുവംശത്തിലെ ഒരു ശ്ലോകം ഓർത്തു പോയി.  ശ്രീരാമൻ രാവണ നിഗ്രഹവും കഴിഞ്ഞ്  ഹനൂമദ് വിഭീഷണാദികളോടു കൂടി പുഷ്പകവിമാനത്തിലാണല്ലോ മടങ്ങിയത്.  മാർഗ്ഗമദ്ധ്യേ രാമൻ സീതയ്ക്ക്  വിമാനത്തിന്റെ പ്രവർത്തനം വിവരിച്ചു കൊടുക്കുന്നു.

"ക്വചിത് പഥാസഞ്ചാരതേ സുരാണാം
ക്വചിത്ഘനാനാം പതതാം ക്വചിച്ച
യഥാവിധോ മേമനസോഭിലാഷും
പ്രവർത്തതേ പശ്യതഥാ വിമാനം." എന്ന്.
(ചിലപ്പോൾ ദേവന്മാരുടേയും ചിലപ്പോള മേഘങ്ങളുടെയും ഇനിയും ചിലപ്പോൾ പക്ഷികളുടേയും മാർഗ്ഗത്തിൽ കൂടി എന്റെ മനസ്സിന്റെ അഭിലാഷം അനുസരിച്ച്  വിമാനം പ്രവർത്തിക്കുന്നത്  കണ്ടാലും.)

കൂട്ടത്തിൽ ഉണ്ടായിരുന്ന സഖാക്കൾ എല്ലാം ഒന്നാംതരം ആയിരുന്നു. ഡി.സി. സെക്രട്ടറി കെ.കെ. ചെല്ലപ്പനേയും  പി.പി. മുഹമ്മദിനെയും പറ്റി ഒന്നും പറയുന്നില്ല. മൈക്ക്  ഓപ്പറേറ്റർമാരായ വിജയനും അയ്യപ്പനും 'അലവൻസുകാരായ' (Announce എന്നതിന്റെ തൽഭവം)  ഇസ്മായേലും ജോർജ്ജും ഇല്ലായിരുന്നെങ്കിൽ പരിപാടി ഇതിന്റെ പകുതി വിജയിക്കുമായിരുന്നില്ല. ഇസ്മായേലിന്റെ വാഗ്ധോരണി കേൾക്കുമ്പോഴാണ് "വാരിധി തന്നിൽ തിരമാലകൾ വരുമ്പോലെ,  ഭാരതീപദാവലി" എന്താണെന്നു നമുക്ക്  മനസ്സിലാകുന്നത്. നിമ്നോന്നത സ്ഥലത്തു കൂടി ഗ്യാലപ്പിൽ പോകന്ന പിണങ്ങൻ കുതിരയുടെ പുറത്തിരുന്നു കൊണ്ടു സംസാരിക്കുകയും മൈക്ക്  ഓപ്പറേറ്റു ചെയ്യുകയും ഇതിലും എളുപ്പം ആയിരിക്കം.

വൈക്കത്തിന്റെ തിസീസ്

ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നിടത്തോളം സാഹിത്യം ഉദ്ദേശിച്ചതിനും മുമ്പ്  വിറ്റുതീർത്തത്  സ: വൈക്കത്തിന്റെ മിടുക്കാണ്.  രാഘവൻ നായർ എന്നാണ് പൂർവ്വാശ്രമത്തിലെ പേര്. വൈക്കത്താണ്‌ Vaikam ജനനം.  പോയിട്ടില്ലാത്ത സ്ഥലം ചുരുങ്ങും. ഏറിയകാലമായി തൊടുപുഴയിലാണ്. Thodupuzha മുഹമ്മദ്‌ ബഷീർ, Vaikom Mohammed Basheer ചന്ദ്രശേഖരൻ നായർ Vaikom Chandrasekharan Nair ഇവരെല്ലാം വൈക്കം വിട്ടു നടന്നവരാണ് എന്നാണ്  സഖാവിന്റെ തിസീസ്. പുസ്തകം വിറ്റു വിറ്റ് പ്രസംഗിച്ചു കൊണ്ടുനിൽക്കുന്ന നമുക്കു പോലും വെച്ചുനീട്ടും ചിലപ്പോൾ. മിച്ചഭൂമി കയ്യേറ്റം മുതൽ സാഹിത്യ വിൽപന വരെ ഏതു പാർട്ടി പരിപാടിക്കും പറ്റിയ ആളാണ്‌ വൈക്കം Vaikom എന്നത്രെ Thodupuzha നമ്മുടെ സ്ഥാനാർത്ഥി ആയിരുന്ന ചാക്കോച്ചന്റെ മതം.

പി.കെ. കുഞ്ഞച്ചൻ 

ഞങ്ങളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു ഒരു ചാക്കോച്ചൻ. കെ.എസ്.വൈ.എഫ്. പ്രവർത്തകനാണ്.  നല്ല സരസനും, ഫലിത പ്രിയനുമാണ്. പതുക്കയേ സംസാരിക്കൂ.  ജാഥയുടെ കാഷിയർ ആയിരുന്നു. ഒരു സ്ഥലത്തുചെന്ന് സ്വീകരണം അങ്ങോട്ടു കഴിയുന്നതും ചാക്കോച്ചൻ കാര്യമാത്രപ്രസക്തനായിത്തീരുന്നു.  അരയന്നം പാലും, വെള്ളവും വേർതിരിച്ചെടുക്കുന്നത്  പോലെ നോട്ടുമാലയും, സാദാ മാലയും വേർതിരിച്ചെടുക്കുന്നു.  എന്നിട്ട്  ഒരു സൂതികർമ്മിണി പൊക്കിൾകൊടി മുറിച്ചു കുഞ്ഞിനെ എടുക്കുന്നത്ര ശ്രദ്ധയോടെ നൂൽപൊട്ടിച്ച് അതിനെ ലിക്വിഡേറ്റ് ചെയ്യുന്നു.  അടുത്തതായി ഡയറിയിൽ വിവരം കുറിക്കുകയാണ്. (കൈപ്പട എന്നത്  ചാക്കോച്ചന്റെ മൃണ്മയ പാദമാണ്.) ഇത്രയും കഴിഞ്ഞാൽ ചാക്കോച്ചൻ വീണ്ടും ഫലിതപ്രിയനായി സംസാരം തുടങ്ങി. ചിരിയും തുടങ്ങി.

ദിവസം ആരംഭിക്കുന്നത് ഒരു കാര്യം കണ്ടുകൊണ്ടാണ്. സ: കുഞ്ഞച്ചന്റെ യോഗാഭ്യാസം. Yoga യോഗാഭ്യാസം എന്നു പറഞ്ഞാൽ വളരെ കൂടുതൽ ഒന്നുമില്ല. ലങ്കോട്ടി മാത്രം ധരിച്ചുകൊണ്ട്  മലർന്നു കിടന്നിട്ട്  രണ്ടുകാലും നിലത്തുനിന്നും ഉയർത്താൻ ശ്രമിക്കുക.  ചിലപ്പോഴൊക്കെ നാലഞ്ചു ഡിഗ്രി പോങ്ങിക്കിട്ടുകയും ചെയ്യും. കുടവണ്ടി ഒന്നു കുറഞ്ഞു കിട്ടാനുള്ള പങ്കപ്പാടാണ്.  "ഉദരനിമിത്തം ബഹുകൃതവേഷം" എന്ന ശങ്കരാചാര്യരുടെ വാക്കിന്  ഒരു പുതിയ അർത്ഥംകൂടി നൽകാമെന്നു തോന്നും ഇതുകണ്ടാൽ.

