Saturday, July 6, 2013

പാളേൽ കഞ്ഞി കുടിപ്പിക്കും; തമ്പ്രാനെന്നു വിളിപ്പിക്കും...! ( ഭാഗം -ഒന്ന് )


1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ മദ്ധ്യ തിരുവിതാംകൂറിൽ വിശേഷിച്ച് തിരുവല്ലാ താലൂക്കിലെ നിരണത്ത് മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു ഇത്. കാലങ്ങളായി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധികളായ കമ്മ്യൂണിസ്റ്റുകാർ  ഭരണത്തിലെത്തിയത്തിലുള്ള അസഹിഷ്ണുതയുടെ തീവ്രത എത്രത്തോളമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ ഈ മുദ്രാവാക്യം വിളിച്ചവരുടെ ആവേശവും അത്യുത്സാഹം പരിശോധിച്ചാൽ മതിയാകും.

ഭൂപരിഷ്കരണനിയമം, വിദ്യാഭ്യാസനയം, ക്രമസമാധാനപ്രശ്നം, അഴിമതി എന്നിങ്ങനെ പലകാരണങ്ങൾ വിമോചനസമരത്തിന് വിഷയീഭവിച്ചു  എന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുള്ളത്. ഇത് ഭാഗികമായി പോലും ശരിയല്ല എന്ന അഭിപ്രായമാണ് ഇതെഴുതുന്നയാളിനുള്ളത്. ഞാൻ അങ്ങനെ വിശ്വസിക്കാനുള്ള കാരണമിതാണ്: മേൽപ്പറഞ്ഞ മൂന്നു കാരണങ്ങളും സാധാരണക്കാരായ പൊതുജനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന പ്രശ്നമായിരുന്നില്ല. ഈ പറഞ്ഞ കാര്യങ്ങൾ മാത്രം പറഞ്ഞു ബോധ്യപ്പെടുത്തി സാധാരണക്കാരെ തെരുവിലിറക്കുക എളുപ്പമായിരുന്നില്ല. പിന്നെന്ത് തന്ത്രമാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധർ ഇതിനു വേണ്ടി പ്രയോഗിച്ചത്?

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും, ഏതെങ്കിലുമൊരു പ്രാദേശിക പ്രശ്നം ഊതിപ്പെരുപ്പിച്ച് കെട്ടുകഥകൾ ഉണ്ടാക്കി ജനങ്ങളെ ഭയവിഹ്വലരാക്കുന്ന തന്ത്രമായിരുന്നു അവർ പരീക്ഷിച്ചത്. കേന്ദ്രം ഭരിക്കുന്ന കോണ്ഗ്രസിന്റെ സംസ്ഥാന ഘടകം ഇതിനനുകൂലമായ നിലപാടായിരുന്നില്ല ആദ്യം സ്വീകരിച്ചിരുന്നത്. അതിന്റെ കാരണം, കേരളത്തിലെ ഗവണ്മേന്റിനോടോ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർടിയോടോ ഉള്ള മതിപ്പോ ബഹുമാനമോ കൊണ്ടായിരുന്നില്ല. പ്രത്യുത ഈ സമരത്തോട് പണ്ഡിറ്റ്‌ നെഹ്രുവിന്റെ സമീപനം ഏതുതരത്തിലുള്ളതായിരിക്കും എന്ന സംശയം ആയിരുന്നു കാരണം. കൃസ്ത്യൻ മത മേലധ്യക്ഷന്മാരുടേയും നായർ സർവ്വീസ് സൊസൈറ്റിയുടേയും സമ്മർദ്ദത്തിനും ഭീഷണിക്കും കോണ്ഗ്രസിന് അവസാനം വഴങ്ങേണ്ടി വന്നു. ഭൂപരിഷ്കരണ നിയമം, ക്രമസമാധാനം, അഴിമതി, വിദ്യാഭ്യാസനയത്തിലെ വൈകല്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് അവർ സമരത്തിൽ അണി ചേർന്നത്.


ഈ. ജോണ്‍ ജേക്കബ്ബ് 





കൃസ്ത്യൻ മതമെലധ്യക്ഷൻമാരുടെയും നായർ സർവീസ് സൊസൈറ്റിയുടെയും സമ്മർദ്ദനത്തിനും ഭീഷണിക്കും അവസാനം കോണ്ഗ്രസ്സിന് വഴങ്ങേണ്ടി വന്നു. വിദ്യാഭ്യാസനയത്തിലെ വൈകല്യങ്ങൾ, ക്രമസമാധാന പ്രശ്നം, ഭൂപരിഷ്ക്കരണ നിയമത്തിലെ അപകടം തുടങ്ങിയ പ്രശ്നങ്ങൾ നിരത്തി, സംസ്ഥാനത്ത് അങ്ങിങ്ങ് നടന്നുകൊണ്ടിരുന്ന സമരങ്ങളെ കോണ്ഗ്രസ്സ് ഏകോപിപ്പിച്ചു.ക്രാന്തദർശിയായ മന്നത്തിന്റെ നേതൃത്വം കൂടിയായപ്പോൾ ഇതൊരു വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി വളർന്നു. കേരളം വ്യാപകമായി നടന്ന ഈ പ്രക്ഷോഭത്തിന്റെ ചരിത്രം വിശകലനം ചെയ്യാനല്ല ഞാൻ ഉദ്ദേശിക്കുന്നത്. കൃസ്ത്യൻ മതമേലധ്യക്ഷന്മാരും, സർവ്വീസ് സൊസൈറ്റിയും ഈ പ്രക്ഷോഭ കൊടുങ്കാറ്റിനുള്ള വിത്ത് വിതച്ചത് ഏതു തരത്തിലായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുവാനാണ്.

നിരണം പഞ്ചായത്തും, കടപ്ര പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശവും നെൽക്കൃഷിക്ക് പ്രസിദ്ധമാണ്. ഈ പ്രദേശങ്ങളെ അപ്പർ കുട്ടനാട് എന്നാണു പറയുന്നത്. ഇ രണ്ടു പഞ്ചായത്തുകളും കൃസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളാണ്. രണ്ടോ മൂന്നോ നായർ കുടുംബങ്ങളും ഓരോ ബ്രാഹ്മണ-ക്ഷത്രിയ കുടുംബങ്ങളും ഒഴിച്ചാൽ സമ്പന്നരായ മറ്റു കർഷകർ കൃസ്ത്യാനികളായിരുന്നു. പ്രധാനമായും സിറിയൻ ഓർത്തഡോക്സ്‌ വിഭാഗക്കാർ. അവരുടെ വിഭാഗത്തിലെ ഏറ്റവും പ്രാമാണികരായ കർഷകരായിരുന്നു ഇലഞ്ഞിക്കൽ കുടുംബക്കാർ. മുൻ മന്ത്രിമാരായ ഈ.ജോണ്‍ ഫീലിപ്പോസും, ഈ. ജോണ്‍ ജേക്കബ്ബും ഈ കുടുംബത്തിലെ നാഥന്മാരായിരുന്നു.

ജോണ്‍ ജേക്കബ്ബ് മെർച്ചന്റ് നേവിയിൽ ഓഫീസ്സർ ആയിരുന്നു. ജോണ്‍ ഫീലിപ്പോസിന്റെ നിര്യാണത്തെ തുടർന്ന് ജോണ്‍ ജേക്കബ്ബ് കുടുംബ ഭരണവും കൃഷികാര്യങ്ങളും ഏറ്റെടുത്തു. ഇലഞ്ഞിക്കൽ തറവാട് സ്ഥിതി ചെയ്യുന്നത് നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റത്ത് മങ്കോട്ടയിലാണ്. സഹോദരനെപ്പോലെ കോണ്ഗ്രസ് രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായി. കുട്ടനാട് താലൂക്കിലെ നെൽകൃഷിക്കാരെ സംഘടിപ്പിച്ച് അദ്ദേഹം ഒരു യൂണിയൻ ഉണ്ടാക്കി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആൾബലം കൊണ്ടും സമ്പത്ത് കൊണ്ടും അതൊരു പ്രബല സംഘടനയായിത്തീർന്നു. അങ്ങനെ തിരുവല്ലാ കുട്ടനാട് താലൂക്കുകളിലെ കിരീടമില്ലാത്ത രാജാവായി കഴിഞ്ഞു വരവേയാണ് ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പു നടന്നതും  കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതും.ഇലഞ്ഞിക്കൽ ബേബി, മങ്കോട്ട ബേബി, നിരണം ബേബി എന്നൊക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് ഒട്ടുംതന്നെ ഉൾക്കൊള്ളാൻ കഴിയാതെ പോയ സംഭവ വികാസമായിരുന്നു അത്.