കാളിദാസന്റെ Kalidasa യുവതികൾ

ഞങ്ങൾ ഇപ്പോയ സ്ഥലങ്ങളിൽ ആളുകളെ അലട്ടുന്ന പ്രശ്നങ്ങൾ ഒഴിപ്പിക്കൽ ഭീഷണി കഴിഞ്ഞാൽ ഉൽപന്നങ്ങളുടെ വിലയിടിവും, കടഭാരവും ആണ്. ഏലത്തിന് കഴിഞ്ഞ വർഷം 125 രൂപ ആയിരുന്നു. ഇക്കൊലം 30 രൂപ. ചുക്കിന്  ക്വിന്റലിന് 800 രൂപവരെയുണ്ടായിരുന്നത് ഇക്കുറി 259 ൽ താഴെ. കുരുമുളകിന്റെ കാര്യം പറയാനില്ല. ഈ വിലയിടിവുമൂലം ബാങ്കിൽനിന്നാകട്ടെ, സഹകരണസംഘങ്ങളിൽ നിന്നാകട്ടെ വാങ്ങിയ പണവും പലിശയും മടക്കിക്കൊടുക്കാൻ സാധിക്കുന്നില്ല.  നേരുകേടല്ല, മേടിച്ചാൽ കൊടുക്കരുതെന്നുമല്ല, കൊടുക്കാൻ നിവൃത്തിയില്ല.  സൊസൈറ്റികളിൽ നിന്നുള്ള നടപടികൾ നിറുത്തിവെച്ചാൽ മാത്രം പോരാ, പുതിയ വായ്പകൾ കിട്ടാറാകുകയും  വേണം. ഇപ്പറയുന്നത്  അത്ര മഹാപാപം ഒന്നുമല്ല.  പന്തളത്തെയും, ചിറ്റൂരിലെയും പഞ്ചസാരമിൽ സൊസൈറ്റികൾക്ക് എത്ര കോടി രൂപകടം കൊടുത്തിട്ടുണ്ട്.  വല്ലതും കിട്ടിയോ? വീണ്ടും കൊടുക്കുകയല്ലേ? സംസ്ഥാനത്തുള്ള ഡിപ്പാർട്ട്മെന്റൽ സ്റ്റോഴ്സ് ഒന്നൊഴിയാതെ നഷ്ടമല്ലേ? ദശലക്ഷക്കണക്കിന് രൂപ?  എന്നിട്ട് ഇപ്പോൾ വീണ്ടും കൊടുക്കാനല്ലേ പ്ലാൻ?  പാവപ്പെട്ട കൃഷിക്കാരുടെ കാര്യത്തിൽ മാത്രം എന്തിന്  ചിറ്റമ്മ നയം?  ആദ്യത്തെ മഴ പെയ്തിരുന്നതിനാൽ ഇഞ്ചി നടുന്ന ശ്രമത്തിലാണ്  കൃഷിക്കാരധികവും.ഞങ്ങളുടെ ജീപ്പ് കടന്നുപോകുമ്പോൾ അവർ താപര്യപൂർവ്വം നോക്കുന്നത്  കാണാമായിരുന്നു. ഭൂവിലാസാനഭിജ്ഞകളായ കർഷക വനിതകൾ ആഷാഢമേഘത്തിന്റെ നേർക്കയക്കുന്ന നോട്ടത്തെ കാളിദാസൻ വർണ്ണിച്ചിട്ടുണ്ടല്ലോ. അതുപോലെയുള്ള നോട്ടങ്ങൾ.





  

Friday, August 14, 2015

കണ്ടേൻ വണ്ടാർ കുഴലിയെ!

അഴകിയ രാവണൻ - രഞ്ജിനി സുരേഷ്
രാമനാട്ടത്തിന്റെ പരിഷ്കൃത രൂപമാണ്  കഥകളി. മാനവേദന്റെ കൃഷ്ണനാട്ടം പോലെ എട്ടു ദിവസങ്ങളിലായി അവതരിപ്പിക്കാൻ പാകത്തിൽ എട്ടു ഭാഗങ്ങളായാണ്  സമ്പൂർണ്ണ രാമായണം കൊട്ടാരക്കര തമ്പുരാൻ രചിച്ചിട്ടുള്ളത്. കൃഷ്ണനാട്ടം രാമനാട്ടത്തേക്കാൾ 12 വർഷം കൂടുതൽ പഴക്കമുള്ളതാണെന്ന്  കരുതപ്പെടുന്നു. 1677 -ആണ്  കൃഷ്ണനാട്ടത്തിന്റെ രചനാ കാലം എന്ന്  വിശ്വസിക്കപ്പെടുന്നു. അങ്ങനെയെങ്കിൽ 1689 -ൽ ആണ്  തമ്പുരാൻ രാമനാട്ടം നിർമ്മിച്ചത്.  1694 -ൽ ഒരു മാമാങ്കത്തിന്  രാമനാട്ടം അവതരിപ്പിച്ചതായി രേഖകളുണ്ട്. സുബലമായ ഒരു തെളിവ്  അതു മാത്രമാണ്.
സീത - കൊട്ടാരക്കര ഭദ്ര

പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം. ഇത്രയുമാണ്  തമ്പുരാന്റെ കൃതികൾ. യുദ്ധം എന്ന അവസാനത്തെ കഥ, കുംഭകർണ്ണവധം, രാവണവധം, പട്ടാഭിഷേകം എന്നിങ്ങനെ മൂന്നു കഥകളായാണ്  തിരുവല്ലയിൽ, ശ്രീവൈഷ്ണവം കഥകളി കലാശാലയുടെ ആഭിമുഖ്യത്തിൽ, ശ്രീവല്ലഭസ്വാമി ക്ഷേത്ര സന്നിധിയിൽ സമ്പൂർണ്ണരാമായണം കഥകളി മഹോത്സവത്തിന്  കളിച്ചു കൊണ്ടിരിക്കുന്നത്. ആഗസ്റ്റ്‌  7 -നു പുത്രകാമേഷ്ടിയോടെ,  കഥകളി മഹോത്സവത്തിന്  കൊടിയേറി. ആഗസ്റ്റ്‌  16 -നു പട്ടാഭിഷേകത്തോടെ മഹോത്സവത്തിന്റെ കൊടിയിറങ്ങും.
ആഗസ്റ്റ്‌  12 -നു അരങ്ങേറിയത്  തോരണയുദ്ധം ആയിരുന്നു. ഇതര രാമായണം കഥകളിൽ വെച്ച്  കൂടുതൽ രംഗ പ്രചാരം കിട്ടിയിട്ടുള്ളത്  തോരണയുദ്ധത്തിനാണ്. ഹനുമാന്റെ വീര്യവും, ഭക്തിയും, രസികത്തവും, പ്രകടമാക്കുന്ന ആ കഥയിലെ ഏറ്റവും ആകർഷകമായ വേഷവും അതു തന്നെയാണ്. (വെള്ളത്താടി, വട്ടമുടി) അതുപോലെ തന്നെ വളരെ ശ്രദ്ധേയമായ മറ്റൊരു വേഷമാണ്  രാവണൻ. (കത്തി)
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
 വർഷം ഒന്നു കഴിഞ്ഞിട്ടും സീതാന്വേഷണത്തിനു സുഗ്രീവൻ എത്തിചചേരാത്തത്തിൽ കോപിഷ്ഠനായ ശ്രീരാമൻ ലഷ്മണനെ കിഷ്കിന്ധയിലേക്ക്  അയക്കുന്ന രംഗത്തോടെയാണ് തോരണയുദ്ധം കഥ ആരംഭിക്കുന്നത്. ആ നന്ദിയില്ലാത്തവൻ രാപ്പകൽ വെള്ളമടിച്ച്  കണ്ടവളുമാരോടൊപ്പം കഴിഞ്ഞുകൂടുകയാണെന്നും, ബാലിയുടെ ഗതി തന്നെ അവനും സംഭവിക്കുമെന്നും അറിയിക്കാൻ ശ്രീരാമൻ, ലക്ഷ്മണനെ ചുമതലപ്പെടുത്തി. ഒരു സാധാരണക്കാരനിൽ ഉളവാകുന്ന മാനസിക നിലയാണ്  ശ്രീരാമനിൽ ഈ അവസരത്തിൽ നമുക്ക്  കാണാൻ കഴിയുന്നത്. "ബാലത കൊണ്ടിവണ്ണം ചരിക്കിലോ, ബാലി മാർഗ്ഗമനുസരിക്കുമിവൻ" എന്നാണ്  രാമൻ പറയുന്നത്.  അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ഈ സന്ദർഭം ഇതേ വികാരതീവ്രതയോടെയാണ്  എഴുത്തച്ഛൻ വർണ്ണിക്കുന്നത്.
"ഇഷ്ടരായുള്ള ജനത്തെ മറക്കുന്ന
ദുഷ്ടരിൽ മുമ്പുണ്ടു സുഗ്രീവനോർക്ക നീ
കിഷ്ക്കിന്ധയോടും ബന്ധുക്കളോടും കൂടെ
മർക്കടശ്രേഷ്ഠനെ നിഗ്രഹിച്ചീടുവൻ."
കൊല്ലേണ്ട, ഒന്നു വിരട്ടിയാൽ മതിയെന്നും ശ്രീരാമൻ,  ലക്ഷ്മണനോട്  പറയുന്നുണ്ട്.  കോപമേവം ചെയ്യാതെ അവനെ നീ ഭൂപനന്ദന, കൊണ്ടുവരേണമേ, എന്നാണ്  ആട്ടക്കഥയിൽ പറയുന്നത്.
കിഷ്ക്കിന്ധയിലെത്തിയ ലക്ഷ്മണനെ ആദ്യം സാന്ത്വനപ്പെടുത്തുന്നത്  താരയാണ്. പിന്നീട് സുഗ്രീവാദികൾ ശ്രീരാമ സന്നിധിയിൽ എത്തിച്ചേർന്നു. സീതാന്വേഷണത്തിന് വാനരസേനയെ നാനാ ദിക്കിലേക്കും അയച്ചു. ജാംബവാൻ, ഹനുമാൻ, അംഗദൻ എന്നിവരെ ലങ്ക ലക്ഷ്യമാക്കിയാണ്  അയച്ചത്. ഹനുമാൻ സീതയെ കണ്ടെത്തുമെന്ന്  ശ്രീരാമദേവന്  ഉറപ്പുണ്ടായിരുന്നിരിക്കണം. അതല്ലെങ്കിൽ അംഗുലീയം അടയാളമായി
ഏൽപ്പിക്കുമായിരുന്നില്ലല്ലോ?