അദ്ദേഹത്തിന്റെ ഈ എതിർപ്പ് കമ്മ്യൂണിസ്റ്റ് തത്വ സംഹിതകളോടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ നല്കിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും അദ്ദേഹത്തെ അലോസരപ്പെടുത്തിക്കാണും. അക്കാലത്ത് പിന്നോക്ക വിഭാഗക്കാർ ഇലഞ്ഞിക്കൽ പടിക്കൽ ചെന്നു നിന്ന്  " പാളേൽ കഞ്ഞി കുടിക്കില്ല, തമ്പ്രാനെന്നു വിളിക്കില്ല" എന്നു മുദ്രാവാക്യം വിളിക്കുമായിരുന്നു.  ഇത് എത്രത്തോളം ബേബിച്ചായന്റെ മനസ്സിന് സന്തോഷപ്രദമായ സംഭവമായിരിക്കും എന്നൂഹിക്കുക.

കമ്മ്യൂണിസ്റ്റ് ചെകുത്താന്മാർ ഭരണത്തിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ പള്ളിയും അമ്പലവും ഇടിച്ചു നിരത്തി പാർട്ടിയാപ്പീസ് പണിയുമെന്നുള്ള വ്യാപകമായ പ്രചരണം കടപ്ര-നിരണം പ്രദേശത്ത് നിരണം ബേബിയുടെ ശിങ്കിടികളായ കമ്മ്യൂണിസ്റ്റ് വിരുദ്ധർ പ്രചരിപ്പിച്ചു. ഒരു ഞായറാഴ്ച കുർബ്ബാനക്കുശേഷം നിരണത്തെ ഒരു പള്ളിയിലെ വികാരിയച്ചൻ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ട് തന്നാലാവുന്ന ഒരു ചെറിയ വെടി കൂടി പൊട്ടിച്ചു. ഈശ്വര വിശ്വാസികളെ തെരഞ്ഞു പിടിച്ച്, റഷ്യയിൽ നിന്നും ചൈനയിൽ നിന്നും വരുന്ന ചെമ്പട കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് മാമൂദീസാ മുക്കും എന്നുള്ളതായിരുന്നു ആ പാതിരിയുടെ കണ്ടുപിടുത്തം. പള്ളിയും പട്ടക്കാരേയും നശിപ്പിക്കുകയും, ടെവാലയന്ഫ്ഗൽ കൊള്ളയടിക്കുകയും പോരാഞ്ഞിട്ട് കമ്മ്യൂണിസത്തിലേക്കുള്ള മാമോദിസായും. അറിയാതെ കുഞ്ഞാടുകൾ ചോദിച്ചു പോയി; അച്ചോ, നമ്മളെന്തോ ചെയ്യും...? വളരെ വാചാലമായിട്ടാണ് അച്ചൻ സംഭവിക്കാനിരിക്കുന്ന ആപത്ത് വിശദീകരിച്ചത്.