സീതയെ പ്രലോഭിപ്പിക്കുവാൻ ശ്രമിക്കുന്ന രാവണൻ

അവർ പോകുന്ന മാർഗ്ഗമദ്ധ്യേ ജടായുവിന്റെ സഹോദരൻ സമ്പാതിയെ കണ്ടു മുട്ടി. സമ്പാതിയിൽ നിന്ന്  സീത ഇരിക്കുന്ന സ്ഥലം മനസ്സിലാക്കി. ഹനുമാൻ കടൽ ചാടി കടന്ന്  ലങ്കയിലെത്തി. ഗോപുരവാതിൽക്കൽ ലങ്കാലക്ഷ്മി ഹനുമാനെ തടഞ്ഞു. മാരുതി പുത്രന്റെ പ്രഹരമേറ്റതോടെ അവൾക്ക്  ശാപമോക്ഷം ലഭിച്ചു.
കാമപരവശനായ രാവണൻ സീതയോട്  പ്രണയാഭ്യർത്ഥന നടത്താൻ എഴുന്നെള്ളുന്നതാണ്  അടുത്ത രംഗം. പ്രധാനപ്പെട്ട കത്തിവേഷങ്ങളിൽ ഒന്നാണ്  തോരണയുദ്ധത്തിലെ രാവണൻ. പച്ചയേക്കാൾ ഗാംഭീര്യവും, ആകർഷകവുമായ വേഷമാണ്  കത്തി.  ദുര്യോധനൻ, തെക്കൻ ജരാസന്ധൻ, ചെറിയ നരകാസുരൻ, കീചകൻ, ബാണൻ, കംസൻ എന്നീ ആദ്യസ്ഥാന വേഷങ്ങൾ കത്തിയാണ്.  കത്തിവേഷത്തിന്റെ പുറപ്പാട്  അതിഗംഭീരമായ ഒരു ചടങ്ങാണ്. മേൽക്കട്ടി, ആലവട്ടം, ശംഖ്  തുടങ്ങിയവയോടു കൂടിയാണ്  ഈ രംഗപ്രവേശം. എന്നാൽ തോരണയുദ്ധം രാവണനു തിരനോക്കില്ല. ഈ കഥയിലെ രാവണൻ അഴകിയ രാവണൻ എന്നാണറിയപ്പെടുന്നത്.  സീതയെ വശപ്പെടുത്തുവാൻ സർവ്വ അടയാഭരണങ്ങളോടും കൂടിയുള്ള ആർഭാടമായ പ്രവേശനമാണ്  ഇതിലുള്ളത്.  വി.കെ.എന്നിന്റെ ഒരു പ്രയോഗം കടമെടുത്താൽ, ഗോമേദകം മുതൽ ഗോമൂത്രം വരെ പൂശിയാണ്  വരവ്. മേൽക്കട്ടി, ആലവട്ടം, മൂന്നു കിരീടം എന്നിവയോടുകൂടി, ശംഖൊലിയുടേയും, വലന്തലയുടേയും പാശ്ചാത്തലത്തിലുള്ള ഈ രംഗം ഒരു സ്ത്രീലമ്പടന്റെ എല്ലാ കാമചേഷ്ടകളും അടങ്ങിയിട്ടുള്ളതാണ്. ഏതൊരു ആദ്യാവസക്കാരനായ കത്തിവേഷക്കാരനും മോഹിക്കുന്ന വേഷമാണ്  അഴകുരാവണൻ. അത്രയ്ക്ക്  ഗാംഭീര്യവും രാജകീയവുമാണ്  ആ വേഷം.
വിലപിടിപ്പുള്ള ഒട്ടനവധി സമ്മാനങ്ങൾ സീതയുടെ കാൽക്കൽ സമർപ്പിച്ചെങ്കിലും രാവണന്റെ ഇംഗിതം സഫലമായില്ല. കോപം കൊണ്ടു വിറച്ച രാവണൻ ചന്ദ്രഹാസമെടുത്ത്  സീതയെ വെട്ടാനൊരുങ്ങി. മണ്ഡോദരി അതിൽ നിന്നു പിന്തിരിപ്പിച്ചു. ശിംശിപാ വൃക്ഷത്തിലിരുന്നു ഹനുമാൻ ഈ രംഗങ്ങളെല്ലാം കാണുന്നുണ്ടായിരുന്നു.

കുത്ര മമ ചന്ദ്രഹാസം അത്ര സീതേ...
അതിനുശേഷം ഹനുമാൻ സീതാദേവിയെ സന്ദർശിച്ച്  അടയാള മോതിരം നൽകി. സീതയിൽ നിന്ന് ആശ്ചര്യചൂഡാമണി വാങ്ങി, രാവണന്റെ പ്രമദവനം തകർത്തു. ഒട്ടനേകം രാവണ കിങ്കരന്മാരേയും, പുത്രനായ അക്ഷകുമാരനേയും വധിച്ചു. ഇന്ദ്രജിത്ത്  ബ്രഹ്മാസ്ത്രം അയച്ച്  ഹനുമാനെ ബോധം കെടുത്തി, രാവണന്റെ രാജസഭയിൽ കൊണ്ടു ചെന്നു. രാവണന്റെ ആജ്ഞ പ്രകാരം ഹനുമാന്റെ വാലിൽ തുണി ചുറ്റി തീ കത്തിച്ചു. ചക്കിനു വെച്ചത്  കൊക്കിനു കൊണ്ടതു പോലെയായി സംഗതി. ലങ്കാ നഗരമാകെ കത്തിച്ചു ചാമ്പലാക്കി. തിരികെ ശ്രീരാമ സന്നിധിയിലെത്തി അറിയിക്കുന്നു, കണ്ടേൻ വണ്ടാർ കുഴലിയെ തണ്ടാർ ശരതുല്യ രാമ!
കലാമണ്ഡലം ബാലസുബ്രഹ്മണ്യനാശാൻ ആയിരുന്നു ഹനുമാന്റെ വേഷം കെട്ടിയത്.  കല്യാണസൗഗന്ധികം, ലവണാസുരവധം എന്നീ കഥകളിൽ നിന്ന്  വളരെ വ്യത്യസ്തനായ ഹനുമാനാണ്  തോരണയുദ്ധം ഹനുമാൻ. വീരമാണ്  സ്ഥായിയായ രസം. അത്യകർഷകമായിരുന്നു സുബ്രഹ്മണ്യനാശാന്റെ ഹനുമാൻ.
തോരണയുദ്ധത്തിന്റെ കാര്യം ചർച്ചയ്ക്കു വന്നപ്പോൾ, അരുവേണം ഹനുമാൻ എന്ന കാര്യത്തിൽ എകാഭിപ്രയമായിരുനു. ബാലസുബ്രഹ്മണ്യനാശാൻ. ആരായിരിക്കണം രാവണൻ? മടവൂരാശാൻ, ഇഞ്ചക്കാടാശാൻ, ചന്ദ്രശേഖര വാര്യർ, മോഹനൻ, കൃഷ്ണകുമാർ, ശ്രീകുമാർ, രവികുമാർ.... ഇങ്ങനെ പല പേരുകൾ പൊന്തിവന്നു.
രഞ്ജിനിയുടെ പേര്  ഞാനാണ്  ശുപാർശ ചെയ്തത്. അതംഗീകരിക്കുകയും ചെയ്തു. 'രവിയേട്ടാ, ഞാൻ ആ വേഷം ഇത്വരെ കെട്ടിയിട്ടില്ല." ഫോണിൽ വിളിച്ചപ്പോൾ രഞ്ജിനി ആശങ്കപ്പെട്ടിരുന്നു.
തിരുവല്ലയിൽ അഴകിയ രാവണൻ കണ്ടുകഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്കു ബോദ്ധ്യമായി.
രഞ്ജിനി ശരിക്ക്  ഗൃഹപാഠം ചെയ്തിരിക്കുന്നു.
നിന്നുടെ അടിമലരിൽ അടിമപ്പെടുന്നേൻ ധന്യശീലേ എന്നു പറയുമ്പോഴും, കുത്ര മമ ചന്ദ്രഹാസം അത്ര സീതേ നിന്നെ കൃത്തയാക്കി ചെയ്യുന്നുണ്ടൊരത്തൽ കൂടാതെ എന്ന ഭാഗവും അഭിനയ വൈദഗ്ദ്ധ്യമുല്ല ഒരു നടനു മാത്രമേ വൈചിത്ര്യത്തോടും, വികാരതീവ്രതയോടും അവതരിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ രഞ്ജിനി പരിപൂർണ്ണ വിജയമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല.


Sunday, June 21, 2015

കുട്ടംപേരൂർ കൊച്ചുകൃഷ്ണക്കണിയാർ.


കണിയാർ എന്നു പരാമർശിക്കപ്പെടുന്നത്  പുതുതലമുറയിലെ ഗണക സമുദായാംഗങ്ങൾക്ക്  ആക്ഷേപമാണ്.  പകരം ജോത്സ്യൻ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.  എന്നാൽ കണിയാർ എന്നറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു ജ്ഞാന വൃദ്ധനായിരുന്നു കുട്ടംപേരൂർ കൊച്ചുകൃഷ്ണക്കണിയാർ.
ജ്യോതിഷം ഇന്ന്  വമ്പൻ മാർക്കറ്റുള്ള ബിസിനസ്സാണ്.  അല്ലറ ചില്ലറ അറിവും ബാക്കി മിടുക്കും മതി. ചുരുക്കം പറഞ്ഞാൽ കാൽ തട്ടിപ്പും മുക്കാൽ വെട്ടിപ്പും. ഈ ചെട്ടിമിടുക്ക് മാത്രം കൊണ്ട്  പണവും പ്രശസ്തിയും നേടിയിട്ടുള്ളവർ അനവധി.
പക്ഷെ, സംസ്കൃതത്തിലും ആയുർവ്വേദത്തിലും ജ്യോതിഷത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന കൊച്ചുകൃഷ്ണക്കണിയാർ കൊടീശ്വരനായില്ല. ജീവിച്ചിരുന്ന കാലത്തോളം അരപ്പട്ടിണിയായിരുന്നു സന്തതസഹചാരി.
കാവ്യ-അലങ്കാര പഠനത്തിലൂടെ ഭാഷാവ്യുൽപ്പത്തി നേടിയ ശേഷം ഒന്നോ അതിലധികമോ ശാസ്ത്രങ്ങളിൽ പാണ്ഡിത്യം ആർജ്ജിക്കുകയായിരുന്നു പണ്ട്  കേരളത്തിലെ സംസ്കൃത പഠന സമ്പ്രദായം. കാവ്യ വ്യുൽപ്പത്തി നേടുന്നതിന്  പഠിച്ചിരുന്നത്  "ലഖുത്രയി" എന്നറിയപ്പെട്ടിരുന്ന കാളിദാസന്റെ മൂന്നു കാവ്യങ്ങളും, "ബ്രുഹത്രയി" എന്നറിയപ്പെട്ടിരുന്ന ശിശുപാലവധം, കിരാതാർജ്ജുനീയം, നൈഷധീയചരിതം എന്നിവയുമായിരുന്നു. നാടക പഠനം അഭിജ്ഞാനശാകുന്തളവും. ഈ മൂശയിൽ വാർത്തെടുത്ത പാണ്ഡിത്യം ആയിരുന്നു കൊച്ചുകൃഷ്ണക്കണിയാരുടെത്.
കുട്ടംപേരൂരിൽ കണിയാർ ഒരു സംസ്കൃത വിദ്യാലയം നടത്തിയിരുന്നു. അദ്ദേഹത്തിന്  പണസമ്പാദനത്തിനുള്ള വഴിയടച്ചത്  വിദ്യ പകർന്നു കൊടുക്കുന്നതിന്  അദ്ദേഹം കാണിച്ച ഈ തൃഷ്ണ ആയിരുന്നു എന്ന് എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. നഷ്ടം സഹിച്ച്  വളരെക്കാലം ആ വിദ്യാലയം അദ്ദേഹം നടത്തിക്കൊണ്ടുപോയി. ഗത്യന്തരമില്ലാതെ അവസാനം പൂട്ടേണ്ടി വന്നു. ഇതേക്കുറിച്ച്  വിദ്യാഭ്യാസ ഡയറക്ടറായിരുന്ന എ. ഗോപാലമേനോൻ പറഞ്ഞത്  ഇങ്ങനെയാണ്: "ഒരു സ്ക്കൂൾ നടത്തിക്കൊണ്ടു പോകണമെങ്കിൽ അല്പം വക്രത വേണം. ആ കണിയാർക്കതില്ല."
ജ്യോതിഷത്തിൽ അഗാധ പാണ്ഡിത്യമുള്ളയാളായിരുന്ന എന്റെ അപ്പൂപ്പൻ താഴവന രാമനാശാനും, ജ്യോതിഷത്തിന്റെ കുലപതി എന്നുതന്നെ വിശേഷിപ്പിക്കാമായിരുന്ന പുലിയൂർ പുരുഷോത്തമൻ നമ്പൂതിരിയും അംഗീകരിച്ചിട്ടുള്ള ജ്ഞാനിയായിരുന്നു കൊച്ചുകൃഷ്ണക്കണിയാർ.
അഷ്ടമംഗല്യപ്രശ്നത്തിനും, ദേവപ്രശ്നത്തിനും മറ്റും ഉയർന്നു വരുന്ന സംശയങ്ങൾക്ക്  ഉത്തരം കാണാതെ വരുമ്പോൾ പുലിയൂർ പുരുഷോത്തമൻ നമ്പൂതിരി പറയും,"കൊച്ചുകിട്ടൻ എന്തു പറയുന്നു?"
കൊച്ചുകൃഷ്ണൻ പറയുന്നതിനപ്പുറം ആർക്കും ഒന്നും പറയാനുണ്ടാവില്ല.
ദൂത ലക്ഷണം ആയിരുന്നുവത്രേ കൊച്ചുകൃഷ്ണക്കണിയാരുടെ കരുത്ത്.

Saturday, May 16, 2015

മണിച്ചിത്രത്താഴിലെ ഗംഗയും നിഴൽക്കുത്തിലെ മലയത്തിയും!

മണിച്ചിത്രത്താഴ്  എന്ന ചിത്രത്തിൽ ശോഭന, ഗംഗ എന്ന ഒരു സൈക്കിക്ക് (psychic) കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആ ചിത്രത്തിലെ അഭിനയ മികവ്  ആ നടിയ്ക്ക്  ദേശീയ പുരസ്ക്കാരവും നേടിക്കൊടുത്തു.
ചിത്രത്തിൻറെ അവസാന സീനിൽ, നൂറുശതമാനവും മാനസിക രോഗത്തിന്  അടിമപ്പെട്ടുപോയ ഗംഗ, നൂറ്റാണ്ടുകൾക്കു മുമ്പ്  മരിച്ചുപോയ നാഗവല്ലി എന്ന നർത്തകിയായി മാറി, സംഭ്രാന്തയായി ഭർത്താവ്  നകുലനെ വധിക്കാൻ വരുന്ന ഒരു രംഗമുണ്ട്.  ശോഭനയുടെ ഭാവാഭിനയത്തിന്റെ മാസ്മരികത മനോഹരമായി പ്രകടമായ മുഹൂർത്തമാണത്.
പന്നിശ്ശേരി നാണുപിള്ള രചിച്ച നിഴൽക്കുത്ത്  ആട്ടക്കഥയിൽ, മലയത്തി എന്ന ഒരു നാടോടി കഥാപാത്രമുണ്ട്. ഭാരതമലയൻ എന്നൊരു മന്ത്രവാദിയുടെ പത്നിയാണവർ. തന്റെ ഭർത്താവിന്റെ ദുർമന്ത്രവാദ ശക്തിയാൽ കുന്തീദേവിയുടെ അഞ്ചു പുത്രന്മാരും കൊല്ലപ്പെട്ടതറിയുമ്പോൾ, മലയത്തിയിലുണ്ടാവുന്ന രൂപഭാവ വ്യത്യാസങ്ങൾ, മണിച്ചിത്രത്താഴിലെ ഞാൻ സൂചിപ്പിച്ച രംഗവുമായി താരതമ്യം ചെയ്യാവുന്നതാണ്.
പാണ്ഡവർ കൊല്ലപ്പെട്ട വിവരം മലയനിൽ നിന്നറിയുമ്പോൾ സ്വബോധം നഷ്ടപ്പെട്ടവളെപോലെ സ്വന്തം പുത്രനെ വധിക്കാൻ പാഞ്ഞുവരുന്ന ആ രംഗം കാഴ്ചക്കാരിൽ തെല്ലല്ല സംഭ്രമം സൃഷ്ടിക്കുക. അതുപോലെ തന്നെയാണ്  കുന്തീസന്നിധിയിലെത്തി ബോധംകെട്ട്  വീഴുന്ന രംഗവും. ഓയൂർ രാമചന്ദ്രനാണ്  മലയത്തിയെ അവതരിപ്പിക്കുന്നതെങ്കിൽ കാണികളായ നമ്മുടെ ഹൃദയമിടിപ്പ്  നിന്നുപോകും. തീർച്ച!
കഴിഞ്ഞാഴ്ച തിരുവല്ല അമ്പലത്തിൽ കലാ. രാമചന്ദ്രൻഉണ്ണിത്താനും ഓയൂർ രാമചന്ദ്രനും ചേർന്നുള്ള ഒരു മലയനും മലയത്തിയും ഉണ്ടായിരുന്നു. മാസ്റ്റർ ഗോവിന്ദ്‌  എന്നൊരു അഞ്ചാം ക്ലാസ്സുകാരനായിരുന്നു മണികണ്ഠനായി വേഷമിട്ടത്.  "കാലേ പിടിച്ച്  നിലത്തടിക്കാൻ" മലയത്തി ചീറിപാഞ്ഞടുക്കുമ്പോൾ മണികണ്ഠൻ കെട്ടിയ കൊച്ചു ഗോവിന്ദൻ ഭയന്നു പോകും എന്നു കരുതിയ എനിക്ക്  തെറ്റി.