" സന്ധ്യ തിരിഞ്ഞ് ഓർക്കാപ്പുറത്തായിരിക്കും പത്തും പന്ത്രണ്ടും പേരുള്ള കൂട്ടമായിട്ടാണ് ഇവന്മാർ വരുന്നത്. ഭിത്തിയിൽ ദൈവപുത്രന്റെയോ മാതാവിന്റെയോ ഫോട്ടോയുണ്ടോ കഥ കഴിഞ്ഞു. അമ്മപെങ്ങന്മാരെന്നില്ല, പിടിച്ചുകെട്ടിയിട്ട് ക്രൂരമായി ദ്രോഹിക്കും. അതിനു ശേഷമാണ് മാമോദീസ. ഒരു ചുവന്ന തുണിക്കഷ്ണം കയ്യിൽ തന്നിട്ട്, വിപ്ലവം ജയിക്കട്ടെ എന്ന് വിളിച്ചു പറയാൻ. അതാണ്‌ അവന്മാരുടെ മാമോദീസ. ഇത്രപേരെ കമ്മ്യൂണിസത്തിൽ ചേർത്തു എന്നതിന്റെ കണക്ക് ചെമ്പട കമാണ്ടറെ ബോദ്ധ്യപ്പെടുത്തണം. വെറുതെ പറഞ്ഞാൽ അവർ വിശ്വസിക്കുകയില്ല. തെളിവ് കൊടുക്കണം. അതിനവർ സ്ത്രീകളെയാണെങ്കിൽ ഒരു മാറിടം മുറിച്ചെടുക്കും. പുരുഷന്മാരെയാനെങ്കിൽ മേൽച്ചുണ്ട്. വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഒരാളുടെ പരിഭ്രമമല്ല, ഇംഗ്ലീഷ് സാഹിത്യത്തിലും ദൈവശാസ്ത്രത്തിലും ബിരുദമുള്ള ഒരു വൈദികന്റെ പ്രസംഗമാണ്.


ഇങ്ങനെയുള്ള ഒരു സാമൂഹ്യ ചുറ്റുപാട് നിലനില്ക്കുന്ന അവസരത്തിലാണ് നിരണം പാടത്ത് ഒരു കൊയ്ത്ത് പ്രശ്നം ഉടലെടുക്കുന്നത്. ബേബിച്ചായന്റെ ഉദയത്തോടുകൂടി നിരണം പാടത്ത് കൃഷിപ്പണിക്ക്, കൊയ്ത്തടക്കം INTUC കാർഡ്‌ ഉള്ളവരെ മാത്രമേ പണിക്ക് ഇറക്കുകയുള്ളൂ, ഞങ്ങളുടെ രണ്ടു വീടുകൾ ഒഴികെ.

മന്നത്ത് പത്മനാഭൻ 
INTUC കാർഡില്ലാത്തവരെയും കൊയ്ത്തിനിറക്കും എന്ന് പാർട്ടി പ്രാദേശിക നേതൃത്വം ഒരു തീരുമാനമെടുത്തു.കെ.കെ. ചന്ദ്രശേഖരൻപിള്ള വൈദ്യൻ, കെ. അപ്പുക്കുട്ടൻആദിശ്ശർ, അടിവാക്കൽ അനിയൻ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി അനുഭാവികളായ തൊഴിലാളികളെ പാടത്ത് സംഘടിപ്പിച്ചു. ചെന്നിത്തല, പാവുക്കര, വീയപുരം എന്നിവിടങ്ങളിൽ നിന്നുകൊണ്ടുവന്ന INTUC ക്കാരെ കണ്ടത്തിൽ ഇറക്കുകയില്ല എന്ന് വൈദ്യൻ ജോണ്‍ ജേക്കബ്ബിനോട്‌ പറഞ്ഞു. രംഗം വഷളാകുമെന്നു കണ്ടപ്പോൾ, ഇറക്കുമതി ചെയ്ത തൊഴിലാളികളെ തിരിച്ചയച്ചു.

പുഞ്ചയിൽ വെള്ളമുള്ളതുകൊണ്ട് മെതി സാധാരണ ഇലഞ്ഞിക്കലെ മുറ്റത്തുവെച്ചാണ്. പതവും തീർപ്പും അളക്കുമ്പോൾ ചുമട്ടുകൂലി കൂടി കണക്കാക്കി കൊടുക്കും. അതായിരുന്നു പതിവ്. പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്ന് കർശനനിർദ്ദേശം കൊടുത്തിട്ട് വൈദ്യനും ആദിശ്ശരും അവിടെനിന്നു പോയി.

കൊയ്ത്ത് കഴിഞ്ഞു. കറ്റ ചുമക്കേണ്ടെന്നും പാടത്തു തന്നെ മെതിച്ചാൽ മതിയെന്നും നിരണത്തെ നേതാവായ കെ.റ്റി.കൃഷ്ണൻകുട്ടി ( കൊമ്പങ്കേരി ) തൊഴിലാളികളോട് പറഞ്ഞു. എന്നാൽ മേതിക്കെണ്ടാ എന്നുപറഞ്ഞ് ജോണ്‍ ജേക്കബ്ബ് സ്ഥലം വിട്ടു.