കലാമണ്ഡലം ഓയൂർ രാമചന്ദ്രനും മാസ്റ്റർ ഗോവിന്ദും ( ഫോട്ടോ : ശ്രീകുമാർ)
 അങ്ങനെ വിചാരിക്കാനൊരു മുൻകാല അനുഭവം എനിക്ക്  ഉണ്ടായിരുന്നു. 35 വർഷങ്ങൾക്ക്  മുമ്പാണ്. പത്തനംതിട്ടയ്ക്ക്  സമീപമുള്ള വള്ളിക്കോട്  അമ്പലത്തിൽ നടന്ന ഒരു നിഴൽക്കുത്ത്. ഹരിപ്പാട്  രാമകൃഷ്ണപിള്ളയുടെ  ദുര്യോധനൻ, മങ്കൊമ്പിന്റെ മലയൻ, ചെന്നിത്തലചെല്ലപ്പൻപിള്ളയുടെ മന്ത്രവാദി. ഓയൂർ രാമചന്ദ്രൻ ആയിരുന്നു അന്നും മലയത്തി. സ്വബോധം നഷ്ടപ്പെട്ട്  ഒരു വെളിച്ചപ്പാടിനെ പോലെ മലയത്തി പാഞ്ഞു വരുന്നതു കണ്ട്  മണികണ്ഠൻ കെട്ടിയ ആ ലിറ്റിൽ മാസ്റ്റർ ഭയന്നു നിലവിളിച്ചു പോയി. അണിയറയിൽ ചെന്നിട്ടും ആ കുഞ്ഞിന്റെ തേങ്ങൽ അവസാനിച്ചിരുന്നില്ല.
മങ്കൊമ്പ്  ആശാനും ചെല്ലപ്പൻപിള്ള ചേട്ടനും ആ കുട്ടിയെ സമാധാനിപ്പിക്കുന്നതു കാണാമായിരുന്നു. "രാമചന്ദ്രാ, നീയീ കുഞ്ഞിനെ ഇങ്ങനെ പേടിപ്പിക്കരുതായിരുന്നു." എന്നവർ രാമചന്ദ്രനെ വഴക്കു പറയുന്നതും കേട്ടു.
ആ മണികണ്ഠൻ ഇന്ന്  ഒരു പ്രശസ്ത നടനാണ്‌.  ഒരു കളരിയുടെയും കളിയോഗത്തിന്റെയും ഉടമയുമാണ്.  അത്  മറ്റാരും ആയിരുന്നില്ല. കഴിഞ്ഞാഴ്ച തിരുവല്ലയിൽ മണികണ്ഠനായി രംഗത്തു വന്ന ഗോവിന്ദിന്റെ പിതാവ്  കലാഭാരതി ഹരികുമാർ ആയിരുന്നു അന്ന്  പേടിച്ചു നിലവിളിച്ച മണികണ്ഠൻ!
ഓയൂരിന്റെ മലയത്തി കണ്ടിട്ടാണോ ശോഭന ആ റോൾ ഇത്രയും ഭാവോജ്ജ്വലമാക്കിയത്  എന്നൊരു സംശയവും എനിയ്ക്കില്ലാതില്ല.


Sunday, March 1, 2015

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ അരങ്ങേറിയ സുന്ദരീസ്വയംവരം


പത്മഭൂഷണ്‍ മടവൂരിന്റെ ഘടോൽകചൻ 
ടിപ്പുവിന്റെ പടയോട്ട കാലത്ത് (പതിനെട്ടാം നൂറ്റാണ്ടിൽ) മലബാറിൽ നിന്ന് പലായനം ചെയ്ത് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ വാസം അനുഷ്ഠിച്ച ഒട്ടനവധി ബ്രാഹ്മണ ക്ഷത്രിയ കുടുംബങ്ങൾ ഉണ്ട്. അങ്ങനെയുള്ള ഒരു കുടുംബത്തിലെ ഒരംഗം ആയിരുന്നു മാവേലിക്കരയ്ക്കടുത്തുള്ള ചെന്നിത്തലയിൽ വന്നു താമസിച്ചിരുന്ന കുന്നത്ത് പോറ്റി എന്നറിയപ്പെട്ടിരുന്ന സുബ്രഹ്മണ്യൻ പോറ്റി. അദ്ദേഹം ചെന്നിത്തലയിൽ കുന്നത്ത് എന്നൊരില്ലം പണി കഴിപ്പിച്ച് താമസ്സമാക്കി. അന്ന് മുതൽക്ക്  അദ്ദേഹം കുന്നത്ത് പോറ്റി എന്നാണറിയപ്പെട്ടിരുന്നത്.  നാട്യകലയിലും വാദ്യവാദനത്തിലും വിദഗ്ദ്ധനായിരുന്ന അദ്ദേഹം സ്വാതി തിരുനാളിന്റെ സദസ്യനും ആയിരുന്നു. കുന്നത്ത്  ഇല്ലം കാലാന്തരത്തിൽ അഗ്നിബാധയിൽ നശിച്ച്  സന്തതി പരമ്പര അവസാനിച്ചു എന്നുമാണ്  ചരിത്രം.
ഇരാവാൻ - നെല്ലിയോട്

അഭിനയത്തേക്കാൾ വേഷത്തിന് പ്രാധാന്യമുള്ള ഒരാട്ടക്കഥയാണ് സുന്ദരീസ്വയംവരം. ശ്രീകൃഷ്ണന് സത്യഭാമയിൽ ജനിച്ച മകളാണ് സുന്ദരി. ശ്രീകൃഷ്ണന് മകളെ അർജ്ജുനപുത്രനായ അഭിമന്യുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. സത്യഭാമയുടെ ആഗ്രഹവും മറിച്ചായിരുന്നില്ല. ജ്യേഷ്ഠൻ ബലഭദ്രന്റെ ഇംഗിതമാകട്ടെ ദുര്യോധനന്റെ മകൻ ലക്ഷണനെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നും. ജ്യേഷ്ഠനെ നേരിട്ട് എതിർക്കാൻ മാർഗ്ഗമില്ലാത്തതു കൊണ്ട് സ്വയംവരം ആകട്ടെ എന്ന് നിശ്ചയിച്ചു. സ്വയംവരത്തിന് അഭിമന്യു യാത്ര പുറപ്പെട്ടു. മറ്റൊരു വഴിക്ക് ദുര്യോധനാദികളും.
ദുര്യോധനനും ഭാനുമതിയും (ഫാക്റ്റ് മോഹനൻ, കലാ. അനന്തകൃഷ്ണൻ)

പോകുന്ന വഴിക്ക് അഭിമന്യു, ഘടോൽകചന്റെ ഭ്രുത്യനായ വജ്രദംഷ്ട്രൻ എന്നൊരു രാക്ഷസനെ യുദ്ധത്തിൽ വധിച്ചു. തന്റെ സന്തത സഹചാരിയെ വധിച്ചതറിഞ്ഞ് ഘടോൽകചൻ, കാരണക്കാരനായ അഭിമന്യുവുമായി യുദ്ധം ആരംഭിച്ചു. ഒടുവിൽ ജ്യേഷ്ഠ-അനുജ പുത്രന്മാരാണെന്നു മനസ്സിലാവുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. ഘടോൽകചൻ അഭിമന്യുവിനെ മാതാവായ ഹിഡുംബിയുടെ അടുത്ത്  കൂട്ടിക്കൊണ്ടു പോയി. തനിക്കുള്ള ആഹാരവുമായി വരുന്ന മകനെ കണ്ട്  ഹിഡുംബി സന്തോഷിച്ചു. അർജ്ജുനപുത്രനാണ്  മകനോടൊപ്പമുള്ളതെന്നും ശ്രീകൃഷ്ണ പുത്രിയായ സുന്ദരിയെ പരിണയിക്കാൻ ദ്വാരകയിലേക്ക്  പോവുകയാണെന്നും ഹിഡുംബി മനസ്സിലാക്കി. ഹിഡുംബി ഘടോൽക്കചനേയും അഭിമന്യുവിന്റെ കൂടെ പറഞ്ഞയച്ചു.

നെല്ലിയോട്, കലാഭാരതി ഹരികുമാർ, മടവൂർ.
ദ്വാരകയിലേക്കുള്ള യാത്രയിൽ, വനത്തിൽ രണ്ടു മലകളിലായി പാദങ്ങൾ വെച്ച്  ആയുധം മിനുക്കുന്ന ഇരാവാനെ കണ്ടു. (ഇരാവാൻ ആയുധത്തിന്റെ ഒരു വശം മാത്രമേ മിനുക്കുകയുള്ളൂ. കളിയുടെ അന്ന്  വൈകിട്ട്  ഞങ്ങൾ - മടവൂരാശാൻ, നെല്ലിയോടാശാൻ, ഫാക്റ്റ്  മോഹനൻ, കലാഭാരതി ഹരികുമാർ, ഞാൻ  - ഒരു ചർച്ച നടത്തിയിരുന്നു. ആ വേളയിൽ നെല്ലിയോടാശാൻ പറഞ്ഞതാണ്  ഈ വിശേഷം.) തങ്ങൾക്ക്  പോകാൻ പാദങ്ങൾ മാറ്റിത്തരാൻ അവർ ആവശ്യപ്പെട്ടു. വേണമെങ്കിൽ കാലുകൾക്കിടയിൽ കൂടി പൊയ്ക്കൊള്ളാൻ ഇരാവാൻ പറഞ്ഞു. കൊപിഷ്ടരായ ഇരുവരും ഇരാവാനുമായി ഏറ്റുമുട്ടി. യുദ്ധത്തിൽ ആകെ തളർന്നു പോയ ഇരാവാൻ, തന്നോട്  യുദ്ധം ചെയ്ത വീരന്മാർ സ്വന്തം സഹോദരന്മാരാണെന്ന്  മനസ്സിലാക്കി. അർജ്ജുനന്  ഉലൂപിയിൽ ജനിച്ച മകനാണ്  ഇരാവാൻ. ദ്വാരകയിലേക്കുള്ള യാത്രയിൽ ഇരാവാനും ഒപ്പം കൂടി.
https://youtu.be/GISfsXsz62s
അവിടെ ദുര്യോധനൻ, ലക്ഷണൻ തുടങ്ങിയവരുമായി മൂന്നു പേരും ഏറ്റുമുട്ടി. ദുര്യോധനനെയും ലക്ഷണനേയും ബന്ധനത്തിലാക്കുന്നതും മറ്റും വളരെ രസകരമായ രംഗങ്ങൾ ആണ്. ആദ്യാവസാനം അരങ്ങ് കൊഴുപ്പിക്കുന്ന ഒരാട്ടക്കഥയാണിത്‌.
വജ്രദംഷ്ട്രൻ (കലാ. അഖിൽ)

ഘടോൽകചൻ, ദുര്യോധനൻ, ലക്ഷണൻ - കത്തി, അഭിമന്യു, കൃഷ്ണൻ, കർണ്ണൻ - പച്ച, ബലഭദ്രർ - പഴുപ്പ്, ഈരാവാൻ - ചുവന്ന താടി, ഹിഡുംബി - പെണ്‍കരി, വജ്രദംഷ്ട്രൻ - കറുത്ത വട്ടമുടി, കൃപർ, ഭീഷ്മർ, ദൂതൻ - മിനുക്ക്‌ അങ്ങനെ വൈവിദ്ധ്യമുള്ള വേഷങ്ങൾ ഈ കഥയുടെ സവിശേഷതയാണ്.
പണ്ട് മദ്ധ്യ തിരുവിതാംകൂറിൽ വളരെ രംഗ പ്രചാരമുള്ള കഥയായിരുന്നു ഇത്. സുന്ദരീസ്വംവരം തിരുവല്ല അമ്പലത്തിൽ
ഇങ്ങനെ വേണമായിരുന്നു വജ്രദംഷ്ട്രൻ
പതിവായിരുന്നു. ഗുരു ചെങ്ങന്നൂർ
രാമൻപിള്ള, കണ്ണഞ്ചിറ കൃഷ്ണപിള്ളയശാൻ എന്നീ ഗുരുനാഥന്മാർ ഘടോൽകചൻ കെട്ടി പെരെടുത്തിട്ടുള്ളവർ ആണ്.
ഘടോൽകചൻ, അഭിമന്യു, ദുര്യോധനൻ, ഇരാവാൻ, ഹിഡുംബി, വജ്രദംഷ്ട്രൻ, ശ്രീകൃഷ്ണൻ തുടങ്ങിയ വേഷങ്ങൾ ആദ്യസ്ഥാന വേഷക്കാർ തന്നെയാണ്  പണ്ട്  കെട്ടിവന്നിരുന്നത്.  ചമ്പക്കുളം പാച്ചുപിള്ളയുടെ ഇരാവാൻ, പന്തളം കേരളവർമ്മ, തിരുവല്ല മാധവൻപിള്ള എന്നിവരുടെ ഹിഡുംബി, ആറ്റിങ്ങൽ കൃഷ്ണപിള്ളയാശാന്റെ (തോന്നയ്ക്കൽ പീതാംബരന്റെ പിതാവ്) വജ്രദംഷ്ട്രൻ തുടങ്ങിയവരുടെ അരങ്ങ്  അതിഗംഭീരമായിരുന്നു എന്ന്  പഴയ തലമുറ പറഞ്ഞു കേട്ടിട്ടുണ്ട്. തിരുവല്ല ചെല്ലപ്പൻപിള്ളയും, തകഴി കുട്ടൻപിള്ളയുമായിരുന്നു അക്കാലത്ത്  സുന്ദരീസ്വയംവരത്തിന്  തിരുവല്ലയിൽ പാടിയിരുന്നത്. കണ്ണഞ്ചിറ കൃഷ്ണപില്ലയാശാന്റെ അഭിമന്യുവും, സഹോദരൻ കണ്ണഞ്ചിറ രാമൻപിള്ളയുടെ ഘടോൽകചനും കാണാനുള്ള ഭാഗ്യം തിരുവല്ല ഗോപിക്കുട്ടൻനായരാശാന്  കിട്ടിയിട്ടുണ്ട്.

ഘടോൽകചനും അഭിമന്യുവും (മടവൂരാശാൻ, കലാഭാരതി ഹരികുമാർ)

 മൊത്തത്തിൽ സംഗീതപരമായി വലിയ മേന്മ സുന്ദരീസ്വയംവരത്തിന്  അവകാശപ്പെടാനില്ല. എങ്കിലും അതീവ ഹൃദ്യമായ രണ്ടു മൂന്നു പദങ്ങൾ ഇതിലുണ്ട്. "വണ്ടാർകുഴലിമരെ കണ്ടാലുമാരാമം"  എന്ന തോഡിയിലുള്ള കൃഷ്ണന്റെ പദം, രുഗ്മിണിയും സത്യഭാമയും ചേർന്നുള്ള "പ്രാണനായകാ കേട്ടാലും" എന്ന പൂർവ്വികല്യാണിയിലുള്ള പദവും രചനയിലും സംഗീതത്തിലും മുന്നിട്ടു നിൽക്കുന്നതു തന്നെ. "കാമിനിമാർ മൗലിമണേ കാമരസപാത്രേ" എന്ന ദുര്യോധനന്റെ പാടിപ്പദവും കേമം തന്നെ. സംഗീതത്തേക്കാൾ രംഗങ്ങളുടെ ഭാവതീവ്രതയ്ക്കാണ്  കവി പ്രാധാന്യം കൊടുത്തിരിക്കുന്നത്  എന്ന്  തോന്നുന്നു.
http://youtu.be/7zJv4Hs6S6E
ഇക്കൊല്ലത്തെ തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവദിനമായ ഫെബ്രുവരി 26 -നു നടന്ന 2 കഥകളിൽ ഒന്ന് സുന്ദരീസ്വയംവരം ആയിരുന്നു. ഏതാണ്ടൊരു നാൽപ്പത് വർഷങ്ങൾക്കു ശേഷം തിരുവല്ലയിൽ അവതരിപ്പിച്ച  ഈ കളിയ്ക്ക് കേരളത്തിലെ ഒട്ടേറെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുകയുണ്ടായി. രാത്രി 10 മണിക്ക് കളിവിളക്ക് തെളിഞ്ഞു.പത്മഭൂഷണ്‍ മടവൂർ വാസുദേവൻ നായർ -ഘടോൽകചൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി -ഇരാവാൻ, കലാഭാരതി ഹരികുമാർ -അഭിമന്യു, കലാമണ്ഡലം ബാലകൃഷ്ണൻ - ഹിഡുംബി, കലാമണ്ഡലം അഖിൽ - വജ്രദംഷ്ട്രൻ, ചിറയിൻകീഴ്  മുരുകൻ - കൃഷ്ണൻ എന്നിവരായിരുന്നു അരങ്ങത്ത്  എത്തിയത്.
തിരുവല്ല ഗോപിക്കുട്ടൻനായർ
 തിരുവല്ല ഗോപിക്കുട്ടൻ നായർ, കലാമണ്ഡലം സുരേന്ദ്രൻ, പരിമണം മധു, മംഗലം നാരായണൻനമ്പൂതിരി എന്നിവരാണ് പാടിയത്. കുറൂർ വാസുദേവൻനമ്പൂതിരി, കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി പീതാംബരൻ, കലാഭാരതി ജയശങ്കർ, കലാമണ്ഡലം അജി കൃഷ്ണൻ, കലാമണ്ഡലം രാജേഷ്‌  എന്നിവരായിരുന്നു മേളം.
ഇന്ന് അരങ്ങിൽ വളരെ അപൂർവ്വമായ ഈ കഥ തിരുവല്ലയിലെ ശ്രീവൈഷ്ണവം കഥകളി പഠന കളരിയാണ്   അവതരിപ്പിച്ചത്. നല്ല ഒരു ആസ്വാദക വൃന്ദം കളി കാണാൻ സന്നിഹിതരായിരുന്നു.
കലാകാരന്മാരെല്ലാം മികവു പുലർത്തി എന്ന്  നിസ്സംശയം പറയാം. സ്വയംവര പന്തലിൽ വെച്ച്  ലക്ഷണനെ തൊണ്ടു മാലയും, ചിരട്ട മാലയുമൊക്കെ അണിയിച്ച്  ഘടോൽകചനും, ഇരാവാനും അപഹസിക്കുന്ന രംഗം വളരെ രസകരമായിരുന്നു.
ലക്ഷണകുമാരനെ തൊണ്ടുമാലയിട്ട്  അപഹസിക്കുന്നു