എന്റെ അച്ഛൻ, പി.ജി. പുരുഷോത്തമൻ പിള്ള ( മുൻ ചെങ്ങന്നൂർ എം.എൽ.എ.) അന്ന് AISF ന്റെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ഈ കൊയ്ത്ത് പ്രശ്നം നടക്കുമ്പോൾ അച്ഛൻ നാട്ടിലുണ്ട്. 

പി.ജി. പുരുഷോത്തമൻ പിള്ള 

പി.കെ. ചന്ദ്രാനന്ദൻ 

 ഈ വിവരം അറിഞ്ഞയുടൻ  പാർട്ടി തിരുവല്ല താലൂക്ക് സെക്രട്ടറിയായിരുന്ന പി.കെ.ചന്ദ്രാനന്ദനെ കണ്ട്‌ വിവരം ധരിപ്പിച്ചു. പ്രശ്നം വഷളാവുമെന്നും ഒരു പോലീസ് പിക്കറ്റ് ഏർപ്പെടുത്താൻ വേണ്ടത് ചെയ്യണമെന്നും ഉപദേശിച്ചു. അച്ഛൻ അടുത്ത ദിവസം തിരുവനന്തപുരത്തിനു മടങ്ങി. എം.എൻ.ഗോവിന്ദൻനായരായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി. എമ്മനെ കണ്ടപ്പോൾ നിരണത്തെ സംഭവ വികാസങ്ങൾ സൂചിപ്പിച്ചു. ജില്ലാ കമ്മറ്റിയോ, താലൂക്ക് കമ്മറ്റിയോ സംഭവം റിപ്പോർട്ട് ചെയ്യണം എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചട്ടം. ദിവസങ്ങൾ ആറേഴു കഴിഞ്ഞിട്ടും ഈ വിവരങ്ങൾ ഒന്നും തന്നെ സംസ്ഥാന കമ്മറ്റിയെ ധരിപ്പിച്ചിരുന്നില്ല. അച്ഛന്റെ മുന്നറിയിപ്പ് പി.കെ.സി. ഗൌരവത്തിൽ എടുത്തില്ല എന്നാണല്ലോ ഇതിന്റെ സൂചന.




എം.എൻ. ഗോവിന്ദൻനായർ 

കൊയ്ത്ത് കഴിഞ്ഞപ്പോൾ തന്നെ നേരം രാത്രിയായി. തൊഴിലാളികൾ എല്ലാവരും കൂടി കൊമ്പങ്കേരി കൃഷ്ണൻകുട്ടിയുടെ വീട്ടിൽ കഴിഞ്ഞുകൂടി.

മെതിക്കാര്യം ചർച്ച ചെയ്യാൻ കെ.റ്റി. ഇലഞ്ഞിക്കലെത്തി. അദ്ദേഹം അവിടെയില്ല, എവിടെ പോയിരിക്കുകയാണ് എന്ന് വീട്ടുകാർക്ക് അറിയില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അന്ന് നിരണത്ത് പത്തോ പന്ത്രണ്ടോ ഫുൾ മെമ്പർമാർ മാത്രമാണുള്ളത്. അവരെയെല്ലാം കൂട്ടിയാണ് കൃഷ്ണൻകുട്ടി തിരികെ കൊമ്പങ്കേരിയിലെത്തിയത്.