ഈ കഥകളി കാണുന്ന അരങ്ങ്  ഒരിക്കലും മുഷിയുകയില്ല. പണ്ഡിതനും പാമരനും ഒരുപോലെ ഇത്  ആസ്വദിക്കും എന്നാണ്  എന്റെ അഭിപ്രായം.
വജ്രദംഷ്ട്രന്  കറുത്ത വട്ടമുടിയാണ്  എന്ന്  പ്രത്യേകം ഞാൻ അണിയറയിൽ പറഞ്ഞിരുന്നതാണ്. മണ്ടത്തരങ്ങൾ പലതും കണ്ടിട്ടുള്ള അനുഭവം വെച്ചാണ്  ഞാനിത്  ഓർമ്മിപ്പിച്ചിരുന്നത്. പക്ഷെ തിരുവല്ലയിലെ വജ്രദംഷ്ട്രൻ വട്ടമുടിയോ, ചതുരമുടിയോ ആയിരുന്നില്ല. ആ വേഷം കണ്ടപ്പോൾ എനിക്ക്  ഓർമ്മ വന്നത്  ഗുരുദക്ഷിണയിലെ ശംഖനെയാണ്.
ആറാം ഉത്സവത്തിനു നടന്ന സുന്ദരീസ്വയംവരത്തിന്  എന്തെങ്കിലും ഒരു പോരായ്മ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 സുന്ദരീസ്വയംവരം ആട്ടക്കഥയിൽ, ഒന്നാം രംഗത്തിൽ ശ്രീകൃഷ്ണപത്നിമാർ അവതരിപ്പിക്കുന്ന ഒരു കുമ്മിയുണ്ട്.
"വല്ലവിമാരെ! ധരിച്ചീടുവിൻ
മല്ലാരിതൻ തിരുമുമ്പിലിപ്പോൾ
കല്യാണി പാടി വരാടിയും
ചൊല്ലുള്ള തൊടി തുടങ്ങി നാം മെല്ലവേ മോഡി കലർന്നുട-
നെല്ലാവരുമുല്ലാസമോടല്ലാതൊരു കില്ലെന്നിയേ,
മല്ലാക്ഷിമാർകളേ! താളഭംഗം ചെറ്റും
ഇല്ലാതെ പാടിക്കളിച്ചീടണം."
ഈ കുമ്മിയുടെ രണ്ടോ മൂന്നോ വരികളേ തിരുവല്ലയിൽ ഗോപി ചേട്ടൻ പാടിയുള്ളു. പിന്നീട്  കണ്ടപ്പോൾ കാരണം ഞാൻ അന്വേഷിച്ചിരുന്നു.
"സാഹിത്യ സുന്ദരമല്ല ഇതിന്റെ രചന. രംഗവൈചത്ര്യത്തിനാണ്  സ്ഥാനം. മിക്ക പദങ്ങളും ശ്ലോകങ്ങളും ഒഴുക്കൻ മട്ടിൽ എഴുതിയിട്ടുള്ളതാണ്. ഈ കുമ്മി തന്നെ, ഉത്തരാസ്വയംവരത്തിന്റെ അസ്സൽ അനുകരണമാണ്. രംഗ പൊലിമകൊണ്ടാണ്  ഈ കഥ പ്രസിദ്ധി നേടിയത്."
കുമ്മി ഒഴിവാക്കിയാലും സുന്ദരീസ്വയംവരം പൊടിപൊടിക്കും.
തിരുവല്ലയിൽ കളി കണ്ട എല്ലാവർക്കും അത്  ബോദ്ധ്യപ്പെട്ടു കാണും.
ഈ ആട്ടക്കഥയുടെ രചയിതാവായ കുന്നത്ത്  പോറ്റി പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി എന്നു മാത്രമേ പല രേഖകളിലും എനിക്ക്  കാണാൻ കഴിഞ്ഞിട്ടുള്ളൂ. എ.ഡി. 1775 -ൽ ആണ്  അദ്ദേഹം ജനിച്ചത്  എന്നോരറിവ്   എനിക്ക്  ലഭിച്ചിരിക്കുന്നു.

Monday, February 16, 2015

രണ്ടായ നിന്നെയിഹ ഒന്നായി കണ്ടതിലുണ്ടായ ഒരു ഇണ്ടൽ...!!



ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലനെ പൊതുവേദിയിൽ, വി.എം. സുധീരൻ ആക്ഷേപിച്ചതായി ഒരു വാർത്ത  പത്ര താളുകളിൽ കണ്ടു.  താൻ പങ്കെടുക്കുന്ന യോഗത്തിൽ, ഒരു മദ്യ വ്യവസായിയെ പങ്കെടുപ്പിച്ചതാണത്രെ സുധീരൻ രൗദ്രഭീമൻ ആകാനുണ്ടായ കാരണം.
."...വാണീം പുനരേണീവിലോചന നടുങ്ങീ..." എന്ന്   ഇരയിമ്മൻ തമ്പി വിശേഷിപ്പിച്ച ഉത്തരാസ്വയംവരത്തിലെ സൈരന്ധ്രിയുടെ അവസ്ഥയിലായിരുന്നു  സുധീരൻ എന്നാണ്  ചടങ്ങിൽ സംബന്ധിച്ച പത്രക്കാർ പറയുന്നത്.


ഒരു കള്ളുകച്ചവടക്കാരൻ കൊടുത്ത കാറിൽ ഒരുളുപ്പും ഇല്ലാതെ തേരാപ്പാരാ കറങ്ങിനടന്ന സുധീരൻ വലിയ ആദർശമൊന്നും തന്റടുത്ത്  വിളമ്പേണ്ടതില്ലെന്ന്  ഗോകുലം തിരിച്ചടിച്ചു. ഇപ്പോൾ മുഖ്യമന്ത്രി തൊട്ട്  കോണ്‍ഗ്രസ്സ്  നേതാക്കന്മാർ കുത്തിയിരുന്ന്  ഗോകുലത്തിലേക്ക്  ഫോണ്‍ ചെയ്യുന്ന തിരക്കിലാണ്.  പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ട്.  അത്  അഗർബത്തിയുടെ പരസ്യം! പക്ഷെ ഇതങ്ങനെയല്ല. എല്ലാവർക്കും ഒരു കാരണമേയുള്ളൂ.
ഛെടാ, ഇവനേക്കൊണ്ട്  മഹാ തൊല്ലയായല്ലോ, ഭഗവതീ.....
സുധീരന്  കാറു കൊടുത്ത കാര്യം മദ്യ വ്യവസായി ദിലീപ് കുമാർ നിഷേധിച്ചുകണ്ടില്ല. പത്തിരുപത്  വർഷം എന്റെ കാറാണ്  സുധീരൻ അവർകൾ ഉപയോഗിച്ചത്. ഗോകുലാഷ്ടമി പറഞ്ഞത്  നേരാണ്.