ബൂർഷ്വാ മുതലാളിമാരുടെ മുന്നിൽ മുട്ടുമടക്കുകയില്ല, 100 പറ പുഞ്ച എഴുതിത്തന്നാലും മേലിൽ ഇലഞ്ഞിക്കൽ മുറ്റത്തേക്ക്  കറ്റ ചുമക്കുകയില്ല എന്നൊരു തീരുമാനവും പാർട്ടി നിരണം ബ്രാഞ്ച് സ്വീകരിച്ചു. ഈ തീരുമാനത്തിന്റെ മറുവശം - പുഞ്ചക്കണ്ടം ആവുമ്പോൾ എപ്പോഴും വെള്ളം കാണും, അവിടെയിട്ട് കറ്റ മെതിക്കാൻ കഴിയില്ല - ഒരു കർഷകനായ അടിവാക്കൽ അനിയൻ പോലും ( മുൻ നിരണം പഞ്ചായത്ത് പ്രസിഡന്റ്  എ.ജി.ഈപ്പൻ ) ഓർത്തില്ല. പക്ഷെ ബുദ്ധിപൂർവകമായ ഒരു നിർദ്ദേശം യോഗസമക്ഷം വെച്ചു. ആരും ഒറ്റക്കൊറ്റക്ക് പോകരുത്, ഒന്നിച്ച് ഒരു ജാഥയായി പോകണം. എന്നാൽ ഒരു ചെങ്കൊടികൂടിയിരിക്കട്ടെ എന്ന് തീരുമാനിച്ചു. കൃഷ്ണൻകുട്ടി ചെങ്കൊടിയുമായി മുന്നിൽ. നൂറിലധികം പേരുള്ള ആ ജാഥ ഇപ്പോൾ പഞ്ചായത്ത് ഓഫീസ് നില്ക്കുന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും - കൊമ്പങ്കേരിയിൽ നിന്ന് കഷ്ടിച്ച് 2 KM.- കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ ജാഥയായി ആക്രമിക്കാൻ വരുന്നു എന്നാരോ വ്യാപകമായി പ്രചരണം അഴിച്ചുവിട്ടു. പുഞ്ച വരമ്പത്ത് പുല്ലു ചെത്തിക്കൊണ്ടുനിന്ന ഒരു ക്രിസ്ത്യൻ സ്ത്രീ ഇത് കേട്ട് പേടിച്ചോടി, വരമ്പത്ത് കാലുതട്ടി, നെഞ്ചടിച്ച് നിലത്തു വീണു. അവരുടെ കൈയ്യിലിരുന്ന അരിവാളിന്റെ അറ്റംകൊണ്ട് മാറിടം മുറിഞ്ഞു.

യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്. കമ്മ്യൂണിസ്റ്റുകാർ ഒരു കൃസ്ത്യൻ യുവതിയുടെ മുല വെട്ടിക്കളഞ്ഞു എന്നായി പ്രചരണം. ഇടവകക്കാരെല്ലാം പള്ളിയിൽ ഒത്തുകൂടി, പ്രത്യാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തു.

ഈ സംഭവവികാസങ്ങൾ അറിഞ്ഞ് ജാഥാംഗങ്ങൾ കൊമ്പങ്കേരിക്ക് തന്നെ മടങ്ങി. ആക്രമികൾക്ക് ആ തുരുത്തിൽ നിഷ്പ്രയാസം എത്തിച്ചേരാൻ കഴിയുകയില്ല.

മറുഭാഗമാകട്ടെ മാരകായുധങ്ങളുമായി കണ്ണിൽക്കണ്ട പുലയരെ മുഴുവൻ - സ്ത്രീകളേയും കുട്ടികളേയും അടക്കം - ആക്രമിച്ചു. നിരണം, തോട്ടടി, തേവേരി എന്നിവിടങ്ങളിലെ കുടിലുകളെല്ലാം തീയിട്ടു. നിരണത്തുള്ള ഒരു കൊപ്രാക്കച്ചവടക്കാരൻ കുട്ടിമാപ്പിളയുടെ മകൻ തമ്പിയെ, പാർട്ടി അനുഭാവിയായ കൃസ്ത്യാനി എന്ന കാരണം കൊണ്ട്, കുത്തിക്കൊന്ന് പാടത്തെ ചെളിയിൽ താഴ്ത്തി. കടപ്ര പഞ്ചായത്തിലെ ഏക കമ്മ്യൂണിസ്റ്റായ ക്രുസ്ത്യാനിയായിരുന്നു പുളിമൂട്ടിലെ അവറാച്ചൻ. ( റിട്ട. PRF ഉദ്യോഗസ്ഥൻ )അദ്ദേഹം അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവല്ല താലൂക്ക് കൌണ്‍സിൽ അംഗമായിരുന്നു. അവറാച്ചന്റെ ജ്യേഷ്ഠൻ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നിട്ടുകൂടി അവരുടെ വീട് ആക്രമിക്കപ്പെട്ടു. അദ്ദേഹം തിരുവല്ലാ പാർട്ടിയാപ്പീസിൽ ആയിരുന്നതുകൊണ്ടാണ്‌ രക്ഷപ്പെട്ടത്.