ഗോകുലം ഗോപാലൻ
ആ ടി.എൻ. പ്രതാപൻ ചില സത്യങ്ങൾ വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ നമ്മൾ ഇരുട്ടിൽ തപ്പുകയും, ആദർശ ധീരനായ സുധീരൻ സംശയത്തിന്റെ നിഴലിൽ ആകുകയും ചെയ്യുമായിരുന്നു.
ദിലീപ്  മദ്യ വ്യവസായി എന്ന നിലയിൽ കൊടുത്ത കാറല്ല സുധീരൻ സ്വീകരിച്ചത്.
ഹോ, ദൈവം ഉണ്ടെന്നു പറയുന്നത്  നേരാ!
സംഗതിയുടെ കിടപ്പ്  ഇങ്ങനെയാണ്.
പത്തിരുപത്  വർഷം മുമ്പു മുതലുള്ള  കുറെ കഥകൾ, മനസ്സിന്റെ ഭാവന അനുസരിച്ച്  നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കാൻ അഭ്യർത്ഥിക്കുന്നു.
ഒരിക്കൽ പ്രതാപനും, ദിലീപ് കുമാറും കൂടി സുധീരനെ കാണാൻ ചെല്ലുന്നു. ഒരു സംഗതി സാധിച്ചു കിട്ടണം. "കളക് ടറോട്‌  ഒരു ശുപാർശ...
ശുപാർശയോ..ഓടിക്കോണം എന്റെ മുമ്പീന്ന്.. സുധീരൻ അവരെ ഓടിച്ചു.
മറ്റൊരിക്കൽ. അന്ന്  സുധീരൻ ആരോഗ്യ മന്ത്രിയാണ്. ദിലീപ്  കുമാർ പറഞ്ഞു, അച്ഛൻ മുളങ്കുന്നത്തു കാവ്  മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ആണ്, ഒരു പേ വാർഡ്‌  കിട്ടാൻ ഒന്ന്  സഹായിക്കണം.
ഒഴിവ്  ഉണ്ടെങ്കിൽ കിട്ടും. ഞാൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും ഇടപെടുകയില്ല, എന്നറിയരുതോ..? പറഞ്ഞു കൊടുക്ക്  പ്രതാപാ...
ഇനി മറ്റൊരു സന്ദർഭം
ഞങ്ങളുടെ നാട്ടിലുള്ള ഒരു ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവ കാരുണ്യ ക്യാമ്പ് നടത്തുകയാണ്.  സുധീരൻ സാർ വന്ന്  അത്  ഉൽഘാടനം ചെയ്തു തരണം.
താനൊരു മദ്യ വ്യവസായി അല്ലേ..താൻ പങ്കെടുക്കുന്ന യോഗത്തിൽ വരാൻ എന്റെ ആദർശം സമ്മതിക്കുന്നില്ല.
എം.എൽ.എ. പണിയും മന്ത്രി പണിയും എല്ലാം കഴിഞ്ഞപ്പോഴാണ്  സ്വന്തമായി ഒരു കാറു വേണം ചിന്ത സുധീരനിൽ ഉദയം ചെയ്യുന്നത്.
ചിന്ത പ്രതാപനുമായി പങ്കുവെച്ചു. സംഗതി പ്രതാപൻ ഏറ്റു. നേരെ പോയി ദിലീപ്  കുമാറിനെ കാണുന്നു. എടാ, ദിലീപേ, നമ്മുടെ സുധീരൻ സാറിന്  ഒരു കാറു വേണമല്ലോ...
അതിനെന്താ എന്റെ കാറ്  കൊടുക്കാമല്ലോ...സുധീരൻ സാറിന്  എന്തു ചെയ്തു കൊടുക്കുന്നതും എനിക്ക്  സന്തോഷമുള്ള കാര്യമല്ലേ..

ടി.എൻ. പ്രതാപൻ




അല്ല, ഒരു സംശയം. ഗോകുലം ഗോപാലൻ , ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ സംഘടിപ്പിച്ച ആ യോഗത്തിൽ, അബ്‌കാരി കണ്‍ട്രാക്ക്  എന്ന നിലയിലാണോ, മാളോരെ പങ്കെടുത്തത്.
പിന്നെ, ഈ കേട്ടതൊക്കെ തൊലി പോലും കളയാതെ വിഴുങ്ങാൻ ഇവിടുള്ളവരെല്ലാം കോത്താഴത്തുള്ള പുളുന്താന്മാരല്ലിയോ.....?


Thursday, January 22, 2015

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : കൊടുത്താൽ കൊല്ലത്തും കിട്ടും, പൂഞ്ഞാറ്റിലും കിട്ടു...

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : കൊടുത്താൽ കൊല്ലത്തും കിട്ടും, പൂഞ്ഞാറ്റിലും കിട്ടു...: സ്ഥിതി സമത്വവും, ജാധിപത്യവും, മത സാമുദായിക ഐക്യവും, സ്ത്രീശാക്തീകരണവുമൊക്കെ നിലനിൽക്കത്തന്നെ, ഏതെങ്കിലും ഒരു മന്ത്രിക്കെതിരെയോ, എന്തിന്  ...

Wednesday, January 21, 2015

കൊടുത്താൽ കൊല്ലത്തും കിട്ടും, പൂഞ്ഞാറ്റിലും കിട്ടും!



സ്ഥിതി സമത്വവും, ജാധിപത്യവും, മത സാമുദായിക ഐക്യവും, സ്ത്രീശാക്തീകരണവുമൊക്കെ നിലനിൽക്കത്തന്നെ, ഏതെങ്കിലും ഒരു മന്ത്രിക്കെതിരെയോ, എന്തിന്  ഭരണ മുന്നണിയിലെ ഒരു ചോട്ടാ നേതാവിനെതിരെയോ ആരെങ്കിലും അടിസ്ഥാനരഹിതമായ വേണ്ടാധീനം പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി. എഫ്.ഐ.ആറും., ഇന്ത്യൻ പീനൽ കോഡുമെല്ലാം തൽക്കാലം മാറ്റി വെച്ചിട്ട്  ആ ഹതഭാഗ്യനെ തട്ടി അകത്താക്കും. അല്ലെങ്കിൽ കൊട്ടാരക്കരയിൽ ഒരു നേതാവും മകനും കൂടി ഒരു പാവത്തിന്റെ നവദ്വാരങ്ങളിലും നടത്തിയ പോലുള്ള ലളിത കലകൾ അരങ്ങേറും. പിച്ചാത്തി പിടിക്ക്  എല്ല്  ബാക്കി കിട്ടിയാൽ മുജ്ജന്മ സുകൃതം!
ഇവിടെ ഒരു ബാർ ഉടമ മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് വിപ്പ്, മുന്നോക്ക കൊർപ്പറേഷൻ ചെയർമാനായ മുൻമന്ത്രി എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ധനമന്ത്രിക്കെതിരെ കൈക്കൂലി ആരോപണവും ഉണ്ട്.
യു.ഡി.എഫ്. ഭരണം ആകുമ്പോൾ, മന്ത്രിക്കെതിരെ ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ, അവന്റെ ജാതകഫലം തൊട്ട്  അക്രമവാസന വരെ പ്രതിപാദിച്ചുകൊണ്ട്  അന്വേഷണാത്മക പത്രധർമ്മം നിർവ്വഹിക്കുന്ന പത്ര മുത്തശ്ശിക്ക്  മൗനം. ആരാടാ എന്നു ചോദിച്ചാൽ ഞാനാടാ എന്ന്  ഉച്ചൈസ്തരം ഘോഷിക്കുന്ന ചീഫ് വിപ്പിന്റെ നാവ്  പൂഞ്ഞാറ്റിലും ഉടല്  തിരുവനന്തപുരത്തും. മുന്നോക്ക ചെയർമാൻ ഒന്നും ഉര്യാടത്തത്, ഈ കുട്ടി കണ്‍ട്രാക്കിനെ ഓർത്തല്ല അവന്റപ്പൻ വല്യകണ്‍ട്രാക്കിനെ ഓർത്ത്.
മന്ത്രിയാണ്, ക്യാബിനറ്റ്  റാങ്കാണ്, ഗണ്‍മാനും പോലീസും ഉണ്ട്  എന്നൊന്നും പറഞ്ഞിട്ട്  വലിയ കാര്യമൊന്നുമില്ല ഈ കണ്‍ട്രാക്ക്  കുടുംബത്തിന്റടുത്തെന്ന്,  ജീവനിൽ ഭയമുള്ള ഈ ധൈര്യശാലികൾക്കെല്ലാം  അറിയാം.
മന്ത്രിയായിരുന്ന കോടീശ്വരനായ ഒരു നേതാവിനെ കുത്തുപാള എടുപ്പിച്ച ചരിത്രമുണ്ട്  അച്ഛൻ കണ്‍ട്രാക്കിന്.  മന്ത്രിയുടെ മരണ ശേഷം ആ വിധവ ചായക്കട നടത്തിയാണ്  മക്കളെ പഠിപ്പിച്ചത്. ഇതും ചരിത്രം.


ഒരു ഡി.ജി.പി.യെ ജെട്ടി മാത്രം ധരിപ്പിച്ച്  കാറിന്റെ ഡോറിൽ കെട്ടിയിട്ട്  പട്ടാപകൽ തിരുവനന്തപുരത്തെ രാജവീഥികളിൽ കൂടി തേരാപാരാ പാഞ്ഞ നയന മനോഹരമായ കാഴ്ച കണ്ട്  തിരുവനന്തപുരത്തുകാർ സായൂജ്യമടഞ്ഞിട്ട്  അധിക കാലമൊന്നുമായിട്ടില്ല. ഇത്  സമകാലിക ചരിത്രം.
ആ കുഞ്ഞ്  എന്തെങ്കിലുമൊക്കെ പറയട്ടന്നേ..അവന്റകാര്യം പോട്ടെ, അവന്റച്ഛനെ ഞങ്ങൾക്ക്  മറക്കാൻ കഴിയുമോ...
നേതാക്കന്മാരും, പത്രക്കാരും സ്വീകരിച്ചിരിക്കുന്ന മൗനവ്രതത്തിന്റെ ഡിങ്കോലാഫി ഇപ്പോൾ മനസ്സിലായോ....?