ലേഖകൻ 

 കൊമ്പങ്കേരിയിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ ഒരാഴ്ച കഴിഞ്ഞ് വൈദ്യനും ആദിശ്ശരും കൂടി വളരെ സാഹസികമായി രക്ഷപ്പെടുത്തി പരുമലയിൽ കൊണ്ടുവന്ന് പാർപ്പിച്ചു. വ്യാപകമായ ഈ അക്രമം അടിച്ചമർത്താൻ, ഭരണത്തിൽ പാർട്ടി ആയിരുന്നിട്ടുകൂടി പോലീസ് തയ്യാറായില്ല. അവസാനം മുഖ്യമന്ത്രി ഈ.എം.എസ്. നേരിട്ടിടപെട്ടാണ് കടപ്രയിൽ ഒരു ഔട്ട്‌ പോസ്റ്റും, നിരണത്ത് പോലീസ് പിക്കറ്റും ഏർപ്പെടുത്തിയത്.

ഞങ്ങളുടെ പണിക്കാരായിരുന്ന ചാങ്ങപ്പുലയൻ, കുട്ടി, പാപ്പൻ, ചാങ്ങപ്പുലയന്റെ മക്കളായ കുഞ്ഞച്ചൻ, പാപ്പൻ പെണ്ണുങ്ങളും കുട്ടികളും മാസങ്ങളോളം ഞങ്ങളുടെ വീട്ടിലാണ് താമസിച്ചത്. ആ അജ്ഞാതവാസക്കാലത്ത് വീട്ടിൽവെച്ച് ഒരു വിവാഹവും നടക്കുകയുണ്ടായി. കുട്ടിയുടെ മകൾ പൊന്നമ്മയുടെ.

കമ്മ്യൂണിസ്റ്റുകാർ മുലവെട്ടിക്കളഞ്ഞ സംഭവം വ്യാപകമായ ഒരു പ്രചരണായുദ്ധമായി മനോരമ ഏറ്റെടുത്തു. കാറ്റനുസരിച്ച് തൂറ്റാൻ ബഹുസമർത്ഥനാണല്ലോ മന്നത്ത് പത്മനാഭൻ. സർക്കാരിന്റെ വിദ്യാഭ്യാസ നയത്തോട് അദ്ദേഹത്തിന് എതിർപ്പുമുണ്ടായിരുന്നു. മെത്രാന്മാരുടെ സമ്മർദ്ദം കൂടിയായപ്പോൾ അദ്ദേഹം സമരത്തിന്റെ നായകത്വം ഏറ്റെടുത്തു. ഒരു മധുര പ്രതികാരവും അദ്ദേഹത്തിന്റെ മനസ്സില് ഉണ്ടായിരുന്നു.

ചങ്ങനാശേരിൽ ഒരു കോളേജ് സ്ഥാപിക്കാനുള്ള എൻ.എസ്.എസ്സിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ ചങ്ങനാശേരിയിലെ കൃസ്ത്യാനികൾ കഴിവത് പരിശ്രമിച്ചിരുന്നു. ബ്രിട്ടീഷ് ചക്രവർത്തിക്കുവരെ പരാതി അയച്ചിരുന്നു. ബ്രിട്ടനിലേക്ക് പരാതി അയച്ചത് സർ സി.പി.യെ പ്രകോപിപ്പിച്ചു. അന്ന് സി.പി. അനുവദിച്ചു കൊടുത്തതാണ് പെരുന്നയിലെ എൻ.എസ്.എസ്. ഹിന്ദു കോളേജ്. ( ഹിന്ദു കോളേജ് എന്നുപേരിടാനും കാരണമിതാണ്.)

ഇവന്മാരെക്കൊണ്ട് ഞാനിരിക്കുന്ന ഹംസരഥം വലിപ്പിക്കും - എന്ന് മന്നം ശപഥം ചെയ്തിരുന്നു. ഈ ശപഥ കഥ എന്നോട് പറഞ്ഞത് NSS  വിദ്യാലയങ്ങളുടെ റജിസ്ട്രാർ ആയിരുന്ന മാധവൻപിള്ള സാറാണ്. ( കടുവാ മാധവൻ പിള്ള എന്ന്  സുപ്രസിദ്ധനായ അദ്ദേഹം എന്റെ ചിറ്റമ്മയുടെ അച്ഛനാണ് ) മന്നത്തിന്റെ ചിരകാലസ്വപ്നം പൂവണിഞ്ഞു. NSS Head quartersനു മുമ്പിൽ നിന്ന് ആറു വെള്ളക്കുതിരകളെ പൂട്ടിയ തേരിൽ മന്നം. മെത്രാന്മാരും പള്ളീലച്ചന്മാരും കന്യാസ്ത്രീകളും തേര് തള്ളിക്കൊണ്ട് പിന്നിൽ. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സമരത്തിന് തുടക്കം കുറിച്ചത് അങ്ങനെയാണ്.

ഒരു ചെറിയ തമാശ. ഒരു പോലീസ് വെടിവെയ്പ്പിൽ ഒരു ഗർഭിണി കൊല്ലപ്പെട്ടു. വെടിവെപ്പിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ഒരു വമ്പിച്ച പൊതുയോഗം നടത്തി. സ്വാതന്ത്ര്യ സമരസേനാനിയും AICC അംഗവുമായിരുന്ന എൻ.എസ്.കൃഷ്ണപിള്ളയായിരുന്നു അദ്ധ്യക്ഷൻ. പ്രാദേശിക നേതാവായിരുന്നു സ്വാഗതപ്രസംഗകൻ.  " തിരുവനന്തപുരത്ത് ഒരു പാവപ്പെട്ട ഗർഭിണിയായ സ്ത്രീയെ...." ഇത്രത്തോളം ആയപ്പോൾ അധ്യക്ഷൻ കയറി ഇടപെട്ടു. " നിർത്തെടാ വിഡ്ഢീ, സ്ത്രീകളല്ലാതെ ആണുങ്ങളാണോടാ പിന്നെ ഗർഭം ധരിക്കുന്നത്....സ്വാഗതത്തിന്റെ ഗ്യാസുപോയി.
എൻ.എസ്. കൃഷ്ണപിള്ള 


ആ ഭരണകാലത്ത് രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തെ തുടർന്ന് മക്രോണി എന്നു പേരുള്ള ഒരുതരം ചോളമാണ് റേഷൻ കടകളിൽ വിതരണം ചെയ്തിരുന്നത്. " ഭഗവാൻ  മക്രോണി " എന്നൊരു കഥാപ്രസംഗം ഒരു വിദ്വാൻ യോഗവേദികളിൽ അവതരിപ്പിച്ചു വന്നു. കേരളത്തിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമായപ്പോൾ, കാറൽ മാർക്സ് മക്രോണിയായി അവതാരമെടുത്ത് കേരളത്തിലെ ജനങ്ങളുടെ വിശപ്പടക്കി....ഇതായിരുന്നു ഇതിവൃത്തം. അശ്ലീലവും ഒട്ടും കുറവായിരുന്നില്ല.

" ഞാൻ പ്രസംഗിക്കുന്ന സ്ഥലത്ത് ആ ഏഭ്യൻ ആ പൊട്ടപ്രസംഗവുമായി വന്നാൽ, അവന്റെ കരണക്കുറ്റിയടിച്ചു പൊട്ടിക്കും."  എൻ.എസ്.  കൃഷ്ണപിള്ള പരസ്യമായി തന്നെ പറഞ്ഞു. അതോടെ ആ ആഭാസത്തിന് തിരശീല വീണു.

ഈ സമരത്തെ ഫലപ്രദമായി നേരിടുവാനോ സത്യാവസ്ഥ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനോ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞില്ല എന്നത് പരമമായ ഒരു സത്യമാണ്. ( തുടരും )













1 comment:

  1. എന്റെ അമ്മവീട് നിരണത്താണ് .ആ പ്രദേശത്തിന്റെ ചരിത്രം ഇത്ര സൂക്ഷ്മവും വിശദവുമായി അറിയുന്നത് ഇപ്പോഴാണ്.വളരെ നന്ദി. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ..

    ReplyDelete